അസ്തിത്വത്തിന്റെ അനന്തതഎം.കെ.ഹരികുമാർ
    


രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ വിശദീകരിക്കുന്നതൊന്നുമല്ല മനുഷ്യന്റെ അസ്തിത്വം. അർത്ഥശൂന്യമായ പൊതുവർത്തമാനങ്ങൾ ഇന്ന്‌ അപൽക്കരമായി വളർന്നിരിക്കുന്നു. യാതൊരാവശ്യവുമില്ലാത്ത കാര്യങ്ങൾ ഏറ്റവും കൂടുതലായി ചർച്ച ചെയ്യപ്പെടുന്നു. ഈ ശബ്ദപ്പെരുമഴ നമ്മെ ശരിയായിട്ടുള്ളതും, നമ്മളുടെ ഉള്ളിൽ സൂക്ഷ്മമായി വിന്യസിച്ചിട്ടുള്ളതുമായ അനേകം ജൈവസ്മൃതികളെയും ആൾരൂപങ്ങളെയും ജന്മഗേഹങ്ങളെയും കൊന്നൊടുക്കുന്നു. മാധ്യമ, രാഷ്ട്രീയചർച്ചകളുടെ ബഹുത്വം നമ്മെ പൊള്ളയാക്കുകയാണ്‌. അസ്തിത്വത്തിന്റെ ദുർഗ്രഹതയെപ്പറ്റി ഒന്നും ആലോചിക്കാൻ കഴിയാത്തവിധം അതു നമ്മുടെ മനസ്സിനുള്ളിലെ ഹരിതകമെല്ലാം നശിപ്പിക്കുന്നു. കേവലയുക്തിയുടെ ചതുപ്പുനിലങ്ങളിൽ കുടുങ്ങി കിടക്കുന്നവന്‌, ആന്തരികയുക്തിയുടെ സൗന്ദര്യമേഖലകളിലേക്ക്‌ എങ്ങനെ എത്തിച്ചേരാനാകും?
    അസ്തിത്വം ദുർഗ്രഹമാണ്‌. നമുക്ക്‌ ഒന്നും തന്നെ അറിയാത്തതുകൊണ്ടാണ്‌, നാം പ്രത്യക്ഷ വികാരങ്ങളിൽ വിശ്വസിക്കുകയും അവയുടെ വിനിമയത്തിന്റെ അടിസ്ഥാനത്തിൽ ശരികളെ നിശ്ചയിക്കുകയും ചെയ്യുന്നത്‌. ഏതാണ്‌ ശരിയായിട്ടുള്ളത്‌? സ്നേഹം ശരിയായിട്ടുള്ളത്‌? സ്നേഹം ശരിയാണെങ്കിൽ പിന്നീട്‌ എന്തിന്‌ വെറുക്കുന്നു. സ്നേഹം ചില മനസ്സിന്റെ അക്ഷാംശരേഖകളിൽ ഒത്തുവരുമ്പോൾ മാത്രമേ നിലനിൽക്കുന്നുള്ളൂ. സ്ഥാനം മാറുന്നതോടെ സ്നേഹിതർ അകലുകയായി. സ്നേഹത്തിൽ സത്യമുണ്ടായിരിക്കാം. എന്നാൽ ആ സത്യം ഉറപ്പാക്കാൻ സ്നേഹത്തിനു കഴിയുന്നില്ല. സ്നേഹിക്കപ്പെടുന്നവനും സ്നേഹിക്കുന്നവനും തമ്മിൽ ഒരു ഇടപാട്‌ ഉണ്ട്‌; അതിൽ വിശ്വാസത്തിന്റെ കരാർ ഉണ്ട്‌. അതേസമയം, ആ സ്നേഹം അതിന്റെ തന്നെ സത്യത്തെ സ്ഥാപിക്കുവാൻ പ്രതിജ്ഞാബദ്ധമാകുന്നില്ല. അതായത്‌ സ്നേഹസത്യങ്ങൾ ഒരു വികാരമായി, അതിന്റെ തലത്തിൽ മാത്രമേ നിലനിൽക്കുന്നുള്ളൂ. സ്നേഹം ഒരു അസ്തിത്വമാണ്‌ എങ്കിൽ, അത്‌ പൂർണ്ണമായും ദുർഗ്രഹവുമാണ്‌. എന്തിന്‌ സ്നേഹിച്ചു, എന്തിന്‌ പിണങ്ങി എന്ന്‌ ചോദിച്ചാൽ ചിലപ്പോൾ ഉത്തരങ്ങൾ ഉണ്ടായേക്കാം. ഉത്തരങ്ങൾ മാത്രമേ കാണൂ. സ്നേഹം ഉണ്ടായിരിക്കുകയില്ല.
