ഡോ. ജോസ് ജോസഫ്
പ്രോഫസർ & ഹെഡ്ഡ്, വിജ്ഞാന വ്യാപനവിഭാഗം, കേരള കാർഷിക സർവ്വകലാശാല, പടന്നക്കാട്
പ്രകൃതിയിൽ
ലഭ്യമായതിൽ ഏറ്റവും ശുദ്ധ ആരോഗ്യപാനീയമായ ഇളനീർ ആഗോള ശീതളപാനീയ വിപണിയിൽ
തരംഗമായി മാറുന്നു. ആരോഗ്യജീവിതത്തിന് വേണ്ട എല്ലാം അടങ്ങിയിട്ടുണ്ടെന്ന
വിശ്വാസത്തിൽ ലോകം ഇളനീർ ഉൽപന്നങ്ങളുടെ പിന്നാലെ ഓടുകയാണ്. കഴിഞ്ഞ ഒരു
ദശകത്തിനിടയിൽ അമേരിക്കയിലേയും യൂറോപ്പിലേയും ശീതളപാനീയ വിപണിയിൽ ഇത്ര
നേട്ടമൂണ്ടാക്കിയ മറ്റൊരു ആരോഗ്യപാനീയമില്ല. ശീതളപാനീയ വിപണിയിലെ അടുത്ത
വലിയ സംഭവമെന്ന് (next big thing) ഇളനീരിനെ ഭക്ഷ്യ-പോഷക വിദഗ്ദ്ധർ
വിശേഷിപ്പിക്കുന്നു. പഞ്ചസാരയും രാസപദാർത്ഥങ്ങളും ചേർത്ത് നിർമ്മിക്കുന്ന
പാനീയങ്ങളും സോഡകലർന്ന ശീതള പാനീയങ്ങളും മടുത്ത് തുടങ്ങിയ
പാശ്ചാത്യയുവത്വം ശുദ്ധമായ ഇളനീരിനെ വലിയ ആവേശത്തോടെയാണ്
സ്വീകരിക്കുന്നത്. സ്വഭാവികതയാണ് (naturality) ഭക്ഷ്യവിപണിയിലെ ഏറ്റവും
പുതിയ പ്രവണത. ഈ മാറ്റത്തിൽ നിന്നും ഏറ്റവും അധികം നേട്ടമുണ്ടാക്കുന്ന
ആരോഗ്യപാനീയമാണ് ഇളനീർ.
അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിന്റൽ (mintel)
എന്ന മാർക്കറ്റിംഗ് ഗവേഷണസ്ഥാപനം 2013-ൽ പുറത്തുവിട്ട റിപ്പോർട്ട്
പ്രകാരം ആഗോളശീതള പാനീയ വിപണിയിൽ അടുത്തകാലത്ത് ഏറ്റവുമധികം
നേട്ടമുണ്ടാക്കിയ ഉൽപന്നം ഇളനീരാണ്. ഉൽപന്നങ്ങളുടെ വിൽപ്പനയിൽ മാത്രം
നിൽക്കുന്നില്ല ഈ നേട്ടം. ഇളനീർ അധിഷ്ഠിത ഉൽപന്നങ്ങളുടെ
വൈവിദ്ധ്യവത്ക്കരണത്തിലും വൻകുതിച്ചുകയറ്റമാണ്
അടുത്തകാലത്തുണ്ടായിരിക്കുന്നത് .
45 കോടി അമേരിക്കൻ ഡോളറായിരുന്നു. 2011ൽ ഇളനീർ ഉൽപന്നങ്ങളുടെ
ആഗോളവിപണി. പ്രതിവർഷം നാലുമുതൽ ആറു കോടിവരെ അമേരിക്കൻ ഡോളർ എന്ന
നിരക്കിലാണ് ആഗോള ഇളനീർ വിപണിയുടെ വളർച്ച. ഇന്നത്തെ ആവേശം നിലനിർത്താനായാൽ
അടുത്ത് തന്നെ ആഗോള ഇളനീർ വിപണി 100 കോടി ഡോളർ കടക്കും.
2010നും 2012നും ഇടയിൽ ആഗോളഇളനീർ വിപണി 168 ശതമാനം വളർച്ചനേടിയതായി
മിന്റലിന്റെ പഠനം വ്യക്തമാക്കുന്നു. അതേസമയം ഇളനീർ
ഉൽപന്നവൈവിദ്ധ്യവൽക്കരണത്തിൽ 2008 നും 2012നും ഇടയിൽ 540 ശതമാനത്തിന്റെ
വളർച്ചയുണ്ടായി. അമേരിക്കയിലേയും യൂറോപ്പിലേയും വിപണികളിലാണ് ഏറ്റവുമധികം
പുതിയ ഇളനീർ ഉൽപന്നങ്ങൾ എത്തിയത്. അമേരിക്കയിലെ ഇളനീർ ഉൽപന്ന വിപണിയുടെ
വളർച്ച പ്രതിവർഷം 100 ശതമാനം എന്ന നിരക്കിലാണ്. കൊഴുപ്പില്ലാത്ത
അല്ലെങ്കിൽ കുറഞ്ഞ അളവിൽ മാത്രമുള്ള പാനീയം, അലർജിക്ക് കാരണമാകുന്ന
വസ്തുക്കളുടെ അഭാവം, സ്വഭാവിക പാനീയം, പരിസ്ഥിതി സൗഹൃദ പാക്കേജിംഗ്
എന്നിവയാണ് ഇളനീരിനെ ഉപഭോക്താക്കൾ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളെന്ന്
മിന്റലിന്റെ മാർക്കറ്റ് സർവ്വേ വ്യക്തമാക്കുന്നു.
