25 Feb 2014

വാങ്മുഖം

എം.തോമസ് മാത്യു
ആധുനിക കാലത്തിന്റെ സംഭാവനകളിലൊന്ന്‌ ലജ്ജിക്കാനുള്ള മനുഷ്യന്റെ കഴിവ്‌ ഇല്ലാതാക്കിയതാണ്‌. പണ്ടത്തെ ആളുകൾ 'നാലുപേർ കേട്ടാൽ എന്തുവിചാരിക്കും' എന്നു കൂടി പരിഗണിച്ചേ ഒരു കാര്യം ചെയ്യുകയോ ഒരു നിലപാടു സ്വീകരിക്കുകയോ ചെയ്യുമായിരുന്നുള്ളു. പൊതുവിൽ അംഗീകരിക്കപ്പെട്ട ഒരു മൂല്യഘടനയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നു. എന്ന്‌ സമൂഹം മൊത്തത്തിൽ വിചാരിക്കണം എന്ന പരിഗണന ഉണ്ടായിരുന്നു. വേണ്ടിടത്തോളം ആഴത്തിൽ ആലോചന ചെന്നിട്ടല്ലെങ്കിലും മൂല്യങ്ങളെക്കുറിച്ച്‌ ഏകദേശമായ ചില ധാരണകൾ സൂക്ഷിച്ചിരുന്നു. നിയതമായ നിർവചനങ്ങൾക്കോ സൂക്ഷമമായ വിശകലനത്തിനോ ആരും ഉദ്ദ്യമിച്ചിരുന്നില്ല. എന്നാലും ഒരു ചട്ടക്കൂടിനുള്ളിലാണ്‌ പെരുമാറുന്നതെന്ന്‌ ഉറപ്പുവരുത്താൻ ശ്രദ്ധയുണ്ടായിരുന്നു. ചില ചിട്ടകൾ അനാചാരങ്ങൾ ആയിരുന്നിരിക്കാം. ചിലതൊക്കെ ദുഷ്ടമായ അനാചാരങ്ങൾ പോലും ആയിരുന്നു. സദുദ്ദേശ്യത്തോടുകൂടി ആരംഭിച്ചതെങ്കിലും പതുക്കെപ്പതുക്കെ മനുഷ്യരെ ഏറെ വലയ്ക്കുകയും കഷ്ടപ്പെടുത്തുകയും ക്രൂരമായി ശിക്ഷിക്കുകയും ചെയ്യുന്നവയായിരുന്നു. ദൈവശാസിതമായ ആചരണമായിരുന്നുവല്ലോ സാബത്ത്‌. എന്നാൽ ആലോചനയോടു വിടചൊല്ലി ജഢാചാരങ്ങളിൽ കുടുങ്ങി, വേണ്ടപ്പോൾ അവയെ സ്വാർത്ഥതയ്ക്കു വേണ്ടിയും ഉപയോഗിക്കാം എന്നു കണ്ട പുരോഹിതപ്പരിഷകൾ അതിനെ എന്താക്കി? ദൈവപുത്രൻ തന്നെ വേണ്ടി വന്നു ഇതൊന്നുമല്ല അതിന്റെ പൊരുൾ എന്നു പറഞ്ഞുകൊടുക്കാൻ! സത്ത ചോർത്തിക്കളഞ്ഞ്‌ തൊണ്ടുമാത്രമാക്കി സൂക്ഷിക്കുന്ന നിയമങ്ങളെ വെല്ലുവിളിച്ചും തിരുത്തിയും ആണ്‌ വിപ്ലവകാരികൾ വരുന്നത്‌. സത്യധർമ്മങ്ങൾക്ക്‌ അവർ പുതിയ വിതാനം ചമയ്ക്കുന്നു, ഈ വിതാനത്തിന്റെ സൗന്ദര്യവും അർത്ഥഗരിമാവും അവർ വീണ്ടെടുക്കുന്നു.

