25 Feb 2014

മഡൂർ: ഇന്ത്യയിലെ കരിക്കിന്റെ തലസ്ഥാനം

ആബെ ജേക്കബ്‌
നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ബാംഗളൂർ - മൈസൂർ ദേശീയ പാതയോരത്ത്‌ മഡൂരിൽ പ്രവർത്തിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കരിക്ക്‌ മാർക്കറ്റിനെ കുറിച്ച്‌...

മദൂർ - ബാംഗളൂർ നിന്ന്‌ മൈസൂർ ദേശീയ പാതയിൽ 70 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഈ ചെറിയ പട്ടണം പണ്ട്‌ രുചികരമായ വടകൾക്കു പ്രശസസ്തമായിരുന്നു.  പക്ഷെ ഇന്ന്‌ ഇത്‌ ഏഷ്യയിലെ ഏറ്റവും വലിയ ഇളനീർ വിപണിയാണ്‌. ഇവിടെത്തെ ഇളനീർ മാർക്കറ്റിൽ ദിവസവും നടക്കുന്നത്‌ കോടികളുടെ വ്യാപാരമാണ്‌. അതുകൊണ്ടു തന്നെ മഡൂരിനെ ഇളനീരിന്റെ ഇന്ത്യൻ തലസ്ഥാനം  എന്നും പറയാം. 

പ്രകൃതിക്കിണങ്ങിയ ജീവിത രീതികളുമായി കൂടുതൽ ആളുകൾ പൊരുത്തപ്പെട്ടു തുടങ്ങിയതോടെയാണ്‌ കരിക്കിന്‌  നല്ലകാലം തുടങ്ങിയത്‌. വിളഞ്ഞ നാളികേരം മാത്രം വിളവെടുക്കുകയും കരിക്ക്‌ വെട്ടുന്നത്‌ എന്തോ വലിയ തെറ്റായി കരുതുകയും ചെയ്തിരുന്ന പഴയ ചിന്താഗതിക്ക്‌  ഇപ്പോൾ മാറ്റം വന്നിരിക്കുന്നു. തെങ്ങിൽ നിന്നുള്ള മറ്റൊരു ധനാഗമ മാർഗ്ഗമായിട്ടാണ്‌ ഇപ്പോൾ കർഷകർ കരിക്കിനെ കാണുന്നത്‌. അങ്ങനെയാണ്‌ മഡൂറിനു രാശി തെളിഞ്ഞത്‌. 

മൈസൂർ ഹൈവേയിലെ മഡൂരിൽ, 1992 ൽ സ്ഥാപിച്ച  മഡൂർ അഗ്രിക്കൾച്ചറൽ പ്രോഡ്യൂസ്‌ മാർക്കറ്റിംങ്ങ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മഡൂർ കരിക്ക്‌ വിപണി ഇരുപത്തിനാലു മണിക്കൂറും സജീവമാണ്‌. പുലർച്ചേ മുതൽ കരിക്കുമായി വാഹനങ്ങൾ വരവു തുടങ്ങും.  പ്രതിദിനം ഇവിടെ എത്തുന്നത്‌ 40 ലക്ഷത്തിലധികം  കരിക്കാണ്‌. വേനലിൽ ദിവസം 90 ലക്ഷം വരെയാകും കരിക്കു വരവ്‌. 

