24 May 2014

പെറ്റമ്മപ്പത്തിരികൾ


ഷൗക്കത്ത്‌ അലിഖാൻ

പാറൻ കുഞ്ഞിമാൻ വന്ന്‌ പറമ്പ്‌ പൂട്ടി പോയിട്ട്‌ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ. ഒരു ചാല്‌ പൂട്ടാനാണ്‌ പറഞ്ഞിരുന്നത്‌. പട്ടച്ചാരായത്തിന്റെ കെട്ടടങ്ങാത്ത ലഹരിയിൽ കുഞ്ഞിമാന്റെ കന്നുകളുടെ പുറത്ത്‌ മുടിങ്കോൽ ആഞ്ഞുവീണപ്പോൾ ഒന്നിനുപകരം രണ്ട്‌ ചാല്‌ പൂട്ടി  കുഞ്ഞിമാൻ ലഹരി വിങ്ങി മടങ്ങിപ്പോയിരിക്കുന്നു. മീനമാസത്തിലെ തിളച്ച ഉച്ചവെയിലിന്റെ കഷ്ണങ്ങളായി വിണ്ട മൺകട്ടകൾ പൂട്ടിയ അടയാളവരകൾക്കു കുറുകെ അവിടവിടെ ചിതറിക്കിടക്കുന്നു. രണ്ട്‌ മാസങ്ങൾക്കു മുന്നേ കിളക്കാരൻ മയമാക്ക മണ്ടക്കൈക്കോട്ടു കൊണ്ട്‌ പറമ്പിന്റെ ഉള്ളതിരുകൾ നിലവിതാനത്തിനനുസരിച്ച്‌ മാടി മാടി ഒപ്പമാക്കിയ മാട്ടങ്ങൾക്കൊണ്ട്‌ സുന്ദരമായിരുന്നു ഞങ്ങളുടെ തൊണ്ണൂറ്റാറ്‌ സെന്റ്​‍്‌ പുരയിടവും തെങ്ങിൻ പറമ്പും .
തെങ്ങു കയറിയിട്ടു കുറെ നാളായി.  തേങ്ങ പഴുത്ത്‌ വീഴുന്നുണ്ട്‌ . അടുത്തത്‌ ഓലവെട്ടിക്കയറ്റമാണ്‌. തെങ്ങുകയറ്റക്കാരൻ കുഞ്ഞടിമൂന്റെ പോരയിൽ ഒന്നുരണ്ട്‌ തവണ ഉമ്മ എന്നെ പറഞ്ഞയച്ചിരുന്നു. പുല്ലാട്ടെ പറമ്പിൽ കയറ്റം കഴിഞ്ഞിട്ടില്ല. ഒരു മാസത്തോളമാണത്രേ അവിടെ തെങ്ങുകയറ്റം. കുഞ്ഞടിമൂവും അവന്റെ  അച്ഛൻ കുടുമയുള്ള തങ്കുവും അനുജന്മാരായ തെയ്യണും കോരപ്പനും ഒക്കെയാണ്‌ പുല്ലാട്ടെ തെങ്ങുകയറ്റക്കാർ.  കുഞ്ഞടിമൂന്റെ അപ്പനപ്പൂപ്പന്മാരായി പുല്ലാട്ടുപറമ്പിലെ തെങ്ങുകയറ്റക്കാരാണ്‌. മാറഞ്ചേരിയിലെ സർക്കാർ ആശുപത്രിയിലേക്ക്‌ കാലിലെ വളംകടിക്ക്‌ പുരട്ടാൻ വയലറ്റ്‌ നിറമുള്ള മരുന്നിന്‌ വേലായുധേട്ടന്റെ കൂടെ സൈക്കിളിൽ പറപറക്കുമ്പോൾ തെങ്ങുകയറ്റത്തിന്റെ കോലാഹലങ്ങൾ കേൾക്കാം. തെക്കുപടിഞ്ഞാറ്‌ നാല,​‍്‌ വടകിഴക്ക്‌ ആറ്‌, പടിഞ്ഞാറും പോയി വീഴ്ച്ച രണ്ട്‌. ആകാശത്ത്​‍്‌ നിന്ന്​‍്‌ അശരീരികൾ മുഴങ്ങുന്നു. ഇന്നോ നാളെയോ തളപ്പും മടവാളും കുലകെട്ടാനുള്ള ചൂടിക്കയറുമായി അനുചരന്മാരെയും കൂട്ടി കുഞ്ഞടിമൂന്റെ  സൈന്യമെത്തും- തഴമ്പുള്ള കാലുകളും ഉള്ളംകൈയ്യിലെ തഴമ്പും നെഞ്ചിലെ ഉരുണ്ടുകൂടിയ പവർമാൾട്ട്‌ ശരീരങ്ങളുമായി .
തെങ്ങു കയറ്റം എന്നാണ്‌ എന്ന്‌ തിരക്കി മോണകാട്ടിയ ചിരിയുമായി ചെകിടിനിടയിൽ തിരുകിയ ബീഡിക്കുറ്റിയുമായി കബറ്‌ കുത്തുന്ന മെയ്താക്കയും മടാപ്പിടിയന്റെ വീടരും വന്നിരുന്നു. ഇത്തവണത്തെ ഓല അവർക്കുള്ളതാണ്‌ . ഞങ്ങളുടെ പോരയുടെ  പടിഞ്ഞാറ്‌ ഭാഗത്ത്‌ നീർക്കോട്ടേൽ പറമ്പിലെ കുടിയിരിപ്പുകാരാണ്‌ മെയ്ദാക്ക. ചെറിയ ഓലപ്പോരയാണ്‌ അവരുടേത്‌. മണ്ണിഷ്ടിക കൊണ്ടാണ്‌ ചുമര്‌. തെങ്ങു കയറ്റം കഴിഞ്ഞ്‌ കിട്ടുന്ന ഓലവെട്ടി മൊടഞ്ഞിട്ട്‌ ഉണക്കി വേണം അവരുടെ പോര കെട്ടി മേയാൻ. പോരകെട്ടിന്‌ മധുരമുള്ള കറിയുണ്ടാക്കും . പോര കെട്ടുകറി. ഏല്ലാറ്റിനും തെങ്ങു കയറ്റം കഴിയണം. പെറ്റമ്മാക്കാണ്‌ തെങ്ങു കയറ്റം വൈകുന്നതിൽ ഏറെ പരാതി. അവർ ഇന്നലെ രാത്രിയും ഉമ്മയോട്​‍്​‍്‌ വഴക്കിടുന്നത്‌ കേട്ടു.  മുറുക്കാൻ മുറ്റത്തേക്ക്‌ നീട്ടിത്തുപ്പിയ ശേഷം ചിറിതുടച്ച്‌ പെറ്റമ്മ ചോദിക്കുകയാണ്‌
? അല്ല ബീവ്യേ...........  ... ഈ തെങ്ങോന്നും കയറാത്തതെന്താ .. പറമ്പില്‌ അപ്പടി തേങ്ങ വീണു കെടക്കണത്‌ കണ്ടില്യേ ..........   മക്കളെ തലേല്‌ തേങ്ങ വീണ്‌ എന്തൊക്കെ അദാബുകളാണ്‌ ഇനി ഉണ്ടാവ്ക......ആ ചെക്കനെ നാളെ പെലച്ചക്ക്‌ തന്നെ കുഞ്ഞടിമൂന്റെ കൂടീൽക്ക്‌ ഒന്ന്‌ പറഞ്ഞയച്ച്‌ നോക്ക്‌ ..............? , മെയ്ദടെ വീടര്‌ ഇന്നലീം കൂടി വന്നിരുന്നല്ലോ ... ഓലടെ കായി വാങ്ങിച്ചോ.......? എന്നാ ആ ബീരാവു ഹാജിയുടെ പീടികയിലെ കടം വീട്ടിക്കൂടെ ....  തേങ്ങാക്കരൻ കുറുമണിയൻ ബാപ്പുട്ടി ആളെ പറഞ്ഞയക്കാൻ തൊടങ്ങീട്ട്‌ കൊറേ ആയല്ലോ ..... അനക്ക്‌ ഒരു കൂട്ടോം ഇല്ല    ..............?
