25 Feb 2014

ഇളനീർ വിളവെടുപ്പിലൂടെ നേടാം അധിക വരുമാനം


ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്


നാളികേര കർഷകരെ സംബന്ധിച്ചിടത്തോളം മികച്ച വിലയുടെ തുടക്കവുമായിട്ടാണ്‌ ഈ നവവത്സരം ആരംഭിക്കുന്നത്‌. കാലാകാലങ്ങളായി വിലയിടിവിന്റെ ആഘാതം അനുഭവിച്ചിരുന്ന കേരകർഷകർ  2013 സെപ്തംബർ മുതൽ  നാളികേരത്തിനും കൊപ്രയ്ക്കും വില മെച്ചപ്പെടുന്നതു കണ്ടുകൊണ്ടാണ്‌ 2014ലേക്ക്‌  പ്രവേശിച്ചിരിക്കുന്നത്‌.  വിലയിടിക്കുന്നതിനു ബോധപൂർവ്വമായ ശ്രമം വിവിധകേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടും ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത്‌ നാളികേരത്തിന്റെയും കൊപ്രയുടേയും  വില സാമാന്യം ഭേദപ്പെട്ട നിലയിൽ നിൽക്കുന്നു. ഏതാനും മാസങ്ങൾ കൂടി ഈ വില തുടരും എന്നതിൽ സംശയമില്ല.  തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രാപ്രദേശിലും ഉണ്ടായ വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും   നാളികേരോത്പാദനത്തിലുണ്ടാക്കിയ വലിയ ഇടിവ്‌ നാളികേര മേഖലയിൽ വില ഉയരുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നാണ്‌. ചെറിയതോതിലെങ്കിലും മൂല്യവർദ്ധിതയുൽപന്നങ്ങളിലേക്കുള്ള പ്രയാണവും നാം ആരംഭിച്ചുകഴിഞ്ഞു. കരിക്കിന്‌ ഉപയോഗിക്കാവുന്ന തെങ്ങിനങ്ങളുടെ കൃഷി തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കൂടിവരുന്നു. അഞ്ചാറ്‌ മാസം മുമ്പേ തന്നെ കർഷകർക്ക്‌ മെച്ചപ്പെട്ട വില ലഭിക്കുന്നതിനുള്ള ഒരുപാധിയാണ്‌ കരിക്കിന്റെ വിളവെടുപ്പ്‌. കേരകർഷകർ ആരംഭിച്ചിരിക്കുന്ന ഇളനീർ വിളവെടുപ്പു പ്രവണത നല്ല സൊ‍ാചനകൾ നൽകുകയാണ്‌. ഇളനീരിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‌ നാളികേര വികസന ബോർഡ്‌  ഒരു ദശാബ്ദത്തിലേറെയായി നടത്തി വരുന്ന പ്രചരണങ്ങൾ ചെറിയ തോതിലെങ്കിലും ഫലസിദ്ധിയിലേക്കെത്തിയെന്ന്‌ തന്നെയാണ്‌ ഇത്‌ കാണിക്കുന്നത്‌. 

ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഭേദപ്പെട്ട വില എങ്ങനെ തുടർന്നും നിലനിർത്താം എന്നുള്ളതാകട്ടെ നമ്മുടെ മുഖ്യചിന്താവിഷയം. വല്ലപ്പോഴും മാത്രം ഭേദപ്പെട്ട വിലയും, ബാക്കി എല്ലാകാലത്തും വളരെ താഴ്‌ന്ന വിലയും ലഭിക്കുന്ന ഒരു ചാക്രിക രീതിയിലൂടെ നാളികേര വിപണി കടന്നുപോകുമ്പോഴാണ്‌ കർഷകർ, തെങ്ങുകൃഷിയിൽ മടുപ്പ്‌ പ്രകടിപ്പിക്കുന്നതും തെങ്ങ്‌ കൃഷിയേയും തേങ്ങ എന്ന ഉൽപന്നത്തേയും അവഗണിക്കുന്നതും. മികച്ച വില തേങ്ങയ്ക്കും മികച്ച വരുമാനം കർഷകർക്കും ഉറപ്പ്‌ വരുത്തുന്ന സാഹചര്യം ഉണ്ടായാൽ കേരകർഷകർ തെങ്ങിനെ പരിപാലിക്കുന്ന കാര്യത്തിൽ മടി കാണിക്കില്ല. തെങ്ങിനെ സംരക്ഷിക്കണമെങ്കിൽ അടിസ്ഥാനപരമായി ചെയ്യേണ്ടത്‌ തേങ്ങയ്ക്ക്‌ മാന്യവും സ്ഥിരവുമായ വില ഉറപ്പ്‌ വരുത്തുകയെന്നതാണ്‌. അതിനു വേണ്ടിയാണ്‌ നാളികേര വികസന ബോർഡ്‌ ഇടപടലുകൾ നടത്തിക്കൊണ്ടിരിക്കുന്നത.​‍്‌ 

തൃത്താല കേരകർഷക ഉത്പാദക സംവിധാനങ്ങളിലൂടെ, കർഷകകൂട്ടായ്മകൾ രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനുമുള്ള  പ്രവർത്തനങ്ങൾ ബോർഡ്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരം പ്രവർത്തനങ്ങൾക്കിടയിലാണ്‌ ഓരോ ഉത്പാദക ഫെഡറേഷനുകളും, കമ്പനികളും ഏറ്റെടുക്കേണ്ട പ്രധാന ദൗത്യങ്ങളിലൊന്നായി കരിക്കിന്‌ ഉപയോഗിക്കാൻ പറ്റുന്ന തെങ്ങ്‌ ഇനങ്ങളുടെ കൃഷി വ്യാപനത്തിനുള്ള തീവ്രശ്രമം നാളികേര വികസന ബോർഡ്‌ മുന്നോട്ടുവെയ്ക്കുന്നത്‌. കഴിഞ്ഞവർഷം സംസ്ഥാനമൊട്ടാകെ നടത്തിയ നാളികേരോത്പാദന സർവ്വേയിൽ കേരളത്തിലെ തെങ്ങുകളിൽ 2.27 ശതമാനം മാത്രമാണ്‌ കരിക്കിന്‌ ഉപയോഗിക്കാവുന്ന കുറിയ ഇനം  എന്നു കണ്ടെത്തിയിരിക്കുന്നു. കരിക്കിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെങ്കിൽ കരിക്കിന്‌ പറ്റിയ ഇനം തെങ്ങുകളുടെ കൃഷി വ്യാപകമാക്കേണ്ടതുണ്ട്‌. തമിഴ്‌നാട്ടിലെ ജില്ലകളിൽ 25 ശതമാനം തെങ്ങുകളും കരിക്കിന്‌ പറ്റിയ ഇനങ്ങളോ സങ്കരവർഗ്ഗയിനങ്ങളോ ആണ്‌. അതുകൊണ്ടുതന്നെ കാലാകാലങ്ങളിൽ കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കുമുണ്ടാകുന്ന വിലയിടിവുകൾ അവിടുത്തെ കേര കർഷകരെ ബാധിക്കുന്നില്ല. കേരളത്തിൽ കേവലം 2.27 ശതമാനം തെങ്ങുകൾ മാത്രമേ കരിക്കിന്‌ ഉപയോഗിക്കാവുന്ന ഇനങ്ങളുള്ളൂ എന്നതിനാൽ ഇവിടുത്തെ കർഷകർ കൊപ്രയുടേയും വെളിച്ചെണ്ണയുടേയും വിലയുമായുള്ള ഒരു