സി.രാധാകൃഷ്ണൻ
ബ്രഹ്മം
മാത്രം സത്യവും ജഗത്ത് അപ്പാടെ മിഥ്യയും ആകുന്നു എന്ന ധാരണ വരുത്തിവെച്ച
വിന ചില്ലറയല്ല. എല്ലാം ബ്രഹ്മമാണ്. അതിനാൽ എല്ലാം സത്യമാണ് എന്ന നിഗമനമെ
അദ്വൈതദർശനത്തിൽ നിന്നു ലഭിക്കുന്നുള്ളു എന്നിരിക്കെ മറിച്ചുള്ള ഈ ധാരണ
എങ്ങനെ ഉണ്ടായോ എന്തൊ! ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ ദുരിതങ്ങളും
മുൻനിശ്ചിതങ്ങളാണ് എന്ന വിശ്വാസംകൂടി ആയപ്പോൾ ഭാരതത്തിൽ ആയിരത്താണ്ടുകൾ
നീണ്ട കൂരാക്കൂരിരുട്ടിന് അരങ്ങോരുങ്ങി. ചാതുർവർണ്യം എന്ന ജീവശാസ്ത്ര
ആശയം, ജന്മസിദ്ധമായ ഉച്ചനീചത്വ നിയമമായി ദുഷിച്ച്, അനാചാരങ്ങൾക്കും
അനീതികൾക്കും ചൂഷണത്തിനും വഴിയൊരുക്കിയതോടെ ജീവിതം നരകതുല്യമായി.
മനുഷ്യമോചനത്തിനായി ഉയിരെടുത്ത വേദാന്തമെന്ന അറിവിനുണ്ടായ ഈ ദുരവസ്ഥ
അവസാനിപ്പിക്കാനാണ് സ്വാമി വിവേകാനന്ദൻ പിറന്നതും പ്രയത്നിച്ചതും. ആ
ദൗത്യം വിജയിച്ചേ തീരൂ എന്ന് ദിനംപ്രതി കൂടുതൽ തെളിഞ്ഞുവരുന്നു.
ആലങ്കാരികമായി പറഞ്ഞാൽ
രജ്ജുഖണ്ഡത്തിങ്കലെ പന്നഗബുദ്ധിതന്നെയാണ് എല്ലാ ദുരിതങ്ങൾക്കും കാരണം.
ഭൗതികവും ആധ്യാത്മികവുമായ യാഥാർത്ഥ്യങ്ങൾ തമ്മിൽ, പാമ്പെന്ന വെറും തോന്നലും
അതിനു കാരണമായ കയറും തമ്മിലുള്ള ബന്ധമെ ഉള്ളൂ എന്ന ചിന്തയാണ്
കുഴപ്പമുണ്ടാക്കിയത്. വെളിച്ചമോ കാഴ്ചശക്തിയോ കുറവായാൽ കയർ പാമ്പായി
തോന്നുന്നു. മറിച്ചും. രണ്ട് ബോധ്യങ്ങൾക്കും ഒരേ സമയം നിലനിൽപ്പില്ല
എന്നതാണ് ഈ ഉപയ്ക്കുള്ള വിഷമം. അദ്വൈതത്തിൽ അറിവിന്റെ എല്ലാ തലങ്ങൾക്കും
ഒരുമിച്ച് നിലനിൽപ്പുണ്ട്. ഉണ്ടായിരിക്കണം. കാരണം, ഓരോ തലവും
യാഥാർത്ഥ്യത്തിന്റെ മറ്റു തലങ്ങളുടെ പ്രാതിഭാസികഭാവാന്തരങ്ങൾ മാത്രമാണ്.
ഗീതയിലെ
പുരുഷോത്തമയോഗവിധിപ്രകാരം വിശ്വത്തിന് മൂന്നു തലങ്ങളുണ്ടല്ലോ. ഒന്ന്,
ഇക്കാണുന്ന നശ്വരപരിസരം, അഥവാ ക്ഷരം. അടുത്തത്, ദൃശ്യമല്ലാത്ത അക്ഷരം,
അഥവാ നാശമില്ലാത്തതും ക്ഷരത്തെ ജനിപ്പിക്കുകയും തന്നിൽ വിലയംകൊള്ളിക്കുകയും
ചെയ്യുന്നതുമായ, സ്ഥായിയായ തലം. മൂന്നാമത്തേത്, ഈ രണ്ടു തലങ്ങളുടെയും
പൂർവഭാവമായ അടിസ്ഥാനസത്ത, അഥവാ, സൂക്ഷ്മതമമായ അക്ഷരാതീതം. മൂന്നും
എവിടെയും ഒരുമിച്ചാണുള്ളത്. അതിനാൽ ഒന്നുമൊന്നും അയഥാർഥ്യമല്ല.
