25 Feb 2014

വീണാലെന്താ ദർശനസുഖം കിട്ടിയല്ലോ

അച്ചാമ്മ തോമസ്‌ പൈനാൽ
കോടതിമുറ്റത്തേയ്ക്ക്‌ പോലീസ്ജീപ്പ്‌ ഇരച്ചെത്തി നിന്നു കിതച്ചു. കൊളസ്ട്രോളിന്റെ അളവുകൂടിപ്പോയ പ്രഷർകാരനെ പോലുള്ള കിതപ്പ്‌. ഇങ്ങനെ പോയാൽ ഓട്ടം നിലച്ച്‌ കട്ടപ്പുറത്താകും. ആൻജിയോപ്ലാസ്റ്റി മതിയോ ഓപ്പൺസർജറി വേണോ എന്ന സംശയത്തിൽ പോലീസ്‌ ഡ്രൈവർ ജീപ്പ്പിന്റെ അവിടെയുമിവിടെയും തട്ടിനോക്കി. മൂളിപ്പാട്ടുംപാടി ഇറങ്ങിവന്ന മറ്റൊരു ഏമാൻ നസീർ സ്റ്റെലിൽ ജീപ്പ്പിന്റെ കുണ്ടിയ്ക്കൊരു തട്ടുകൊടുത്ത്‌ ഡോർ തുറന്നു. ഷൂട്ടിംഗ്‌ സ്ഥലത്തേക്ക്‌ മേയ്ക്കപ്പു ചെയ്തിറങ്ങുന്ന സിനിമാനടിയെപ്പോലെ സ്ട്രെയിറ്റ്‌ ചെയ്ത മുടിമാടി ഒതുക്കി നായിക ഇറങ്ങി. ഇറങ്ങുമ്പോൾ പാദത്തിൽ നിന്ന്‌ ഊരിപ്പോയ ഒന്നരമുഴം ഹീൽപാദുകം എടുത്തുകൊടുക്കാൻ മത്സരിച്ച്‌ താഴേയ്ക്കു കുനിഞ്ഞ രണ്ടു കാഴ്ചക്കാർ തലയിടിച്ച്‌ മലർന്നു വീണു. വീണാലെന്താ പണ്ടാരോ അമ്പിളിമാമനെ കിണറ്റിൽ നിന്നും മാനത്തെത്തിച്ചപോലെ ആ വിലകൂടിയ പാദുകങ്ങൾ മനോഹരമായ ആ കാലുകളിൽ എത്തിയ്ക്കാൻ കഴിഞ്ഞില്ലേ. ആശ്വാസം. ജനക്കൂട്ടത്തിന്റെ ചവിട്ടുകിട്ടാതെ ചാടി പിടഞ്ഞെഴുന്നേറ്റു അവർ  സോളാറിന്റെ ചൂടിൽ നിന്നുവിയർത്തു. എങ്കിലും നായികയുടെ മേനിയിൽ നിന്നും പ്രവഹിച്ച വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം വിട്ടുപോവാതെ അവിടൊക്കെ ചുറ്റിപറ്റി നിന്നത്‌ അവരുടെ നാസാരന്ധ്രങ്ങൾ വലിച്ചെടുത്തു. ക്യാമറകളുടെ ഫ്ലാഷുകൾ നായികയുടെ പൂമേനിയിൽ കളങ്കം ചാർത്താനനുവദിക്കാതെ സൂക്ഷ്മതയോടെ നീതിപാലകർ അവളെ കോടതിമുറിയിലെത്തിച്ചു.

ന്യായാധിപ കസേരയിലേയ്ക്കിരിക്കാൻ തയ്യാറായ ജഡ്ജി പുറത്തെ ശബ്ദംകേട്ടു ഞെട്ടി. "പോയി അന്വേഷിക്കുവിൻ" ജഡ്ജിയുടെ ഉത്തരവുകേട്ട്‌ അന്വേഷണോദ്യോഗസ്ഥർ നാലുപാടും പാഞ്ഞു. സോളാറിന്റെ വിവിധവശങ്ങളെ കാണാനും അറിയാനും വേണ്ടി കോടതിമുറ്റത്തെ തണൽമരത്തിൽ കയറിയവരുടെ ഭാരം താങ്ങാനാവാതെ ഒരു ശിഖരം ഒടിഞ്ഞു വീണ ശബ്ദമാണ്‌ ജഡ്ജിയെ പ്രകോപിച്ചതു.

പണ്ടൊരു സക്കായി യേശുവിനെ കാണാൻ മരത്തിൽ കയറിയതിനെ ഓർത്ത്‌ അവിടെ നിന്ന ക്രിസ്ത്യാനികളെല്ലാം നെറ്റിയിൽ കുരിശു വരച്ചു. അരയാലിൻ കൊമ്പത്ത്‌ ഗോപികമാരുടെ വസ്ത്രങ്ങളൊളിപ്പിച്ച കൃഷ്ണനെ ഓർത്ത്‌ ഹിന്ദുക്കളെല്ലാം ഹരേ കൃഷ്ണ പാടി. കാരയ്ക്കാ മരപ്പഴത്തിന്റെ രുചിയോർത്ത്‌ മുസ്ലീങ്ങൾ വീർപ്പടക്കി. അങ്ങനെ സർവ്വമത സൗഹാർദ്ദത്തിന്റെ വേദിയായ കോടതി പരിസരത്തെ നോക്കി സുസ്മേരവദനനായി ജഡ്ജി ഇരിപ്പുറപ്പിച്ചു. 

സോളാർ രശ്മികളേറ്റ്‌ വാദിഭാഗം ക്ഷീണിച്ചു. പ്രതിഭാഗം ഉന്മേഷം കൊണ്ടു സരിഗമ പാടി. ഉച്ചയൂണിന്‌ കോടതി പിരിഞ്ഞു. മാധ്യമസമൂഹവും തീർത്ത വഴിത്താരയിലൂടെ നായിക പുഞ്ചിരിയോടെ പോലീസ്‌ വാഹനത്തിലേയ്ക്കു കയറി. 

തലയിൽ കളിമണ്ണു നിറച്ച്‌ കബളിപ്പിക്കാൻ നിന്നുകൊടുത്ത ജനങ്ങളുടെ നാട്ടിലൂടെ വിയർക്കാതെ നടന്നു കാലുകഴയ്ക്കാതെ പോലീസ്‌ വാഹനത്തിൽ തെളിവെടുപ്പിനായി നായിക അംഗരക്ഷകരോടു കൂടി സഞ്ചരിക്കുമ്പോൾ പാവം തൊഴിലുറപ്പു സ്ത്രീകൾ റോഡിനിരുവശവും കാടുതെളിച്ച്‌ വിയർത്തൊലിച്ച്‌ നിൽപ്പുണ്ടായിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...