ഞാണിന്മേൽകളിയിലൂടെയാണ്‌  സാമ്പത്തിക ഭദ്രത നിലനിർത്തുന്നത്‌. ഉറപ്പുള്ള ഒരടിസ്ഥാനം നാളികേര വിലയ്ക്ക്‌ ഉണ്ടാകണമെങ്കിൽ, കേരകർഷകരുടെ സാമ്പത്തികസുരക്ഷ ഉറപ്പുവരുത്തണമെങ്കിൽ, ഇന്നുള്ള 2.27 ശതമാനത്തിൽ നിന്ന്‌ ചുരുങ്ങിയത്‌ 25 ശതമാനമെങ്കിലും കരിക്കിന്‌ പറ്റിയ കുറിയഇനം തെങ്ങുകളോ സങ്കരയിനം തെങ്ങുകളോ ഉണ്ടാവേണ്ടതുണ്ട്‌. ഇതിനർത്ഥം നിലവിലുള്ള തെങ്ങുകൾ വെട്ടിമാറ്റി പുതിയവ കൃഷി ചെയ്യണമെന്നല്ല. കിട്ടുന്ന ഓരോ അവസരത്തിലും, അത്‌ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയിലൂടെയാവാം, കൃഷി വകുപ്പും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നാളികേര കൃഷി മേഖലയിൽ നടത്തുന്ന ഇടപെടലുകളിലൂടെയാവാം,  നമുക്ക്‌ കരിക്കിന്‌ പറ്റിയ ഇനങ്ങൾ ധാരാളമായി നട്ടുവളർത്താം. മൂന്നാംവർഷം തന്നെ വിളവെടുപ്പ്‌ ആരംഭിക്കാൻ കഴിയുന്ന, കൂടുതൽ ഉത്പാദനവും ഉത്പാദനക്ഷമതയുമുള്ള, നാളികേര വിളവെടുപ്പ്‌ കരിക്കിലൂടെയാണ്‌. 

കേവലമൊരു വേനൽക്കാല പാനീയം എന്നനിലയിൽ മാത്രം കരിക്കിനെ കാണേണ്ടതില്ല. പോഷക സമൃദ്ധമായ ആരോഗ്യപാനീയമായാണ്‌ ലോകം കരിക്കിനെ കാണുന്നത്‌. അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും വിപണിയിൽ ബ്രസീലിയൻ കരിക്കിൻവെള്ളം താരമായിട്ട്‌ ഒരു ദശാബ്ദത്തിലേറെയായി. ബ്രസീലിൽ നിന്ന്‌ ലഭിക്കാവുന്നത്ര കരിക്കുകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തിക്കഴിഞ്ഞപ്പോഴാണ്‌  ഫിലിപ്പീൻസിന്റേയും ഇന്തോനേഷ്യയുടേയും തായ്‌ലന്റിന്റേയും ശ്രീലങ്കയുടേയും ഇളനീരിലേക്ക്‌ വിദേശ കമ്പനികൾ തിരിഞ്ഞത്‌. മേൽ സൂചിപ്പിച്ച രാജ്യങ്ങളിലേയും കരിക്കിന്റെ ഉത്പാദനം പൂർണ്ണമായും അന്താരാഷ്ട്ര വിപണിയിലേക്ക്‌ തിരിച്ചുവിട്ടിരിക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ നാളികേരോത്പാദക രാജ്യമായ ഇന്ത്യയെയാണ്‌ വിദേശവിപണി കരിക്കിൻവെള്ളത്തിനായി ഇപ്പോൾ ഉറ്റുനോക്കുന്നത്‌. ലോകത്തിൽ ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യമാണെങ്കിലും സംഘടിതമായ കരിക്ക്‌ വിളവെടുപ്പും സംസ്ക്കരണവും വിപണനവും ഇനിയും ഇന്ത്യയിൽ ശൈശവാവസ്ഥയിലാണ്‌. ഭാരതത്തിലങ്ങോളമിങ്ങോളം വേനൽക്കാലമായാൽ കരിക്ക്‌ സുലഭമാണ്‌. പക്ഷെ,  പതിനായിരത്തിലൊന്ന്‌ ആളുകളിലേക്ക്‌ പോലും നിലവിലുള്ള വിപണനസംവിധാനത്തിലൂടെ കരിക്ക്‌ എത്തുന്നില്ലെന്നതാണ്‌ ദുഃഖകരമായ യാഥാർത്ഥ്യം.  