25 Feb 2014

കുലപതികൾ/ നോവൽ-18


സണ്ണി തായങ്കരി  

പതിവിന്‌ വിപരീതമായി വേനൽ കടുത്തു. മരുഭൂമിയിൽ അനുഭവപ്പെടുന്ന കൊടുംചൂടിനെ വെല്ലുംവിധമായി അന്തരീക്ഷതാപം. സൂര്യനിൽനിന്ന്‌ വർഷിക്കപ്പെട്ടത്‌ അഗ്നിസ്ഫുലിംഗങ്ങളായിരുന്നു. വറുതിയുടെ അടയാളമായി വടക്കൻ കാറ്റ്‌ ചീറിയടിച്ചു. സൂര്യതാപം അഗ്നിച്ചിറകുകൾ വിടർത്തി ഭൂമിയെയും അതിലുള്ള സകലത്തെയും ചുട്ടുപൊള്ളിച്ചു. ഭൂമിക്കടിയിലേക്ക്‌ ഊഴ്‌ന്നിറങ്ങിയ അഗ്നിനാവുകൾ നീരുറവയുടെ സ്രോതസ്സുകളെ നക്കിത്തുടച്ചു. വറ്റിവരണ്ട സമുദ്രങ്ങളുടെ അടിത്തട്ട്‌ വിണ്ടുകീറി. ഭൂമിയിൽനിന്ന്‌ പച്ചപ്പിന്റേതായതെല്ലാം അപ്രത്യക്ഷമായി. വയലിൽ രൂപംകൊണ്ട വിള്ളലുകൾ പാതാളത്തിലേക്കുള്ള ഗുഹാമുഖങ്ങളായി. അംഗഛേദം സംഭവിച്ചതുപോലെ ഉഷ്ണമേഖലയിലെ ശാപഭൂമിയായി വയലുകൾ തപിച്ചുകിടന്നു. 

നൂറുമേനി വിളഞ്ഞിരുന്ന, സമൃദ്ധി വസന്തംതീർത്ത കൃഷിയിടങ്ങളിൽ പുല്ലോ പാഴ്ചെടികളോ പോലും കുരുത്തില്ല. ആ തരിശിടങ്ങളിൽ കുളമ്പുകൾ കുത്താൻ കാലികൾ വിമുഖതകാട്ടി. കുടിവെള്ളവും ഭക്ഷണവുമില്ലാതെ ജനത്തിനൊപ്പം പക്ഷിമൃഗാദികളും നട്ടം തിരിഞ്ഞു. 

മരണം സാവധാനം ഭീകരതയുടെ മുഖം കാണിച്ചുതുടങ്ങി. അത്‌ ആദ്യം ആക്രമിച്ചതു പക്ഷികളെയാണ്‌. ആകാശവിതാനം സഞ്ചാരപഥമാക്കിയ അവ ചിറകുതളർന്ന്‌ ആദ്യം ഒറ്റയായും പിന്നെ കൂട്ടത്തോടെയും താഴെ വീണുപിടച്ചു. മൃഗങ്ങൾ ഭക്ഷണവും ജലവും കിട്ടാതെ ചത്തൊടുങ്ങി. ഭീകരതയുടെ തനിയാവർത്തനംപോലെ അവയുടെ പിണങ്ങൾ വയലുകളിൽ നിരന്നുകിടന്നു. മഹാമാരിയുടെ വിളംബരവുമായി പിണങ്ങളിൽനിന്ന്‌ പുഴുക്കൾ നരുച്ചുപൊന്തി. 

പട്ടിണിയും ദാരിദ്ര്യവും മഹാമാരിയും ദേശത്തെങ്ങും പടരുമ്പോൾ ഇസഹാക്കിന്റെ ധാന്യപ്പുരകളിൽ പലതും കാലിയായിത്തുടങ്ങിയിരുന്നു. എങ്കിലും അയാൾ എല്ലാവർക്കും അഭയമായി. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ധാന്യങ്ങൾ വിതരണം ചെയ്തു. പ്രതിഫലമൊന്നും വാങ്ങിയതുമില്ല. 'ഇസഹാക്കിന്റെ ഉറവ'യെന്നറിയപ്പെട്ടിരുന്ന ആഴമേറിയ കിണറ്റിൽ കുളിർമയുള്ള വെള്ളം അപ്പോഴും അവശേഷിച്ചിരുന്നു. ഗ്രാമീണർ കഴുതപ്പുറത്തും തലച്ചുമടായും മൺപാത്രങ്ങളിൽ ജലം നിറച്ച്‌ പൊയ്ക്കൊണ്ടിരുന്നു.

