നീരാവിൽ വിശ്വമോഹൻ
അനന്തത്തയിൽ മിഴിനട്ട്
അദ്വൈത മൊഴിയിട്ട്
ആത്മാവിൻ നഭസ്സിങ്കൽ
തെളിഞ്ഞങ്ങനെ
നിറഞ്ഞങ്ങനെ
വിളങ്ങും ഗുരുവേ.
ചിത് ചിരാതിൻ കൂരിരുട്ടിൽ
പ്രണവാഗ്നി ജ്വലിപ്പിച്ച
വിജ്ഞാന സൂര്യനാം സത്ഗുരുവേ.
വേദാന്തസാഗര സാരാംശമെല്ലാം
ആത്മാവിൻ ഉൾപ്പൂവിൽ പ്രഫുള്ളമാക്കി
അമരത്വമേകുന്ന നിൻ ജ്ഞാനവല്ലരിയാൽ
മനമലർ വിടരുന്നു ശ്രേയസ്സിലേക്ക്
ആത്മാവിൻ ഷഡ് ചക്രവീഥിയിൽ എന്നെന്നും
ചിന്മയ ധ്യാന ദിവാകരനായ്.
ആനന്ദിച്ചരുളിയ ആത്മോപദേശം
എന്നും ജഗത്തിന് കെടാവിളക്കായ്
കുണ്ഡലിനീ ശക്തി ഉണർത്തി-നീ
ഉള്ളിലായ് ആനന്ദനടനമായ് നാഗമായ്
ഒരു കോടി സൂര്യനുദിച്ചുയരുന്നപോൽ
ജ്ഞാനസ്വരൂപനായ് സദ്ഗതിയായ്.
അദ്വൈത പൂർണ്ണ ശിലാഖണ്ഡംകൊണ്ടുനീ
അദ്വൈത ശുദ്ധി വരുത്തി ജഗത്തിനെ
അരുവിപ്പുറത്തെ പവിത്രമാം സന്ധ്യകൾ
കോർക്കുന്നു തത്വമാം മാല്യം നിനക്കായ്
ഓംമെന്ന കണ്ണാടിക്കണ്ണാൽ ഉയർത്തുന്നു
കാലത്തിൻ വിജ്ഞാന സംസ്കൃതികൾ.
ഏകാത്മസത്യത്തിൽ ഓംങ്കാരപൊരുളായ്
നിറയുന്നു നീ വിശ്വ തേജസ്സിയായ്,
അറിവിന്റെ പൊരുളേ നമിക്കുന്നു ഞാൻ നിന്റെ
അരവിന്ദ പദ ധ്യാന ബോധ നിറവിൽ
കൃശഗാത്രമാം എന്റെ അറിവിന്റെ വാണിയെ
തെളിയ്ക്കേണം ഇരുളിനെ നീക്കും പോലെ.