23 Apr 2014

തേങ്ങ എന്ന അത്ഭുതം


അലീന മേരീ തോമസ്‌, കാർമൽ എച്ച്‌എസ്‌എസ്‌, ചാലക്കുടി

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്‌ നമ്മുടെ കേരളത്തിൽ നടന്ന ഒരു കാർഷിക പ്രദർശനത്തിന്റെ കഥയാണിത്‌:-
അക്കാലത്ത്‌ സർക്കാർ ഒരു പുതിയ തീരുമാനമെടുത്തു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക പ്രദർശനങ്ങൾ നടത്തണം. അങ്ങനെ, 1857 ൽ മലബാർ കളക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട്ടു ഒരു കാർഷിക പ്രദർശനം നടന്നു. തിരുവിതാംകൂറിൽ അത്തരമൊരു പ്രദർശനം നടന്നത്‌ 1867 ജനുവരിയിലാണ്‌.
കാഴ്ചബംഗ്ലാവു തോട്ടത്തിൽ നടന്ന ഈ പ്രദർശനത്തിൽ പലതരം സസ്യങ്ങളും പഴങ്ങളും പുഷ്പങ്ങളും ധാന്യങ്ങളുമൊക്കയുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ ജനങ്ങളെ ഏറ്റവുമധികം അദ്ഭുതപ്പെടുത്തിയത്‌ എന്തായിരുന്നെന്നോ? എഴുപത്തിരണ്ടു തേങ്ങയുള്ള ഒരു വമ്പൻ തേങ്ങാക്കുല!
നാളികേരം കർഷകർ ശ്രദ്ധിക്കാൻ തുടങ്ങിയ കാലമായിരുന്നത്‌. കേരളത്തിന്റെ കുത്തകയെന്നു പരക്കെ അറിയപ്പെട്ട കുരുമുളകായിരുന്നു അതുവരെ 'സൂപ്പർതാരം'. നാളികേരം കുരുമുളകിനെ കടത്തിവെട്ടി. പഴയകാലത്ത്‌ മൂന്നാമത്തെയോ നാലാമത്തെയോ സ്ഥാനത്തു നിന്നിരുന്ന നാളികേരം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി വിളകളിൽ ഒന്നാം സ്ഥാനത്തെത്തി.
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായിട്ടാണ്‌ കേരളീയർ തെങ്ങിനെ കാണുന്നത്‌. തെങ്ങിനെ കൽപവൃക്ഷം എന്നു വിളിക്കുന്നതു തന്നെ ആവശ്യപ്പെടുന്നതെന്തും തരാൻ കഴിവുള്ളതെന്ന അർത്ഥത്തിലാണല്ലോ?
കേരളം എന്ന്‌ പേര്‌ തെങ്ങുമായി ബന്ധപ്പെട്ട്‌ ഉണ്ടായതാണെന്ന്‌ വാദമുണ്ട്‌, 'കേരം'  എന്ന വാക്കിൽ നിന്ന്‌.
കേരളത്തിലെ വിവിധ ആചാരാനുഷ്ഠാനങ്ങളിൽ ഒരു സുപ്രധാന ഘടകമാണ്‌ നാളികേരം. കേരളത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണല്ലോ വിഷു. വിഷുക്കണിയിൽ നാളികേരത്തിന്‌ പ്രധാന സ്ഥാനമുണ്ട്‌. പലയിടങ്ങളിലും ഓട്ടുരുളിയിലെ കണിവിഭവങ്ങൾക്കിരുവശവും മുറിത്തേങ്ങകളിൽ എണ്ണയൊഴിച്ച്‌ തിരിയിട്ട്‌ കത്തിച്ചു വയ്ക്കാറുണ്ട്‌.
ക്രിസ്തുമത വിശ്വാസികളുടെ കുരുത്തോലപ്പെരുന്നാൾ ഏറെ പ്രസിദ്ധമാണ്‌. ക്രിസ്തു ദേവൻ ജറുസലേം നഗരത്തിൽ പ്രവേശിച്ചപ്പോൾ ആഹ്ലാദഭരിതരായ ജനക്കൂട്ടം ഒലിവ്‌ മരച്ചില്ലകളും മറ്റു വഹിച്ചുകൊണ്ടാണ്‌ അദ്ദേഹത്തെ എതിരേറ്റത്‌.
ഇതിന്റെ ഓർമ്മയ്ക്കായാണ്‌ ക്രൈസ്തവർ ഓശാനപ്പെരുന്നാളിന്‌ കുരുത്തോലകളേന്തി പള്ളിയിൽ പ്രദക്ഷിണം നടത്തുന്നത്‌. പള്ളിയിലെ തിരുകർമ്മങ്ങൾക്കു ശേഷം ഈ കുരുത്തോലകൾ വീട്ടിൽ കൊണ്ടുവന്ന്‌ പ്രാർത്ഥനാ മുറിയിൽ സൂക്ഷിക്കും. ഈ കുരുത്തോല എടുക്കുന്നത്‌ തെങ്ങിൽ നിന്നാണ്‌.
രാജസ്ഥാനിലെ ചില വിഭാഗക്കാർക്കിടയിൽ വിവാഹം ഉറച്ചു എന്നറിയാൻ രസകരമായ ഒരു മാർഗമുണ്ട്‌. ചെറുക്കന്‌ പെണ്ണിന്റെ അച്ഛൻ ഒരു തേങ്ങ കൊടുത്തയയ്ക്കും.