ഈ നിലയിൽ പോയാൽ കാര്യങ്ങൾ അവതാളത്തിലാകുമെന്ന്‌ ഇസഹാക്കിന്‌ തോന്നി. അവസാന ധാന്യപ്പുരയും കാലിയാകാൻ ഏതാനും ദിവസങ്ങൾ മതി. ഒരിക്കലും വറ്റിയിട്ടില്ലാത്ത കിണറ്റിൽ നീരുറവയുടെ സ്ഖലനം മന്ദീഭവിച്ചുതുടങ്ങിയതുപോലെ...! വറുതിയുടെ കാലങ്ങളിൽ ഒരു ദേശത്തിന്റെ മുഴുവൻ ദാഹം ശമിപ്പിച്ച കിണറാണിത്‌. പക്ഷേ, ഇപ്പോൾ അതും... ഭൂഗർഭജലം വറ്റിപ്പോയോ...! അന്തരീക്ഷത്തിൽ ചീറിയടിക്കുന്ന ഉഷ്ണക്കാറ്റിൽനിന്ന്‌ രക്ഷനേടാൻ മനുഷ്യരും മൃഗങ്ങളും പ്രാപ്തരല്ലാതിരിക്കെ, മരണവാർത്തകൾ തുടർകഥകളായി. 

ഇസഹാക്ക്‌ ഓക്കുമരച്ചുവട്ടിലെ ഇത്തിരി തണലിൽ, തനവും മനവും തളർന്ന്‌ ഇരുന്നു. റെബേക്കാ അടുത്തെത്തിയത്‌ അയാൾ അറിഞ്ഞില്ല.
"നാഥാ, അങ്ങെന്താണ്‌ വിഷാദിച്ചിരിക്കുന്നത്‌?"
ഇസഹാക്ക്‌ മുഖമുയർത്തി. നിരാശ അവിടെ ആവരണം തീർത്തിരിക്കുന്നു! ഒരു കുന്നോളം ദുഃഖമുണ്ട്‌ ആ മനസ്സിൽ. മനുഷ്യന്റെയും ജന്തുജാലങ്ങളുടെയും ദുര്യോഗത്തിൽ എത്രയോ ദിവസങ്ങളായി അദ്ദേഹം കേഴുന്നു!

"ഈ നില തുടർന്നാൽ മനുഷ്യരെല്ലാം ചത്തൊടുങ്ങില്ലേ റെബേക്കാ...?"
റെബേക്കാ മറുപടി പറഞ്ഞില്ല.
"കാലികൾ മുഴുവൻ ചത്തൊടുങ്ങി. പക്ഷികളുടെയും മൃഗങ്ങളുടെയും പിണങ്ങൾകൊണ്ട്‌ വയലുകൾ നിറഞ്ഞു. അവയെല്ലാം അഴുകിത്തുടങ്ങി. മഹാമാരികൾ പടർന്നുപിടിക്കുന്നു.  ഇനിയെന്തുചെയ്യും...?" നിസ്സഹായനെപ്പോലെ ഇസഹാക്ക്‌ ആകാശത്തേക്ക്‌ മിഴികൾ ഉയർത്തി.  

"ധാന്യപ്പുരകളിലെ ധാന്യവും കിണറ്റിലെ ജലവും നമ്മുടെ കുടുംബത്തിന്‌ വറുതിക്കുശേഷവും ബാക്കി ഉണ്ടാകുമായിരുന്നില്ലേ? അതെല്ലാം പങ്കുവച്ചതല്ലേ നമ്മുടെ ഈ ദുരവസ്ഥയ്ക്ക്‌ കാരണം?  പണമെങ്കിലും വാങ്ങിയിരുന്നെങ്കിൽ ഇന്നാട്ടിലെ മുഴുവൻ വയലും ഇതിനകം നമ്മുടേതായേനെ. ഇന്ന്‌ ഉപയോഗശൂന്യമായത്‌ വറുതിയുടെ കാലംകഴിയുമ്പോൾ ഫലപുഷ്ടിയുള്ള മണ്ണാകും."

