സണ്ണി തായങ്കരി
ഗരാറിന്റെ പ്രാന്തപ്രദേശങ്ങളിലെ
വയലുകളിൽ ധാന്യങ്ങൾ വിളഞ്ഞുകിടന്നു. ഭാരത്താൽ കുനി ഞ്ഞ ഗോതമ്പുകതിരുകൾ
ഇളംകാറ്റിൽ ചാഞ്ചാടുന്ന കാഴ്ച ഇസഹാക്കിന്റെ മനം കുളിർപ്പിച്ചു. ഏസാവും
സമൃദ്ധിയുടെ ആ കാഴ്ചയിൽ ഉന്മേഷവാനായി കാണപ്പെട്ടു. അകലെ വിശാലമായി
പരന്നുകിടക്കുന്ന തരിശുഭൂമിയിൽ യാത്ര അവസാനിപ്പിച്ച് ഇസഹാക്ക് അറിയിച്ചു-
"നമുക്കായി എന്റെ പിതാവിന്റെ ദൈവം കാണിച്ചുതന്ന ഭൂമിയാണിത്. സമ്പൽസമൃദ്ധിയുള്ള ഇവിടെ പാർത്ത് നമുക്ക് കൃഷിചെയ്യാം."
യാക്കോബും ഏസാവും ഒട്ടകപ്പുറത്തുനിന്നിറങ്ങി വിശാലമായി കിടക്കുന്ന
തരിശുഭൂമി നോക്കിക്കണ്ടു. കൃഷിയിറക്കിയിട്ട് ഏറെക്കാലമായെങ്കിലും ഭൂമി
വിണ്ടുകീറിയിട്ടില്ല. പാഴ്ചെടികൾ വളർന്നിട്ടില്ല. വിളസമൃദ്ധിയുടെ അടയാളമായി
മണ്ണിന് ഇരുണ്ട നിറമായിരുന്നു. ഈ മണ്ണിൽ നൂറുമേനി വിളയിച്ചെടുക്കാമെന്ന്
ഏസാവ് ഭൃത്യന്മാരോട് പറയുന്നത് യാക്കോബ് കേട്ടു. നിശ്ശബ്ദനായിനിന്ന
യാക്കോബിനോട് ഏസാവ് പറഞ്ഞു-
"വനഭൂമിയും അടുത്തുതന്നെയുണ്ട്. ദാ... നോക്കു..."
ഏസാവ് വിരൽ ചൂണ്ടിയ ഇടത്തേക്ക് യാക്കോബ് നോക്കി. അങ്ങകലെ വനമേഖല കാണാം.
അവിടെ മ്ലാവ് നിശ്ചയമായും ഉണ്ടാവും. യാക്കോബ് മനസ്സിൽ ഉറപ്പിച്ചു.
ഭൃത്യന്മാർ ഇസഹാക്കിനെ സമീപിച്ച് ചോദിച്ചു-
"പ്രഭോ, ഞങ്ങൾ ഇവിടെ കൂടാരം കെട്ടട്ടെയോ? നമുക്ക് പാർക്കാൻ പറ്റിയ സ്ഥലംതന്നെയാണിത്. ജലം സുലഭമായ കിണറും അടുത്തുണ്ടല്ലോ."
"ആദ്യം ഫിലിസ്ത്യരാജാവായ അബിമലേക്കിന്റെ അനുവാദം തേടേണം. ഇത് അവന്റെ രാജ്യമാണല്ലോ."
ഇസഹാക്കിന്റെ ആവശ്യപ്രകാരം അവർ യാത്ര അവസാനിപ്പിച്ചിടത്ത് കൂടാരം
പണിയാനും കൃഷിയിറക്കാനും അബിമലേക്ക് അനുവദിച്ചു. റെബേക്കാ തന്റെ
സഹോദരിയാണെന്നാണ് അയാൾ രാജാവിനോട് പറഞ്ഞത്. കാരണം സുന്ദരിയായ റെബേക്കയെ
സ്വന്തമാക്കാൻ പരദേശിയായ തന്നെ ഫിലിസ്ത്യർ കൊന്നുകളയുമെന്ന് ഇസഹാക്ക്
ഭയപ്പെട്ടു.
