24 May 2014

സണ്ണി തായങ്കരിയുടെ കുലപതികൾ -ദൈവവും മനുഷ്യരും : സമവായത്തിന്റെ വിശ്ലേഷണങ്ങൾ


ഡോ. ഷാജി ഷൺമുഖം


 അസാധാരണമായ 
കഥാഖ്യാനത്തിലുടെ
 ശ്രദ്ധനേടിയ, 
സണ്ണി തായങ്കരിയുടെ  'കുലപതികൾ' എന്ന നോവലിനെക്കുറിച്ച്
 
   ദൈവവും മനുഷ്യനും എന്ന ചിരന്തനവിതാനം മനുഷ്യാവസ്ഥയെക്കുറിച്ച്‌ അഗാധമായി ചിന്തിക്കുന്ന
ഏതെഴുത്തുകാരനെയും സ്വാധീനിക്കുന്നു. അത്തരം വിതാനം ഏറെയും ബൈബിൾ പശ്ചാത്തലത്തിൽ അലട്ടുന്ന സമസ്യയായി പലരുടെയും എഴുത്തുകളിൽ കടന്നുവരുന്നു. 'മൊബിഡിക്‌' (Moby Dick -1851) എഴുതിയ ഹെർമൻ മെൽവിൽ മുതൽ കസാന്ദ്സാക്കിസും ഇങ്ങേയറ്റം റോബർട്ടാ കെൽസ്‌ ഡോറിന്റെ Abraham  and Sara,, പൗലോ കൊയ്‌ലോയുടെ The Fifth Mountain, ഫെറൽ ഗ്ലേഡ്‌ റൗണ്ടിയുടെ Beyond the Road to Damascus വരെ ഈ സമസ്യ പൂരിപ്പിക്കപ്പെടുന്നതു കാണാം. മലയാളത്തിലും ഇത്തരം അന്വേഷണങ്ങളും അനുധ്യാനങ്ങളും നടന്നിട്ടുണ്ട്‌, നടക്കുന്നുണ്ട്‌. അത്തരമൊരു തുടർച്ചയുടെ ആകർഷകമായ സംവിധാനമാണ്‌ സണ്ണി തായങ്കരിയുടെ 'കുലപതികൾ'(2014) എന്ന നോവൽ.
   'കുലപതികൾ' എന്ന പേര്‌. എന്താണ്‌ ആ പേരിന്റെ സാകല്യം? ബൈബിളിലെ ഓരോ വംശാവലി ക്കും അല്ലെങ്കിൽ വംശക്കൂട്ടായ്മയ്ക്കും ഓരോ നാഥനുണ്ടല്ലോ. അത്‌ ഒരുവനിൽതുടങ്ങി പാരമ്പര്യമായി വഴക്കം നേടുന്നത്‌ നാം കാണുന്നു. പിതൃപാരമ്പര്യമാണ്‌ അതിന്റെ ഉറവ്‌. ഒരുവേള, ആ വംശക്കൂട്ടായ്മയെ ദൈവനിവേശിതമായി നയിക്കുന്നതും വിന്യസിക്കുന്നതും ഈ നാഥന്മാരാണ്‌. അവർ കുലപതികളാകുന്നു. അബ്രഹാം, ഇസഹാക്ക്‌, യാക്കോബ്‌, ജോസഫ്‌ എന്നിവരൊക്കെ അത്തരം സാന്നിധ്യങ്ങൾ. 



മനുഷ്യക്കൂട്ടായ്മകൾക്ക്‌ മേലെയുള്ള നേതൃപരിരംഭണം ഇവിടെ നാം വർത്തമാനത്തിൽ അരങ്ങേറുന്നതുപോലെയുള്ള ഒന്നല്ല. ദൈവമാണ്‌ ആ പഴയകാല കൂട്ടായ്മകളുടെ മുഖ്യപ്രതീകം.
