സി.രാധാകൃഷ്ണൻ
തൊടിയിൽ
നിന്നെടുത്തു കഴിയാനുണ്ട് എന്നാണ് പഴയ തറവാടുകളെപ്പറ്റി പറയാനുള്ള ഒരു
വലുപ്പം. അതായത്, ചേനയോ കാച്ചിലോ ചേമ്പോ കായയോ കിഴങ്ങോ തേങ്ങയോ കപ്പയോ
മറ്റു പച്ചക്കറികളൊ ഒക്കെ തൊടിയിൽ ആണ്ടോടാണ്ട് ധാരാളമായി ഉണ്ടാവും.
തൊടിയിലൊന്നു നടന്നാൽ കറി വെയ്ക്കാനുള്ളത് ഒക്കും.
ഇതിൽ കൃഷി ചെയ്യുന്നവയും
തനിയെ ഉണ്ടാകുന്നവയും ഉണ്ട്. തൊഴുത്തിനു പിന്നിലും അടുക്കളപ്പുറത്തും
മുളയ്ക്കുന്ന പടുമുളക്കുമ്പളം മുതൽ തനിയെ കിളിർക്കുന്ന ചേനയും ചേമ്പും
കൂവ്വയും വരെ ചുമ്മാ കിട്ടുന്ന ഇനങ്ങൾ. എടുത്ത് അനുഭവിക്കുകയേ വേണ്ടൂ.
പക്ഷെ, തനിയെ കിട്ടുന്നതായാലും അല്ലെങ്കിലും തൊടിയിൽനിന്നെടുക്കാവുന്ന
പലതും സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട ഉരുപ്പടികളാണ്. ചേനയും
ചേമ്പും തന്നെ ഉദാഹരണങ്ങൾ. കൈ ചൊറിയും, ശരിയായി പാകം ചെയ്തില്ലെങ്കിൽ വായും
വയറും, കുടൽതന്നെയും ചൊറിയും!
ചൊറിയുന്നതിനെ
ചൊറിയാത്തത്താക്കുന്ന ചൊട്ടുവിദ്യകൾ വീട്ടിലുള്ളവർക്ക് നാട്ടറിവായി കൈമാറി
കിട്ടിയിരുന്നു. ഏറ്റവും നല്ല ഉദാഹരണം അരുമക്കുടത്തഴ എന്ന പേരിൽ
അറിയപ്പെട്ട ഒരു ചെറുചെടിയാണ്. ആലിലയുടെ പാതി വലുപ്പം വരാത്ത ഇലകൾക്ക്
അടിയിൽ ഒമര് എന്നറിയപ്പെട്ട ചെറുരോമങ്ങൾ ഉണ്ട്. ദേഹത്ത് തൊട്ടാൽ
ഉടനെചൊറിഞ്ഞു തിണർക്കും. ചൊറി മാറാൻ മണിക്കൂറുകൾ എടുക്കും. ഇവ കാടുപിടിച്ച
ഇടത്തൂടെയെങ്ങാൻ അറിയാതെ നടന്നാൽ ശിവശിവ, പിന്നത്തെ കഥ പറയാനില്ല!
എന്നാലോ, ഇത് രുചികരമായ
ഒരു കറിക്കുള്ള കോപ്പാണ്. തണ്ടിൽ പിടിച്ചു പറിച്ചാൽ ചൊറിയില്ല. ആ പിടിയിൽ
വെള്ളത്തിൽ മുക്കിയാൽ കഴുകി വൃത്തിയാവും. പലകപ്പുറത്തു വെച്ച് തണ്ടടക്കം
അരിഞ്ഞെടുക്കാം-ഇലയിൽ തൊടരുതെന്ന് മാത്രം.
ഉപ്പുവെള്ളം തളിച്ച്
അടച്ചുവേവിച്ച് ചുവന്ന മുളകു പൊട്ടിച്ചതും കടുകും മൂപ്പിച്ച് വറവിട്ടാൽ
ഒന്നാന്തരം ഇലത്തോരൻ. എരിശ്ശേരിയാണെങ്കിലും ചൊറിയില്ലെന്നല്ല, ഒട്ടും
മുഷിയില്ല!