250ലേറെ കമ്പനികളാണ് ഇളനീർ സംസ്ക്കരണ വിതരണ വ്യവസായവുമായി
ബന്ധപ്പെട്ട് ഇപ്പോൾ ആഗോളവിപണിയിൽ സജീവമായി പ്രവർത്തിക്കുന്നത്. വലിയ
അവസരം ഈ രംഗത്ത് മുന്നിൽ കണ്ടുകൊണ്ട് പെപ്സി, കൊക്കകോള, നെസ്റ്റ്ലെ
തുടങ്ങിയ വമ്പൻ ബഹുരാഷ്ട്ര കമ്പനികൾ ഇളനീർ വിപണനരംഗത്തേക്ക്
കടന്നുവന്നിട്ടുണ്ട്. 2004 മുതലാണ് ആഗോള ഇളനീർ വിപണി
സജീവമായിത്തുടങ്ങിയത്. 2006-ഓടെ ഇളനീർ ഉൽപന്നങ്ങൾ ആഗോളബ്രാൻഡിംഗോടെ
വിപണിയിൽ എത്തിത്തുടങ്ങി. കഴിഞ്ഞ അഞ്ച് വർഷങ്ങൾ ആഗോള ഇളനീർ വിപണിക്ക്
വൻവളർച്ചയുടെ കാലഘട്ടമായിരുന്നു. അമേരിക്കയിലേയും യൂറോപ്പിലേയും പരമ്പരാഗത
വമ്പൻ കമ്പനികൾക്കൊപ്പം പുതിയ കമ്പനികളും ഈ മേഖലയിലേക്ക് കടന്നുവരുന്നത്
വരും വർഷങ്ങളിൽ ആഗോളഇളനീർ വിപണിയെ കൂടുതൽ മത്സരക്ഷമമാക്കും.
അമേരിക്കയിലേയും യൂറോപ്പിലേയും വിപണികളിൽ നിന്നും ഏറെ അകലെയുള്ള ഉഷ്ണമേഖലാ
രാജ്യങ്ങളിലാണ് നാളികേര കൃഷിയെന്നതിനാൽ ഈ രാജ്യങ്ങൾക്കും വളർന്ന് വരുന്ന
ഇളനീർ വിപണി വലിയ അനുഗ്രഹമാണ്. ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്‌ലന്റ്,
വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ ഈ മുന്നേറ്റത്തിൽ നിന്നും വലിയ നേട്ടം
കൊയ്തുകഴിഞ്ഞു. 2012ൽ ഫിലിപ്പീൻസിന്റെ ഇളനീർ വിപണി തൊട്ടുതലേവർഷത്തേക്കാൾ
300 ശതമാനം വളർച്ചയാണ് കാഴ്ച്ചവെച്ചതു. 20 ദശലക്ഷം ഡോളറാണ്
ഫിലിപ്പീൻസിന്റെ ഇപ്പോഴത്തെ വാർഷിക ഇളനീർ വിപണി. കയറ്റുമതിയുടെ 75 ശതമാനവും
അമേരിക്കയിലേക്കാണ്. അടുത്തകാലത്ത് കൊക്കകോള ഏറ്റെടുത്ത അമേരിക്കയിലെ
പ്രമുഖ ഇളനീർ കമ്പനിയായസികോ (zico) ടെട്രാപായ്ക്കുകളിലുള്ള ഇളനീർ
ഫിലിപ്പീൻസിൽ നിന്നും വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. അമേരിക്ക,
യൂറോപ്പ്. ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇളനീർ കയറ്റുമതി ഏറ്റവും വലിയ
സാമ്പത്തിക വികസന സാദ്ധ്യതയായി ഫിലിപ്പീൻസ് കാണുന്നു, അതുകൊണ്ട്
അടുത്തയിടെ രാഷ്ട്രത്തോട് നടത്തിയ ഒരു പ്രഭാഷണത്തിൽ ഫിലിപ്പീൻസിന്റെ
ഏറ്റവും വികസന സാദ്ധ്യതയുള്ള കയറ്റുമതി ഉൽപന്നമായി ഇളനീരിനെ
വിശേഷിപ്പിച്ചതു.
അമേരിക്കയിലേയും യൂറോപ്പിലേയും വിപണികളിൽ ഇപ്പോൾ പ്രചാരത്തിലുള്ള
ആരോഗ്യപാനീയങ്ങളും 'സ്പോർട്ട്സ് ഡ്രിങ്ക്സ്' വിഭാഗത്തിലെ
പാനീയങ്ങളുമെല്ലാം കൃത്രിമരാസവസ്തുക്കൾ വിവിധ അളവുകളിൽ കൂട്ടിച്ചേർത്ത
മിശ്രിതം മാത്രമായിട്ടാണ് ഉപഭോക്താക്കൾ കരുതുന്നത്. ഇതിൽ നിന്നുള്ള
വിശ്വസിക്കാവുന്ന മോചനമായി അവർ ഇളനീരിനെക്കാണുന്നു. അതുകൊണ്ടാണ്
വെളിച്ചെണ്ണയും മറ്റ് നാളികേരോൽപന്നങ്ങളും നേടാത്ത വളർച്ച ഇളനീർ
ഉൽപന്നങ്ങൾക്ക് ലഭിച്ചതു. ശീതളപാനീയം എന്നതിലപ്പുറം ആരോഗ്യപാനീയം എന്ന
നിലയിലാണ് വിദേശവിപണിയിൽ ഇളനീരിന്റേയും ഇളനീർ ഉൽപന്നങ്ങളുടേയും
സ്വീകാര്യത. ഇന്ത്യയിൽ പണ്ടുമുതലേ വിവിധ ആയുർവ്വേദ ഔഷധങ്ങളുടെ
നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന ഇളനീരിന്റെ ഔഷധഗുണങ്ങളും
ആരോഗ്യദായകഫലങ്ങളും മുൻനിർത്തിയാണ് വിദേശവിപണികളിൽ ഇളനീരിന്റെ വിപണനം.
ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാനും നഷ്ടപ്പെട്ട
ജലാംശംതിരിച്ചെടുക്കുന്നതിനുമു ള്ള ഏറ്റവും ഉത്തമമായ പാനീയമാണ് ഇളനീർ. കായിക താരങ്ങൾക്കും പോപ്ഗായകർക്കും ദിവസവും വ്യായാമത്തിലേർപ്പെടുന്നവർക്കു മെല്ലാം
ഫിസിക്കൽ ഫിറ്റ്നസ് നിലനിർത്താൻ അനുയോജ്യമായ ജലീകരണ (hydration) പാനീയം
എന്ന നിലയിലാണ് ഇതിന്റെ ഏറ്റവും വലിയ വിപണനം. തടികുറയ്ക്കാൻ
ആഗ്രഹിക്കുന്നവർക്കും ഇത് ഉത്തമ ആരോഗ്യപാനീയമാണ്.
അമേരിക്കയിലെ പ്രമുഖ ബ്രാൻഡായ വിറ്റാകൊക്കോ (Vita Coco) ഇളനീർ
ഉൽപന്നങ്ങളെ വേഗത്തിൽ ജലീകരണം (hydration) നടത്തുന്ന ഉത്തമ സ്പോർട്ട്സ്
ഡ്രിങ്കായി പ്രചരിപ്പിക്കാൻ പ്രശസ്ത വ്യക്തികളെ ഉപയോഗിച്ച് വൻപ്രചരണ
പരിപാടികളാണ് അഴിച്ചുവിട്ടിരിക്കുന്നത്. മഡോണ, റിഹാന, ലേഡിഗാഗ, ഡെമിലൂർ,
ജേശിക്കാസിംസൺ, സ്റ്റീഫൻ മേയർ, മാത്യു മക് കോണ്ടഗ്ഗി തുടങ്ങിയ
പ്രമുഖരെല്ലാം വിറ്റകൊക്കോയുടെ ഇളനീർ ഉൽപന്നങ്ങളെ പ്രകീർത്തിക്കുന്ന
പരസ്യപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഇളനീർ വിപണിയിൽ
പ്രതീക്ഷയർപ്പിച്ച് പോപ്ഗായിക മഡോണ വീറ്റാ കൊക്കോ കമ്പനിയിൽ
അടുത്തകാലത്ത് വൻനിക്ഷേപം നടത്തുകയും ചെയ്തു. വൻപരസ്യങ്ങളിലൂടെ
'സെലിബ്രിറ്റി'കൾ ഇളനീരിന് നിരന്തരം നൽകി വരുന്ന പൈന്തുണയാണ് ഇതിന്റെ
വിപണി അമേരിക്കയിൽ പെട്ടെന്ന് കുതിച്ചുയരാനുണ്ടായ കാരണങ്ങളിലൊന്ന്.
പ്രകൃതിയിൽ നിന്നുള്ള സ്വഭാവിക ജൈവ ഉൽപന്നങ്ങൾക്ക്
അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിൽ വൻഡിമാൻഡുണ്ട്. ജനങ്ങളിൽ
ബഹുഭൂരിപക്ഷവും ഏതെങ്കിലും ജൈവഉൽപന്നങ്ങൾ പരീക്ഷിച്ചു
നോക്കുന്നവരായിരിക്കും. സ്വഭാവിക ജൈവ ഉൽപന്നങ്ങളുടെ അനുദിനം വളരുന്ന
വിപണിയാണ് ഇളനീരിന്റെ ശക്തി. ജൈവോൽപന്നങ്ങൾ സ്ഥിരമായി വിൽക്കുന്നവരുടെ
ഇഷ്ടപാനീയമായി ഇളനീർ മാറിക്കഴിഞ്ഞു. കായിക താരങ്ങൾക്ക് ഉന്മേഷം പകരുന്ന
സ്പോർട്ട്സ് ഡ്രിങ്കുകൾക്കും വൈറ്റമിനുകൾ ചേർത്ത് സമ്പുഷ്ടമാക്കിയ
കുടിവെള്ളത്തിനുമെല്ലാം സുസ്ഥിരമായ വിപണി നിലവിലുണ്ട്. ഈ വിപണിയിലും
ഏറ്റവും സ്വഭാവികമായ ഉൽപന്നമെന്ന നിലയിൽ ഇളനീർ സ്ഥാനം നേടിക്കഴിഞ്ഞു.
ജലീകരണം മാത്രമല്ല മറ്റ് മേന്മകളുടെ പേരിലും ഇളനീരിന്റെ ആഗോളഡിമാന്റ്
കൂടിവരികയാണ്. രക്തത്തിലെ ധാതുലവണങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന
ആരോഗ്യപാനീയമാണ് ഇളനീർ. ശരീരത്തിൽ നിർജ്ജലീകരണമുണ്ടായാൽ (dehydration)
പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കളും വൻതോതിൽ നഷ്ടപ്പെടും. ഇത്
പരിഹരിക്കാനും വിളർച്ച മാറ്റാനും ഇളനീർ ഉത്തമ പാനീയമാണ്. കാത്സ്യം,
പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ
മനുഷ്യരക്തത്തിലുള്ള അതേഅളവിൽ കാണപ്പെടുന്ന ഐസോടോണിക്കാണ് ഇളനീർ.
ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന പൊട്ടാസ്യം ഒരു വാഴപ്പഴത്തിലോ ഒരു ഗ്ലാസ്സ്
ഓറഞ്ച് നീരിലോ ഉള്ള അതേ അളവിൽ ഇളനീരിലുമുണ്ട്. കായികതാരങ്ങളും
ഫിറ്റ്നെസ്സ് ഭ്രാന്തന്മാരും വൻതോതിൽ ഇളനീരിലേക്ക് മാറുന്നത് ഇതിൽ കൂടിയ
അളവിൽ പൊട്ടാസ്യവും മറ്റ് ധാതുക്കളും അടങ്ങിയിട്ടുള്ളതിനാലാണ്. ബ്രസീലിൽ
ഏറ്റവുമധികം വിൽക്കപ്പെട്ടിരുന്ന ഓറഞ്ച് ജ്യൂസിനേയും മറികടന്നുകൊണ്ടാണ്
ഇളനീർ ഉൽപന്നങ്ങളുടെ വിൽപ്പന. ഇന്നത്തെ രീതിയിൽ മുന്നേറിയാൽ
സമീപഭാവിയിൽതന്നെ അമേരിക്കയിലും ഓറഞ്ച് ജ്യൂസിന്റെ വിൽപ്പനയെ ഇളനീർ
മറികടക്കും.
