തോമസ് പി. കൊടിയന്‍
ആ കാഴ്‌ച തെങ്ങുമ്പറമ്പിലച്ചനെ കലിപിടിപ്പിച്ചു. പള്ളിയകത്തെ പളുങ്കു തിളക്കത്തില്‍ ചെളിക്കാല്‍പ്പാടുകള്‍. അതും പത്തിരുപതെണ്ണം! നടന്നുനടന്നു മുന്നോട്ടു വന്നപ്പോള്‍ ചെളി സാവധാനം തീര്‍ന്നുപോയിരിക്കുന്നതു പോലെ കാണപ്പെടുന്നുണ്ട്. എന്നാലും.....
ഇന്നു രാവിലെ ആഡംബരമായി കൂദാശകര്‍മ്മം നടത്തിയ എയര്‍ കണ്ടീഷന്‍ഡ് പള്ളിയാണ്. പള്ളിയകം എല്ലാ വിശ്വാസികളും അതീവ വിശുദ്ധമായി സൂക്ഷിക്കുവാന്‍ പ്രതിബദ്ധരാണ്. അങ്ങനെയുള്ള പള്ളിയില്‍ ചെളി കയറ്റിയതും പോരാഞ്ഞ് അള്‍ത്താരയ്‌ക്കു മുന്നിലായി കുട്ടികളിരുന്നു കുര്‍ബ്ബാന കാണുന്നിടത്ത് ആ കാല്‍പ്പാടുകളുടെ ഉടമ ചെരിഞ്ഞുകിടന്നു കൂര്‍ക്കം വലിച്ചുറങ്ങുകയും ചെയ്യുന്നു.
ഒപ്പം തന്നെ അച്ചനെ മറ്റൊരു സംഗതി അമ്പരിപ്പിക്കുകയും ചെയ്‌തു. രാത്രി ഒമ്പതു മണിക്ക് താനും കപ്യാര്‍ ബര്‍ണാബാസും കൂടിയാണ് പള്ളിയുടെ ആനവാതിലടക്കം എല്ലാ വാതിലുകളും അടച്ചത്. അടച്ച വാതിലിലൂടെ ഈ മനുഷ്യന്‍ എങ്ങനെ ഉള്ളില്‍ കടന്നു?
തെങ്ങുമ്പറമ്പിലച്ചന്‍ കലിതുള്ളിക്കൊണ്ട്, പള്ളിയില്‍ പള്ളികൊള്ളുന്നവനരികിലേക്കു ചെന്നു. മുഷിഞ്ഞുനാറിയ വേഷത്തില്‍ നിന്നും ഒരു അവധൂതന്റെ അലച്ചിലിന്റെ പരിശിഷ്‌ടം പോലെ ഒരു വാട പരന്നിരുന്നു. അതുകൊണ്ട് കുലുക്കി വിളിക്കാന്‍ നില്‍ക്കാതെ, നിര്‍ദ്ദാക്ഷിണ്യം ഉറക്കെ വിളിച്ചു. ``ഡോ... എണീറ്റേടോ. ഇതെന്താ സത്രമാണോ ഇവിടെക്കിടന്നുറങ്ങാന്‍?'' കുപിതപുരോഹിതസ്വരത്തില്‍ ചകിതനായ ആഗതന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റിരുന്
``എനിക്കിപ്പൊത്തന്നെ രണ്ടു കാര്യം അറിയണം. താനെങ്ങനെയാ ഇതിനകത്തു കയറിയേ? തനിക്കു കിടന്നുറങ്ങാന്‍ വേറെ സ്ഥലമൊന്നും കിട്ടിയില്ലേ, ഈ പള്ളിയല്ലാതെ''?
``ദൈവപുത്രനു പ്രതിബന്ധങ്ങളില്ല. അവന്‍ ജലം പോലെയും വായുപോലെയും ശൂന്യതപോലെയും ആഴങ്ങളെയും കുന്നുകളെയും മറകളേയും മറികടക്കുന്നു. ദൈവപുത്രന്‍ ദൈവാലയത്തിലല്ലാതെ മറ്റെവിടെയാണു കിടന്നുറങ്ങുക?. രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരമായിക്കാണുമെന്നു കരുതുന്നു''.
``നീയോ, ഈ മുഷിഞ്ഞു നാറുന്ന നീയാണോ ദൈവപുത്രന്‍''?