മഡൂർ മാർക്കറ്റിൽ ഓരോ കച്ചവടക്കാരനും വർഷം തോറും 15 കോടിയിലധികം കരിക്ക്‌ ക്രയവിക്രയം നടത്തുന്നുണ്ട്‌. മാണ്ഡ്യ, ചാമരാജ്നഗർ,കൊല്ലേഗൽ, മലവള്ളി, ബന്നൂർ,നാഗമംഗള, പാണ്ഡവപുര, കെആർ പേട്ട, ശ്രീരംഗ പട്ടണം, കിരുഗവാല,ഗുഡിഗ്രെ, സോമനഹള്ളി തുടങ്ങിയ സമീപ പ്രദേശങ്ങളിൽനിന്നു കർഷകർ നേരിട്ടും, ഏജന്റുമാർ വഴിയും എത്തിക്കുന്നതാണ്‌ കരിക്കു മുഴുവൻ. ഇതിൽ 60 ശതമാനവും മണിക്കൂറുകൾക്കകം 300 ലേറെ ട്രക്കുകളിലായി ന്യൂഡൽഹി, പൂനെ, കോൽക്കത്ത, ഗോവ, ഹൈദരാബാദ്‌, അഹമ്മദാബാദ്‌, തുടങ്ങിയ നഗരങ്ങളിലേയ്ക്കു പോകുന്നു. ബാക്കിയത്രയും കർണാടകത്തിലെ തന്നെ വിവിധ  മാർക്കറ്റുകളിൽ വിൽക്കുകയാണ്‌.

മാണ്ഡ്യ മേഖലയിലെ കാലാവസ്ഥയും മണ്ണിന്റെ ഘടനയും തെങ്ങുകൃഷിക്ക്‌ വളരെ യോജിച്ചതായതിനാലാണ്‌ മഡൂരിൽ ഇങ്ങനെയൊരു വ്യാപാര കേന്ദ്രം ആരംഭിച്ചതു എന്ന്‌ മഡൂർ ടെണ്ടർ കോക്കനട്‌ മാർക്കറ്റ്‌ പ്രസിഡന്റ്‌ ചന്ദ്രശേഖർ മുഡ്യ ചൂണ്ടിക്കാട്ടി. മാണ്ഡ്യ  മേഖലയിൽ ഉണ്ടാകുന്ന നാളികേരം നല്ല വലിപ്പവും ധാരാളം വെള്ളവുമുള്ള ഇനങ്ങളായതിനാൽ കരിക്കിന്‌ ഏറ്റവും യോജിച്ചതാണ്‌. വെള്ളത്തിന്‌ നല്ല മധുരവുമുണ്ട്‌. നന്ദി പറയേണ്ടത്‌ കാവേരി ജലത്തിനാണ്‌. 

 കുറെ നാൾ മുമ്പുവരെ ഉറങ്ങിക്കിടന്ന ഈ പ്രദേശം പെട്ടെന്ന്‌ നിദ്രവിട്ടുണരുകയായിരുന്നു. മഡൂരിലും പരിസരങ്ങളിലുമുള്ള  കുറച്ചു കർഷകർ നാളികേരത്തിന്‌ വില കുറഞ്ഞ അവസരത്തിൽ കരിക്ക്‌ വെട്ടി ലേലം ചെയ്തു കൊടുക്കാൻ തുടങ്ങിയതോടെ കൂടുതൽ പേർ ഈ രംഗത്തേയ്ക്കു വരികയായിരുന്നു. അങ്ങനെ കരിക്കിന്‌ വില കൂടി. കർഷകർക്ക്‌ അൽപം ആശ്വാസവും.  ഇതേ തുടർന്ന്‌ 1992-ലാണ്‌ മാർക്കറ്റ്‌ ആരംഭിക്കുന്നത്‌. അതിനു മുമ്പ്‌ വ്യാപാരികൾ തോട്ടങ്ങളിൽ പോയി കരിക്ക്‌ വാങ്ങി ബാംഗളൂരിലും മറ്റും കൊണ്ടുപോയി വിൽക്കുകയായിരുന്നു പതിവ്‌. മാർക്കറ്റ്‌ സജീവമായതോടെ ഡൽഹി, മുംബൈ, ഹൈദരാബാദ്‌ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക്‌ കരിക്ക്‌ കറ്റിവിടാൻ വ്യാപരികളെത്തി. കർഷകർക്ക്‌ ന്യായമായ വില ലഭിക്കാൻ ഒരു ലേല കേന്ദ്രം എന്ന നിലയ്ക്കാണ്‌ വിപണി ആരംഭിച്ചതെങ്കിലും ആ ലക്ഷ്യം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല എന്ന്‌ അസിസ്റ്റന്റ്‌ സെക്രട്ടറി സമീർ സാഹിബ്‌ പറഞ്ഞു. എന്നാൽ ഇപ്പോൾ ഇവിടെ കരിക്കുമായി വരുന്നവർ അധികവും ഇടനിലക്കാരാണ്‌. അവരാരും കർഷകരല്ല. സമീർ തുടർന്നു. കരിക്കുമായി വരുന്ന വാഹനങ്ങൾ മാർക്കറ്റിന്റെ കവാടത്തിൽ ചെറിയ ഗതാഗതത്തടസം സൃഷ്ടിക്കും. അപ്പോൾ കമ്മിഷൻ വ്യാപാരികൾ അവിടെ വച്ച്‌ ചരക്ക്‌ പരിശോധിച്ച്‌ വില പറയും. വിലയിൽ യോജിച്ചാൽ വാഹനം നേരെ ഹൈവേയിൽ പാർക്കു വ്യാപാരിയുടെ ട്രക്കിനടുത്തേയ്ക്ക്‌ നീങ്ങും. ചരക്ക്‌ ട്രക്കിലേക്ക്‌ മാറ്റും. പണവും കൈമാറും. അതോടെ ഇടപാടു തീരുന്നു. അതിനിടെ കച്ചവടക്കാരൻ മാർക്കറ്റ്‌ ചുങ്കവും അടച്ചിട്ടുണ്ടാവും. ഇതാണ്‌ ഇപ്പോൾ മഡൂരിൽ നടക്കുന്നത്‌. 

