താളം!മേളം!ലയം


സി.രാധാകൃഷ്ണൻ

വിഷുത്തലേന്നാൾ ഒരു നല്ല കാര്യം ചെയ്യാൻ ഒത്തു-തൊട്ടടുത്ത പോത്തനൂർ എന്ന ഗ്രാമത്തിലെ കുറച്ചു ചെറുപ്പക്കാർ അവിടെ ആരംഭിക്കുന്ന വാദ്യകലാപാഠശാലയുടെ ഉദ്ഘാടനം. അവിടെ സന്നിഹിതരായ, കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ള, ചെറിയ സദസ്സിനോട്‌ എന്താണ്‌ പറയേണ്ടതെന്നാലോചിക്കെ, എനിക്കു ചില പുതിയ കാഴ്ചകൾ കിട്ടി. താളം, മേളം, ലയം എന്നിവയെ കുറിച്ചായിരുന്നു ഈ വെളിപാടുകൾ.
    പ്രപഞ്ചം എന്ന വലിയ സ്പണ്ടത്തിന്റെ ബാക്കിപത്രങ്ങളായ പരമാണു വരെയുള്ള സ്പന്ദങ്ങളുടെയും അവയുടെ കൂട്ടായ്മകളുടെയും അരങ്ങാണ്‌ ഈ ലോകം. ഈ സ്പന്ദങ്ങളെല്ലാം കാലംകൊണ്ട്‌ താളഭേദം വരുന്നവയുമാണ്‌. ഇതിനിടെ വേണം താളപ്പൊരുത്തവും മേളവും ലയവുമെല്ലാം. കാലഹരണം എന്തിനും അനിവാര്യമാണല്ലോ.
    വെളിച്ചത്തിന്റെ ഒരു കിരണം, അതിലെ വിവിധ അലകളുടെ തിരതാളം മേളിക്കുമ്പോൾ, കാരിരുമ്പിനെപ്പോലും തുളയ്ക്കാൻ കരുത്തുനേടുന്നു. താളപ്പഴുതിലൂടെ പരമാണുവിലേക്ക്‌ കടക്കുന്ന ന്യൂട്രോൺ എന്ന കണിക അതിനകത്ത്‌ താളഭ്രംശം വരുത്തി വിച്ഛേദനം സൃഷ്ടിച്ച്‌ ആണവോർജ്ജം ജനിപ്പിക്കുന്നു. താളപ്പൊരുത്തത്തിൽ എത്തിക്കപ്പെട്ട ഹീലിയം അണുകേന്ദ്രങ്ങൾ പരസ്പരം ലയിച്ച്‌ തണുത്ത അണുസംയോജനമെന്ന ക്രിയയിലൂടെ അളവറ്റ ശക്തി ജനിപ്പിക്കുന്നു. പ്രപഞ്ചത്തിലെ സകല താളങ്ങളെയും നിയന്ത്രിക്കുന്ന അക്ഷരമെന്ന മാധ്യമം പ്രപഞ്ചജീവനെന്ന വലിയ തുടിയുടെ മിടിപ്പിനെയാണ്‌ പിൻപറ്റുന്നത്‌. മാറ്റം അഥവാ നവീകരണത്തിനായുള്ള, വർത്തമാനകാലത്തിന്റെ അപനിർമ്മാണം ആ തുടിയുടെ താളാനുസാരിയാണ്‌. അതിനെ ശിവതാണ്ഡവമായി നാം പണ്ടേ കാണുന്നു. നീട്ട്‌, ചുരുക്ക്‌, സമം എന്ന മൂന്നു താളഘടകങ്ങൾ സത്വരജസ്തമോഗുണങ്ങൾ തന്നെ. അതിനാൽ ഓങ്കാരം താളസൂത്രമായി ഭവിക്കുന്നു.
    എന്തു കാര്യവും നന്നായി നടന്നില്ലെങ്കിൽ അത്‌ അവതാളത്തിലായി എന്നാണ്‌ ആലങ്കാരികമായി പണ്ടേ പറയാറ്‌. അപതാളം താളപ്പൊരുത്തമില്ലായ്മയല്ലാതെ ഒന്നുമല്ലല്ലോ. അതായത്‌, എന്തുകാര്യവും നേരെചൊവ്വെ നടക്കണമെങ്കിൽ കുറെ ഭിന്നതാളങ്ങൾ പൊരുത്തപ്പെടുത്താൻ കഴിയണം. മേളം കൊഴുത്ത്‌ രസത്തിലും ലയത്തിലുമെത്തണം.
