24 May 2014

തെങ്ങുകൃഷിയിൽ ജിഎപി: എന്തിന്‌ ? എന്തുകൊണ്ട്‌ ?


സുഗത ഘോഷ്‌, വിജയകുമാർ ഹള്ളിക്കേരി
നാളികേര വികസന ബോർഡ്‌, കൊച്ചി 11

എന്താണ്‌ നല്ല കൃഷിരീതി
കൃഷിയിടങ്ങളിൽ നിന്നു വരുന്ന ഉത്പ്പന്നങ്ങളുടെ ഗുണമേന്മ ഏകീകരിക്കുന്നതിനായി ഗവണ്‍മന്റുകളും ഗവണ്‍മന്റിതര സന്നദ്ധ സംഘടനകളും ഉത്പാദക സംഘങ്ങളും ഭക്ഷ്യവ്യവസായ മേഖലയിലുള്ള കമ്പനികളും ചേർന്ന്‌ വികസിപ്പിച്ചെടുത്ത നിലവാര നിയന്ത്രണ സംഹിതയാണ്‌ ഗുഡ്‌ അഗ്രിക്കൾച്ചറൽ പ്രാക്ടീസ്‌ അഥവാ ജിഎപി. വ്യാപാരം മുതൽ ഗവണ്‍മന്റിന്റെ നിയന്ത്രണ ആവശ്യങ്ങൾ, (പ്രത്യേകിച്ച്‌ ഭക്ഷ്യസുരക്ഷിതത്വവും ഗുണമേന്മയും) വിപണിയിലെ അനുകൂല സാഹചര്യങ്ങൾ തുടങ്ങി വിവിധങ്ങളാണ്‌ ഇതിന്റെ ലക്ഷ്യം. അവ, ഭക്ഷ്യശ്രൃംഖലയിൽ വരുന്ന ഉത്പ്പന്നങ്ങളുടെ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പാക്കുക; വിതരണ ശ്രൃംഖല പരിഷ്കരിച്ചുകൊണ്ട്‌ പുത്തൻ വിപണികൾ പിടിച്ചെടുക്കുക; പ്രകൃതി വിഭവങ്ങളെ ന്യായമായി ഉപയോഗിക്കുക; തൊഴിലാളികളുടെ ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ  മെച്ചപ്പെടുത്തുക; വികസ്വര രാജ്യങ്ങളിലെ കർഷകർക്കും കയറ്റുമതി വ്യാപാരികൾക്കും പുതിയ വിപണികൾ സൃഷ്ടിക്കുക എന്നിവയാണ്‌.
ജിഎപി എന്നാൽ പരിസ്ഥിതിയ്ക്കും സാമൂഹ്യ സാമ്പത്തിക സുസ്ഥിരതയ്ക്കും യോജിച്ച കൃഷിരീതിയാണ്‌. ഭക്ഷ്യ- ഭക്ഷ്യേതര കാർഷികോത്പ്പന്നങ്ങൾക്ക്‌ ഇത്‌ സുരക്ഷിതത്വവും നിലവാരവും ഉറപ്പാക്കുന്നു. (എഫ്‌എഒ സിഒഎജി 2003 ജിഎപി പേപ്പർ) ജിഎപിയുടെ  നാലു സ്തംഭങ്ങൾ (സാമ്പത്തിക ക്ഷമത, പാരിസ്ഥിതിക സുസ്ഥിരത, സാമൂഹിക അംഗീകാരം, ഭക്ഷ്യസുരക്ഷിതത്ത്വവും ഗുണമേന്മയും) പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും എല്ലാ പ്രധാനപ്പെട്ട മാനദണ്ഡങ്ങളും ഉൾപ്പെടുന്നതാണ്‌. എന്നാൽ അവയുടെ സാധ്യത ഇതിലും എത്രയോ വിശാലമാണ്‌.
നല്ല കൃഷി രീതി (ജിഎപി) എന്ന സങ്കൽപം  ഉത്പാദനത്തിന്റെ ഓരോ ഘട്ടത്തിലും ഉത്പന്നം പാരിസ്ഥിതികമായി സുസ്ഥിരവും സാമൂഹികമായി അംഗീകൃതവുമാകണമോ എന്നു നിശ്ചയിക്കുന്ന മാനദണ്ഡമാണ്‌. അതുകൊണ്ടു തന്നെ ജിഎപി നടപ്പാക്കുന്നതിലൂടെ കർഷകർ സുസ്ഥിര കൃഷിയിലും ഗ്രാമീണ വികസനത്തിലും വലിയ സംഭാവനയാണ്‌ നൽകുന്നത്‌.
ജിഎപിയ്ക്കുള്ള സാധ്യതകൾ
*   ഭക്ഷ്യവസ്തുക്കളുടെയും മറ്റ്‌ കാർഷികോത്പ്പന്നങ്ങളുടെയും സുരക്ഷിതത്വവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള നീരീക്ഷണ സംവിധാനം ഒരുക്കുന്നു.
*    രാജ്യ - രാജ്യാന്തര നിലവാരവും നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാത്ത അവസ്ഥ ലഘൂകരിക്കുന്നതിനുള്ള നിലവാര മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ട്‌ വയ്ക്കുന്നു.
*    ജിഎപി നടപ്പാക്കുക വഴി സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കാനും ദേശീയവും അന്തർദേശീയവുമായ പാരിസ്ഥിതിക, സാമൂഹിക വികസന ലക്ഷ്യങ്ങളുമായി   കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സാധിക്കുന്നു.
പ്രധാന വെല്ലുവിളികൾ
ചില സന്ദർഭങ്ങളിൽ ജിഎപി നടപ്പാക്കുമ്പോൾ പ്രത്യേകിച്ച്‌ റിക്കോർഡുകൾ സൂക്ഷിക്കുമ്പോൾ ഉത്പാദന ചെലവുകൾ വർധിക്കുന്നതു കാണാറുണ്ട്‌. ഇതു സംഭവിക്കുന്നത്‌ ജിഎപി അനുബന്ധ പദ്ധതികളും സർട്ടിഫിക്കേഷൻ സംവിധാനവും തമ്മിലുള്ള പൊരുത്തക്കേടുകൊണ്ടാണ്‌. പലപ്പോഴും ഇതു മൂലം കർഷകർക്കിടയിലും കയറ്റുമതി വ്യാപാരികൾക്കിടയിലും സർട്ടിഫിക്കേഷൻ ചെലവുകൾ സംബന്ധിച്ച്‌ ചിന്താക്കുഴപ്പങ്ങൾ ഉണ്ടാവാറുണ്ട്‌.