'സൂപ്പർഫുഡ്' അഥവാ 'സൂപ്പർഡ്രിങ്ക്' എന്ന
വിഭാഗത്തിൽപ്പെടുത്തിയാണ് ചില വിപണികളിൽ ഇളനീർ ഉൽപന്നങ്ങളുടെ വിൽപ്പന.
'സൂപ്പർഡ്രിങ്ക്' എന്ന ഒറ്റവിശേഷണം മാത്രം മതി ഉൽപന്നങ്ങളുടെ വിൽപ്പന
പത്തിരട്ടയിൽ അധികമാവാൻ. വ്യക്തികളുടെ പോഷകാവശ്യങ്ങൾക്ക് അനുസൃതമായി
ഉയർന്ന അളവിൽ അവശ്യം വേണ്ട ധാതുലവണങ്ങളെ പ്രദാനം ചെയ്യുന്ന പാനീയങ്ങളെയാണ്
'സുപ്പർ ഡ്രിങ്ക്' എന്ന് വിളിക്കുന്നത്. ഇന്ത്യയിൽ ഇളനീരിന്റെ
ഔഷധഗുണങ്ങളെക്കുറിച്ച് വളരെമുമ്പ് തന്നെ നമുക്കറിവുണ്ടായിരുന്നു. ഈ
മേന്മകളെല്ലാം വിപണനതന്ത്രങ്ങളായി പയറ്റുകയാണ് ആഗോള ഇളനീർ കമ്പനികൾ.
സൂക്ഷിച്ചു വെക്കുന്നതിന് രാസവസ്തുക്കളൊന്നും ചേർക്കാത്ത (preservative),
കൊളസ്ട്രോളില്ലാത്ത, പഴച്ചാറുകളെക്കാൾ പഞ്ചസാരയും ഊർജ്ജവും കുറഞ്ഞ 'ലോ
കലോറി' ഫുഡ് എന്ന വിശേഷണത്തോടെയാണ് ഇളനീരിന്റെ വിപണനം. പണക്കാർക്ക്
കുപ്പിവെള്ളത്തിന് പകരം വാങ്ങാവുന്ന രുചികരമായ പാനീയമായും ഇളനീർ വിപണനം
ചെയ്യപ്പെടുന്നു.
ആർജിനിൻ, അലനിൻ, സിസ്റ്റിൻ എന്നീ അമിനോ അമ്ലങ്ങൾ പശുവിൻ പാലിൽ
ഉള്ളതിലും കൂടുതലായി ഇളനീരിലുണ്ട്. പക്ഷാഘാതം, ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ
എന്നിവയെ തടയുന്ന ഇളനീർ, കോശങ്ങളിലേക്കുള്ള രക്ത പ്രവാഹം വർധിപ്പിക്കുന്നു.
മൂത്രസഞ്ചിയിലേയും വൃക്കകളിലേയും കല്ല് നീക്കം ചെയ്യുന്നതിനും ഇളനീർ
സഹായകമാണ്. വിഷവസ്തുക്കളെ നീക്കി അന്നനാളം ശുദ്ധമാക്കാനും മൂത്രാശയ
രോഗങ്ങളെ അകറ്റാനും ഇളനീർ ഉപയോഗിക്കാം. ഇളനീരിന്റെ സ്ഥിരമായ ഉപയോഗം
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. പ്രമേഹ രോഗികൾക്കും ശുപാർശ
ചെയ്യപ്പെട്ടിരിക്കുന്ന ആരോഗ്യപാനീയമാണ് ഇളനീർ. ശരീരത്തിലെ ഉപാപചയ
പ്രവർത്തനങ്ങൾ (Metabolism) ശരിയായി നടക്കാൻ ഇളനീർ സ്ഥിരമായി കഴിച്ചാൽ മതി.
വൈറൽ രോഗങ്ങളെ ഇളനീർ തടയും. യുവത്വം നിലനിർത്തും. കാൻസറിനെ
പ്രതിരോധിക്കും. ഉയർന്ന അളവിലുള്ള പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ശരീര
ഭാരം കുറക്കുന്നതിനെ സഹായിക്കും. ഇളനീരിലെ ആന്റി ഓക്സിഡന്റ്സ് ആരോഗ്യത്തെ
സംരക്ഷിച്ചു നിർത്തുന്നു. ബാക്ടീരിയ, കുമിൾ രോഗങ്ങൾക്കെതിരെയും ഇളനീർ
പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇളനീരിലെ ലോറിക് ആസിഡ് സാന്നിദ്ധ്യ
മാണ് ഇതിന് സഹായിക്കുന്നത്. രക്ത സമ്മർദ്ദം കുറയ്ക്കുന്നതിനും ഇളനീർ
സ്ഥിരമായി കുടിച്ചാൽ മതി. മദ്യപാനം, പുകവലി തുടങ്ങിയവ കൊണ്ടുണ്ടാകുന്ന
ദോഷങ്ങളും ഇളനീർ തടയും. ഉപയോഗിക്കുന്ന ഔഷധങ്ങളുടെ കാര്യക്ഷമത ഇളനീർ
വർദ്ധിപ്പിക്കുന്നു.
