25 Feb 2014

ചലനം

 ഗിരീഷ് വർമ്മ ബാലുശ്ശേരി

 ഉച്ചതിരിഞ്ഞിരിക്കുന്നു. കയറ്റം കയറുമ്പോൾ കുറേശെ കിതക്കുന്നുണ്ട്‌. മുട്ടിനു നേരിയ വേദനയുണ്ട്. കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ വേദന പടരും. മുട്ടിൽ നിന്നും തുടങ്ങി മുകളിലോട്ടു കയറി കണ്ണുകൾ ഇരുട്ടിലേയ്ക്ക്‌ തെന്നി വീഴുന്നത് പോലെ. ഒരിളം തണ്ടിൽ പിടി കിട്ടി. ഒന്നുലഞ്ഞു. വീഴുമോ. അടുത്തു കണ്ട ഒരു കല്ലിലേയ്ക്ക് മെല്ലെ ഇരുന്നു. അല്പം ആശ്വാസം. സ്പന്ദനങ്ങൾ ഇല്ലാത്ത കൃത്രിമക്കാലിലേയ്ക്ക് നോക്കി. ഒരു ഏച്ചുകെട്ട്. അങ്ങിനെ പറയാമോ . മടുപ്പിക്കുന്ന പലതിൽ നിന്നും ഒരു മോചനം തരുന്നത് കുന്നിൻ മുകളിലേയ്ക്ക് ഒരു യാത്രയാണ്. ഉച്ചനേരം കഴിഞ്ഞ സമയത്താണ് എന്നും പതിവ്. ചൂടുണ്ടെങ്കിലും കാറ്റടിച്ചു കയറുന്ന നേരം ആണ്. ഏതെങ്കിലും മരത്തിന്റെ ഇത്തിരി തണലിൽ ചെറിയൊരു വിശ്രമം. പച്ച നിറഞ്ഞ താഴ്‌വാരത്തിലേയ്ക്ക് നോക്കി സന്ധ്യ മയങ്ങും വരെ. പകലിന്റെ അന്ത്യം കാണുമ്പോൾ ഉള്ളിൽ വിഷാദം ഊറും.

മലമുകളിൽ വളരെ നിരപ്പായ പ്രദേശം ഉണ്ട്. താഴെ നിന്നും ഒരു മഞ്ഞ നിരത്ത് മുകളിലേയ്ക്ക് ചുറ്റിപ്പോവുന്നു. പടിഞ്ഞാറ് ഭാഗത്ത് ഒരു കോളേജിന്റെ പണി നടക്കുന്നു. കോണ്‍ക്രീറ്റ് പണി തുടങ്ങിയിട്ടുണ്ട്. . കര കര ശബ്ദം കേൾക്കാം. അല്ലെങ്കിൽ ഇവിടെ കാറ്റിന്റെ നേരിയ മൂളക്കവും, കൊച്ചു കിളികളുടെ ചിലമ്പലും അല്ലാതെ മറ്റൊന്നും കേൾക്കില്ലായിരുന്നു. മേഘത്തിന്റെ കറുത്ത പ്രതിഫലനം താഴെയുള്ള വയലിൽ നിഴലിക്കുന്നുണ്ട്. അത് നീങ്ങി നീങ്ങി മറഞ്ഞു. തണലിന്റെ ഒരു ദ്വീപ്.
ഇറങ്ങുമ്പോൾ അമ്മ പതിവുപോലെ ചോദിച്ചു
" ന്തിനാ കുട്ടാ ഈ വെയിലത്ത്. വെയിലാറീട്ട് വൈന്നേരം പോയാൽ പോരെ "
സാധാരണ പോലെ ഒന്ന് ചിരിച്ചതെ ഉള്ളൂ..
ഇറങ്ങുമ്പോൾ അമ്മയുടെ നെടുവീർപ്പ് കേട്ടു. ശ്രദ്ധിച്ചില്ല. എല്ലാം പതിവായിരിക്കുന്നു.
ശരിക്കും മടുക്കുന്നില്ലേ ജീവിതം!! എത്രവട്ടം സ്വയം ചോദിച്ചു . അപ്പോഴൊക്കെ രണ്ടു കുഴിഞ്ഞ കണ്ണുകൾ മനസ്സിനെ പിന്തിരിപ്പിക്കും. കരയുന്ന കണ്ണുകൾ . അമ്മ.
ഒരിക്കലും ഞാൻ സമാധാനം കൊടുത്തിട്ടില്ല. അച്ഛന്റെ മരണം വരെ തീ തിന്നു കഴിഞ്ഞു. ജോലി സ്ഥലത്ത് വെച്ചുള്ള അപകട മരണം ആയതുകൊണ്ട് നല്ല നഷ്ടപരിഹാരം കിട്ടി. അച്ഛനെ കൊണ്ട് അമ്മയ്ക്ക് അങ്ങിനെയെങ്കിലും .....
തന്നെക്കൊണ്ടോ!
രാഷ്ട്രീയത്തിലെ കൊടുവാൾപ്പിടി ആയിപ്പൊയതിന്റെ ബാക്കി പത്രം . വെട്ടിയെടുത്തു കൊണ്ട് പോയ കാലിനെ ഇടയ്ക്കൊന്നു ഓർത്തുപോവാറുണ്ട്. എവിടെ കിടന്നത് ചീഞ്ഞു നാറി മണ്ണിൽ അലിഞ്ഞു പോയിരിക്കും.!! സജീവമായിരുന്ന വീട്ടുമ്മറം ഇന്ന് നിശബ്ദമാണ്.
ഇന്ന് തണുത്ത കാറ്റുണ്ട്. താഴ്‌വരയിലെ ഏതോ വീട്ടിൽ നിന്നും ഉയരുന്ന പുക ആകാശത്തിൽ അലിയുന്നു.
ഒരു കൊച്ചു കിളി. നിലത്ത് കരിയിലകൾക്കിടയിൽ ചിക്കിക്കൊണ്ടിരുന്നു. കഴുത്തു വെട്ടിച്ച് ഇടയ്ക്കിടെ തന്നെ നോക്കുന്നുണ്ട്. അത് ചുണ്ട് പിളർത്തി തനിക്കെന്തോ കാണിച്ചു തരുന്ന പോലെ . ചുണ്ടിൽ പിടയുന്നൊരു പുഴു. അല്പനിമിഷം മാത്രം . ഒരു ജീവൻ അകത്തേക്ക് വഴുതിപ്പോയി.
നിലത്ത് കമിഴ്ന്നു കിടന്നു സൂക്ഷിച്ചു നോക്കി. മണ്ണിൽ അനക്കങ്ങൾ . കോടാനുകോടി ജീവികൾ , അണുക്കൾ ഇവിടെ ജീവിക്കുന്നു.ഒരു കരിയിലയ്ക്ക് ചുവട്ടിൽ നിറയെ ചിതലുകൾ . കൊച്ചുറുമ്പുകൾ മുതൽ കണ്ണിനു ദൃശ്യമാവാത്ത എന്തൊക്കെയോ . എന്നാലും അറിയാം ഈ ചലനം.
ധൃതിപിടിച്ച് എഴുന്നേറ്റു. ഇടറിവീഴാൻ ഭാവിച്ചു.
അപ്പൊഴെന്തൊ താഴെയുള്ള കൊച്ചുവീട്ടിലെ കുഴിഞ്ഞ കണ്ണുകളുള്ള ആ സ്ത്രീയെ , എന്റെ അമ്മയെ വെറുതെ ഒന്നോർത്തുപോയി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...