കാർഷിക ഭക്ഷ്യ ഉത്പ്പന്ന മേഖലയിലെ വിതരണക്കാരും കച്ചവടക്കാരും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട്‌ ഗുണഭോക്താക്കളുടെ താൽപര്യങ്ങൾക്കായി ജിഎപി നിലവാരങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്‌.
ഗവണ്‍മന്റും അംഗീകൃത പ്രതിനിധികളും ഇടനിലക്കാരുടെ വേഷത്തിൽ നിൽക്കുമ്പോൾ ചെറുകിടക്കാരായ കൃഷിക്കാർക്ക്‌ വിപണിയിൽ അവസരങ്ങൾ ലഭിക്കുക ക്ലേശകരമായിരിക്കും. അല്ലെങ്കിൽ അവർക്ക്‌ ഇത്തരം വിവരങ്ങൾ യഥാസമയം ലഭ്യമാക്കണം, സാങ്കേതികമായി അവരെ സജ്ജമാക്കണം, സംഘടിതരുമാക്കണം.
ജിഎപി നിലവാരങ്ങൾ പൈന്തുടരുമ്പോൾ പലപ്പോഴും അർഹമായ പാരിസ്ഥിതിക, സാമൂഹിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടു എന്നു വരില്ല.
ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടികൾക്കൊപ്പം പരിസ്ഥിതി, തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം തുടങ്ങിയ ക്ഷേമകാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‌  ബോധവത്ക്കരണം വളരെ അത്യാവശ്യമാണ്‌. ഇത്തരത്തിലുള്ള ഒരു സമീപനമാണ്‌ ജിഎപിയിലെ സമഗ്ര ഉത്പാദന കീടനിയന്ത്രണ നിർവഹണം.( ഇന്റഗ്രേറ്റഡ്‌ പ്രോഡക്ഷൻ ആൻഡ്‌ പെസ്റ്റ്‌ മാനേജ്‌മന്റ്‌)
നല്ല കൃഷി രീതികൾ ( ജിഎപി)
നല്ല കൃഷി രീതി എന്നാൽ കൃഷിയിൽ അവലംബിക്കുന്ന പ്രത്യേക സമ്പ്രദായമാണ്‌.  നിരവധി നിർവചനങ്ങളുണ്ട്‌.  ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന( ഫുഡ്‌ ആൻഡ്‌ അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ) ജിഎപിയ്ക്കു  നൽകിയിരിക്കുന്ന നിർവചനം - സാമൂഹിക സാമ്പത്തിക, പാരിസ്ഥിതിക സുസ്ഥിരത മുൻനിർത്തി സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷ്യ ഭക്ഷ്യേതര കാർഷിക ഉത്പന്നങ്ങൾ ലക്ഷ്യമാക്കി, കാർഷികോത്പാദനത്തിലും ഉത്പാദനത്തിനു ശേഷവും  അനുവർത്തിക്കേണ്ട  തത്വങ്ങളുടെ സമാഹാരം എന്നാണ്‌. വിവിധ തോതിൽ വൈവിധ്യമാർന്ന കാർഷിക സമ്പ്രദായങ്ങളിൽ ജിഎപി പ്രാവർത്തികമാക്കാം. സമഗ്ര കീട നിയന്ത്രണം, സമഗ്ര വളപ്രയോഗം, കൃഷിപരിരക്ഷ തുടങ്ങിയ സുസ്ഥിര കാർഷിക സമ്പ്രദായങ്ങളിലൂടെയാണ്‌ ഇത്‌ നടപ്പാക്കുക. പ്രധാനമായും, സാമ്പത്തികവും കാര്യക്ഷമവും പര്യാപ്തവും (ഭക്ഷ്യസുരക്ഷ) സുരക്ഷിതവും (ഭക്ഷ്യസുരക്ഷിതത്വം) പോഷകാംശമുള്ളതും (ഭക്ഷ്യ ഗുണനിലവാരം) ആയ ഉത്പാദനം; പ്രകൃതി വിഭവങ്ങളെ നിലനിർത്തലും പരിപോഷണവും, പ്രായോഗികമായ കൃഷി, സംരംഭകത്വം, സുസ്ഥിര ജീവിതമാർഗ്ഗങ്ങൾ എന്നിവ നിലനിർത്തൽ; നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ ആവശ്യ നിർവ്വഹണം എന്നീ നാലു തത്വങ്ങളെ അടിസ്ഥാനമാക്കിയാണിത്‌.  ആഗോളവത്ക്കരണം, ലോകവ്യാപാര കരാർ, ഭക്ഷ്യ പ്രതിസന്ധി,(ഭ്രാന്തിപശു രോഗം) ജല മലിനീകരണം, കീടനാശിനികളുടെ അവക്ഷിപ്ത സാന്നിധ്യം, മണ്ണൊലിപ്പ്‌ തുടങ്ങി കാർഷിക മേഖലയിൽ സംഭവിച്ച വലിയ മാറ്റങ്ങൾ മൂലം ജിഎപിയുടെ സങ്കൽപവും മാറിയിട്ടുണ്ട്‌.  ജിഎപിയുടെ മാനദണ്ഡങ്ങൾ ഗവണ്‍മന്റുകളും സന്നദ്ധ സംഘടനകളും  സ്വകാര്യമേഖലയിലെ കമ്പനികളും ചേർന്ന്‌ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ചിട്ടുള്ളവയാകുന്നു.