ഇങ്ങനെ അസംഖ്യം ഗുണങ്ങളുള്ള, എല്ലാം തികഞ്ഞ ആരോഗ്യപാനീയമായിട്ടാണ്
ഇളനീരിന്റെ വിപണനം. യഥാർത്ഥ തെളിവില്ലാതെ പരസ്യം നൽകുന്നത്
ശിക്ഷാർഹമായതിനാൽ ചില അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെട്ടേക്കാം. എന്നാൽ
ഇളനീർ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഇതെല്ലാം രണ്ടാമതേ വരുന്നുള്ളൂ.
സെലിബ്രിറ്റികളുടെ പരസ്യത്തിലൂടെയുള്ള പൈന്തുണയാണ് ഇളനീർ ഉൽപന്നങ്ങളുടെ
വിപണിയെ സ്വാധീനിക്കുന്ന ഒന്നാമത്തെ ഘടകം. സെലിബ്രിറ്റി അംഗീകാരമുണ്ടെങ്കിൽ
മറ്റെന്തും പൈന്തള്ളപ്പെടും. പാശ്ചാത്യ രാജ്യങ്ങളിലെ ഇളനീർ ഉപഭോക്താക്കൾ
പ്രധാനമായും അഞ്ചു വിഭാഗങ്ങളിൽ പെടുന്നു. ആരോഗ്യത്തെക്കുറിച്ച് കൂടുതൽ
ഉത്ക്കണ്ഠപ്പെടുന്നവരും ജൈവ ഉൽപന്നങ്ങളുടെ സ്ഥിരം ഉപഭോക്താക്കളുമായ
സമ്പന്നരും മധ്യവർഗ്ഗക്കാരും ഉൾപ്പെടുന്നതാണ് ഒന്നാമത്തെ വിഭാഗം. ഉന്മേഷം
വീണ്ടെടുക്കുന്നതിനും ശരീരത്തിന്റെ സ്വാഭാവിക ഊർജ്ജം നിലനിർത്തുന്നതിനും
സ്ഥിരമായി ഊർജ്ജപാനീയങ്ങൾ (energy drinks) വാങ്ങുന്നവരാണ് ഇളനീരിന്റെ
രണ്ടാമത്തെ വിഭാഗം ഉപഭോക്താക്കൾ. കുറഞ്ഞ കൊഴുപ്പ്, കുറഞ്ഞ കൊളസ്ടോൾ,
കുറഞ്ഞ കലോറി തുടങ്ങിയ കാരണങ്ങളാൽ ഇളനീർ വാങ്ങുന്നവരാണ് മൂന്നാമത്തെ
വിഭാഗം. ഒരു ലൈഫ് സ്റ്റെൽ ഉൽപന്നം എന്ന നിലയിൽ ഇളനീർ വാങ്ങാൻ
ഇഷ്ടപ്പെടുന്നവരാണ് നാലാമത്തെ വിഭാഗം. ഗോത്രപരമായി ഇളനീർ ദിവസവും
ഉപയോഗിച്ച പാരമ്പര്യമുള്ളവരാണ് ഇളനീർ വിപണിയിലെ അഞ്ചാമത്തെ വിഭാഗം
ഉപഭോക്താക്കൾ. തെങ്ങു കൃഷി ധാരാളമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ജനിക്കുകയും
പിന്നീട് വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുകയും ചെയ്തവരാണിവർ. ഇളനീർ
ഉപഭോഗം ഇവർക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒരു ഓർമ്മയാണ്.
വനിതകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ ഇളനീർ അമേരിക്കയിൽ
ഉപയോഗിക്കുന്നതെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. 25-നും 29-നും ഇടയിൽ
വയസ്സുള്ളവരാണ് ഏറ്റവും കൂടുതൽ ഇളനീർ ഉപയോഗിക്കുന്നത്. ഇളനീർ വിപണിയിൽ
ആധിപത്യം സ്ഥാപിക്കാൻ ഓരോ വിഭാഗങ്ങൾക്കുമുള്ള പ്രത്യേക ഉൽപന്നങ്ങൾ കമ്പനികൾ
പുറത്തിറക്കുന്നു. പ്രായത്തിന്റെയും അഭിരുചിയുടെയും ലൈഫ്സ്റ്റൈലിന്റെയും
അടിസ്ഥാനത്തിലുള്ള വർഗീകരണം (segmentation), വളർന്നു വരുന്ന ഇളനീർ
വിപണിയുടെ പ്രത്യേകതയാണ്. നൈതിക വ്യാപാരത്തിന്റെ മാനം നൽകാൻ 'ഓർഗാനിക്',
ന്യായ വ്യാപാരം (Fair trade), പഞ്ചസാര ചേർക്കാത്തത് (no added sugar),
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് തുടങ്ങിയ ലേബലുകളും കമ്പനികൾ ഉപയോഗിക്കുന്നു.
ഉപഭോക്താക്കളെ വിവിധ സേഗ്‌മന്റുകളായി തിരിച്ചുള്ള വിപണന തന്ത്രത്തിൽ
പ്രമുഖ ഇളനീർ ബ്രാൻഡായ വിറ്റാ കൊക്കൊ പോപ്താരങ്ങളെ ഉപയോഗിച്ചു പരസ്യം
നൽകുമ്പോൾ, സികോയുടെ പരസ്യം കായികതാരങ്ങളെ ഉപയോഗിച്ചാണ്. വിറ്റാ കൊക്കോ
ആരോഗ്യ പാനീയമായും സികോ സ്പോർട്ട്സ് ഡ്രിങ്കായും ഇളനീർ ഉൽപന്നങ്ങളെ
പ്രോത്സാഹിപ്പിക്കുന്നു. വിവിധ പ്രായ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള
ഉൽപന്നങ്ങളാണ് ആഗോള ഇളനീർ വിപണിയിലെ പുതിയ പ്രവണത. വൺ കമ്പനി (O.N.E-One
Natural Experience) കുട്ടികൾക്കുവേണ്ടി അഞ്ചു വിഭിന്ന രുചിഭേദങ്ങളിലുള്ള
ഇളനീർ ഉൽപന്നങ്ങൾ വൺ കിഡ്സ് എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. വിറ്റാ
കൊക്കോ കമ്പനിക്കുമുണ്ട് കുട്ടികൾക്കു വേണ്ടിയുള്ള ഇളനീർ ഉൽപന്നങ്ങൾ.