തന്റെ അമ്മയായ സാറായെപ്പറ്റി ഫറവോ രാജാവിനോട് പിതാവായ അബ്രാഹം
പറഞ്ഞതും ഇതു തന്നെയാണല്ലോയെന്ന് ഇസഹാക്ക് ഓർമിച്ചു. ചരിത്രം
പുനർജനിക്കുന്നു...! ജീവിതം നിരന്തരം യാത്രയാക്കിയവർക്ക് സ്വജീവനെ
രക്ഷിക്കാൻ ഇതേ മാർഗമുള്ളുവേന്ന് ഇസഹാക്ക് ആശ്വസിച്ചു.
അങ്ങനെ ഫിലിസ്ത്യർക്ക് ഇസഹാക്ക് റെബേക്കയുടെ സഹോദരനായി.
ഫിലിസ്ത്യരിൽ പലരും റെബേക്കയിൽ കണ്ണുവച്ചു. യൗവനം പടികടക്കാൻ
തുടങ്ങിയെങ്കിലും റെബേക്കാ ഏത് ഫിലിസ്ത്യൻ സ്ത്രീയേക്കാളും
സുന്ദരിയാണെന്ന് അവർ പറഞ്ഞു. വിവാഹപ്രായം കഴിഞ്ഞിട്ടും സഹോദരിയെ വിവാഹം
കഴിച്ചുകൊടുക്കാത്തതെന്താണെന്ന് ഫിലിസ്ത്യയുവാക്കൾക്ക്
ഇസഹാക്കിനോട് ചോദിക്കാൻ ധൈര്യമുണ്ടായില്ല. എന്നാൽ അവർ അയാളുടെ
ഭൃത്യന്മാരോട് സൂത്രത്തിൽ അന്വേഷിച്ചു. അവർ ഉള്ളിലെ ചിരിയുമായി കാരണങ്ങൾ
പലതും നിരത്തി. റെബേക്കയുടെ ഒരു കടാക്ഷത്തിനായി പലരും ദാഹിക്കുന്നതായി
ഇസഹാക്ക് മനസ്സിലാക്കി. റെബേക്കയാകട്ടെ, ഭീതിയിലായിരുന്നു.
ഏസാവിനെ ഫിലിസ്ത്യദേശക്കാർ ഭയപ്പെട്ടു. അരോഗദൃഢഗാത്രനായ, ശരീരം
മുഴുവൻ രോമമുള്ള അയാളുടെ ഒരു തട്ടുകൊണ്ടാൽ ജീവൻപോകുമെന്ന് അവർ രഹസ്യമായി
പറഞ്ഞു. അവന്റെ രൂപം അവരിൽ വെറുപ്പുളവാക്കി. മനുഷ്യനും മൃഗവും കൂടിച്ചേർന്ന
നികൃഷ്ട ജന്മമായിട്ടാണ് അവർ അവനെ കണ്ടത്. അക്കാരണത്താൽ അവിടെയും ഏസാവ്
ഒറ്റപ്പെട്ടു.
റെബേക്കായുടെ ദർശനത്തിനായി യുവാക്കൾ ഇസഹാക്കിന്റെ കൂടാരത്തിന്
സമീപമെത്തുക ഏസാവ് നായാട്ടിന് പോകുമ്പോഴാണ്. സുമുഖനും ഗോതമ്പിന്റെ
നിറമുള്ളവനുമായ യാക്കോബിനെ അവർ ഇഷ്ടപ്പെട്ടു. റെബേക്കയിലെത്താൻ അവന്റെ
ചങ്ങാത്തം ആവശ്യമാണെന്ന് അവർ കരുതി.
ഒരു സായംസന്ധ്യയിൽ ഏസാവ് നായാട്ടിനായി വനത്തിലേക്ക് യാത്രയായി.
യാക്കോബും ഭൃത്യന്മാരും മെതിക്കളത്തിലായിരുന്നു. ഇസഹാക്കും ആ സമയം
മെതിക്കളത്തിലായിരിക്കുകയാണ് പതിവ്. സൈന്യാധിപനിൽനിന്ന് അക്കാര്യം
മനസ്സിലാക്കിയ അബിമലേക്ക് തലയെടുപ്പുള്ള, വെള്ളനിറമുള്ള തന്റെ
കഴുതപ്പുറത്ത് സായാഹ്നസവാരിക്കെന്ന വ്യാജേന ഇസഹാക്കിന്റെ
കൂടാരവാതിക്കലെത്തി. 'ഇസഹാക്കിന്റെ സഹോദരി' റെബേക്കയുടെ സൗന്ദര്യമാണ്
അയാളെ അവിടേയ്ക്ക് ആകർഷിച്ചതു.