  ഉത്പാദന പ്രക്രിയയുടെ ഓരോ ഘട്ടവും വിലയിരുത്താനും എന്തു രീതി അനുവർത്തിക്കണം എന്ന്‌  തീരുമാനിക്കാനും  ജിഎപി അവസരം നൽകുന്നു. ഓരോ കാർഷിക ഉത്പാദന സംവിധാനത്തിലും സമഗ്രമായ നിർവഹണ തന്ത്രമാണ്‌ അവർ ലക്ഷ്യമിടുന്നത്‌. ഇത്തരം നിർവഹണ തന്ത്രങ്ങൾ നടപ്പാക്കുന്നതിന്‌ അറിവും ധാരണയും ആസൂത്രണവും വിലയിരുത്തലും നിരീക്ഷണവും രേഖകളുടെ സൂക്ഷിപ്പും ഉത്പാദനത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമാണ്‌. ജിഎപി അനുവർത്തിച്ചാൽ ഉത്പാദനം വർധിച്ചേക്കാം, വിപണിയിലേയും ഗതാഗതത്തിന്റെയും ചെലവുകൾ കൂടിയേക്കാം. അപ്പോൾ ഉപഭോക്താവിനും ചെലവു കൂടും. അതിനാൽ ഉത്പാദന ചെലവു കുറയ്ക്കുക, അതിനൊപ്പം കാർഷിക ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾക്കായി ജിഎപി ക്ക്‌ കൃത്യമായ അടിസ്ഥാന വിവരശേഖരം ഉണ്ടാകേണ്ടതുണ്ട്‌. അടിസ്ഥാന തത്വങ്ങൾ
ശുദ്ധമായ മണ്ണ്‌, ശുദ്ധമായ വെള്ളം, ശുദ്ധമായ കൈകൾ, ശുദ്ധമായ പരിസരം - ഇതാണ്‌  ജിഎപിയുടെ തത്വങ്ങൾ. ഉത്പാദനത്തിന്റെ ഓരോ ഘട്ടത്തിലും (കൃഷിയിടം തെരഞ്ഞെടുപ്പ്‌, കൃഷിയിടം ഒരുക്കൽ, ഉത്പാദനം, വിളവെടുപ്പ്‌, സംഭരണം)  ഈ തത്വങ്ങൾ പ്രയോഗിക്കപ്പെടണം.

 ശുദ്ധമായ മണ്ണ്‌
സൂക്ഷ്മാണുക്കൾ മൂലം, പ്രത്യേകിച്ച്‌ വളങ്ങൾ മൃഗവിസർജ്യങ്ങൾ എന്നിവയിലൂടെ  മണ്ണ്‌ മലിനമാകുന്നത്‌ തടയുക. ശരിയായി അഴുകിപൊടിഞ്ഞ വളങ്ങൾ മാത്രമെ ജിഎപിയിൽ ഉപയോഗിക്കുന്നുള്ളു. മാത്രവുമല്ല അവ വൃത്തിയുള്ള സ്ഥലങ്ങളിൽ ശേഖരിക്കുകയും വേണം. വളർത്തു മൃഗങ്ങളെ കൃഷിയിടത്തിൽ പ്രവേശിക്കാൻ ഒരിക്കലും അനുവദിക്കരുത്‌. വന്യമൃഗങ്ങളെയും കഴിയുന്നത്ര ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം.
മണ്ണിന്റെ ഭൗതികവും രസതന്ത്രപരവുമായ ഘടനയും അതിന്റെ പ്രവർത്തനങ്ങളും, ജൈവഘടനയും ജീവശാസ്ത്ര പ്രവർത്തനങ്ങളും അതിന്റെ സങ്കീർണതയും ഫലപുഷ്ടിയും ആണ്‌ അടിസ്ഥാനപരമായി സുസ്ഥിര കാർഷികോത്പാദനത്തെ നിർണയിക്കുന്നത്‌.  മണ്ണും അതിന്റെ ഫലപുഷ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ശരിയായ നടത്തിപ്പിലൂടെയാണ്‌ ഉത്പാദന ക്ഷമത വർധിപ്പാക്കാൻ സാധിക്കുന്നത്‌. ഇത്തരം പ്രവർത്തനം പൊതുവെ കൃഷിയിട തലത്തിൽ ആണ്‌ നടത്തപ്പെടുന്നത്‌.  ഇത്‌ ആ പരിസരങ്ങളെയും ബാധിക്കും. മണ്ണുമായി ബന്ധപ്പെട്ട നല്ല പ്രവർത്തനങ്ങൾ മണ്ണിലെ ജൈവാംശം മെച്ചപ്പെടുത്തുക, വിളപരിക്രമം  നടത്തുക, വളപ്രയോഗം നടത്തുക, മണ്ണിന്‌ പുതയിടുക, മണ്ണൊലിപ്പു തടയാനുള്ള നടപടികൾ സ്വീകരിക്കുക, മണ്ണിന്‌ ആവശ്യമായ ജൈവവളങ്ങൾ ധാതുക്കൾ മറ്റ്‌ രാസവളങ്ങൾ  എന്നിവ വേണ്ട അളവിൽ സമയബന്ധിതമായി പ്രകൃതിക്കും പരിസ്ഥിതിക്കും മനുഷ്യ ആരോഗ്യത്തിനും ഹാനികരമല്ലാത്ത വിധത്തിൽ ലഭ്യമാക്കുക തുടങ്ങിയവയാണ്‌.
 ശുദ്ധജലംഉത്പാദന പ്രക്രിയയിലുടനീളം കഴുകുന്നതിനും തണുപ്പിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം തന്നെയായിരിക്കണം. പായ്ക്ക്‌ ചെയ്യുന്നതിനും ഐസ്‌ നിർമ്മിക്കുന്നതിനും ശുദ്ധജലം നിർബന്ധം. ജലസ്രോതസുകൾ വളരെ സുരക്ഷിതമായി സംരക്ഷിക്കണം. അവയിൽ ഒഴുക്കുവെള്ളം വീഴുകയോ മൃഗങ്ങൾ ഇറങ്ങുകയോ ചെയ്യാൻ പാടില്ല. ജലസേചനത്തിനും തളിവളപ്രയോഗത്തിനും ഉപയോഗിക്കുന്ന വെള്ളം മനുഷ്യാണുക്കളിൽ നിന്ന്‌ മുക്തമായിരിക്കണം. ഉപയോഗിക്കുന്ന ജലം കൃത്യമായ ഇടവേളകളിൽ പരിശോധകൾക്കു വിധേയമാക്കിയിരിക്കണം.