ക്ഷമയുടെ അവതാരമായ ഒരു
അച്ഛമ്മയുണ്ടായിരുന്നു എനിക്ക്. ക്ഷമയിങ്കൽ ഭൂമിദേവിയെപ്പോലെ എന്ന
ചൊല്ലിന്റേ ജീവിക്കുന്ന മാതൃക. ഒരിക്കൽ, പുരുഷന്മാരാരും വീട്ടിൽ ഇല്ലാത്ത
നേരത്ത്, അയൽവക്കത്തെ ഒരാൾ, എന്തൊ തെറ്റിദ്ധാരണയുടെ പുറത്ത്,
കള്ളുംകുടിച്ച് വന്ന് വാ തോരാതെ വേണ്ടാതീനം വിളിച്ചുപറഞ്ഞ്,
പ്രതികരണമൊന്നും ഇല്ലെന്ന് കണ്ട്, സ്വയം അടങ്ങി, തിരികെ പോകാൻ
തുടങ്ങുമ്പോൾ അച്ഛമ്മ ക്ഷണിച്ചു-വിശക്ക്ൺല്ല്യെ, ഗോപാലാ, ഊണ്
കാലായിരിക്ക്ണു, ഉണ്ടിട്ട് പോ, കുട്ട്യേ!
അന്യഥാ
മാറാച്ചൊറിയാകാവുന്ന ഏത് അനുഭവത്തെയും രുചികരമായ വിഭവമാക്കാൻ കഴിഞ്ഞാൽ
സുഖമായില്ലേ? ശാരീരികമായ പലതരം ചൊറികളും മാനസികമായി
ഉടലെടുക്കുന്നവയാണെന്ന് വൈദ്യശാസ്ത്രം പണ്ടേ കണ്ടെത്തിയിട്ടുണ്ട്.
നമ്മുടെ ജീവിതത്തിലെ വലിയൊരളവു സമയം നാം മനസ്സിൽ ചൊറിയാനാണ്
ചെലവാക്കുന്നത്. ചൊറിയാൻ അരുമക്കുടത്തഴ രസികൻ തോരനാകുന്നതുപോലെ
അഹിതാനുഭവങ്ങളെയും മാറ്റി എടുക്കാം. അൽപ്പം ചില ചൊട്ടുവിദ്യകൾ പരിശീലിക്കയേ
വേണ്ടൂ.
ചെറിയച്ഛൻ എന്നെ
പുഴയിലേക്ക് എടുത്തെറിഞ്ഞു. വെള്ളം കുടിച്ച് അവശനായി ഒരുവിധം കൈകാൽ തല്ലി
കരയ്ക്കെത്തിയപ്പോൾ വീണ്ടുമെടുത്ത് വെള്ളത്തിലേക്കിട്ടു! ഞാൻ അച്ഛമ്മയുടെ
മുന്നിൽ പരാതിയുമായി എത്തി. അച്ഛമ്മ മൂക്കത്ത് വിരൽ വെച്ചു ചോദിച്ചു-
നീയിത്ര വങ്കനാണോ? നിന്നെ നീന്തൽ പഠിപ്പിക്കാനല്ലേ! എന്തായാലും അഹിതം
ഒന്നും പറ്റിയില്ലല്ലോ! നീന്താൻ പഠിക്കുകയും ചെയ്തു!
എന്തിനെങ്കിലും എന്നെ
എപ്പോഴും ഏളിതംകൂട്ടുന്നത് ചെറിയച്ഛന് ബഹുരസമായിരുന്നു. ഒരു
അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞ് കണക്കു പരീക്ഷയുടെ ഉത്തരക്കടലാസ്സുമായി ഞാൻ
വന്ന ദിവസം ഉമ്മറത്തുണ്ടായിരുന്നത് ചെറിയച്ഛനാണ്. നോക്കട്ടെ, ഇങ്ങു താ,
എന്ന് ഉത്തരക്കടല്ലാസ് വാങ്ങി. ക്ലാസ്സിൽ ഒന്നാമനായ എനിക്ക് നൂറിൽ
തൊണ്ണൂറ്റിയൊമ്പത് മാർക്കാണുണ്ടായിരുന്നത്.
ചെറിയച്ഛൻ കൈകൊട്ടി ആർത്തുചിരിച്ചു-എടാ മരമണ്ടാ, എവിടെപോയി ആ ബാക്കി ഒന്ന്? അയ്യേ കഷ്ടം!
