ശ്രീജിത്ത് മൂത്തേടത്ത്
![]() |
മുളങ്ങ് നിവാസികള്‍ പ്രകടനം നടത്തുന്നു |
തൃശൂര്‍
ജില്ലയിലെ പറപ്പൂക്കര
പഞ്ചായത്തിലെ മുളങ്ങ്
ഗ്രാമത്തിലെ ജനങ്ങള്‍
ജീവന്‍മരണപ്പോരാട്ടത്തിലാണ്.
ഗുരുതരമായൊരു
അത്യാഹിതത്തിനുമുന്നില്‍
ചോദ്യചിഹ്നമായി നില്‍ക്കേണ്ടിവരികയാണ്
ഈ ജനത. ഉറക്കെ
നിലവിളിക്കുകയല്ലാതെ
മറ്റൊന്നിനുമാവില്ലെന്നതുപോലൊരു
നിസ്സഹായാവസ്ഥയിലാണ് ഇവിടുത്തെ
സ്ത്രീകളും കുട്ടികളും.
അനുഭവിക്കുന്ന
ഘോരമായ രാസമാലിന്യാഘാതത്തെ
ചെറുക്കാന്‍ മാര്ഗ്ഗമില്ലാത്ത
അബലജനത എന്തുചെയ്യും? ഈയൊരു
നിസ്സഹയായാവസ്ഥയില്‍ നിന്നാണ്
മുളങ്ങില്‍ ഗ്രാമജനത തങ്ങളുടെ
ജീവന്‍ ഹനിക്കുന്ന രാസമാലിന്യം
പുറന്തള്ളുന്ന ഫാക്ടറിക്കെതിരെ
മരണംവരെ നിരാഹാരസമരം
പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ലേഖനമെഴുതുന്ന
ദിവസം നിരാഹാരസമരം 23 ദിവസമാണ്.
ഈ ഗ്രാമത്തിലെ
മുഴുവന്‍ ജനതയുടെയും ജീവന്‍
അപകടത്തിലാക്കിക്കൊണ്ട്
അതിമാരകമായ രാസമാലിന്യങ്ങള്‍
പുറന്തള്ളുന്ന അലൂമിനിയം
ഫാക്ടറി, നിയമത്തെയും
നീതിയെയും വെല്ലുവിളിച്ചുകൊണ്ട്
ഒരു കൂസലുമില്ലാതെ
പ്രവര്‍ത്തിക്കുന്നു.
പേരിനൊരു പഞ്ചായത്തു
ലൈസന്‍സുപോലും ഈ ഫാക്ടറിക്കില്ലെന്നതാണ്
ആശ്ചര്യകരം. രാജ്യത്തെ
നിയമസംവിധാനങ്ങളെ മുഴുവന്‍
നോക്കുകുത്തികളാക്കിക്കൊണ്ടു
പ്രവര്‍ത്തിക്കുന്ന കൊലയാളി
ഫാക്ടറിയെ, ജനങ്ങള്‍
ഇടതിങ്ങിത്താമസിക്കുന്ന
പ്രദേശത്തു സ്ഥാപിക്കുവാനാവശ്യമായ
ഒത്താശകള്‍ ചെയ്തുകൊടുത്തതാവട്ടെ
ജനപ്രതിനിധിയായ ബഹുമാനപ്പെട്ട
പഞ്ചായത്തുപ്രസിഡണ്ടും.
ഇതുപോലൊരു വൈരുദ്ധ്യം
ലോകത്തെവിടെയെങ്കിലും
കാണുവാന്‍ കഴിയുമോയെന്ന
കാര്യ സംശയമാണ്.
ജനകീയ
സമരങ്ങള്‍ക്കു പേരുകേട്ട
ജില്ലയാണ് തൃശൂര്‍. ലാലൂര്‍
എന്ന ഗ്രാമത്തിലെ
മാലിന്യനിക്ഷേപത്തിനെതിരെ
നടന്ന സമരവും, കാതിക്കുടത്തെ
നിറ്റാജലാറ്റിന്‍ വിരുദ്ധ
സമരവും, പാലിയേക്കര
ടോള്‍ പ്ലാസ വിരുദ്ധസമരവും,
മുനിയാട്ടുകുന്ന്
മുനിയറ സംരക്ഷണസമരവും,
പല്ലിശ്ശേരി കായല്‍
കൃഷിഭൂമി സംരക്ഷണസമരവും,
മുരിയാട്ടുകായല്‍
സംരക്ഷണസമരവും എല്ലാം തൃശൂര്‍
ജില്ലയിലാണ് നടന്നുവരുന്നത്.