അളവിലും ഗുണത്തിലും ജലസ്രോതസുകൾ കാത്തു പരിപാലിക്കുക എന്നത്‌ കാർഷിക മേഖലയുടെ ഉത്തരവാദിത്വമാണ്‌.  ശ്രദ്ധയോടെയുള്ള ജല പരിപാലവും ജലസേചനാവശ്യത്തിനും മൃഗസംരക്ഷണത്തിനും  ആവശ്യാനുസരണം അതു  കാര്യക്ഷമമായി ഉപയോഗിക്കുന്നതും ജിഎപിയിലെ ഒരു മാനദണ്ഡമാകുന്നു. ഫലപ്രദമായ ജലസേചന സാങ്കേതിക വിദ്യകളും പരിപാലനവും ജലം പാഴാകുന്നതു തടയും. ഭൂഗർഭജലത്തിന്റെ വിതാനം കൃത്യമായി പരിപാലിക്കപ്പെടേണ്ടതുണ്ട്‌. അതിന്‌ ജലവുമായി ബന്ധപ്പെട്ട്‌ നടത്തേണ്ട പല പ്രവർത്തനങ്ങളുണ്ട്‌. പരമാവധി മഴവെള്ളം മണ്ണിൽ താഴ്ത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, നീർത്തടങ്ങളിൽ നിന്ന്‌ വെള്ളം ഉപരിതലത്തിലൂടെ ഉപയോഗശൂന്യമായി ഒഴുകി പോകുന്നതു തടയുക,  ഭൂഗർഭത്തിലേയും ഉപരിതലത്തിലേയും ജലം ശരിയായി ഉപയോഗിക്കുക,  മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുക, വളങ്ങൾ വേണ്ടത്ര ചേർക്കുക, ഉപയോഗശൂന്യമായ ജൈവ വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ ജലസ്രോതസുകൾ മലിനമാകാതെ സൂക്ഷിക്കുക, ജലത്തിന്റെയും വിളയുടെയും മണ്ണിന്റെയും അവസ്ഥകൾ നിരീക്ഷിക്കാനുള്ള സാങ്കേതിക വിദ്യകൾ സ്വീകരിക്കുക, ജലസംരക്ഷണ നടപടികൾ കൈക്കൊള്ളുക, ഭൂമിക്ക്‌ പുതയിട്ടു കൊണ്ട്‌ ജലചക്രത്തിന്റെ പ്രവർത്തനം വർധിപ്പിക്കുക, ചതുപ്പുകൾ നിലനിർത്തുക, വളർത്തു മൃഗങ്ങൾക്ക്‌ വേണ്ടി മാത്രം വൃത്തിയായ ജലസംഭരണികൾ നിർമ്മിക്കുക എന്നിങ്ങനെ.

 ശുദ്ധമായ കൈകൾ
പായ്ക്കിംങ്ങ്‌ ഹൗസിലെ തൊഴിലാളികളും ഉത്പാദന പ്രക്രിയയിൽ പങ്കെടുക്കുന്നവരും വ്യക്തിശുചിത്വം പാലിക്കണം. ഉപഭോക്താക്കൾ നേരിട്ട്‌ ഉത്പ്പന്നങ്ങൾ തെരഞ്ഞെടുക്കുന്ന "യു-പിക്ക്‌" പോലുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവിടെ കൈകൾ കഴുകുന്നതിനുള്ള സൗകര്യങ്ങൾ കൂടി സ്ഥാപിക്കേണ്ടതാണ്‌.
 ശുദ്ധമായ പരിസരം
എല്ലാ പായ്ക്കിംങ്ങ്‌ ഉപകരണങ്ങളും, ജോലി സ്ഥലവും, സംഭരണ മേഖലയും, ഉത്പ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളും എല്ലാ ദിവസവും കഴുകി വൃത്തിയാക്കണം. കൃഷിയിടത്തിലെ ആയുധങ്ങളും ഉപകരണങ്ങളും ഇതുപോലെ വൃത്തിയായി സൂക്ഷിക്കണം. ജിഎപിയിലെ അടിയന്തര ഘടകം രേഖകളുടെ സൂക്ഷിപ്പാണ്‌. ഏതൊരു കൃഷിയിടത്തിലേയും മുഖ്യ പ്രവർത്തനങ്ങളിൽ ഒന്ന്‌ രേഖകളുടെ കൃത്യമായ സൂക്ഷിപ്പാണ്‌. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വമാകുമ്പോൾ ഇതു വളരെ നിർണായകവുമാകുന്നു. ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാകുമ്പോൾ അതിന്റെ കാരണം തേടുന്നത്‌ ഉത്പ്പന്നത്തിന്റെ യഥാർത്ഥ ഉറവിടങ്ങളിലാണ്‌. ജിഎപി യുടെ രേഖകൾ കൃത്യമായി സൂക്ഷിക്കുന്ന കർഷകർക്ക്‌  തന്റെ കൃഷിയിടമല്ല രോഗത്തിന്റെ പ്രഭവ കേന്ദ്രം എന്ന്‌ അന്വേഷണം വരുമ്പോൾ തെളിവു സഹിതം സ്ഥാപിക്കാൻ സാധിക്കും.
വിളസംരക്ഷണം
വിളകളുടെ ആരോഗ്യപരിപാലനമാണ്‌ കൃഷിയുടെ വിജയത്തിനു പിന്നിലെ രഹസ്യം. അതാണ്‌ വിളവിന്റെ അളവിനെയും ഗുണത്തെയും നിർണയിക്കുന്നത്‌. ഇതിനു പക്ഷെ ദീർഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടതുണ്ട്‌. വിളകളുടെ രോഗ കീട നിയന്ത്രണം, വിള പരിക്രമം, സമഗ്ര കീട നിയന്ത്രണ തത്വങ്ങൾ അനുസരിച്ചുള്ള രാസ കീടനാശിനികളുടെ ന്യായമായ ഉപയോഗം തുടങ്ങിയവയാണിവ. മനുഷ്യനും പരിസ്ഥിതിക്കും ഹാനികരമായുള്ളവ ഒഴികെ വിള സംരക്ഷണത്തിനുള്ള എതു നടപടിയും പൂർണമായ അറിവോടെയും ഉചിതമായ ഉപകരണത്തിന്റെ സഹായത്തോടെയും കൃഷിയിടങ്ങളിൽ നടപ്പാക്കാം.