റെബേക്കാ പറഞ്ഞുനിർത്തിയിട്ടും ഇസഹാക്ക്‌ അവളെത്തന്നെ നോക്കി നിശ്ശബ്ദനായി ഇരുന്നതേയുള്ളു. 
    "അങ്ങെന്താണ്‌ ഒന്നും പറയാത്തത്‌?"
    "റെബേക്കാ... നമ്മുടേതെന്ന്‌ കരുതുന്നതൊന്നും നമ്മുടെ സ്വന്തമല്ല. കർത്താവ്‌ ദാനമായി തന്നതാണ്‌. നമ്മുടെ ജീവൻ നിലനിർത്താൻ അതുപകരിക്കുമ്പോൾ മറ്റുള്ളവർക്ക്‌ അതൊന്നും നിഷേധിച്ചുകൂടാ. നമ്മുടേതുമാത്രമെന്നു കരുതി ധാന്യവും ജലവും മറ്റുള്ളവർക്ക്‌ പങ്കുവച്ചില്ലായിരുന്നെങ്കിൽ എത്രയോ മനുഷ്യർ ഇതിനകം മൃഗങ്ങളുടെയും പക്ഷികളുടെയും പിണങ്ങൾക്കൊപ്പം ഈ ഭൂമിയിൽ ചിതറിക്കിടക്കുമായിരുന്നു..."

    "ഏതാനും ദിവസങ്ങൾകൂടി കൊടുക്കാനുള്ള ധാന്യമേ ധാന്യപ്പുരയിലുള്ളു. ഒരിക്കലും വറ്റാത്ത ഇസഹാക്കിന്റെ കിണർ പൊട്ടക്കിണറായി മാറിത്തുടങ്ങി." 
     ഇസഹാക്ക്‌ പ്രതികരിച്ചില്ല.
     "നമ്മുടെ മക്കളും അടിമകളും കാലികളും ഭക്ഷണവും വെള്ളവുമില്ലാതെ ഇനി എങ്ങനെ ജീവിക്കും...?" 

    റെബേക്കയുടെ അതേ ആകുലചിന്തത്തന്നെയായിരുന്നു ദിവസങ്ങളായി ഇസഹാക്കിനെയും വേട്ടയാടിക്കൊണ്ടിരുന്നത്‌. ഒരു വ്യത്യാസം മാത്രം. ഇസഹാക്ക്‌ തനിക്കുള്ളവയെപ്പോലെ മറ്റുള്ളവയെയും കണ്ടു. അവരുടെ വേദന സ്വന്തം വേദനതന്നെയായിരുന്നു അയാൾക്ക്‌.

    "ബാക്കിയുള്ള ധാന്യവും വെള്ളവും ഇനി മറ്റാർക്കും കൊടുക്കണ്ടാ."
     റെബേക്കയുടെ കടുത്ത സ്വരം ഇസഹാക്കിനെ അമ്പരപ്പിച്ചു. അവൾ തുടർന്നു-
    "ഏതാനും മാസങ്ങൾകൂടി എന്റെ മക്കൾ ജീവിച്ചിരുന്നോട്ടെ. ഏതായാലും ഈ വറുതിയെ അതിജീവിക്കാൻ ഈ കാണായ മനുഷ്യർക്കൊന്നുമാവില്ല. ദൈവനിശ്ചയം മാറ്റാനോക്കുമോ?"

    "അങ്ങനെ പറയരുത്‌ റെബേക്കാ..." ആജ്ഞയും അപേക്ഷയും ഒന്നുപോലെ അയാളുടെ സ്വരത്തിൽ നിഴലിച്ചിരുന്നു.
    "നാം കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന അവസാന ധാന്യവും അവസാന തുള്ളി വെള്ളവും മറ്റുള്ളവർക്കുകൂടി പങ്കുവയ്ക്കണം. അതാണ്‌ ദൈവേച്ഛ."