    അതെങ്ങനെ, ചേരാത്ത താളങ്ങളെ എങ്ങനെ ചേർക്കും എന്നാലോചിച്ചപ്പോഴാണ്‌ ഒരു വലിയ അത്ഭുതം പിടികിട്ടിയത്‌. ഒട്ടും ചേരാത്ത താളങ്ങളൊ പൂർണമായും ചേരുന്ന താളങ്ങളൊ ഈ പ്രപഞ്ചത്തിൽ ഇല്ലേ ഇല്ല! ഓരോ താളവും മറ്റൊന്നിൽ നിന്ന്‌ അൽപ്പമെങ്കിലും വ്യത്യസ്തമായിരിക്കും. പക്ഷെ, ഒരളവിൽ അധികമില്ല ഈ പൊരുത്തക്കേടെങ്കിൽ മാത്രമെ അലോസരമായി തോന്നൂ. ഒത്തുപിടിക്കാൻ ശ്രമിച്ചാൽ മിക്ക പൊരുത്തക്കേടുകളും ശ്രമിച്ചാൽ മിക്ക പൊരുത്തക്കേടുകളും പരിഹരിക്കാനുമാവും. അതുപോലെ, എത്ര ഭിന്നമായാലും ആ ഭിന്നത പെരുകിപ്പെരുകി കുറെ ആവൃത്തി കഴിയുമ്പോൾ ഒരിക്കലെങ്കിലും ചേർന്നും വരും. അതുമതി, രസകരമായി തോന്നാൻ. പലപ്പോഴും പിണങ്ങിനിൽക്കുന്നവർ ഒരിക്കൽ യോജിക്കുമ്പോൾ എന്തൊരു രസം!
    ചുരുക്കത്തിൽ എല്ലാമെല്ലാം ചേരും എന്നു സാരം. ചേർക്കാൻ വശമുണ്ടാകണം എന്നേ ഉള്ളൂ. ചേർന്നാൽ മേളമായി. ശ്രുതിയും താളവും ചേരാത്തത്താണ്‌ ആധുനിക ജീവിതത്തിലെ എല്ലാ ആധികൾക്കും വ്യാധികൾക്കും കാരണം എന്ന്‌ നമുക്കറിയാം. അയാളെ എനിക്കിഷ്ടമല്ല, ഞങ്ങൾ തമ്മിൽ ചേരില്ല, എന്ന്‌ വിവാഹപ്രായമായ പെൺകുട്ടികൾ മാത്രമല്ല തൊണ്ണൂറു വയസ്സായവർ വരെ മറ്റുള്ളവരെക്കുറിച്ച്‌ പറയാറില്ലേ? തന്റെ അസ്തിത്വത്തിന്റെ താളത്തിൽ അൽപ്പമൊരു വ്യതിയാനം വരുത്തി ഇണങ്ങാച്ചുവടുകൾ ഇണക്കിയാലുണ്ടാകുന്ന ലയത്തിന്റെ സുഖം അറിയാത്തതിനാലാണ്‌ ഇപ്പറയുന്നത്‌.
    തീർത്തും ഇഷ്ടപ്പെട്ടവരുമായേ ഇടപഴകൂ എന്നു നിശ്ചയിച്ചാൽ ആരുമുണ്ടാവില്ല കിട്ടാൻ. മാത്രമല്ല, നൂറു ശതമാനവും പൊരുത്തമുണ്ടെങ്കിൽ ജീവിതമെന്ന പ്രകടനം ഒരു വൈദഗ്ധ്യവും ആവശ്യമില്ലാത്തത്തായി ബോറാവും. വിവാഹപ്പൊരുത്തം കണക്കാക്കുന്നേരം കാരണവന്മാർ പറയാറുള്ള ഒരു കാര്യമുണ്ട്‌. എല്ലാ പൊരുത്തവും തികഞ്ഞത്‌, അൽപം ചില പൊരുത്തക്കേടുകൾ ഉള്ളതിനേക്കാൾ മോശമാണ്‌! പൂർണ്ണമാണ്‌ പൊരുത്തമെങ്കിൽ ജീവിതം പരമവിരസമാണാവുക. ഒരു കാര്യവും ചർച്ച ചെയ്യാൻ ഉണ്ടാവില്ല. ഒന്നിലും ഒരു വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ ആദരമോ സ്നേഹമോ കാണിക്കാനാവില്ല. എന്തെങ്കിലുമൊന്ന്‌ പരസ്പരം പറയാൻപോലും ബാക്കിയാവില്ല! അതെന്തൊരു വാഴ്‌വ്‌!
