സ്വാമി അവ്യയാനന്ദ
സ്വാനുഭവഗീതിയുടെ
ഉറവിടത്തിനു ചാരെ സാധകൻ തന്റെ തിരിച്ചറിവുകളുടെ കുടിൽ കുത്തി. ആ
ഗുരുവരത്തിന്റെ അപൂർവ്വജന്മരഹസ്യങ്ങളിൽ ഹൃദയമമർത്തി സാധകനൊരു നീണ്ട
യാത്രയാവാൻ കഴിഞ്ഞു. പലപ്പോഴും തുടർന്നെഴുതുവാനുള്ള ആത്മനിശ്ചയങ്ങൾ
പതറിപ്പോകുമ്പോൾ ഈ പാരിജാതത്തിന്റെ ദൃഢവിശ്വാസത്തിൽ സാധകൻ ഉയിർക്കാറുണ്ട്.
പുതിയൊരുഷസ്സുപോലെ.
പാരിജാതച്ചില്ലകളിലിരുന്നാടിയും
മുറ്റത്തെ തൈമാവിൽ വന്നിരുന്ന് പലപ്പോഴും സാധകനെ കൊതിപ്പിച്ചും
പറന്നുപോകുന്ന ചെറുപക്ഷികൾ. ഭൂമിയുടെ വർണ്ണമാകെ വഹിച്ചു പറന്നകന്ന ഈ
ചെറുപക്ഷികൾ മനുഷ്യവിധിയുമായി നമ്മെ ബന്ധിപ്പിക്കുന്ന ഈശ്വരീയതയുടെ
മനോഹരമായ ഒരു കളയായി സാധകനെ വന്ന് തൊട്ടു. ഈ വിധിവിസ്മയത്തിൽ മനുഷ്യനാകെ
ഭയരഹിതനായി നവീകരിക്കപ്പെടും. ആ നേരം അവനിലെ സകല ഭൗതികച്ചമയങ്ങളും
പൊഴിഞ്ഞുവീഴും.
സ്വാനുഭവഗീതിയിലെ 94-ാം പദ്യം ആത്മാവിന്റെ ആ അനശ്വരലാവണ്യം അനാവൃതമാക്കുന്നത് നോക്കൂ.
പോകും മണ്ണൊടു തീ നീ-
രോഹരിപോലെ മരുത്തിനൊടുവെളിയും
നാകമൊടൊരു നരകം പോ-
യേകമതായ് ഹാ! വിഴുങ്ങിയടിയനെ നീ!
മണ്ണ്,
തീയ്, വെള്ളം എന്നിവയും കാറ്റ്, ആകാശം ഇവയും ആത്മദർശനത്തിൽ ഭാഗം വച്ചു
പിരിയുന്നതുപോലെ പിരിഞ്ഞ് ഒഴിഞ്ഞുമാറും. സ്വർഗ്ഗവും നരകവും എല്ലാം അകളും.
ജീവനായി മാറിനിന്ന ഈ ഭക്തനെ പരമാത്മാവായ അവിടുന്ന് സ്വസ്വരൂപത്തിൽ
അലിയിച്ചു ചേർത്ത് എല്ലാം സത്യസ്വരൂപമായി, ഒന്നു മാത്രമായി
മാറിയിരിക്കുന്നു.
തന്റെ ഉപാസനാമൂർത്തിയിൽ
മനസ്സിനെ അർച്ചനാപുഷ്പമാക്കുവാനാണ് സാധകന്റെ ഈ പരമേശ്വര പൂജ. ഇടതടവില്ലാതെ
ഒന്നിൽത്തന്നെ മനസ്സിനെ നിർത്തുവാൻ കഴിയുന്നതാണ് പ്രധാനം.
അന്തരാത്മാവിലേക്ക് നോക്കാൻ ശ്രമിക്കലാണത്. അതിന് പുറം കണ്ണുകൾ പോര.
ആന്തരനയനം വേണം. നമ്മുടെ ദൈവികതയിലേക്കുള്ള പ്രയാണമാണത്. അത്
നമ്മുടേതല്ലാത്ത എല്ലാറ്റിനേയും വെട്ടിമാറ്റി നമ്മുടെ സ്ഥായിയായ ചൈതന്യത്തെ
മാത്രം ബാക്കി നിർത്തുന്നു. ഒരു ഭാഗം വെയ്ക്കലാണത്. അതേ, ഓഹരി കൊടുക്കൽ
തന്നെ. പഞ്ചഭൂതങ്ങൾ തുന്നിത്തന്ന ഈ പട്ടുകുപ്പായങ്ങളൊക്കെ നമുക്ക്
വീതംവച്ച് കൊടുക്കേണ്ടിവരും. 'പോകും മണ്ണൊടു തീ നീരോഹരിപോലെ' എന്ന
വരിനിരകളിലേക്ക് നമ്മുടെ ഊരിനെ ഇറക്കിക്കൊണ്ടുവരുവാൻ തോന്നിപ്പോകും.