ലേലം സംവിധാനം നടപ്പാക്കാൻ സാധിച്ചാൽ അത്‌ വലിയ നേട്ടമാകും. മാർക്കറ്റ്‌ വൈസ്‌ ചെയർമാൻ ടി.കെ കെമ്പയ്യ വിശദീകരിച്ചു. തോട്ടത്തിൽ വച്ചു തന്നെ കരിക്കും വിളഞ്ഞ തേങ്ങയും വിറ്റിരുന്നത്‌ ഒന്നിന്‌ വെറും അഞ്ചു രൂപയ്ക്കായിരുന്നു. എന്നാൽ മാർക്കറ്റ്‌ സജീവമായതോടു കൂടി കർഷകർക്ക്‌ അവരുടെ ഉൽപന്നത്തിന്‌ കുറച്ചെങ്കിലും മാന്യമായ വില ലഭിക്കാൻ തുടങ്ങി. അതോടെ ഇടനിലക്കാരുടെ കൊള്ളലാഭം കുറഞ്ഞിട്ടുണ്ട്‌.

വളരെ സൂക്ഷിച്ചു വിളവ്‌ എടുക്കേണ്ട ഒരു ഉൽപന്നമാണ്‌ കരിക്ക്‌. വിളവെടുത്താൽ പരമാവധി പത്തു ദിവസമാണ്‌ സൂക്ഷിപ്പു കാലവധി. എന്തായാലും വിളവെടുത്ത്‌ പരമാവധി അഞ്ചു മണിക്കൂറിനകം കരിക്ക്‌  വിവിധ നഗരങ്ങളിലേയ്ക്ക്‌ പോയിരിക്കും.  മാർക്കറ്റ്‌ വന്നത്‌ കർഷകർക്കാണ്‌ ഏറ്റവും പ്രയോജനം ചെയ്തതെന്ന്‌ പ്രമുഖ നാളികേര കർഷകനായ  സിദ്ധരാമയ്യ ദേശഹള്ളി ചൂണ്ടിക്കാട്ടി. കരിക്ക്‌ തെങ്ങിൽ നിന്ന്‌ കുലയായി കെട്ടി ഇറക്കും. പിന്നെ സുരക്ഷിതമായി ലോറികളിലും കാളവണ്ടികളിലുമായി വിപണിയിൽ എത്തിക്കുന്നു. വിപണിയിൽ എത്തിയാൽ തരം തിരിക്കും. വലിപ്പവും ഗുണവും നോക്കിയാണ്‌ തരംതിരിവ്‌. ഇതാണ്‌ വില നിർണത്തിലെ പ്രധാന ഘടകം. അതനുസരിച്ച്‌ 10 മുതൽ 17 രൂപ വരെയൊക്കെ ഒരു കരിക്കിന്‌ കർഷകന്‌ വില ലഭിക്കും. 