തുറന്നിട്ട കൂടാരജാലകത്തിലൂടെ കണ്ട കാഴ്ച അയാളെ സ്തബ്ധനാക്കി.
സഹോദരിയെന്ന് പരിചയപ്പെടുത്തിയ റെബേക്കയെ അയാൾ കിടപ്പറയിൽ ആലിംഗനം
ചെയ്തുനിൽക്കുന്നു! അബിമലേക്ക് കോപംകൊണ്ടുജ്വലിച്ചു. നിരാശയും പകയും
അയാളിൽ ഫണംവിടർത്തി. അതിവേഗം അയാൾ കൊട്ടാരത്തിലേക്ക് തിരിച്ചുപോയി.
പിറ്റേന്ന് രാജസേവകൻ ഇസഹാക്കിനെ തേടിയെത്തി. യാക്കോബിനെയാണ് അയാൾ
ആദ്യം കണ്ടത്. അയാളോട് രാജസേവകൻ കയർത്തുസംസാരിക്കവേ, ഏസാവ്
അടുത്തേയ്ക്ക് ചെന്നു. ഏസാവിനെ കണ്ടതോടെ രാജസേവകന്റെ ഭാവം മാറി.
വിനീതവിധേയനെപ്പോലെ അയാൾ ഇസഹാക്കിനെപ്പറ്റി അന്വേഷിച്ചു. അപ്പോഴേയ്ക്കും
ഇസഹാക്ക് കൂടാരവാതിക്കലെത്തി.
"നിങ്ങളെ അബിമലേക്ക് കാണാൻ ആഗ്രഹിക്കുന്നു. ഉടനടി മുഖം കാണിക്കണം."
രാജസേവകന്റെ സ്വരത്തിലെ നീരസം എന്തോ കുഴപ്പമുണ്ടെന്നതിന്റെ
സൊാചനയാണെന്ന് ഇസഹാക്കിന് തോന്നി. എന്നാൽ കാരണമൊന്നും കാണുന്നുമില്ല.
കൊട്ടാരത്തിലേക്കുള്ള ചുങ്കം കൊടുക്കാറായിട്ടില്ല. മെതിക്കളത്തിൽ ധാന്യം
തയ്യാറാകുന്നതേയുള്ളു. ഫിലിസ്ത്യരാജ്യത്തെ ഒരു നിയമവും തെറ്റിച്ചിട്ടില്ല.
മറ്റെന്തെങ്കിലും അവിവേകം... ആരിൽനിന്നെങ്കിലും...
ഇസഹാക്ക് കൊട്ടാരത്തിലെത്തി അബിമലേക്കിനെ മുഖം കാണിച്ചു.
"ഹേയ്... പരദേശി. നിങ്ങൾ ഒരു നുണയനാണ്, ചതിയനും..."
ആ സംബോധനയും തുറന്നടിച്ചുള്ള പ്രഖ്യാപനവും കേട്ട് ഇസഹാക്ക് അമ്പരന്നു.
എന്താണതിന്റെ അർഥമെന്ന് ചിന്തിക്കവേ, അബിമലേക്കിന്റെ സ്വരമുയർന്നു-
"ബേർലഹായ്‌റോയിലെ ആളുകൾ ഭാര്യയെ സഹോദരിയെന്നാണോ പറയാറ്. അല്ലെങ്കിൽ സഹോദരിയെ ഭാര്യയാക്കാറുണ്ടോ?"
അപ്പോൾ അതാണ് കാര്യം. റെബേക്കാ തന്റെ ഭാര്യയാണെന്ന സത്യം എങ്ങനെയോ
രാജാവ് അറിഞ്ഞിരിക്കുന്നു! ഇസഹാക്ക് മറുപടി പറയാതെ മുഖം കുനിച്ച്
നിന്നതേയുള്ളു. മറച്ചുവച്ച സത്യം കണ്ടു പിടിക്കപ്പെട്ടതിന്റെ ജാള്യത മുഴുവൻ
ആ മുഖത്ത് പ്രതിഫലിച്ചു.
"റെബേക്കാ നിന്റെ ഭാര്യയാണെന്ന കാര്യം എന്തിന് മറച്ചുവെച്ചു?"