അതിന്റെ ഇഴപ്പൊരുത്തം കണ്ടാൽ. ഉള്ളകം ശിവമയമാക്കിയ ഗുരുദേവന്
ഇത്തരത്തിലല്ലാതെ ഒരിക്കലും അക്ഷരങ്ങളെ മറ്റൊരു രീതിയിൽ അണിനിരത്തുവാൻ
കഴിയില്ല. ഇത് ഉയർന്ന ബോധതലത്തിലേക്ക് എത്തിച്ച് നമ്മുടെ
ജീവിതശൈലിയെത്തന്നെ പുതുക്കിപ്പണിയുന്നു. കൊച്ചുകൊച്ചുകാര്യങ്ങളെ അവഗണിച്ചു
തികച്ചും വലുതായ കാര്യങ്ങൾക്കായി മാത്രം പ്രയത്നിക്കാനുള്ള
പ്രാപ്തിയൊരുക്കും അത്.
ഉപാസനമൂർത്തിയായ
ശ്രീപരമേശ്വരനോടുള്ള മമത പുരോഗമിക്കുംതോറും മനസ്സിലെ അലകൾ ഇല്ലാതാകുന്നു.
നല്ലതുകളെപ്പറ്റി മാത്രമുള്ള ചിന്തയോടെ ചീത്തകൾ സ്വയം ഒഴിഞ്ഞുപോകുന്നു.
ശരിക്കും പറഞ്ഞാൽ ഓഹരി വാങ്ങി പിരിയുന്നു. ശുദ്ധമായ ഉപാസനയാകുന്ന അരിപ്പ്
നമ്മിലെ അഴുക്കുകളെ പിടിച്ചെടുക്കുന്നു. നാം ഇതിനകം പടുത്തുയർത്തിയ
അഹങ്കാരങ്ങളുടെ എടുപ്പുകൾ മാറുന്നതോടെ സദാ ചൊരിയപ്പെട്ടുകൊണ്ടിരിക്കുന്ന
ഈശ്വരകൃപ നമുക്ക് ലഭ്യമാകുന്നു. ആത്യന്തിക സന്തോഷ
സ്വാതന്ത്ര്യത്തിലേക്കുള്ള തങ്കത്താക്കോലാണ് ശിവോപാസന. അതിലൂടെ നമുക്ക്
ഉള്ളിന്റെയുള്ളിലെ ഈശ്വരീയതയെ സ്വയംവരിക്കാം. തുടർന്നുണ്ടാകുന്ന
സ്വാനുഭൂതിയിൽ എല്ലാ അസ്വസ്ഥതകളും അലിഞ്ഞില്ലാതാകും. പരമാത്മ ചൈതന്യമായ
ശ്രീപരമേശ്വരനെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ നാം ഭഗവാന്റെ
ശ്രീകൈലാസത്തിലേക്ക് താനെ ഉയർന്നുകൊണ്ടിരിക്കും. വഴിയെ ഭഗവാനല്ലാതെ
മറ്റൊന്നുമില്ലെന്ന അവസ്ഥ കൈവരും. അനന്തശക്തിയിൽ സ്വഭാവം ഉറയ്ക്കുന്നതോടെ
ഭഗവാന്റെ ഭാവദീപ്തികൾ കുറേയൊക്കെ ഉപാസകനിലും പ്രകാശിക്കും.
ജീവാത്മ-പരമാത്മ
ഐക്യമെന്നെല്ലാം പറയും. ഉപാസകൻ മെല്ലെ മെല്ലെ നിശബ്ദതയുടെ
ഉദ്യാനത്തിലെത്തും. അലട്ടുവാൻ ആഗ്രഹങ്ങളില്ലാത്ത അന്തഃകരണം ഒരു
തുടച്ചുമിനുക്കിയ കണ്ണാടിപോലെ. ഇതിൽ നിറയെ സാക്ഷാൽ ശ്രീപരമേശ്വരൻ
തിളങ്ങിനിൽക്കും.
