25 Feb 2014

ജനകീയ സംഗീതസംവിധായകനായ രാഘൻമാഷ്‌

പ്രഭാവർമ്മ
രാഘവൻ മാഷിന്റെ സ്മരണ മുൻനിർത്തിയുള്ള കാലമാണിത്‌. രാഘവൻ മാഷ്‌ എത്രയോ പതിറ്റാണ്ടുകളായി നമ്മുടെ മനസ്സിനെ, നമ്മുടെ ബോധത്തെ സ്പന്ദിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വമാണ്‌. ചില ദിവസങ്ങൾകൂടി അദ്ദേഹം ജീവിച്ചിരുന്നുവേങ്കിൽ നൂറ്റാണ്ടു തികയ്ക്കുമായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തെ അനുസ്മരിക്കുന്നതിൽ കെ.പി.എ.സി കാണിച്ച ഔചിത്യത്തെ വളരെ ബഹുമാനത്തോടെ കാണുന്നു. നമ്മുടെ കേരളത്തെ ഇന്നു കാണുന്ന വിധത്തിലുള്ള കേരളമാക്കി മാറ്റുന്നതിന്‌, അതിനുവേണ്ട നവോത്ഥാനപരമായ ഊർജ്ജവും ഉള്ളടക്കവും നൽകുന്നതിന്‌ രാഷ്ട്രീയ സാംസ്കാരിക ത്വരയോടെ പ്രവർത്തിച്ച മഹാപ്രസ്ഥാനത്തിന്റെ വേദിയാണിത്‌. ഇവിടെനിന്ന്‌ രാഘവൻമാഷിനെ ഓർമ്മിക്കുമ്പോൾ നിരവധി മഹാവ്യക്തിത്വങ്ങൾകൂടി നമ്മുടെ മനസ്സിലേക്ക്‌ കടന്നുവരുന്നു. കാമ്പിശ്ശേരിയുണ്ട്‌, അഡ്വ.ജനാർദ്ദനക്കുറുപ്പുണ്ട്‌, തോപ്പിൽഭാസിയുണ്ട്‌, വയലാർ ഉണ്ട്‌, ദേവരാജൻമാഷുണ്ട്‌. അങ്ങനെ നിരവധിപ്പേരുണ്ട്‌. ഇവരുടെയൊക്കെ സാംസ്കാരിക ജീവിതചൈതന്യം, ഇവരുടെ മരണശേഷവും ഈ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നു എന്നുള്ളതാണ്‌ ഇവിടേക്ക്‌ വരുവാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഒരു വിശ്വാസി ദേവാലയത്തിലേക്കു പോകുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥയിലാണ്‌. ചെരുപ്പ്‌ ഊരിവച്ചിട്ട്‌ അകത്തേക്കു കടക്കേണ്ടുന്ന ഇടമാണ്‌. 

