23 Apr 2014

ആവശ്യമുണ്ട്‌ ബഹുമുഖ സമീപനം, നാളികേര വിലയിൽ സ്ഥിരത നേടാൻ



ടി. കെ. ജോസ്‌, ഐ എ എസ്
ചെയർമാൻ, , നാളികേര വികസന ബോർഡ്


നാളികേരത്തിന്‌ ഭേദപ്പെട്ട വില ലഭിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാളികേര കർഷകരിൽ നിന്ന്‌ ഉയരുന്ന ചോദ്യം എങ്ങിനെ നാളികേരത്തിന്‌ ഭാവിയിലും സ്ഥിരവില ഉറപ്പാക്കാം എന്നതാണ്‌. നാളികേരത്തിൽ മാത്രമല്ല മറ്റേതൊരു കൃഷിയിലും, അതിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ആളുകളുടെ ഏറ്റവും പ്രസക്തമായ ചോദ്യവും ഇതു തന്നെയാണ്‌; തങ്ങളുടെ വിളവിന്‌ മിതവും ന്യായവും സ്ഥിരതയുള്ളതുമായ വില എങ്ങനെ ലഭ്യമാക്കാൻ കഴിയും. ഈ ചോദ്യത്തിന്‌ കൃത്യമായി ഉത്തരം നൽകുവാൻ കഴിയുന്ന വിളകളിൽ കർഷകർക്ക്‌ വിശ്വാസവും ആവേശവും ഉണ്ടാവുക സ്വാഭാവികമാണ്‌. കഴിഞ്ഞ രണ്ട്‌ മൂന്ന്‌ ദശകങ്ങളായി നാളികേര വിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചാഞ്ചാട്ടം മൂലം കർഷകർക്ക്‌ ഒരിക്കലും സ്ഥിരവും മിതവും ന്യായവുമായ വില ലഭിക്കുന്ന സാഹചര്യം തുലോം പരിമിതമായിരുന്നു.  റബ്ബർ പോലുള്ള മറ്റ്‌ കാർഷിക വിളകൾക്ക്‌ ആദായകരമായ, സ്ഥിരതയുള്ള വില ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്‌ നാളികേര മേഖലയിൽ ഭാവിയിലെങ്കിലും വിലസ്ഥിരത ഉറപ്പ്‌ വരുത്തുക എന്ന ലക്ഷ്യത്തോടെ മാർച്ച്‌ ലക്കം മാസിക പുറത്തിറക്കുന്നത്‌. അറിവും അനുഭവജ്ഞാനവുമുള്ള നിരവധി ആളുകളുടെ അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ സ്വരൂപിക്കുകയും വ്യത്യസ്തമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നാളികേര കർഷക മേഖലയിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ ഈ ലക്കത്തിലെ പ്രത്യേക വിഷയംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
നാളികേരം പോലെയുള്ള കൃഷിയിൽ ലോകവിപണിയുമായിച്ചേർന്ന്‌ ദേശീയ - സംസ്ഥാന വിലകൾ നിശ്ചയിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. അന്തർദേശീയ വിലയുമായി ബന്ധപ്പെട്ടുതന്നെയാണ്‌ ഇന്ത്യയിലേയും കേരളത്തിലേയും വെളിച്ചെണ്ണയുടേയും കൊപ്രയുടേയും വില  കഴിഞ്ഞ 20 വർഷങ്ങളായി നിശ്ചയിക്കപ്പെട്ടുപോരുന്നത്‌. അന്തരാഷ്ട്ര വിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ത്യയിലേയും കേരളത്തിലേയും വെളിച്ചെണ്ണ വിപണിയെ ബാധിക്കുന്നത്‌ സ്വാഭാവികമാണ്‌. പക്ഷേ മറ്റ്‌ പല കേരോത്പാദക രാജ്യങ്ങളിലും