അഞ്ചു വർഷം കൊണ്ട്‌ കരിക്കിന്റെ വില ഇരട്ടിയായി മാറിയെന്ന്‌ മാർക്കറ്റ്‌ കവാടത്തിനു പുറത്ത്‌ ചരക്കു കാത്ത്‌ നിന്ന വ്യാപാരിയായ സോമശേഖരൻ വിശദീകരിച്ചു. കഴിഞ്ഞ പത്തു വർഷമായി സോമശേഖരൻ കരിക്കു വ്യാപാര മേഖലയിൽ സജീവമാണ്‌. ദിവസം 30000 -40000 കരിക്കാണ്‌ അദ്ദേഹം മഡൂരിൽ നിന്ന്‌ മുംബൈ, ഹൈദരാബാദ്‌ തുടങ്ങിയ വൻ നഗരങ്ങളിലേയ്ക്ക്‌ കയറ്റി വിടുന്നത്‌

 ഇതൊക്കെയാണെങ്കിലും കച്ചവടക്കാർ തന്നെയാണ്‌ ഇപ്പോഴും വിപണി നിയന്ത്രിക്കുന്നത്‌. തെങ്ങിൽ നിന്ന്‌ ഒരു കരിക്ക്‌ വിപണി വരെ എത്തിക്കുന്നതിന്‌ കൃഷിക്കാരന്‌ 5-7 രുപവരെ ചെലവുണ്ട്‌. കർഷകരിൽനിന്ന്‌ 5- 9 വരെ രൂപ നൽകി ഇടനിലക്കാർ കരിക്ക്‌ വാങ്ങി 18-20 രൂപയ്ക്കാണ്‌ വിൽക്കുന്നത്‌. വലിയ ലാഭമാണ്‌ അവർ ഇതിലൂടെ നേടുക. പണിയെടുക്കുന്ന കർഷകന്‌ വലിയ മെച്ചമൊന്നും ഇപ്പോഴും ലഭിക്കുന്നില്ല - 1500 തെങ്ങുകളുള്ള നഞ്ച ഗൗഡർ കണക്കുകൾ നിരത്തി സംസാരിച്ചു. കർഷകനായ ജയരാമനും ഇതേ അഭിപ്രായം തന്നെ പറഞ്ഞു. ബാംഗളൂരിൽ ഒരു കരിക്കിന്‌ 20 -25 രൂപയ്ക്കും ഡൽഹിയിൽ 30 -35 രൂപയ്ക്കും വിൽപന നടത്തുമ്പോൾ ഇവിടെ കർഷകന്‌ ലഭിക്കുന്നത്‌ പരമാവധി പത്തു രൂപ. തന്റെ  കാളവണ്ടിയിൽ 400 കരിക്കുമായി മഡൂർ മാർക്കറ്റിൽ എത്തിയിരിക്കുകയാണ്‌ അദ്ദേഹവും. ലേലം വന്നാൽ ഈ നില മാറും എന്നാണ്‌ ജയരാമന്റെ അഭിപ്രായം. ഓരോ 45 ദിവസവും കൂടുമ്പോൾ അദ്ദേഹം മാർക്കറ്റിൽ നേരിട്ട്‌ എത്തുന്നു. തന്റെ തോട്ടത്തിലെ ആയിരവും ആയിരത്തി അഞ്ഞൂറും കരിക്കുകളുമായി.