    ജീവിതവും ഇങ്ങനെയാണ്‌. അത്‌ യഥാർത്ഥമായിരിക്കുന്നതിലുപരി ഒരു സങ്കൽപമാണ്‌. ആശങ്കയാണ്‌. എത്രയോ വൈറസുകൾ, സൂക്ഷ്മപ്രാണികൾ, പുഴുക്കൾ ജീവിക്കുന്നു. എന്നാൽ അവയുടേത്‌ ഒരു ജീവിതമാണോ? അവ തീർച്ചയായും ഉണ്ട്‌. അവയുടേതായ 'ചിന്ത'കളുമുണ്ട്‌. അവ ചില 'ലക്ഷ്യ'ങ്ങൾ സാക്ഷാത്കരിക്കുന്നു. അപാരമായ വേഗത്തിൽ അവ പെരുകുന്നു. അവ എന്തിനാണ്‌ ആക്രമണോത്സുകമായി പുളയ്ക്കുകയും ജൈവവ്യവസ്ഥകളെ തകർത്ത്‌ സ്വന്തം നിയമങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നത്‌? നിശ്ചയമായും ജീവിതം അവിടെയുമുണ്ട്‌. നമ്മുടേത്‌ മാത്രമായ ഒരു സങ്കൽപത്തിൽ ജീവിതം നിലനിൽക്കുന്നുവേന്ന്‌ എങ്ങനെ പറയാൻ കഴിയും? തീർച്ചയായും നമ്മുടെ യുക്തിക്കൊപ്പം ധർമ്മാധർമ്മങ്ങളും ചേർന്നതാണ്‌ ജീവിതത്തെ ഒരു സങ്കൽപമായി ഉയർത്തുന്നത്‌. പക്ഷേ, ഈ പ്രപഞ്ചത്തിൽ ജീവിതത്തെ നിർവ്വചിക്കാനാവാത്ത തലത്തിൽ ജീവിതമുണ്ട്‌. അത്‌ സങ്കൽപത്തിന്റെ വിവിധ ഘടകങ്ങളെ ഒരേ സമയം നില നിർത്തുന്നു. ഒരു യാഥാർത്ഥ്യം എന്ന്‌ അതിനെ വിവക്ഷിക്കാനേ കഴിയില്ല. യാഥാർത്ഥ്യമാകണമെങ്കിൽ, അത്‌ യുക്തിക്കും കാലത്തിനും അനുയോജ്യമായി, പൊരുത്തമായി രൂപപ്പെടണം. ഉണ്ടെന്ന്‌ തോന്നുന്നത്‌ യാഥാർത്ഥ്യമല്ല. ഒരുവേള, നാം തന്നെ നമ്മെപ്പറ്റി ചിന്തിക്കും, ഞാൻ ഇങ്ങനെയെല്ലാം ജീവിച്ചിരിക്കുന്നുണ്ടോ എന്ന്‌.
