24 May 2014

തോട്ട ശുചിത്വം നല്ല ശീലം


ഡോ. വി. കൃഷ്ണകുമാർ
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, പ്രാദേശിക കേന്ദ്രം, കായംകുളം

കേരളത്തിൽ ഒരു മഴക്കാലം കൂടി ആരംഭിക്കുകയാണ്‌. മഴക്കാലത്ത്‌ തെങ്ങിനെ ബാധിക്കുന്ന മിക്കവാറുമെല്ലാ രോഗകീടങ്ങളെയും നിയന്ത്രിക്കുന്നതിനും അവയുടെ വ്യാപനം തടയുന്നതിനും തോട്ട ശുചിത്വം പാലിക്കുന്നത്‌ വഴി സാധിക്കും. തേങ്ങയിടുമ്പോൾ പണ്ടൊക്കെ വർഷം രണ്ടു തവണയെങ്കിലും മണ്ട വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. അതോടൊപ്പം മണ്ടയിൽ ഉപ്പും ചാരവും കലർത്തി ഇട്ടുകൊടുക്കുകയും ചെയ്യും. ഇവ രോഗ കീടബാധയെ നിയന്ത്രിക്കുന്നതിനുള്ള ചെലവു കുറഞ്ഞ മാർഗ്ഗമായിരുന്നു. എന്നാൽ കൂലിച്ചെലവേറിയതിനാൽ ഇത്തരം ജോലികളൊന്നും തന്നെ മിക്ക കർഷകരും ഇപ്പോൾ  ചെയ്യിക്കാറില്ല. അടുത്ത കാലത്തായി തെങ്ങിന്റെ ചങ്ങാതികൂട്ടം ഇതിൽ താൽപര്യം കാണിക്കുന്നുണ്ട്‌.
കുമിൾ മൂലമുള്ള കൂമ്പു ചീയൽ രോഗം ഏതു പ്രായത്തിലുമുള്ള തെങ്ങിനേയും ബാധിക്കാം. എങ്കിലും ഇളം പ്രായത്തിലുള്ള തെങ്ങുകളാണ്‌ വേഗം രോഗത്തിന്‌ വിധേയമാകുന്നത്‌. കൂമ്പോല വാടി നിൽക്കുന്നതാണ്‌ ആദ്യ ലക്ഷണം. രോഗബാധ അധികരിക്കുമ്പോൾ നാമ്പോല വലിച്ചാൽ ഊരി പോരുകയും ദുർഗന്ധമുണ്ടാവുകയും ചെയ്യും. രോഗകാരിയായ കുമിളിന്റെ ബീജ സ്ഫുരണങ്ങൾ മണ്ണിലും തെങ്ങിന്റെ മണ്ടയിലും മടലുകൾക്കിടയിലുമൊക്കെ ഉണ്ടാകാം. മഴക്കാലം തുടങ്ങുന്നതോടെ ഈ കുമിളുകൾ സജീവമാകും.
രോഗബാധ കണ്ടു തുടങ്ങിയാൽ മൂർച്ചയുള്ള കത്തിയുപയോഗിച്ച്‌ കൂമ്പിലേയും മണ്ടയിലേയും ചീഞ്ഞു തുടങ്ങിയ ഭാഗങ്ങൾ മുറിച്ചു നീക്കണം. പിന്നീട്‌ 10 ശതമാനം വീര്യമുള്ള ബോർഡോ കുഴമ്പ്‌ പുരട്ടിയശേഷം മഴവെള്ളം കടക്കാത്ത രീതിയിലും എന്നാൽ ആവശ്യമായ വായു സഞ്ചാരം കിട്ടുന്ന വിധത്തിലും പ്ലാസ്റ്റിക്ക്‌ ഷീറ്റുകൊണ്ട്‌ മൂടണം. നല്ല കൂമ്പ്‌ വളർന്നു തുടങ്ങിയാൽ ഷീറ്റ്‌ മാറ്റാം. മഴയ്ക്കു മുമ്പും ശേഷവും തെങ്ങിന്റെ മണ്ട വൃത്തിയാക്കുന്നത്‌ നല്ലതാണ്‌. തോട്ടത്തിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാനും ശ്രദ്ധിക്കണം.