ആത്മാവിലന്തർലീനമായ
നമ്മുടെ സ്വത്വത്തിന് വിഷാദങ്ങളേയും പിരിമുറുക്കങ്ങളേയും ശമിപ്പിക്കാൻ
എളുപ്പം കഴിയും. അതിലെ നിശബ്ദതയിൽ 'ഞാനും എന്റേയും' തീർത്തും
നിഷ്കാസിതമാകും. ഇതേവരെ നമ്മിൽ ഒളിഞ്ഞുകിടന്നിരുന്ന ആത്മീയശക്തികളെ ഈ ഉപാസന
ഉത്തേജിപ്പിക്കും. അവ അന്തരാത്മാവിൽ നിന്നുംവരുന്ന നിർദ്ദേശങ്ങളെ
വ്യക്തമാക്കിത്തരും. പ്രാർത്ഥനയിൽ നാം ഈശ്വരനോട് സംസാരിക്കുന്നു.
ഉപാസനാവേളയിൽ നാം ഭഗവാൻ പറയുന്നത് കേൾക്കുന്നു. ഭഗവാനുമായി തുറന്നു
കിട്ടുന്ന ബന്ധം നമ്മിലെ സകല പരിമിതികളും പരിഹരിച്ചില്ലാതാക്കുന്നു.
വെളിയിലേക്ക്
പ്രവഹിച്ചലയാൻ ഏതു സമയവും വെമ്പുന്ന മനസ്സിനെ വരുതിയിലാക്കാൻ പറ്റുന്ന ഏക
മാർഗ്ഗമാണ് ശിവോപാസന. സദാ സർവ്വത്ര ശിവസ്മരണ പുതുക്കിനിലനിർത്തുക
എന്നതാണ് ശരിയായ ഉപാസന. ഇവിടെ ഏകാന്തമായ ഒറ്റപ്പെടലല്ല സംഭവിക്കുന്നത്.
ഭഗവാനോട് ഹൃദയം പങ്കിടുന്ന അനർഘനിമിഷങ്ങൾ ആസ്വദിക്കലാണ്. ഏത് കർമ്മവും
ഭഗവൽസേവയായി, ആഹരിക്കുന്നതെന്തും അവിടുത്തെ നിവേദ്യമായി, നടക്കുന്നതെല്ലാം
പ്രദക്ഷിണമായി, കിടക്കുന്നത് നമസ്കാരമായി, സംസാരിക്കുന്നത് കീർത്തനമായി
കരുതിയാൽ അത് തൈലധാരപോലെ ശുദ്ധോപാസനയായി.
ശിവോപാസകർക്ക് മൂന്നു
പടവുകളുണ്ട്. ഒന്ന്, നിത്യത്തേയും അനിത്യത്തേയും വേർതിരിച്ചറിയൽ. രണ്ട്,
അനിത്യത്തിൽ നിന്ന് വൈരാഗ്യത്തിലൂടെ പിൻതിരിയൽ. മൂന്ന്,
ആത്മാവുമായൊന്നിക്കൽ. സംസാരസാഗരം കടക്കാൻ ഉപാസനയിലെ ഏകാഗ്രത എന്ന ഒരൊറ്റ
പാലമേയുള്ളൂ. ആ പാലം നമ്മൾ തന്നെ മനസാ സമർപ്പിച്ചു കെട്ടിയുണ്ടാക്കണം. അതിൽ
അഹം കയറി വരരുത്. വന്നാൽ പാലം താഴ്‌ന്നു പോയേക്കും.
അഹം ഇല്ലാത്ത
അവസ്ഥയിലുള്ള ഏകാഗ്രതയാണ് ഈശ്വരനിലേക്കുള്ള പാലം. കല്ലും കമ്പിയും
കൊണ്ടുള്ളതല്ല. ഏകാഗ്രതക്കെന്തു വേണം? ശ്രദ്ധ വേണം. അങ്ങോട്ടു പോയാൽ
അപകടമാണെന്നറിഞ്ഞാൽ പോക്ക് ഒഴിവാക്കാം. ശ്രദ്ധിച്ചു നീങ്ങാം. നിരന്തരമായി
ചിന്തിച്ച് നിത്യാനിത്യം മനസ്സിലാകുമ്പോൾ ഈശ്വരനിൽ മനസ്സ് ഏകാഗ്രമാകും.
അത് പിന്നെ മറ്റെങ്ങും പോകില്ല.
കഷ്ടപ്പാട് സഹിക്കാതെ
ഇത്തരം നേട്ടങ്ങൾ കൈവരിക്കാനാവില്ല. മനുഷ്യൻ ജന്മനാ അപൂർണ്ണനാണ്.