``അതു ദൈവപുത്രനെ സമീപിക്കുന്നവരുടെ മനസ്സിനെ ആശ്രയിച്ചിരിക്കും. നിരൂപണങ്ങളില്‍ നന്മയുള്ളവന് ഞാന്‍ സുഗന്ധിയും തിന്മയുള്ളവന് ദുര്‍ഗന്ധിയുമായി ഭവിക്കും.'' അവധൂതന്‍ തെങ്ങുമ്പറമ്പിലച്ചനെ അര്‍ത്ഥഗര്‍ഭമായി ചെരിഞ്ഞു നോക്കിക്കൊണ്ടു പറഞ്ഞു.
``ഒരു പുരോഹിതനായ എന്നെ നീ കളിയാക്കുകയാണോ? }ഞാന്‍ തിന്മ നിനയ്‌ക്കുന്നവനാണെന്നാണോ നീ പറയുന്നത്''?
``നീ നിന്റെ വായില്‍ നിന്നുതന്നെ ഉത്തരം പറയുന്നു.''
``നിഷേധി, ഒരു പുരോഹിതനെ നീയെന്നോ? നിന്നെ ഞാനൊരു പാഠം പഠിപ്പിക്കും.''
വര്‍ദ്ധിതകോപനായി ആനവാതില്‍ തുറന്നു പുറത്തെ ഇരുളിലേക്കിറങ്ങിയ അച്ചന്‍ പള്ളിമണിയില്‍ കലി തീര്‍ക്കുവാന്‍ ശ്രമിച്ചു. `ക്‌ണാം, ക്‌ണീം, ക്‌ണോം' എന്ന് അതിന്റെ സ്വാഭാവിക അനുരണനങ്ങളില്‍ നിന്നു വ്യത്യസ്‌തമായ സ്വരങ്ങള്‍ പുറപ്പെടുവിച്ച്, അച്ചന്റെ കലിയുടെ ബലിയാടായ അത്, ആ നാട്ടിലെ വിശ്വാസികളുടെയും അല്ലാത്തവരുടെയും ഉറക്കം കെടുത്തി. പള്ളിയിലെന്തോ അനിഷ്‌ടം സംഭവിച്ചിരിക്കുന്നു എന്നു തോന്നിയ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പള്ളിമുറ്റത്തേക്കോടിയെത്തി.
നാട്ടുകാരോടായി അച്ചന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഒടുവില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ``എറങ്ങിപ്പോകാന്‍ പറഞ്ഞിട്ട് അവന്‍ കൂട്ടാക്കുന്നതുമില്ല. ഭ്രാന്തനാണോ എന്നും സംശയം....''
കലിയോടെയും അതിശയത്തോടെയും നാട്ടുകാര്‍ പള്ളിയകത്തേക്ക് ഇരച്ചുകയറി. പക്ഷേ, അവധൂതന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇരിപ്പും ആ പ്രശാന്തഗംഭീരാകാരവും കണ്ട് വന്നവര്‍ക്ക് ആ മനുഷ്യനെ കൈകാര്യം ചെയ്യാന്‍ തോന്നിയില്ല. ``കണ്ടാല്‍ പടത്തിലെ യേശുവിനെപ്പോലെ തന്നെയിരിക്കുന്നു'' എന്ന് അവരില്‍ ചിലര്‍ അടക്കം പറയുകയും ചെയ്‌തു.
മറ്റു ചിലര്‍ക്ക് അയാളില്‍ വേറെ ചില പ്രത്യേകതകളാണു കാണുവാന്‍ കഴിഞ്ഞത്. എന്തായാലും ആകപ്പാടെ എന്തോ പല പ്രത്യേകതകളുമുള്ള അയാളോട് സൂക്ഷിച്ചിടപെടേണ്ടതുണ്ടെന്ന് അവര്‍ക്കു തോന്നി.
എന്നിരുന്നാലും കൂട്ടത്തിലെ ചില പാഷാണത്തില്‍കൃമികള്‍ നിലാവിനെ നോക്കി ഓലിയിടുന്ന ശ്വാനന്മാരെപ്പോലെ ഉറക്കെ പറഞ്ഞു നോക്കി. ``എറങ്ങിപ്പോടാ. നീയെങ്ങനെയാടാ ഇതിനുള്ളീക്കേറീത്? നിനക്കു മന്ത്രവാദം അറിയാമോ?''.
