Skip to main content

കമ്പോള മത്സരത്തെ നേരിടാൻ നമുക്ക്‌ ഉൽപന്ന ഗുണമേന്മ ഉറപ്പു വരുത്താം


ടി. കെ. ജോസ്‌  ഐ എ എസ്

നാളികേര വികസന ബോർഡ്


ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തിൽ നാളികേരം ഉൾപ്പെടെയുള്ള എല്ലാ കാർഷിക ഉൽപന്നങ്ങളുടേയും  ഗുണമേന്മ സ്വദേശത്തും വിദേശത്തും വിപണനം നടത്തുമ്പോൾ  ഉറപ്പു വരുത്തേണ്ട കാര്യമാണ്‌. ഭക്ഷ്യ സുരക്ഷിതത്വ നിയമം നമ്മുടെ രാജ്യത്തും കർശനമാക്കിയിരിക്കുന്നതിനാൽ എല്ലാ സസ്യഎണ്ണകളും വെളിച്ചെണ്ണയും നാളികേരം സംസ്ക്കരിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കളും കർശനമായ ഗുണനിലവാരം പാലിക്കേണ്ടത്‌ ആവശ്യമാണ്‌. ഗുണമേന്മയില്ലാത്ത ഉൽപന്നങ്ങൾ വിപണിയിൽ നിന്നു പുറന്തള്ളപ്പെടുന്നുവേന്ന്‌ മാത്രമല്ല നിലവാരമില്ലാത്തതും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതും  വിൽക്കുന്നതും കുറ്റകരമാകുന്ന സാഹചര്യം കൂടി സംജാതമാവുകയാണ്‌. മനുഷ്യരുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയുമൊക്കെ ഒരു നല്ല പങ്ക്‌ അവർ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളെയും ആശ്രയിച്ചാണിരിക്കുന്നത്‌. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദയ സംബന്ധിയായ രോഗങ്ങൾ തുടങ്ങിയവയെ മരുന്നുകളിലൂടെ എന്ന പോലെ ഭക്ഷണത്തിലൂടെയും നിയന്ത്രിക്കുന്നതിനു കഴിയുമെന്ന്‌ ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ  നാളികേരത്തിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഗുണമേന്മ എപ്രകാരം ഉറപ്പ്‌ വരുത്തുവാൻ കഴിയും, ഗുണമേന്മയുടെ അടിസ്ഥാനതത്വങ്ങൾ എങ്ങനെ ലളിതമായി നാളികേരോൽപന്നങ്ങൾ നിർമ്മിക്കുന്നവരുടെ പക്കലേക്ക്‌ എത്തിക്കുവാൻ കഴിയും, എങ്ങനെ അതിനാവശ്യമായ പരിശീലനം സംരംഭകർക്കും തൊഴിലാളികൾക്കും നൽകാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്‌. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലേക്കാണ്‌ ഈ ലക്കം പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നത്‌.

Quality is not an accident, it is the outcome of careful planning, meticulous execution and continuous supervision   എന്നാണ്‌ പറയുക.  ഏത്‌ കാർഷിക വിളയുടേയും പരിപാലനം മുതൽ ഉപഭോക്താക്കളുടെ കയ്യിലേക്ക്‌ ഉൽപന്നങ്ങൾ എത്തുന്നതുവരെ എല്ലാ തലങ്ങളിലും ഗുണമേന്മ ഉറപ്പു വരുത്തണം. പോഷകങ്ങൾ മാത്രമല്ല സൂഷ്മമൂലകങ്ങളുടേയും അളവ്‌ പോലും ഇന്നത്തെ കാർഷികോൽപന്നങ്ങളുടേയും  ഭക്ഷ്യോൽപന്നങ്ങളുടേയും ഗുണമേന്മ പരിശോധനയ്ക്ക്‌ മാനദണ്ഡമാകുന്നുണ്ട്‌. ഭക്ഷ്യോൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പുറമേ നിന്നുള്ള  രാസസംയുക്തങ്ങളും കീടനാശിനികളുടെ അവശിഷ്ടങ്ങളുമെല്ലാം വിദേശത്തു മാത്രമല്ല, സ്വദേശത്തും വിപണിയിൽ ഭക്ഷ്യസുരക്ഷിതത്വ നിയമത്തിന്റെ പരിധിയിൽപ്പെടുന്നു.