    മനുഷ്യലോകത്തിന്‌ പൊതുവായ ഒരു താളമുണ്ട്‌. ഓരോ മനുഷ്യനും സ്വന്തമായ ഒരു താളവും ഉണ്ട്‌. സ്വന്തമായ താളം സമൂഹതാളവുമായി നൂറു ശതമാനം പൊരുത്തപ്പെടുക ഉണ്ടാവില്ല. പൊരുത്തം കണ്ടെത്തി മേളിക്കേണ്ടതുണ്ട്‌. ഇതിനുള്ള പരിശ്രമം ഒരു കളയാണ്‌. സമുദായത്തോടു മാത്രമല്ല, ഋതുക്കളോട്‌, കാലാവസ്ഥയോട്‌, പ്രായത്തോട്‌, അന്തരീക്ഷ മാറ്റങ്ങളോട്‌ എന്നിങ്ങനെ പൊതുവെ പ്രകൃതിയിലെ മാറിമറിയുന്ന എല്ലാ താളങ്ങളോടും നാം നന്നായി മേളിക്കേണ്ടതുണ്ട്‌. സൂക്ഷ്മമായി നോക്കിയാൽ കാണാം. ശരീരത്തിലെ കലകൾക്കു പരസ്പരമുള്ള താളപ്പൊരുത്തമാണ്‌ നമ്മുടെ ആരോഗ്യരഹസ്യം. നമ്മുടെ ജീവന്റെ താളവും പ്രപഞ്ചത്തിന്റെ അടിസ്ഥാനതാളവും തമ്മിലുള്ള ലയമാണ്‌ നിലനിൽപ്പിലെ പരമസുഖം. പ്രപഞ്ചവും നാമും തമ്മിലുള്ള താളപ്പൊരുത്തം ഉരുത്തിരിക്കാൻ അദ്വൈതവേദാന്തവും ഭൗതികപ്രകൃതിയും നാമുമായുള്ള താളപ്പൊരുത്തക്കേടുകൾക്ക്‌ പരിഹാരം കാണാൻ ശയൻസും നമുക്കുണ്ട്‌. രണ്ടാമത്തേതിന്റെ തുടർച്ചയും മൂത്താമുറിയുമാണ്‌ ആദ്യത്തേതെന്നർഥം.
    ഇതി രണ്ടിലും മുന്നേറാൻ ആദ്യം വേണ്ടത്‌ സ്വന്തം അസ്തിത്വത്തിന്റെ സവിശേഷതാളം കണ്ടെത്തുകയാണ്‌. ഇതെങ്ങനെ സാധിക്കാമെന്നാണെങ്കിൽ, കൊട്ടിനോക്കിത്തന്നെ എന്നാണ്‌ ഉത്തരം. എവിടെയെങ്കിലുമൊന്ന്‌ താളം പിടിക്കാത്തവർ ഈ ഭൂമിയിൽ ഉണ്ടാവില്ല. അതിനും പുറമെ നടപ്പിലും ഇരിപ്പിലുമെന്നല്ല ഒരു ചെറുവിരലിന്റെ ചലനത്തിൽപ്പോലും നാം നമ്മുടെ അടിസ്ഥാനജീവതാളം പ്രകടിപ്പിക്കുന്നുണ്ട്‌. കൊട്ടിനോക്കി തിരിച്ചറിയുകയും അന്യരുടെ താളങ്ങൾ കണ്ടെത്തി അവയുമായി ഇണങ്ങിയും പിണങ്ങിയും മേളിച്ച്‌ രസിക്കുകയും ചെയ്യുമ്പോൾ അതൊരു ചില്ലറ സുകൃതമല്ല. അനുഭവിച്ചാലേ അറിയൂ.
    ഏതു കലയും രണ്ടു തരത്തിൽ പ്രയോജനപ്പെടുന്നു-നിത്യ ജീവിതത്തിലെ സൗകര്യത്തിനും പിന്നെ പ്രകടനത്തിലൂടെ രസാനുഭവത്തിനും. കളരിപ്പയറ്റു നോക്കുക. അതഭ്യസിച്ചാൽ നിൽക്കാൻ പഠിക്കും. അതായത്‌, കാൽ വഴുതിയാലോ ആരെങ്കിലും ഓർക്കാപ്പുറത്ത്‌ പിടിച്ചു തള്ളിയാലോ വീഴില്ല. കാലുകൾ അത്ര പെട്ടെന്ന്‌ ചലിച്ച്‌ ഉറച്ച നിലനിൽപ്പിനാവശ്യമായ പുതിയ നിലപാടെടുക്കും. അതേസമയം, പയറ്റിത്തെളിഞ്ഞാൽ അങ്കം അവതരിപ്പിക്കാനും അത്യാവശ്യം ആത്മരക്ഷയ്ക്കുമുതകുകയും ചെയ്യും.