വിളവെടുപ്പ്‌ - സംസ്കരണം - സംഭരണം
കാർഷിക ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം നിർണയിക്കുന്നത്‌ വിളവെടുപ്പ്‌, സംഭരണം, ശരിയായ സംസ്കരണം എന്നിവയാണ്‌. രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള കൃഷിയിടത്തിൽ നിന്ന്‌ കൃത്യമായ കാലയളവിനു ശേഷം മാത്രമെ  വിളവെടുപ്പു നടത്താൻ പാടുള്ളു.  ഭക്ഷ്യ ഉത്പ്പന്നങ്ങൾ നിശ്ചിത ഊഷ്മാവ്‌ നിലനിർത്തുന്ന സംഭരണ ശാലകളിൽ അവയ്ക്കായി പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളിൽ മാത്രമെ ശേഖരിച്ച്‌ വയ്ക്കാവൂ. വിളവെടുപ്പ്‌, സംഭരണം, സംസ്കരണം എന്നിവയിൽ പാലിക്കാവുന്ന ഏറ്റവും നല്ല രീതി വൃത്തിയാണ്‌. കഴുകുന്നതിന്‌ അനുവദനീയമായ സോപ്പുകളും ശുദ്ധജലവും മാത്രം ഉപയോഗിക്കുക, ശുചിയായ പരിസരങ്ങളിൽ കൃത്യമായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ മാത്രമെ വിളവ്‌ ശേഖരിക്കാവൂ. അതിലും വൃത്തിയായി മാത്രമെ ഇവ പായ്ക്ക്‌ ചെയ്ത്‌ വാഹനങ്ങളിൽ കൊണ്ടുപോകാൻ പാടുള്ളു.
ഊർജ്ജവും
മാലിന്യ നിർമാർജനവും

ഊർജ്ജവും മാലിന്യ നിർമാർജ്ജനവും സുസ്ഥിര ഉത്പാദന സംവിധാനത്തിന്റെ ഘടകങ്ങൾ തന്നെ.  ഗതാഗതം, സംസ്കരണം, കൃഷിയിട ജോലികൾ എന്നിവയ്ക്ക്‌ ഇന്ധനം ആവശ്യമാണ്‌. കാലത്തിനനുസരിച്ച്‌ ജോലികൾ ആയാസരഹിതമാക്കുക, മനുഷ്യന്റെ കായികാധ്വാനം ലഘൂകരിക്കുക,  കാര്യക്ഷമത വർധിപ്പിക്കുക, ഊർജ്ജ സ്രോതസുകൾ വൈവിധ്യവത്ക്കരിക്കുക,  ഊർജ്ജ ഉപയോഗം തന്നെ കുറയ്ക്കുക എന്നിവയാണ്‌ ഇതിന്റെ ലക്ഷ്യം. ഊർജ്ജ ഉപയോഗം മാലിന്യ നിർമാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ശീലമാണ്‌ കൃഷിയിടത്തിലേയ്ക്കും പുറത്തേയ്ക്കുമുള്ള ഊർജ്ജ ക്രമീകരണം, വളങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവയുടെ ഫലപ്രദമായ ഉപയോഗവും സുരക്ഷിതമായ നിർമാർജ്ജനവും. കെട്ടിട നിർമാണം, യന്ത്രവത്ക്കരണം, പരിപാലനം, ഉപയോഗം  ഉൾപ്പെടെയുള്ള മേഖലകളിൽ ഊർജ്ജം ലാഭിക്കാനുള്ള രീതി നടപ്പാക്കുക, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളായ കാറ്റ്‌, സൗരോർജ്ജം, ജൈവ ഇന്ധനങ്ങൾ തുടങ്ങിയവ കഴിയുന്നത്ര പ്രയോജനപ്പെടുത്തുക, പുനച്രംക്രമണ സാധ്യതയില്ലാത്ത മാലിന്യങ്ങൾ ഉണ്ടാകുന്നത്‌ പരമാവധി കുറയ്ക്കുക, ഉണ്ടാകുന്നവ ഉത്തരവാദിത്വത്തോടെ നിർമാർജനം ചെയ്യുക, രാസവളങ്ങളും കീടനാശിനികളും നിയമാനുസൃതം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക, മലിനീകരണം, അപകടം എന്നിവ കുറയ്ക്കുന്നതിനും അടിയന്തര ശുശ്രൂഷയ്ക്കുള്ള സംവിധാനം സ്ഥാപിക്കുക, മേൽ പ്രസ്താവിച്ച കാര്യങ്ങളുടെ രേഖകൾ കൃത്യമായി സൂക്ഷിക്കുക.
കൃഷിക്കാർക്ക്‌ നല്ല ശീലങ്ങൾ
നല്ല കൃഷി രീതി അവലംബിക്കുന്ന കർഷകൻ ഭക്ഷ്യ ധാന്യങ്ങൾ മലിനമാകാതിരിക്കാൻ സുരക്ഷിതത്വ നടപടികൾ സ്വീകരിക്കും. ജിഎപിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ നാലു വിഭാഗങ്ങളിലായി തരം തിരിക്കാം - ആരോഗ്യവും വൃത്തിയും, ജലത്തിന്റെ ഗുണമേന്മ, മണ്ണിന്റെ പുഷ്ടി, പരിസ്ഥിതി സംരക്ഷണം.