എല്ലാവരുടെയും
അനുമോദനം പ്രതീക്ഷിച്ച് വന്ന കണ്ണുനിറഞ്ഞു. അച്ഛമ്മ വന്ന് കാര്യങ്ങൾ
ചോദിച്ചറിഞ്ഞ് എന്നെ സമാശ്വസിപ്പിച്ചതു ഇങ്ങനെ- എന്തിനാ വേഷമം?
തൊണ്ണൂറ്റൊമ്പതും കിട്ടീല്ല്യേ? അടുത്ത പരീക്ഷയ്ക്ക് ആ ബാക്കി ഒന്നുകൂടി
ഇങ്ങ് വാങ്ങ്യാപ്പോരെ?
ജീവിതത്തിൽ ഉണ്ടാകുന്ന
എല്ലാതും അച്ഛമ്മയ്ക്ക് സന്തോഷത്തിനേവഴിവയ്ക്കൂ. തടകെട്ടി മുളപ്പിക്കാൻ
നനച്ച വിത്തിൽ മുളയ്ക്കാതെ പോയതിന്റെ അളവൽപ്പം കൂടിയാലും
സന്തോഷം-അതേതായാലും നന്നായി, കുട്ട്യോൾക്ക് നാഴി അവലിടിക്കാം!
വർഷ കാലം മുഴുക്കെ
കറിവെയ്ക്കാൻ ഓലവളയങ്ങളിൽ മച്ചിലും ഇടനാഴിയിലും മേൽപ്പുരയുടെ വളകളിലും
തൂക്കിയ വെള്ളരിക്ക നിത്യേന ഓരോന്നുവീതം എലി കടിക്കും. കടിച്ചതു
കന്നുകാലികൾക്ക് കൊടുക്കാൻ മാറ്റി വെയ്ക്കെ അച്ഛമ്മ സ്വയം
ആശ്വസിക്കും-മിണ്ടാപ്രാണികളല്ലേ , പ്രാർത്ഥിക്കുന്നുണ്ടാവും! ബാക്കി മതി, നമുക്ക്.
വിളവുണ്ടായാൽ നല്ലത്,
സമൃദ്ധിയായി. വിളവ് മോശമായെങ്കിൽ ഏകാദശി നോൽക്കാൻ എളുപ്പവും! എന്റെ
മനസ്സിൽ ഇന്നും മിഴിവോടെ നിൽക്കുന്ന ഇത്തരം കുറെ ഓർമ്മകളാണ് എന്റെ
ഒടുങ്ങാത്ത ശുഭാപ്തിവിശ്വാസത്തിന്റെ അടിത്തറ.
പഴയവീട് പൊളിച്ചു
പണിയുംകാലം ഒരു രാത്രിയിൽ ഞങ്ങൾ അന്തിയുറങ്ങുന്ന താൽക്കാലിക
നെടുമ്പുരവീട്ടിൽ കള്ളൻ കയറി, രാവിലെ കഞ്ഞി വെയ്ക്കാനുള്ള പൊടിയരിയും കഞ്ഞി
കുടിക്കാനുള്ള ഓട്ടുപാത്രവും വരെ പെറുക്കി കൊണ്ടുപോയി. പിറ്റേന്ന് പോലീസു
വന്ന് അരമണിക്കൂറിനകം കള്ളനെപിടികൂടി പുഴയിൽ കൊണ്ടുപോയി ആ
ഉരുപ്പടികളത്രയും അവ കുഴിച്ചിട്ടേടത്തുനിന്ന് മാന്തിയെടുപ്പിച്ചു. വീട്ടിൽ
സുപരിചിതനായ അവനെ പോലീസുകാർ മുത്തച്ഛന്റെ അരികിൽ കൊണ്ടുവന്നപ്പോൾ
മുത്തച്ഛൻ ചോദിച്ചു- നീയെന്തിന് മോഷ്ടിക്കാൻ നിന്നു, നിനക്ക് വല്ലതും
വേണമെങ്കിൽ എന്നോട് പറയാമായിരുന്ന്ല്ല്യെ?
വെശൻണ്ട്ട് ചെയ്തുപോയതാണേ എന്നാണ് അവൻ പൊട്ടിക്കരഞ്ഞത്.