തുടക്കത്തിൽ തന്നെ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ മണ്ട ചീഞ്ഞ്‌ തെങ്ങു നശിച്ചുപോകാനിടയുണ്ട്‌. മണ്ട നശിച്ച തെങ്ങുകളുണ്ടെങ്കിൽ തീർച്ചയായും വെട്ടി നീക്കണം. മഴ കൂടുതലുള്ള ഉയർന്ന പ്രദേശങ്ങളിൽ വ്യാപകമായ രീതിയിൽ കൂമ്പുചീയൽ രോഗം കണ്ടുവരുന്നുണ്ട്‌. യഥാസമയം  നിയന്ത്രണനടപടികൾ സ്വീകരിക്കാത്തപക്ഷം രോഗം കൂടുതൽ തെങ്ങുകളിലേക്കു വ്യാപിക്കും. വളരെ എളുപ്പത്തിൽ നിയന്ത്രിക്കാവുന്ന ഈ രോഗം അവസാനം ഒരു പ്രദേശത്തെ മുഴുവൻ തെങ്ങുകളേയും നശിപ്പിക്കുന്നതിലേക്ക്‌ കൊണ്ടെത്തിക്കുന്നതിന്‌ ഈ ഉപേക്ഷ ഇടവരുത്തുകയും ചെയ്യും.
തെങ്ങിനെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗമാണ്‌ ഓല കരിച്ചിൽ (ഓല ചീയൽ). കാറ്റു വീഴ്ചരോഗം ബാധിച്ച മിക്ക തെങ്ങുകളിലും ഈ രോഗം കാണാം. കുമിൾ മൂലമുണ്ടാകുന്ന ഈ രോഗം വിടരാത്ത നാമ്പോലയിലാണ്‌ ആദ്യമായുണ്ടാകുന്നത്‌. പിന്നീട്‌ രോഗം വ്യാപിച്ച്‌ ഓല അഴുകി ഉണങ്ങിക്കരിയും. രോഗബാധിതമായ ഓലയുടെ അഗ്രഭാഗം കരിഞ്ഞുണങ്ങി കാറ്റിൽ പറന്നുപോകും. ഇതുമൂലം മറ്റു തെങ്ങുകൾക്കും ഈ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്‌. നാമ്പോലയുടേയും ചേർന്നുള്ള ഒന്നുരണ്ട്‌ ഓലകളുടേയും ചീഞ്ഞഭാഗം മുറിച്ചു നീക്കി തീയിട്ടു നശിപ്പിക്കണം. അതിനുശേഷം കോൺടാഫ്‌ രണ്ടു മി.ലിറ്റർ അല്ലെങ്കിൽ മൂന്നുഗ്രാം ഇൻഡോഫിൽ എം. 45 മൂന്നൂറു മില്ലിലിറ്റർ വെള്ളത്തിൽ കലക്കി നാമ്പോലയുടെ ചുവട്ടിൽ ഒഴിക്കണം.
ഈ രോഗം രൂക്ഷമായ തെങ്ങുകളുടെ ഓലകൾ കരിഞ്ഞുണങ്ങി ഈർക്കിൽ മാത്രമായി നിൽക്കുന്ന കാഴ്ച സാധാരണമാണ്‌. ഇവയുടെ നാളികേര ഉത്പാദനവും തീരെക്കുറവായിരിക്കും. ഒരാണ്ടിൽ പത്തു തേങ്ങ പോലും തരാൻ കഴിവില്ലാത്ത ഇത്തരം തെങ്ങുകളെ പരിചരിക്കുന്നതുകൊണ്ട്‌ പ്രയോജനമില്ല. അവകളെ വെട്ടിമാറ്റി നല്ല ഇനം തൈകൾ നടണം.
തെങ്ങിനെ ബാധിക്കുന്ന കീടങ്ങളിൽ പ്രധാനിയാണ്‌ മണ്ടപ്പുഴു (ചെമ്പൻ ചെല്ലി). അഞ്ചു മുതൽ 20 കൊല്ലം വരെ പ്രായമായ തെങ്ങുകളിലാണ്‌ ഇതിന്റെ ആക്രമണമുണ്ടാകുന്നത്‌. ചെല്ലികൾ മുട്ടയിടാതിരിക്കാനായി പണിയായുധങ്ങൾ കൊണ്ടോ മറ്റു തരത്തിലോ തെങ്ങിൻ തടിയിൽ യാതൊരു വിധത്തിലുമുള്ള മുറിവും ഉണ്ടാകാതെ ശ്രദ്ധിക്കണം. തേങ്ങയിടുന്ന സമയത്ത്‌ ഓല വെട്ടുന്നുവേങ്കിൽ തടിയിൽ നിന്നും ഏകദേശം ഒന്നരമീറ്റർ നീളത്തിൽ മടൽ നിർത്തിയേ വെട്ടാവൂ.