തൊണ്ടോടുകൂടിയുള്ള കരിക്ക്‌ വലിയ സംഭരണ സംവിധാനങ്ങളില്ലാതെ സൂക്ഷിച്ച്‌ വെയ്ക്കാനാവില്ല. ഈ സാഹചര്യത്തിലാണ്‌ സംസ്ക്കരിച്ച്‌ പായ്ക്കറ്റിലാക്കിയ കരിക്കിൻവെള്ളത്തിന്റെ സാദ്ധ്യത തെളിഞ്ഞുവരുന്നത്‌.  ഇന്ന്‌ കേവലം 20ൽ താഴെ മാത്രം കരിക്ക്‌ സംസ്ക്കരണ യൂണിറ്റുകളേ ഇന്ത്യയിലുള്ളൂ. ഇന്ത്യയുടെ പത്തിലൊന്നുപോലും തെങ്ങുകൃഷിയില്ലാത്ത തായ്‌ലന്റിലാകട്ടെ ഇത്‌ നൂറിലേറെയാണ്‌.ഫിലിപ്പീൻസിന്റേയും ഇന്തോനേഷ്യയുടേയും കരിക്ക്‌ സംസ്ക്കരണ നിലവാരം വളരെ മെച്ചപ്പെട്ടതാണ്‌. ഈ രാജ്യങ്ങളിലൊന്നും ഇന്ന്‌ സംസ്ക്കരണത്തിനാവശ്യമായ കരിക്ക്‌ ലഭ്യമല്ല എന്നതാണ്‌ മറ്റ്‌ ആഗോളശക്തികളെ ഇന്ത്യയിലേക്ക്‌ തിരിയാൻ പ്രേരിപ്പിക്കുന്നത്‌. കേരകർഷകർ ഇത്തരത്തിലുള്ള ദേശീയ അന്തർദേശീയ വിപണിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാൽ വിലയിടിയാത്തൊരു സുവർണ്ണകാലം നാളികേരത്തിന്‌ ഉറപ്പ്‌ വരുത്താനാകും. 

ഇത്‌ 42 ലക്ഷത്തിലേറെ വരുന്ന ദുർബലരായ, അസംഘിടതരായ, അശരണരായ കേരകർഷകർക്ക്‌ തനിയെ ചെയ്യാൻ കഴിയില്ല. അവിടെയാണ്‌ തൃത്താല കേരകർഷക കൂട്ടായ്മയുടെ പ്രസക്തിയും പ്രാധാന്യവുമേറുന്നത്‌. രണ്ടുവർഷം  മുമ്പ്‌ തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രാപ്രദേശിലുമെല്ലാം ചുരുങ്ങിയത്‌ 1000വീതം കരിക്ക്‌ ഔട്ട്ലെറ്റുകൾ തുടങ്ങണമെന്ന്‌ ആഗ്രഹിച്ചിരുന്നുവേങ്കിലും വിപണന വിഭാഗം ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാട്ടിയോ എന്ന സംശയമുണ്ട്‌. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന നൂറിൽ താഴെ മാത്രം ഇളനീർ യൂണിറ്റുകൾ തുടങ്ങുന്നതിനേ നമുക്കു കേരളത്തിൽ കഴിഞ്ഞിട്ടുള്ളു. പക്ഷേ കരിക്കു വിൽപ്പന കേരളത്തിൽ വർദ്ധിച്ചതോതിൽ നടക്കുന്നുമുണ്ട്‌. അന്യസംസ്ഥാനങ്ങളിൽ നിന്ന്‌ ലഭ്യമാക്കുന്ന കരിക്കാണ്‌ കേരവൃക്ഷം കൊണ്ട്‌ ഖ്യാതി നേടിയ മലയാളക്കരയിലെ ഇളനീർ പ്രേമികളുടെ  ദാഹം ശമിപ്പിക്കുന്നത്‌.  പച്ചക്കറിയും പഴവർഗ്ഗങ്ങളും  പോലെ കരിക്കിന്റെ കാര്യത്തിലും അന്യ സംസ്ഥാനങ്ങളെ തന്നെ ആശ്രയിച്ചാലേ നിലനിൽക്കാൻ കഴിയൂ എന്ന ദു:ഖകരവും, ഖേദകരവും, ലജ്ജാകരവുമായ ഈ അവസ്ഥ വിട്ട്‌ നമുക്ക്‌ എന്നാണ്‌ മുമ്പോട്ടു പോവാൻ കഴിയുക. പ്രിയപ്പെട്ട കേരകർഷകരേ,  നമ്മുടെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണിത്‌. ഈ വെല്ലുവിളി കൂട്ടായി ഏറ്റെടുക്കാൻ കഴിഞ്ഞാൽ കർഷക കൂട്ടായ്മകൾ ഒത്തു പിടിച്ചാൽ അടുത്ത 36 മാസത്തിനുള്ളിൽ കേരളത്തിലുടനീളം നാടൻ കരിക്കിന്റെ ഒരു മഹാസാഗരം തന്നെ നമുക്ക്‌ സൃഷ്ടിക്കാൻ കഴിയും. ഇതിലേയ്ക്ക്‌ വലിയ മഹാത്യാഗമൊന്നും ചെയ്യേണ്ടതില്ല. കേരളത്തിൽ ഇതുവരെ രൂപീകൃതമായിരിക്കുന്ന 160 ഫെഡറേഷനുകളും അടുത്ത 5  വർഷക്കാലം  പതിനായിരം വീതം കരിക്കിനു പറ്റിയ തെങ്ങ്‌ ഇനങ്ങളുടെ തൈകൾ ഉത്പാദിപ്പിച്ച്‌  അംഗങ്ങളായ കർഷകരുടെ ഭൂമിയിൽ  കൃഷിചെയ്യുക.  ഇതിനുവേണ്ട തൈകൾ ഉത്പാദിപ്പിക്കണമെങ്കിൽ കർഷക പങ്കാളിത്തം കൂടിയേ തീരൂ. ഇത്‌ അസാധ്യമായ കാര്യമല്ലല്ലോ. കരിക്കിനു വേണ്ടിയുള്ള ഇനങ്ങളുടെ  കൃഷിയും ശ്രദ്ധാപൂർവ്വമുള്ള പരിചരണവും ഉറപ്പു വരുത്താൻ കഴിഞ്ഞാൽ പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടതില്ല നാളികേരത്തിന്റെ വില എന്നു സാരം. കരിക്ക്‌ ഉത്പാദിപ്പിക്കുക എന്നുപറയുമ്പോൾ കേവലം കരിക്കിൻ വെള്ളത്തെ മാത്രം മനസ്സിൽ കണ്ടല്ല ആലോചിക്കുന്നത്‌. കരിക്കിൽ നിന്ന്‌ ഉത്പാദിപ്പിക്കാവുന്ന നിരവധി ഉൽപന്നങ്ങളുണ്ട്‌. കരിക്കിൻ വെള്ളം, കരിക്ക്‌ ഐസ്ക്രീം, കരിക്ക്‌ ക്രീം, കോക്കനട്ട്‌ പുഡ്ഡിംഗ്‌, കോക്കനട്ട്‌ ചിപ്സ്‌, ഇളനീർ ചിപ്സ്‌ ഇങ്ങനെ നിരവധി ഉത്പന്നങ്ങൾ. ഈ ഉത്പന്നങ്ങൾ വ്യാപകമായി നമ്മുടെ കർഷക കൂട്ടായ്മകൾക്ക്‌ നിർമ്മിക്കുന്നതിനും ഉത്പാദക കമ്പനികൾക്ക്‌ ബ്രാൻഡ്‌ ചെയ്ത്‌ ഇത്‌ വിൽക്കുന്നതിനും കഴിയില്ലേ.  2012 നവംബർ - ഡിസംബർ മാസങ്ങളിൽ നാളികേര വികസന ബോർഡിൽ നിന്ന്‌ നൂതനമായ ഒരു മാർക്കറ്റിംഗ്‌ സ്ട്രാറ്റജി മുന്നോട്ടു വച്ചിരുന്നു. ജവഹർലാൽ നെഹ്രു ദേശീയ നഗര പുനരുദ്ധാരണ മിഷൻ പദ്ധതികൾ നടക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട 63 നഗരങ്ങളിലും നാളികേരോൽപന്നങ്ങൾ യഥേഷ്ടം എത്തിക്കുന്നതിനു വേണ്ടിയുള്ള കൂട്ടായ്മയെ കുറിച്ച്‌ നമ്മുടെ ഇന്നോവേറ്റീവ്‌ മാർക്കറ്റിംഗ്‌ സ്ട്രാറ്റജി ടീമിനോട്‌ ചിന്തിക്കുന്നതിനും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ആവശ്യപ്പെട്ടിരുന്നു. വഞ്ചി ഇന്നും തിരുനക്കരെ തന്നെയാണ്‌ എന്നുള്ള സത്യം തുറന്നു സമ്മതിച്ചുകൊണ്ടു പറയട്ടെ. നമ്മുടെ ഉത്പാദക കമ്പനികൾക്കും ഫെഡറേഷനുകൾക്കും ഉത്പാദക സംഘങ്ങൾക്കും ഈ രംഗത്ത്‌ മുന്നേറാൻ തീർച്ചയായും കഴിയും. നിങ്ങൾക്കു മാത്രമേ അതിനു കഴിയൂ. ഈ അവസരം അതിനായി പ്രയോജനപ്പെടുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു. 