"പ്രഭോ... അത്... റെബേക്കാ സുന്ദരിയായതിനാൽ ഇന്നാട്ടുകാർ പരദേശിയായ എന്നെ കൊന്ന് അവളെ സ്വന്തമാക്കുമെന്ന് ഞാൻ ഭയപ്പെട്ടു."
"നിങ്ങളെന്ത് അവിവേകമാണ് ഹേ കാണിച്ചതു? റെബേക്കയുടെ
സൗന്ദര്യത്തെപ്പറ്റി ഫിലിസ്ത്യദേശം മുഴുവൻ അറിഞ്ഞുകഴിഞ്ഞു.
ഫിലിസ്ത്യയുവാക്കളിൽ പലരും അവളെ ഭാര്യയാക്കാൻ അവസരം നോക്കി നടക്കുകയാണ്.
ഞാനും അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. അതാണ് എന്നെ നിന്റെ
കൂടാരത്തിലേക്ക് നയിച്ചതു. എന്നാൽ കൂടാരജാലകത്തിലൂടെ ഞാൻ
കണ്ടത്...ച്ഛേ..." അബിമലേക്കിന്റെ മുഖത്ത് അപ്പോൾ കോപത്തിനുപകരം നേരിയ
ലജ്ജയാണ് കാണപ്പെട്ടത്. ഇസഹാക്ക് ഉള്ളിലുയർന്ന ചിരിയടക്കാൻ പാടുപെട്ടു.
രാജാവിന്റെപൂതി ഇതാണെങ്കിൽ പ്രജകളുടേത് എന്തായിരിക്കുമെന്ന്
ചിന്തിക്കുകയും ചെയ്തു.
"നിങ്ങളുടെ സഹോദരിയെന്നുകരുതി അവളോടൊപ്പം ആരെങ്കിലും ശയിച്ചിരുന്നെങ്കിൽ എത്ര വലിയ അപരാധം ഫിലിസ്ത്യജനത്തിനുണ്ടാകുമായിരുന്നു..."
ഫിലിസ്ത്യദേശാധിപതിയുടെ സദാചാരബോധത്തിൽ ഇസഹാക്കിന് മതിപ്പുതോന്നി.
അന്യന്റെ ഭാര്യയെ കാമാവേശത്തോടെ നോക്കുന്നതുപോലും പാപമാണെന്ന് ഇവർ
കരുതുന്നു!
"ഇനി നിങ്ങൾക്ക് ഭയമില്ലാതെ കഴിയാം. ഫിലിസ്ത്യദേശത്തെ ഒരാളും നിങ്ങളുടെ ഭാര്യയെ തെറ്റാ യചിന്തയോടെ നോക്കില്ല."
ഇസഹാക്കിന്റെ സാന്നിധ്യത്തിൽതന്നെ പ്രജകളെ അക്കാര്യം ചെണ്ട കൊട്ടി അറിയിക്കാൻ അബിമലേക്ക് ഉത്തരവുനൽകി.
ഇസഹാക്കിന്റെ വിളകൾക്കെല്ലാം അക്കൊല്ലം കിട്ടിയത്
പ്രതീക്ഷകൾക്കുപരിയായ വിളവായിരുന്നു. ഓരോ വിളവെടുപ്പുകഴിയുംതോറും വയലുകളുടെ
വിസ്തൃതി കൂടിവന്നു. കന്നുകാലികൾ പെറ്റുപെരുകി. അടിമകളുടെ എണ്ണം
ഇരട്ടിയിലധികമായി. വർഷങ്ങൾക്കുള്ളിൽ ഇസഹാക്ക് ഫിലിസ്ത്യരെ വെല്ലുന്ന വലിയ
സമ്പത്തിന്റെ ഉടമയായി.
അതോടെ ഇസഹാക്ക് ഫിലിസ്ത്യരുടെ കണ്ണിലെ കരടായി. അയാളുടെ വയലുകളിൽ
വിളയുന്ന ധാന്യത്തിന്റെ പകുതിപോലും ഗരാറുകാർക്ക് കിട്ടിയില്ല. ഇസഹാക്ക്
തൊടുന്നതെല്ലാം പൊന്നായപ്പോൾ തദ്ദേശിയരുടെ അസൂയ വർധിച്ചു. പരദേശിയായ
ഇയാൾക്ക് അടിക്കടി ഉയർച്ചയുണ്ടാകുന്നത് ഏതോ ദുഷ്ടദേവന്മാരെ
പ്രസാദിപ്പിക്കുന്നതുകൊണ്ടാണെന്ന് അവർ പറഞ്ഞുപരത്തി. റെബേക്കയുടെ
കാര്യത്തിൽ നിരാശരായ യുവാക്കളായിരുന്നു ഈ കുപ്രചാരണത്തിന്റെ പിന്നിൽ.