തടിയിലുണ്ടാകുന്ന ദ്വാരങ്ങളിൽ നിന്നും ഒലിച്ചിറങ്ങുന്ന കൊഴുത്ത ദ്രാവകവും മുറിവിലൂടെ പുറത്തേയ്ക്കു തള്ളി നിൽക്കുന്ന ചവച്ചരച്ച ചണ്ടികളും കണ്ടാൽ ചെമ്പൻ ചെല്ലിയുടെ ആക്രമണം ഉള്ളതായി മനസ്സിലാക്കാം. ഇത്‌ തുടക്കത്തിൽ തന്നെ നിയന്ത്രിക്കുന്നില്ലെങ്കിൽ ആക്രമണം രൂക്ഷമാവുകയും തെങ്ങിന്റെ മണ്ട മറിയുകയും ചെയ്യും. മറിഞ്ഞു വീണ മണ്ടകൾ തോട്ടത്തിൽ തന്നെ കിടക്കുന്നതും കീടബാധയേറ്റു നശിച്ച തെങ്ങിന്റെ കുറ്റി പിഴുതു മാറ്റാത്തതും ചെല്ലിയുടെ വംശവർദ്ധനവിനെ സഹായിക്കുകയും ചെല്ലിബാധ തോട്ടത്തിൽ വ്യപിക്കുന്നതിന്‌ ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ മണ്ട മറിഞ്ഞ തെങ്ങ്‌ തീർച്ചയായും വെട്ടി നീക്കണം. കൂടാതെ മണ്ട വെട്ടിക്കീറി പല കഷണങ്ങളാക്കി തീയുമിടണം. ഈ പണികൾക്കൊക്കെ ചെലവു കൂടുമെന്നു കരുതി വേണ്ടത്ര ശുഷ്കാന്തി കാണിക്കാതിരിക്കരുത്‌.
കൊമ്പൻ ചെല്ലിയുടെ വണ്ടുകൾ, വിടരാത്ത നാമ്പോലയും പൂങ്കുലയും വരെ തുരക്കും. ആക്രമണ വിധേയമായ പൂങ്കുലകൾ ഉണങ്ങിപ്പോകും. ആക്രമണത്തിനെതിരെ മുൻകരുതലെന്നനിലയിൽ മഴക്കാലത്തിനു മുമ്പായി തെങ്ങിന്റെ മണ്ട വൃത്തിയാക്കുകയും കൂമ്പോലയ്ക്കു ചുറ്റുമുള്ള ഓലക്കവിളുകളിൽ മൂന്നോ നാലോ പാറ്റ ഗുളികകൾ (12 ഗ്രാം) വച്ച്‌ മണൽകൊണ്ടു മൂടുകയോ പൊടിച്ച വേപ്പിൻ പിണ്ണാക്ക്‌ അല്ലെങ്കിൽ മരോട്ടി പിണ്ണാക്ക്‌ 200 ഗ്രാം തുള്ള്യ അളവിൽ മണലുമായി ചേർത്ത്‌ ഏറ്റവും മുകളിലുള്ള മൂന്ന്‌ ഓലക്കവിളുകളിൽ ഇടുകയോ ചെയ്യണം. 0.02 ശതമാനം വീര്യമുള്ള കാർബറിൽ (4 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ) ചെല്ലിയുടെ പ്രജനനം നടക്കുന്ന ചാണകക്കുഴികളിലും മറ്റും തളിക്കുന്നതും പെരുവലം ചെടി മൊത്തമായി പിഴുതെടുത്ത്‌ ഇടുന്നതും കുണ്ടളപ്പുഴുക്കളെ നിയന്ത്രിക്കും. തോട്ടത്തിൽ ജീർണിച്ചു നിൽക്കുന്ന തെങ്ങിൻ കുറ്റികളും തടികളും മറ്റു ജൈവാവശിഷ്ടങ്ങളും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. തെങ്ങോലപ്പുഴുക്കളുടെ ആക്രമണം മാർച്ച്‌ മുതൽ ജൂൺ വരെയാണ്‌ കണ്ടുവരുന്നത്‌. ഗുരുതരമായ ആക്രമണമാണുള്ളതെങ്കിൽ ഒന്നോ രണ്ടോ പുറം ഓലമടലുകൾ വെട്ടിമാറ്റി തീയിട്ടു നശിപ്പിക്കുകയും അനുയോജ്യമായ എതിർ പ്രാണികളെ വിട്ട്‌ കീടബാധ നിയന്ത്രിക്കുകയും വേണം. മണ്ഡരി മൂലം കൊഴിഞ്ഞു വീണു കിടക്കുന്ന വെള്ളയ്ക്ക (മച്ചിങ്ങ) കൾ തീയിട്ട്‌ നശിപ്പിക്കണം. എലി നിയന്ത്രണത്തിന്റെ കാര്യത്തിലും തെങ്ങിന്റെ മണ്ട വൃത്തിയാക്കലും തോട്ടശുചിത്വവും വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്‌.