അന്താരാഷ്ട്ര വിപണിയിൽ  പായ്ക്കറ്റിലാക്കിയ കരിക്കിൻ വെള്ളത്തിന്റെ വിപണി കഴിഞ്ഞ പത്തുവർഷത്തിലേറെയായി 100% വാർഷിക വളർച്ച രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്‌. ഇന്ത്യയിൽ പോലും കരിക്കിന്റെ ഉപയോഗം ശരാശരി 10-15% വെച്ച്‌ കഴിഞ്ഞ അഞ്ചു വർഷം വളർന്നിട്ടുണ്ട്‌.  വളർച്ച കണ്ട്‌ മതിമറന്നതുകൊണ്ടു കാര്യമില്ല. ആ  വളർച്ചയിൽ നമുക്കും പങ്കാളികളാകാൻ കഴിയുമോ എന്നതാണ്‌ ചോദ്യം.  തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി കേരളമൊട്ടാകെ വ്യാപിപ്പിക്കുന്ന ഈ അവസരം നമുക്ക്‌ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്‌.  തെങ്ങുകൾ പുനർ നടീൽ നടത്തുമ്പോൾ  50% എങ്കിലും കരിക്കിനുപറ്റിയ ഇനങ്ങൾ തന്നെ നടുന്നതിന്‌ നാം നിർബന്ധബുദ്ധി കാണിക്കുക. അതിനു വേണ്ട തൈകൾ തദ്ദേശീയമായി കർഷക കൂട്ടായ്മകളിലൂടെ ഉത്പാദിപ്പിക്കുക. അടുത്ത മൂന്നു തൊട്ട്‌ അഞ്ചു വരെ വർഷം തെങ്ങിനെ മക്കളെപ്പോലെ പരിപാലിക്കുക. കേരകർഷർക്കും പ്രതിമാസ വരുമാനം ലഭിക്കുന്ന ഒരു സാഹചര്യത്തിലേക്കാണ്‌ അത്‌ നയിക്കുക.