ആരോഗ്യവും വൃത്തിയും
ഉത്പ്പന്നങ്ങളുടെ വിളവെടുപ്പ്‌, തരംതിരിക്കൽ, പായ്ക്കിംങ്ങ്‌ തുടങ്ങിയ അവസരങ്ങളിലെല്ലാം നിർണായകമായ പങ്ക്‌ വഹിക്കുന്ന അവയവമാണ്‌ കൈകൾ. പകർച്ചവ്യാധികളുടെ ലക്ഷണങ്ങളുള്ള തൊഴിലാളികൾ ഒരിക്കലും ഭക്ഷ്യ ഉത്പ്പന്നങ്ങൾ കൈകാര്യം ചെയ്യാൻ പാടില്ല. ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾ ജോലികൾ തുടങ്ങുന്നതിനു മുമ്പായി അവരവരുടെ കൈകൾ വൃത്തിയാക്കേണ്ടതാകുന്നു. വിശ്രമ മുറികളിൽ നിന്നു തരികെ ജോലിയിൽ പ്രവേശിക്കുമ്പോഴും ഇത്‌ ആവർത്തിക്കണം. സംഭരണശാലകൾ വൃത്തിയും വെടിപ്പും ഉള്ളവയായിരിക്കണം. തൊഴിലാളികൾക്ക്‌ കൈകൾ വൃത്തിയാക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കണം. ഇത്രയുമൊക്കെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയാൽ മാത്രമെ ഉത്പന്നങ്ങൾ മലിനമാകാതെ സൂക്ഷിക്കാൻ സാധിക്കൂ.
ശുദ്ധ ജലം
കൃഷിയിൽ വിളവെടുപ്പിനു മുമ്പും പിന്നീടും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വസ്തുവാണ്‌ ജലം. ജലസേചനം, കീടനാശിനി പ്രയോഗം, വിളവ്‌ കഴുകൽ, പാത്രങ്ങൾ വൃത്തിയാക്കൽ, കൈകഴുകൽ തുടങ്ങി കുടിക്കുന്നതിനു വരെ നാം കൃഷിയിടത്തിൽ ജലം ഉപയോഗിക്കുന്നു. ഈ വക ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്ന ജലത്തിൽ മാലിന്യം ഉണ്ടാകാൻ പാടില്ല. അതിനാൽ കുളങ്ങൾ, അരുവികൾ, പുഴകൾ എന്നീ സ്രോതസുകളിലെ ജലത്തെക്കാൾ ഇത്തരം ജോലികൾക്ക്‌ ഉചിതം  ഭൂഗർഭ ജലമോ കിണർവെള്ളമോ ആയിരിക്കും. എന്നാൽ കിണർ ജലം പോലും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച്‌ അതിന്റെ ശുദ്ധി ഉറപ്പാക്കേണ്ടതാണ്‌. മുനിസിപ്പൽ അധികൃതർ വിതരണം ചെയ്യുന്ന വെള്ളവും ശുദ്ധമായിരിക്കും. കാരണം ഗവണ്‍മന്റ്‌ നിർദ്ദേശിക്കുന്ന മാനദണ്ഡപ്രകാരമുള്ള ശുദ്ധീകരണ പ്രക്രിയയ്ക്കു ശേഷം വിതരണം ചെയ്യപ്പെടുന്നതാണല്ലോ അത്‌. വിളവെടുപ്പിനു ശേഷം ധാന്യങ്ങളും മറ്റും കഴുകുന്നതിനുപയോഗിക്കുന്ന ജലം മനുഷ്യ സ്പർശമേൽക്കാത്തത്തായിരിക്കണം. ജലത്തിന്റെ പരിശുദ്ധിയെക്കുറിച്ച്‌ സംശയമുണ്ടെങ്കിൽ അത്‌ വീണ്ടും ശുദ്ധിചെയ്തു എന്ന്‌ ഉറപ്പു വരുത്തണം.
മണ്ണിന്റെ പുഷ്ടി
നല്ല മണ്ണിൽ ചെടികൾക്കു വളരാൻ സഹായകരമായ  സൂക്ഷ്മാണുക്കൾ ധാരാളം ഉണ്ടാകും. ഇവയെല്ലാം മനുഷ്യരെ സംബന്ധിച്ചിടത്തോളം നിരുപദ്രവകാരികളും ആയിരിക്കും. സത്യത്തിൽ, അവ വിളകളുടെ വളർച്ചയ്ക്കും വളരെ സഹായകരമാണ്‌. മണ്ണിലെ പല ഘടകങ്ങളെയും അവ വിഘടിപ്പിച്ച്‌ സസ്യത്തിന്റെ വളർച്ചയ്ക്ക്‌ ആവശ്യമായ മൂലകങ്ങളാക്കി മാറ്റിയെടുക്കുന്നു. കാലിവളങ്ങൾ കൃഷിയിടത്തിൽ ഉപയോഗിക്കുമ്പോൾ മലിനീകരണത്തിനുള്ള സാധ്യത വർധിക്കുന്നു. ഉണങ്ങി പൊടിയാത്ത കാലിവളത്തിൽ മനുഷ്യന്‌ ഹാനികരമായ ഘടകങ്ങൾ അതിൽ ഉണ്ടാകുമത്രെ. അതുകൊണ്ട്‌ വളപ്രയോഗത്തിന്റെ കാര്യത്തിൽ കൃത്യമായ സാങ്കേതിക വിദ്യ നമുക്ക്‌ ആവശ്യമാണ്‌. പച്ചയായ കാലിവളം കൃഷിയിടത്തിൽ ഉപയോഗിക്കുകയാണെങ്കിൽ അതിനു ശേഷം 120 ദിവസങ്ങൾ കഴിഞ്ഞേ വിളവെടുപ്പു നടത്താവൂ. കുറഞ്ഞ പക്ഷം അഞ്ചു ദിവസമെങ്കിലും തുറസായ സ്ഥലത്ത്‌ നിരത്തിയിട്ട്‌ എയ്‌റോബിക്‌ കമ്പോസ്റ്റിങ്ങിന്‌ വിധേയമാക്കിയ ശേഷമേ കാലിവളം കൃഷിയ്ക്ക്‌ ഉപയോഗിക്കാവൂ. ഇത്‌ ഇടയ്ക്കിടെ ഇളക്കി, നന്നായി സൂര്യതാപം എൽപിക്കുകയും വേണം. പച്ചയായ കാലിവളം കൃഷിയിടത്തിനടുത്ത്‌ കൂട്ടിയിടാൻ പാടില്ല. മഴവെള്ളത്തിൽ കൂടി ഇത്‌ ഒഴുകി കൃഷിയിടത്തിൽ എത്താനുള്ള വിദൂര സാധ്യത പോലും തടയാനാണ്‌ ഈ നിർദ്ദേശം.