വിറ്റാ കൊക്കോ കിഡ്സ് എന്ന ഉൽപന്നം രണ്ടു മുതൽ എട്ടു വയസ്സുവരെ പ്രായമുള്ള
കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. നെസ്റ്റ്ലെ കമ്പനിയുടെ ഫ്രോസൺ
കോക്കനട്ട് ഫ്രൂട്ട്ബാർ എന്ന ഉൽപന്നവും കുട്ടികൾക്കു വേണ്ടി ഇളനീരിൽ
നിന്നും തയ്യാറാക്കിയതാണ്. ഇളനീർ വിപണി വളരുന്നതോടെ കുട്ടികൾക്കൊപ്പം
മറ്റ് പ്രായ വിഭാഗങ്ങളിലുള്ളവർക്കും ഗർഭിണികൾ, പ്രമേഹരോഗികൾ
തുടങ്ങിയവർക്കും വേണ്ടിയുള്ള ഇളനീർ ഉൽപന്നങ്ങളും പ്രതീക്ഷിക്കാം.
ഇളനീരിന്റെ രുചിയും ഗന്ധവും ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിനെങ്കിലും
അപ്രിയകരമായതിനാൽ പുതുരുചിയും ഗന്ധവും ചേർത്ത് പുതിയ ഇളനീർ ഉൽപന്നങ്ങളും
ധാരാളമായി വിപണിയിലെത്തുന്നുണ്ട്. നാരങ്ങ, ഓറഞ്ച്, പൈനാപ്പിൾ, മാമ്പഴം,
പേരക്ക, മാതളം, ചോക്കളേറ്റ്, പാഷൻ ഫ്രൂട്ട്, ആൽമണ്ട്, റാസ്പ്ബെറി,
പീച്ച്, വാനില തുടങ്ങിയവയാണ് ഇളനീരിന് പുതിയ രുചിയും ഗന്ധവും
പകരുന്നത്. പുതിയ രുചികളോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആസക്തിയെ
തൃപ്തിപ്പെടുത്താൻ വിവിധ കമ്പനികൾ സുഗന്ധവും രുചിയും മാറ്റിയ ഇളനീർ
ഉൽപന്നങ്ങൾ തയ്യാറാക്കുന്ന പരീക്ഷണത്തിലാണ്. എന്നാൽ ഇളനീർ ഉൽപന്ന
വൈവിധ്യവൽക്കരണം ഇതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. വൈറ്റമിനുകൾ,
ധാതുലവണങ്ങൾ, കാപ്പി തുടങ്ങിയവയുമായി കൂട്ടിച്ചേർത്ത് സമ്പുഷ്ടമാക്കിയ
ഇളനീരാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്ന ഉൽപന്ന വൈവിധ്യ വൽക്കരണം. ജിഎൻസി
കമ്പനിയുടെ ഫിനോം എന്ന ഇളനീർ ഉൽപന്നം ധാതുലവണങ്ങളും വൈറ്റാമിനുകളും
കൂട്ടിച്ചേർത്ത് സമ്പുഷ്ടമാക്കിയതാണ്. വിറ്റാ കൊക്കൊ കമ്പനിയുടെ വിറ്റാ
കൊക്കൊ കഫേ എന്ന ഉൽപന്നം ഇളനീരിൽ കാപ്പി ചേർത്ത് തയ്യാറാക്കിയതാണ്.
അമേരിക്കയിലും കാനഡയിലും മാവറിക് ബ്രാൻഡ്സ് എന്ന കമ്പനി വിറ്റഴിക്കുന്ന
കൊക്കോ വിബ്രെ പ്രോട്ടീൻ കോക്കനട്ട് വാട്ടർ എന്ന ഉൽപന്നത്തിൽ 20 ഗ്രാം
പ്രോട്ടീനും 22 -ഓളം വൈറ്റാമിനുകളും ധാതുലവണങ്ങളും അധികമായി ചേർത്ത്
സമ്പുഷ്ടീകരിച്ചിരിക്കുന്നു (fortified). പ്രത്യേകം വിഭാഗങ്ങളെ ലക്ഷ്യം
വെക്കുന്നതോടൊപ്പം കൂടുതൽ രുചിയും സുഗന്ധവും പകരുകയും പോഷകങ്ങൾ കൊണ്ട്
സമ്പുഷ്ടമാക്കുകയും ചെയ്ത ഉൽപന്നങ്ങൾ വിപണിയിലിറക്കുകയും ചെയ്യുക എന്നതാണ്
ഇളനീർ ഉൽപന്ന വിപണിയിലെ ഏറ്റവും പുതിയ തന്ത്രം.
ഉഷ്ണ മേഖലയിൽ നാളികേരം കൃഷിചെയ്യുന്ന രാജ്യങ്ങളിൽ മാത്രം ഒതുങ്ങി
നിന്നിരുന്ന ഇളനീർ ഒരു ആഗോള വിപണന ട്രെൻഡായി മാറിയെന്നതാണ് നാളികേര ഉൽപന്ന
വിപണിയിലെ ഏറ്റവും പുതിയ സംഭവ വികാസം.
നീരയോ വിർജിൻ
വെളിച്ചെണ്ണയോ ഒന്നുമല്ല ഇളനീരാണ് ഇന്ന് നാളികേര ഉൽപന്ന വിപണിയിലെ താരം.
