23 Mar 2014

വൈശാഖപൌർണമി

സുനിൽ എം എസ്

സാബ്.

ടാക്സി ഡ്രൈവറുടെ വിളി കേട്ടാണു കണ്ണുകൾ തുറന്നത്. ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെത്തിയിരിയ്ക്കുന്നു.

പോർച്ചിൽ നിന്ന് കുറച്ചകലെ, പാർക്കിംഗ് ലോട്ടിൽ ഒരൽ‌പ്പം തണലുള്ളിടത്ത് കാർ പാർക്കു ചെയ്ത ശേഷമാണ് ഡ്രൈവർ വിളിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതേ ഡ്രൈവറെത്തന്നെയാണ് ഹ്യാട്ട് റീജൻസി വിട്ടു തന്നിരിയ്ക്കുന്നത്. എത്രസമയം വേണമെങ്കിലും ഡ്രൈവർ ക്ഷമയോടെ അവിടെത്തന്നെ കാത്തു കിടന്നോളും. തീരെ ധൃതിയില്ല.

അന്ധേരി ഈസ്റ്റിലെ ഹ്യാട്ട് റീജൻസിയിൽ നിന്ന് മഹാലക്ഷ്മിയിലെ ബ്രീച്ച് കാന്റി ഹോസ്പിറ്റലിലേയ്ക്ക് ഇരുപത്തഞ്ചു കിലോമീറ്ററിനടുത്തു ദൂരമുണ്ട്. ഏകദേശം അരമണിക്കൂറിലേറെ എടുത്തിട്ടുമുണ്ടാവണം.സമയം പോയതറിഞ്ഞില്ല. കണ്ണടച്ചിരുന്നു സങ്കൽ‌പ്പിയ്ക്കുകയായിരുന്നു.

ഹോസ്പിറ്റലിലെ നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയുടെ വാതിലിൽ മുട്ടുന്നതും, വാതിൽ തനിയ്ക്കു വേണ്ടി മലർക്കെ തുറക്കുന്നതും സങ്കൽ‌പ്പത്തിൽ കണ്ടു കൊണ്ടിരിയ്ക്കുകയായിരുന്നു. ഇന്നെങ്കിലും വാതിൽ തുറക്കാതിരിയ്ക്കുമോ? അകത്തു കടന്നാൽ കാണുന്ന മുഖത്ത് മന്ദഹാസമുണ്ടാകുകയില്ലേമാസ്മരികതയുണ്ടെന്ന് കഴിഞ്ഞ രണ്ടുവർഷമായി തോന്നിക്കൊണ്ടിരുന്ന മന്ദഹാസംകാണാൻ അക്ഷമയോടെ കാത്തിരിയ്ക്കുന്ന മന്ദഹാസം. ആ മാസ്മരികതയിൽ എത്രത്തോളം ബാക്കിയുണ്ടെന്നതാണ് ഉള്ളം കിടുക്കുന്ന ചോദ്യം.

പതിനൊന്നു മണി മുതലാണ് ഹോസ്പിറ്റലിലെ സന്ദർശനസമയം. തനിയ്ക്ക് ആ സമയനിബന്ധനകൾ ബാധകമല്ല. എപ്പോൾ വേണമെങ്കിലും വരാനും പോകാനും അനുവദിയ്ക്കുന്ന പാസ്സാണ് കൈയ്യിലുള്ളത്. വന്നുപോകാൻ മാത്രമല്ല, രോഗിണിയുടെ കൂടെ, രോഗിണിയുടെ മുറിയിൽത്തന്നെ താമസിയ്ക്കാനുള്ള അവകാശവും ആ പാസ്സു തരുന്നുണ്ട്.

