കാവിൽരാജ്
കണ്ണകി കാൽച്ചിലമ്പൂരിയെറിഞ്ഞതോ?
വിണ്ണിലുദിക്കും ത്രിസന്ധ്യതൻ പൂക്കളോ?
കണ്ണന്റെ സ്പർശനംകൊണ്ടു വിരിഞ്ഞതോ?
മണ്ണിതിൽ പൂവിട്ട കർണ്ണികാരങ്ങളേ?
പൂജക്കെടുക്കില്ല നിങ്ങളെയെങ്കിലും
പൂജിക്കുമല്ലോ ഒരു നാളിലെങ്കിലും
പൂജയും പൂജാവിധികളും നിർമ്മിച്ച
പൂജ്യരും പൂണൂലുധാരികളെങ്കിലും.
സ്വർണ്ണഹാരങ്ങൾപോൽ ചാർത്തിടുമെങ്കിലും
വർണ്ണവിവേചനം നിങ്ങളെ നീക്കിടും
കർണ്ണങ്ങൾക്കുത്സവം, സംഗീത ധാരകൾ
കണ്ണുകൾക്കത്ഭുതം നൽകും വിഭൂതികൾ.
ആനന്ദമാർഗ്ഗങ്ങൾ ആത്മീയശുദ്ധിക്കായ്
ആചരിച്ചീടുവാൻ ആഹ്വാനം ഏകുമ്പോൾ
ആത്മീയ സൗന്ദര്യം നിങ്ങളറിഞ്ഞിടും
ആത്മസമർപ്പണ ഭക്തരായ് മാറിടും.
പോക്കുവെയിൽ തൂവി മറയുന്ന സന്ധ്യേ
പൂക്കൾതൻ ദുസ്ഥിതി കാണുന്നതില്ലയോ?
എത്രയോ പുഷ്പങ്ങൾ മോക്ഷം പ്രതീക്ഷിച്ചു
തൊട്ടുകൂടാത്തത്തായ് നിൽക്കുന്നതില്ലയോ?