പായ്ക്കിംങ്ങ്‌ മേഖല
കൃഷിയിടങ്ങളും പായ്ക്കിംങ്ങ്‌ ഷെഡ്ഡുകളും അണുവിമുക്ത മേഖലകളല്ല. അതിനാൽ ഇവിടെ നിന്നു  വിളവിൽ മാലിന്യങ്ങൾ കലരാനുള്ള സാധ്യതകൾ നിരവധിയാണ്‌. ഉപകരണങ്ങൾ പാത്രങ്ങൾ, പായ്ക്കിംഗ്‌ സാമഗ്രികൾ, സംഭരണ സൗകര്യങ്ങൾ, ചരക്കുനീക്കം നടത്തുന്ന വാഹനങ്ങൾ എല്ലാം മലിനമായ സാഹചര്യങ്ങളിലുള്ളവയാണ്‌. വളർത്തു മൃഗങ്ങൾ, വന്യമൃഗങ്ങൾ, കീടനാശിനികളുടെ അവശിഷ്ടങ്ങൾ ഇവയെല്ലാം വിളവിൽ  നിന്ന്‌ ദൂരെ അകറ്റണം. വിളവെടുപ്പിനുള്ള വലിയ പാത്രങ്ങൾ ഉപയോഗത്തിനു മുമ്പായി നന്നയി കഴുകി വൃത്തായാക്കണം. ഈ മാനദണ്ഡങ്ങൾ എല്ലാ കൃഷിക്കാരും കണിശമായി പാലിക്കേണ്ടതാണ്‌. പലചരക്കു കടകളിലേയ്ക്കും ഹോട്ടലുകളിലേയ്ക്കും സാധനങ്ങൾ വിതരണം ചെയ്യുന്നവർ ജിഎപി നിലവാരത്തിലുള്ള നിർദ്ദേശങ്ങൾ പാലിക്കുകയും അതിന്റെ രേഖകൾ സൂക്ഷിക്കുകയും വേണം. ഇത്‌ അനുവർത്തിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാൻ വിളവെടുപ്പു സമയത്ത്‌ പ്രത്യേക ഉദ്യോഗസ്ഥർ കൃഷിയിടങ്ങൾ സന്ദർശിക്കും.
തോട്ടവിളകൾ - പ്രശ്നങ്ങളും പ്രതിവിധികളും
ലോകത്തിൽ ഏഴു ഭൂഖണ്ഡങ്ങളിലായി 93 രാജ്യങ്ങളിൽ തെങ്ങു കൃഷി ചെയ്യുന്നു. 12.16 ദശ ലക്ഷമാണ്‌ ലോകത്തിൽ ആകെയുള്ള തെങ്ങു കൃഷി. വാർഷിക ഉത്പാദനം 61.08 ബില്യൺ നാളികേരവും. ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌, ഇന്ത്യ, ശ്രീലങ്ക, എന്നീ രാജ്യങ്ങളിലാണ്‌ നാളികേര കൃഷി വ്യാപകം. ഈ രാജ്യങ്ങളെല്ലാം കൂടി ആഗോള ഉത്പാദനത്തിന്റെ 79 ശതമാനം നൽകുമ്പോൾ ഇന്ത്യയുടെ മാത്രം വിഹിതം 16.44 ശതമാനമാണ്‌. ഇന്ത്യയിൽ 27.04 ശതമാനം ഭൂമിയിലാണ്‌ തെങ്ങു കൃഷിയുള്ളത്‌. രാജ്യത്തെ 18 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും തെങ്ങു കൃഷിയുണ്ട്‌. ദേശീയ വിളയായ നാളികേരത്തിന്‌ ഇന്ത്യയിൽ വൈവിധ്യമാർന്ന ഉപയോഗങ്ങളാണുള്ളത്‌. രാജ്യത്തെ അഞ്ചു ദശലക്ഷം നാളികേര തോട്ടങ്ങളിൽ 98 ശതമാനവും രണ്ടു ഹെക്ടറിൽ കുറവുള്ളവയാണ്‌. കേരളത്തിലാണെങ്കിൽ സംസ്ഥാനത്തിന്റെ സമ്പട്‌വ്യവസ്ഥ അപ്പാടെ ഈ ഉത്പ്പന്നത്തെ കേന്ദ്രീകരിച്ചാണ്‌. കേരളം കൂടാതെ തമിഴ്‌ നാട്‌, കർണാടാക, ആന്ധ്ര, ഗോവ, ലക്ഷദ്വീപ്‌, ആൻഡമാൻ നിക്കോബാർ, പോണ്ടിച്ചേരി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളുടെയും മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിൽ നിർണായക പങ്ക്‌ വഹിക്കുന്നത്‌ നാളികേരമാണ്‌. അതിനാലാണ്‌ നാളികേരത്തെ കൽപവൃക്ഷം എന്നു ഇന്ത്യക്കാർ വിളിക്കുന്നത്‌.  രാജ്യത്തെ 10 ദശലക്ഷത്തിലേറെ ജനത്തിന്‌ അത്‌ ഭക്ഷണമായും ജീവസന്ധാരണ മാർഗ്ഗമായും നിലകൊള്ളുന്നു. കൂടാതെ ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്ക്‌  തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
രാജ്യത്തെ പരമ്പരാഗത നാളികേര കൃഷി മേഖല വളരുകയാണ്‌. നാളികേരം അടിസ്ഥാനമാക്കി നിരവധി വ്യവസായങ്ങളും ഉയർന്നു വരുന്നുണ്ട്‌. ഈ വികസനത്തിന്റെയെല്ലാം ഫലമായി ഒരു എണ്ണക്കുരു എന്ന പരമ്പരാഗത അവസ്ഥയിൽ നിന്ന്‌ പ്രധാനപ്പെട്ട നാണ്യവിള എന്ന നിലയിലേയ്ക്ക്‌ നാളികേരം മാറിയിട്ടുണ്ട്‌. പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. ഗവണ്‍മന്റിനാകട്ടെ ഇതിൽ നിന്ന്‌  നികുതിയിനത്തിൽ നല്ല വരുമാനവും ലഭിക്കുന്നു. നാളികേര ഉത്പ്പന്നങ്ങളുടെ ഡിമാന്റും വർധിച്ചിട്ടുണ്ട്‌.