   ദൈവത്തിന്റെ അധികാരത്തിനും സംരക്ഷണത്തിനും കീഴിൽ കഴിയുന്ന ജനത. ദൈവം നിശ്ചയിക്കുകയും നിർദേശിക്കുകയും ചെയ്യുന്ന വഴിയിലൂടെയാണ്‌ അവർ നടക്കുന്നതും ജീവിക്കുന്നതും. ആ ജനതയുടെ സൂക്ഷ്മാഖ്യാനമാണ്‌ കുലപതികൾ. അവർ ദു:ഖിക്കുമ്പോഴും വിലപിക്കുമ്പോഴും ദൈവം പ്രത്യക്ഷപ്പെടും. ഒരുവേള, ദൈവ - മനുഷ്യസമവാക്യം അങ്ങനെയാകാം. 'ദൈവഹിതം പൂർണമാക്കുക എന്നതായിരുന്നു ആത്മാവിന്റെ ദാഹം'(പുറം 12) എന്ന അബ്രഹാമിന്റെ വാക്കും 'എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്‌. അടിമയായ ഹാഗാറിൽനിന്ന്‌ പുത്രൻ ജനിച്ചതും വന്ധ്യയായ സാറാ ഗർഭിണിയായതും ഇസ്മായേലിനെയും അവന്റെ അമ്മയേയും മരുഭൂമിയിൽ ഉപേക്ഷിച്ചതും, താൻ കർത്താവിന്റെ വാഗ്ദത്തപുത്രനായതും ദൈവഹിതമാണ്‌. അവിടുന്ന്‌ കൽപിക്കുന്നു, നാം അനുസരിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ കൃമികീടങ്ങളായ നമുക്ക്‌ എന്തവകാശം?' (പുറം 81) എന്ന ഇസഹാക്കിന്റെ ആത്മഗതവും ഈ സമവാക്യത്തിന്റെ പൊരുളുകളാണ്‌.
   ദൈവം ലാബാനോട്‌ നേരിട്ട്‌ പറയുന്ന ഒരു വാങ്മയമുണ്ട്‌. 'ലാബാൻ... നീ പ്രവർത്തിക്കുന്നത്‌ നീതിയല്ല. അനീതി പതിന്മടങ്ങായി നിന്നിലേക്കുതന്നെ മടങ്ങിവരുമെന്ന്‌ ഓർത്തുകൊള്ളുക. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ്‌ ഞാൻ' (പുറം 147). പരമ്പരകളുടെ ദൈവം ഇവിടെ സംസാരിക്കുന്നു. ആ ദൈവത്തിന്റെ നീതിസമീപനം ഇവിടെ മുഴങ്ങുന്നു. ദൈവവും മനുഷ്യനുമായി സംസാരിച്ചിരുന്ന സമയരേഖയുടെ മറ്റൊരു അനാവൃതി.
   ഈ നോവലിൽ വിചിത്രമായ, നമ്മെ വിചാരം കൊള്ളിക്കുന്ന ഒരു സന്ദർഭമുണ്ട്‌(പുറം 156-157). ദൈവവും യാക്കോബുമായുള്ള മല്ലയുദ്ധമാണത്‌. അതിൽ ആരും ജയിക്കുന്നില്ല. പരിശുദ്ധനായ മനുഷ്യനും ദൈവവും തമ്മിലുള്ള സംഘർഷം രണ്ടുപേരും ജയിക്കാത്ത ഒന്നാകാം. അല്ലെങ്കിൽ താൻ സ്നേഹിക്കുന്ന, ബലഹീനനായ പുത്രനുവേണ്ടി, സ്വയം തോറ്റുകൊടുക്കുന്ന കരുതലിന്റെ അപൂർവ ചാരുതയാകാം. ദൈവവുമായുള്ള ഏറ്റുമുട്ടലിൽ മനുഷ്യൻ ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ, പക്ഷേ, ആ ഏറ്റുമുട്ടലുകൾ അവസാനിക്കുക നന്മയിലാകാം. അതിന്‌ തെളിവാണ്‌ ദൈവം യാക്കോബിന്‌ 'ഇസ്രായേൽ' എന്ന നാമം നൽകുന്നത്‌.
   മനുഷ്യബന്ധങ്ങളിൽ സംഭവിക്കുന്ന സൂക്ഷ്മജീവനാഖ്യാനങ്ങളെ ഈ നോവൽ പിൻതുടരുന്നു.  അബ്രഹാമും സാറായും തമ്മിലുള്ള ബന്ധവും അതിലെ ഉൾച്ചേതങ്ങളും ഇസഹാക്കും റാഹേലും തമ്മിലുള്ള വികാരവിനിമയങ്ങളും, ഇസഹാക്കിന്റെ ഏകഭാര്യാസങ്കൽപവും, യാക്കോബും റെബേക്കയും തമ്മിലുള്ള ഹൃദയൈക്യവും, സഹോദരന്മാരായ ഏസാവും യാക്കോബും തമ്മിലുള്ള സ്നേഹവിദ്വേഷങ്ങളുടെ സംഘർഷങ്ങളും ജോസഫിന്‌ തന്റെ സഹോദരന്മാരിൽനിന്ന്‌ നേരിടേണ്ടിവന്ന എതിരനുഭവങ്ങളും തുടർന്ന്‌ അയാൾ ഈജിപ്തിന്റെ ഭരണാധികാരിയായി ഉയർത്തപ്പെടുന്നതുമെല്ലാം ഇന്ദ്രിയജാഗ്രതയോടെ പിടിച്ചെടുക്കാൻ നോവലിസ്റ്റിന്‌ കഴിഞ്ഞിട്ടുണ്ട്‌.
