മിനി മാത്യു ഐഎഎസ്
നാളികേര വികസന ബോർഡിന്റെ
മുൻ ചെയർമാൻ (2005-2010)
തുടർന്ന് ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ ഹൈദരാബാദിലെ സേൻട്രൽ അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണൽ അംഗം
ഏതാനും വർഷങ്ങൾ മുമ്പു വരെ ഭക്ഷ്യ എണ്ണ എന്ന നിലയിൽ വെളിച്ചെണ്ണയ്ക്കും എണ്ണക്കുരു എന്ന നിലയിൽ നാളികേരത്തിനും ഇന്ത്യൻ വിപണിയിൽ കനത്ത മത്സരമോ, കടുത്ത എതിരാളികളോ ഇല്ലായിരുന്നു. അതുകൊണ്ട് അന്നൊക്കെ കൊപ്രയുടെയും എണ്ണയുടെയും നാളികേരത്തിന്റേയും വിലയിൽ കാര്യമായ വ്യതിയാനങ്ങളും ഉണ്ടായിരുന്നില്ല. മാത്രവുമല്ല, കേരളത്തിലെ മുഖ്യ ആദായ വിള എന്ന നിലയിൽ ശക്തമായ വിപണിയും നാളികേരത്തിന് അന്ന് ഉണ്ടായിരുന്നു. വെളിച്ചെണ്ണയുടെ വിപണി തന്നെ കൊച്ചിയായിരുന്നു. കൊച്ചിയിലെ കൊപ്ര - വെളിച്ചെണ്ണ വിലകൾ അടിസ്ഥാനമാക്കിയായിരുന്നു നാട്ടിൻ പുറങ്ങളിൽ നാളികേരത്തിന്റെ വ്യാപാരം നടന്നിരുന്നത്. കയറിന്റെ വിപണി ആലപ്പുഴയും.
എന്നാൽ വളരെ പെട്ടെന്നായിരുന്നു ഇന്ത്യയിലേയ്ക്കുള്ള എണ്ണപ്പനയുടെ കടന്നുവരവ്. ഏറ്റവും പുതിയ വിള എന്ന നിലയിൽ വളരെ ശാസ്ത്രീയമായ കൃഷിരീതികളും വിളപരിപാലനവുമാണ് എണ്ണപ്പന മേഖലയിൽ അവലംബിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ അതിന്റെ വിളവും ഉത്പാദന നിരക്കും കർഷകരെ അതിശയിപ്പിച്ചു. നാളികേരത്തെ അപേക്ഷിച്ച് എണ്ണപ്പനയുടെ ഉത്പ്പാദന ചെലവ് തുഛവും ഉത്പാദനം അഞ്ച് ഇരട്ടിയുമായിരുന്നു. പാമോയിലിന്റെ അരങ്ങേറ്റത്തോടെയാണ് നാളികേര- വെളിച്ചെണ്ണ വിപണികളിൽ വൻവിലയിടിവും ചാഞ്ചാട്ടവും ആരംഭിക്കുന്നത്. മാത്രവുമല്ല, മലേഷ്യയിൽ നിന്ന് അമിതമായ അളവിൽ ഉണ്ടായിക്കൊണ്ടിരുന്ന പാമോയിലിന്റെ ഇറക്കുമതി ഇതിന് ആക്കം കൂട്ടുകയും ചെയ്തു.
നിർഭാഗ്യകരമെന്നു പറയട്ടെ, അക്കാലത്ത് ചില സ്ഥാപിത താൽപര്യക്കാർ വെളിച്ചെണ്ണയ്ക്ക് എതിരെ നടത്തിയ ദുഷ്പ്രചാരണങ്ങൾ നാളികേരത്തി ന്റെയും വെളിച്ചെണ്ണയുടെയും വിപണി യെ ഒന്ന് ഉലയ്ക്കുക കൂടി ചെയ്തു. എല്ലാ വശങ്ങളിൽ നിന്നുമുള്ള ഞെരുക്കങ്ങളുടെ ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടത് കേരളത്തിലെ പാവപ്പെട്ട നാളികേര കർഷകരായിരുന്നു. വിലകളുടെ ഗ്രാഫ് കുത്തനെ താഴ്‌ന്നു. നാളികേര വിപണി തളർന്നു. ഒരു കാലഘട്ടത്തിൽ കാർഷിക മേഖലയിൽ പ്രമാണിത്വം വഹിച്ചിരുന്ന നാളികേര കർഷകർ അങ്ങനെ പിൻ നിരയിലേയക്ക് തള്ളപ്പെട്ടു. അതോടെ നാളികേര കൃഷിയിലുള്ള കർഷകരുടെ താൽപര്യം കുറഞ്ഞു. തെങ്ങുകളുടെ ആരോഗ്യം ക്ഷയിച്ച് ഉത്പാദനം കുറഞ്ഞു. ഒപ്പം രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം വർധിച്ചു. കൃഷി പിന്നെയും നഷ്ടമായി. ഇതാണ് സംഭവിച്ചതു. ഇനി ഒരു ഉയിർത്തെഴു ന്നേൽപ്പാണു വേണ്ടത്. അതിനു സാധിക്കും.