ഈശ്വരസ്മരണയും ഏകാഗ്രതയും ഉപാസനയും മറ്റും അവനെ വളരാൻ സഹായിക്കുന്നു. കേവലം
ഒരു സാധാരണക്കാരന് ഇത്തരം ഉപാസന സാധ്യമാണോ? അതിന് അവൻ അവകാശിയാണോ? ഈ
സന്ദേഹം സാരമാക്കേണ്ടതില്ല.
തീവണ്ടിയിലേക്ക്
കാലെടുത്തുവെക്കുന്നതിനിടെ ഗാന്ധിജിയുടെ ഒരു കാലിലെ ഷൂ വഴുതി
പാളത്തിലേക്ക് പതിച്ചു.അത് തിരിച്ചെടുക്കുവാൻ അദ്ദേഹം
ശ്രമിക്കുമ്പോഴേക്കും വണ്ടി ചൂളമടിച്ചു പതുക്കെ നീങ്ങാൻ തുടങ്ങി. ഷൂ
വീണ്ടെടുക്കാനുള്ള ശ്രമത്തിൽ നിന്ന് പെട്ടെന്നദ്ദേഹം പിൻവാങ്ങി. വണ്ടി
വേഗമാർജ്ജിക്കുന്നതിനു മുമ്പേ തന്നെ അവശേഷിച്ചിരുന്നതുകൂടി അദ്ദേഹം
പൊടുന്നനെ ഊരിയെടുത്ത് റെയിൽപാളത്തിൽ അതിന്റെ ജോഡി കിടന്നിരുന്ന സ്ഥലം
ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു. എന്തിനാണ് കാലിലുള്ളതും വലിച്ചെറിഞ്ഞതെന്ന
ഒരു സുഹൃത്തിന്റെ ചോദ്യത്തിനുള്ള മഹാത്മജിയുടെ മറുപടി
ഇപ്രകാരമായിരുന്നു.'ഏതെങ്കിലും ഒരു ദരിദ്രൻ പാളത്തിൽ കിടക്കുന്ന ഒരു ഷൂ
കാണുവാൻ ഇടവരികയാണെങ്കിൽ തീർച്ചയായും അതിന്റെ ജോഡി കൂടി
കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയില്ലേ?'
ദരിദ്രന്റെ മനസ്സ്
വായിക്കാൻ തിരിച്ചറിയുക വഴി ഷൂസിന്റെ നഷ്ടം മഹാത്മജിയെ ഒന്നുകൂടി
സമ്പന്നനാക്കുകയാണ്. വലിയ പ്രാധാന്യമൊന്നും പ്രത്യക്ഷത്തിലില്ലാത്ത ഒരു
ജോഡി ഷൂവിന് പുതിയൊരർത്ഥം പകർന്നു നൽകുകയാണ് ഗാന്ധിജിയുടെ പ്രവൃത്തി. ഒരു
കാലിലെ അവശേഷിക്കുന്ന ഷൂ ഇനി എന്തുചെയ്യണമെന്ന തീരുമാനം
നിമിഷാർധത്തിനുള്ളിൽ എടുക്കുവാനുള്ള അനന്യമായ കഴിവുകൂടിയാണ് മോഹൻദാസിനെ
മഹാത്മജിയാക്കിയത്. ഒന്നാലോചിച്ചുനോക്കൂ. ഞാനൊരു വക്കീലാണെന്ന
തിരിച്ചറിവാണ് ഗാന്ധിജി നേടിയിരുന്നതെങ്കിൽ! തറവാട് കൃഷിയിടം നോക്കി
നടത്താനായി അമ്മ പറഞ്ഞുവിട്ട സർ ഐസക് ന്യൂട്ടൺ താനൊരു കർഷകനാണെന്ന
തിരിച്ചറിവാണ് നേടിയിരുന്നതെങ്കിൽ! ലോകം കണ്ട ഏറ്റവും മഹാനായ
ജനനേതാവിനേയും വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾ നടത്തി ചരിത്രം സൃഷ്ടിച്ച
മഹാശാസ്ത്രജ്ഞനേയും ആയിരിക്കില്ലേ ലോകത്തിന് നഷ്ടമായിട്ടുണ്ടാവുക.