നമ്മുടെ കേരളത്തെ ഈവിധത്തിൽ മാറ്റിയെടുത്തതിനെക്കുറിച്ച്‌ ഞാൻ പറഞ്ഞു. കേരളം എങ്ങനെ മാറി എന്നു ഓർമ്മിക്കുമ്പോൾ അതുമായി ബന്ധപ്പെടുത്തിക്കൊണ്ടുതന്നെ നമ്മൾ ഓർമ്മിക്കേണ്ടവരിൽ മുൻനിരയിലാണ്‌ രാഘവൻമാഷിനെപ്പോലുള്ളവരുടെ സ്ഥാനം. പുതിയ തലമുറയ്ക്ക്‌ അറിയാത്ത ഒരു കേരളമുണ്ടായിരുന്നു. ആ കേരളത്തെ മാറ്റിയെടുക്കുന്നതിൽ ആരൊക്കെ ഏതൊക്കെ തലങ്ങളിലുള്ള സംഭാവനകൾ നൽകിയത്‌ എങ്ങനെയെന്ന്‌ പുതിയ തലമുറയെ അറിയിക്കുന്നതിനുള്ള ഒരു വലിയ ഉത്തരവാദിത്ത്വത്തെ കെ.പി.എ.സി പോലെയുള്ള മഹാപ്രസ്ഥാനങ്ങൾക്കുണ്ട്‌. ഇന്നത്തെ നേതൃത്വം ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നു കാണുന്നതിൽ എനിക്കുള്ള സന്തോഷം ചെറുതല്ല. ജോബിൻ ജെഫ്രി എന്ന ഒരു അമേരിക്കൻ സാമൂഹികശാസ്ത്രജ്ഞൻ 'പീപ്പിൾ പ്രസ്‌ ആന്റ്‌ പൊളിറ്റിക്സ്‌' എന്ന പേരിൽ ഒരു കൃതിയെഴുതിയിട്ടുണ്ട്‌. ആ കൃതിയിൽ ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തിലെ ശരാശരി മലയാളിയുടെ ചിത്രം വരച്ചുകാട്ടിയിട്ടുണ്ട്‌. വലതുകൈ നെഞ്ചോടു ചേർത്ത്‌, ഇടതുകൈകൊണ്ട്‌ വായ്പൊത്തി, നട്ടെല്ല്‌ വളച്ച്‌, ശിരസ്സ്‌ താഴ്ത്തി, തമ്പ്രാന്റെ മുമ്പിൽ നിൽക്കുമായിരുന്നു അത്‌. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലയാളി അതായിരുന്നു. ഇരുപതാംനൂറ്റാണ്ട്‌ ഏതാണ്ട്‌ പാതി കടന്ന ഘട്ടത്തിൽ, ആ മലയാളിയുടെ പോശ്ച്ചർ ആകെ മാറി. വായ്പൊത്തി നിന്നിരുന്ന കൈയ്യ്‌ മുഷ്ടി ചുരുട്ടി ഉയർന്നു. വളഞ്ഞു നിന്നിരുന്ന നട്ടെല്ല്‌ നിവർന്നു. താഴ്‌ന്നിരുന്ന ശിരസ്സ്‌ ഉയർന്നു. അവകാശബോധത്തോടുകൂടി, ആത്മാഭിമാനത്തോടുകൂടി ചെയ്ത പണിക്ക്‌ കൂലി ചോദിക്കുന്ന ഒരു മലയാളി പിറന്നു. അങ്ങനെയുള്ള കെ.പി.എ.സിയുടെ വേദിയിലാണ്‌ നിൽക്കുന്നത്‌ എന്നുള്ളത്‌ ചെറിയ അഭിമാനത്തോടുകൂടിയല്ല ഞാൻ മനസ്സിൽ ആവർത്തിച്ചുറപ്പിക്കുന്നത്‌.

