സുധാകരൻ ചന്തവിള
നീയില്ലയെങ്കിൽ ഭൂമിയാകാശങ്ങൾ
ജീവനില്ലാത്തത്താം കരിയില മാതിരി
കവിതയും കാര്യവും കാറ്റിൽപ്പറക്കു-
മെന്നാരോ പറഞ്ഞതും സത്യമാകുന്നു.
മണ്ണിനെ കാക്കുന്ന പെണ്ണാണു നീ,
പിന്നെ വിണ്ണിലേക്കാനയിക്കുന്നതും
കണ്ണിനെ കാക്കുന്ന കാഴ്ചയും
പുണ്യമാക്കുന്ന പുതുമകൾ മാതിരി.
വീടാക്കടത്തിന്റെ വിൽപനയ്ക്കന്നമായ്
വീണ്ടെടുക്കാത്ത വിഷച്ചെപ്പിനിന്ധനം
വീണ്ടും പകരുന്ന സ്നേഹസ്സരോവരം
ഒക്കെയലിഞ്ഞലിഞ്ഞൊന്നായ മാതിരി...
ജീവിതത്തെക്കൊതിപ്പിക്കാൻ പൂത്തുപൂത്തു-
ദിക്കുന്ന പാട്ടുപോലെ പടർന്നാടി
എന്നുമീവഴി കാക്കുക.
സ്വന്തമെന്ന സിരക്കൂടിൽ സ്വരൂപിക്കാൻ
ഒരുതുള്ളി ചുടുനീരായ് പകരുക.
കോരിമാറ്റാൻ കഴിയാത്ത സ്നേഹ-
നീർക്കുഴി തീർക്കുക.