ഭക്ഷ്യസുരക്ഷിതത്വ നിയമത്തിന്റെ പ്രാഥമിക തലങ്ങളെക്കുറിച്ച്‌ അറിയുകയും മനസ്സിലാക്കുകയും, ലളിതമായ രീതിയിൽ അതിനെക്കുറിച്ചുള്ള അവബോധം കൂട്ടായ്മകൾ വഴി കർഷകരിൽ സൃഷ്ടിക്കുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌. പലപ്പോഴും ഗുണമേന്മ പരിശോധന, പിഴ അടക്കമുള്ള ശിക്ഷണ നടപടികളിലേക്ക്‌ എത്തിക്കഴിയുമ്പോഴാണ്‌ സംരംഭകരും ഉൽപന്ന നിർമാതാക്കളും അതിനെക്കുറിച്ച്‌ വിഷമിക്കുന്നത്‌. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌  അവർക്ക്‌ മുൻകൂട്ടി അറിവ്‌ നൽകുന്നതിനും വേണ്ടത്ര പ്രചരണങ്ങൾ വഴി അവർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും  നമുക്ക്‌ കഴിഞ്ഞാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ഒഴിവാക്കാൻ സാധിക്കും. ഇതിനായുള്ള കൂട്ടായ ശ്രമങ്ങൾ നാളികേര കൃഷിയുടെ മേഖലയിൽ ആരംഭിക്കണം. 


ക്ഷ്യസുരക്ഷിതത്വം,  ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ, വിവിധ ഭക്ഷ്യസംസ്ക്കരണ മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന ബിരുദ-ബിരുദാനന്തര കോഴ്സുകളും  സ്ഥാപനങ്ങളും നമ്മുടെ നാട്ടിൽ തുലോം പരിമിതമാണ്‌.  വളരെച്ചുരുക്കം കലാശാലകളിൽ മാത്രമാണ്‌ ഇത്തരം കോഴ്സുകൾ ഇന്ന്‌ നിലവിലുള്ളത്‌. സമഗ്ര നാളികേര സംസ്ക്കരണത്തിനായി, വലിയ യൂണിറ്റുകൾ തുടങ്ങുന്നതിന്‌ സന്നദ്ധത പ്രകടിപ്പിക്കുകയും നാളികേര വികസന ബോർഡിൽ ഇത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തുകയും ചെയ്യുന്ന പല സംരംഭകരും ചോദിക്കുന്ന അടിസ്ഥാനപരമായ ചോദ്യം, ഈ രംഗത്ത്‌ മികച്ച സാങ്കേതിക വിദ്യാഭ്യാസം സിദ്ധിച്ച ആളുകളെ എങ്ങനെ കണ്ടെത്താൻ സാധിക്കും എന്നാണ്‌.  പ്രത്യേകിച്ച്‌ നാളികേര സംസ്ക്കരണ സംബന്ധമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയും നൈപുണ്യവും പ്രായോഗിക പരിശീലനവും ലഭിച്ചവരെ ഇന്ത്യയൊട്ടാകെ അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന്‌ കേരളത്തിൽ നിന്നുള്ള ഒരു മികച്ച ഭക്ഷ്യസംസ്ക്കരണ വ്യവസായി അടുത്തയിടെ അറിയിക്കുകയുണ്ടായി. അദ്ദേഹം ഇന്ത്യയിൽ തുടങ്ങാൻ പോകുന്ന നിർദ്ദിഷ്ട വ്യവസായത്തിനുവേണ്ടി ഫിലിപ്പീൻസിൽ നിന്നോ ഇന്തോനേഷ്യയിൽ നിന്നോ സാങ്കേതിക വിദഗ്ദ്ധരെ  കനത്ത ശമ്പളം നൽകി നിയമിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണുപോൽ! കേരളത്തിലാകെ ഒരേയൊരു ബി. ടെക്‌ കോഴ്സ്‌ മാത്രമേ ഭക്ഷ്യ സാങ്കേതിക വിദ്യയിൽ ഇന്ന്‌ നടത്തുന്നുള്ളുവത്രെ! ഈ കാലഘട്ടത്തിൽ, ഭക്ഷ്യസംസ്ക്കരണ മേഖലയുടെ വളർച്ചയ്ക്ക്‌ അനുയോജ്യമായ സാങ്കേതികവിദ്യ പഠിപ്പിക്കുന്നതിന്‌ ഐടി, ബയോടെക്നോളജി എന്നിവ പോലെ ഫുഡ്‌ ടെക്നോളജി, ഫുഡ്‌ പ്രോസസിംഗ്‌ തുടങ്ങിയവയുടെയും സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതുണ്ട്‌. നാളികേര സംസ്ക്കരണ മേഖലയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഡിപ്ലോമ, സർട്ടിഫിക്കറ്റ്‌ കോഴ്സുകളും അടിയന്തിരമായി തുടങ്ങുന്നതിന്‌ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മറ്റൊരു വിളയിലുമില്ലാത്ത രീതിയിൽ വൈവിദ്ധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ ശൃംഖല തന്നെ നാളികേരത്തിൽ നിന്ന്‌ നമുക്ക്‌ ഉത്പാദിപ്പിക്കുവാൻ കഴിയും. ഏതു വിപണിയിലേയ്ക്കും കടന്നു ചെല്ലാൻ കഴിയുന്ന ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ, എന്ന്‌ പരിശോധിക്കുവാനുള്ള ലബോറട്ടറികളും അത്തരം പരിശോധനകൾ നടത്തുന്നതിന്‌ പ്രാപ്തിയുള്ള സാങ്കേതിക വിദഗ്ദ്ധരും ഉണ്ടാകേണ്ടതുണ്ട്‌.