കൊത്തും കിളയുമൊന്നുമില്ലാതെ കിടക്കുന്ന മിക്ക തോട്ടങ്ങളിലും ധാരാളം കളകൾ വളരുന്നതു കാണാം. ഇവ ചിലപ്പോഴെങ്കിലും രോഗകീടവാഹകരാകാറുണ്ട്‌. വെള്ളത്തിനും പോഷകമൂലകങ്ങൾക്കു മായി ഇവ തെങ്ങിനോടൊപ്പം മത്സരിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങളൊഴിവാക്കാനായി യഥാസമയം കളകളെ നിയന്ത്രിക്കേണ്ടതുണ്ട്‌. കളകൾ വെട്ടിനീക്കി തെങ്ങിൻ ചുവട്ടിൽ പുതയിടാനുപയോഗിക്കാം. ഓലമടലുകൾ തെങ്ങിൻ തോപ്പിൽ വീണുകിടന്നു നശിക്കാനിടയാകാതെ അവ പുതയിടുന്നതിനോ മണ്ണിര കമ്പോസ്റ്റുണ്ടാക്കുന്നതിനോ ഉപയോഗിക്കണം.
കേരകർഷകർ പലതരം ഇടവിളകളും തെങ്ങിനോടൊപ്പം കൃഷി ചെയ്യാറുണ്ടല്ലോ. അവയിൽ പ്രധാനപ്പെട്ടതാണ്‌ വാഴ. മാണപ്പുഴുവും തടതുരപ്പനുമാണ്‌ വാഴയുടെ പ്രധാന ശത്രുക്കൾ. വാഴച്ചുവട്ടിലും കേടു ബാധിച്ച വാഴയുടെ മാണത്തിനകത്തും മാണപ്പുഴുവിന്റെ വണ്ടുകളെ കാണാം. പുഴുക്കളുടെ ആക്രമണം ഉണ്ടായതിനു ശേഷമുള്ള നിയന്ത്രണം മിക്കപ്പോഴും ഫലപ്രദമാകാറില്ല. കുലവെട്ടിക്കഴിഞ്ഞാൽ കന്നുകൾ പിരിച്ചു മാറ്റാതെ അവിടെത്തന്നെ നിർത്തി വളർത്തുന്ന രീതിയിലാണ്‌ മാണപ്പുഴുവിന്റെ ആക്രമണം രൂക്ഷമാകുന്നത്‌. അതുകൊണ്ട്‌ കുലവെട്ടിക്കഴിഞ്ഞാലുടനെ തന്നെ കന്നുകൾ പിരിച്ച്‌ കേടില്ലാത്ത കന്നുകൾ മാത്രമേ നടാനെടുക്കാവൂ. കന്നുകൾ നടുന്നതിനുമുമ്പ്‌ മാണത്തിലെ വേരുകളും കറുത്ത പാടുകളും ചെത്തി നീക്കുകയും വേണം. അതുപോലെ തന്നെ തള്ള വാഴയുടെ മാണവും എടുത്തുമാറ്റി നശിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാണപ്പുഴുവിന്റെ തടതുരപ്പൻ പുഴുവിന്റേയും ആക്രമണമേറ്റ വാഴകളെ തുടക്കത്തിൽത്തന്നെ പൂർണ്ണമായും മുറിച്ചുമാറ്റി തീയിട്ടു നശിപ്പിക്കണം. വാഴത്തട മുറിച്ച്‌ തോട്ടത്തിൽ പലയിടങ്ങളിലായി കുത്തിനിർത്തിയാൽ വണ്ടുകൾ അതിലേക്ക്‌ ആകർഷിക്കപ്പെടും. എളുപ്പത്തിൽ ഇവയെ ശേഖരിച്ച്‌ നശിപ്പിക്കാം. വിവിധ രോഗങ്ങൾ ഉള്ള ഇലകൾ മുറിച്ചുകത്തിച്ചു കളയണം. ഞാലിപ്പൂവൻ വാഴയെ ബാധിക്കുന്ന രോഗമാണ്‌ പോളപൊഴിച്ചിൽ (പനാമവാട്ടം). രോഗം