23 Mar 2014

ആത്മകഥ





 രാജൻ സി. എം


നാടോടുമ്പോള്‍ നടുവേ ഓടാത്തതുകൊണ്ടാകണം

നടുവൊടിഞ്ഞുപോയത്.

ഒടിഞ്ഞതാണെങ്കിലും ഒരു നടുവുണ്ടല്ലോ

എന്നതൊരാശ്വാസം.

*

ചേരതിന്നുന്ന നാട്ടില്‍ച്ചെന്നു

നടുക്കണ്ടം കിട്ടാത്തതിനാല്‍

വാല്‍ക്കണ്ടം തിന്നേണ്ടി വന്നു.

വാലല്ലേ തിന്നത്

ഒരു വാല്മീകിയെങ്കിലുമാകുമെന്നു വിചാരിച്ചു.

പക്ഷെ വല്മീകമായിപ്പോയി.

*

ചങ്ങാതിയില്ലാത്തതുകൊണ്ടും

ഉണ്ടായാല്‍തന്നെ നന്നാവില്ലാ എന്നതുകൊണ്ടും

കണ്ണാടി കുറേ വാങ്ങിത്തൂക്കി.

അത്ര വിരൂപമല്ലെങ്കിലും മുഖം

കണ്ണാടി കാണ്മോളവും നന്നെന്നു വിചാരിക്കാമല്ലോ.

കാണുമ്പോള്‍ അരൂപിയല്ലെന്നു് ആശ്വസിക്കാമല്ലോ.

ഒരുമയില്ലാത്തതിനാല്‍

ഉലക്കമേല്‍ കിടക്കേണ്ടി വന്നില്ല.

വേണമെന്ന് തോന്നാത്തതിനാല്‍

വേരില്‍ ചക്കയുണ്ടോയെന്നും നോക്കിയില്ല.

ചക്ക വീഴുമെന്നും മുയല്‍ ചാകുമെന്നും പേടിക്കേണ്ടതില്ല.

*

കള്ളനല്ലെങ്കിലും കുള്ളനായതിനാല്‍ ആരും നമ്പില്ല.

നന്‍പും അന്‍പും ഇല്ലാത്ത ലോകത്തില്‍

ആര്‍ക്കും തമ്പിയാകേണ്ട എന്നതാശ്വാസം.

*

ഇത്ര പറഞ്ഞിട്ടും നിങ്ങളാരും ചിരിക്കാത്തതിനാല്‍

ഇനി ഉറിയോടു പറഞ്ഞു നോക്കാം.

ഉള്ളതു പറഞ്ഞാല്‍ ഉള്ളിയും കരയുമെന്നല്ലേ!

സി എം രാജന്‍

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...