ഉദാഹരണത്തിന്,
സൂര്യോദയവും അസ്തമയവും ഏവർക്കും പ്രത്യക്ഷ യാഥാർത്ഥ്യങ്ങളാണ്. പക്ഷെ, ഒരു
ഉപഗ്രഹത്തിൽനിന്നു നോക്കിയാൽ, ഇതു രണ്ടും ഇല്ലാത്തത്താണ്, സൂര്യൻ
യഥാർത്ഥത്തിൽ ഉദിക്കുന്നുമില്ല, അസ്തമിക്കുന്നുമില്ല! എന്നുവച്ച് നാം
രാവിലെ ഉണരുകയോ പല്ലു തേക്കുകയോ കുളിക്കുകയോ പ്രാതൽ കഴിക്കുകയോ ഒന്നും
വേണ്ട എന്നാണോ? അല്ല, ഇതൊക്കെ ചെയ്യുമ്പോഴും ഈ ഉദയത്തെക്കാൾ സൂക്ഷ്മമായ
മറ്റൊരു യാഥാർത്ഥ്യം ഉണ്ട് എന്ന അറിവ് ഒരു ചെറുചിരിയായുണ്ടാകുന്നത്
നല്ലതല്ലേ? ഇനി, മുൻപറഞ്ഞ ഉപഗ്രഹവഴിയിൽനിന്നു കാണുമ്പോൾ ഒരിടത്ത് ഉറച്ചു
നിൽക്കുന്നതായി തോന്നുന്ന സൂര്യൻ സൗരമണ്ഡലത്തിനു വെളിയിൽ ചെന്നു നോക്കിയാൽ
ഒരു ഉത്സാഹിയായ യാത്രക്കാരനായി കാണപ്പെടുന്നു. ഈ അറിവുകൾക്കെല്ലാം
ഒരുമിച്ച് നിലനിൽപ്പുണ്ട്. ഒന്നുദിക്കുമ്പോൾ മറ്റേത്
അസ്തമിക്കേണ്ടതില്ല.
എങ്കിൽപ്പിന്നെ എന്താണ്
മായ? ആകപ്പാടെ ഒരേ ഒരു യാഥാർത്ഥ്യമേ ഉള്ളൂ എന്ന വിചാരമാണത്. അന്യത് ന
അസ്തി ഇതി - മറ്റൊന്നില്ല എന്ന തോന്നൽ! ഏതു തലത്തെക്കുറിച്ചും ഈ അജ്ഞാനം
ഉണ്ടാകാം! അതായത്, അക്ഷരാതീതം മാത്രമെ ഉള്ളൂ. മറ്റൊന്നുമില്ല എന്നു
കരുതുന്നതും മായാമോഹം തന്നെ! സംസാരസാഗരത്തിൽ മാത്രമല്ല, സന്ന്യാസ
സാഗരത്തിലും മുങ്ങിച്ചാവാം!
