വാക്കുകളിൽ മഴവില്ല്‌ വിരിയിച്ച വിനയൻ


സക്കറിയ 
വിനയചന്ദ്രൻ ജീവിച്ചിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും മറ്റുമുള്ള പഠനങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നെങ്കിൽ അത്‌ അദ്ദേഹത്തിന്‌ വലിയ സന്തോഷം നൽകുമായിരുന്നു. വിനയനെ അറിയുന്നവർക്കും അദ്ദേഹത്തിന്റെ കവിതകൾ അറിയുന്നവർക്കും വിനയചന്ദ്രൻ തമസ്കരിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കഴിയും. എന്നോട്‌ ചോദിച്ചാൽ വിനയൻ തമസ്കരിക്കപ്പെട്ടിട്ടില്ല എന്നേ ഞാൻ പറയൂ. അർഹിക്കുന്ന തരത്തിലുള്ള വിലയിരുത്തലുകളാണ്‌ ഉണ്ടാവാതെ പോയത്‌. അദ്ദേഹത്തിന്റെ കവിതയുടെ പ്രശ്നമായിരുന്നില്ല അതിന്‌ കാരണമെന്ന്‌ എല്ലാവർക്കും അറിയാം. കാരണം മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരമായ കവിതകളായിരുന്നു വിനയന്റേത്‌. അസാധാരണങ്ങളായ ബിംബങ്ങൾ നിറഞ്ഞുനിൽക്കുന്ന കവിതകൾ.

ഇരുപതാം നൂറ്റാണ്ടിലെ മലയാളകവിതയിൽ വിനയചന്ദ്രന്റെ കവിതയ്ക്ക്‌ കൃത്യമായ സ്ഥാനമുണ്ടാകും. പ്രത്യേകിച്ച്‌ എഴുപതുകളിൽ കവിതയ്ക്കുണ്ടായ ഒരു കുതിച്ചുചാട്ടം. ആ കുതിച്ചുചാട്ടത്തിൽ വിനയന്റെ കവിതകളുണ്ടായിരുന്നെന്ന്‌ കാണാം. അയ്യപ്പപ്പണിക്കർ, സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്‌ എന്നിവരെപ്പോലെത്തന്നെ മലയാള കവിതയ്ക്ക്‌ ഒരു പുതുജന്മം നൽകിയവരിൽ പ്രധാനിയാണ്‌ ഡി.വിനയചന്ദ്രൻ.

കവിത അതുവരെ സ്പർശിച്ചിട്ടില്ലാത്ത വിഷയങ്ങൾ, പറയാൻ മടിച്ചിരുന്ന കാര്യങ്ങൾ കവിതയിൽ കൊണ്ടുവരാൻ അവർക്ക്‌ കഴിഞ്ഞു. വൃത്തത്തെ ബ്രേക്ക്‌ ചെയ്തു എന്നതു മാത്രമല്ല ആധുനികതയുടെ പ്രത്യേകത. അത്‌ ഈ പറഞ്ഞതുപോലെ ഒരു പടികൂടി മുമ്പോട്ട്‌ പോയി, 'ചൊൽക്കാഴ്ച'യിലേക്കും മറ്റും എത്തുന്നു. അതൊരു വിപ്ലവകരമായ മാറ്റമായിട്ടാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. വിനയൻ ഈ കൂട്ടത്തിലെ ശക്തമായ ഒരു സാന്നിധ്യമായിരുന്നു. നിർജീവമെന്ന്‌ തോന്നിക്കുന്ന ഏതൊരു വാക്കും വിനയചന്ദ്രന്റെ ശബ്ദത്തിൽ സജീവമാകുന്നതുകാണാം. വിനയൻ കവിത ചൊല്ലുമ്പോൾ വാക്കുകൾ മഴവില്ലുപോലെ വിരിഞ്ഞു വരുന്നത്‌ കാണാം.

അസാധാരണമായ ശബ്ദത്തിനുടമയായിരുന്നു വിനയചന്ദ്രൻ. ആദ്യമായി ഞാനത്‌ കേൾക്കുന്നത്‌ കാവാലം നാരായണപ്പണിക്കരുടെ 'അവനവൻ കടമ്പ' എന്ന നാടകം കാണാൻ പോയപ്പോഴാണ്‌. അന്നാണ്‌ ഞാൻ വിനയനെ ആദ്യമായി പരിചയപ്പെടുന്നതും. അവിടെ വിനയചന്ദ്രൻ ഒരു കവിത ചൊല്ലി. അതുവരെ വിനയന്റെ കവിത കേൾക്കാത്തവർ ഞെട്ടുന്നത്‌ ഞാൻ കണ്ടു. അത്രയ്ക്ക്‌ ശക്തിയേറിയ ഒരു കവിതാ പ്രവാഹമായിരുന്നു വിനയനിൽനിന്നുണ്ടായത്‌. 