സത്യത്തില്‍ ആ ഒരു സംശയം ഉള്ളതുകൊണ്ടുമാത്രമാണ് ആള്‍ക്കൂട്ടത്തില്‍ ആളാവാന്‍ ശ്രമിക്കുന്ന പല ആശാന്മാരും അവധൂതനെ കൈ വയ്‌ക്കാതിരുന്നത്. എങ്ങാന്‍ പിടിച്ച് വല്ല പന്നിയോ, പാമ്പോ, പഴുതാരയോ ആക്കിക്കളഞ്ഞാലോ എന്ന പേടി!
ഈ കലിതുള്ളിപ്രകടനവും അദ്‌ഭുതപ്രകടനവുമൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്നമട്ടില്‍ അവധൂതന്‍ പള്ളിത്തറയിലെ മാര്‍ബിള്‍പ്പാളിയില്‍ ചൂണ്ടുവിരല്‍കൊണ്ട് എന്തൊക്കെയോ ചിത്രങ്ങള്‍ വരയ്‌ക്കുകയായിരുന്നു.
ഇടയ്‌ക്കൊരാള്‍ അച്ചനോടു പറഞ്ഞു: ``അച്ചോ, ബീറ്റു പോലീസിനെ വിളിക്കച്ചോ. പോലീസു കൊണ്ടോട്ടേ. അതാ നല്ലത്. ഇനി നുമ്മ പള്ളീന്നു രാത്രി എറക്കിവിട്ടു നാളെ വല്ല അനാഥപ്രേതോയിട്ടു വഴീക്കെടന്നാ പള്ളിക്കും അച്ചനും അതു ചീത്തപ്പേരായിരിക്കൂട്ടാ.'' ആ അഭിപ്രായം അച്ചനും സ്വീകാര്യമായിത്തോന്നി.
അച്ചന്റെ സന്ദേശം കിട്ടിയപാടെ രാത്രിയിലെ പട്രോളിങ്ങിനിറങ്ങിയ, സി.പി.ഒ. ഗംഗാധരനും സംഘവും സ്ഥലത്തേക്ക് ഇരച്ചെത്തി. ഗംഗാധരന്‍പോലീസ് വളരെ പ്രത്യേകതയുള്ള ഒരു നിയമപാലകനായിരുന്നു. സ്വജനപക്ഷപാതം, കൈക്കൂലി, സ്‌ത്രീസേവ, ചാത്തന്‍സേവ ഇത്യാദി പേരുദോഷങ്ങളൊന്നും തന്നെയില്ല. പ്രതികളെ നോക്കിപ്പോലും പേടിപ്പിക്കാറില്ല. താന്‍ ഭക്ഷണം കഴിക്കുവാന്‍ നേരം ലോക്കപ്പില്‍ പ്രതികളാരെങ്കിലുമുണ്ടെങ്കില്‍ സ്വന്തം കൈയില്‍ നിന്നു പണമെടുത്ത് അവര്‍ക്കു ഭക്ഷണം വാങ്ങിക്കൊടുക്കുക വരെ ചെയ്യുന്നയാളാണ്. കുറ്റവാളികള്‍ക്കിടയില്‍ അദ്ദേഹം `ദൈവപ്പോലീസ്' എന്നാണറിയപ്പെട്ടിരുന്നത്.
പള്ളിയിലെത്തിയ അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം നേരെ ചെന്ന് അവധൂതനോട് സ്‌നേഹപൂര്‍വ്വം പറഞ്ഞു. ``എണീക്ക്''.
അവധൂതന്‍ നിയമത്തിന്റെ ശബ്‌ദം കേട്ടു. എഴുന്നേറ്റു. സ്‌നേഹപൂര്‍വ്വം അദ്ദേഹം നിയമപാലകനെ നോക്കി. അച്ചന്‍ പറഞ്ഞ നാറ്റമൊന്നും അയാളില്‍ നിന്നും ഗംഗാധരന്‍ പോലീസിനു കിട്ടിയില്ല. പകരം എത്രയാസ്വദിച്ചാലും മതിവരാത്ത ഒരു സുഗന്ധം അയാള്‍ അനുഭവിക്കുകയും ചെയ്‌തു. അവധൂതന്‍ കാഴ്‌ചയ്‌ക്ക് ക്രിസ്‌തുവിനെപ്പോലെ തന്നെയായിരുന്നു. അത്രയും ആള്‍ക്കൂട്ടത്തോട് വിമുഖതയോടെ നിന്ന അവധൂതന്‍ ഒരു കുഞ്ഞിനെപ്പോലെ തന്നെ അനുസരിക്കുന്നതു കണ്ടപ്പോള്‍ ഗംഗാധരന്‍പോലീസിനും ഉള്ളിലൊരു അതിശയം തോന്നി. ഒപ്പം അവധൂതനോട് ഒരു ബഹുമാനവും ഒരു വല്ലാത്ത ആകര്‍ഷണീയതയും.
