വംശഭേതം


ധർമ്മരാജ് മടപ്പള്ളി

വീടുകളാണെങ്ങും
മരച്ചോട്ടിലും
പൂന്തോപ്പിലും
കുന്നിൻ പുറത്തും
നദീ മുഖത്തും.

ഉടുത്തൊരുങ്ങി നില്ക്കുന്നത്
കാണുമ്പോൾ തോന്നും
ഈ രാത്രി തന്നെ ഒളിച്ചോടുമെന്ന് !

ഒരു പക്ഷെ നല്ല ഇണകളെ
കിട്ടാത്തതു കൊണ്ടാവാം അവ
ഇങ്ങനെ മരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നത്
ചിലപ്പോൾ രാഹുകാലങ്ങള്ക്കു കാക്കുകയുമാവാം.

അയൽ പക്കത്ത് കാവി നിറമുള്ള
ഒരു വീടുണ്ട് കണ്ടാൽ തോന്നും
കാശിക്കാണെന്ന്...
അതിനപ്പുറം
പച്ചയുടെ ഹജ്ജിലേക്ക്‌...
കൊന്തയുടെ യെരുശലേമിലേക്ക്...

ഇടവഴികൾതിരിഞ്ഞു
ഇടത്തോട്ടു പോയാൽ
കൊല്ലപെട്ടവന്റെ
ഒരു കുടിലുണ്ട്.
മുറ്റത്തെ പ്ലാവിൻചോട്ടിൽ
ചോര പുരണ്ട ഒരു ചെരുപ്പ് ഇപ്പോഴും ഉണ്ട്.
അവൻഎന്നെങ്കിലും തിരിച്ചു വന്ന്
നടക്കാനിറങ്ങും എന്ന പ്രതീക്ഷയിൽ
അവന്റെ അമ്മ സൂക്ഷിക്കുന്നത് !

റബ്ബർ തൊട്ടത്തിനപ്പുറമാണ്
പീഡിപ്പിക്കപ്പെട്ടവളുടെ വീട്
അതിന്റെ ഒറ്റ വഴിയിലൂടെയാണ്
പോലീസ് നായ ഓടിപ്പോയത്.
പിറകെ അതിന്റെ സംവിധാനങ്ങളും,

മേല്പ്പറഞ്ഞ വീടുകളെല്ലാം
നീരീക്ഷണത്തിലാണ്.
ഇങ്ങനെ തുറിച്ചു നോക്കുമ്പോൾ
വീടുകള്ക്ക് വിഭ്രമം
ബാധിക്കുകയും അവ
'വീടല്ല വീടല്ല ഞങ്ങൾവീടുകളല്ല' എന്ന് ഉറക്കെ
വിളിച്ചു പറയാൻതുടങ്ങുകയും ചെയ്യുന്നു.

വീടുകൾഇങ്ങനെ പെരുമാരുകയാൽ
ഞാൻവീട് മാറി.
ഇപ്പോൾതാമസം
കുന്നിൻ ചെരുവിലെ
കാറ്റാടിയുടെ മരപ്പൊത്തിലാണ്.

മനുഷ്യർ ഇങ്ങനെയൊക്കെ
പെരുമാരുകയാൽ ഞാൻ ജൻമ്മവും മാറി
ഇപ്പോൾ ഞാനൊരു പൊന്മാനാണ്.
പോരുന്നോ എന്റെ കൂട്ടിലേക്ക്
എനിക്കൊരു ഇണയെ ആവശ്യമുണ്ട്
വീടും ജൻമ്മവും മാറിയവന്റെ
വംശം നിലനിർത്താൻ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