സാരല്ല്യ,
അച്ഛമ്മ പറഞ്ഞു. ഞാൻ കുറച്ച് മുളയരിക്കഞ്ഞി വെച്ചിട്ടുണ്ട്. അത്
കുടിച്ചിട്ടു മതി ജയിലിലേക്കു കൊണ്ട്വോവാൻ. ഇവടെ കുട്ട്യോളക്ക്
സൂക്ഷല്ല്യാഞ്ഞിട്ടല്ലേ അവന് ഇതൊക്കെ കൊണ്ടുപോവാൻ പറ്റീത്? അവന്റെ മാത്രം
അല്ലല്ലോ കുറ്റം!
അച്ഛമ്മയ്ക്ക് മൂന്നു
പെൺകുട്ടികളാണുണ്ടായിരുന്നത്. അതിൽ നടുവിലെ ആൾ വിവാഹിതയായി
ഒരുകൊല്ലത്തിനകം മരിച്ചുപോയി. കൂട്ടത്തിൽ ഏറ്റവും ചന്തവും സൗശീല്യവും ആ
ഓപ്പോൾക്കായിരുന്നു എന്ന് അമ്മ പറയാറുണ്ട്. ഞാൻ ജനിക്കുമ്മുമ്പ് അവർ
പോയിക്കഴിഞ്ഞിരുന്നു. എങ്കിലും എനിക്ക് ഓർമ്മ വച്ചതിൽപ്പിന്നെയും
വല്ലപ്പോഴും കുടുംബസദസ്സുകളിൽ ആ ഓപ്പോളെപ്പറ്റി പരാമർശം വന്നുപെടും.
അപ്പോഴൊക്കെ, അച്ഛമ്മ
കേൾവിപ്പുറത്തുണ്ടെങ്കിൽ, മറ്റുള്ളവർ കണ്ണുകൊണ്ടും നോട്ടംകൊണ്ടും ആ
വിഷയാവതരണം വിലക്കും. ഇങ്ങനെ ഒരു സന്ദർഭത്തിൽ അച്ഛമ്മ ചോദിച്ചു- അവള്
ഇവിടെയെങ്ങും കഴിയേണ്ടവളായിരുന്ന്ല്യ. അതുകൊണ്ട് നേരത്തെ പോയി! നേരു
പറയാലോ, എനിക്കൊരു വേഷമും ഇല്ല്യ! നിങ്ങള് എന്താച്ചാൽ പറഞ്ഞാട്ടെ.
എന്തിന് മടിക്കണം?
ഒരു നഷ്ടം, ഒരു പരിഭവം,
ഒരു പരാജയം, ഒരു വേദന, ഒരു ശങ്ക ഇതിന്റെയൊക്കെ ചൊറി ആജീവനാന്തം
പേറുന്നതിലേറെ കൂലിയില്ലാപ്പണി ഉലകിൽ വേറെ എന്തുണ്ട്? അതങ്ങു കളഞ്ഞാൽ
കിട്ടുന്നതിലേറെ സുഖവും സൗകര്യവും അതിനെ ഒരു രുചികരവും പോഷകവുമായ
അനുഭവവിഭവമാക്കുന്നതിലുണ്ടുതാനു ം.
പിന്നീട് ഐ.എഫ്.എസ്
പരീക്ഷ ജയിച്ച് കാനഡയിൽ അമ്പാസിഡർവരെ ആയ എന്റെ സുഹൃത്ത്
കെ.പി.ഫബിയാനോട് ഒരിക്കൽ ഞങ്ങളുടെ പൂർവാശ്രമത്തിലെ മേലുദ്യോഗസ്ഥനായ ഒരാൾ
അന്യായമായി അട്ടഹസിച്ചു-നിങ്ങളൊരു മന്ദബുദ്ധിയാണ്.
എനിക്കു ചിലപ്പോൾ
അങ്ങനെതോന്നാറുണ്ട് എന്നായിരുന്നു ക്ഷമാശീലനായ ഫബിയാന്റെ ചെറുചിരി. യഥാ
രാജാ തഥാ പ്രജ എന്ന് അതിനൊരു അനുബന്ധം അവതരിച്ചതു, മേലാവിന് സംസ്കൃതം
അറിയാത്തതിനാൽ, പാഴായിപ്പോയേ ഉള്ളു താനും!