തേങ്ങ കച്ചവടക്കാരനാണ്‌ കുറുമണിയൻ ബാപ്പൂട്ടി. അയാൾക്ക്‌ തേങ്ങക്കൂറ്റി വകയിൽ ആയിരത്തി ഇരുന്നൂറ്‌ രൂപ പറ്റായിരിക്കുന്നു. മീനും ചില്വാനങ്ങളും വാങ്ങാൻ പണം തീർന്നാൽ പിന്നെ തേങ്ങ കച്ചോടക്കാരൻ കുറുമണിയൻ ബാപ്പുട്ടികാക്ക തന്നെയാണ്‌ ശരണം.അയാൾക്കും ഇപ്പോൾ തെങ്ങുകയറാൻ തിരക്കുണ്ട്‌. പെറ്റമ്മാക്കാണ്‌ തെങ്ങു കയറ്റം കഴിഞ്ഞാൽ ഏറെ പണി.  പറമ്പിൽ നിന്നും കൊതുമ്പും , അരിപ്പാക്കുടിയും , കുലച്ചിലും വലിച്ചുകൂട്ടി  വിറകു പുരയിലാക്കണം . തേങ്ങാതാളുകൾ ഒതുക്കിക്കൂട്ടണം.   ഓലക്കൂടി യൂറിഞ്ഞ്‌   ചൂലുണ്ടാക്കണം. തേങ്ങ പൊളിച്ചുകഴിഞ്ഞാൽ ചകിരി ഉണക്കി വിറകുപുരയിൽ അടുക്കി വെക്കണം. ഒരു കൊല്ലത്തേക്കുള്ള വിറക്‌ ശേഖരണം രണ്ട്‌ പ്രാവശ്യത്തെ ഓലവെട്ടിക്കയറ്റത്തിൽ നിന്നുമാണ്‌ പെറ്റമ്മ സംഭരിക്കുന്നത്‌. വീടും അടുക്കളയും പറമ്പും ഭരിക്കുന്നത്‌ പെറ്റമ്മയാണ്‌. എഴുപത്തിഎട്ടാം വയസ്സുമുതൽ പെറ്റമ്മയുടെ  വലത്തേ കൈയിൽ  ഒരു നവാഗതനുണ്ട്‌- തത്തമ്മ  ചുണ്ടുപേലെ അറ്റം വളഞ്ഞ  ഒരു കാരവടി. പണിക്കരുടെ കാവിനടുത്തുള്ള കാരക്കാട്‌ വെട്ടിത്തളിച്ച്‌ വേലായുധേട്ടനാണ്‌ അത്‌ പെറ്റമ്മാക്ക്‌ കൊടുത്തത്‌. ഇനി ഇത്‌ കുത്തി നടന്നാൽ മതി. അല്ലെങ്കിൽ എവിടെയെങ്കിലും തപ്പിത്തടഞ്ഞ്‌ വീഴും .വേലായുധേട്ടനാണ്‌  പറമ്പിന്റെ വടക്കേ അതിരിൽ താമസിക്കുന്നത്‌. പുഞ്ചക്കൃഷിക്ക്​‍്‌ വീട്ടിൽ  സഹായിക്കുന്നത്‌ വേലായുധേട്ടനാണ്‌.  പെറ്റമ്മയുടെ അടുത്ത്‌ മുറുക്കാൻ ഇടിച്ചു കൊടുക്കുക, ധന്വന്തരാദി ഗുളിക തീരുന്ന മുറക്ക്‌ എത്തിച്ചുകൊടുക്കുക തുടങ്ങിയവ വേലായുധേട്ടന്റെ ഉത്തരവാദിത്വമാണ്‌.
അസ്കിതകൾ ഓരോന്നോരോന്നായി കൂടി വരുമ്പോഴും  ചേമ്പിന്റെ കട പറിക്കാനും,  കൂവ പറിച്ച്‌ പൊടിയുണ്ടാക്കാനും, പറമ്പിലെ തെങ്ങിന്റെയും തേങ്ങയുടെയും  കാര്യങ്ങൾ തിരക്കാനും പെറ്റമ്മ മുന്നിലുണ്ട്‌.  ഈടെയായി പെറ്റമ്മാടെ മുതുക്‌ നന്നായി വളഞ്ഞിരിക്കുന്നു.  എങ്കിലും ഏന്തിവലിഞ്ഞും തപ്പിത്തടഞ്ഞും കാരവടിയും കുത്തി പെറ്റമ്മ പറമ്പിലൊക്കെ നടക്കും . പെറ്റമ്മ നടക്കുമ്പോൾ കാതിലെ തോടയും ചുറ്റും കുലുങ്ങിക്കുലുങ്ങി ചിരിക്കും. പിന്നെ തെങ്ങിൻ മുകളിലേക്ക്‌ മങ്ങിയ കാഴ്ചകളെ കയറൂരി വിടും . ആ തെങ്ങിന്റെ കുല ഞാന്നിരിക്കുന്നു. ഇതിമ്മന്ന്‌ വീണ തേങ്ങ ആരാണ്‌ എടുത്തുകൊണ്ടു പോയിരിക്കുന്നത്‌. വാഴക്കാടനോ മറ്റോ ആയിരിക്കും. ഇന്നലെ ഓൻ ആ ഇടവഴിയിലൂടെ നീരുള്ള കാലും വലിച്ചുവെച്ച്നടന്നു പോകുന്നത്‌ കണ്ടിരുന്നു. നാട്ടിലെ  പേരുകേട്ട കള്ളനാണ്‌ വാഴക്കാടൻ . കാർഷിക വിഭവങ്ങളാണ്‌ വാഴക്കാടന്‌ ഏറെ ഇഷ്ടം. രാത്രി ആരും കാണാതെ പറമ്പുകളിലെ തേങ്ങ പിരിച്ചുകൊണ്ടുപോകും . അടുത്ത കയറ്റത്തിനെ അത്‌ അറിയൂ. തെങ്ങു കയറ്റക്കാർ കുലച്ചിലിലെ ചീന്തിയ പാടു നോക്കി പറയും. വാഴക്കാടൻ കയറിയിരിക്കുന്നു... ആട്‌, കോഴി, കുമ്പളങ്ങ, വെള്ളരിക്ക തുടങ്ങിയവ ഏതെങ്കിലും പറമ്പിൽ  കണ്ടാൽ അയാൾ കണ്ണ്‌ വെക്കും . രാത്രി പതുങ്ങിപ്പതുങ്ങി വന്ന്‌ അതു കട്ടുകൊണ്ടു പോകും. വാഴക്കാടൻ പറമ്പിന്റെ ഏതെങ്കിലും ഭാഗത്തുകൂടി പോകുന്നതു കണ്ടാൽ പെറ്റമ്മാക്ക്‌ ഇരിക്കപ്പൊറുതിയില്ല. തലയിലെ വെള്ളത്തട്ടം മൂന്നായി മടക്കി നരച്ച മുടിയിഴകളിലേക്ക്‌ മറിച്ചിട്ട്‌, കുപ്പായത്തിന്റെ ചുവന്ന നാട തിരിപ്പിടിച്ചുകൊണ്ട്‌ പെറ്റമ്മ മാട്ടത്തിന്റെ അറ്റത്ത്‌ നിൽക്കുകയാണ്‌. കാരവടിയിൽ ഊന്നിയ തള്ളവിരലിൽ ദസ്ബി തൂങ്ങിക്കിടക്കുന്നു.  ' അല്ല മോനെ ... തെങ്ങു കയറാൻ കുഞ്ഞടിമൂ എന്നാണ്‌ വരുന്നത്‌..?