നമ്മുടെ നാട്ടിലെ മോതിരം മാറൽ ചടങ്ങിനു പകരമാണിത്‌ നടത്തുന്നതത്രെ.
തെങ്ങിന്റെയും തേങ്ങയുടെയും ഔഷധമൂല്യം പണ്ടേ പ്രസിദ്ധമാണ്‌. തേങ്ങാ വെളിച്ചെണ്ണ, കൂമ്പ്‌, പൂവ്‌, ഓല, തേങ്ങാവെള്ളം, കരിക്ക്‌, കള്ള്‌, തെങ്ങിൻ വേര്‌ എന്നിവയ്ക്കെല്ലാം ഔഷധഗുണമുണ്ട്‌.
'കറുത്ത മരണം' എന്നറിയപ്പെടുന്ന മഹാമാരിയാണല്ലോ പ്ലേഗ്‌. എന്നാൽ, പ്ലേഗ്‌ രോഗനിയന്ത്രണത്തിലും വെളിച്ചെണ്ണയ്ക്ക്‌ സുപ്രധാന പങ്കുണ്ടെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.
1993 ൽ ഗുജറാത്തില പൊട്ടി പുറപ്പെട്ട പ്ലേഗുമൂലം മരിച്ചവരിൽ മലയാളികൾ കുറവായിരുന്നു. ഇതേക്കുറിച്ചു പഠനം നടത്തിയപ്പോൾ അമ്പരിപ്പിക്കുന്ന ഒരു കാര്യം ബോധ്യമായി. ധാരാളം വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനാലാണ്‌ പല മലയാളി കുടുംബങ്ങളും അന്ന്‌ പ്ലേഗിൽ നിന്നും രക്ഷപ്പെട്ടതത്രേ!
നമുക്ക്‌ വാങ്ങാൻ കിട്ടുന്ന ഏതു പാനീയത്തേക്കാളും പരിശുദ്ധവും പോഷക സമ്പന്നവുമായ ഒരു പാനീയം പ്രകൃതി ഒരുക്കിയിട്ടുണ്ട്‌: കരിക്കിൻ വെള്ളം അഥവാ ഇളനീർ. ധാരാളം പോഷക പദാർത്ഥങ്ങളും മധുരവുമുള്ള ഈ 'സോഫ്റ്റ്‌ ഡ്രിങ്കി'ന്റെ മുമ്പിൽ കൃത്രിമ പാനീയങ്ങൾ തോറ്റോടും!
നാളികേരത്തിന്‌ അവതാരം ആറാണ്‌: ഇളനീർ, ഇളംതേങ്ങ, കൊട്ടത്തേങ്ങ, മുളച്ചതേങ്ങ, പഴുത്തത്തേങ്ങ, വരണ്ടതേങ്ങ എന്നിവയാണ്‌ അവ.
"കൊക്കോസ്‌ ന്യൂസിഫെറ' എന്നാണ്‌ തെങ്ങിന്റെ ശാസ്ത്രീയ നാമം. 'പാമോസി' സസ്യകുടുംബത്തിലെ അംഗമായ തെങ്ങിന്റെ തടിക്കും ഇലകൾക്കുമെല്ലാം പല പ്രത്യേകതകളുണ്ട്‌. തെങ്ങിനെ 'എണ്ണക്കുരു' എന്ന വിളകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിൽ ആകെ തെങ്ങുകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ പകുതിയിലധികം കേരളത്തിലാണ്‌. കേരളത്തിൽ ഏറ്റവുമധികം തെങ്ങുകൃഷിയുള്ളത്‌ കൊല്ലം ജില്ലയിലാണ്‌.
തെങ്ങ്‌ വിവിധ ഭാഷകളിൽ:-
മലയയാളം        :- നാളികേരം
ഇംഗ്ലീഷ്‌          :- കോക്കനട്ട്‌
തെലുങ്ക്‌          :- തെണ്ണൈ
ബംഗാളി    :- നരിക്കെൽ
ഹിന്ദി        :- നാരിയൽ
പഞ്ചാബി    :- നര്യാൽ
കന്നട    :- തെങ്ങു
ഒറിയ        :- നാഡിയ
ഗുജറാത്തി    :- നാളിയേറി
"ഞങ്ങളുടെ നാട്ടിൽ തെങ്ങിൻ തൈകൾ വളരുന്നില്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക്‌ അതിയായ ദു:ഖം തോന്നുന്നു."
1955 നവംബർ 27ന്‌ കോയമ്പത്തൂർ സന്ദർശിച്ചപ്പോൾ സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സെക്രട്ടറിയായ ക്രൂഷ്‌ ചേവാണ്‌ ഇതു പറഞ്ഞത്‌. കേരളത്തിൽ സമൃദ്ധമായി വളരുന്ന തെങ്ങുകളുടെ ഗുണഗണങ്ങൾ അനുഭവിച്ചറിഞ്ഞപ്പോഴാണ്‌ ക്രൂഷ്‌ ചേവിന്‌ ഈ സങ്കടം തോന്നിയത്‌.
അതുകൊണ്ട്‌ നമുക്ക്‌ നമ്മുടെ കൽപവൃക്ഷത്തെ സംരക്ഷിക്കാൻ നാം ശ്രമിക്കാം. അതിനായി ഒന്നായി അണിചേരാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...