തെങ്ങിനെ കുറിച്ച്‌ പറയുമ്പോൾ പ്രാരാബ്ധങ്ങൾ വിവരിച്ച്‌ വിലപിക്കുകയാണ്‌ നമ്മുടെ ആദ്യ  പ്രതികരണം.  പക്ഷെ  പരാതി പറയുന്നതിന്‌ അപ്പുറത്ത്‌ കർഷക കൂട്ടായ്മയിലൂടെ ഒത്തൊരുമയോടെ പ്രവർത്തിച്ച്‌ വിപണിയേയും വിലയേയും നമുക്ക്‌ നിയന്ത്രിക്കുവാൻ കഴിയുമോ എന്നുള്ളതാണ്‌  പ്രസക്തമായ ചോദ്യം. ഈ ചോദ്യത്തിന്‌ നാം ഏതുരീതിയിൽ ഉത്തരം നൽകുന്നു എന്നുള്ളതായിരിക്കും വരും കാലങ്ങളിലെ കേരകൃഷിയുടെയും കേരളത്തിന്റെയും സമ്പട്‌ വ്യവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്‌.  ദയവായി ഒന്നോർമ്മിക്കുക കേരളത്തിലെ കേരകർഷകർക്ക്‌ ഭാവി ഉറപ്പ്‌ വരുത്താൻ പോകുന്നത്‌ നാളികേരത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ കർഷക കൂട്ടായ്മയിലൂടെ സംസ്ക്കരിച്ച്‌ സ്വദേശത്തേയും വിദേശത്തേയും വിപണിയുടെ ഒരു പങ്ക്‌ പിടിച്ചെടുക്കുമ്പോഴാണ്‌. ആ  കടന്നുകയറ്റം എളുപ്പം സാധിക്കാവുന്നത്‌   ഇളനീരിനുതന്നെയാണ്‌. സംസ്ക്കരിച്ച ഇളനീർ, അതിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ മുതലായവ നിർമ്മിക്കുന്നതിന്‌ നമുക്ക്‌ കഴിയണം.   കരിക്കിന്റെ സ്ഥിര ലഭ്യത ഉറപ്പ്‌ വരുത്തണം.  ഇതിന്‌ കരിക്കിന്‌ പറ്റിയ ഇനം തെങ്ങുകളുടെ എണ്ണം   വർദ്ധിപ്പിക്കണം.  നിലവിലുള്ള തെങ്ങുകൾക്കിടയിൽ അടിവിളയായി പുതിയ തെങ്ങിൻതൈകൾ നടാം.  ഈ തൈകളിൽ 50 ശതമാനമെങ്കിലും കരിക്കിന്‌ പറ്റിയ ഇനങ്ങളാക്കാം.  പരസ്പരം പഴിചാരിയും സ്വന്തം ദുർവിധിയുടെ കയ്പുനീർ കുടിച്ചുമിരിക്കുന്ന അവസ്ഥവിട്ട്‌ സടകുടഞ്ഞെഴുന്നേറ്റ്‌ നമ്മുടെ ഭാവിയെ നമ്മുടെ കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്ന ഏറ്റവും വലിയൊരു സാധ്യതയായി കരിക്കിനെ കാണുക. 

തെങ്ങിൻ തോട്ടങ്ങൾക്കുപകരം കരിക്കിൻ തോട്ടങ്ങൾ പല സംസ്ഥാനങ്ങളിലും ഉയർന്ന്‌ കഴിഞ്ഞു. വെളിച്ചെണ്ണയെക്കുറിച്ച്‌ അപവാദപ്രചരണങ്ങൾ നടത്തിയ രാജ്യങ്ങളിൽപ്പോലും കരിക്കിന്‌ ബദലില്ല.  നൈസർഗികവും പോഷക സമൃദ്ധവുമായ ആരോഗ്യപാനീയമെന്ന നിലയിൽ കരിക്കിന്റെ സ്ഥാനം ബഹുദൂരം മുന്നിലാണ്‌. അതിനിയും അങ്ങനെ തന്നെയായിരിക്കും. കരിക്കിന്റെ വിലയുടേയും ഉത്പാദനത്തിന്റേയും ഗ്രാഫ്‌ അടുത്ത 25 വർഷക്കാലത്തേക്ക്‌ ഉയർന്നു തന്നെ നിൽക്കുമെന്ന്‌ നിസ്സംശയം പറയാം.  ആ വളർച്ചയുടെ പങ്ക്‌ പറ്റുവാൻ നമുക്ക്‌ കഴിയുമോ ഇല്ലെയോ? ആ വളർച്ചയുടെ ഭാഗമാകണോ, അതോ തകർച്ചയുടേയും തളർച്ചയുടേയും ഭാഗമാകണോ? ഇത്‌ നിശ്ചയിക്കുവാനുളള ഒരവസരം നമ്മുടെ മുമ്പിലുണ്ട്‌. അത്‌ വിവേകപൂർവ്വം കർഷകർ തങ്ങളുടെ കൂട്ടായ്മകളിലൂടെ പ്രയോജനപ്പെടുത്തും എന്ന ശുഭാപ്തി വിശ്വാസമുണ്ട്‌. അതിനായി നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം. അതിനുവേണ്ട പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്‌ നിങ്ങളോടൊപ്പം നാളികേര ബോർഡുമുണ്ടാവും.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...