പിടിപെട്ട വാഴയിൽ നിന്നുള്ള കന്നുകൾ നടാനെടുക്കരുത്‌. വാഴയെ ബാധിക്കുന്ന പ്രധാന വൈറസ്‌ രോഗങ്ങളാണ്‌ കുറുനാമ്പ്‌, കൊക്കാൻ, മോശേക്‌ എന്നിവ. ഇവയ്ക്ക്‌ ചികിത്സയില്ലാത്തതിനാൽ പൂർണ്ണമായും രോഗബാധ ഇല്ലാത്ത കന്നുകൾ മാത്രമേ നടാനെടുക്കാവൂ. തോട്ടത്തിൽ രോഗം പിടിപെട്ട വാഴകൾ കണ്ടാലുടനെ തന്നെ മാണത്തോടെ പിഴുതു മാറ്റി തീയിട്ടു നശിപ്പിക്കണം.
തെങ്ങിൻ തോപ്പിലെ മറ്റു പ്രധാന ഇടവിളകളാണ്‌ ഇഞ്ചിയും മഞ്ഞളും. ഇവയെ ബാധിക്കുന്ന കുമിൾ രോഗമാണ്‌ മുളചീയൽ. കൃഷി തുടങ്ങുമ്പോൾ തന്നെ ആവശ്യമായ നീർവാർച്ചാ സൗകര്യം ഉണ്ടാക്കണം. രോഗം പിടിപെട്ടിട്ടില്ലാത്ത സ്ഥലത്തു നിന്നു മാത്രമേ നടാനുള്ള വിത്തെടുക്കാവൂ. നടുന്നതിനു മുമ്പുതന്നെ വാരങ്ങളിൽ ട്രൈക്കോഡെർമ - ചാണക മിശ്രിതം ഇട്ടുവേണം നിലമൊരുക്കാൻ. രോഗം കണ്ടാലുടനെ തന്നെ അത്തരം മൂടുകളെ പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കണം. വാരങ്ങളിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ഒഴിച്ച്‌ കുതിർക്കുകയും വേണം.
തെങ്ങുകളിൽ കുരുമുളക്‌ പടർത്തി വളർത്താറുണ്ടല്ലോ. കുമിൾ മൂലമുള്ള ദ്രുതവാട്ടമാണ്‌ കുരുമുളകിന്റെ പ്രധാന രോഗം. ഇത്‌ ജൂലൈ-സെപ്തംബർ മാസങ്ങളിലാണ്‌ അധികമാകുന്നത്‌. തുടർച്ചയായ മഴയും കൂടിയ ഈർപ്പവും താഴ്‌ന്ന താപനിലയുമാണ്‌ കുമിളിന്റെ വളർച്ചയ്ക്ക്‌ സഹായകരമായ ഘടകങ്ങൾ. കൊടികളുടെ പ്രധാന തണ്ടിന്റെ കടഭാഗത്ത്‌ രോഗമുണ്ടായാൽ കൊടി മൊത്തം ക്രമേണ നശിച്ചു പോകും. രോഗം ബാധിച്ച കൊടികളിൽ നിന്നും രോഗം വ്യാപിക്കാനിടയുള്ളതിനാൽ അവയെ മുഴുവനും മുറിച്ചു മാറ്റി തീയിട്ടു നശിപ്പിക്കണം. ആ സ്ഥലത്ത്‌ ചുരുങ്ങിയത്‌ ഒരു കൊല്ലമെങ്കിലും കഴിഞ്ഞേ വീണ്ടും കുരുമുളകു കൊടി നടാവൂ.
രോഗകീട ബാധ വ്യാപിക്കുന്നതു തടയുന്നതിനായി ഇത്തരത്തിലുള്ള തോട്ടശുചിത്വം പാലിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.
ലേഖകന്റെ ഫോൺ: 9447364877

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...