കേരളത്തിൽ എത്രയോ എഴുത്തുകാർ അധ്യാപകരാണ്‌. അധ്യാപകനായതുകൊണ്ട്‌ ഒരാളുടെ സാഹിത്യത്തിന്‌ നേട്ടമോ കോട്ടമോ ഉണ്ടാവുമെന്ന്‌ ഞാൻ വിശ്വസിക്കുന്നില്ല. ചില 'സാമർഥ്യങ്ങൾ' വിനയന്‌ ഇല്ലാതെ പോയി. അതുകൊണ്ടായിരിക്കാം വിനയന്റെ കവിതകൾ അത്‌ അർഹിക്കുന്ന രീതിയിൽ പഠിക്കപ്പെടാതെ പോയത്‌.

ഒരു ശുദ്ധ ഗ്രാമീണന്റെ അപ്രായോഗിക സമീപനം വിനയന്റെ ജീവിതത്തിലുണ്ടായിരുന്നു. ആ ഗ്രാമീണത്വം വിനയനിൽനിന്ന്‌ ഒരിക്കലും മാറിയിരുന്നില്ല. ഞാനോക്കെ കുഗ്രാമങ്ങളിൽ നിന്ന്‌ വന്ന്‌ സമർത്ഥമായി നാഗരികതയോടേറ്റുമുട്ടിയാണ്‌ ഇങ്ങനെയൊക്കെ നിൽക്കുന്നത്‌. വിനയൻ ഒരിക്കലും അങ്ങനെയായിരുന്നില്ല. വിനയന്റെ വേഷവിധാനത്തിൽപ്പോലും അതുണ്ടായിരുന്നു. ഒരു ഗ്രാമീണന്റെ തലേക്കെട്ട്‌ പോലെയുളള തൊപ്പിയും ധരിച്ചാണ്‌ വിനയൻ നടന്നിരുന്നത്‌.

വർഗീയതയെ വേണ്ടരീതിയിൽ പ്രതിരോധിച്ചില്ല എന്ന കാര്യത്തിൽ ഞാനും വിനയനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഏതു വർഗീയതയാണെങ്കിലും എനിക്ക്‌ അതിനോട്‌ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്‌ ഉള്ളത്‌. അവരുടെയൊക്കെ വേദികളിൽ വിനയൻ പോകുന്നതിനെ ഞാൻ എതിർക്കുമായിരുന്നു. അപ്പോൾ പറയും ഞാൻ അവിടേക്ക്‌ കവിതയും കൊണ്ടാണ്‌ പോകുന്നത്‌. ഒരുപക്ഷേ കവിത ഒരു വർഗീയവാദിയെ നല്ല മനുഷ്യനാക്കിയേക്കാം. എന്നാൽ കവിതകേട്ട്‌ വർഗീയവാദി നന്നാവുമെന്ന്‌ ഞാൻ വിശ്വസിക്കുന്നില്ല. ഊണിലും ഉറക്കത്തിലും കവിയായിരുന്നു വിനയൻ. കല്യാണം കഴിക്കാതിരുന്നതും മറ്റും കവിതയോടുള്ള പ്രേമം കൊണ്ടാണെന്ന തരത്തിലുള്ള അതിശയോക്തികളിൽ ഞാൻ വിശ്വസിക്കുന്നില്ല. അത്‌ ഒരുതരം മടികൊണ്ടായിരുന്നു. ഈ വയ്യാവേലിയും ബാധ്യതകളുമൊക്കെ എടുത്‌ തലയിൽവെച്ച്‌ നടക്കുന്നതെന്തിന്‌ എന്ന ചിന്തയായിരിക്കാം.

വിനയന്‌ ഭാര്യയുണ്ടായിരുന്നെങ്കിൽ, പ്രേമിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി ആരോഗ്യമൊക്കെ ശ്രദ്ധിക്കുമായിരുന്നു എന്നെനിക്ക്‌ തോന്നിയിട്ടുണ്ട്‌. വിനയന്റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം ഇതുവരെയും പുറത്തിറങ്ങിയിട്ടില്ല. അങ്ങനെയൊരു സമാഹാരമാണ്‌ ഇനി വേണ്ടത്‌. വിനയന്റെ കവിതകൾ ഇങ്ങനെ ഒറ്റ പുസ്തകത്തിൽ ലഭിക്കുമ്പോൾ അത്‌ വായനയ്ക്കും പഠനത്തിനും ഉപകാരപ്പെടുമെന്നാണ്‌ ഞാൻ വിചാരിക്കുന്നത്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