മോഡേൺ ശയൻസിന്റെ
വെളിച്ചത്തിൽ പഞ്ചഭൂതങ്ങളെ നോക്കിക്കണ്ടാൽ പ്രപഞ്ചത്തിന്റെ മൂന്നു തലങ്ങൾ
എളുപ്പത്തിൽ തിരിച്ചറിയാം. പദാർത്ഥത്തിന്റെ മൂന്നവസ്ഥകളും-ഘനദ്രവവാതകരൂപങ് ങൾ-പദാർത്ഥങ്ങൾ
തമ്മിലുള്ള ഊർജ്ജവിനിമയത്തിന്റെ ഉപാധിയായ അഗ്നിയും യാഥാർത്ഥ്യത്തിന്റെ
ക്ഷരം എന്ന തലം. ഇതെല്ലാം ഉണ്ടായി നില നിൽക്കുകയും തിരികെ വിലയിക്കുകയും
ചെയ്യുന്ന ആകാശം അക്ഷരതലം. ഇതും രണ്ടും ഏത് അടിസ്ഥാന സത്തയുടെ
രൂപാന്തരങ്ങളാണൊ ആ നിരാമമായ ബോധസ്വരൂപം അക്ഷരാതീതം എന്ന
പരാപരാപറയാഥാർത്ഥ്യം. നമ്മിൽ ഈ മൂന്നിനേയും കുറിച്ചുള്ള അറിവ് ഒരേ സമയം
ശരിയായ തോതിലും ഫലവത്തായും നിലനിൽക്കുമ്പോഴാണ് ജീവിതം സുന്ദരവും ഭാസുരവും
ആകുന്നത്. താൻ അഭിനയിക്കുകയാണ് എന്നും അല്ലെന്നും ഒരേസമയം അറിയുന്നതിനു
പുറമെ, താൻ ഈ നാടകം കണ്ടുകൊണ്ടേ ഇരിക്കുന്ന കാണിയുടെ ബോധസത്തകൂടിയാണെന്ന കഥ
മറക്കാതിരിക്കുകയും ചെയ്യുമ്പോഴാണ്, അപ്പോൾ മാത്രമാണ്, അരങ്ങിൽ ഒരു നല്ല
നടൻ അവതരിക്കുന്നത്.
യാഥാർത്ഥ്യത്തിന്റെ ഒരു
തലവും നിന്ദ്യമോ ജുഗുപ്ലാസാവഹമോ ഉപേക്ഷണീയമോ അല്ല. നേരെ മറിച്ച്,
ഇക്കാണായതെല്ലാം അമൂല്യവും അത്യന്താപേക്ഷിതവും നിർണായകവുമാകുന്നു.
ചുവരില്ലാതെ ചിത്രമെഴുതാനാവില്ലല്ലോ, വിശക്കുന്നവനും വേദനിക്കുന്നവനും
കലയും സംസ്കാരവും സുദർശനവും പറ്റില്ല. പ്രപഞ്ചത്തിൽ ഒന്നും അപ്രസക്തമല്ല.
വീണു
കിട്ടുന്നതെടുക്കാനും സഹായിക്കാനുമല്ലാതെ ആർക്കും ആരെയും ചൂഷണം ചെയ്യാണോ
എന്തെങ്കിലും കവരാണോ അവകാശമില്ല. തേൻ നൽകി പുഷ്പം തേനീച്ചയുടെ പരമ്പരയെ
കാക്കുന്നു. പരാഗണം നടത്തി തേനീച്ച ചെടിയുടെ വംശം നില നിർത്തുന്നു.
യാഥാർഥ്യബോധത്തിന്റെ ഈ
സമഗ്രതയാണ് ഉപനിഷത്തുകളുടെയും ഗീതയുടെയും കാതൽ. അവിടെ നിലയുറപ്പിച്ചാണ്
ഈശാവാസ്യകാരൻ ഈ ധനം ആരുടെയാണ് എന്നു ചോദിക്കുന്നതും ഇത് പിടിച്ചു വാരി
കൈയ്യടക്കരുതെന്നും പങ്കുവച്ച് അനുഭവിക്കണമെന്നും നിർദ്ദേശിക്കുന്നതും.
ഇത് ഒരു ജാതിയുടെയോ മതത്തിന്റെയോ മാത്രം നിലപാടല്ല. എല്ലാ വിഭാഗീയതകൾക്കും
അതീതമായ സമഗ്രതയുടെ സാർവലൗകികവും സാർവജനീനവുമായ കാഴ്ചപ്പാടാണ്. കാറൽ
മാക്സ് തന്റെ ഫിലസോഫിക്കൽ മാനുസ്ക്രിപ്റ്റിൽ പറയുന്നതും
ഇതുതന്നെയാണ്-പ്രപഞ്ചത്തിലെ എല്ലാമെല്ലാം, അത് മനുഷ്യശരീരവുമായി
നേരിട്ട് ബന്ധപ്പെട്ടതല്ലെന്നിരുന്നാലും, മനുഷ്യന്റെ അവയവങ്ങളാണ്.