``വരൂ പുറത്തേക്കു പോകാം''. വളരെയധികം പ്രത്യേകതകളുള്ള ഒരു വ്യക്തിയെ തൊടുന്നതിനുള്ള ഒരു വല്ലാത്ത കൊതിയോടെ അദ്ദേഹം അവധൂതന്റെ കൈയിലൊന്നു പിടിച്ചു. ആ നിമിഷം ഗംഗാധരന്‍പോലീസ് അതിശക്തമായ ഒരു വൈദ്യുതാഘാതത്തിനു വിധേയനായതു പോലെ തേജോവിജ്രംഭിതനായി. പക്ഷേ അത് ഒരു മാത്രനേരത്തേക്കു മാത്രമേ ഉണ്ടായിരുന്നുള്ളു. താന്‍ പിടിച്ചത് ഭൂമിയിലുള്ള യാതൊരു വസ്‌തുവിലുമല്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അത്രമാത്രം പ്രത്യേകതകളുള്ള വിലയേറിയ എന്തോ ഒന്നിലാണു താന്‍ സ്‌പര്‍ശിച്ചതെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അടുത്തനിമിഷം നടുക്കത്തോടെ മറ്റൊന്നുമറിഞ്ഞു - തന്റെ കൈക്കുള്ളിലൊതുങ്ങിയിരുന്ന ആ കൈകള്‍ അന്തരീക്ഷത്തില്‍ ലയിച്ചുപോയി എന്ന്!
ആ കൈകളും അതിന്റെ ഉടമയും മാഞ്ഞുപോയിരിക്കുന്നു! അതും നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കേ!
അദ്ദേഹം വിവശതയോടെ ഉറക്കെ വിളിച്ചു പറഞ്ഞു: ``അത് യേശു തന്നെയായിരുന്നു. സത്യം. എന്റെ മകനാണേ സത്യം. കര്‍ത്താവേ, എന്റെ മകന് ഐ.എ.എസ് കിട്ടണമേ.........'' ഗംഗാധരന്‍പോലീസിന് കര്‍ത്താവില്‍ വിശ്വാസം തോന്നിയ ആ നിമിഷം, തന്നെ ഏറ്റവുമധികം അലട്ടിയിരുന്ന ഒരു അഭിലാഷസാക്ഷാത്‌കാരത്തിനായി ഉപയോഗിക്കാനായിരുന്നു ഉള്‍വിളി വന്നത്.
തികച്ചും അദ്‌ഭുതകരമെന്നു പറയട്ടെ, ആ പ്രാര്‍ത്ഥന കഴിഞ്ഞ നിമിഷം തന്നെ അയാളുടെ മൊബൈല്‍ ഫോണില്‍ മകന്റെ വിളി വന്നു: ``അച്ഛാ, എനിക്ക് ഐ.എ.എസിനു സിലക്ഷന്‍ കിട്ടി. ദാ, ഇപ്പൊ നെറ്റില്‍ നിന്നറിഞ്ഞതാണ്.'' ഗംഗാധരന്‍പോലീസ് സന്തോഷം കൊണ്ടു വിങ്ങിനിറഞ്ഞവനായി അവധൂതന്‍ ഇരുന്ന ഇടത്തില്‍ സാഷ്‌ടാംഗം വീണുകിടന്നു ചുംബിച്ചു. ആള്‍ക്കൂട്ടത്തിലൂടെ അതിശയത്തിന്റെയും അമ്പരപ്പിന്റേതുമായ ഒരു ആരവം കടന്നുപോയി. അവരില്‍ പലരും അറിയാതെ മുട്ടുകുത്തുകയും എന്തിനെന്നറിയാതെ കരയുകയും ചെയ്‌തു.