    ജീവിതത്തിന്റെ ഈ അനിശ്ചിതാവസ്ഥയാണ്‌ അതിന്‌ ഭാവനാപൂർണമായ ഗഹനത നൽകുന്നത്‌. തുടർ അന്വേഷണങ്ങൾ സാധ്യമാകുകയാണ്‌. നാം ശരിയെന്ന്‌ വിശ്വസിക്കുന്നത്‌ തൊട്ടടുത്ത നിമിഷത്തിൽ അപ്രസക്തമാകുകയും പുതിയ പ്രമേയങ്ങൾ ഉരുത്തിരിയുകയും ചെയ്യുന്നു.
    ഇന്നത്തെ എഴുത്തുകാരൻ രാഷ്ട്രീയമായി ഒത്തുതീർപ്പിലെത്തിയ സാഹിത്യമാണ്‌ ഉൽപാദിപ്പിക്കുന്നത്‌. അവൻ ഉൽപാദകനാണ്‌; വായനക്കാരന്റെയും പ്രസാധകന്റെയും ആവശ്യങ്ങളോട്‌ സമരസപ്പെട്ടിരിക്കുന്നു. ജ്ഞാനസിദ്ധിയുടെ എല്ലാ നന്മകളും സ്വയം വഞ്ചിച്ചിരിക്കയാണ്‌. മുൻകാലങ്ങളിലെ ജ്ഞാനോദയങ്ങൾ അതേപടി ഉയർത്തിക്കാട്ടുന്നതല്ലാതെ, സ്വന്തമായി എന്തെങ്കിലും ചെയ്യാനുണ്ടെന്ന ചിന്ത ഏതാണ്ട്‌ എല്ലാവരിലും അസ്തമിച്ചിരിക്കുന്നു. ഉപനിഷത്തിനെപ്പറ്റി, വേദങ്ങളെപ്പറ്റി, പുരാണകഥാപാത്രങ്ങളെപ്പറ്റി, മാർക്ക്സിസത്തെപ്പറ്റി, എഴുതിയാൽ മതി, എല്ലാമായി എന്ന ചിന്തയിൽ എല്ലാവരും ഒത്തുതീർപ്പിലെത്തുന്നു. ഇതു തന്നെയാണ്‌ നമ്മുടെ വിദ്യാഭ്യാസത്തിലൂടെയും ഉയർത്തിക്കൊണ്ടുവരുന്ന ആശയം. അധ്യാപകരുണ്ടാക്കുന്ന കുഴപ്പം ചെറുതല്ല, അവർ പഴയത്തിന്റെ വ്യാഖ്യാനങ്ങൾ അതേപടി ചുമക്കുന്നവരാണ്‌. സ്വന്തമായി ഒരു വാചകം കൂട്ടിച്ചേർക്കാൻ കഴിവില്ല; ധൈര്യവുമില്ല. പരീക്ഷയ്ക്ക്‌ മാർക്ക്‌ കിട്ടുന്നതിനുവേണ്ടി എന്ത്‌ ചെയ്യണമെന്ന അനുരഞ്ജനത്തിന്റെ അടിസ്ഥാനത്തിൽ മനസ്‌ കണ്ടീഷൻ ചെയ്ത അധ്യാപകർ സാഹസികമായ സൗന്ദര്യാനുഭവത്തിലേക്ക്‌ എത്തിനോക്കാൻ പോലും കഴിവില്ലാത്തവരാണ്‌. ഇന്ന്‌ ജ്ഞാനോദയത്തിനുവേണ്ടി വാദിക്കുന്നത്‌ കാലുമാറ്റക്കാരായ രാഷ്ട്രീയക്കാരും, സ്വന്തം  ശമ്പളത്തെക്കുറിച്ച്‌ മാത്രം ഉത്കണ്ഠയുള്ള സംഘടനാ പ്രവർത്തകരും മറ്റുമാണ്‌. അവർ ജ്ഞാനോദയത്തെ പൊതുസമ്മതിക്ക്‌ വേണ്ടി ഉപയോഗിക്കുന്നു; സ്വയം പരിവർത്തനം