' നാളെ എന്തായാലും വരാന്നാണ്‌ പറഞ്ഞിരിക്കണത്‌...'  ഒരു ദിക്കുറും കൂടി ചൊല്ലി അപ്പോഴേക്കും ഒരു ദസ്ബിമണി ഉള്ളംകൈയ്യിലേക്ക്‌ കയറിയിട്ടുണ്ടാകും.
' പെറ്റമ്മ പറമ്പിലൊന്നും ഇങ്ങനെ ഇറങ്ങിനടക്കേണ്ട....  പൂട്ടി മണ്ണ്‌ മറിച്ചിട്ട പറമ്പല്ലേ . കെട്ടി മറിഞ്ഞ്‌ വീഴും'. പെറ്റമ്മ കേട്ട മട്ടില്ല. ഈയിടെയായി കേൾവിയും കുറഞ്ഞ മട്ടുണ്ട്‌. ചോദിച്ചതിനല്ല സമാധാനം പറയുക.
പെറ്റമ്മ രാവിലെ ഉണ്ടാക്കിത്തരുന്ന കൈപ്പത്തിരികൾ ഈയിടെ നിന്ന  മട്ടാണ്‌.  പുന്നല്ലരി വെള്ളത്തിലിട്ട്​‍്‌ വെച്ചിരിക്കും.  ശേഷം നല്ല ജീരകം ചേർത്ത്‌ പെറ്റമ്മ തന്നെയാണ്‌ പതുക്കെപ്പതുക്കെ ഏന്തിവലിഞ്ഞ്‌ പോയി അത്‌ അമ്മിയിലിട്ട്‌ അരയ്ക്കുക.  ചേമ്പിന്റെ വാട്ടിയ ഇലയിൽ ചേർത്ത്‌ പലകയിൽ വച്ച്‌ തന്റെ തടിച്ച്‌ പരന്ന വിരലുകൾകൊണ്ട്‌ അത്‌ നന്നായി പരത്തുന്നു. പെറ്റമ്മയുടെ തള്ളവിരലിന്റെ അടയാളങ്ങൾ പത്തിരിയിൽ ഒരു ഐ.എസ്‌.ഒ മുദ്രയായി പതിഞ്ഞുകിടപ്പുണ്ടാകും . മൺചട്ടിയിൽ വെന്ത പെറ്റമ്മപ്പത്തിരികൾ കരിഞ്ഞ തേങ്ങയുടെ തേങ്ങാപ്പീരയൊഴിച്ച്‌ ഒരു രണ്ടുമൂന്നെണ്ണം കഴിച്ചിട്ടാണ്‌ ഇബ്രാഹിം മുസലിയാരുടെ മദ്രസ്സയിലേക്ക്‌ ഓതാൻ പോകുക.
രാത്രി ഉറക്കം പിടിച്ച്‌ വരുമ്പോൾ പെറ്റമ്മ ഉമ്മയെ വിളിക്കുന്നത്‌ കേട്ടു. 'ആ കോഴിക്കൂടിന്റെ  വാതിലടച്ചില്ലേ .............. കുറുക്കനും കോക്കാൻ പൂച്ചയും നായുമൊക്കെ വന്ന്‌ കോയീനെ  പിടിക്ക്വോലോ ..  ബീവ്വാ...   ബീവ്വാ...   ബീവ്വാ...എടീ  ബീവ്വാ...   കോഴിക്കൂട്‌ അടച്ചില്ലേ... കോഴികള്‌ അല്ലേ ആ നൊലോളിക്കണത്‌.......... ആ സൂലൈമാൻ നബീന്റെ  കോഴീനെ കുറുക്കൻ പിടിച്ചാ അന്റെ കളി മാറൂട്ടോ '
ഇജാസിന്‌ മാറാത്ത വയറുവേദന വന്നസമയത്ത്‌  ഡോക്ടർമാരെയും വൈദ്യന്മാരെയും ഒന്നും കാണിച്ചിട്ട്‌ മാറാതായപ്പോൾ പെറ്റമ്മ തന്നെയാണ്‌ സുലൈമാൻ നബിയുടെ പേരിൽ ഒരു കോഴിയെ നെയ്യത്താക്കിയത്‌. ആ കോഴി ചില്ലറക്കാരനൊന്നുമല്ല.  സകല മനുഷ്യന്മാരെയും കൊത്താൻ വരും. അത്‌ കാരണം അടുത്ത വീട്ടിലെ കുട്ടികളൊന്നും ഇപ്പോൾ പറമ്പിലേക്ക്‌ മാങ്ങ പൊട്ടിക്കാനോ, ഞാവൽപഴം പെറുക്കാനോ വരാതെയായി. അന്നു തന്നെ രാത്രി അസാധാരണ മായ വിധത്തിൽ  അക്ഷരസ്പുടതയോടെ പെറ്റമ്മ അവരുടെ ചെറുമക്കളെ ഓരോരുത്തരെയും നീട്ടിവിളിച്ചു.
ഇജാസ്‌ മോഹ്യുദ്ദേ‍ീനേ........
അഹമ്മദ്‌ കബീറേ ...............