ഇതൊക്കെ ശരി തന്നെ, പക്ഷേ, രോഗിണിയുടെ മുറിയ്ക്കകത്തേയ്ക്ക് ഒരു തവണയെങ്കിലും കടന്ന് രോഗിണിയെക്കാണാൻ, രോഗിണിയോടു സംസാരിയ്ക്കാൻ ഇക്കഴിഞ്ഞ ആറു ദിവസത്തിന്നിടയിൽ അനുവദിയ്ക്കപ്പെട്ടില്ല. അവകാശങ്ങൾ മരവിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇന്നിത് ഏഴാമത്തെ ദിവസം. ഇന്നെങ്കിലും ഒന്നകത്തു കടക്കാൻ സാധിയ്ക്കണേ എന്നു പ്രാർത്ഥിയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആരോടു പ്രാർത്ഥിയ്ക്കാൻ ! ഈശ്വരന്മാരോടൊന്നും ഇത്രയും കാലത്തിനിടയിൽ പ്രാർത്ഥിച്ചിട്ടില്ല. ഈശ്വരന്മാരാരും മനസ്സിൽ ഓടിയെത്താറുമില്ല.

ഒരു പക്ഷേ, ഈശ്വരഭക്തിയുടെ അഭാവമായിരിയ്ക്കുമോ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ ചെയ്ത, ഇപ്പോഴും തുടർന്നുകൊണ്ടിരിയ്ക്കുന്ന പ്രവൃത്തികളുടെ പിന്നിലുള്ളത്? കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത കാര്യങ്ങളെപ്പറ്റി രണ്ടു ദിവസം മുൻപ് ഫോണിലൂടെ നേരിയൊരു സൂചന നൽകിയപ്പോൾ ചെറിയമ്മ കേരളത്തിൽ നിന്നു പറഞ്ഞ വാക്കുകൾ: നിന്നെ നോക്കിക്കൊള്ളണേന്നു ചേച്ചി പോണേനു മുമ്പേ എന്നോടു പറഞ്ഞിരുന്നു, നോക്കിക്കോളാമെന്നു ഞാനും ഏറ്റിരുന്നു. നീയീ കാട്ടിക്കൂട്ടീരിയ്ക്കണതൊക്കെ ഞാനെങ്ങനെ ചേച്ച്യോടു പറയും? മോളിലോട്ടു പോകാൻ നീ കാരണം പേട്യായിരിയ്ക്കണു. നിനക്കു സൽബുദ്ധി നൽകണേന്നു ഞാൻ പ്രാർത്ഥിയ്ക്കാം. അല്ലാണ്ടെന്താ ഞാനീ വയസ്സുകാലത്തു ചെയ്ക?‘

ബന്ധുക്കൾ പലരുമുണ്ടെങ്കിലും, ചെറിയമ്മയ്ക്കു മാത്രമേ അൽ‌പ്പമെങ്കിലും സ്നേഹമുള്ളു എന്നു തോന്നാറുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളോടെ ആ സ്നേഹവും ഇല്ലാതായിട്ടുണ്ടാകണം. സ്വർഗ്ഗത്തിലിരിയ്ക്കുന്ന അമ്മയുടെ മുഖത്തു മാത്രമല്ല, നാട്ടുകാരുടെ മുഖത്തും നോക്കാൻ ചെറിയമ്മയ്ക്കും മറ്റു ബന്ധുക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണല്ലോ ഇപ്പോൾ ചെയ്തു വച്ചിരിയ്ക്കുന്നത്.

ഈശ്വരഭക്തിയിലുമുപരി, രോഗിണിയുടെ തീരുമാനമാണ് അതിപ്രധാനം. ജീവിയ്ക്കാനാഗ്രഹമില്ല എന്നു രോഗിണി തന്നെ ദൃഢനിശ്ചയമെടുത്തുപോയിട്ടുണ്ടെങ്കിൽ ഈശ്വരൻ വിചാരിച്ചാലും രക്ഷിയ്ക്കാനാകില്ല. തന്നെ സ്നേഹിയ്ക്കുന്നതായി ഒരാൾ പോലും ഈ ലോകത്തില്ലെന്നു വിശ്വസിച്ചുപോയിരിയ്ക്കുന്ന ഒരാൾക്ക് തുടർന്നു ജീവിയ്ക്കാൻ എന്തു പ്രചോദനമാണുണ്ടാകുക! ജീവിച്ചിരിയ്ക്കുന്ന ഓരോ ദിവസവും മുൾക്കിരീടം ധരിച്ച് കുരിശിൽ കിടന്നു പിടയുന്നവർക്ക് ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവല്ല, ജീവിതത്തിൽ നിന്നുള്ള വിടയാണ് രക്ഷപ്പെടൽ.