എങ്ങിനെയും ഇസഹാക്കിന്റെ സമ്പത്ത് തട്ടിയെടുത്ത് അയാളെ
നാടുകടത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
അബ്രാഹത്തിന്റെ കാലത്ത് ഭൃത്യന്മാർകുഴിച്ച അനേകം കിണറുകൾ ആ
പ്രദേശത്തുണ്ടായിരുന്നു. കൂടാരങ്ങളിൽനിന്ന് കൂടാരങ്ങളിലേക്കുള്ള
യാത്രകൾക്കിടെ കിണറുകൾ കുഴിക്കുകയും മറ്റൊരു ദേശത്തേക്ക് പുറപ്പെടുമ്പോൾ
ജലസമൃദ്ധമായ കിണറുകൾ അതാത് നാട്ടുകാർക്കായി നൽകുകയുമായിരുന്നു
അദ്ദേഹത്തിന്റെ പതിവ്. ആ കിണറുകളിൽനിന്നാണ് ഇസഹാക്കിന് ആവശ്യമായ ജലം
കിട്ടിക്കൊണ്ടിരുന്നത്. ഇസഹാക്കിനോട് അസൂയയും പ്രതികാരവുംമൂത്ത്
ഫിലിസ്ത്യർ ഗോൂഢാലോചന നടത്തി അതിൽ പലതും അർധരാത്രയിൽ മൂടിക്കളഞ്ഞു.
ഒരുനാൾ നായാട്ടുകഴിഞ്ഞുള്ള മടക്കയാത്രയിലാണ് ഏസാവ് അത്
കാണുന്നത്. അയാൾക്ക് കോപംഅടക്കാനായില്ല അയാൾ ഒരു ഫിലിസ്ത്യയുവാവിന്റെ
കഴുത്തൊടിച്ചു. ഭയവിഹ്വലരായ മറ്റ് ഫിലിസ്ത്യയുവാക്കൾ ഓടി രക്ഷപ്പെട്ടു.
ഫിലിസ്ത്യർ അബിമലേക്കിന്റെ അടുക്കൽ പരാതിയുമായി എത്തി. രാജാവിനുമുമ്പിൽ അവർ ഇസഹാക്കിനെതിരെ തയ്യാറാക്കികൊണ്ടുവന്നകുറ്റപത്രം
സമർപ്പിച്ചു. പരദേശത്തുനിന്ന് തങ്ങളുടെ രാജ്യത്ത് വന്ന് വസിക്കുന്ന
ഒരാളുടെ പുത്രൻ കാരണമേതുമില്ലാതെ ഒരു ഫിലിസ്ത്യയുവാവിന്റെ
കഴുത്തൊടിച്ചെന്നും ഫിലിസ്ത്യജനതയെ ദുർമന്ത്രവാദത്തിലൂടെ നശിപ്പിക്കാൻ
ശ്രമിക്കുകയാണെന്നും മന്ത്രവാദശക്തിയാലാണ് വളരെ കുറഞ്ഞസമയംകൊണ്ട്
ഇത്രയധികം സമ്പത്ത് അയാൾക്ക് ഉണ്ടായതെന്നും അവർ ബോധിപ്പിച്ചു. ഭാര്യയെ
സഹോദരിയാണെന്ന് പറഞ്ഞ് രാജാവിനെപ്പോലും വഞ്ചിച്ചവനാണ് ഇയാൾ. അവരുടെ
പരാതി അങ്ങനെനീണ്ടു.
നിശ്ചയിച്ചിട്ടുള്ള ചുങ്കം യാതൊരു മടിയുമില്ലാതെ അയാൾ
അടയ്ക്കുന്നുണ്ടെന്നും അതുകൊണ്ട് ഖജനാവ് നിറഞ്ഞിട്ടുണ്ടെന്നുമുള്ള വസ്തുത
രാജാവിന് അറിയാമായിരുന്നു. മടിയന്മാരായ ഫിലിസ്ത്യർക്ക് വർഷങ്ങൾകൊണ്ട്
അടയ്ക്കാനാവാത്ത തുകയാണ് ഇയാൾ വർഷത്തിൽ രണ്ടുപ്രാവശ്യം അടയ്ക്കുന്നത്.