മുഹമ്മദ്‌ ഉസ്മാനേ .............
ഉമ്മർ മോഹ്യുദ്ദേ‍ീനേ............
കിടക്കപ്പായിൽ നിന്നും പെറ്റമ്മാടെ നീട്ടിവിളിയിലേക്ക്‌ ഞങ്ങൾ ഓരോരുത്തരായി വന്നണഞ്ഞു. അതിനെന്തോ ഒരു സുഖമില്ലായ്മ പോലെ. പുത്തൻ പള്ളിക്കലെ മൂപ്പരെടെ വെള്ളവും വെളിച്ചെണ്ണയും ഉമ്മ അവരുടെ മുഖത്ത്‌ തളിക്കുകയും പുരട്ടുകയും ചെയ്തു. വിറയ്ക്കുന്ന കൈത്തലം പിടിച്ച്‌ പെറ്റമ്മ പ്രവചന സ്വരത്തോടെ എന്തൊക്കെയോ പറയുന്നു. തോടയും ചിറ്റും ആ ഇരുട്ടിലും തിളങ്ങിക്കൊണ്ടിരുന്നു.  പുറത്തെ കൂരാകൂരിരുട്ടിൽ നിന്നും സുലൈമാൻ നബിയുടെ കോഴി കൊക്കികൊക്കി കൂവുന്നു. പുലർച്ചേ, കോഴി കൂന്നതിലും മുന്നേ പെറ്റമ്മ എഴുന്നേറ്റിരുന്നു. കാരവടികൾ പെറ്റമ്മയെ വിളിച്ചു കൊണ്ടുപോകുന്ന ശബ്ദം കേട്ടു.
'ഇന്നല്ലേ കുഞ്ഞടിമൂ വരാമെന്ന്‌ പറഞ്ഞിട്ടുള്ളത്‌.'
രാവിലെ തന്നെ കുഞ്ഞടിമൂം മകൻ വേലായുധനും വന്നു. തെങ്ങു കയറാൻ. പിന്നെ തഴമ്പും തളപ്പും  ഒറ്റമരത്തിലേക്ക്‌ കുതിക്കാൻ തുടങ്ങി. തൊടിയിൽ തേങ്ങയും മടയും അരിപ്പാകുടികളും കുലച്ചിലുകളും നിറഞ്ഞു. കബർ കുത്തുന്ന മെയ്താക്കാന്റെ വീടർ പാത്തുണ്ണിതാത്തയും, അമ്മുട്ടിയും വള്ളിയമ്മയും ഓല പെറുക്കി കൂട്ടുന്നു. ഞങ്ങൾ കുലച്ചിലിൽ പിടിച്ച്‌ വലിയ തേങ്ങാക്കുലകൾ ഇരിമ്പാം പുളിയുടെ ചുവട്ടിലും പാലച്ചുവട്ടിലും പെറുക്കിക്കൂട്ടി.  പെറ്റമ്മാക്ക്‌ ഒരിളനീർ ഇട്ട്‌ ചെത്തിക്കൊടുത്തു കുഞ്ഞടിമൂ. മോണയിലേക്ക്‌ ഇളനീരിന്റെ  മൂട്‌ മുത്തിക്കുടിച്ച്‌ പെറ്റമ്മ മുണ്ടിന്റെ കോന്തലകൊണ്ട്‌ മോറ്‌ തുടച്ചു. മുറുക്കാൻ ഇടിച്ചു തുപ്പുന്ന ഉരലിലിട്ട്‌ അടക്കയും വെറ്റിലയും ഇടിച്ചുകൂട്ടമ്പോൾ പെറ്റമ്മ പറയുന്നത്‌ കേട്ടു. 'അമ്മുട്ട്യേ... ആ ഓലേടെ അടിയിലൊക്കെ തേങ്ങ ഉണ്ടാകും.'
മുമ്പാരത്ത്‌ ഇരിക്കപൊറുതി ഇല്ലാതെ പെറ്റമ്മ ഒറ്റക്കിരുന്ന്‌ തൗതാരിക്കുന്നത്‌ കേട്ടു. ഒന്നാ ഒന്ന്‌,  രണ്ടാ രണ്ട്‌, മൂന്നാ മൂന്ന്‌ .......................  തെങ്ങുകയറ്റം കഴിഞ്ഞു. പിള്ളത്തണ്ടിൽ പൊതിയെലത്തേങ്ങ പിരിച്ചുകെട്ടി, മൂർച്ഛയുള്ള മടവാൾ കൊണ്ട്‌ തേങ്ങകളുടെ ചകിരി കൊത്തി, അടയാളമിട്ട  തേങ്ങകൾ ഈരണ്ടായി പിരിച്ചു കെട്ടുകയാണ്‌ കുഞ്ഞടിമൂ. പിള്ളത്തണ്ടിന്റെ രണ്ടറ്റത്തും കയറ്റക്കാരുടെ തേങ്ങകളായി അവ കൂട്ടിക്കെട്ടി, കനത്ത ചുമലിലിട്ട്‌  സംഘം തെങ്ങുകയറ്റം കഴിഞ്ഞ്‌ മടങ്ങുന്നു. ആയിരത്തി മുന്നൂറ്‌ കൈയ്യിന്‌ രണ്ടായിരത്തി അറന്നൂറ്‌ തേങ്ങയുണ്ട്‌. കയ്യാലയുടെ ചുമരിൽ കുഞ്ഞടിമൂ എഴുതിവെച്ചു. രണ്ടായിരത്തി  അറന്നൂറ്‌ നൽത്തേങ്ങ. പേടും തിരിവും വാടലും കൊത്തി വേറെയാക്കിയിട്ടിട്ടുണ്ട്‌. അത്‌ അരയ്ക്കാൻ വേണ്ടി വെണ്ണീറിൻ പുരയിലേക്ക്‌ കൊണ്ടുപോകുന്നു, പൂച്ചൂടി ഐസാത്ത. തെങ്ങുകയറ്റമായതിനാൽ നാല്‌ തേങ്ങ കിട്ടുമല്ലോ എന്ന്‌ വിചാരിച്ച്‌ വന്നിരിക്കുകയാണ്‌ ഐസാത്ത. ഉമ്മാക്ക്‌ പേറ്റുനോവടുക്കുമ്പോൾ  കാര്യങ്ങൾ നോക്കുന്ന ആളാണ്‌ പൂച്ചൂടി ഐസാത്ത. നാട്ടിലെ പേരുകേട്ട വെള്ളം വീത്തി. നല്ല രസമാണ്‌ പൂച്ചൂടി ഐസാത്തയുടെ ബിസായം കേൾക്കാൻ. തെങ്ങു കയറ്റം അറിഞ്ഞ്‌ വടിക്കിനിയിൽ  ഇരിക്കുന്നുണ്ട്‌ തെണ്ടി നെബീസാത്ത . ഉമ്മ രണ്ട്‌ തേങ്ങ നബീസാത്താക്കും കൊടുത്തു.