   ബൈബിൾ കഥയുടെ പശ്ചാത്തലംവിട്ട്‌ ചിന്തിച്ചാൽ സ്ത്രീ-പുരുഷ ബന്ധങ്ങളുടെയും സഹോദരബന്ധങ്ങളുടെയുമൊക്കെ അനതിവിധേയമായ സങ്കീർണതകൾ സസൂക്ഷ്മം അന്വേഷിക്കുകതന്നെയാണ്‌ കുലപതികൾ. ആ ആഖ്യാനവിശേഷമാണ്‌ ഈ കൃതിയെ വർത്തമാനപ്രസക്തമാക്കുന്നത്‌.
   എന്താണ്‌ ബൈബിളിൽനിന്ന്‌ പ്രമേയം കണ്ടെടുക്കാനും എഴുതുവാനും വർത്തമാന എഴുത്തുകാരനെ പ്രേരിപ്പിക്കുന്നത്‌? ജനതകളുടെ ഏതുകാലത്തുമുള്ള ജീവവ്യവസ്ഥയിൽ ഒരേസമയം സ്നേഹം, പാരസ്പര്യം, വിശ്വാസം എന്നിവയോടൊപ്പം ക്രൂരവും ഹതാശവുമായ സന്ദർഭങ്ങളും പ്രയോഗങ്ങളും നിലനിൽ ക്കുന്നു എന്ന ബോധ്യം എഴുത്തുകാരനുണ്ട്‌. അത്‌ വിശദമാക്കാൻ ശ്രമിക്കുന്ന അയാൾ ഒരുപക്ഷേ, അനിരൂപ്യമായ മനുഷ്യവ്യതിയാനങ്ങളെ അടയാളപ്പെടുത്തുന്ന ബൈബിളിൽ ചെന്നണയുന്നതാവാം. അനൈതികവും അധാർമികവും ഭീതിദവുമായ മനുഷ്യവൈരുധ്യങ്ങൾ സംഭവിക്കുന്നത്‌ മനുഷ്യർ അവരുടെ സത്തയിൽനിന്ന്‌ വ്യതിചലിക്കുന്നതുകൊണ്ടാണ്‌ എന്നുള്ള ഒരു തിരിച്ചറിവും ഇന്നിന്റെ രൂക്ഷമായ ഇടങ്ങളിൽ താമസിക്കുന്ന എഴുത്തുകാരന്‌ ഉണ്ടാവാം. ടി.എസ്‌.എലിയറ്റ്‌ എഴുതിയിട്ടുണ്ടല്ലോ:
   The cycles of Heaven in twenty centuries
     Bring  us farther from GOD and nearer to the Dust.
    (opening Stanza from Choruses from  the 'Rock', 1934)  ഈ ലോകാന്തരബോധം കുലപതികളുടെ എഴുത്തുകാരനുമുണ്ട്‌. വർത്തമാന വായനയ്ക്ക്‌ മുമ്പിൽ പഴയ സമയപവാഹത്തിൽനിന്ന്‌ കണ്ടറിയാനും കേട്ടറിയാനും ഒരു പ്രസാരണമാതൃക വയ്ക്കുകയുമാകാം ഈ എഴുത്തുകാരൻ.