ഗുണമേന്മയെപ്പറ്റി പറയുമ്പോൾ മുൻകാലങ്ങളിൽ നാം ശ്രദ്ധിച്ചിരുന്നത്‌ ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേർഡ്സ്‌ അല്ലെങ്കിൽ ഐഎസ്‌ഒ സർട്ടിഫിക്കറ്റുകളെക്കുറിച്ച്‌ മാത്രമായിരുന്നു. ഉൽപന്നത്തിന്റെ അന്തിമമായ ഗുണമേന്മ നിശ്ചയിക്കപ്പെടുന്നത്‌ സംസ്ക്കരണ ശാലകളിൽ മാത്രമല്ല;  അടിസ്ഥാനപരമായി കൃഷിയിടം തൊട്ട്‌, വിളവെടുപ്പു രീതി, വിളവെടുപ്പിന്‌ ശേഷമുള്ള സംഭരണം, വിനിമയരീതി തുടങ്ങി നിരവധി മേഖലകളിൽ  ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ നമ്മുടെ കർഷക കൂട്ടായ്മകൾ ഗൗരവമായി ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. കേരളത്തിലുള്ള നിരവധി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ നമുക്ക്‌ ഈ രംഗത്തേക്ക്‌ ആകർഷിക്കാൻ കഴിയണം. ഈ മേഖലയുടെ സാദ്ധ്യതകൾ അവരെ ബോദ്ധ്യപ്പെടുത്തിയാൽ മാത്രമേ കാർഷിക - ഭക്ഷ്യസംസ്ക്കരണ രംഗത്ത്‌ ഗുണമേന്മ നിലനിർത്താനും, ഉത്പാദനരംഗത്തും സർട്ടിഫിക്കേഷൻ രംഗത്തുമെല്ലാം ആവശ്യമായ മാനവവിഭവശേഷി വർദ്ധിപ്പിക്കാനും  നമുക്ക്‌ സാധിക്കുകയുള്ളൂ.
തെങ്ങുകൃഷിയെ സംബന്ധിച്ചിടത്തോളം ഗുണമേന്മയ്ക്കു വേണ്ടിയിട്ടുള്ള ശ്രമങ്ങൾ കൃത്യമായി ആരംഭിക്കേണ്ടത്‌ വിത്തുതേങ്ങകൾ തെരഞ്ഞെടുക്കുമ്പോൾ മുതൽ തന്നെയാണ്‌. നടീൽ വസ്തുക്കളുടെ ജനിതകഗുണവും രോഗപ്രതിരോധശേഷിയും നാളികേരം പോലുള്ള ദീർഘകാല വിളയിൽ വളരെ സ്വാധീനം ചെലുത്തുന്ന ഘടകമാണ്‌. മനുഷ്യരുടെ ആരോഗ്യപരിപാലനം പോലെത്തന്നെ ഗൗരവമായും തുടർച്ചയായും നടക്കേണ്ട പ്രക്രിയയാണ്‌ തെങ്ങുകൃഷിയുടെ ശാസ്ത്രീയമായ പരിചരണമുറകൾ.  നമ്മുടെ നാട്ടിൽ നാളികേരത്തിന്‌ നല്ല വിലകിട്ടുന്ന കാലത്ത്‌ എല്ലാവരും തെങ്ങുകൃഷിയിൽ കാര്യമായി ശ്രദ്ധിക്കുകയും തദ്വാര ഉത്പാദനം വർദ്ധിക്കുകയും മാർക്കറ്റിൽ അമിതമായി ഉൽപന്നം എത്തുകയും ചെയ്യുമ്പോൾ, വിപണി ശക്തികളുടെ ഇടപെടൽ മൂലം വിലയിടിയുകയും ചെയ്തിട്ടുള്ള ചരിത്രമാണ്‌ നാം കണ്ടിട്ടുള്ളത്‌. വിലയിടിയുന്ന കാലത്ത്‌ വീണ്ടും കർഷകർക്കു തെങ്ങുകൃഷിയിലുള്ള താത്പര്യം കുറയുകയും അവർ തെങ്ങുകൃഷിയെ അവഗണിക്കുകയോ ശ്രദ്ധിക്കാതെ വരികയോ ചെയ്യുകയും തൽഫലമായി ഉത്പാദനം