കുറമണിയൻ ബാപ്പുട്ട്യാക്കായുടെ പോരയിൽ പോയി തെങ്ങുകയറിയ വിവരം പറഞ്ഞു  മടങ്ങി വരുമ്പോഴ്‌ പെറ്റമ്മ വടിയും കുത്തി പതുക്കെപതുക്കെ കുനിഞ്ഞ്‌ പോകുന്നത്‌ കണ്ടിരുന്നു.  കൂട്ടിവെച്ച ഓലയുടെ അടിയൽ  കാര വടികൊണ്ട്‌ കുത്തിനോക്കുന്നു. ഇപ്പോ ദാ ഒരു കൈയ്യിൽ ഒരു വലിയ മൺകട്ടയുമേന്തി പെറ്റമ്മ പതുക്കെപ്പതുക്കെ നടന്നു വരുന്നു.
'ഇതെന്താ പെറ്റമ്മ ................'
'ഈ തേങ്ങ എന്താണ്ടീ എടുക്കാത്തത്‌..........?'  ദേശ്യം വന്നാൽ പെറ്റമ്മ എടീ എന്ന്‌ വിളിച്ചാണ്‌ ശകാരിക്കുക.
'തേങ്ങയോ ഇത്‌ മണ്ണിൻ കട്ടയല്ലേ.............!' വടിക്കിനിയിൽ പോയി ഞാൻ ഉമ്മയെയും സെലീനയെയും വിളിച്ചുകൊണ്ടു വന്നു. മണ്ണിൻ കട്ട തേങ്ങയായിരിക്കുന്നു.
'ചന്നിയുടെ തുടിക്കമാണെന്ന്‌ തോന്നുന്നു . അതിന്‌ അത്തും പുത്തും വന്നിരിക്കുന്നു..........' ഉമ്മ വിഷമത്തോടെ പറഞ്ഞു.   പെറ്റമ്മയെ മുമ്പാരത്തെ തിണ്ണയിൽ ഞങ്ങൾ കൈപിടിച്ച്‌ കയറ്റുമ്പോഴാണ്‌ സൂരിത്തുണിയുടെ മൂട്‌ നനഞ്ഞിരിക്കുന്നത്‌ കണ്ടത്‌. കൈയ്യിലെ ദസ്ബിയും കാണാനില്ല . ഒരു കുടം വെള്ളം കൊണ്ടുവരാൻ പറഞ്ഞു ഉമ്മ.  പെറ്റമ്മയെ അകത്തെ തണ്ടാസിൽ കൊണ്ടുപോയി കുളിപ്പിച്ചു. കട്ടിലിൽ ഇരുത്തി.
'ഉമ്മ ഇനി പുറത്തേക്കൊന്നും പോകണ്ട. പറമ്പിൽത്തെ കാര്യമൊക്കെ ഞങ്ങള്‌ നോക്കിക്കോളാം. ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നാൽ മതി.' സുലൈമാൻ നബിയുടെ ആ ഒറ്റയായ പൂവൻകോഴിയുടെ പതിഞ്ഞു വിറച്ച കൊക്കരക്കോയിലേക്ക്‌ കോഴിക്കൂട്ടിലെ 12 കോഴികളും ഐക്യദാർഢ്യപ്പെട്ടു.
മണ്ടകത്തെ മൂച്ചിപ്പലകയുടെ കട്ടിലിൽ കാരവടിയുടെ ഏകാന്തത്ത പെരുകി. സുബഹിക്ക്‌ ഉണർന്ന്‌ കോഴിക്കൂട്‌ തുറന്ന്‌ വെക്കാറുള്ള തള്ളവിരലുകൾ കാണാതെ കോഴികൾ പലവട്ടം കൂകി. പെട്ടെന്ന്‌ ഉണരുന്ന മട്ടി​‍്ല്ല. കട്ടിലിന്റെ കാലിന്റരികെ ഒരു തണവ്‌ കാത്തു നിന്നു. ആ തണവ്‌ മനസ്സിലാക്കി പെറ്റമ്മയുടെ നെഞ്ചിൽ നിന്നും കഫക്കെട്ടിന്റ സങ്കീർത്തനം പെരുകി വന്നു. ഉമ്മയും ഞങ്ങളും പലവട്ടം പെറ്റമ്മയോട്‌ നിസ്ക്കരിക്കേണ്ടേ എന്ന്‌ വിളിച്ച്‌ ചോദിച്ചെങ്കിലും നെഞ്ചിലെ നേർത്ത കുറുകൽ മാത്രം കേട്ടു.
ഓത്തൂപള്ളി വിട്ട്‌ വന്ന എന്നെ ഉമ്മ വേലായുധൻ ഡോക്ടറെ വിളിക്കാൻ എരമംഗലത്തേക്കു പറഞ്ഞയച്ചു. മെയ്ദീൻ ശൈഖിന്റെ പേരിൽ ഒരു ഖത്തം  ഓതാൻ വേണ്ടി ഇബ്രാഹിം മുസ്ലാർക്ക്‌ കൊടുക്കാൻ പത്ത്‌ രുപയും തന്നു.
അങ്ങാടിയുടെ തെക്കുഭാഗത്തുള്ള റൈസ്‌ മില്ലന്റെ അപ്പുറത്തെ വാടക വീട്ടിലാണ്‌ വേലായുധൻ ഡോക്ടർ താമസിക്കുന്നത്‌. വലിയകുളം  ചുറ്റി എളുപ്പവഴിയിലൂടെ കുളവാഴപ്പച്ചകൾ താണ്ടി ഡോക്ടറുടെ വീട്ടിലെത്തി. നിറയെ ആൾക്കാരുണ്ട്‌. രോഗികൾ അവിടവിടെയായി നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നു. മാറഞ്ചേരിയിലും, പെരുമ്പടപ്പ്‌ പുത്തൻ പള്ളിയിലും, പൂന്നൂക്കാവിലുമൊക്കെ സ്പേഷ്യലിസ്റ്റ്‌  ഡോക്ടർമാരൊക്കെയുണ്ടെങ്കിലും നാട്ടുകാർക്ക്‌ വേണ്ടത്‌ വേലായുധൻ ഡോക്ടറെയാണ്‌. വേലായുധൻ ഡോക്ടർ സ്റ്റെതസ്കോപ്പു നെഞ്ചിൻ കൂടിലേക്ക്‌ വെച്ച്‌  ചെകിടോർക്കുമ്പോഴേക്കും സൂക്കേട്‌ പകുതി മാറിയിരിക്കും.  തെങ്ങുകയറാൻ വരുന്ന കുഞ്ഞടിമൂന്റെ കുടുംബക്കാരനാണത്രേ വേലായുധൻ ഡോക്ടർ.  ഡോക്ടർ  ഭാഗം പഠിക്കാൻ പോയിരുന്നില്ലെങ്കിൽ വലിയ ഉയരങ്ങളിലേക്ക്‌ എത്തേണ്ട ആളായിരുന്നു താനെന്ന്‌ വേലായുധൻ ഡോക്ടർ  പറയുമായിരുന്നു.  ഡോക്ടറുടെ കുടുംബക്കരൊക്കെ തെങ്ങുകയറ്റക്കാരായിരുന്നു. തിരക്കൊഴിഞ്ഞു. ഇപ്പോൾ ഡോക്ടർ മാത്രമേ അകത്തൊള്ളൂ. പുള്ളിവിരിയിട്ട കർട്ടൺ മാറ്റി അകത്തു കടന്നു. ഉയരം കുറഞ്ഞ്‌ കറുത്ത്‌ തടിച്ച ഒരാൾ.  കള്ളിത്തുണിയാണ്‌ ഉടുത്തിരിക്കുന്നത്‌. ഡെറ്റോളിന്റെ മണം. വീട്ടിൽ വല്യുമ്മ സുഖമില്ലാതെ കിടക്കുകയാണ്‌, ഒന്നും മിണ്ടുന്നില്ല. ഡോക്ടർ ഒന്ന്‌ വന്ന്‌ നോക്കണം.