   കുലപതികളിലെ സ്ത്രീകഥാപാത്രങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നു. സാറായും ഹാഗാറും റാഹേലും റെബേക്കയും യൂടിത്തും ബാസ്മത്തും ദീനായുമൊക്കെ ഉൾപ്പെടുന്ന സ്ത്രീസമൂഹം ഈ നോവലിൽ സജീവം. ഇവരിൽ പ്രണയവും മാതൃത്വവും സ്നേഹസമ്മർദങ്ങളും കലഹവുമെല്ലാം നിറയുന്നു. തനിക്ക്‌ സന്താനങ്ങളെ നൽകാൻ കഴിയില്ലെന്ന്‌ ബോധ്യമാകുമ്പോൾ മറ്റൊരുവളെ പ്രാപിച്ച്‌ വംശപരമ്പര നിലനിർത്താൻ ഭർത്താവിനെ പ്രേരിപ്പിക്കുന്ന ഭാര്യ(സാറാ)യും മക്കളിൽ ഒരാളോട്‌ കൂടുതൽ ഇഷ്ടവും മറ്റേയാളോട്‌ അനിഷ്ടവും പ്രകടിപ്പിക്കുന്ന അമ്മ(റെബേക്ക)യും ഉണ്ട്‌. പുരുഷന്മാരുടെ ജീവിതങ്ങളെ സംഘർഷഭരിതമായി, ജൈവികമായി നൂറ്റെടുക്കുന്നത്‌ ഈ സ്ത്രീകഥാപാത്രങ്ങളാണ്‌. ദൈവവും മനുഷ്യനുമെന്ന ആഖ്യാനത്തെ പുഷ്ടിപ്പെടുത്തുന്ന ആഖ്യാനാന്തരമാണ്‌ സ്ത്രീ സംയോജിതമായ ഇത്തരം ഇടങ്ങൾ. പുരുഷകഥാപാത്രങ്ങളെക്കാൾ ഒരുപക്ഷേ, കുലപതികളിലെ സ്ത്രീകഥാപാത്രങ്ങൾ വിവിധതരം വികാരങ്ങളുടെ അരങ്ങുനോട്ടങ്ങളാകുന്നു. കൂട്ടത്തിൽ സാറായും റെബേക്കയും സൊ‍ാചനീയർ. സാറാ ഭാര്യയും നിത്യകാമുകിയുമാണ്‌. വശീകരിക്കുന്ന പ്രണയം സാറായുടെ കാതൽ. റെബേക്ക വൈകാരിക ഇടർച്ചകളുടെ തൊട്ടിലിലാടുന്ന സ്നേഹമയി.
   ദൈവത്തിന്‌ കീഴിൽ കഴിയുന്ന ജനതയുടെ ജീവിതം ദൈവസംരക്ഷയുണ്ടെങ്കിൽപോലും നിരവധി പ്രതിസന്ധികളും സംഘർഷങ്ങളും നിറഞ്ഞതാണെന്ന പാഠവും കുലപതികൾ മുന്നോട്ട്‌ വയ്ക്കുന്നു. ഈ കൃതിയിലെ ഭാഷയാണ്‌ മറ്റൊരു ഘടകം. ബൈബിളിലെ മരുഭൂമികളും പുൽമേടുകളും വേനലുകളും വരൾച്ചയും വർഷവും സഞ്ചാരങ്ങളുമൊക്കെ ഇടകലരുന്ന ഒരു ഭാവവ്യാപനം കുലപതികളുടെ ഭാഷ ആർജിച്ചിരിക്കുന്നു. അത്‌ വായനക്കാരനെയുംകൊണ്ട്‌ മുന്നോട്ടുപോകും. 



വായനാപരതയും(readability) സംവേദനസുതാര്യതയും(accessible sensibility) കുലപതികളെ ശ്രദ്ധേയമാക്കുന്നു.
   ഈ നോവലിൽ കടന്നുവരുന്ന ഒരു ബിംബമുണ്ട്‌.  തന്റെ കിടക്കയിൽനിന്ന്‌ സ്വർഗത്തിലേക്ക്‌ നീളുന്ന ഒരു സ്വർണഗോവണിയെ യാക്കോബ്‌ നോക്കി കാണുന്നു.അതിന്റെ മുകളറ്റം ഇടുങ്ങിയ വാതിൽപ്പടിയിലാണ്‌ ഉറപ്പിച്ചിരിക്കുന്നത്‌(സ്വർഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാണെന്ന്‌ ബൈബിൾ പറയുന്നു). ഒരുപക്ഷേ, സ്വർഗവും നരകവും ഒന്നുമില്ലാത്ത, അഥവാ, അത്തരം സങ്കൽപ്പങ്ങൾ ഏറെക്കുറെ ഉപേക്ഷി ക്കപ്പെട്ട ഒരു നൂറ്റാണ്ടാണ്‌ നമ്മുടേത്‌. എങ്കിലും ഇവിടെ ഇതൊരു ബിംബമാണ്‌. നൈതികതയും ഉൾബോധവും താലോലിക്കുന്നവർക്ക്‌ സഞ്ചരിക്കാനുള്ള ഗോവണി. മനുഷ്യന്റെ കിടക്കകളിൽ അദൃശ്യമായെങ്കിലും അതുണ്ടാവാം.