    "അതിനുശേഷം ഇന്നാട്ടിലെ ജനങ്ങൾക്കും മൃഗങ്ങൾക്കുമൊപ്പം മരിക്കാമെന്നാണോ അങ്ങ്‌ പറയുന്നത്‌?"
    "ദൈവഹിതം അങ്ങനെങ്കിൽ മറുത്തുപറയാൻ നമ്മളാരാണ്‌? നമുക്ക്‌ ദൈവത്തോട്‌ യാചിക്കാം. അവിടുന്നുതന്നെ ഉത്തരം നൽകട്ടെ."

    റെബേക്കാ നിശ്ശബ്ദം കൂടാരത്തിലേക്ക്‌ നടന്നുപോയി.
     അന്ന്‌ രാത്രിയിൽ ഇസഹാക്കും റെബേക്കയും ബലിപീഠത്തിനുമുമ്പിൽ മുട്ടുകുത്തി കൈകൾ വിരിച്ച്‌ പ്രാർഥിച്ചു-
     'ദൈവമായ കർത്താവേ, അതികഠിനമായ വറുതിയിൽ ജന്തുക്കൾക്കും പക്ഷികൾക്കുമൊപ്പം അങ്ങയുടെ മക്കളും ചത്തൊടുങ്ങുന്നത്‌ അവിടുന്ന്‌ കാണുന്നില്ലേ? ഈ വറുതിയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കണമേ. ഭൂമിയിൽ മഴ പെയ്യിച്ച്‌ സർവനാശത്തിൽനിന്ന്‌ ഭൂമിയെയും അതിലെ നിവാസികളെയും രക്ഷിക്കണമേ... അങ്ങയുടെ ദാസനായ അബ്രാഹത്തെപ്രതി ഞങ്ങളുടെ യാചന കേൾക്കേണമേ...'

     ഉപവാസരാത്രിയുടെ യാമങ്ങൾ പിന്നിടവേ, കർത്താവിന്റെ ദൂതൻ ഇസഹാക്കിന്‌ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. 
     "നിനക്കുള്ളവയുമായി വറുതിനിറഞ്ഞ ഈ ദേശംവിട്ട്‌ ഫിലിസ്ത്യരാജാവായ അബിമലേക്കിന്റെ രാജ്യമായ ഗരാറിലേക്ക്‌ പോകുക." 

      ഇസഹാക്ക്‌ ഞെട്ടിയുണർന്നു. സ്വപ്നത്തിൽ ദൂതൻ അറിയിച്ച കാര്യം അറിയിക്കാൻ റെബേക്കയെ തെരഞ്ഞെങ്കിലും കിടക്കയിൽ കണ്ടില്ല. യാക്കോബ്‌ കൂർക്കം വലിച്ചുറങ്ങുന്നുണ്ട്‌. 
      കിഴക്കെ ആകാശച്ചെരുവിൽ പ്രകാശത്തിന്റെ തുടുപ്പ്‌ കണ്ടുതുടങ്ങുന്നതേയുള്ളു. ഇസഹാക്ക്‌ റെബേക്കയെ അന്വേഷിച്ച്‌ കൂടാരത്തിന്റെ പുറത്തുകടന്നു. 

      വയൽക്കരയിലുള്ള ധാന്യപ്പുരകളുടെ മുമ്പിൽ അരണ്ട വെളിച്ചത്തിൽ രണ്ടു നിഴലുകൾ! ഓക്കുമരത്തിനുമറഞ്ഞുനിന്ന്‌ ഇസഹാക്ക്‌ ശ്രദ്ധിച്ചു. 
      റെബേക്കയും ഏസാവും...!
      ധാന്യപ്പുരയിൽ അവശേഷിച്ച ധാന്യച്ചാക്കുകൾ ഏസാവ്‌ തോളിലേറ്റി കാലിയായ മറ്റൊരു പുരയിലേക്ക്‌ മാറ്റുകയാണ്‌. നിർദേശം നൽകിക്കൊണ്ട്‌ റെബേക്കാ അടുത്തുനിൽക്കുന്നു!