രാഘവൻമാഷിനെ കൂടുതൽ അറിയുന്നതിനുവേണ്ടിയുള്ള, ആ സ്മരണയ്ക്കുമുന്നിൽ പ്രണമിക്കുന്നതിനുവേണ്ടിയുള്ള യോഗമാണിത്‌. രാഘവൻമാഷിനെ ഏറ്റവും അധികം അറിയുന്ന, ഒരു പക്ഷേ ശ്വാസനിശ്വാസങ്ങളിൽപോലും രാഘവൻമാഷിനെ കൊണ്ടുനടക്കുന്ന വി.ടി.മുരളിയെപ്പോലെയുള്ള, അദ്ദേഹത്തിന്റെ ശിഷ്യർ ഇവിടെയുണ്ട്‌. രാഘവൻമാഷിനെ നേരിട്ട്‌ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത എനിക്ക്‌ രാഘവൻമാഷിനെക്കുറിച്ച്‌ പറയുവാൻ എന്താണ്‌ അർഹത എന്നൊരു ചോദ്യം എന്റെ മനസ്സിൽ തീർച്ചയായും ഉയരുന്നുണ്ട്‌. രാഘവൻമാഷിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഞാൻ ഈ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയും രാഘവൻമാഷിനെ അല്ലാതെ മറ്റാരെയും കണ്ടിട്ടില്ല എന്നു പറയാൻ കഴിയുന്ന വിധത്തിൽ രാഘവൻമാഷിനെ, ആത്മാവ്‌ എന്നൊന്നുണ്ടെങ്കിൽ, അങ്ങനെ കൊണ്ടുനടക്കുന്ന ആളുകൾ അനുസ്മരിക്കുകയാണ്‌ ചെയ്യുന്നത്‌. അദ്ദേഹത്തിന്റെ സംഗീതത്തെ സൂഷ്മമായും സമഗ്രമായും മനസ്സിലാക്കാനും വിലയിരുത്താനും കഴിയുന്നവരും ഇവിടെയുണ്ട്‌. കെ.പി.എ.സിയുടെ പരിവർത്തനഘട്ടത്തിൽ രാഘവൻ മാഷ്‌ വഹിച്ച, വളരെ നിർണ്ണായകമായ സന്ദർഭത്തിൽ നൽകിയിട്ടുള്ള സംഭാവനകളെക്കുറിച്ച്‌ പറയാൻ അർഹതയും യോഗ്യതയുമുള്ള ഇസ്മയിൽ സഖാക്കളെപോലെയുള്ളവർ ഈ വേദിയിലുണ്ട്‌. അവർക്കൊക്കെയാണ്‌ രാഘവൻമാഷിനെക്കുറിച്ച്‌ പറയാൻ കഴിയുക. പക്ഷെ, രാഘവൻമാഷിനെക്കുറിച്ച്‌ പറയാൻ ഈ വിധത്തിലുള്ള പരിചയമോ ഈ വിധത്തിലുള്ള അടുപ്പമോ അതുപോലെയുള്ള എന്തെങ്കിലും ഉണ്ടായിക്കൊള്ളണം എന്ന നിഷ്കർഷക്കൊന്നും വലിയ അർത്ഥമില്ല. കാരണം രാഘവൻമാഷ്‌ ആ വിധത്തിലുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. രാഘവൻമാഷ്‌ സംഗീതസപര്യയിൽ അദ്ദേഹം ചെയ്ത ഏറ്റവും നിർണ്ണായകമായ കാര്യമെന്നു എനിക്കു തോന്നുന്നത്‌ ശ്രോതാക്കളെ ഗായകരുടെ ഒരു തലത്തിലേക്ക്‌ ഉയർത്തി എന്നുള്ളതാണ്‌. 

രാഘവൻമാഷിന്റെ സംഗീതം സാധാരണക്കാർക്കു അപ്രാപ്യമായ ഒരു സംഗീതമായിരുന്നില്ല. സംഗീതത്തിലൂടെയുള്ള, രാഗഭാവങ്ങളിലൂടെയുള്ള വിചാരങ്ങൾ ഉള്ള സംഗീതപദ്ധതികൾ പിൻതുടരുവാൻ സാധാരണക്കാരനു കഴിയാതെപോകും. രാഘവൻമാഷ്‌ ഒരിക്കലും ശ്രോതാവിന്‌ അപ്രാപ്യമായ സംഗീതഗായകനായിരുന്നില്ല. ശ്രോതാവിന്റെ സംഗീതസംവിധായകനായിരുന്നു. ആ ഗാനത്തിന്റെ ഈരടികൾ എവിടെയൊക്കെ ചെന്നിട്ടുണ്ടോ അവിടെയൊക്കെത്തന്നെ ആ ഈരടികൾ മനസ്സിലേക്ക്‌ ഏറ്റെടുക്കുന്നതിന്‌, അത്‌ മൂളി നടക്കുന്നതിന്‌ ആർക്കും കഴിഞ്ഞിരുന്നു. ആ വിധത്തിലുള്ള ഒരു ജനകീയസ്വരം രാഘവൻമാഷിന്റെ സംഗീതത്തിന്‌ എന്നും ഉണ്ടായിരുന്നു. രാഘവൻമാഷ്‌ ജനകീയസംവിധായകനായിരുന്നു. ജനകീയ സംഗീതത്തിന്റെ വക്താവിനെ ആദരിക്കുന്നതിന്‌, അനുസ്മരിക്കുന്നതിന്‌, പ്രണാമം അർപ്പിക്കുന്നതിന്‌ ജനകീയതയുടെ ഭാഗമായി നിൽക്കുന്ന ഏതൊരാൾക്കും സവിശേഷമായ അവകാശമുണ്ട്‌ എന്നു കരുതുകയും ആ അവകാശം മുൻനിർത്തി, അതും ഒരു അർഹതയാണെന്ന്‌ മനസ്സിലാക്കിക്കൊണ്ട്‌ ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുകയാണ്‌. 


(തുടരും...)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...