വെളിച്ചെണ്ണ, കൊപ്ര വിപണികൾക്ക്‌ അപ്പുറത്ത്‌ നാളികേര വില അതിനെ അമിതമായി ആശ്രയിക്കാതെ നിശ്ചയിക്കപ്പെടുന്ന പ്രവണതകളുണ്ട്‌. അത്തരം രാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്നും നാം പഠിക്കേണ്ട ചില പാഠങ്ങളുമുണ്ട്‌. നമ്മുടെ അയൽരാജ്യവും ഒരു ചെറു ദ്വീപ്‌ രാഷ്ട്രവുമായ ശ്രീലങ്കയിൽ നാളികേരത്തിന്‌ ഇന്ത്യയിലേയും കേരളത്തിലേയും വിലയേക്കാൾ മാന്യവും സ്ഥിരവുമായ വില ലഭിക്കുന്ന കാഴ്ച നമുക്ക്‌ കാണുവാൻ സാധിക്കുന്നുണ്ട്‌. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ, തായ്‌ലൻഡ്‌ എന്നിവിടങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. വെളിച്ചെണ്ണയുടേയും കൊപ്രയുടേയും വിലയിൽ നിന്ന്‌ സ്വതന്ത്രമാക്കി നാളികേര കർഷകർക്ക്‌ നാളികേരത്തിന്‌ മികച്ച വില ലഭിക്കുന്ന  സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതു തന്നെയാണ്‌ ഭാവിയിലെ വിലസ്ഥിരതയുമായി ബന്ധപ്പെട്ട്‌ ചിന്തിക്കുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം. ഇതിന്‌ ആവശ്യമായ സൗകര്യങ്ങൾക്ക്‌ നാളികേര ടെക്നോളജി മിഷൻ എന്ന പദ്ധതി വഴി ചെറിയ തോതിലെങ്കിലും ബോർഡ്‌ ശ്രമിച്ചുവരികയായിരുന്നു. ഏകദേശം മുന്നൂറോളം സംസ്ക്കരണ യൂണിറ്റുകൾ നാളികേര സംസ്ക്കരണ രംഗത്ത്‌ നാളികേര ടെക്നോളജി മിഷന്റെ സഹായത്തോടെ ഇന്ന്‌ പ്രവർത്തിക്കുന്നുണ്ട്‌. ഇത്തരത്തിലുള്ള യൂണിറ്റുകളുടെ എണ്ണം വളരെക്കൂടുതൽ വർദ്ധിപ്പിക്കുക എന്നതാണ്‌ കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും പുറമേയുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കാര്യത്തിൽ നാം ചെയ്യേണ്ടത്‌.  ഈ യൂണിറ്റുകളുടെ എണ്ണം വർദ്ധിക്കുന്നു എന്നതുകൊണ്ട്‌ മാത്രമാകുന്നില്ല, യൂണിറ്റുകളുടെ വ്യാപനം (വിതരണം) കൂടി വർദ്ധിക്കേണ്ടതുണ്ട്‌. നിലവിലുള്ള 300 യൂണിറ്റുകളിൽ ബഹുഭൂരിപക്ഷവും തമിഴ്‌നാട്‌, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. കേരളത്തിലെ 14 ജില്ലകളിലും നാളികേര കൃഷിയുണ്ട്‌. അതിൽ 11 ജില്ലകളിൽ 25,000 ഹെക്ടറിൽ കൂടുതൽ തെങ്ങുകൃഷിയുമുണ്ട്‌. 25000 ഹെക്ടറിൽ കൂടുതൽ നാളികേര കൃഷിയുള്ള ജില്ലകളിൽ ഇത്തരത്തിൽ ധാരാളം യൂണിറ്റുകൾ ഉയർന്നുവരേണ്ടതുണ്ട്‌. അക്കാരണംകൊണ്ട്‌ തന്നെയാണ്‌ 25000 ഹെക്ടർ കൂടുതൽ കൃഷിയുള്ള ജില്ലകളിൽ നാളികേര പാർക്കുകൾ സ്ഥാപിക്കുന്നതിനുവേണ്ടി അതാത്‌ സംസ്ഥാന ഗവണ്‍മന്റുകളോട്‌ ആവശ്യപ്പെട്ടിരുന്നത്‌. കർണ്ണാടക സംസ്ഥാനത്ത്‌ അഞ്ചും  കേരളത്തിൽ മൂന്നും നാളികേര പാർക്കുകൾ പ്രഖ്യാപിക്കപ്പെടുകയുണ്ടായി. കർണ്ണാടകത്തിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ചിൽ 3 എണ്ണത്തിന്‌ സ്ഥലം ഏറ്റെടുത്ത്‌ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 