കരിക്കിന്‌ ഏറ്റവും ഡിമാന്റുള്ളതും വില ലഭിക്കുന്നതും ഉത്സവ സീസണുകളിലാണ്‌. അതു മുന്നിൽ കണ്ട്‌ ഉത്സവ സീസണിൽ കച്ചവടക്കാർ ഒരു കരിക്കിന്‌ മൂന്നും അതിലധികവും രൂപ വില കൂട്ടി വിൽക്കും. ഇതിന്റെയൊന്നും പ്രയോജനം  കർഷകർക്ക്‌ ലഭിക്കില്ല. പലപ്പോഴും ഇടനിലക്കാർ നേരിട്ട്‌ തോട്ടങ്ങളിലെത്തി കുറഞ്ഞ വിലയ്ക്ക്‌ കർഷകരിൽ നിന്ന്‌ കരിക്ക്‌ കച്ചവടം ഉറപ്പിക്കും. ഇവർ ഇത്‌ മാർക്കറ്റിൽ എത്തിച്ച്‌ ലൈസൻസികളായ കച്ചവടക്കാർക്ക്‌ നല്ല വിലയക്ക്‌ മറിച്ച്‌ വിൽക്കും. ഈ കച്ചവടക്കാരാണ്‌ വിവിധ നഗരങ്ങളിലേയ്ക്ക്‌ ഓർഡറനുസരിച്ച്‌ കരിക്ക്‌ കയറ്റിവിടുന്നത്‌. ലേലം നടക്കാത്തതിനാൽ ലൈസൻസികളായ കച്ചവടക്കാർ നിശ്ചയിക്കുന്നതാണ്‌ വിപണി വില.  കച്ചവടക്കാരിൽ നിന്ന്‌ വിപണി അധികൃതർ 1.5 ശതമാനം ചുങ്കം ഈടാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 1.65 കോടിയാണ്‌ ചുങ്കം ഇനത്തിൽ മഡൂർ മാർക്കറ്റിനു ലഭിച്ചതു. 

ഇടനിലക്കാരെ ഒഴിവാക്കാനാണ്‌ ശ്രമമെന്ന്‌ വിപണി സെക്രട്ടറി വേങ്കിടേശ്‌ റെഡ്ഡി  സൂചിപ്പിച്ചു. സ്ഥലപരിമിതിയാണ്‌ ഏറ്റവും വലിയ പ്രശ്നം. കരിക്ക്‌ ലേലം ചെയ്യണമെങ്കിൽ തരംതിരിക്കണം. അതിനു സ്ഥലം വേണം, മാത്വുമല്ല, തരം തിരിക്കാൻ കർഷകർക്ക്‌ താൽപര്യവുമില്ല. അതിനാലാണ്‌ നേരിട്ടുള്ള കച്ചവട സംവിധാനം തുടരുന്നത്‌ - റെഡ്ഡി തുടർന്നു. 

ആറ്‌ ഏക്കർ സ്ഥലത്താണ്‌ ഇപ്പോൾ മദൂർ മാർക്കറ്റ്‌ പ്രവർത്തിക്കുന്നത്‌. സ്ഥലസൗകര്യക്കുറവു മൂലം വാഹനങ്ങളിൽ കരിക്കുമായി വരുന്ന കർഷകർക്ക്‌ ചിലപ്പോൾ മണിക്കൂറുകളോളം  പ്രവേശനം കാത്ത്‌ ബാംഗളൂർ - മൈസൂർ ദേശിയപാതയോരത്ത്‌ നിൽക്കേണ്ടതായും വരുന്നു. ആധുനിക സൗകര്യങ്ങളോടെ വിപണി നവീകരിക്കുന്നതിന്‌ 25 ഏക്കർ സ്ഥലം മാണ്ഡ്യ ജില്ലാ ഭരണകൂടത്തോട്‌ വിപണിയുടെ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

എന്നാൽ ഇപ്പോൾ കച്ചവടം നടക്കുന്നത്‌ ലേലത്തിനു സമാനമായ രീതിയിലാണെന്നാണ്‌ വ്യാപാരിയായ ഫൈസുള്ള ഖാന്റെ വാദം. മാർക്കറ്റ്‌ ഗേറ്റിലെത്തുന്ന ചരക്കു വാഹനം പരിശോധിച്ച്‌ വ്യാപാരി ഒരു വില പറയുന്നു. കൃഷിക്കാരൻ സമ്മതമാണെങ്കിൽ കൊടുക്കാം. അതിന്‌ അയാൾക്കു സ്വാതന്ത്ര്യമുണ്ടല്ലോ.  ഖാൻ ചൂണ്ടിക്കാട്ടി.