ചെയ്യാൻ തയ്യാറുമല്ല. ജനകീയമായ ഉത്തരവാദിത്തം ആർക്കുമില്ല. സ്വാതന്ത്ര്യം കിട്ടി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും കുടിവെള്ളമില്ല. അതേസമയം വ്യക്തിസ്വാതന്ത്ര്യത്തിനും കോർപ്പറേറ്റ്‌ താത്പര്യങ്ങൾക്കുമായി ധാരാളം വാഗ്വാദങ്ങൾ അന്തരീക്ഷത്തിൽ പടരുന്നു. ഒരു പ്രയോജനവുമില്ലാത്ത സംഭാഷണങ്ങൾ. ഒരു തിരഞ്ഞെടുപ്പ്‌ വരുമ്പോൾ, മുമ്പ്‌ മത്സരിച്ചവരും, പാർട്ടി നേതാക്കളും സ്ഥാനാർത്ഥികളും മാത്രമായി ജനാധിപത്യം ചുരുങ്ങുന്നു. സാഹിത്യപ്രവർത്തകർ, വിമർശകർ, എഴുത്തുകാർ തുടങ്ങിയവരുടെ ഒരഭിപ്രായവും പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. ചെറിയ പാർട്ടികളിലെ തീരെ ചെറിയ ഗ്രൂപ്പ്‌ മറ്റൊരു മുന്നണിയിലേക്ക്‌ കാലുമാറുന്നതിനെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനമായി തെറ്റിദ്ധരിക്കുന്നിടത്ത്‌ മാധ്യമസംസ്കാരവും തരം താഴുന്നു. എന്തിനാണ്‌ മാധ്യമങ്ങൾ? അവ എല്ലാ വിഭാഗത്തിന്റെയും സ്വരങ്ങൾ പ്രതിഫലിപ്പിക്കണം. മാധ്യമ പ്രവർത്തകർ മുന്നോട്ട്‌ വന്ന്‌ കലാസാംസ്കാരിക, സാഹിത്യരംഗങ്ങളിലുള്ളവരുടെയെല്ലാം അഭിപ്രായം തേടണം. അത്‌ വോട്ടർമാർക്ക്‌ മുന്നിൽ വയ്ക്കണം. പൊതുജനാഭിപ്രായത്തെ രൂപീകരിക്കുന്നത്‌ ഇതുകൂടി ചേർന്നാണ്‌. മധ്യവർഗത്തിന്റെ അഭിലാഷങ്ങൾ പൂർണമായിത്തന്നെ സമ്പന്നതയിലേക്കാണ്‌ ലക്ഷ്യംവയ്ക്കുന്നത്‌. ചിന്താപരമായ സ്വാതന്ത്ര്യത്തിന്റെ എല്ലാ പരിശ്രമങ്ങളും, രാഷ്ട്രീയതാത്പര്യങ്ങളിൽ നിയന്ത്രിക്കപ്പെടുന്ന ജനകീയ ദൃശ്യ, അച്ചടി മാധ്യമങ്ങളിൽ തട്ടിത്തകരുന്നു. വ്യക്തിപരമായി ഒരാൾ സ്വാതന്ത്ര്യത്തെ കണ്ടെത്തുകയും സർഗാത്മകതയെ അറിയുകയും ചെയ്താൽപ്പോലും കോർപ്പറേറ്റ്‌ മാധ്യമ എഡിറ്റർമാരുടെ ജാതിപ്പോരിനും സ്വജനപക്ഷപാതത്തിനും ഇരയായി ജീവിക്കേണ്ടി വരുന്നു.