കാര്യങ്ങളുടെ അതിശയകരമായ പരിസമാപ്‌തി കണ്ട തെങ്ങുമ്പറമ്പിലച്ചന്‍ ഒരു വെളിപാടു കിട്ടിയ ഒരാളെപ്പോലെ യേശു കിടന്നിടത്ത് തിരക്കിട്ട് കുനിഞ്ഞു കുനിഞ്ഞു സൂക്ഷിച്ചു നോക്കുവാന്‍ തുടങ്ങി.
``അച്ചനെന്താണു തിരയുന്നത്''? വിശ്വാസികളിലൊരുവന്‍ ചോദിച്ചു.
``യേശുവല്ലേ കിടന്നിരുന്നത്? നമ്മുടെ ഭാഗ്യത്തിന് ഒരു തിരുമുടിയെങ്കിലും കിട്ടാതിരിക്കുമോ''?
അവരുടെ സൂക്ഷ്മനിരീക്ഷണങ്ങള്ക്കൊടുവി
പിറ്റേന്നു മുതല്‍ പൊതുപ്രദര്‍ശനത്തിനു വെയ്‌ക്കപ്പെട്ട തിരുമുടി കാണുന്നതിനായി പരസഹസ്രം വിശ്വാസികള്‍ അതീവദൂരദിക്കുകളില്‍ നിന്നുപോലും വന്നുകൊണ്ടിരുന്നു. അതിനു സമീപത്തു വച്ചിരുന്ന കാണിക്കവഞ്ചികള്‍ മൂന്ന്. ഇടവിട്ട ഓരോ മണിക്കൂറുകളിലും പൂര്‍ണ്ണഗര്‍ഭകളാവുന്ന അവയിലോരോന്നും അകത്തേക്കെടുക്കപ്പെടുകയും ശൂന്യോദരകളായി പുറത്തേക്കു വന്നു പൂര്‍വ്വസ്ഥാനത്തിരിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.
പള്ളിക്കാര്യങ്ങള്‍ ഇപ്രകാരം പുരോഗമിച്ചുകൊണ്ടിരുന്നതിന്റെ മൂന്നാം നാള്‍ രാത്രി, കപ്യാര്‍ ബര്‍ണാബാസിന്റെ കടിഞ്ഞൂല്‍ സന്തതി - അഞ്ചാം ക്ലാസുകാരി കൊച്ചുറാണി തന്റെ വീട്ടില്‍ വെച്ചു പിതാവിനോടു വചിച്ചു: ``അതു കര്‍ത്താവിന്റെ മുടീം മിറ്റെയല്ല!''
കപ്യാരു ഞെട്ടി. ഭാര്യ വിറോണിക്ക ഞെട്ടി. തൊട്ടിയില്‍ക്കിടന്നിരുന്ന വിന്‍സന്റ് ബര്‍ണാബാസ് പക്ഷേ, ഞെട്ടാന്‍ പാകത്തിനുള്ള തട്ടിപ്പൊന്നും പഠിക്കാനുള്ള പ്രായമാകാത്തതുകൊണ്ട് ഞെട്ടിയില്ല.
``എന്തൂട്ടാ കൊച്ചുറാണീ നീയീപ്പറയണേ? നെനക്കു പ്‌രാന്തുപിടിച്ചാ? കടിഞ്ഞൂലാന്നു വെച്ച് ഇത്രയ്‌ക്കങ്‌ട് പൊട്ടിയാകാമാ''?
``എനിക്കു പ്‌രാന്തൂല്ലാ, ക്‌രൂന്തൂല്ലാ. ഞാനൊള്ള സത്യോണ് പറയണേ. അതേ, അതെന്റെ മുടിയാ. അമ്മ കണ്ടതല്ലേ ആ മുടി? ദേ, എന്റെ മുടി പോലത്ത നല്ല കറുത്ത കുനുകുനാന്നൊള്ള മുടിയല്ലേ അത്. കര്‍ത്താവിനെ നുമ്മ മൂന്നുപേരും കണ്ടേക്കണേണ്. കര്‍ത്താവിന്റെ മുടി നല്ല സ്വര്‍ണ്ണം പോലത്ത മുടിയാല്ലാരുന്നോ?. ഇത്രേം കുനുകുനുപ്പും ഇല്ല. ഒരു കാര്യത്തിലു മാത്രാ രണ്ടും ഒരു പോലെ വരണൊള്ള്.''