എങ്കിലും പ്രജകളുടെ അസംതൃപ്തി അബിമലേക്ക് ആഗ്രഹിച്ചില്ല. പരാതി
സ്വീകരിച്ച് അവർക്ക് നീതി നടപ്പാക്കി കൊടുക്കുമെന്ന് രാജാവ് അറിയിച്ചു.
വീണ്ടും ഇസഹാക്ക് രാജസന്നിധിയിലെത്തി. അന്നാട്ടിൽ ലഭ്യമായതിൽവെച്ച് ഏറ്റവും മികച്ച പഴങ്ങൾ അയാൾ അബിമലേക്കിന് സമ്മാനിച്ചു.
"നിങ്ങൾക്കെതിരെ ഫിലിസ്ത്യർ തിരിഞ്ഞിരിക്കുന്നു പരദേശി..."
'എനിക്കെതിരെ അബ്രാഹത്തിന്റെ ദൈവം തിരിഞ്ഞിട്ടില്ലല്ലോ'യെന്ന് ഉള്ളിൽ
പറഞ്ഞ് ഇസഹാക്ക് ചിരിച്ചു. അത് അബിമലേക്കിന് ഇഷ്ടപ്പെട്ടില്ല.
"പരദേശിയായ നിങ്ങൾക്ക് വസിക്കാനും കൃഷി ചെയ്യുവാനുമാണ് നാം ഭൂമി
അനുവദിച്ചതു. അല്ലാ ദി ഇവിടെവസിച്ച് ഫിലിസ്ത്യരെ ദ്രോഹിക്കാനല്ല."
ഇസഹാക്ക് മിണ്ടിയില്ല.
"നിങ്ങളുടെ മകൻ ഒരു ഫിലിസ്ത്യയുവാവിന്റെ കഴുത്തൊടിച്ചില്ലേ?"
"എന്റെ പിതാവായ അബ്രാഹം കുഴിച്ച കിണറുകളിൽനിന്നാണ് അങ്ങയുടെ പ്രജകൾ ഇക്കാലമത്ര
യും
വെള്ളം കുടിച്ചിരുന്നത്. എന്നോടുള്ള അസൂയമൂത്ത് ആ കിണറുകൾ രാത്രിയിൽ
മൂടുന്നത് എന്റെ മകൻ കണ്ടു. അങ്ങാണ് അത് കണ്ടതെങ്കിൽ
എന്തുചെയ്യുമായിരുന്നു?"
അബിമലേക്കിന് ഉത്തരമുണ്ടായില്ല. ചെറിയൊരു ആലോചനക്കുശേഷം അയാൾ ചോദിച്ചു-
"കുറഞ്ഞൊരു കാലംകൊണ്ട് ഫിലിസ്ത്യർക്ക് ഉണ്ടാക്കാനാവാത്ത നേട്ടം നിങ്ങൾക്ക് ഈ ഭൂമിയിൽനിന്ന് എങ്ങനെയുണ്ടായി?"
"പ്രഭോ, ഞാനും കൂട്ടരും പരിശ്രമം വിതയ്ക്കുന്നു. അങ്ങയുടെ ജനത അസൂയയും.
പരിശ്രമം നൂറുമേനിയായി വിളയും. അസൂയ വിതയ്ക്കുമ്പോൾതന്നെ ഉണങ്ങിപ്പോകും."
ഇസഹാക്കിന്റെ മറുപടി കേട്ട് അബിമലേക്ക് മിഴിച്ചിരുന്നു.
"എന്റെ ഭാര്യ റെബേക്കയെ സംബന്ധിച്ചുള്ള കാര്യം അങ്ങേയ്ക്ക്
അറിവുള്ളതാണല്ലോ. അവളെ മോഹിച്ചിരുന്ന ചിലർ പ്രതികാരദാഹത്തോടെ എന്റെ
പിന്നാലെയുണ്ട്. അവരാണ് അസൂയമൂലം പരാതിയുമായി എത്തിയിട്ടുള്ളത്."