മൂല്യവർദ്ധിത ഉൽപന്നങ്ങളിൽ ശ്രദ്ധിക്കേണ്ട മേഖലകൾ  ഇളനീർ സംസ്ക്കരണ യൂണിറ്റും നാളികേരത്തിൽ നിന്നുത്പാദിപ്പിക്കുന്ന വെർജിൻ വെളിച്ചെണ്ണ, തേങ്ങ ക്രീം, തേങ്ങ പാൽ, തേങ്ങാപ്പാൽപൊടി, തൂൾതേങ്ങ തുടങ്ങിയ നിലവിലുള്ള വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങളുടേതാണ്‌. ഇതിന്‌ പുറമേ തമിഴ്‌നാട്ടിൽ മൂന്ന്‌ വർഷക്കാലത്തേക്ക്‌ നീര ഉത്പാദനത്തിന്‌ അനുമതി ലഭിച്ചു കഴിഞ്ഞു. കേരളത്തിൽ നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 173 ഫെഡറേഷനുകൾക്കും പരീക്ഷണാടിസ്ഥാനത്തിൽ 1500 തെങ്ങുകളിൽ നിന്നും നീര ഉത്പാദിപ്പിക്കുന്നതിന്‌ അനുമതി നൽകുന്നതിന്‌ സംസ്ഥാന ഗവൺമന്റ്‌ തീരുമാനമെടുത്തിട്ടുണ്ട്‌. സ്വാഭാവികമായും നീരയുടെ ഉത്പാദനവും അതിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളും അടുത്ത രണ്ട്‌ മൂന്ന്‌ വർഷക്കാലം കൊണ്ട്‌ നാളികേര മേഖലയിൽ ശ്രദ്ധേയമായ ഫലങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമാണ്‌ എന്ന്‌ ചിന്തിക്കുന്നു. വളരെയധികം ശ്രദ്ധയും മുൻഗണനയും ആവശ്യമുള്ള ഒരു മേഖലയാണ്‌ നീരയുത്പാദനം എന്നതുകൊണ്ടുതന്നെ സംസ്ഥാന ഗവണ്‍മന്റ്‌ ആദ്യമായി അനുവദിച്ചിരിക്കുന്ന നീരയുടെ പെയിലറ്റ്‌ പദ്ധതിയിൽ കർഷക കൂട്ടായ്മകൾക്കാണ്‌ മുൻഗണന നൽകിയിരിക്കുന്നത്‌.
നാളികേര വികസന ബോർഡ്‌ ആകട്ടെ 2011 മുതൽ തൃത്താല കർഷക കൂട്ടായ്മകൾ ഊർജ്ജിതമായി രൂപീകരിക്കുന്നതിനും അവ വികസിപ്പിക്കുന്നതിനും താൽപര്യമെടുത്ത്‌ വരികയായിരുന്നു. ഇന്ന്‌ 12 ഉത്പാദക കമ്പനികളും 180 ഉത്പാദക ഫെഡറേഷനുകളും 4000 ലേറെ നാളികേരോത്പാദക സംഘങ്ങളും കേരളത്തിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്‌. മന്ത്രിസഭ തീരുമാനം എടുക്കുന്നതുവരെയുണ്ടായിരുന്ന 173 ഉത്പാദക ഫെഡറേഷനുകൾക്കും നീര ഉത്പാദിപ്പിക്കുന്നതിന്‌ ലൈസൻസ്‌ നൽകുന്നതിനാണ്‌ ആദ്യതീരുമാനം. സ്വഭാവികമായും ഈ പെയിലറ്റ്‌ പദ്ധതി പൂർണ്ണമായി വിജയിപ്പിച്ചാൽ സംശയരഹിതമന്യേ മുഴുവൻ കർഷക കൂട്ടായ്മകൾക്കും നീര ഉത്പാദിപ്പിക്കുന്നതിന്‌ അനുമതി ലഭ്യമാക്കാൻ കഴിയും എന്ന്‌ പ്രതീക്ഷിക്കാം. അതിന്റെ താക്കോൽ ഉത്പാദക കൂട്ടായ്മകളുടെ പക്കൽ തന്നെയാണ്‌. വളരെ സൂക്ഷ്മതയോടെയും ശ്രദ്ധിച്ചും ആശങ്കകൾക്കും ആക്ഷേപങ്ങൾക്കും ഇടനൽകാതെയും നീര ഉത്പാദിപ്പിക്കുകയും അതിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്നുള്ള ഒരു ഊർജ്ജിത പദ്ധതി കർഷക കൂട്ടായ്മകൾ ഏറ്റെടുക്കേണ്ടതുണ്ട്‌. രൂപീകൃതമായിരിക്കുന്ന 12 ഉത്പാദക കമ്പനികളും നീര ഉത്പാദിപ്പിക്കുന്നതിനുള്ള വിശദമായ പ്രോജക്ട്‌ റിപ്പോർട്ട്‌ സംസ്ഥാന സർക്കാരിനും ധനകാര്യ സ്ഥാപനങ്ങൾക്കും സമർപ്പിച്ചുകഴിഞ്ഞു. നാളികേര വികസന ബോർഡിന്റെ ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌ പദ്ധതിപ്രകാരം ലഭ്യമാകുന്ന സാമ്പത്തിക - സാങ്കേതിക സഹായം ഇത്തരത്തിൽ നീര ഉത്പാദക യൂണിറ്റുകൾക്ക്‌ ലഭ്യമാക്കുന്നതാണ്‌. ഇങ്ങനെ നീര വഴി നാളികേരമേഖലയിൽ ഭാവിയിലെ വില സ്ഥിരതയ്ക്കുള്ള തുടക്കം കുറിക്കാൻ സാധിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
തൃത്താല കർഷക കൂട്ടായ്മകളെ ശാക്തീകരിച്ചു കൊണ്ട്‌ നാളികേരത്തിന്റെ വിപണി നിയന്ത്രണ സംവിധാനങ്ങളിലേക്ക്‌ ഇടപെടാൻ സാധിക്കുന്ന ശക്തമായ സംവിധാനമായി അവയെ എത്രവേഗം മാറ്റാൻ കഴിയും എന്നതാണ്‌ അടുത്തത്തായി ഉയർന്നുവരുന്ന ചോദ്യം. നാളികേര സംസ്ക്കരണ സാങ്കേതിക വിദ്യയിൽ ഏറ്റവും അടുത്ത കാലത്തുണ്ടായ ഒരു വലിയ മുന്നേറ്റമാണ്‌ നാളികേരത്തിന്റെ 'പൊങ്ങി'ൽ നിന്നും ലഭ്യമാകുന്ന പോഷകസമ്പുഷ്ടമായ ഒരു ഹെൽത്ത്‌ മിക്സ്‌. ഒരുപക്ഷേ, നാളികേരത്തിന്റെ വിലയിടിവ്‌ ഉണ്ടാകുന്ന കാലഘട്ടത്തിൽ നീരയും കരിക്കും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കർഷകർക്ക്‌ വില സ്ഥിരത ഉറപ്പ്‌ വരുത്താൻ കഴിയുന്ന ഉൽപന്നമായി പൊങ്ങിനെ മാറ്റിയെടുക്കാൻ കഴിയും. അതിന്റെ സാങ്കേതികവിദ്യ സ്ഥിരപ്പെടുത്തുന്നതിനും ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്‌. 6 മാസം മുതൽ 1 വർഷത്തിനകം ഇതിന്റേയും വ്യവസായികാടിസ്ഥാനത്തിലുള്ള സാങ്കേതിക വിദ്യ ലഭ്യമായിത്തുടങ്ങും. നാല്‌ ശതമാനം മാത്രം കൊഴുപ്പ്‌ ഉള്ള ഐസ്ക്രീം ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചുകഴിഞ്ഞു. ഇതിന്റെ പേറ്റന്റിനായുള്ള അപേക്ഷയും സമർപ്പിച്ചുകഴിഞ്ഞു. ഇത്തരത്തിൽ നൂതനമായ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളാണ്‌ വിലസ്ഥിരതയ്ക്കുവേണ്ടി ചിന്തിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു മേഖല.