എന്നാൽ, ഇത്തരത്തിൽ മൂല്യങ്ങളുടെയും നിയമങ്ങളുടെയും പൊരുൾ തേടുന്ന അന്വേഷണമല്ല ഇപ്പോൾ നടക്കുന്നത്‌. മറയില്ലാതെ ചെയ്യാൻ മടിച്ചിരുന്ന അന്യാചാരങ്ങൾ പരസ്യമായി ചെയ്താലെന്ത്‌ എന്ന്‌ ചോദിക്കാവുന്ന അവസ്ഥയിലേക്ക്‌ ലോകം പുരോഗമിക്കുകയാണ്‌. സന്യാസിനിയായ ശിഷ്യയോട്‌ സഭ അണിയിച്ച വസ്ത്രത്തിൽ കാണാനാണ്‌ എനിക്ക്‌ ഇഷ്ടം എന്നു പറയാൻ കഴിയുന്ന ധർമ്മിഷ്ടരായ, മൂല്യവാദികളായ പണ്ഡിതഗുരുക്കന്മാർ നമുക്കുണ്ടായിരുന്നു; സ്വന്തം അമ്മയുടെ പ്രേരണകൊണ്ടെങ്കിലും അസത്യം ചെയ്ത ഉദ്യോഗസ്ഥന്റെ വിരൽ മുറിച്ചു കളഞ്ഞ വേലുത്തമ്പിയുടെ പിൻമുറക്കാർ ചില വിട്ടുവീഴ്ചകൾക്കൊക്കെ തയ്യാറാകാതെ എങ്ങനെയാണ്‌ കാര്യം നടക്കുക എന്ന്‌ പാവം ആവലാതിക്കാരോട്‌ പറയുന്ന കാലം വന്നിരിക്കുന്നു. ഉന്നത നീതി പീഠത്തിൽ കയറിയിരുന്ന്‌ നീതിനിയമങ്ങൾ വ്യാഖ്യാനിച്ചു വിധി പ്രസ്താവിക്കേണ്ട പുണ്യപുരുഷന്മാരുടെ സ്വഭാവവൈകൃതങ്ങളുടെ സചിത്ര വിവരങ്ങൾ രുചികരമായ മാധ്യമ വിഭവങ്ങളായി മാറുന്നു; ഋഷികേശിലേക്കും കേദാർനാഥിലേക്കും വ്രതനിഷ്ഠയോടെ തീർത്ഥയാത്ര നടത്തി അവയുടെയെല്ലാം പുണ്യചരിതത്തിൽ രോമാഞ്ചമണിയുന്നവർ എഴുതപ്പെടാത്ത ആത്മകഥാദ്ധ്യായങ്ങളുമായി പെൺ വേട്ട ചരിതങ്ങൾ സൂക്ഷിക്കുന്നു. പൂന്തേൻ നിറച്ച സുവർണ്ണ ചഷകങ്ങൾ നിരത്തിവെച്ചിട്ട്‌ അതൊന്നും ആസ്വദിക്കാൻ സമ്മതിക്കാതെ നിസ്സഹായ വാർദ്ധക്യം തന്ന്‌ ശിക്ഷിക്കുന്ന വിധിയെക്കുറിച്ചുള്ള പരാതികളും പരിഭവങ്ങളും കൊണ്ട്‌ കാലം പോകുന്ന ചില മഹാപുരുഷന്മാർ. മക്കളുടെ യൗവ്വനം ഇരന്നുവാങ്ങി ഭോഗങ്ങളിൽ മുഴുകിയ ഒരു ജന്മത്തെക്കുറിച്ച്‌ നമ്മുടെ ഇതിഹാസം പറയുന്നുണ്ട്‌. ഏതഴകും വിടരുന്നത്‌ തങ്ങൾക്ക്‌ ആസ്വദിക്കാൻ വേണ്ടിയാണെന്ന്‌ വിചാരിക്കുന്നവരെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നു ലോകം. സൗന്ദര്യം വഴിയുന്ന ഏതു മേനിയും നോക്കി നളചരിതത്തിലെ കാട്ടാളന്റെ പദം മൂളിപ്പോകുന്ന അനുഗ്രഹീത പ്രതിഭകൾ തിങ്ങി നിറയുന്നതായി ഈ ലോകം.