അമേരിക്ക, കാനഡ, ലാറ്റിൻ അമേരിക്ക, ചൈന, റക്ഷ്യ, ആസ്ട്രേലിയ, പടിഞ്ഞാറൻ
യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം ഇളനീരിന് അതിവേഗം വളരുന്ന അന്താരാഷ്ട്ര
വിപണിയുണ്ട്. യൂറോപ്യൻ വിപണിയിൽ താരതമ്യേന നവാഗത വിഭവമാണെങ്കിലും
ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, നെതർലന്റ്സ് തുടങ്ങിയ പടിഞ്ഞാറൻ
യൂറോപ്യൻ രാജ്യങ്ങളിലും സ്ക്കാൻഡിനേവിയൻ രാജ്യങ്ങളിലും ഇളനീർ
ഉൽപന്നങ്ങൾക്ക് അടുത്തകാലത്ത് വൻതോതിൽ ഡിമാന്റ് കൂടിയിട്ടുണ്ട്. ഈ
രാജ്യങ്ങളിലൊന്നും നാളികേര ഉത്പാദനമില്ലാത്തതിനാൽ കോൺസേൻട്രേറ്റ്, ഫ്രീസ്
ഡ്രൈഡ് ഫോം തുടങ്ങിയ രൂപങ്ങളിൽ ഇളനീർ ഇവിടങ്ങളിലേക്ക് കൊണ്ടുവരണം.
ഇളനീർ ഉൽപന്ന കയറ്റുമതിയിലുള്ള ഈ പുതിയ അവസരം ഏറ്റവും കൂടുതൽ
മുതലെടുത്തിരിക്കുന്നത് ഫിലിപ്പൈൻസാണ്. എന്നാൽ ലോകത്തിലെ മൂന്നാമത്തെ
ഏറ്റവും വലിയ നാളികേര ഉത്പാദക രാജ്യമായ ഇന്ത്യയുടെ സ്ഥിതിയോ?
തനതായ ശീതളപാനീയമെന്ന നിലയിലും വൈവിധ്യമാർന്ന രുചിഭേദങ്ങളിലുള്ള
ഇളനീർ അധിഷ്ഠിത ശീതള പാനീയം എന്നനിലയിലും ഇളനീരിന്റെ പ്രചാരം നമ്മുടെ
നാട്ടിൽ പരിമിതമാണ്. വഴിയോരങ്ങളിലെ ചെറുകിട കച്ചവടക്കാരുടെ ഉപജീവന മാർഗ്ഗം
എന്നതിനപ്പുറം ആസൂത്രിതമായ വൻകിട ഇളനീർ ബ്രാൻഡുകൾ ഇന്ത്യയിൽ ഇനിയും
വികസിപ്പിച്ചിട്ടില്ല. ഇളനീരിന്റെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന
അന്താരാഷ്ട്ര വിപണിയിലെ അവസരങ്ങൾ മുതലാക്കണമെങ്കിൽ ഇളനീർ അധിഷ്ഠിത ഉൽപന്ന
വൈവിധ്യവൽക്കരണം വൻവ്യവസായമായി ഇവിടെ വളർന്നു വരണം. ഉപഭോക്താക്കളുടെ
അഭിരുചി മാറി വരുന്നതിനാൽ നേരിട്ടുള്ള ഉപയോഗത്തെക്കാൾ സംസ്ക്കരിച്ച്
പാക്കറ്റുകളിലോ കുപ്പികളിലോ വിപണനം ചെയ്യുന്ന ഇളനീരിനായിരിക്കും ഭാവിയിൽ
കൂടുതൽ ഡിമാന്റ്. ശീതീകരിച്ചു സൂക്ഷിച്ചാൽ പോലും ഇളനീരിന്റെ സ്വാഭാവിക
മേന്മ ഒന്ന് - ഒന്നര ദിവസത്തിനുള്ളിൽ നഷ്ടപ്പെടും. തൊണ്ട് നീക്കിയ
കരിക്ക് 0.05 ശതമാനം സിട്രിക് ആസിഡും 0.05 ശതമാനം സോഡിയം മെറ്റാ ബൈ
സൾഫേറ്റും ചേർന്ന ലായനിയിൽ മൂന്നുമിനിറ്റ് മുക്കിയതിനു ശേഷം 5-7 ഡിഗ്രി
സെൽഷ്യസ് താപനിലയിൽ 24 ദിവസം വരെ കേടുകൂടാതെ സൂക്ഷിച്ചു വെക്കാം. കരിക്ക്
ദൂരദേശങ്ങളിൽ കൊണ്ടുപോയി വിപണനം നടത്താൻ കേരള കാർഷിക സർവ്വകലാശാലയുടെ ഈ
സാങ്കേതിക വിദ്യ സഹായിക്കും. പൗച്ചുകളിലോ അലൂമിനിയം കാണുകളിലോ സാധാരണ
അന്തരീക്ഷ താപനിലയിൽ തന്നെ കരിക്ക് ആറുമാസം വരെ സൂക്ഷിച്ചു വെക്കാനുള്ള
സാങ്കേതികവിദ്യ നാളികേര വികസന ബോർഡും മൈസൂറിലെ ഡിഫൻസ് ഫുഡ് റിസർച്ച്
ലാബറട്ടറിയും ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശീതികരിച്ച് ഒരു
വർഷം വരെയും കേടുകൂടാതെ സൂക്ഷിക്കാം. ഏഴെട്ടുമാസം മൂപ്പുള്ള കരിക്ക്
തൊണ്ടും ചിരട്ടയും നീക്കി ബോൾ ആകൃതിയിൽ സൂക്ഷിക്കുന്നതാണ് സ്നോ ബോൾ ടെൻഡർ
കോക്കനട്ട് (എസ്ബിടിഎൻ) അഥവാ ഇളനീർ തേങ്ങ. കാസർഗോഡ് കേന്ദ്ര തോട്ടവിള
ഗവേഷണ കേന്ദ്രത്തിന്റേതാണ് ഈ സാങ്കേതിക വിദ്യ. കാർബണേറ്റ് ചെയ്ത ഇളനീർ,
സാന്ദ്രത കൂടിയ ഇളനീർ, ഇളനീർ കാമ്പോടുകൂടി തയ്യാറാക്കുന്ന ലസ്സി, ജാം,
പുഡ്ഡിംഗ്, ഐസ്ക്രീം, ജെല്ലി തുടങ്ങിയ വൈവിധ്യമേറിയ ഉൽപന്നങ്ങളും ഇളനീരിൽ
നിന്ന് തയ്യാറാക്കാം.