വിപണിയിൽ കരിക്ക്‌ എത്തിക്കുന്നതിന്‌ ആവശ്യമായ വാഹനങ്ങൾ ഇല്ലാത്തത്താണ്‌ കർഷകർ നേരിടുന്ന ഒരു ബുദ്ധിമുട്ട്‌ എന്ന്‌ ചില കർഷകർ  പറഞ്ഞു. വൻകിട കച്ചവടക്കാർ കൃഷിക്കാരുമായി നേരിട്ട്‌ ബന്ധപ്പെടുന്നില്ല. അവർക്ക്‌ സ്വന്തമായി വ്യാപാര ശ്രുംഖലയുണ്ട്‌. അതിനാൽ തോട്ടത്തിലെത്തുന്ന ഇടനിലക്കാർക്ക്‌ ഞങ്ങൾ കരിക്ക്‌ വിൽക്കുന്നു. അവർ തുടർന്നു.

പതിനേഴ്‌ അംഗങ്ങളുള്ള  ഭരണസമിതിയാണ്‌ മാർക്കറ്റിന്റെ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്‌.  ഇതിൽ 11 പേരും കർഷകരുടെ പ്രതിനിധികളാണ്‌. മൂന്നു പോരെ ഗവണ്‍മന്റ്‌ നാമനിർദ്ദേശം ചെയ്യുന്നു. ബാക്കിയുള്ളവർ വ്യാപാരികളുടേയും കൃഷി വകുപ്പിന്റെയും പ്രതിനിധികളും. ബി. സവിതയാണ്‌ ഇപ്പോൾ ചെയർമാൻ. വേങ്കിടേശറെഡ്ഡി സെക്രട്ടറിയും. ഏറ്റവും അടുത്തുള്ള റെയിൽവേ  സ്റ്റേഷൻ നാലു കിലോമീറ്റർ അകലെയുള്ള ശിവപുരയാണ്‌.ഗാഞ്ചൻ ചുക്കി, ബാരച്ചുക്കി ജലപാതങ്ങളും, ഒരു ജലവൈദ്യുത പദ്ധതിയും മഡൂരിനടുത്തായി  സ്ഥിതിചെയ്യുന്നു.

മാർക്കറ്റിൽ രാവിലത്തെ കച്ചവടത്തിന്റെ വലിയ  തിരക്ക്‌ ഒഴിഞ്ഞു. എങ്കിലും കരിക്കുകളും കയറ്റി വാഹനങ്ങൾ വരികയും പോകുകയും ചെയ്യുന്നുണ്ട്‌. മഡൂർ കരിക്കു മാർക്കറ്റിലെ വെയിലിനു കാഠിന്യം കൂടി വരികയാണ്‌.  വ്യാപാരികളും ഇടപാടുകാരും ഇടയ്ക്ക്‌ ഓരോ ഇളനീർ വെട്ടികുടിച്ച്‌ ദാഹം തീർക്കുന്നു. 

മാർക്കറ്റ്‌ ഗേറ്റിനു വെളിയിൽ ജയരാമൻ അപ്പോഴും കാത്തു നിൽക്കുകയാണ്‌, കാളവണ്ടി നിറയെ കരിക്കുകളുമായി. എട്ടു രൂപ വില പറഞ്ഞതാണ്‌. ജയരാൻ സമ്മതിച്ചില്ല. ഒൻപതെങ്കിലും കിട്ടണം. ജയരാമന്റെ തോട്ടത്തിലെ നല്ല ആ  കരിക്കുകൾ വാങ്ങാൻ ഏതെങ്കിലും ഒരു വ്യാപാരി വരും, വരാതിരിക്കില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...