   കൽപിത ഭാവനയുടെ സാധ്യതകൾ ഭംഗിയായി ഉപയോഗിക്കപ്പെടുന്നുണ്ട്‌ ഈ നോവലിൽ. ബൈബിളിൽ മൗനമാക്കപ്പെട്ടിരിക്കുന്ന, വിരാമംകൊണ്ട്‌ തുടർച്ചയില്ലാത്ത പല ഭാഗങ്ങളും ഇതിൽ പൂരിപ്പിക്കപ്പെടുന്നു. നോവലിസ്റ്റിന്റെ രചനാപ്രദേശങ്ങൾ (writing places) എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. അബ്രഹാം മക്പലായിലെ സാറായുടെ കല്ലാര്റയിലേക്ക്‌ പോകുന്നതും കൈവിട്ടുപോയ കാലത്തിന്റെ ചെയ്തികളെപ്പറ്റി ജീവനും മൃതിയുമായി വിചിന്തനം നടത്തുന്നതും അതേത്തുടർന്ന്‌ ഹാഗാറിൽ പിറന്ന കടിഞ്ഞൂൽ പുത്രനായ ഇസ്മായേലിനെ തേടി അബ്രഹാം പോകുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്‌. അവിടെ ഉന്നീതമാകുന്ന ഭാഷയ്ക്ക്‌ പ്രത്യേക സൗന്ദര്യമുണ്ട്‌. സാറായുടെ കല്ലാര്റയുടെ തലയ്ക്കൽ ഉയർന്നുനിൽക്കുന്ന കരിങ്കൽഭിത്തിയിൽ ചിറകിട്ടടിച്ച്‌ ഏതോ പക്ഷി പറക്കുന്നതും മൃതിയിൽനിന്ന്‌ പ്രിയനെ സ്പർശിക്കാനായുന്ന അവളുടെ ആവേഗവും വായനയിൽ മായാതെ നിൽക്കും.
   ഇസഹാക്കിന്‌ കുട്ടികളില്ലാതെ വരുമ്പോൾ ജ്യേഷ്ഠസഹോദരന്റെ കുട്ടിയെ ദത്തെടുക്കാനാഗ്രഹിക്കുന്നതും അയാൾ അതിനായി യാത്രചെയ്യുന്നതും വഴിമദ്ധ്യേ, അരുവിക്കരയിൽ വഴിമുടക്കി, ഭൂമിയിലെങ്ങും ദൃശ്യമല്ലാത്ത രണ്ടു ഭീമൻ വൃക്ഷങ്ങൾ കടപുഴകി കിടക്കുന്നതും മറ്റൊരു സന്ദർഭം. അതിനുമുകളിലിരുന്ന്‌ മീൻ പിടിക്കുന്ന ഒരു ചൂണ്ടക്കാരനെ അയാൾ കാണുന്നു. തിരിച്ചറിയുന്നു, അത്‌ ദൈവദൂതൻ.
   തനിക്കുള്ള സമ്പത്തെല്ലാം ശേഖരിച്ച്‌ ഭാര്യമാരും മക്കളും ഭൃത്യരും കന്നുകാലികളുമായി ലാബാനിൽ നിന്ന്‌ ഒളിച്ചോടുന്ന യാക്കോബ്‌ എങ്ങനെ നിറഞ്ഞൊഴുകുന്ന ജോർദാൻനദി കടക്കുന്നുവേന്ന്‌ ബൈബിൾ പരാമർശിക്കുന്നില്ല. നദിക്ക്‌ അക്കരെയെത്തുന്നതും മറ്റും വിസ്മയകരമായ കൽപിതങ്ങളായി മാറുകയാണ്‌. ഇത്തരം ഭാഗങ്ങൾ ഇനിയുമുണ്ട്‌. അവ കുലപതികളെ മറ്റൊരുതരം ചേരുവയായി, രചനയുടെ മാറ്റായി പരിവർത്തിപ്പിക്കുന്നു.
  സണ്ണി തായങ്കരിയെന്ന എഴുത്തുകാരൻ തന്റെ എഴുത്തുദീക്ഷയുടെ പരിപക്വതകൊണ്ട്‌ രചിച്ച മികച്ച നോവലാണ്‌ കുലപതികൾ. സമകാല വേഗവായനയുടെ അസ്ഥിരമായ ഒഴുക്കുകളിൽ മറയേണ്ട ഒന്നല്ല ഈ കൃതി. ഇത്‌ ജീവിക്കുന്ന രചന, വായനയിലും ചിന്തയിലും.
കുലപതികൾ(നോവൽ)
കറന്റ്‌ ബുക്സ്‌ തൃശ്ശൂർ
പേജ്‌ 232 വില 175 രൂപാ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...