' കുറച്ചുനേരം പുറത്തിരിക്കുക ... ഞാനിപ്പോൾ  വരാം.' രണ്ട്‌ മൂന്ന്‌ മിനിറ്റിനകം ബാഗും തൂക്കി ഡോക്ടർ പുറത്തേക്കു വന്നു.
'കാർ വിളിച്ചിട്ടു വരാം.'
'വേണ്ട ഇവിടെ അടുത്താണെന്നല്ലേ പറഞ്ഞത്‌.'
'അതെ.... ബാപ്പുട്ടി ഹാജിയുടെ തൊട്ട്‌ വടക്കേ വീടാണ്‌.' ഡോക്ടറുടെ ബാഗും തൂക്കി ഞാൻ വലിയകുളത്തിന്റെ അരികിലുള്ള പാടവരമ്പിലൂടെ നടന്നു. തിരിഞ്ഞുനോക്കുമ്പോൾ വരമ്പത്ത്‌ സൂക്ഷിച്ച്‌ ചെരുപ്പ്‌ കാലിൽ ഉറപ്പിച്ച്‌ ഡോക്ടർ പിന്നാലെയുണ്ട്‌. നീർക്കോട്ടയിൽ പറമ്പും കടന്ന്‌ പണിക്കരുടെ കാവിനെ വലം വെച്ച്‌ ഞങ്ങൾ വീട്ടിലെത്തി.   അമ്മാമനും  അമ്മായിയും മുമ്പാരത്ത്‌ ഇരിക്കുന്നു. കുഞ്ഞിമ്മ കിണറ്റിൽ നിന്നും വെള്ളം കോരുന്നു. മുറ്റമടിക്കുന്ന കാർത്യാനിയമ്മയും കുഞ്ഞടിമൂന്റെ ഭാര്യ അമ്മുവും കിണറ്റിൻ കരയിൽ പാത്രം കഴുകുന്നു. സുലൈമാൻ നബിയുടെ കോഴിയും ധർമ്മ പത്നിമാരും ചേമ്പിന്റ കട ചിക്കിപ്പരത്തുന്നു. ഡോക്ടറെ കണ്ടതും എല്ലവരും ബഹുമാനത്തോടെ മാറിനിന്നു. തിണ്ണയിലുണ്ടായിരുന്ന കോഴിക്കാട്ടം ഉമ്മ ആരും കാണാതെ ചകിരിപ്പൂന്തലുകൊണ്ട്‌ തുടച്ച്‌ മുറ്റത്തേക്കിട്ടു. ആടിനുകൊടുക്കാനുള്ള ഇലയുടെ കെട്ട്‌  സെലീന എടുത്ത്‌ മാറ്റി വെച്ചു. ചുമരിന്റെ പൊത്തിലൂടെ താത്തമാർ ഉമ്മറത്തു വന്ന ഡോക്ടറെ ഒറ്റക്കണ്ണുകൊണ്ട്‌ നോക്കി. അകത്ത്‌   അടക്കിപ്പിടിച്ച സംസാരം. വേലായുധൻ ഡോക്ടർ വന്നിട്ടുണ്ട്‌.
'എവിടെയാണ്‌ രോഗി കിടക്കുന്നത്‌.'
'മണ്ടകത്താ................' ഉമ്മ അടുപ്പൂതി ഓലക്കുടി കത്തിച്ചു. കുപ്പിവിളക്ക്‌ കൺ തുറന്നു.
'ഒന്നും കാണുന്നില്ലല്ലോ ...' ഡോക്ടർ വിളക്ക്‌ പെറ്റമ്മയുടെ മുഖത്തേക്ക്‌ അടുപ്പിക്കാൻ പറഞ്ഞു.  കൺപോളകൾ വിടർത്തി പെറ്റമ്മയുടെ കണ്ണിലേക്ക്‌ നോക്കി. ബാഗ്‌ തുറന്ന്‌ എവറെഡിയുടെ രണ്ട്‌ കട്ട ടോർച്ചെടുത്ത്‌ ഞെക്കി. ചെന്നിയിലും നെഞ്ചിലും കൈവെച്ച്‌ നോക്കി. നാടി പിടിച്ചു. തെർമോ മീറ്ററിൽ രസ നിരപ്പ്‌ ഉയർന്നു. പിന്നെ വല്ലാതെ  താഴ്​‍്ന്നു. ആരോ വീശാൻ പാള കൊണ്ടുവന്നു.
'ഇതുകൊണ്ട്‌ വീശിക്കൊടുക്കുക,  വെളിച്ചമുള്ളിടത്ത്‌  കിടത്തണം.'  ഡോക്ടർ എല്ലാവരോടുമായി പറഞ്ഞു. ഒന്നും പറയാതെ ഡോക്ടർ പുറത്തേക്കിറങ്ങി. ബജ്ടുക്കാൻ പറഞ്ഞു. പൈസ കൊടുത്തത്‌ വാങ്ങാൻ കൂട്ടാക്കാതെ വേലായുധൻ ഡോക്ടർ മുറ്റം കടന്നു. കിണറ്റിൻ കരയിൽ കപ്പിയുടെ കരച്ചിൽ. 'മരുന്നൊന്നും വേണ്ട. തൊണ്ണൂറ്‌ ദിവസം കഴിയട്ടെ.' വലിയ കുളവും പാടവും ചുറ്റി ഡോക്ടറെ വീട്ടിൽ ചെന്നാക്കി. ഡോക്ടറുടെ വീട്ടിൽ രോഗികളുടെ തിരക്ക്‌ കൂടി വന്നിരിക്കുന്നു. തിരികെയെത്തിയപ്പോൾ  കുറുമണിയൻ ബാപ്പുട്ട്യാക്കായുടെ തേങ്ങ പൊളിക്കാർ വന്നിരിക്കുന്നു. ചകിരയിൽ നിന്നും പ്രാണൻ വേർപെടുമ്പോൾ കരയുന്ന തേങ്ങയുടെ വേദന  പാർക്കോലുകൾ പകുത്തെടുക്കുന്നു. പറമ്പിൽ ഓല മെടയുന്നവരും, ഓല ചീന്തുന്നവരുമുണ്ട്‌. പെറ്റമ്മാക്ക്‌ സുഖമില്ലാത്ത വിവരം അവരും അറിഞ്ഞിരിക്കുന്നു.