ഈ സമരങ്ങളോടെല്ലാം
കാണിക്കുന്ന നിഷേധസ്വഭാവമാണ്
ഇപ്പോള്‍ മുളങ്ങ് ഗ്രാമത്തോടും
സര്‍ക്കാര്‍ കാണിക്കുന്നത്.
ജനങ്ങള്‍
ശ്വാസംമുട്ടിപ്പിടയുമ്പോള്‍
അത് വെറുമൊരു ജനകീയ സമരമല്ലേയെന്ന
നിസ്സംഗാവസ്ഥ! തങ്ങളെ
അധികാരത്തിന്‍ അപ്പക്കഷണം
നുകരാന്‍ തെരഞ്ഞെടുത്തത് ഈ
ജനങ്ങള്‍ തന്നെയാണെന്ന സത്യം
രാഷ്ട്രീയപ്പാര്‍ട്ടി
നേതാക്കളും,
അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും
മറന്നുപോവുന്നു . അല്ലെങ്കില്‍
തങ്ങള്‍ക്കു ലഭിക്കുന്ന
സര്‍ക്കാര്‍ ശമ്പളം തങ്ങളുടെ
തറവാട്ടുസ്വത്തില്‍നിന്നെടുത്തു
തരുന്നതല്ലെന്നും, ഈ
ജനങ്ങള്‍ നല്‍കുന്ന നികുതിയില്‍
നിന്നുമാണെന്നും ഉദ്യോഗസ്ഥ
ദുഷ് പ്രഭുത്വവും മറന്നുപോവുന്നു.
![]() |
സമരവുമായിബന്ധപ്പെട്ട് പത്രത്തില്‍വന്ന വാര്‍ത്തകള്‍ |
വെറും
രണ്ടുവര്‍ഷം മുമ്പുമാത്രം
സ്ഥാപിതമായ മുളങ്ങിലെ
സൗപര്‍ണ്ണിക അലൂമിനിയം ഷീറ്റ്
ഫാക്ടറിക്കുമുന്നില്‍
മുളങ്ങുജനത ശ്വാസംമുട്ടിപ്പിടയുകയാണ്.
ഈ ചുരുങ്ങിയ
കാലയളവിനുള്ളില്‍ പ്രദേശത്തെ
നിരവധിയാളുകളെ കമ്പനി
രോഗികളാക്കിമാറ്റിക്കഴിഞ്ഞു.
സ്വച്ഛമായ ഗ്രാമപ്രദേശത്തെ
ജനങ്ങള്‍ ഇപ്പോള്‍
പുറത്തിറങ്ങിനടക്കുന്നത്
മാസ്ക് ധരിച്ചുകൊണ്ടാണെന്നത്
രാസമാലിന്യം പുറന്തള്ളുന്ന
കമ്പനി സൃഷ്ടിക്കുന്ന
ഭീകരാവസ്ഥയ്ക്ക് സാക്ഷ്യമാണ്.
ഗത്യന്തരമില്ലാതെ
കൊലയാളി ഫാക്ടറിക്കെതിരെ
ഗ്രാമവാസികള്‍ സംഘടിക്കുകയായിരുന്നു.
കക്ഷിരാഷ്ട്രീയ
ഭേദമില്ലാതെ, മുളങ്ങ്
പൗരസമിതിയുടെ നേതൃത്വത്തില്‍
കമ്പനി അടച്ചുപൂട്ടാനാവശ്യപ്പെട്ടുകൊണ്ടുള്ള
സമരപരിപാടികള്‍ ആരംഭിച്ചു .
നിരാഹാരസമരം
ഇരുപത്തിമൂന്നു ദിവസം
പിന്നിട്ടിട്ടും ബന്ധപ്പെട്ട
അധികാരികള്‍ക്ക് ഒരു
കൂസലുമില്ലെന്നത് ഞെട്ടിപ്പിക്കുന്ന
യാഥാര്‍ത്ഥ്യമാണ്.
മതിയായ
കെട്ടിട സൗകര്യങ്ങളില്ലാതെയാണ്
ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ഇവിടെ നേരത്തെ
പ്രവര്‍ത്തിച്ചിരുന്ന ഒരു
ഓയില്‍ മില്‍ കെട്ടിടത്തിലാണ്
മാരകമായ രാസവിഷ മാലിന്യങ്ങള്‍
പുറന്തള്ളുന്ന ഫാക്ടറി
പ്രവര്‍ത്തിക്കുന്നത്.