ആഴങ്ങളിൽ മുങ്ങി സ്വന്തം
വ്യക്തിത്വം കണ്ടെടുക്കുന്നവരാണ് മഹത്തുക്കൾ. മഹാവ്യക്തിത്വം വെളിച്ചം
വിതറുന്നത് ജീവിതത്തിലെ വലിയ സാധ്യതകളിലേക്കാണ്. അത്
വെട്ടിത്തെളിക്കുന്നത് ഒരുപാട് കർമ്മപഥങ്ങളാണ്. ഒളിഞ്ഞു കിടക്കുന്ന
സ്വന്തം കഴിവുകളിലേക്ക് സ്വയം നയിക്കുന്ന ഒരു തീർത്ഥയാത്ര. സാധ്യതകളുടെ
വിത്തുകളെന്നപോലെ കഴിവുകൾ നമ്മിൽ ആണ്ടുകിടക്കുന്നു. കണ്ടെത്തി
പരിപാലിക്കുന്നതോടുകൂടി അവ തളിരെടുക്കുകയും പൂവിടുകയും ചെയ്യുന്നു.
ശിവോപാസനയിലൂടെ മുകളിൽ
തെളിഞ്ഞുകണ്ട ഏകാഗ്രതയും ശ്രദ്ധയും തന്നെയാണ് തെളിഞ്ഞുവരുന്നത്.
ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളിൽ ഇത്തരം നിരവധി മുഹൂർത്തങ്ങൾ
കടന്നുവന്നിട്ടുണ്ട്. അവിടെ എല്ലാം മഹാത്മജി തന്റെ ജീവിതോപാസന നിർവിഘ്നം
തുടർന്നുപോവുന്നു. ശരിയായ വ്യക്തിത്വം തന്നെ ദേവത്വവും. നമ്മുടെ
ഉള്ളിന്റെയുള്ളിൽ സ്വയം മെനഞ്ഞെടുക്കുന്ന ഒരു സപര്യയായ ഇതിനെ തടയാൻ ആർക്കും
അവകാശമില്ല. ആരുടേയും സമ്മതിപത്രവും ഇതിനാവശ്യമില്ല. പരിഹാരലഭ്യത വരെ
നിർബാധം തുടർന്നു അറിവും ഓജസ്സും നേടി ജീവിതവിജയം നേടാം. ഏവർക്കുമുള്ള
കഴിവും സാമാന്യബുദ്ധിയും മാത്രമേ ഇതിനും വേണ്ടതുള്ളു. ധനമോ പാണ്ഡിത്യമോ
സംഘബലമോ ഒന്നും ആവശ്യമില്ല.
ഭൗതികാവശ്യങ്ങൾക്കും
ആത്മീയാന്വേഷണങ്ങൾക്കും ഒരുപോലെ ഉപയുക്തമാകുന്ന ഉപാധിയാണ് ഉപാസന.
വിശ്വാസവും സ്നേഹവും നിറച്ച് മനസ്സിനെ പുഷ്ടിപ്പെടുത്തിയാൽ ഉപാസന
തീർച്ചയായും വളർന്ന് പന്തലിക്കും. സ്വന്തം വിചാരങ്ങൾ തന്നെയാണ്
ദുഃഖത്തിനും സന്തോഷത്തിനും കാരണം. ദുഃഖത്തിൽ മുഴുകിയാൽ ദുഃഖം
മാറിത്തരികയില്ല. സദാ ആനന്ദത്തെ പറ്റി ചിന്തിക്കാൻ കഴിഞ്ഞാൽ ദുഃഖത്തിന്റെ
പ്രസക്തി ഇല്ലാതാകും. ആനന്ദമാണ് മനുഷ്യന്റെ സഹജസ്വഭാവം. അതിൽ
വേരുറപ്പിച്ച് ദുഃഖത്തെ കീഴടക്കലാണ് ശിവോപാസനയിലൂടെയുള്ള ആത്മീയസാധന.
അതിനായി ജീവിതത്തിലെ നല്ല കാര്യങ്ങളെ മാത്രം മനസ്സിൽ ബാക്കി നിർത്തുക.
പ്രസന്നമായ മുഖം, നല്ല
വാക്ക്, കാരുണ്യം നിറഞ്ഞ നോട്ടം എന്നിവ നിത്യോപാസനയിൽ നിറക്കൂട്ടുകളും
കൂടപ്പിറപ്പുകളുമാകുമ്പോൾ ആനന്ദമെന്നത് ആർക്കും ഓഹരി വച്ചു
പിരിയാനുള്ളതല്ലെന്നു ബോധ്യമാകും.
അഹന്തയെ പമ്പകടത്തി
സുഖദുഃഖകടലലകളിൽ മുങ്ങിത്താഴാതെ അവയുമായൊന്നിച്ച് നീങ്ങി ജീവിത യാത്ര
സുഗമമാക്കിത്തീർക്കാൻ ഏതൊരാളിനേയും ശക്തനാക്കുന്ന ഒരു സുഹൃത് സഹായിയാണ്
അവിരാമമായ ശിവോപാസന.