തോട്ടവിള അടിസ്ഥാനത്തിലുള്ള കൃഷിരീതി
ചെറിയ കൃഷിയിടങ്ങളിൽ ഏകവിള എന്നത്‌ അടുത്ത നാളുകളിലായി കർഷകർക്ക്‌ ഒരു പേടി സ്വപ്നമാണ്‌. പ്രത്യേകിച്ച്‌ കാർഷിക മേഖലയിൽ കീട- രോഗ ഭീഷണി വർദ്ധിക്കുന്നതിനാൽ അപ്പോൾ ഒന്നിൽ കൂടുതൽ വിളകൾ കൃഷി ചെയ്യുന്നതിലൂടെ കൂടുതൽ വരുമാനം സമ്പാദിക്കാൻ കർഷകന്‌ സാധിക്കും. ഏതെങ്കിലും ഒരു വിളയുടെ വില ഇടിഞ്ഞാൽ പോലും ഈ സംവിധാനം കർഷകർക്ക്‌ വിലസ്ഥിരത ഉറപ്പാക്കുന്നു. ചെറുനാരകം, കവുങ്ങ്‌, കുരുമുളക്‌, കൊക്കോ, മാതളനാരകം, നേന്ത്രവാഴ, പപ്പായ, ജാതി തുടങ്ങിയവ കർഷകർ നാളികേരത്തിനൊപ്പം കൃഷി ചെയ്തു വൻ വരുമാനം നേടുന്നു. സംയോജിത കൃഷി വിലയിടിവിന്‌ നല്ല പരിഹാരമാണ്‌.
ജൈവകൃഷി
ജൈവകൃഷിയിലൂടെ ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾക്ക്‌ ഇന്ന്‌ ലോക വിപണിയിൽ നല്ല ഡിമാന്റാണ്‌. അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും ഒരുപോലെ മികച്ച വിലയും ലഭിക്കുന്നു. നാളികേര കൃഷിക്ക്‌ കന്നിമണ്ണ്‌ അനുകൂലമാണ്‌. അതിനാൽ പ്രകൃതി കൃഷിരീതിയിലൂടെ നാളികേരത്തിന്റെ ഉത്പാദനവും വർധിപ്പിക്കാം. രാസവളപ്രയോഗം ഒഴിവാക്കി ജൈവകൃഷിയിലൂടെ ഉത്പ്പാദിപ്പിക്കുന്ന  നാളികേരത്തിന്‌ ഗുണമേന്മയും കൂടുതലാണ്‌. ഇതായിരിക്കും കർഷകന്‌ സാമ്പത്തികമായി ലാഭകരം. ഇത്‌ മണ്ണിനെയും  ജലത്തെയും സംരക്ഷിക്കുകയും ചെയ്യും.
ഗവേഷണം അനിവാര്യം
തോട്ടവിളകൾക്ക്‌ അനുയോജ്യമായ
" നല്ല കൃഷി രീതി"കൾ വികസിപ്പിക്കാൻ ഇനിയും ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്‌. തോട്ടവിളകൾക്കൊപ്പം കൃഷി ചെയ്യാൻ സാധിക്കുന്ന മറ്റ്‌ വിളകൾ അവയുടെ കൃഷിരീതികൾ ഇവ സംബന്ധിച്ചും പഠനങ്ങൾ നടക്കണം. ജിഎപി സമ്പ്രദായം നാളികേര കൃഷിയിൽ എത്രത്തോളം ലാഭകരവും ഫലപ്രദവുമാണെന്നും അതിന്റെ സാധ്യതകൾ എന്തൊക്കെയാണ്‌ എന്നും പഠിക്കേണ്ടിയിരിക്കുന്നു.
ശരിയായി പരിപാലിക്കുകയാണെങ്കിൽ ഉയർന്ന വരുമാനം നേടാൻ സാധിക്കുന്ന കൃഷിയാണ്‌ തോട്ടവിളകൾ.പ്രത്യേകിച്ച്‌ നാളികേരം. കാർഷിക മേഖലയിൽ മാത്രം പരമ്പരാഗതമായി ഒതുങ്ങി നിന്നിരുന്ന നാളികേര കൃഷി ഇന്ന്‌ വ്യാവസായികാടിസ്ഥാനത്തിൽ വ്യാപകമായിരിക്കുന്നു. കൃഷി ലാഭകരമാണ്‌ എന്ന സൊ‍ാചനയാണ്‌ ഇതു നൽകുന്നത്‌. ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം സംസ്കരണവും വിപണനവും ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങൾ കണ്ടേക്കാം.  കർഷകരുടെ ഫെഡറേഷനുകളും കമ്പനികളുമാണ്‌ ഇതിനുള്ള ശാശ്വത പരിഹാരം. ഇതാണ്‌ ഇപ്പോൾ നാളികേര വികസന ബോർഡ്‌ പ്രാവർത്തികമാക്കിക്കൊണ്ടിരിക്
കുന്ന തൃത്താല സംവിധാനം -  കർഷകരുടെ ഉത്പാദക സംഘങ്ങൾ, ഫെഡറേഷനുകൾ , കമ്പനികൾ.  നിലവിൽ  രാജ്യത്ത്‌ മൊത്തം 4841 നാളികേര ഉത്പാദക സംഘങ്ങളും 443 നാളികേര ഉത്പാദക ഫെഡറേഷനുകളും 17 നാളികേര ഉത്പാദക കമ്പനികളും  രജിസ്റ്റർ ചെയ്തു കഴിഞ്ഞു

2014 കർഷകരുടെ ഉത്പാദക സംഘങ്ങളുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കുകയാണ്‌. സംഘങ്ങളിലേയും  ഫെഡറേഷനുകളിലേയും  അംഗങ്ങളായ കർഷകരെ ബോധവത്ക്കരിച്ച്‌ അവരുടെ നാളികേര തോട്ടങ്ങളിൽ ജിഎപി അനുവർത്തിക്കാൻ പ്രേരിപ്പിച്ചാൽ ഉത്പ്പാദനം വർധിക്കും, ഉത്പാദന ക്ഷമതയും വർധിക്കും ഉത്പ്പന്ന ഗുണമേന്മയും വർധിക്കും. ഇതിലൂടെ കർഷകരുടെ ആദായവും ഗണ്യമായി വർധിക്കും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...