      അവസാനത്തെ ധാന്യപ്പുരയും കാലിയാകുന്നതിന്റെ ഉത്ക്കണ്ഠയും അത്‌ സൃഷ്ടിക്കുന്ന വിഹ്വലതയും റെബേക്കയെ എത്രമാത്രം തളർത്തുന്നുണ്ടെന്നതിന്‌ തെളിവായി കഴിഞ്ഞ ദിവസത്തെ അവളുടെ പരിദേവനം ഓർത്തു. സ്വന്തം മക്കൾ പട്ടിണികിടന്ന്‌ മരിക്കുന്നതിനേക്കാൾ വലുതല്ല ഒരമ്മയ്ക്ക്‌ മറ്റൊന്നും. മക്കളുടെ ജീവൻനിലനിർത്താൻ ധാന്യച്ചാക്കുകൾ കാലിയായ പുരയിലേക്ക്‌ മാറ്റുകയാൺഅതിനുള്ള പ്രതിവിധിയെന്ന്‌ അവൾ നിനച്ചിരിക്കും. കാലിയായ ധാന്യപ്പുര ആരും പരിശോധിക്കില്ലല്ലോ. മിച്ചമുള്ളതുകൂടി പങ്കുവെച്ചാൽ മറ്റുള്ളവർക്കൊപ്പം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏസാവും യാക്കോബും ഭക്ഷണമില്ലാതെ പിടഞ്ഞ്‌ മരിച്ചേക്കാം. ഒരമ്മയെന്ന നിലയിൽ റെബേക്കയ്ക്ക്‌ അത്‌ സഹിക്കാനാവില്ല. മക്കളോടുള്ള ഒരു മാതാവിന്റെ അതുല്യമായ കരുതലാണത്‌. 

  അയാളൊന്നും അറിയാത്ത ഭാവത്തിൽ കൂടാരത്തിലേക്ക്‌ തിരിച്ചുപോയി.
    സ്വപ്നത്തിൽ കർത്താവിന്റെ ദൂതൻ അറിയിച്ച കാര്യം റെബേക്കയെ അറിയിച്ചപ്പോൾ അവൾ സ്തബ്ധയായി. സമ്പത്തെല്ലാം വിട്ടെറിഞ്ഞുപോകുകയെന്ന കാര്യം അവൾക്ക്‌ ചിന്തിക്കാനേ കഴിഞ്ഞില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ വറുതിക്ക്‌ അന്ത്യം ഉണ്ടാകുന്നതിന്റെ ലക്ഷണമൊന്നും കാണാനുമില്ല. അതവളെ കൂടുതൽ ചിന്താകുലയാക്കി.

    റെബേക്കാ ചലനമറ്റ്‌ ഇരിക്കുകയായിരുന്നു.
   "എന്താണ്‌ റെബേക്കാ...? ദൂതൻ അറിയിച്ചതു നീ വിശ്വസിക്കുന്നില്ലേ?"
   "അങ്ങനെയല്ല നാഥാ... ഇനിയൊരു കൂടുമാറ്റം..."
   "എന്റെ പിതാവായ അബ്രാഹത്തിന്റെ ജീവിതവും ഇങ്ങനെയായിരുന്നു. കൂടാരങ്ങളിൽനിന്ന്‌ കൂടാരങ്ങളിലേക്കുള്ള യാത്ര. എന്റേതും അങ്ങനെയായിരിക്കണമെന്ന്‌ കർത്താവ്‌ തീരുമാനിച്ചാൽ ആർക്കാണ്‌ എതിർ പറയാനാവുക? അങ്ങനെ പറയാൻ നമ്മൾ ആരാണ്‌? എല്ലാം അവിടുത്തെ ദാനമല്ലേ?" 

   ശരിയാണ്‌. സകലതും അവിടുന്ന്‌ കനിഞ്ഞുനൽകിയതാണ്‌. പിതാവിന്റെ ഭവനത്തിൽനിന്ന്‌ യാത്രയായപ്പോൾ മുതൽ അവിടുന്ന്‌ സംരക്ഷകനായി കൂടെയുണ്ട്‌. അവിടുത്തെ ബലിഷ്ഠകരം എപ്പോഴും താങ്ങുന്നു. വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളുന്നു. പാതകളിൽ ഇരുൾമൂടുമ്പോൾ അവിടുന്ന്‌ പ്രകാശമായി തെളിയുന്നു... അതോടെ സംശയങ്ങളും ആകുലതകളും റെബേക്കയെ വിട്ടകന്നു. അവൾ ഉന്മേഷത്തോടെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

   പ്രഭാതത്തിൽതന്നെ ധാന്യത്തിനും വെള്ളത്തിനുമായി തദ്ദേശവാസികൾ എത്തിത്തുടങ്ങി. പതിവിന്‌ വിപരീതമായി റെബേക്കയും ധാന്യങ്ങൾ വിതരണം ചെയ്യാൻ ഇസഹാക്കിനോടൊപ്പംകൂടി. റെബേക്കയും ഏസാവുംകൂടി മാറ്റിവച്ച ധാന്യങ്ങളാണ്‌ ആദ്യം വിതരണം ചെയ്തത്‌.