'നല്ല ഒരു തള്ളയാർന്നു. ............ഈ പറമ്പിൽ കൂടി ഒന്ന്‌ പോയാൽ മതി, പ്പോ വിളിക്കും ............ചായ കുടിച്ചിട്ട്‌ പൊക്കോളീ ................ നിസ്ക്കാരോം ഓത്തും ഒഴിഞ്ഞ നേരോംല്ല........' ഓല മെടച്ചിലുകാർ തമ്മിൽ തമ്മിൽ പറയുന്നു.
പെറ്റമ്മയെ കാണാൻ അയൽവാസികളും ബന്ധുക്കളും വന്നും പോയുമിരുന്നു. ഞങ്ങൾ മണ്ടകത്ത്‌ പെറ്റമ്മയുടെ കട്ടിലിനരികിൽ  മാറാതെ ഇരുന്നു. ബീരാവു ഹാജിയുടെ പീടികയിൽ നിന്ന്‌ രണ്ടുകിലോ ശർക്കരയും അഞ്ച്‌ കിലോ പഞ്ചസാരയും അര കിലോ തേയിലയും വാങ്ങി. കിടപ്പിലായ പെറ്റമ്മയെക്കാണാൻ വരുന്നവർക്ക്‌ ചായ തിളപ്പിച്ച്‌ വെച്ചിട്ടുണ്ടാകും. ആണുങ്ങൾക്ക്‌ പഞ്ചസാരച്ചായ, പെണ്ണുങ്ങൾക്ക്‌ ശർക്കരച്ചായ. തേങ്ങ പറ്റുകഴിച്ച്‌ 300 രൂപ കുറുമണിയൻ ബാപ്പുട്ട്യാക്ക കൊടുത്തയച്ചു. പെറ്റമ്മ വിറ്റ ഓലയുടെ പണം കബർ കുത്തുന്ന മെയ്ദാക്കയും കൊണ്ടുവന്ന്‌ തന്നു. ഗൾഫിലുള്ള ഇക്കാക്കും ചെറിയ  ഇക്കാക്കും  കത്തെഴുതി. പെറ്റമ്മ സുഖമില്ലാതെ കിടപ്പിലാണ,​‍്‌ ഒന്നും മിണ്ടുന്നില്ല. ആരെയും തിരിച്ചറിയുന്നില്ല. രണ്ട്‌ ദിവസം മുന്നേ ചെറുങ്ങനെ ബോധം വന്നപ്പോൾ കുഞ്ഞിമോനെ വിളിച്ച്‌ കരഞ്ഞിരുന്നു. വേലായുധൻ ഡോക്ടറെ വിളിച്ചു കാണിച്ചു. മരുന്നൊന്നും എഴുതിയിട്ടില്ല. ഇനി കോടത്തൂർ പണിക്കന്റെ മോൻ ചന്ദ്രൻ വൈദ്യനെ കാണിക്കണം. എന്ന്‌ സ്വന്തം ഉമ്മ.
രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ പെറ്റമ്മാന്റെ കഴുത്ത്‌ വലതുഭാഗത്ത്‌ കർണ ഞരമ്പ്‌ വീർത്തു വന്നു. കാലിൽ നീരു വരാൻ തുടങ്ങി. കുഞ്ഞിമ്മ അമ്മായി കുഞ്ഞിക്ക എന്നിവർ എപ്പോഴും വന്നും പോയും ഇരുന്നു. നാളെ രാവിലെ  കോടത്തൂരിൽ പോയി അപ്പൂപ്പണിക്കന്റെ മകൻ ചന്ദ്രൻ വൈദ്യനെ കൊണ്ടു വരണം. സ്കൂളിൽ പോകാതെ ഡ്രൈവർ  അപ്പുണ്ണിയുടെ മാർക്ക്‌ ത്രീ അംബാസിഡർ കാർ കോടത്തൂർ ചന്ദ്രനിലയത്തിൽ ബ്രേയ്ക്കിട്ടു. ദശമൂലാരിഷ്ടത്തിന്റെയും, നാൽപാമരാതി തൈലത്തിന്റയും മണമുള്ള ആൾക്കൂട്ടം. മുറ്റത്ത്‌ നിറച്ച്‌ രോഗികൾ കാത്തു നിൽക്കുന്നു. വൈദ്യർ നാടിപിടിച്ച്‌ മിടിപ്പ്‌ നോക്കുന്നു. ആലോചനകൾക്ക്‌ ശേഷം ആ കലുഷിത നയനങ്ങൾ വിടർന്നു വലുതാകുന്നു. കുറിപ്പുകളെഴുതുന്നു. കഷായത്തിന്റെ നീണ്ട കടലാസുചുരുളുകൾ വലുതായി വരുന്നു.
'എന്താ വരായ വൈദ്യർക്ക്‌........ എന്തായിട്ടെന്താ മക്കളൊന്നും വൈദ്യരുടെ വഴിയില്‌ വന്നില്ല. ഒറ്റപ്പെങ്ങളുണ്ടായിരുന്നത്‌ വൈദ്യം പഠിക്കാൻ വന്ന മാപ്പിള ചെക്കന്റെ കൂടെ ഒളിച്ചോടിപ്പോയി.' അടക്കിപ്പിടിച്ച കഫക്കെട്ടുകൾ തുപ്പി നിത്യരോഗിയായ ക്ഷീണം മുഹമ്മദ്‌ മൂച്ചി​‍്ക്കൂട്ടത്തിന്റെ തണലത്ത്‌ ഇരുന്ന്‌ വിസ്തീർണിക്കുന്നു. 11  മണിക്ക്‌ വൈദ്യർ ഒറ്റക്കായി . ഗോരോജനാതി ഗുളികയുടെ മണമുള്ള കാറ്റടിച്ചു. കുപ്പായമിടാതെ തൈലത്തിൻ മണവും മിനുപ്പുമേറ്റ്‌ എണ്ണമയമാർന്ന വൈദ്യദേഹം. ഒറ്റവെള്ള മുണ്ട്‌ മടക്കിക്കുത്തി ഒരു മേശയിൽ കൈമുട്ടുകളൂന്നി  സ്റ്റൂളിലാണ്‌  ഇരിപ്പ്‌.
'വല്യുമ്മാക്ക്‌ സൂക്കേട്‌ ആയി കിടപ്പിലാണ്‌. ഒന്നും മിണ്ടുന്നില്ല. വൈദ്യർ ഒന്ന്‌ വീടുവരെ വരണം. കാർ കൊണ്ടുവന്നിട്ടുണ്ട്‌.'