``ഏതു കാര്യത്തില്?'' മാതാപിതാക്കളുടെ ചോദ്യം ഒന്നിച്ചായിരുന്നു.
``മുടീടെ നീളത്തിന്റെ കാര്യത്തില്. കര്‍ത്താവിനും മുടി തോളിന്റൊപ്പം, എനിക്കും മുടി തോളിന്റൊപ്പം. അന്നു പകലേ, ഞാന്‍ കര്‍ത്താവു കെടന്നോടത്ത് ഇരുന്നാ കുര്‍ബ്ബാന കണ്ടേ. എടയ്‌ക്ക് എനിക്കു തല കടിച്ചപ്പോ ഞാന്‍ ശരിക്കും മാന്തൂം ചെയ്‌തതാ. അപ്പൊ വീണു പോയ മുടിയാ അത് എനിക്കൊറപ്പാ.''
തെളിവുസഹിതം അവളതു പറഞ്ഞപ്പോള്‍ അവര്‍ക്കും മൗനമായി.
``നീയിത് ആരോടും മിണ്ടാന്‍ പോണ്ട'' അല്‍പ്പം കഴിഞ്ഞ് കപ്യാര്‍ സ്വരം താഴ്‌ത്തി മകളോടു പറഞ്ഞു.
``പക്ഷേ, അപ്പാ, ദൂരേന്നുംമിറ്റ കുഞ്ഞിപ്പിള്ളേരും വയസ്സായോരുമെക്കെ കാണാന്‍ വരണത് എന്റെ മുടിയാന്ന് എനിക്കറിയാം. അതു കാണുമ്പോ, എനിക്കു പറയാമ്പറ്റാത്ത എന്താണ്ടൊക്കെയോ വെഷമോണ്. ഞാനത് അച്ചനോടു പറയും''.
``അച്ചമ്മാരെ പെണക്കാന്‍ പാടില്ല. പണ്ട്, പൊടിപ്പാറേല് ഒരച്ചനിണ്ടാര്‍ന്ന്. അച്ചന് വൈന്നേരത്തെ കുര്‍ബ്ബാന ചൊല്ലാന്‍ നേരായിട്ടും കപ്യാരു വന്നില്ല. കപ്യാര് കാലു മുറിഞ്ഞ് ബസീക്കേറി ടൗണില ആശൂത്രീ പോയക്കണേര്‍ന്ന്. പിന്നെ അച്ചന്‍ തന്നത്താന്‍ കപ്യാരില്ലാത്ത കുര്‍ബ്ബാനയങ്ങ്‌ട് ചെല്ലി. കുര്‍ബ്ബാന തീര്‍ന്നതും ദേ വരണ്‌് കപ്യാരു ഞൊണ്ടി, ഞൊണ്ടി. അച്ചന്‍ കാര്യം ചോയിച്ചപ്പോ കപ്യാരു പറഞ്ഞു: `ലിമിറ്റഡ് സ്റ്റോപ്പ് ബസ്സായതോണ്ട് പള്ളിത്താഴെ നിര്‍ത്താതെ രണ്ടു കിലോമീറ്ററപ്പുറത്തെ സ്റ്റോപ്പിലാ അവര് അയാളെ എറക്കി വിട്ടേന്ന്'. പാവം, അവടന്ന് തൊങ്കിച്ചാടി പള്ളീലെത്തീപ്പഴ്‌ത്തിനും മുറിവു കെട്ട്യോടത്തുന്നു ചോരേം വന്നു തൊടങ്ങിയേക്കേണ്. അച്ചനും വെഷമോയ്. പിറ്റേ ദെവസി രാവിലെ അച്ചന്‍ ആ ബസ് വരണ സമയത്ത് കൊറച്ചു നാട്ടുകാരേം കൂട്ടി റോട്ടീപ്പോയി നിന്ന് ബസ് നിര്‍ത്തിച്ചു. മനിഷേര്‍ക്ക് ഉപകാരത്തിനല്ലേ അത് ഓടണേ, ആര്‍ക്കും അവരായിരിക്കണ എടത്തിലിരുന്ന് മറ്റു മനുഷേര്‍ക്ക് സേവനം ചെയ്യാന്‍ പറ്റണം എന്നു പറഞ്ഞു. `സാരോപദേശം പള്ളീലു മതി അച്ചോ' എന്ന് വണ്ടിക്കാര് അച്ചനെ കളിയാക്കി. അച്ചനൊന്നും മിണ്ടാണ്ടു പോന്ന്. പക്ഷേ ഒരു കിലോമീറ്ററു ചെന്നപ്പോ വണ്ടീട മുമ്പില ടയറിലെ കാറ്റ് ശൂന്നങ്ങട് പോയി. അത് മാറ്റീട്ട് കൊറച്ചു പോയിക്കഴിഞ്ഞപ്പോ, പൊറകേന്നൊരു ടയറിന്റെ വെടി `ഠേ'ന്നു തീര്‍ന്നു. അതും തീര്‍ത്തു പോയപ്പഴേക്കും മൂന്നാമത്തേം വെടിതീര്‍ന്ന്. അപ്പഴത്തേക്കും അവരട മൊതലാളിക്ക് അച്ചനെ ഓര്‍മ്മവന്നു. അയാള്‍ ടാക്‌സി പിടിച്ച് ഓടിവന്ന് അച്ചനോടു മാപ്പു പറഞ്ഞേയ്‌നു ശേഷോണ് വണ്ടി ശരിയായിട്ടോടീത്''.
അതുകേട്ട് അല്‌പനേരത്തെ മൗനത്തിനു ശേഷം കൊച്ചുറാണി കപ്യാരോടു ചോദിച്ചു: ``എന്നാ ഞാന്‍ നുമ്മടെ അച്ചനോടു കുമ്പസാരിച്ചോട്ടെ''?
പിറ്റേന്ന് കുമ്പസാരത്തിനൊടുവില്‍ അച്ചന്‍ അവളോട്, കുര്‍ബ്ബാന കഴിയുമ്പോള്‍ പിതാവിനേയും കൂട്ടി പള്ളിമേടയിലേക്കു ചെല്ലാന്‍ പറഞ്ഞതനുസരിച്ച് അവര്‍ ചെന്നു. മേടയില്‍ വെച്ച് കൊച്ചുറാണിയെ ചേര്‍ത്തുനിര്‍ത്തി അവളുടെ സുന്ദരമായ മുടിയിഴകള്‍ തന്റെ വിരലുകള്‍ കൊണ്ടു കോതിയൊതുക്കിക്കൊണ്ട് അച്ചന്‍ ചോദിച്ചു. ``കൊച്ചുറാണിയ്‌ക്കു പഠിച്ചു വലുതാവുമ്പോ ആരാവാനാണ് ഇഷ്‌ടം''?
``എനിക്കു ടീച്ചറാവണം.''
``മോളു ടീച്ചറായിരിക്കും! അച്ചന്റെ വാക്കാണ്. നമ്മക്ക് ഇനി സ്‌കൂള്, കോളേജ്, ആശുപത്രി എന്തൊക്കെയാ നമ്മട നാട്ടിലു പള്ളീട വകയായിട്ടു വരാമ്പോണേ....''. അച്ചന്‍ ചിരിച്ചു. അവളും.
അതിനു ശേഷം അച്ചന്‍ കപ്യാരോടായി പറഞ്ഞു: ``ബര്‍ണാബാസേ, നിന്റെ പെരയോടു ചേര്‍ന്നു കെടക്കണ ആ പ്ലോട്ടുകൂടി കിട്ടിയാലേ നല്ലൊരു വീടു വെയ്‌ക്കാമ്പറ്റൂന്നല്ലേ മുമ്പു നീ പറഞ്ഞേ? അതിന്റെ കാര്യങ്ങളും നോക്കിക്കോ....'' അല്‍പ്പം നിറുത്തിയിട്ട് അച്ചന്‍ തുടര്‍ന്നു: ``പിന്നെ, ഒരു മുടി കൊണ്ടു നാട്ടുകാര്‍ കൂടുതല്‍ വിശ്വാസികളാവുന്നതും നാട്ടിലു നാലു പുത്തന്‍ വരുന്നതും ആര്‍ക്കും ദോഷോള്ള കാര്യോന്നുമല്ലല്ലോ. അതുകൊണ്ട് മറ്റേക്കാര്യങ്ങ്‌ട് മറന്നേക്ക്....''