ഈ ദർശനത്തിനു
കടകവിരുദ്ധമാണ് സ്വകാര്യസ്വത്ത് എന്ന ആശയം. സർഗം എന്നാൽ സൃഷ്ടിയുടെ
ആകെത്തുക, വർഗം എന്നതൊ സൃഷ്ടിയിലെ എല്ലാറ്റിന്റെയും മൊത്തമായ സമൂഹം. അതിൽ
കുറഞ്ഞ വർഗങ്ങളെല്ലാം പിന്നീടുണ്ടായ വേണ്ടാതീനസങ്കൽപങ്ങൾ മാത്രം എന്ന
തിരിച്ചറിവുണ്ടാകുവോളം വികസിക്കാത്ത മനസ്സുകൾക്ക് ഒരു വിപ്ലവവും സ്ഥായിയായ
ഗുണം ചെയ്യില്ല. മറിച്ച്, എല്ലാ വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളിലേക്ക്
സ്ഥിരമായി നയിക്കുകയേ ഉള്ളൂ. മനുഷ്യന് മനോവികാസം വരുന്നതോടെ
വിപ്ലവങ്ങളെല്ലാം അപ്രസക്തങ്ങളാവുന്നു.
ഇടക്കാലത്തുണ്ടായ
കൂരിരുൾച്ചുഴിയിലകപ്പെട്ട് ഈ ദർശന പൂർണിമയ്ക്ക് തേമാനം വന്നു എങ്കിലും
ഭാരതീയന്റെ മനസ്സിൽ ഇപ്പോഴും ഉള്ളത് ഇതിന്റെ വേരുകളാണ്. അതിനാലാണ്,
അയൽക്കാരനെ ശത്രുവായി കാണാൻ മടിക്കുന്നതും അവന്റെ ഉന്മൂലനമാണ് തന്റെ
മോക്ഷമാർഗ്ഗം എന്നു കരുതാത്തതും. ഈശാവാസ്യമാണ് അവന്റെ മന്ത്രം. എത്ര
വലുതൊന്നായാലും അതുകിട്ടാൻ ഈശ്വരനെ കൈയൊഴിഞ്ഞു വരണം എന്നതൊരു കർശനമായ
മുൻകൂർ നിബന്ധനയാണെങ്കിൽ അതിനവൻ തയ്യാറില്ല. കാരണം, അവന് ജീവിതത്തിലെ
എല്ലാ മഹാദുരിതങ്ങൾക്കുമിടയിൽ ആകെയുള്ള അത്താണിയാണ് ഈശ്വരൻ.
അധ്വാനിക്കുന്നവനും ഭാരം
ചുമക്കുന്നവനും, മനുഷ്യചരിത്രത്തിൽ ആദ്യമായി, സ്വർഗരാജ്യം വിധിച്ചതു കാറൽ
മാക്സ് അല്ല. സ്വാർഥവും ആർത്തിയുമാണ് ദുഃഖകാരണങ്ങളെന്നു
ചൂണ്ടിക്കാട്ടിയത് ശ്രീബുദ്ധനും, നിങ്ങളെ ഏൽപ്പിച്ച ധനം നിങ്ങൾ എങ്ങനെ
ചെലവഴിച്ചെന്ന ചോദ്യമുണ്ടാകുമെന്ന് മൂന്നാര്റിപ്പു നൽകിയത് നബി
തിരുമേനിയുമാണ്. എന്നുവച്ച്, ഇതു തന്നെയാണ് മാർക്ക്സും പറഞ്ഞത് എന്ന
നേര് മാർക്ക്സിന് ഒരു കുറച്ചിലും വരുത്തുന്നില്ല. ദർശനത്തിന്റെ വിശാലത
ഉപേക്ഷിച്ച് വിപ്ലവം നടന്നാൽ, അതു ഫലിക്കാതെ വരുമ്പോൾ, ജനം
ധൂർത്തപുത്രരെപ്പോലെ പഴയേടങ്ങളിലേക്ക് തിരികെ പോകുന്ന കാഴ്ചയും ലോകം കണ്ടു
കഴിഞ്ഞു.