എന്തിന്‌ ഈ മറവും ഒളിവും എന്ന്‌ കരുതി തങ്ങൾക്കു വേണമെന്നു തോന്നുന്നതെല്ലാം കരുത്തുകൊണ്ട്‌ നേടിക്കളയാം എന്നു നിനച്ചവരുടെ വീരചരിതങ്ങൾ പാടിനിറയ്ക്കുകയാണ്‌ മാധ്യമധർമ്മം എന്ന്‌ ഇപ്പോൾ സമർത്ഥിക്കപ്പെട്ടിരിക്കുന്നു. തലങ്ങും വിലങ്ങും പീഢനകഥകൾ വർണ്ണങ്ങൾ ചാർത്തി ഒരുക്കിയിറക്കുന്നതിൽ ഓരോന്നും മത്സരിച്ചു കൊണ്ടിരിക്കുന്നു. എല്ലാ മറകളും ഉപേക്ഷിക്കാം, ധീരന്മാരായി ജീവിക്കാം എന്ന ആദർശത്തിലേക്കാണ്‌ പുരോഗതി. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം എന്ന്‌ എഴുതിയ മഹാകവി സ്മരണകളുണ്ടാക്കി പൊങ്ങച്ചം കാണിക്കാനുള്ള ഇടമുണ്ടാക്കിത്തരുന്ന ഉപകർത്താക്കൾ മാത്രമായി ചുരുങ്ങുന്നു! ആദർശങ്ങളൊന്നും ആചരിക്കാനുള്ളതല്ല എന്ന്‌ ലജ്ജകൂടാതെ വിളംബരം ചെയ്യാനുള്ള ചങ്കൂറ്റം നാം നേടിയിരിക്കുന്നു. അധികാരങ്ങളും പദവികളും ഇരകളെ കുടുക്കാനുള്ള സംവിധാനങ്ങളായി മാറുന്നു. പിടിക്കപ്പെടുന്നവർക്ക്‌ രാജകീയ സുഖ സൗകര്യങ്ങൾ ഒരുക്കി സംരക്ഷിക്കാൻ കാരഗൃഹങ്ങൾ ചമയുന്നു. അത്യാധുനിക സുഖസമൃദ്ധിയിൽ മുഴുകി കുറച്ചുനാൾ വിശ്രമിക്കാൻ കൊള്ളാവുന്ന ഇടമാണോ ജയിലുകൾ എന്ന്‌ തോന്നിപ്പോകും. അങ്ങനെയല്ലേ വരൂ! കള്ളനു കഞ്ഞി വെച്ചു പോകുന്നവർക്കു കള്ളനെ സത്കരിക്കാനുള്ള സൗകര്യമാണ്‌ ഭരണാധികാരം എന്ന്‌ വന്നാൽ ഇതല്ലേ സ്വാഭാവികം?

ഇതിനിടയിൽ ചിലപ്പോൾ തങ്ങൾക്കു തെറ്റുപറ്റി എന്ന കുറ്റ സമ്മതം അധികാര കേന്ദ്രങ്ങളിൽ നിന്ന്‌ പുറപ്പെടുന്നു. നമ്മുടെ കാലത്തെ ഏറ്റവും വലിയ ഫലിതം അതാണ്‌. ഇവർക്ക്‌ തെറ്റുപറ്റുന്നേയില്ല. വല്ലപ്പോഴുമെങ്കിലും ഒന്നോ ഒരു മുറിയോ ശരി പറ്റുന്നുണ്ടോ എന്നേ സംശയിക്കാനുള്ളൂ. അങ്ങനെയൊരു വാർത്തയില്ല!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...