അലൂമിനിയം ഷീറ്റുകള്‍
നിര്‍മ്മിച്ച്, അനൊഡൈസിംഗ്,
പൗഡര്‍ കോട്ടിംഗ്,
മുതലായ പ്രവര്‍ത്തനങ്ങള്‍
ചെയ്യുന്ന കമ്പനി വാതകരൂപത്തിലും,
ദ്രാവകരൂപത്തിലും
മാരകമായ രാസമാലിന്യങ്ങള്‍
പുറന്തള്ളുകയാണ്. അലൂമിനിയം
ഹൈഡ്രോക്സൈഡ്, അലൂമിനിയം
ക്ലോറൈഡ്, അലൂമിനിയം
നൈട്രേറ്റ്, അലൂമിനിയം
അമോണിയ, ഡിസ്ഗ്രേഡഡ്
സള്‍ഫ്യൂറിക് ആസിഡ്,
കാര്‍ബണ്‍ ഡയോക്സൈഡ്
എന്നിവയ്ക്കുപുറമെ, DYE
സീലന്റ്, സോള്‍വെന്റ്,
ക്ളീനേഴ്സ്
തുടങ്ങിയവയുമായി
പ്രതിപ്രവര്‍ത്തിച്ചുണ്ടാവുന്ന
വിവിധയിനം രാസമാലിന്യങ്ങളും
അന്തരീക്ഷവായുവിനെയും,
മണ്ണിനെയും വെള്ളത്തെയും
മലീമസമാക്കുന്നു.
കിണറുകളില്‍
കറുത്ത ജലം
കുറഞ്ഞകാലത്തെ
പ്രവര്‍ത്തനംകൊണ്ടുമാത്രം
കമ്പനിക്കു തൊട്ടടുത്ത
വീടുകളിലെ കിണറുകളിലെ ജലം
കറുത്തതായി മാറിയെന്നത്
ഞെട്ടിപ്പിക്കുന്നതാണ്.
കമ്പനി
പ്രദേശത്തിനടുത്തു കൃഷിചെയ്തിരുന്ന
വാഴകളൊക്കെ അഴുകി നശിച്ചു.
തെങ്ങുകള്‍ക്കും,
കമുങ്ങുകള്‍ക്കുമൊക്കെ
മഞ്ഞനിറം ബാധിച്ചു മൃതപ്രായമായി
നില്‍ക്കുന്നു.
പ്രദേശത്ത്
കാക്കകള്‍ ഒരു കാരണവുമില്ലാതെ
ചത്തുവീഴുന്നുവെന്നതും
ദയനീയമായ കാഴ്ചയാണ്.
കഴിഞ്ഞവര്‍ഷംവരെ
ഇവിടുത്തെ ചതുപ്പുകളില്‍
ഡിസംബര്‍, ജനുവരി
മാസങ്ങളിലെത്തിക്കൊണ്ടിരുന്ന
ദൈശാടനപക്ഷികള്‍ ഈ വര്‍ഷമെത്തിയില്ല.
തെരുവുനായ്ക്കള്‍
പോലും എവിടെയോ പോയ് മറഞഞു.
ഇത്രയും
ഭീകരമായ, ഭയാനകമായ
പരിതസ്ഥിതിയിലാണ്
കിടപ്പാടമുപേക്ഷിച്ചെങ്ങോട്ടുപോകുമെന്ന
ചോദ്യചിഹ്നമായി ഒരുകൂട്ടം
മനുഷ്യര്‍ മരണവുമായി മല്ലടിച്ചു
ജീവിക്കുന്നത് .
സമരത്തിനു
നേരെ രാസാക്രമണം.
കഴിഞ്ഞയാഴ്ച
നിരാഹാരസമരം 14 ദിവസം
പിന്നിടുമ്പോള് സമരത്തിന്
ഐക്യദാര്‍ഢ്യവുമായെത്തി ഈ
ലേഖകന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ്
കമ്പനി എക്സോസ്റ്റ് ഫാന്‍
പ്രവര്‍ത്തിപ്പിച്ച് ഒരുതരം
ദുര്‍ഗന്ധമുണ്ടാക്കുന്ന
പൊടിയും പുകയും പുറത്തേക്കു
തള്ളിയത് . സമരത്തില്‍
പങ്കെടുത്തുകൊണ്ടിരുന്ന
പതിനാലുവയസ്സുകാരന്‍ തല്‍ക്ഷണം
കുഴഞ്ഞുവീണു.
സ്ത്രീകളും
കുട്ടികളുമടങ്ങുന്ന ജനങ്ങള്‍
നിലവിളിയുയര്‍ത്തിയപ്പോഴാണ്
ഫാന്‍ ഓഫ് ചെയ്തതും,
പുക
പുറന്തള്ളുന്നതു നിര്‍ത്തിയതും.