വിപണിയെ അറിയുകയും വിപണിയിലെ ചലനങ്ങൾ മുൻകൂട്ടി പ്രവചിക്കുകയും ചെയ്യുക എന്നുള്ളതാണ്‌ ഏതൊരു ഉൽപന്നത്തിന്റേയും വിപണി നിയന്ത്രണത്തിനുള്ള മറ്റൊരു പ്രധാനഘടകം. മുൻകാലങ്ങളിൽ വിവിധ സംസ്ഥാന സർക്കാരുകളുടെ ഡയറക്ടറേറ്റ്‌ ഓഫ്‌ എക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌, രണ്ട്‌ വർഷത്തിനുശേഷം മാത്രം  പ്രസിദ്ധപ്പെടുത്തിയിരുന്ന ഉത്പാദനക്കണക്കുകളും ഉത്പാദനക്ഷമതാക്കണക്കുകളുമാണ്‌ നാളികേര വികസന ബോർഡ്‌ ഉപയോഗിച്ചിരുന്നത്‌. 2013 മുതൽ നാളികേര വികസന ബോർഡിന്റെ സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം നേരിട്ട്‌  പ്രധാനപ്പെട്ട ഉത്പാദക സംസ്ഥാനങ്ങളിൽ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള സർവ്വേ നടത്തി, അതാത്‌ വർഷത്തെ ഉത്പാദനവും ഉത്പാദനക്ഷമതയും കണക്കാക്കുകയും അടുത്ത ആറുമുതൽ ഒൻപത്‌ വരെ മാസങ്ങളിലേക്കുള്ള ഉത്പാദനം പ്രവചിക്കുവാൻ സാധിക്കുന്ന പരിജ്ഞാനവും സാങ്കേതിക മികവും ആർജ്ജിച്ചു കഴിഞ്ഞിട്ടുണ്ട്‌. 2013 ലെ ഈ സർവ്വേയുടെ അടിസ്ഥാനത്തിലുണ്ടായ പ്രവചനങ്ങൾ പ്രസിദ്ധപ്പെടുത്തിയ സമയത്ത്‌ അധികമാളുകളും അത്‌ വിശ്വസിക്കാൻ  തയ്യാറായില്ലെങ്കിലും പിന്നീട്‌ വിപണിയിലുണ്ടായ ചലനങ്ങൾ ആ സർവ്വേ അക്ഷരാർത്ഥത്തിൽ ശരിയായിരുന്നുവേന്ന്‌ തെളിയിച്ചു. 2014 ലെ സർവേയും പൂർത്തിയാക്കിയിരിക്കുന്നു. പ്രാരംഭ സൊ‍ാചനകൾ നൽകുന്നത്‌ വരും വർഷങ്ങളിലും നാളികേരത്തിന്റെ വില ഇടിയുന്നതിനുള്ള സാദ്ധ്യതകൾ ഇല്ല എന്നതാണ്‌.
നാളികേരത്തിന്റെ വില ഫലപ്രദമായി പിടിച്ചുനിർത്തുന്നതോടൊപ്പം തന്നെ നിശ്ചിത അളവ്‌ ഭൂമിയിൽ നിന്നുള്ള കർഷകരുടെ വരുമാനം മികച്ചതാക്കുന്നതിനുള്ള പ്രവർത്തനം കൂടി നടപ്പിലാക്കേണ്ടതുണ്ട്‌. പരമാവധി സാദ്ധ്യമായ ഇടവിളകൾ കൃഷി ചെയ്യുകയും അതിനുവേണ്ടി സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും വിവിധ പദ്ധതികൾ കൂട്ടിയോജിപ്പിച്ചുകൊണ്ട്‌  പ്രവർത്തനം നടത്തുകയും ചെയ്യുക എന്നുള്ള ആശയം കർഷക കൂട്ടായ്മകൾ വഴി പ്രവൃത്തി പഥത്തിലെത്തിക്കണം. കേരളത്തിലാകട്ടെ നാളികേര കർഷകരിൽ നാലിലൊന്ന്‌ പോലും ഇടവിളക്കൃഷിയിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നതാണ്‌ വസ്തുത. വെജിറ്റബിൾ ആന്റ്‌ ഫ്രൂട്ട്‌ പ്രമോഷൻ കൗൺസിൽ കേരള, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ്‌ യോജന തുടങ്ങിയ പദ്ധതികളിൽ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും കൂടി കൈകോർത്തുകൊണ്ട്‌ ആ മേഖലയിലുള്ള പദ്ധതികളുടെ പ്രയോജനങ്ങളും, ഗുണഫലങ്ങളും കേരകർഷകർക്ക്‌ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. 