    ഇസഹാക്ക്‌ തങ്ങളുടെ യാത്രയുടെ വിവരം അന്നാട്ടുകാരെ അറിയിച്ചു. യാത്രയ്ക്ക്‌ ആവശ്യമുള്ളതുകഴിച്ച്‌ ബാക്കിയുണ്ടായിരുന്ന മുഴുവൻ ധാന്യവും വിതരണം ചെയ്തു. 
    "ഞങ്ങളുടെ ആശ്രയം അങ്ങായിരുന്നു..." ഒരു വൃദ്ധൻ ഇസഹാക്കിന്റെ കാൽക്കലിരുന്ന്‌ കരഞ്ഞു. അയാളെ പിടിച്ചെഴുന്നേൽപിച്ച്‌ മാറോടണച്ചു, ഇസഹാക്ക്‌. 

    "ഇത്‌ കർത്താവിന്റെ നിർദേശമാണ്‌. അവിടുന്ന്‌ കൽപിക്കുന്നതുമാത്രം ഞാൻ ചെയ്യുന്നു." 
    എല്ലാവരെയും ഇസഹാക്ക്‌ അനുഗ്രഹിച്ചു. സ്ത്രീകൾ റെബേക്കയെ വന്ദിച്ചു. യാക്കോബിനെ യുവാക്കൾ ആശ്ലേഷിച്ചു. ഏസാവ്‌ അതെല്ലാം കണ്ട്‌ മാറി നിൽക്കുകയായിരുന്നു.  ആ സ്നേഹപ്രകടനം ഇസഹാക്കിന്റെ മനം കുളിർപ്പിച്ചു. 

    "ഞാൻ തരുന്ന ഈ ധാന്യം അധികദിവസത്തേക്ക്‌ ഉണ്ടാവില്ല. കിണറ്റിലെ വെള്ളവും വറ്റിത്തുടങ്ങിയിരിക്കുന്നു. നിങ്ങളും വറുതിയില്ലാത്ത മറ്റേതെങ്കിലും നാട്ടിലേക്ക്‌ പുറപ്പെടണം. മരണം എല്ലാവർക്കും ഭീകരമാണല്ലോ..."

   ഇസഹാക്കിന്റെ ദൈവത്തിന്‌ നന്ദിപറഞ്ഞ്‌ അവർ പിരിഞ്ഞുപോയി. ഇസഹാക്കും കുടുംബവും ഗരാറിലേയ്ക്കുള്ള യാത്രയ്ക്കാവശ്യമുള്ളതെല്ലാം സംഭരിച്ച്‌ പിറ്റേന്ന്‌ പ്രഭാതത്തിൽ ദൈവത്തിന്‌ കൃതജ്ഞതാ ബലിയർപ്പിച്ച്‌ യാത്രയായി. ഇസഹാക്കും റെബേക്കയും ഏസാവും യാക്കോബും ഒട്ടകങ്ങളിൽ സഞ്ചരിച്ചു. അടിമകളും കാലിസമ്പത്തും അവരെ അനുഗമിച്ചു. 