വെളിച്ചെണ്ണ കൊപ്ര എന്നീ രണ്ട് പരമ്പരാഗത ഉത്പ്പന്നങ്ങളെ വിട്ട്, നാളികേരത്തെ വൈവിധ്യവത്ക്കരിച്ചാൽ മാത്രമെ ഇനിയുള്ള കാലം നാളികേര കർഷകർക്ക് രക്ഷപ്പെടാനും വില സ്ഥിരത ഉറപ്പാക്കാനും സാധിക്കൂ. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇപ്പോഴും നമുക്ക് മുമ്പിലുണ്ട്. വലിയ മുതൽ മുടക്ക് ഒന്നും ഇല്ലാതെ നാളികേരത്തിന്റെ സ്വാഭാവികമായ ഒരു വൈവിദ്ധ്യവൽക്കരണമാണ് ഇളനീർ വിപണനം. ആദ്യമൊക്കെ കർഷകർ മടിച്ചു. പക്ഷെ ചിലർ നിലനിൽപിനു വേണ്ടി രംഗത്തിറങ്ങുകയായിരുന്നു. ഒപ്പം നാളികേര ബോർഡിന്റെ ശക്തമായ പിൻതുണ കൂടിയായപ്പോൾ അതു വൻ വിജയമായി. ഇന്ന് ഏത് ഇന്ത്യൻ നഗരത്തിലും ഇളനീർ സുലഭമാണ്. വ്യാപകമായ പ്രചാരണ പരിപാടികൾ അതിനു വേണ്ടിവന്നു എങ്കിൽ പോലും തമിഴ്‌നാട്ടിൽ പൊള്ളാച്ചി, കർണ്ണാടകത്തിൽ മദൂർ തുടങ്ങിയ വൻ ഇളനീർ വിപണികൾ വരെ രൂപമെടുത്തു. നാളികേരത്തിന്റെയും വെളിച്ചെണ്ണയു ടെയും വില തീരെ താഴ്‌ന്ന് നിന്ന അവസരത്തിലും കർഷകർക്ക് ഇളനീർ ന്യായ വിലയിലൂടെ വലിയ ആശ്വാസം നൽകി.
ഇത്തരത്തിലുള്ള അവസരോചിതവും ശാശ്വതവും വലിയ മുതൽമുടക്ക് ഇല്ലാത്തതുമായ വൈവിധ്യവൽക്കരണമാണ് നാളികേര മേഖലയിൽ ഉണ്ടാവേണ്ടത്. ഇതിലേയ്ക്കുള്ള വലിയ ഒരു ചുവടുവയ്പാണ് ഇപ്പോൾ നീരയുടെ ഉത്പാദനത്തിന് ഗവണ്‍മന്റിൽ നിന്ന് അനുമതി നേടിക്കൊണ്ട് നാളികേര വികസന ബോർഡ് നടത്തിയിരിക്കുന്നത്. ഇളനീരിനെ ജനകീയ പാനീയമാക്കാൻ നടത്തിയപോലെ അതിശക്തമായ പ്രചാരണ പരിപാടികളിലൂടെ നീരയെ ആരോഗ്യ പാനീയം എന്ന നിലയിലേയ്ക്ക് ഉയർത്തി കൊണ്ടു വരണം. അതിനു സമാന്തരമായി നീരയിൽ നിന്നുള്ള വൈവിധ്യമാർന്ന മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണവും വിപണനവും നടക്കണം. അപ്പോൾ കേരമേഖലയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപിന് ഇത് ഉത്തോലകമായി വർത്തിക്കും.
വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കുമപ്പുറം നാളികേരത്തിൽ നിന്നുള്ള മറ്റു മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വ്യാപകമായ നിർമ്മാണവും വിപണനവും കൂടി ഇവിടെ നടക്കേണ്ടതുണ്ട്. തൂൾതേങ്ങ, തേങ്ങാപ്പാൽ, വെർജിൻ ഓയിൽ, തേങ്ങ പാൽപ്പൊടി, ചിപ്സ് തുടങ്ങി വിവിധ ഉത്പ്പന്നങ്ങളുടെ സാങ്കേതിക വിദ്യ ബോർഡിനു സ്വന്തമായുണ്ട്. ഇതു പ്രയോജനപ്പെടുത്തി ഉത്പാദനം നടത്തി കർഷകർ വിപണി പിടിച്ചടക്കണം. ഒപ്പം വെളിച്ചെണ്ണയ്ക്കു വേണ്ടിയുള്ള പ്രചാരണങ്ങളും ശക്തമാക്കണം. വിവിധ ബ്രാൻഡുകളിൽ ഗുണനിലവാരമുള്ള വെളിച്ചെണ്ണ കർഷകരുടെ കമ്പനികളിൽ നിന്ന് കേരളത്തിലേയും, കേരളത്തിന് പുറത്തുള്ള വിപണികളിൽ സജീവ സാന്നിധ്യമാകണം. ചിരട്ടയിൽ നിന്നുള്ള ഉത്തേജിക കാർബൺ, തെങ്ങിൻതടി കൊണ്ടുള്ള ഫർണിച്ചറുകൾ എന്നിവയുടെ നിർമ്മാണത്തിലും ശ്രദ്ധ പതിയണം. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ഓഫ് ട്രാവൻകൂർ എന്ന സ്ഥാപനം തെങ്ങിൻ തടി കൊണ്ടുള്ള മനോഹരങ്ങളായ ഉപകരണങ്ങൾ നിർമ്മിക്കുന്നുണ്ട്. പാനലിങ്ങിനും ഇത് ഉത്തമമാണ്. ആ ദിശയിലേയ്ക്കു കൂടി കർഷകർ നീങ്ങണം.
ഇപ്പോൾ നാളികേര വികസന ബോർഡ് ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന കേരപുനരുദ്ധാരണ പദ്ധതിയാണ് പാം ഓയിലിന്റെ ഭീഷണി നേരിടാൻ ഏറ്റവും ഉചിതമായ നടപടി. വളരെ ശാസ്ത്രീയമായി നടപ്പാക്കുന്ന ഈ പദ്ധതി വഴി ഉത്പാദനം കുറഞ്ഞതും രോഗം ബാധിച്ചതുമായ തെങ്ങുകൾ വെട്ടി മാറ്റി പുത്തൻ തൈകൾ നട്ടു പരിപാലിക്കുകയാണ് ചെയ്യുന്നത്. അടുത്ത മൂന്നു നാലു വർഷത്തിനുള്ളിൽ കേരളത്തിലെ തെങ്ങിൻ തോപ്പുകളിൽ അത്യുത്പാദനശേഷിയുള്ള ചെറുതെങ്ങുകൾ കരുത്തോടെ തല ഉയർത്തും. ശാസ്ത്രീയമായ പരിപാലനം വഴി അവയിൽ നിന്ന് ഉയർന്ന ഉത്പ്പാദനം ലഭിക്കും, ഉത്പ്പാദന ചെലവു കുറയും. അന്ന് പാമോയിലിനെ വെല്ലാൻ തക്കവിധത്തിൽ ഉൽപ്പന്ന വൈവിധ്യവത്ക്കരണം നടത്തുന്നതിനുള്ള തയാറെടുപ്പുകൾ ഇപ്പോൾ മുതൽ തന്നെ നാളികേര ഉത്പ്പാദക സംഘങ്ങൾ ആരംഭിക്കണം. സ്ഥായിയായി നിൽക്കുന്ന ഒരു വിലനിലവാരം ലക്ഷ്യമാക്കി വേണം കർഷകർ പ്രവർത്തിക്കാൻ. കർഷകരുടെ കൂട്ടായ്മകൾക്കു മാത്രമെ ഇതിനു സാധിക്കുകയുള്ളു. ഒന്നിച്ച് നിൽക്കുമ്പോഴാണ് ശക്തി. കേരമേഖലയിലെ ഇനിയുള്ള പോരാട്ടങ്ങൾ സംഘടിതമായിട്ടാകട്ടെ.