ഫാക്ടറി
തൊഴിലാളികള്‍ അന്യനാട്ടുകാരായ
ബംഗാളികള്‍ ആയതുകൊണ്ട് അവര്‍
ഈയൊരാരോഗ്യപ്രശ്നത്തെക്കുറിച്ച്
ബോധവാന്‍മാരല്ല.
എങ്കിലും
ഇടക്കിടെ കമ്പനിവക വാഹനത്തില്‍
തൊഴിലാളികളെ ആശുപത്രിയിലേക്കു
കൊണ്ടുപോകുന്നത് തൊഴിലാളികള്‍ക്കിടയിലും
ആരോഗ്യപ്രശ്നങ്ങളുണ്ടെന്നതിന്
തെളിവാണ്.
കമ്പനിയുടെ
പ്രവര്‍ത്തനാരംഭത്തില്‍
കമ്പനിയുമായി സഹകരിച്ചു
പ്രവര്‍ത്തിച്ചിരുന്ന
പറപ്പൂക്കര പഞ്ചായത്ത്
പ്രസിഡണ്ട് പി. കെ.
പ്രസാദ്
ജനവികാരം മനസ്സിലാക്കി
സമരത്തിനനുകൂലമാണിപ്പോള്‍.
ജനങ്ങള്‍ക്ക്
തൊഴില്‍ ലഭിക്കുമെന്നു
കരുതിയാണ് താന്‍ കമ്പനി
സ്ഥാപിക്കുന്നതിന് സഹായം
ചെയ്തുകൊടുത്തതെന്നും,
അതു സൃഷ്ടിക്കുന്ന
ഭവിഷ്യത്തുകളെക്കുറിച്ച്
താന്‍ ബോധവാനായിരുന്നില്ലെന്നുമാണ്
അദ്ദേഹം പറയുന്നത്.
പഞ്ചായത്ത്
കമ്പനി അടച്ചുപൂട്ടാനുള്ള
സ്റ്റോപ്പ് മെമ്മോ കൊടുത്തുവെങ്കിലും
കമ്പനി അധികൃതര്‍ അതു
കണക്കിലെടുക്കുന്നില്ല.
പോലീസില്‍
നല്‍കിയ പരാതിയനുസരിച്ച്
ചേര്‍പ്പ് സി.ഐ.
യുടെ
നേതൃത്വത്തിലെത്തിയ പോലീസ്
സംഘം കമ്പനി അടച്ചുപൂട്ടിയെങ്കിലും
ഒരാഴ്ചയ്ക്കകം വീണ്ടും തുറന്നു
പ്രവര്‍ത്തിക്കുകയാണുണ്ടായത്.
കോടതിയെ
സമീപിച്ച കമ്പനി അധികൃതര്‍
കേസ് തീര്‍പ്പാവുന്നതുവരെ
തത്സ്ഥിതി തുടരാനുള്ള ഉത്തരവ്
സമ്പാദിച്ച് അതിന്റെ മറവില്‍
പ്രവര്‍ത്തനം തുടരുകയാണ്.
പോലീസ്
അധികൃതരാവട്ടെ കേസ് കോടതിയാലാണെന്ന
ന്യായം പറഞ്ഞ് കയ്യും കെട്ടി
നോക്കി നില്‍ക്കുന്നു.
പഞ്ചായത്തിന്റെ
ലൈസന്‍സുപോലുമില്ലാതെ,
ഒരു തരത്തിലുമുള്ള
മലിനീകരണനിയന്ത്രണ ഉപാധിയുമില്ലാതെ,
തൊട്ടടുത്ത
തോട്ടിലും കനാലിലും മാലിന്യം
നിക്ഷേപിച്ച് പ്രവര്‍ത്തിക്കുന്ന
അത്യന്തം ഭീകരാവസ്ഥ സൃഷ്ടിക്കുന്ന
കമ്പനിയെ നിയന്ത്രിക്കാനും
മരണപ്പിടച്ചില്‍ പിടയുന്ന
ഗ്രാമജനതയുടെ ദീനരോദനങ്ങള്‍
കേള്‍ക്കാനും അധികൃതര്‍
തയ്യാറാവുന്നില്ലെന്നിരിക്കെ,
ജനങ്ങള്‍
അന്തിമ സമരത്തിനൊരുങ്ങുകയാണ്.
എല്ലാ പ്രകൃതി
സ്നേഹികളുടെയും,
മനുഷ്യസ്നേഹികളുടെയും
പിന്തുണ ഈ ജീവന്‍മരണപ്പോരാട്ടത്തിനായര്‍ത്ഥിക്കുന്നു .
ബന്ധപ്പെടേണ്ട
നമ്പറുകള്‍ :
Shri.Rajan (president, pourasamithy) : +919995891640
Shri. Sandeep (co-ordinator, samara samithy) :
+919447381334