25 Feb 2014

പ്രയാണം



ഇന്ദിരാ ബാലൻ

പ്രച്ഛന്നവേഷമഴിച്ചുവെച്ചു യാത്ര തുടരുക
അസ്തമയങ്ങളില്ലാത്ത സന്ധ്യയിലേക്കായ്
കുടത്തിനുള്ളിൽ മുനിഞ്ഞു കത്തി,വിങ്ങി
കാമനകൾ കനത്ത് മൌനത്തിൽ കുതിർന്ന
ശിലയാകാതെ.........

ചിന്ത തൻ ചിറകുകൾ കുടഞ്ഞു വീശി
പറന്നേറുക ഗരുഡവേഗത്തിൽ
വിശ്വവിഹായസ്സിലേക്കായ് ....

പ്രസരിപ്പൂ അനുരണനമായ്
ഉരുക്കഴിക്കും ആത്മനിവേദനത്തിൻ
മുരളീരവമായ് വാക്കിൻ മന്ത്രം....

സാഗരധ്വനികൾ ഉള്ളിലൊളിപ്പിച്ച്‌
ആയിരം തിരകളിൽ കഥകളലിയിച്ച്
ആരും കാണാതെ വിരാജിക്കുന്നുണ്ടവിടെ
അറിവിൻ വെൺശംഖുകളെത്രയോ....
നീലവാനിൻ ഹർഷാംശുകരങ്ങളാൽ തഴുകി
ഇരുട്ടിൻ വിറയാർന്ന മുഖപടമണിഞ്ഞു
പാതി മിഴികൂമ്പി,വിതുമ്പി നില്ക്കുമീ
ഭൂമിയേയുമൂർജ്ജസ്വലയാക്കുക...

ഊർജ്ജസാക്ഷ്യത്തിൻ വിരലുകൾപതിഞ്ഞുണരട്ടെ
പൃഥ്വി തൻ തണുത്ത സിരാപടലങ്ങളും
വിരിയട്ടെ സ്നേഹൈക്യത്തിൻ സുന്ദര പാതകൾ!

സൌരോർജ്ജ പ്രകാശവഴിയിൽ തെളിയുന്നു
പ്രയാണത്തിൻ വിളക്കുകാലുകൾ
വിണ്ണിന്നനന്തതയും,മണ്ണിന്നാഴങ്ങളും  ,പൊള്ളും
അനുഭവക്കോലാൽ അളന്നറിഞ്ഞു
കത്തിജ്വലിച്ചേറ്റു വാങ്ങുക അഗ്നിസ്മിതങ്ങൾ
അയവിറക്കാനില്ല ചന്ദനം ചാലിച്ച
ഓർമ്മ തൻ തീർത്ഥകണങ്ങൾ!
വേട്ടയാടുന്ന പേക്കിനാക്കളെ
ആട്ടിയകറ്റി പടിയടച്ചു സാക്ഷയിടുക
തിരിഞ്ഞുനോക്കരുതിനി പുകമറമൂടി
കരിന്തേളുകളിഴയും കാട്ടുപൊന്തകൾ നിറഞ്ഞ
പോയ കാലത്തിൻ പാതാളപ്പടവുകളെ
അകക്കൺ തുറക്കുക... ശിരസ്സുയർത്തുക
വിതറുക നക്ഷത്രരാജി തൻ
ശോഭയേയുമീ ശേഷിപ്പിലേക്കായ്...!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...