    ജ്ഞാനപ്രക്രിയയോ, ജ്ഞാനോദയമോപോലും വ്യക്തിതാൽപര്യത്തിനു വഴിപ്പെടുന്നു. വ്യക്തികളുടെ തെറ്റായ ഈഗോയ്ക്കും പ്രതിച്ഛായയ്ക്കും അടിമപ്പണി ചെയ്യുകയാണ്‌ ജ്ഞാനമേഖലകൾ. ഉന്നതമെന്ന്‌ തോന്നാവുന്ന ഒരു ശ്രേണിയുടെ ഭാഗമായി നിന്നുകൊണ്ട്‌, പലരും അവരുടെ സങ്കുചിതമായ വ്യക്തിതാൽപര്യങ്ങളെ സ്ഥാപിക്കുകയും ചരിത്രത്തെ വഴിതെറ്റിക്കുകയും ചെയ്യുന്നു. ഒന്നിനും കൊള്ളാത്ത കവനങ്ങളെ, ലോക നിലവാരത്തിലുള്ളതെന്ന്‌ പറഞ്ഞ്‌ ആശീർവദിക്കുന്നവർ തങ്ങൾ നേടിയ ജ്ഞാനത്തെ, വിദ്യാഭ്യാസത്തെ അപകീർത്തിപ്പെടുത്തുകയാണ്‌. ഒരു പണ്ഡിതനും വിമോചകനുമായ വ്യക്തിക്ക്‌ താൻ നേടിയ അറിവിനോടു അൽപംപോലും സത്യസന്ധത കാണിക്കാൻ കഴിയാതെ വരുന്നു. ബുദ്ധിപരമായി വളർച്ച നേടിയ, സമ്പന്നന്‌ ആശുപത്രിയിൽ ഉയർന്ന ടെസ്റ്റുകൾ കിട്ടാൻ പെട്ടെന്ന്‌ പണം കൊടുക്കുന്നതിലൂടെ സാധിക്കും. ആശുപത്രിയിൽ സമത്വമാണല്ലോ പ്രധാനപ്പെട്ട നിയമം. എന്നാൽ ലോണെടുത്ത്‌ ചികിത്സിക്കാൻ വരുന്നവന്‌ ടെസ്റ്റുകളിലൂടെ നഷ്ടപ്പെടുന്നത്‌ കിടപ്പാടമായിരിക്കും. ജ്ഞാനോദയ, സമത്വമൂല്യങ്ങൾ ഇന്ന്‌ പാവപ്പെട്ടവനെ അവന്റെ കിടപ്പുമുറിയിൽ നിന്ന്‌ ഇറക്കി വിടുന്നതിനാണ്‌ യത്നിക്കുന്നത്‌. അതായത്‌, ജീവിതത്തിൽ തോറ്റുപോകുന്നവന്‌ നിശ്ശബ്ദമായി പിൻവാങ്ങാൻ സഹായിക്കുന്നത്‌ സമത്വ, സമാധാന മൂല്യങ്ങളാണ്‌.
    വിദഗ്ദ്ധമായി നെയ്ത്‌ ചേർക്കപ്പെട്ട പൊതുസദാചാരബോധത്തിന്റെ ബോധോദയ സംസ്കാരത്തിന്റെ മറവിൽ, അസ്തിത്വം ബന്ദിയാക്കപ്പെടുകയാണ്‌. മനുഷ്യൻ അദൃശ്യനായിരിക്കുന്നു. അവന്റെ അസ്തിത്വത്തിന്റെ സൂക്ഷ്മാണുവിനെ പിടികൂടാനാണ്‌ എഴുത്തുകാരൻ ശ്രദ്ധിക്കേണ്ടത്‌. ബന്ദിയാക്കപ്പെടുന്ന മനുഷ്യാസ്തിത്വത്തെ സമസ്തജീവികളുടെ പ്രാണനെചൊല്ലിയുള്ള കരച്ചിലുകളെ അനുധാവനം ചെയ്ത്‌, അതിന്റെ പ്രാതിഭാസികവും പ്രാപഞ്ചികവുമായ സൂക്ഷ്മാവസ്ഥകൾ അനാവരണം ചെയ്യുന്നിടത്താണ്‌ ഒരെഴുത്തുകാരൻ ജനിക്കുന്നത്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