ഇസഹാക്ക് തുടർന്നു-
"അങ്ങ് അനുവദിച്ചുതന്ന
ഭൂമിയിലാണ് ഞാൻ കൃഷിയിറക്കിയത്. ഞാനും എന്റെ ഭൃത്യന്മാരും അത്യദ്ധ്വാനം
ചെയ്കമൂലം സമ്പത്ത് വർധിച്ചു. ഞാൻ കൃത്യമായി ചുങ്കം തരുന്നതുകൊണ്ട്
അങ്ങയുടെ ഖജനാവ് നിറഞ്ഞു. എന്റെ കർത്താവ് കൂടെയുള്ളതിനാൽ
ഒന്നിലുമെനിക്ക് പരാജയം ഉണ്ടാവുകയില്ല."
"പരദേശിയായ നിന്റെ ദൈവം അത്ര കേമനോ? എന്താണ് നിന്റെ ദൈവത്തിന്റെ പേര്?"
"എന്റെ പിതാവായ അബ്രാഹത്തെ വിളിക്കുകയും നയിക്കുകയും ചെയ്ത ദൈവത്തിന്റെ
പേര് യഹോവയെന്നാണ്. അവിടുന്നാണ് എന്നെ ഗരാറിലേക്ക് നയിച്ചതു."
"ദുഷ്ടദേവന്മാരെ പ്രസാദിപ്പിക്കാൻ നിങ്ങൾ ദുർമന്ത്രവാദം നടത്താറുണ്ടെന്ന് ഫിലിസ്ത്യർ പറയു ന്നുണ്ടല്ലോ."
"എനിക്ക് പ്രസാദിപ്പിക്കാൻ എന്റെ ദൈവമായ കർത്താവ് മാത്രമേയുള്ളു. മറ്റൊരു ദേവനെയും ഞാൻ ആരാധിക്കില്ല, പ്രസാദിപ്പിക്കില്ല."
"നിന്റെ ദൈവം അത്ര ശക്തനോ?"
"അതേ. അവിടുന്നാണ് ഈ
പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്. അവിടുന്ന് ദുഷ്ടർക്കും ശിഷ്ടർക്കും ഒന്നുപോലെ
മഞ്ഞും മഴയും വർഷിക്കുന്നു. എന്റെ കൃഷിഭൂമിയിൽ മഴ പെയ്യുമ്പോഴൊക്കെ
ഫിലിസ്ത്യരുടെ ഭൂമിയിലും പെയ്യാറുണ്ടല്ലോ."
"നിന്റെ സമ്പത്ത് വർധിച്ചതു ഈ പറയുന്ന ദൈവത്തിന്റെ
ശക്തിയാലാണെന്നോ? എന്താണ് അതിനുള്ള തെളിവ്? നീ പറഞ്ഞാൽ നിന്റെ ദൈവം
ഒരടയാളം കാണിക്കുമോ?"
അതൊരു വെല്ലുവിളിയായിരുന്നു. ഇസഹാക്ക് ഒരുനിമിഷം മൂകനായി.
"ഒരടയാളം തരാൻ നിന്റെ ദൈവത്തിന് സാധിച്ചാൽ നിനക്ക് നിന്റെ മുഴുവൻ
സമ്പത്തുമായി മടങ്ങാം. ഇല്ലെങ്കിൽ സമ്പത്തുമുഴുവൻ രാജഭണ്ഡാരത്തിലേക്ക്
കണ്ടുകെട്ടും."
അബിമലേക്കിന്റെ അന്തിമ തീർപ്പ്.
കഷ്ടപ്പെട്ട് നേടിയതൊക്കെയും തട്ടിയെടുക്കാനുള്ള സൂത്രമാണത്. ഇതൊരു കെണിതന്നെ!
പെട്ടെന്ന് ഇസഹാക്ക് അബ്രാഹത്തിന്റെ ദൈവത്തെ നിനച്ചു. വാഗ്ദാനം
ചെയ്തവൻ വിശ്വസ്തനാണെന്നും പരീക്ഷണഘട്ടങ്ങളിൽ കൈവിടില്ലെന്നും അയാളെ ആരോ
ഓർമിപ്പിക്കുംപോലെ! പറയേണ്ട വാക്കുകളും നാവിൻതുമ്പിലെത്തി.
"പ്രഭോ, അങ്ങിപ്പോൾ ഇരിക്കുന്നത് പൂർവദിക്കിനെ നോക്കിയാണല്ലോ."
അതേയെന്ന് അബിമലേക്ക് സമ്മതിച്ചു.
"കണ്ണടച്ചു തുറക്കുമ്പോഴേയ്ക്കും അങ്ങ് പശ്ചിമദിക്കിന് അഭിമുഖമായി ഇരിക്കും."