ഇത്രയൊക്കെ ആയിട്ടും
ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ദർശനത്തിന് കാലോചിതമായ ദിശാമാറ്റം
കൈവന്നില്ല എന്നതാണ് അത്ഭുതം. കെ.ദാമോദരനും എൻ.ഇ.ബലറാമും ഇക്കാര്യം
ചൂണ്ടിക്കാണിച്ചിട്ടും വീണ്ടുവിചാരമുണ്ടായില്ല. സർവലോകദരിദ്രജനതയെ
ഒന്നിപ്പിക്കുകയെന്ന ലക്ഷ്യമുള്ള പാർട്ടി പിളർച്ചകളിലേക്ക്
വളർന്നുകൊണ്ടിരിക്കുന്നു!
തെറ്റായി വ്യാഖ്യാനിച്ച്
സാധാരണക്കാരെ തങ്ങളുടെ ചൂഷണവലയത്തിൽ നിർത്താൻ തൽപരകക്ഷികൾ ദുരുപയോഗം
ചെയ്യുന്ന പ്രമാണങ്ങൾതന്നെയാണ് മൊത്തം മനുഷ്യരാശിയുടെ ദുഃഖനിവാരണത്തിനുള്ള
പാഠങ്ങളെന്ന തിരിച്ചറിവാണ് പുരോഗതിക്ക് അനിവാര്യം. ആ പാഠങ്ങൾ
കത്തിച്ചുകളയുകയല്ല, ശരിയായി പഠിക്കുകയും പഠിപ്പിക്കുകയുമാണ് വേണ്ടത്.
പാമ്പിനെ പാമ്പായും കയറിനെ കയറായും കാണുന്നതല്ലേ ബുദ്ധി? ഈ വിവേകം
വികസിപ്പിച്ചെടുക്കാൻ കഴിയാത്തത്തല്ലേ ഇടതുപക്ഷത്തിന്റെ വലിയ പിഴ?
മറുപക്ഷമാകട്ടെ, ഗീത
തീർത്തും അപലപിക്കുന്ന ജന്മജാതിത്വസിദ്ധമായ ഉച്ചനീചത്വങ്ങളെയും,
മഹായാഗങ്ങളും ആഭിചാരക്രിയകളും തന്ത്രമന്ത്രങ്ങളും ഉൾപ്പെടെ
ചാത്തൻസേവവരെയുള്ള അപചയങ്ങളെയും തൂത്തുവാരി ദൂരെ കളഞ്ഞ് ദർശനത്തിന്റെ
ശുദ്ധി വീണ്ടെടുക്കാൻ ശ്രമിക്കുന്നുമില്ല. വേദാന്താശയങ്ങൾക്ക്
വൈകാരികാവിഷ്കാരമാകണം എന്നുദ്ദേശിച്ച് വീരചിതങ്ങളായ ഇതിഹാസപുരാണങ്ങൾ
യഥാർത്ഥചരിത്രമാണെന്ന അബദ്ധധാരണ-അതരുതെന്ന് വേദവ്യാസർതന്നെ തുറന്നു
പറഞ്ഞിട്ടും-തിരുത്താൻ ശ്രമിക്കുന്നുമില്ല. രക്ഷയ്ക്കായാലും
ശിക്ഷയ്ക്കായാലും ജാതിക്കൊ മതത്തിനോ ആർക്കും ഒരു പരിഗണനയും നൽകേണ്ടതില്ല
എന്ന ദൃഢബോധമുള്ള ഒരു മതേതരക്കാരെയും കൂട്ടിത്തിലൊന്നും കാണുന്നില്ല!
വൈദ്യരുടെ അമ്മ പഴുത്തു
ചത്തു എന്നൊരു പ്രയോഗം നാട്ടിൻപുറത്ത് കേൾക്കാറുണ്ട്. ഭാരതത്തിന്റെ
മൊത്തം സ്ഥിതിയും ഇതാണിപ്പോൾ. മാനവരാശിയുടെ എല്ലാ നരകത്തിനും മരുന്നു
കണ്ടുപിടച്ചവരുടെ മാതൃഭൂമി വിഭാഗീയതയുടെ വിഷം തീണ്ടി
ഭ്രാന്താലയമായിരിക്കുന്നു! ഈ ഭ്രാന്താകട്ടെ, അനുദിനം കൂടുതൽ
രൂക്ഷമായിക്കൊണ്ടുമിരിക്കുന്നു.
അതേ, ഒന്നേ ഉള്ളൂ പോംവഴി-ഉണരുക, കരുതലോടെ കഴിയുക!
കടപ്പാട്: പിറവി മാസിക.