    ദിവസങ്ങൾക്കുള്ളിൽ ഫിലിസ്ത്യരാജാവായ അബിമലേക്കിന്റെ രാജ്യാതിർത്തിയായ ഗരാറിലേക്കുള്ള വീഥിയിൽ അവരെത്തി. അപ്പോൾ ഇരുട്ടും മഞ്ഞും വീഥികളെ മൂടിയിരുന്നു. അവർക്ക്‌ യാത്ര തുടരാനായില്ല. ഭൃത്യന്മാർ വഴിയരുകിലെ പടർന്നുപന്തലിച്ച വലിയൊരു അത്തിമരച്ചുവട്ടിൽ കൂടാരമടിച്ചു. അത്തിമരത്തിൽ നിറയെ ചുവന്നുതുടുത്ത പഴങ്ങൾ ഞാണുകിടന്നിരുന്നു. അടുത്തുതന്നെ കാണപ്പെട്ട കിണർ തന്റെ പിതാവിന്റെ ഭൃത്യന്മാർ പണികഴിപ്പിച്ചതാണെന്ന്‌ ഇസഹാക്ക്‌ തിരിച്ചറിഞ്ഞു. അത്തരം അനേകം കിണറുകൾ ഗരാറിൽ പ്രവാസകാലത്ത്‌ അദ്ദേഹം നിർമിച്ചിട്ടുണ്ട്‌. 

   അതിൽ വെള്ളമുണ്ടായിരുന്നു. ദാഹിച്ചുവരണ്ട മനുഷ്യർക്കും മൃഗങ്ങൾക്കും ഒന്നുപോലെ ആനന്ദം പകരുന്ന അനുഭവം! ബേർലഹായ്‌റോയിൽനിന്ന്‌ സംഭരിച്ചിരുന്ന ജലം നേരത്തെ തീർന്നിരുന്നു. ഭൂമിയുടെ കിഴുക്കാംതൂക്കായ പൂർവദിശയിൽ, വീഥിയിൽനിന്ന്‌ കുറെ അകലെയായി കാണപ്പെട്ട വയലിൽ ചോളം വിളഞ്ഞുകിടന്നിരുന്നു. പറിച്ചെടുത്ത ചോളക്കതിരിന്റെ തുടം കണ്ട്‌ ഇസഹാക്ക്‌ സന്തോഷിച്ചു. ഗരാറിന്റെ അതിർത്തിയിൽ കാണുന്നതുതന്നെ സമൃദ്ധിയുടെ അടയാളമാണ്‌!

   ദിവസങ്ങൾക്കുശേഷം ആവശ്യത്തിന്‌ ഭക്ഷണവും വെള്ളവും കിട്ടിയതിന്‌ ഇസഹാക്ക്‌ ദൈവത്തിന്‌ നന്ദി പറഞ്ഞു. യാക്കോബ്‌ പതിവുപോലെ ഭക്ഷണംകഴിഞ്ഞ്‌ നേരത്തെ ഉറക്കമായി. പാവത്തിന്‌ ഇഷ്ടഭോജ്യമായ മ്ലാവിറച്ചി കിട്ടാത്തതിന്റെ സങ്കടമുണ്ട്‌. അനുജനെ സന്തോഷിപ്പിക്കാൻ ഏസാവ്‌ ശ്രമിക്കായ്കയല്ല. താത്ക്കാലിക കൂടാരം നിർമിച്ചിടത്തൊക്കെ അമ്പും വില്ലുമായി അവൻ ഏറെനേരം സഞ്ചരിച്ചു. പക്ഷേ, എങ്ങും ഒരൊറ്റ മൃഗത്തേയും കണ്ടെത്താൻ കഴിഞ്ഞില്ല. 

  തെളിഞ്ഞ ആകാശനീലിമയിൽ ശുഭ്രച്ചിറകുവച്ച മാലാഖമാരെപ്പോലെ മേഘപാളികൾ ഒഴുകി നടന്നു. കിഴക്ക്‌ പർവതമുകളിൽ ചന്ദ്രഗോളം തെളിഞ്ഞപ്പോൾ അത്തിമരത്തിലെ പഴങ്ങൾ തേടി നരിച്ചീറുകൾ കൂട്ടമായി എത്തി. പലവിധ ചിന്തകളിൽ മുഴുകിയ ഇസഹാക്കിന്‌ അന്നുരാത്രയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. എങ്ങും വേരുറയ്ക്കാതെ കൂടുവിട്ട്‌ കൂടുമാറുംപോലെ കൂടാരങ്ങളിൽനിന്ന്‌ കൂടാരങ്ങളിലേക്കുള്ള യാത്ര ഇനിയെത്രനാൾ... ഗരാറിൽ കാര്യങ്ങൾ അത്ര പന്തിയല്ലെങ്കിൽ... അവിടെനിന്ന്‌ വീണ്ടും...

