ഗീത മുന്നൂർക്കോട്
ഒരു ശ്വാസം മുറുകിത്തീരുമ്പോൾ
ആകാശത്തേക്ക്
ഒരാത്മാവിനെ
പ്രവാസിയാക്കുന്നുണ്ടെന്നും
അവർ നിശ്ചിത സമയങ്ങളിൽ
ഭൂമിയിറങ്ങാറുണ്ടെന്നും….
എന്തിനായിരിക്കും…ആവോ…?
പയറ്റു പഠിച്ച്
തറവാടിനെ പയറ്റിയൂട്ടിയിരുന്ന
വല്ല്യമ്മാവന്റെ ശാസനോച്ഛ്വാസങ്ങൾ
തെക്കേത്തൊടിയിൽ നിന്നും
പുലരിയുണരും മുമ്പെ തണുത്ത് വീശുന്നത്
പകലുറക്കങ്ങളെ
നിഷ്ക്കർഷിക്കാനാണത്രേ….!
അഷ്ടദിക്കുകകളെ കാഴ്ച്ചയിലൊതുക്കിയിരുന്ന
മുത്തച്ഛന്റെയുലാത്തൽ
മുട്ടൻ ഊന്നൽവടികളായി
സായന്തന മുറ്റങ്ങളിലേക്ക്
കാതോരങ്ങൾ
ചൊറിഞ്ഞ് നടക്കുന്നത് വായ് പൊത്തിയുള്ള
പെണ്ണനക്കങ്ങളെയും പെൺകൊടിച്ചിരികളുടെ പാദസ്വനമില്ലാത്ത നടത്തകളെയും ശാസിച്ചുറപ്പു വരുത്താനത്രേ….!