നാളികേരത്തിന്റെ വില നിശ്ചയിക്കുന്നത്‌ നാളികേരത്തിന്റെ തൂക്കത്തിന്‌ അനുസരിച്ചാകുന്ന ഒരു കാലഘട്ടത്തിൽ നാളികേരത്തിന്റെ ഉത്പാദനക്ഷമത പരമാവധി വർദ്ധിപ്പിക്കുകയും അതുപോലെ തന്നെ നാളികേരത്തിന്റേ ഗുണമേന്മ പരമാവധി വർദ്ധിപ്പിച്ച്‌ തൂക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നത്‌ നാളികേര കർഷകർക്ക്‌ മെച്ചപ്പെട്ട വില നേടുന്നതിന്‌ അത്യാവശ്യമാണ്‌. വില സ്ഥിരതയിലേക്കുള്ള ഈ അന്വേഷണത്തിൽ തൂക്കവും വലിപ്പവും ഗുണമേന്മയുമുള്ള നാളികേരം ഉത്പാദിപ്പിക്കുന്നതിനും നാം ശ്രദ്ധിക്കേണ്ടതാണ്‌. അതിനുള്ള പ്രവർത്തനങ്ങളും നടപടികളും കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ നമുക്ക്‌ ഏറ്റെടുക്കാൻ കഴിയണം. ഉത്പാദനക്ഷമതാ വർദ്ധനവും ഇതുപോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ്‌. കർഷക വരുമാനം പരമാവധി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുമ്പോൾ നാളികേരത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതോടൊപ്പം ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നതും പ്രധാനമാണ്‌. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ നാളികേരത്തിന്റെ എണ്ണം വർദ്ധിപ്പിക്കുക എന്നതുമാത്രമല്ല ഗുണവും വർദ്ധിപ്പിക്കണം. സാധാരണഗതിയിൽ ശരാശരി നാളികേരത്തിന്റെ ഭാരം 400-450 ഗ്രാം ആണ്‌. ഇതിനെ 500-550 ഗ്രാമായി വർദ്ധിപ്പിക്കാൻ കഴിയണമെങ്കിൽ നിലവിലുള്ള തെങ്ങുകളിൽ തന്നെ കൃത്യമായ പരിചരണമുറകൾ പാലിക്കേണ്ടതുണ്ട്‌. സസ്യപോഷകങ്ങളുടേയും, വളത്തിന്റേയും, അന്തരീക്ഷത്തിലേയും മണ്ണിലേയും ഈർപ്പത്തിന്റെയും അളവും നാളികേരത്തിന്റെ ഉത്പാദനക്ഷമതയേയും തൂക്കത്തേയും ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്‌. ഇത്തരം കാര്യങ്ങൾ കൃത്യമായി അറിഞ്ഞ്‌ മനസ്സിലാക്കി ഓരോ കർഷകർക്കും പഠിപ്പിച്ചു കൊടുക്കുക എന്നുള്ള ഉത്തരവാദിത്വമാണ്‌ നമ്മുടെ കർഷക കൂട്ടായ്മകൾ ഏറ്റെടുക്കേണ്ടത്‌.  നമ്മുടെ കർഷക കൂട്ടായ്മകൾക്ക്‌ ഭാരിച്ച ഉത്തരവാദിത്വമാണ്‌ ഭാവിയിലെ നാളികേരത്തിന്റെ വിലസ്ഥിരത നിശ്ചയിക്കുന്നതിനും നാളികേര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള മേഖലകളിൽ ചെയ്യാനുള്ളത്‌.സ്വാഭാവികമായും ഇത്തരത്തിലുള്ള നിരവധി തലങ്ങളിലെ ശക്തമായ ഇടപെടൽകൊണ്ട്‌ മാത്രമേ വരുംകാലങ്ങളിൽ നാളികേരത്തിന്‌ മിതവും സ്ഥിരവും മാന്യവുമായ വില ലഭ്യമാക്കുവാൻ കഴിയൂ. ഇക്കാര്യങ്ങളെപ്പറ്റിയും നമ്മുടെ കേരകർഷകകൂട്ടായ്മകൾ സജീവമായി ചിന്തിക്കണമെന്നും അനുകൂലമായ അവസരങ്ങളും സാഹചര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...