കുറയുകയും ചെയ്യുന്ന മറ്റൊരു അവസ്ഥയും സംജാതമാവും. ഇത്തരത്തിൽ ഉത്പാദനം കുറയുന്ന സമയത്താണ്‌  വിപണി ശക്തികളുടെ ഇടപെടൽ മൂലം വീണ്ടും വില ഉയരുകയും അപ്പോൾ ഉൽപന്നം കൈവശം ഇല്ലാതെ കർഷകർ  നഷ്ടം  അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യം വരുന്നത്‌. അതുകൊണ്ട്‌ നമ്മുടെ കർഷക കൂട്ടായ്മകൾ, വിലയെ മാത്രം ആശ്രയിച്ച്‌ കൃഷി ചെയ്യുന്നതിനു പകരം കൃഷിയിൽ മികച്ച കാർഷിക പരിപാലന മുറകൾ Good Agricultural Practices (GAP)  അനുവർത്തിച്ചുകൊണ്ട്‌ വിലയെയും വിപണിയെ നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയിലേയ്ക്ക്‌ ഉയരണം.
ഉൽപന്നഗുണമേന്മയും വിളവെടുപ്പു സമയവുമൊക്കെ ക്രമീകരിച്ചുകൊണ്ട്‌ നാളികേരത്തിനു മെച്ചപ്പെട്ട വില നേടിയെടുക്കാൻ കഴിയുന്ന പദ്ധതിയിലേക്കാണ്‌ നാം നീങ്ങേണ്ടത്‌. അതേപോലെ നാളികേര ഉൽപന്നങ്ങൾ എന്നാൽ കൊപ്ര, വെളിച്ചെണ്ണ എന്ന പാടിപഴകിയ പല്ലവിക്കപ്പുറത്തേയ്ക്ക്‌ നീര, കരിക്ക്‌, വൈവിധ്യമാർന്ന മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവയിലേയ്ക്ക്‌ ശ്രദ്ധ തിരിക്കുന്ന സാഹചര്യം ഉണ്ടായാൽ ചാക്രികമായി സംഭവിക്കുന്ന വിലയിടിവിന്റെയും വിലക്കയറ്റത്തിന്റെയും തീവ്രതയിൽ നിന്ന്‌ സ്ഥിരവിലയിലേയ്ക്കുള്ള ഒരു പാത നമുക്ക്‌ ഉണ്ടാക്കാൻ കഴിയില്ലേ? അതിനുവേണ്ടി പരിശ്രമിക്കുമ്പോഴാണ്‌ ഗുണമേന്മയുള്ള വിത്തിനങ്ങളും തൈകളും തൊട്ട്‌ തെങ്ങിന്റെ പരിപാലന രീതിയും, ജൈവകൃഷി രീതികളും, ജലസേചനവും, മണ്ണിലെ സൂക്ഷ്മ മൂലകങ്ങളുടെ കൃത്യതയും, സൂക്ഷ്മാണുക്കളുടെ മെച്ചപ്പെട്ട പ്രവർത്തനവുമൊക്കെ ശ്രദ്ധിക്കേണ്ടത്‌. ഉൽപന്നത്തിന്റെ യഥാസമയമുള്ള വിളവെടുപ്പു പോലെ അവ ശാസ്ത്രീയമായി  സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള രീതികൾ കൂടി നാം ആവിഷ്കരിക്കേണ്ടതുണ്ട്‌. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ആഴത്തിൽ പഠിക്കുന്നതിനും, കർഷകരുടെ കൂട്ടായ്മകൾ വഴി പ്രായോഗികമായ അറിവുകൾ ശേഖരിച്ച്‌ മുന്നേറുന്നതിനും നമുക്ക്‌ കഴിയണം. ഇതേപോലെ തന്നെയാണ്‌ കുറഞ്ഞ പക്ഷം ഉൽപാദക കമ്പനികളെങ്കിലും, ഉൽപന്നത്തിന്റെ ഗുണമേന്മാപരിശോധനയ്ക്കു വേണ്ട