ശ്രീദേവി നായർ
പൊട്ടിയ കുമിളകൾ പോലെന്റെ ഗാനങ്ങൾ
പൊങ്ങിയും താണും ശ്രുതിമുറിഞ്ഞു
ആദിമഗാനങ്ങൾ എന്നുള്ളിലന്നൊരു
അന്തിമഗാനമായ് ചമഞ്ഞു
മീട്ടിയ വീണതൻ നാദമെനിക്കപ്പോൾ
ഘോരകഠോരമാം നാദങ്ങളായ്
മിന്നുന്ന ദീപങ്ങൾ എന്നുള്ളിൽ വീണ്ടും
മിന്നലേകും ഭയം കാട്ടിയപ്പോൾ
നാദധ്വനികളാം പക്കമേളങ്ങൾ
ഘോരതപം ചെയ്യും തപസ്വിനിയായ്
നീളുന്ന കൺകളിൽ കണ്ടു ഞാനാദ്യമായ്
മാലയാം സദസ്സിൻ ആരവങ്ങൾ
എന്നുള്ളിൽ നിറയും ദുഃഖങ്ങള്‍ക്കൊക്കെ
കൂട്ടിനായ് വന്നു ഒരു കുളിർത്തെന്നലായ്
കൂട്ടത്തിൽ നിന്നൊരു പിഞ്ചിളംകുഞ്ഞിന്റെ
കീർത്തനമൊത്ത ഇളം വിലാപം
നീറുന്നയെൻ മനം ദാഹിയായി
ദാഹം പത്തി വിടർത്തിയാടിയാടി
ചുറ്റും നിരന്നൊരു പാനപാത്രമാകെ
തീർത്തവയാടി വിഷം ചീറ്റിയാടി
ചുറ്റും വിഷം വീണു കംബളം തന്നിലെ
പുഷ്പ്പങ്ങളെല്ലാം കരിഞ്ഞുപോയി
വേഗതയേറിയ ചുവടിൻ കാറ്റേറ്റ്
പുഷ്പ്പങ്ങളെല്ലാം പറന്നുപൊങ്ങി
പാദസരത്തിലെ മുത്തുകള്‍ ഞെട്ടലാല്‍
ഓരോന്നോരോന്നായടർന്നു വീണു
ശേഷിച്ച മുത്തുകൾ പേടിച്ചരണ്ടപ്പോൽ
ശബ്ദമുതിർക്കാതെ മയങ്ങിവീണു