    പഠിക്കുന്ന താളം ചിട്ടപ്പെടുമ്പോൾ സ്വഭാവംകൂടി ചിട്ടപ്പെടും. ആലോചനകൾക്ക്‌ താളക്രമം വരുന്നതിനാലാണിത്‌. താളം തെറ്റിയ ചിന്തയാണല്ലോ പല അനിഷ്ടശീലങ്ങളിലേക്കും നയിക്കുന്നത്‌. മനസ്സിൽ വിരിയുന്ന താളം നിമിഷാർദ്ധത്തിൽ വിരൽത്തുമ്പിലെത്തുമ്പോൾ മസ്തിഷ്കവും ശരീരാവയവങ്ങളും തമ്മിൽ അതിവേഗ ആശയവിനിമയം ശീലമാകും. അവയവങ്ങളുടെ ചലനങ്ങൾ ചന്തമുള്ളതും പരസ്പരപൂരകങ്ങളുമായിക്കിട്ടും.
    ഏറ്റവും പ്രധാനകാര്യം ജീവിതത്തിലെ കാതലായ വാസന കണ്ടെത്താൻ ഏതെങ്കിലുമൊരു കലയുമായുള്ള പരിചയം സഹായിക്കുമെന്നതാണ്‌. നന്നായി കൊട്ടാൻ തുടങ്ങിയാൽ, കൊട്ടാനാണ്‌ വാസന എന്നു തീർച്ചയാവും. നന്നായില്ലെങ്കിൽ, ആ നന്നാകായ്മയിൽ നിന്ന്‌ ചില സൊ‍ാചനകൾ കിട്ടും. അതുപയോഗിച്ച്‌, എന്താണ്‌ നന്നായി ചെയ്യാൻ കഴിയുക എന്നു നമുക്കു കണ്ടെത്താനാവും. ഒരു കാര്യം തീർച്ചയാണ്‌ - ഒരു കലയിലും വാസനയില്ലാതെ ഒരു മനുഷ്യനും ജനിക്കുന്നില്ല. ആ വാസനയാണ്‌ ആ ജീവനെ അനന്യവും പ്രസക്തവുമാക്കുന്നത്‌. അതാണതിന്റെ തിരിച്ചറിയൽ മുദ്ര. ആ കല കണ്ടെത്തി വശമാക്കുന്നതിലാണ്‌ സായൂജ്യത്തിന്റെ കാതൽ. അതാണ്‌ സ്വധർമ്മം. സ്വധർമ്മം മോശമായി ചെയ്താലും അത്‌ നന്നായിത്തന്നെ ചെയ്ത പരധർമ്മത്തെക്കാൾ ശ്രേയസ്കരമാണ്‌ എന്നു പറയുന്നത്‌ ഇതിനാലാണ്‌.
    അനാസക്തരായി അനുഷ്ഠിക്കാനാവുന്ന ഏക കർമ്മം സ്വധർമ്മമാണ്‌. അതിലേർപ്പെടുമ്പോൾ സ്വാഭാവികമായി വിശപ്പും ദാഹവും ലാഭനഷ്ടങ്ങളും കഷ്ടതകളും ഒന്നും പ്രശ്നമാകുന്നില്ല. ചെമ്പൈ പാടുമ്പോൾ, പാടുന്ന ആളുടെയും കേൾക്കുന്നവരുടെയും ദാഹവും വിശപ്പും വേദനയും ആശങ്കകളും അങ്കലാപ്പുകളും അസ്തമിച്ച്‌ പകരം അപൂർവസുന്ദരരൂപമായി ബാലഗോപാലൻ ഉള്ളിൽ നൃത്തമാടുന്നു എന്നത്‌ ഒരു വെറും പ്രസ്താവനമല്ല. സത്യമാണ്‌. അപ്പോൾ അദ്ദേഹം പ്രപഞ്ചത്തിന്റെ ശ്രുതിയും താളവുമായി മേളിച്ച്‌ ആത്യന്തികാസ്തിത്വത്തിന്റെ രാഗപ്രസാദത്തിലാണ്‌ വർത്തിക്കുന്നത്‌. അവിടെ നിലകൊണ്ടാൽ ബാലഗോപാലനൃത്തമല്ലാതെ മറ്റെന്താണ്‌ കാണാനുള്ളത്‌.
    അപ്പംകൊണ്ടു മാത്രമായില്ല എന്നത്‌ മനുഷ്യരുടെ കാര്യത്തിൽ ഒരു വലിയ തിരിച്ചറിയൽ യാത്രയുടെ തുടക്കം മാത്രമാണ്‌. താളമുറച്ചാലേ ഈ വഴിയിൽ ചുവടുമുറയ്ക്കൂ. ആരുടെ മൊട്ടത്തലയും മദ്ദളമാക്കി ആർക്കും തത്തിദ്ധിമിതക കൊട്ടി രസിക്കാവുന്ന കാലം വന്നാൽ പിന്നെങ്ങനെ ലോകമഹായുദ്ധങ്ങൾ ഉണ്ടാകാൻ? അഥവാ, അതുവരെ എങ്ങനെ ഉണ്ടാകാതിരിക്കാൻ!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