പുതിയൊരു ജീവൻ നൽകി ഉയിർത്തെഴുന്നേൽ‌പ്പിച്ച് ജീവിതത്തിലേയ്ക്കു തിരികെക്കൊണ്ടുവരാൻ ഒരാളിവിടെ തപസ്സു ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് രോഗിണിയെ അറിയിയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ! അതിനിന്നേവരെ കഴിഞ്ഞില്ല.

മാസങ്ങൾക്കു മുൻപേ, അല്ല, രണ്ടു വർഷത്തിനു മുൻപേ തന്നെ അതവളെ അറിയിയ്ക്കേണ്ടതായിരുന്നു. അന്നത് അറിയിയ്ക്കാൻ കഴിയുകയും ചെയ്യുമായിരുന്നു. എന്നിട്ടും അന്നത് അറിയിച്ചില്ല. അന്നു സംശയമായിരുന്നു. സ്വന്തം ആഗ്രഹത്തെപ്പറ്റി സംശയം. ആഗ്രഹം കപടമോ ആത്മാർത്ഥമോ എന്ന സംശയം. സ്വയം സംശയിച്ചു. ഡൌട്ടിംഗ് തോമസായി. ആഗ്രഹം ആത്മാർത്ഥമാണ് എന്നു തിരിച്ചറിഞ്ഞ് ഓടിയെത്തിയപ്പോഴേയ്ക്കും വൈകി. അവൾ രോഗിണിയായി, ബോധമറ്റ് കോണിച്ചുവട്ടിലായി.

റിസപ്ഷനിലെ യുവതി പരിചയഭാവത്തിൽ പുഞ്ചിരിച്ചു. ഒരാഴ്ചകൊണ്ട് ഇവിടെ ചിലർക്കെങ്കിലും പരിചിതനായിത്തീർന്നിട്ടുണ്ട്. “റൂം നമ്പർ ട്രിപ്പിൾ ഫോർ. മേ ഐ ഗോ അപ്?” നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയിലേയ്ക്കു കയറിപ്പൊയ്ക്കോട്ടേ എന്നു ചോദിയ്ക്കുമ്പോൾ ഹൃദയം മിടിച്ചു. എന്തായിരിയ്ക്കും ഉത്തരം? ഷുവർ, സർ എന്നായിരിയ്ക്കുകയില്ലേ...

വൺ മോമെന്റ്, സർ.റിസപ്ഷനിസ്റ്റ് മുകളിലേയ്ക്കു വിളിച്ചു ചോദിച്ചു. യെസ്, സർ. യൂ മേ ഗോ അപ്.ആശ്വാസം. ഉത്തരം മുകളിലേയ്ക്കു ചെന്നോളൂ എന്നാണ്. ഇന്നലെ വരെ സോറി സർഎന്ന ഉത്തരമായിരുന്നു, പതിവ്.

“വിൽ ഐ ബി ഏബിൾ ടു മീറ്റ് ദ പേഷ്യന്റ്?” വാസ്തവത്തിൽ ഇത് റിസപ്ഷനിൽ ചോദിയ്ക്കേണ്ട ചോദ്യമല്ല. രോഗിണിയെ കാണാനുള്ള ആകാംക്ഷകൊണ്ടു ചോദിച്ചു പോയതാണ്. മുകളിലേയ്ക്കു ചെന്നാൽത്തന്നെയും രോഗിണിയെ കാണാൻ കഴിഞ്ഞോളണമെന്നില്ല.

ദ നഴ്സസ് ദെയർ വിൽ ഗൈഡ് യൂ.” മുകളിലെ നഴ്സുമാർ നിർദ്ദേശം തരുമെന്ന്. വഴി പൂർണ്ണമായും ക്ലിയറായിട്ടില്ലന്നാണു സൂചന.

എന്തു നിർദ്ദേശമായിരിയ്ക്കും, നഴ്സുമാർ തരിക? രോഗിണിയുടെ മുറിയിലേയ്ക്കല്ലാതെ എവിടേയ്ക്കായിരിയ്ക്കും നഴ്സുമാർ നയിയ്ക്കുക?