കരിക്കിൻ വെള്ളം പോലെ തേങ്ങാവെള്ളവും സംസ്ക്കരിച്ച്
വിപണിയിലെത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഇന്ന് ലഭ്യമാണ്. വിളഞ്ഞ
തേങ്ങയുടെ വെള്ളം കരിക്കിൻ വെള്ളത്തിന്റെ അതേ രുചിയോടെ
സംസ്ക്കരിച്ചെടുക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യ തിരുവനന്തപുരത്തെ റീജണൽ
റിസർച്ച് ലാബറട്ടറി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് സോഡ ചേർത്ത്
ഇളനീർ സോഡയായും വിൽക്കാം. ഇളനീരിൽ നിന്നും ഫ്രൂക്ക് കോൺസേൻട്രേറ്റ്
സംസ്ക്കരിച്ചെടുക്കുന്നതിനുള്ള ജർമ്മൻ സാങ്കേതിക വിദ്യയും ലഭ്യമാണ്.
വിളഞ്ഞ നാളികേരത്തിന്റെ വെള്ളത്തിൽ നിന്നും തയ്യാറാക്കുന്ന ഒരു വിശിഷ്ട
വിഭവമാണ് നാറ്റാ ഡി കൊക്കൊ. വിനാഗിരി, കോക്കനട്ട് ഹണി, സ്ക്വാഷ്,
ലെമണേഡ്, ജാം, വൈൻ തുടങ്ങിയ മൂല്യവർദ്ധിത ഉൽപന്നങ്ങളും തേങ്ങാവെള്ളത്തിൽ
നിന്നും തയ്യാറാക്കാം. ഈ സാങ്കേതിക വിദ്യകളെല്ലാം ആഭ്യന്തര വിപണിയിൽ
ചെറുകിട ഇളനീർ സംസ്ക്കരണത്തിനും വിപണനത്തിനും സഹായകമാണ്. എന്നാൽ ആഗോള
ഇളനീർ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം അറിയിക്കണമെങ്കിൽ ആസൂത്രിതവും
സംഘടിതവുമായ ശ്രമം വേണ്ടി വരും. കർണ്ണാടക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന
ജെയിൻ അഗ്രോ പ്രോഡക്ട്സ് കമ്പനിയുടെ കൊക്കൊജൽ (രീരീഷമഹ) ആണ് ഇന്ന്
ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഇളനീർ പാക്കറ്റ് ബ്രാൻഡ്.
ആഗോള ഇളനീർ വിപണിയിലെ പുത്തൻ അവസരങ്ങൾ മുതലാക്കണമെങ്കിൽ ആഭ്യന്തര
ഇളനീർ വിപണിയെ ശക്തിപ്പെടുത്തുന്നതിനും കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഇളനീർ
ഉൽപന്നാധിഷ്ഠിത ബിസിനസ് വളർത്തുന്നതിനും പ്രത്യേകം തന്ത്രങ്ങൾ വേണ്ടിവരും.
ജൈവകൃഷിയിലും ആയുർവ്വേദത്തിലും ഇന്ത്യക്കുള്ള പാരമ്പര്യവുമായി
സംയോജിപ്പിച്ചുകൊണ്ടുള്ള ഉൽപന്ന വൈവിധ്യവൽക്കരണം ഈ രംഗത്ത് കൂടുതൽ
പ്രയോജനം ചെയ്യും. തനത് ഇളനീരിൽ നിന്നും മാറി വ്യത്യസ്ത രുചിഭേദങ്ങളും
സുഗന്ധവുമെല്ലാം കൂട്ടിച്ചേർത്ത വൈവിധ്യവൽക്കരണത്തിലേക്ക് ശ്രദ്ധ
തിരിക്കേണ്ടി വരും. ഉപഭോക്താക്കളുടെ സേഗ്‌മന്റേഷൻ നടത്തി വേണം ഉൽപന്ന
വൈവിധ്യവൽക്കരണം ആസൂത്രണം ചെയ്യാൻ. അന്താരാഷ്ട്ര മേഖലയിലേയ്ക്കു
കടക്കുമ്പോൾ ഉപഭോക്താക്കളുടെ മാറിവരുന്ന അഭിരുചികൾ, ഭക്ഷ്യസുരക്ഷയുമായി
ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾ എന്നിവയെല്ലാം പരിഗണിക്കേണ്ടി വരും.
പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡുകളും കമ്പനികളുമായി സഹകരിച്ചുള്ള വിപണനം
കൂടുതൽ ഗുണം ചെയ്യും. പുതിയ ഇളനീർ കമ്പനികൾക്ക് പ്രോത്സാഹനം
നൽകുന്നതോടൊപ്പം ഭക്ഷ്യ സംസ്ക്കരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന
ദേശീയവും അന്തർദേശീയവുമായ കമ്പനികളെ ഈ മേഖലയിലേക്ക് ആകർഷിക്കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഇളനീർ വിപണനത്തിന് കരുത്തു പകരും.
ഇളനീരിന് അനുയോജ്യമായ നാളികേര ഇനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും
നാളികേര കൃഷി മേഖലകളിൽ ഇളനീർ ഗ്രാമങ്ങൾ സ്ഥാപിക്കുന്നതിനും പദ്ധതികൾ
തയ്യാറാക്കി നടപ്പാക്കണം.