'എവിടെയാണ്‌ വീട്‌.......'
അദ്ദു അധികാരിയുടെ വീടിന്റെ അടുത്താണ്‌..'
വൈദ്യർ വീട്ടിനുള്ളിലേക്ക്‌ കയറിപ്പേയി. മുണ്ടിന്റെ മേലെ പോളിസ്റ്റർ കുപ്പായവുമിട്ട്‌ തിരിച്ച്‌ ഇറങ്ങി വന്നു.
പണിക്കരുടെ കാവിലൂടെ നടന്ന്‌ വീട്ടലെത്തി. പണിക്കരുടെ പള്ളിത്തെങ്ങിൽ നിന്നും ഒരു ഓല കരിഞ്ഞു നിന്നിരുന്നത്‌ പടപടാ ശബ്ദത്തിൽ  വീണതു വൈദ്യരുടെ മുന്നിൽ. വൈദ്യർ തെങ്ങും ഓലയും മാറി മാറി നോക്കി. പിന്നെ സാവകാശം നടന്ന്‌ മുമ്പാരത്തെ തിണ്ണയിൽ വന്ന്‌ ഇരുന്നു. അകത്ത്‌ വളകിലുക്കങ്ങളും തട്ടത്തിൻ   തുമ്പുകളും    സ്വകാര്യം പറഞ്ഞു. മണ്ടകത്ത്‌  കുപ്പിവിളക്കിന്റെ തിരിയിൽ നിന്നും കരിമ്പുക പരന്നു. ഒരു പഴന്തുണി പോലെ നനഞ്ഞു കിടക്കുകയണ്‌ പെറ്റമ്മ.
ഉമ്മ വിളിച്ചു നോക്കി. ആ കൺപോളയൊന്ന്‌ അനങ്ങി. വൈദ്യർ സാകൂതം രോഗിയെ നോക്കി. നാഡി ഏറെ നേരം പിടിച്ചു ധ്യാനിച്ചു.
വേലായുധേട്ടൻ ചമ്പത്തെങ്ങിന്റെ ഓല എടുത്തുകൊണ്ടു പോകുന്നു.
? മരുന്നൊന്നും വേണ്ട ഒരു 90 ദിവസം കഴിയട്ടെ......? വൈദ്യർ മുറ്റത്തേക്കിറങ്ങി.
തെങ്ങുകയറ്റം കഴിഞ്ഞ്‌ ഇപ്പോൾ രണ്ട്‌ മാസമായിരിക്കുന്നു. പെറ്റമ്മാക്ക്‌  വയ്യാതായതിൽ പിന്നെ കുടി നിറച്ചും ആളാണ്‌. രണ്ട്​‍്​‍്‌ കിലോ പഞ്ചസാര ഒരു ആഴ്ചയ്ക്ക്‌ തികയുന്നില്ല . ഇക്കാക്കയുടെ കത്ത്‌ വന്നു. പെറ്റമ്മാനെ നല്ലോണം നോക്കണം എന്ന്‌ പ്രത്യേകം എഴുതിയിട്ടുണ്ട്​‍്​‍്‌. ആ കത്തെടുത്ത്‌ അവരുടെ തലക്കാമ്പുറത്ത്‌ ഇരുന്ന്‌ വായിച്ചു. ആഴത്തിലേക്ക്‌ നീണ്ടുപോയ  ബോധത്തിന്റെ  പാളയിൽ വെള്ളം നിറയുന്നത്‌ പോലെ ഒരു  ഇറ്റ്‌ കണ്ണീർ പൊടിഞ്ഞു. തടിച്ച മൂക്കുകൾ വിടർന്നു. മുറുക്കിന്റെ പാടുള്ള ചുണ്ടുകൾ അനങ്ങുന്നുണ്ട്‌. അടഞ്ഞ കൺപോളകൾ പതുക്കെ തുറന്നു.  ഒരു തുള്ളി നനവ്‌ ഒട്ടിയ കവിളിലേക്ക്‌ പരന്നൊഴുകി.
വളഞ്ഞ്‌ ബലം പിടിച്ച കൈകാലുകൾ  വിടർത്തി ഉമ്മയും താത്തമാരുംകൂടി ഉഴ്​‍ിഞ്ഞി ഉഴിഞ്ഞ്‌ നേരെയാക്കി.  തളവളയായ പെൺകുപ്പായം പകുതി മുറിച്ച്‌ കളഞ്ഞ്‌ തുന്നിക്കൂട്ടി. പെറ്റമ്മ മുതുകുവളഞ്ഞ്‌ വടികുത്തി വരുമ്പോൾ ഞാന്നു കടിച്ച അമ്മിഞ്ഞകൾ കാണാതായി. കർണ്ണഞ്ഞരമ്പ്​‍്‌ ചമ്പത്തെങ്ങിന്റെ വേരുപോലെ പൊന്തി വന്നു. തള്ളവിരൽ വിളർന്നു വെളുത്ത്‌ അനങ്ങാതെ കിടന്നു.
തെങ്ങുകയറ്റം കഴിഞ്ഞ്‌ മൂന്നുമാസമായി. ഇളംകുലകൾ മധുരം കുടിച്ച്‌ മൂത്ത കുലകളായി. കുഞ്ഞടിമൂന്റെ  മടവാളിന്റെ വെട്ടേറ്റ മടലുകൾ മണ്ണിലേക്ക്‌ അടർന്നുവീഴുന്നു.  കുറുമണിയൻ ബാപ്പുട്യാക്കയുടെ കൊപ്രക്കളത്തിലേക്ക്‌ നടന്നുനടന്ന്‌  പറ്റ്‌ വളർന്ന്‌ പെരുകി. അടുത്ത കയറ്റത്തിന്റെ ഓല വാങ്ങാൻ ജാനുട്ടിയും പൂശാരിയും വന്നു. പണിക്കരുടെ കാവിലെ കാഞ്ഞിരത്തിന്റെ അരുകിലുള്ള കാപ്പട്ടാളൻ തെങ്ങ്‌ ഇനിയും കയറിയിട്ടില്ല. അത്‌ പള്ളിത്തെങ്ങാണ്‌. മൂച്ചിപ്പലകയുടെ കട്ടിലിൽ താളം നഷ്ടപ്പെട്ട ഒരു ദസിബീഹി മാല ചരട്‌ പൊട്ടി  കട്ടിലിൻ കാലിൽ തേടിപ്പോയി. ബീരാവുഹാജിയുടെ പീടികയിൽ നിന്നും ഒരു പുതിയ നിസ്ക്കാരക്കുപ്പായവും വീട്‌ തേടി വന്നിട്ടുണ്ട്‌.  ചന്ദ്രൻ വൈദ്യരും വേലായുധൻ ഡോക്ടറും പറഞ്ഞ തൊണ്ണൂറാമത്തെ ദിവസം വന്നടുത്തുകൊണ്ടിരുന്നു......
..
...........!!!!!!!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...