ആശ ണർന്നെഴുന്നേറ്റു. അധികം താമസിയാതെ നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയ്ക്കകത്തു കടക്കാൻ പറ്റും, തീർച്ച. അത് ഇന്നോ, നാളെയോ, മറ്റെന്നാളോ എന്നേ അറിയേണ്ടതായുള്ളു. അകത്തു കടക്കണം, പറയാൻ വർഷങ്ങൾ വൈകിയ കാര്യം അറിയിയ്ക്കണം: നീയാണെന്റെ സർവ്വസ്വവും.

ലിഫ്റ്റിനുള്ളിൽ വച്ച് ഹൃദയമിടിപ്പ് മറ്റുള്ളവരും കൂടി കേൾക്കുന്നുണ്ടാകുമോ എന്നു ഭയപ്പെട്ടു. ലിഫ്റ്റിൽ നിന്നു പുറത്തുകടന്ന്, നാനൂറ്റി നാൽ‌പ്പത്തി നാലിന്റെ മുന്നിലൂടെ നഴ്സസ് കൌണ്ടറിലേയ്ക്കു നടന്നു. നാനൂറ്റി നാൽ‌പ്പത്തി നാലിന്റെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു. ‘കാറ്റേ നീ വീശരുതിപ്പോൾ, കാറേ മഴ പെയ്യരുതിപ്പോൾ, ആരോമൽത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ’ അത് ഒരാത്മാർത്ഥനിവേദനമായി ചൊല്ലി. ചുവടുകൾക്കു വേഗത തനിയേ കൂടി.

സർ, ആപ് സരാ ഡോക്ടർ സെ മിലേംഗേ?” നഴ്സ് ചിരിച്ചുകൊണ്ടു ചോദിച്ചു. നഴ്സസ് കൌണ്ടറിലെ നഴ്സുമാരൊക്കെ പരിചയമുള്ളവരായിത്തീർന്നിരിയ്ക്കുന്നു. അപ്പോൾ ഇതാണ്, നഴ്സിന്റെ നിർദ്ദേശം. ഡോക്ടറെ ഒന്നു കാണുക.

ഇതിനകം പല തവണ ഡോക്ടറെ കണ്ടു കഴിഞ്ഞിട്ടുള്ളതാണ്, ഡോക്ടറുടെ മുറി പരിചിതമാണ്. ഭാഗ്യത്തിന് ഡോക്ടറെക്കാണാൻ പുറത്ത് അധികസമയം കാത്തിരിയ്ക്കേണ്ടി വന്നില്ല.

കണ്ടയുടനെ ഡോക്ടർ പറഞ്ഞു, “ഗ്ലാഡ് ന്യൂസ് ഫോർ യൂ, സദാനന്ദ്. വിശാഖം ഈസ് മച്ച് ബെറ്റർ നൌ. ഫീവർ ഗോൺ. സ്റ്റാർട്ടഡ് ടേയ്ക്കിംഗ് ലിക്വിഡ് ഫൂഡ്. ദ നേയ്സോഗാസ്ട്രിക് ട്യൂബ് ഹാസ് ബീൻ റിമൂവ്ഡ്.“ അവൾക്കിപ്പോൾ വളരെ ഭേദമുണ്ട്. പനി മാറിയിരിയ്ക്കുന്നു. ദ്രാവകരൂപത്തിലുള്ള ആഹാരം കഴിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. ട്യൂബിലൂടെയുള്ള ആഹാരം കഴിപ്പിയ്ക്കൽ നിർത്തിയിരിയ്ക്കുന്നു!

ഉള്ളിൽ ആശ്വാസത്തിന്റെ മഞ്ഞുമഴ പെയ്തു. ദ്രാവകരൂപത്തിലുള്ളതാണെങ്കിലും സ്വയം ആഹാരം കഴിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു! പതുക്കെപ്പതുക്കെയാണെങ്കിലും, ഈശ്വരഭക്തിയുടെ അഭാവത്തിലും സദ്‌വാർത്തകൾ വരാൻ തുടങ്ങിയിരിയ്ക്കുന്നു.