ഏറ്റവും കൂടുതൽ ചൊറിയുന്ന
ഉരുപ്പടി ശങ്കയാണ്. അതാണ് വിഷയങ്ങളിൽ ഏറ്റവും കൊടിയ വിഷമെന്നാണ്
പഴമക്കാർ പറയാറ്. രാപ്പകൽ ചൊറിഞ്ഞുകൊണ്ടേ ഇരിക്കും! ഉറക്കത്തിൽനിന്ന്
ഞെട്ടിയുണർന്നുപോലും ചൊറിയും! മുറിച്ചു മാറ്റിയ കാലിന്റെ പെരുവിരൽ
ചൊറിയുന്നപോലെ! കൈവശമുള്ള ശരീരത്തിൽ എവിടെ ചൊറിഞ്ഞാലും പൊറുതി വരാത്ത ചൊറി!
പറ്റെ കുഴങ്ങിയതുതന്നെ!
ഇത്തരം മാറാച്ചൊറികളുടെ
തുടർക്കഥകളാണ് നമ്മുടെ ഇതിഹാസപുരാണങ്ങൾ മുഴുക്കെ. അസൂയച്ചൊറി,
വിദ്വേഷച്ചൊറി, ആർത്തിച്ചൊറി, സംശയച്ചൊറി, മാനഹാനിച്ചൊറി, പ്രതികാരച്ചൊറി
എന്നിങ്ങനെ നിരവധി ഇനങ്ങൾ വിവിധ കഥാപുരുഷന്മാരെ മാറിമാറി ആവേശിക്കുന്നതു
കാണാം. അതിന്റെയൊക്കെ ദുരന്തങ്ങളും കാണാം!
ഇത്തരം ഒരു ചൊറിയും
ബാധിക്കാത്ത ഒരേ ഒരാളെ പുരാണത്തിലുള്ളൂ-സാക്ഷാൽ കൃഷ്ണൻ. ആരെന്തു ചൊറി
സംഭാവനചെയ്യാൻ ശ്രമിച്ചാലും മൂപ്പരിൽ ലവലേശം ഏശില്ല. വളരെ ഫലപ്രദമായ
മറുമരുന്ന് കൈവശമുള്ളതാണ് കാരണം. എന്താണതെന്നോ? ഒരു ചെറുചിരി! പ്രഹസൻ ഇവ!
തന്നോടും ലോകത്തോടും പൊതുവിലുള്ള ശുദ്ധഹാസമെന്ന മേമ്പൊടി അൽപ്പം ചേർന്ന
ഒരു രസികൻ ചിരി! ആ മസാല ചേർത്ത് പാകം ചെയ്താൽ ഒന്നും പിന്നെ ഒട്ടും
ചൊറിയില്ല!
ആ പാചകവിദ്യയാണ് അദ്ദേഹം
അർജ്ജുനനെ മുൻനിർത്തി നമുക്കേവർക്കും ഉപദേശിച്ചു തന്നിരിക്കുന്നത്.
സംസാരസാഗരത്തിലെ ഉപ്പത്രയും ചൊറിയുപ്പാണ്. അതിനെ കറിയുപ്പാക്കാൻ അൽപ്പം
വിരുതേ വേണ്ടൂ. ഈ ചൊറയൊന്നു മാറിയിട്ട് ഒരു ദിവസം ജീവിച്ച് മരിച്ചാൽ മതി
എന്നു തോന്നുന്നെങ്കിൽ ആ വിരുത് ശീലിക്കുകയല്ലാതെ വേറെ വഴി ഇല്ല.
ചിത്തവൃത്തിനിരോധം എന്നതിന് ചൊറിനിരോധം എന്നർത്ഥമേ ഉള്ളൂ. അതുതന്നെ യോഗം
അഥവാ ദുഃഖസംയോഗവിയോഗം, മോക്ഷം!
പത്ഥ്യമൊന്നും ഇല്ലാത്ത
മരുന്നാണ്. വെറുതെ കിട്ടുന്നതുമാണ്. ശീലിച്ചുനോക്കൂ. ഫലം നിശ്ചയം! ഫലം
കണ്ടാൽ, കഴിയുന്നത്ര പേർക്ക് ഈ നാട്ടറിവ് നൽകുക. മണിചെയിൻപോലെ ഈ
ചൊറിമരുന്നുചെയിൻ വളരട്ടെ. കിട്ടാൻ സ്വർഗ്ഗം, നമുക്കു നഷ്ടപ്പെടാനോ ചെറി
മാത്രവും!