  റെബേക്കാ നല്ല ഉറക്കത്തിലാണ്‌. ഏസാവ്‌ കുറച്ചകലെയായി ചുരുണ്ടുകിടപ്പുണ്ട്‌. ഭൃത്യന്മാരുടെ കൂടാരങ്ങളിൽ വെളിച്ചമില്ല. മൃഗങ്ങളും വിശ്രമത്തിലാണ്‌. അത്തിപ്പഴം തേടിയെത്തുന്ന നരിച്ചീറുകളുടെ ചിറകടി ശബ്ദംമാത്രം അയാൾക്ക്‌ ഉണർവിൽ പങ്കാളിയായി. എപ്പോഴോ മയക്കം കണ്ണുകളെ ആശ്ലേഷിച്ചു. അർധമയക്കവും മയക്കവും ലയനത്തിനെത്തുമ്പോൾ ഒരു സ്വരം കേട്ടു-

  "ഇസഹാക്ക്‌... നീയെന്തിന്‌ വ്യാകുലപ്പെടുന്നു...?"
   കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിൽനിന്ന്‌ ഉത്ഭവിച്ച ആ സ്വരം മുഴക്കമുള്ളതും സംഗീത സാന്ദ്രവുമായി അനുഭവപ്പെട്ടു. ദിവ്യജ്യോതിസ്‌ കണ്ണുകളിൽ പതിച്ചപ്പോൾ ഇസഹാക്ക്‌ പരിഭ്രമത്തോടെ കിടക്കവിട്ടെഴുന്നേറ്റു. 

    "നിന്റെ ചിന്തകളൊന്നും നിശ്ചയിച്ചിട്ടുള്ളതിനെ മാറ്റാൻ ഉപയുക്തമല്ലെന്ന്‌ അറിഞ്ഞുകൊള്ളുക."
    ഒരു ശിശുവിന്റെ നിഷ്കളങ്കതയോടെ ഇസഹാക്ക്‌ ആരാഞ്ഞു-
   "ദൈവമായ കർത്താവേ, ഞാനെന്താണ്‌ ചെയ്യേണ്ടത്‌...?"

   "ഇസഹാക്ക്‌... നിന്റെ പിതാവായ അബ്രാഹത്തിന്‌ കൊടുത്ത വാക്ക്‌ ഞാൻ നിറവേറ്റും. ആകാശത്തിലെ നക്ഷത്രങ്ങൾപോലെ നിന്റെ സന്തതികളെ ഞാൻ വർധിപ്പിക്കും. ഈ ദേശമെല്ലാം അവർക്ക്‌ ഞാൻ നൽകും. നിന്റെ സന്തതികളിലൂടെ ലോകത്തിലെ ജനതകൾ അനുഗ്രഹിക്കപ്പെടും. കാരണം നിന്റെ പിതാവായ അബ്രഹാം എന്റെ സ്വരം കേൾക്കുകയും കൽപനകളും നിർദ്ദേശങ്ങളും പാലിക്കുകയും ചെയ്തു. അപ്രകാരം നീയും ചെയ്യുക. ഈജിപ്തിലേക്ക്‌ നീ പോകരുത്‌. ഞാൻ പറയുന്ന നാട്ടിൽ പാർക്കുക. ഞാൻ നിന്റെകൂടെ ഉണ്ടായിരിക്കും. നിന്നെ ഞാൻ അനുഗ്രഹിക്കുകയും ചെയ്യും."

    പ്രകാശം കാണപ്പെട്ടിടത്ത്‌ അയാൾ കമിഴ്‌ന്നുവീണു. എല്ലാ മനഃചാഞ്ചല്യവും അപ്പോൾ അയാളെ വിട്ടകന്നിരുന്നു. കർത്താവ്‌ പ്രകാശത്തിൽനിന്ന്‌ സംസാരിച്ചിടത്ത്‌ ഇസഹാക്ക്‌ ഒരു കല്ല്‌ സ്ഥാപിച്ചു. ഗരാറിലേക്ക്‌ പ്രവേശിക്കുംമുമ്പ്‌ അവിടെ അയാൾ പാനീയബലി അർപ്പിച്ചു.
 തുടരും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...