ഷി വിൽ ലിവ്, വോണ്ട് ഷി?” വിശാഖത്തിനു വളരെ ഭേദമുണ്ട് എന്നു ഡോക്ടർ പറഞ്ഞു കഴിഞ്ഞിരിയ്ക്കുന്ന നിലയ്ക്ക് ‘അവൾ ജീവിയ്ക്കും, ഇല്ലേ ഡോക്ടർ’ എന്ന ചോദ്യത്തിനു പ്രസക്തി കുറഞ്ഞിരിയ്ക്കുന്നു. പതിവനുസരിച്ച് ചോദിച്ചു പോയതാണ്. രണ്ടു ദിവസം മുൻപു വരെ വിശാഖം സന്ദിഗ്ദ്ധാവസ്ഥയിലായിരുന്നു താനും. ആ സന്ദിഗ്ദ്ധാവസ്ഥയ്ക്ക് ഇന്നാണ് പ്രസ്താവ്യമായ മാറ്റം വന്നിരിയ്ക്കുന്നത്. ഗുരുതരാവസ്ഥ എന്തെങ്കിലുമുണ്ടെങ്കിൽ അതപ്പോൾത്തന്നെ അറിയാനാഗ്രഹമുണ്ട്, എന്നാണ് ചോദ്യംകൊണ്ട് അർത്ഥമാക്കിയത്.

ഷി വിൽ ലിവ്.മുൻപൊരിയ്ക്കലുമില്ലാതിരുന്ന ഉറപ്പ് ഡോക്ടറുടെ ശബ്ദത്തിലുണ്ടായിരുന്നു.

ഏതാനും ദിവസം മുൻപുള്ള ഒരുച്ചസമയത്ത്, കുപ്രസിദ്ധമായ കാമാഠിപുരയിലെ ഫോക്ക്‌ലന്റ് റോഡിലെ അഞ്ചാമതു ലെയിൻ എന്ന ബോർഡിനടുത്ത് കമ്പിവലയടിച്ച ഒന്നാം നിലയുള്ള ഒരു പഴയ കെട്ടിടത്തിനുള്ളിലെ ഇരുളടഞ്ഞൊരു കോണിച്ചുവട്ടിൽ, ഒരു പഴന്തുണിവിരിപ്പിൽ ചുരുണ്ടുകൂടിക്കിടന്നിരുന്ന എല്ലിൻ‌കൂടിന് ജീവനുണ്ടോ എന്നു പോലും സംശയിച്ച കാര്യം ഓർത്തുപോയി. വിശാഖത്തിനോടു സഹതാപമുള്ള ഏതോ ഒരു സ്ത്രീ കാണിച്ചുതന്ന മെഴുകുതിരിവെളിച്ചത്തിൽ ഏറെ നേരം സൂക്ഷ്മമായി നോക്കിയ ശേഷമായിരുന്നു, ജീവനുണ്ട് എന്നു തീർച്ചപ്പെടുത്തിയത്.

ബോധമറ്റു കിടന്നിരുന്ന ആ രൂപത്തെ ഇരുകൈകളിലുമെടുത്ത്, നെഞ്ചോടു ചേർത്തുപിടിച്ച് ഇടുങ്ങിയ ഇടനാഴിയിലൂടെ, രോഗിണിയുടെ ശിരസ്സും കാലുകളും ഭിത്തിയിൽ ഉരയാനിടവരുത്താതെ, ശ്രദ്ധയോടെ നടന്നു തുടങ്ങിയപ്പോൾ ആരോ ആത്മഗതം പോലെ പറയുന്നുണ്ടായിരുന്നു, ‘ബേക്കാർ കാം ക്യോം കർത്തേ ഹോ? വോ തോ മർ ജായഗി.” എന്തിനീ പാഴ്വേലയ്ക്കു മുതിരുന്നു. അവളെന്താ‍യാലും മരിച്ചുപോകും എന്ന വിധിപ്രസ്താവം ചെവിയിൽ വന്നലച്ചപ്പോൾ നടപ്പിനു ധൃതികൂടി. വിധിയെ തിരുത്തിയ്ക്കണം എന്ന നിശ്ചയം കൂടുതൽ ദൃഢമായി.