"അസംബന്ധം. നീ മാജിക്കുകാരനാണോ?"
"അല്ല. അടിയനൊരു ദൈവദാസനാണ്."
"എങ്കിൽ കാണട്ടെ, നിന്റെ ദൈവത്തിന്റെ ശക്തി..."
"അങ്ങ് കണ്ണടച്ചുകൊള്ളു. അല്ലെങ്കിൽ തലകറങ്ങി പീഠത്തിൽനിന്ന് താഴെ വീഴും."
അബിമലേക്ക് കണ്ണുകൾ അടച്ചു. പെട്ടെന്ന് അയാൾ ഇരുന്ന ഭാഗം
ശക്തമായി കുലുങ്ങി. അബിമലേക്ക് ഭയന്ന് കണ്ണുകൾ തുറക്കുമ്പോൾ
പശ്ചിമദിക്കിന് അഭിമുഖമായി ഇരിക്കുന്നു!! അയാൾ അമ്പരപ്പോടെ
ചാടിയെഴുന്നേറ്റു. ഇസഹാക്കിനെ ഭയപാരവശ്യത്തോടെ നോക്കി. ഏതോ
അമാനുഷികശക്തിക്ക് ഉടമയാണ് അയാളെന്ന് വിശ്വസിക്കുകയും ചെയ്തു. ഇസഹാക്ക്
കണ്ണുകൾപൂട്ടി സർവശക്തനായ ദൈവത്തിന് നന്ദിപറഞ്ഞു. പിന്നീടയാൾ കുനിഞ്ഞ്
മണ്ണിൽ ചുംബിച്ചു.
"നീയെന്താണ് ഈ കാണിക്കുന്ന്? വെറും മണ്ണിനെ ചുംബിക്കുകയോ?"
"ഇത് വെറും മണ്ണല്ല. എന്റെ ദൈവത്തിന്റെ ശക്തി പ്രസരിച്ച മണ്ണാണ്."
അബിമലേക്കിന് പിന്നെയൊന്നും പറയാനില്ലായിരുന്നു. ഇസഹാക്കിന്റെ ദൈവം
ശക്തനാണെന്നും അയാളുടെ വിളിപ്പുറത്ത് ഉണ്ടാകുമെന്നും തോന്നുന്നു.
ഇയാളിൽനിന്ന് അകലം പാലിക്കുന്നതാണ്
നല്ലത്. അതിന് അയാൾ ഒരു ഉപായം കണ്ടെത്തി.
"ഇസഹാക്ക്, ഫിലിസ്ത്യർ നിങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നതിനാൽ ഇവിടം വിട്ടുപോകണം.
ഗരാറിന്റെ
താഴ്‌വാരത്തിലേക്ക് നിങ്ങൾക്കുള്ള മുഴുവൻ സമ്പത്തും ശേഖരിച്ച്
പൊയ്ക്കൊള്ളുക. നിങ്ങളെ ദ്രോഹിക്കാൻ ആരും അവിടേക്ക് വരില്ല."
ആ നിർദേശം നല്ലതാണെന്ന് ഇസഹാക്കിനുതോന്നി. ഗരാറിന്റെ താഴ്‌വാരം
ഫലപുഷ്ടിയുള്ള മണ്ണാണ്. മാത്രമല്ല, ഫിലിസ്ത്യരുടെ അസൂയയിൽനിന്ന്
രക്ഷപ്പെടുകയും ചെയ്യാം.
വൈകാതെ ഗരാറിന്റെ താഴ്‌വാരത്തിൽ ഇസഹാക്ക് വാസമുറപ്പിച്ചു.
അബ്രാഹം കുഴിപ്പിച്ചതും അവന്റെ മരണശേഷം ഫിലിസ്ത്യർ
മൂടിക്കളഞ്ഞതുമായ അനേകം കിണറുകൾ അവിടെ ഉണ്ടായിരുന്നു. ഇസാഹാക്കിന്റെ
ഭൃത്യന്മാർ അതെല്ലാം തെളിച്ചെടുത്തു. ഉണങ്ങിവരണ്ട താഴ്‌വാരഭൂമിയെ
ഉർവരയാക്കാൻ അതിലെ ജലം ധാരാളമായിരുന്നു. അനേകം പുതിയ കിണറുകളും അവർ
കുഴിച്ചു.
തുടരും