പരിശോധനാശാലകൾ സജ്ജീകരിക്കുക എന്നതും. ഉൽപന്നത്തിന്റെ ഗുണമേന്മാപരിശോധന എന്നത്‌ വല്ലപ്പോഴും മാത്രം നടത്തേണ്ട ഒരു പ്രകിയ അല്ല. നിരന്തരം പരിശോധനകൾ നടത്തി ഉറപ്പുവരുത്തേണ്ട തുടർ പ്രക്രിയയായി തന്നെ ഗുണമേന്മയെ കാണണം. ഇതിന്‌ പാരമ്പര്യ അറിവുകളും, ആധുനിക ഗവേഷണവും, നമ്മുടെ കർഷക കൂട്ടായ്മകളുമായി കൈകോർക്കുന്ന കാഴ്ച നമുക്ക്‌ മനസ്സിൽ കാണാൻ കഴിയും. നാളികേരത്തിന്റെ ഒരു ഉൽപന്നവും ഉപോൽപന്നവും പാഴാവുന്നില്ല എന്ന്‌ ഉറപ്പുവരുത്തുക. ഉദാഹരണത്തിന്‌ എത്രയോ മനോഹരമായ ഉൽപന്നങ്ങൾ നിർമ്മിക്കാൻ കഴിയുന്ന വസ്തുവാണ്‌ തേങ്ങാവെള്ളം. ഇന്ന്‌ പല നാളികേര സംസ്ക്കരണ മേഖലകളിലും തേങ്ങാവെള്ളം പാഴായി പോവുന്നു എന്നുമാത്രമല്ല പരിസ്ഥിതി മലിനീകരണം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരം സംഭവങ്ങളിൽ നിന്ന്‌ ഒരു പക്ഷേ നാളികേരത്തേക്കാൾ കൂടുതൽ മൂല്യവർദ്ധിത സാദ്ധ്യതകളുള്ള തേങ്ങാവെള്ളം അറിവിന്റെയും സാങ്കേതിക വിദ്യയുടെയും അഭാവത്തിൽ കേവലം മാലിന്യമായി പാഴായി പോകുന്ന അവസ്ഥയിൽ നിന്ന്‌ മൂല്യം ഉണ്ടാക്കാൻ കഴിയുന്ന സാഹചര്യത്തിലേക്കാണ്‌ നാം മുന്നേറേണ്ടത്‌. അതുപോലെ തന്നെയാണ്‌ വെളിച്ചെണ്ണയും. ശ്രദ്ധയോടെ വിളവെടുത്ത നാളികേരത്തിൽ നിന്ന്‌ മാലിന്യങ്ങളോ പൂപ്പലോ ഒന്നുമില്ലാതെ ഉണ്ടാക്കിയെടുക്കുന്ന നല്ല കൊപ്രയിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണയ്ക്ക്‌ അതിന്റേതായ സുഗന്ധവും ഗുണമേന്മയുമുണ്ടാകും. ആത്യന്തികമായി ഭക്ഷ്യാവശ്യത്തിന്‌ ഉപയോഗിക്കേണ്ടതാണ്‌ എന്നുള്ള ബോധ്യം പോലുമില്ലാതെ, മലിനമായ പരിസരങ്ങളിൽ, തുറസ്സായ സ്ഥലത്ത്‌ പൂപ്പൽ ബാധിച്ച കൊപ്രയിൽ, അത്‌ വൃത്തിയാക്കുന്നതിന്‌ വേണ്ടി സൾഫർ ഡസ്റ്റ്‌ ചേർത്ത ശേഷം ഉത്പാദിപ്പിക്കുന്ന എണ്ണ മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയാണ്‌ ഇന്നത്തേത്‌. ഇത്‌ സൂചിപ്പിച്ചതു ഉൽപന്നത്തിന്റെ ഗുണമേന്മ പരിശോധന എന്നുപറയുന്നത്‌ നഗ്നനേത്രങ്ങൾകൊണ്ട്‌ അളക്കാവുന്ന മാനദണ്ഡങ്ങൾക്കപ്പുറത്ത്‌ അതിലടങ്ങിയിരിക്കുന്ന രാസ-ജൈവ മാലിന്യങ്ങൾ, ഈർപ്പത്തിന്റെ അളവ്‌, അപകടകാരിയായ ബാഹ്യ രാസവസ്തുക്കളുടെ സാന്നിധ്യം, കീടനാശിനികളുടെ അംശം തുടങ്ങിയവ കണ്ടെത്താനുള്ള വിദഗ്ദ്ധ പരിശോധനകൾ കൂടിയാണ്‌. പരിശോധനയിലൂടെ കണ്ടെത്തി മാർക്കറ്റിൽ നിന്ന്‌ പുറം തള്ളപ്പെടുന്നതിനെക്കാൾ നല്ലത്‌ ഈ ഉൽപന്ന നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും മികച്ച ശ്രദ്ധ കൊടുക്കുക എന്നതാണ്‌. ഇത്തരത്തിൽ ശ്രദ്ധയോടെയുള്ള ചിട്ടയായ മുന്നൊരുക്കങ്ങളിലൂടെ നമ്മുടെ ഉൽപന്നങ്ങൾക്ക്‌ പരമാവധി ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്‌ പരിശ്രമിച്ചാൽ തീർച്ചയായും ദേശീയ - അന്തർദേശീയ വിപണിയിൽ നമ്മുടെ നാളികേര ഉൽപന്നങ്ങൾക്ക്‌ മികച്ച ഡിമാന്റുണ്ടാവും. ഗുണമേന്മ (quality) ഒരു പ്രക്രിയയാണ്‌. ഗുണമേന്മ എന്ന സംസ്ക്കാരം, ഗുണമേന്മ എന്ന ജീവിത രീതി, ഗുണമേന്മ എന്ന ശീലം എന്നിവയാണ്‌ നമ്മൾ വളർത്തിയെടുക്കേണ്ടത്‌. ഗുണമേന്മയെന്നു പറയുന്നത്‌ പരിശോധനാ ലബോറട്ടറികളിൽ നിന്നു കിട്ടുന്ന സർട്ടിഫിക്കറ്റിന്റെ മൂല്യം മാത്രമല്ല. ഉത്പാദകരുടെ അഥവാ സംരംഭകരുടെ സംസ്ക്കാരവും അവരുടെ നടപടിക്രമങ്ങളും പ്രക്രിയയും അതേപോലെ തന്നെ അവരുടെ ശീലങ്ങളുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിശ്വാസ്യതയാണ്‌. ഉപഭോക്താക്കളുടെ ഇടയിലും വിപണിയിലും വിശ്വാസ്യത നേടുന്ന ഉൽപന്നങ്ങൾ ഭാവിയിൽ വളർച്ചയുടെ പടവുകൾ വേഗത്തിൽ കയറുമെന്നതിൽ സംശയമില്ല. ഇത്തരത്തിലുള്ള ഗുണമേന്മ സംസ്ക്കാരത്തിലേയ്ക്കാണ്‌ നാം വളരേണ്ടത്‌. കേവലം ഏതെങ്കിലും വിധത്തിൽ ഉൽപന്നങ്ങൾ ഉണ്ടാക്കുക എന്നുള്ളതിനപ്പുറത്ത്‌ അന്താരാഷ്ട്ര നിലവാരമുള്ള, ഏതു ഗുണമേന്മാ പരിശോധനയിലും വിജയിക്കാൻ കഴിയുന്ന, വിശ്വാസ്യതയുടെ സംസ്ക്കാരം നിലനിർത്തുന്ന കൃഷിയിടങ്ങളും ഉൽപന്നങ്ങളുമാണ്‌ നമുക്ക്‌ ആവശ്യം.
നമ്മുടെ നാളികേര ടെക്നോളജി മിഷനിലും അതുപോലെ മറ്റ്‌ വ്യവസായ സഹായ പരിപാടിയിലുമെല്ലാം കൃത്യമായി അനുവർത്തിക്കേണ്ട പ്രധാന ഭാഗമാണ്‌ ഗുണമേന്മ എന്ന ആശയം. മികച്ച കൃഷി പരിപാലന രീതികളും സംസ്ക്കരണ പ്രക്രിയയും നമ്മുടെ നാളികേര കർഷകരുടെ കൂട്ടായ്മകളുടെ  സംസ്ക്കാരമായി വളർത്തിയെടുക്കാൻ നമുക്ക്‌ ഒന്നിച്ച്‌ പരിശ്രമിക്കാം.
         

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…