ഇന്നിപ്പോൾ ആ വിധി തിരുത്തപ്പെട്ടിരിയ്ക്കുന്നു. ഡോക്ടർ വിധിച്ചിരിയ്ക്കുന്നു, “ഷി വിൽ ലിവ്.”
ഷി വിൽ ലിവ് ഡെഫിനിറ്റ്ലി.ഡോക്ടർ ആവർത്തിച്ചു. എങ്കിലും, ഗൌരവം ആ ശബ്ദത്തിൽ മുറ്റി നിന്നിരുന്നു. ഫുൾ റിക്കവറി ഈസ് സ്റ്റിൽ ഫാർ എവേ. യു നോഷി വിൽ നീഡ് മന്ത്സ് ഫോർ ഗെറ്റിംഗ് ബാക്ക് ടു നോർമൽ ലൈഫ്. പെഹാപ്സ് ഇയേഴ്സ്, ഈവൻ. ഇറ്റ് വിൽ ഓൾ ഡിപ്പൻഡ് ഓൺ ദ ട്രീറ്റ്മെന്റ് ആന്റ് കെയർ ഷി ഗെറ്റ്സ്.അവൾ ജീവിയ്ക്കും, സംശയമില്ല. പക്ഷേ പൂർണ്ണമായി സുഖപ്പെടാൻ മാസങ്ങൾ വേണ്ടി വരും. ഒരു പക്ഷേ വർഷങ്ങളും വേണ്ടി വന്നേയ്ക്കാം. എല്ലാം അവൾക്കു കിട്ടുന്ന ചികിത്സയേയും പരിചരണത്തേയും ആശ്രയിച്ചിരിയ്ക്കും.

സാരമില്ല. മാസങ്ങളോ വർഷങ്ങൾ തന്നെയുമോ എടുത്തോട്ടെ. ധൃതിയില്ല. പക്ഷേ, അവൾ ജീവിയ്ക്കണം.

ചികിത്സയ്ക്കും പരിചരണത്തിനും ബുദ്ധിമുട്ടില്ല. മുംബൈയിലെ കുപ്രസിദ്ധമായ കാമാഠിപുരയിലെ ഇരുളടഞ്ഞ കോണിച്ചുവട്ടിൽ ആരും തിരിഞ്ഞുപോലും നോക്കാനില്ലാത്ത, അത്യാസന്നമായ അവസ്ഥയിലല്ല, അവളിപ്പോൾ. സുപ്രസിദ്ധമായ ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെ നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയിലാണ് അവളിപ്പോഴുള്ളത്. ഇരുപത്തിനാലുമണിക്കൂറും അവളെ നിരീക്ഷിയ്ക്കാനായി ഒരു നഴ്സ് കണ്ണിലെണ്ണയുമൊഴിച്ച്, സമീപത്തു തന്നെ ഇരിയ്ക്കുന്നു. ഒരു വിളിപ്പാടകലെ ഡോക്ടർമാർ. അവർ ദിവസവും പല തവണ അവളെ പരിശോധിയ്ക്കുന്നു.

മരുന്നുകൾക്കു ഫലം കണ്ടു തുടങ്ങിയിരിയ്ക്കുന്നു. പനി മാറിയിരിയ്ക്കുന്നു. ട്യൂബു വഴി ആഹാരം കൊടുത്തുകൊണ്ടിരുന്നതിനാലായിരിയ്ക്കണം ക്ഷീണം കുറഞ്ഞത്. നാവിലും വായിലും തൊണ്ടയിലുമുള്ള പോളങ്ങൾ പൂർണ്ണമായും പൊറുത്ത്, സാധാരണ രീതിയിൽ ഭക്ഷണം കഴിയ്ക്കാൻ കൂടുതൽ സമയമെടുത്തേയ്ക്കാം. ദ്രാവകരൂപത്തിലുള്ള ഭക്ഷണമെങ്കിലും സ്വയം കഴിയ്ക്കാൻ തുടങ്ങിയത് ശുഭസൂചകമാണ്. ഷിയീസ് ഓൺ ദ റിക്കവറി പാത്ത്. നോ ഡൌട്ട് എബൌട്ടിറ്റ്. അവൾ അതിവേഗം സുഖപ്പെട്ടുകൊണ്ടിരിയ്ക്കുന്നു, അക്കാര്യത്തിൽ സംശയം വേണ്ട, ഡോക്ടർ വിശദീകരിച്ചു.

മേ ഐ സീ ഹെർ?” നെഞ്ചിടിപ്പോടെയാണ് ചോദിച്ചത്. ഈ ചോദ്യം മുൻ ‌ദിവസങ്ങളിൽ ചോദിച്ചപ്പോഴൊക്കെ, പാടില്ല എന്ന ഉത്തരമായിരുന്നു കിട്ടിയത്. അതേ ഉത്തരം തന്നെ ഇന്നും കിട്ടിയേയ്ക്കുമോ എന്ന ഭയത്തിന് ഇന്നൽ‌പ്പം കുറവു വന്നിരിയ്ക്കുന്നു. സ്ഥിതിയിൽ ഗണ്യമായ പുരോഗതിയുണ്ടായിരിയ്ക്കുന്ന നിലയ്ക്ക് രോഗിണിയെ കാണുന്നതിലെന്താണിനി കുഴപ്പം?

സ്വയം ആഹാരം കഴിയ്ക്കാൻ തുടങ്ങിയ നിലയ്ക്ക് അവൾക്കിപ്പോൾ പൂർണ്ണബോധം തിരിച്ചു കിട്ടിയിട്ടുണ്ടാകണം. അവൾക്കിപ്പോൾ സംസാരിയ്ക്കാനും കഴിയുമായിരിയ്ക്കും.

അതോർത്തപ്പോൾ നെഞ്ചിടിപ്പു കൂടി.

വി ആർ നോമോർ വറീഡ് എബൌട്ട് ഹെർ.ഡോക്ടർ ഗൌരവത്തിൽ തുടർന്നു. ദ പ്രോബ്ലം ഈസ്, ഷി കണ്ടിന്യൂസ് ടു ബി ഇൻഫെക്ഷ്യസ്. ഷി വിൽ ബി സോ ഫോർ സം മോർ ടൈം. മീൻ‌വൈൽ, സദാനന്ദ്, വീ ഡോണ്ട് വാണ്ട് യൂ ടു ബി ദ നെക്സ്റ്റ് പേഷ്യന്റ്.രോഗിണിയെപ്പറ്റി ഭയാശങ്കകളില്ല. പക്ഷേ, ഇപ്പോഴും അവളിൽ നിന്ന് രോഗം പകരാവുന്നതാണ്. കുറച്ചുനാൾ കൂടി അവൾ ആ സ്ഥിതിയിൽ തുടരും. അതിന്നിടയിൽ അടുത്ത രോഗി നിങ്ങളാകരുതെന്നുണ്ട്, ഞങ്ങൾക്ക്. ഡോക്ടർ ഡോക്ടർമാരുടെ പരുഷസ്വരം പുറത്തെടുത്തു.

“ഡോക്ടർ, ഐ വിൽ ബി കെയർഫുൾ. ഐ വാണ്ട് ടു സീ ഹെർ. പ്ലീസ്.” അതൊരു പ്രാർത്ഥനയായിരുന്നു. തീർച്ചയായും ശ്രദ്ധിച്ചോളാം. രോഗം വരാതെ നോക്കിക്കോളാം. പക്ഷേ, എനിയ്ക്കവളെ കാണണം.

രണ്ടു കൊല്ലമായി അവളെ കാണാനുള്ള ആഗ്രഹം മൊട്ടിട്ടിട്ട്. ആ ആഗ്രഹം ഓരോ ദിവസം ചെല്ലുന്തോറും ഉൽക്കടമായിക്കൊണ്ടിരുന്നു. മഞ്ഞു മൂടിക്കിടക്കുന്ന മലഞ്ചെരിവിലൂടെ താഴോട്ടുരുളുന്ന മഞ്ഞുരുള കൂടുതൽ മഞ്ഞിനെ വലിച്ചെടുത്ത് ഭീമാകാരമായിത്തീരുന്നതു പോലെ, അവളെക്കാണാനുള്ള ആഗ്രഹം പതുക്കെപ്പതുക്കെ ഭീമാകാരമായിത്തീർന്നുകൊണ്ടിരുന്
നു.

യൂ മെ സീ ഹെർ.ഡോക്ടർ കർക്കശസ്വരത്തിൽ തുടർന്നു: ഓൺ വൺ കണ്ടീഷൻ. യൂ ഷുഡിന്റ് ടച്ച് ഹെർ.അവളെ കണ്ടോളൂ. പക്ഷേ ഒരു നിബന്ധന: അവളെ സ്പർശിയ്ക്കാൻ പാടില്ല.

(തുടരും)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...