24 May 2014

ആറന്മുളേ ആറന്മുളേ....



ശ്രീകൃഷ്ണദാസ് മാത്തൂര്‍
ആറന്മുളേ, ആറന്മുളേ
നമ്മളെന്താണിങ്ങനെ ?
വിട്ടു പോവുമ്പോഴും വിടാതെ
തോണിപോലടുക്കുന്നു തമ്മില്‍.

മഴ കണ്ണാടിക്കൂട്ടുരുക്കി
പാടത്തിലൊഴിച്ചതേ
തന്നിലെവിടെ തന്റെ മുഖമെ-
ന്നാകാശം തത്രപ്പെട്ടു നോക്കും.
തിരുവോണത്തോണിയോടി-
ച്ചൊറ്റയ്ക്കൊരു തുമ്പി വരു-
മോടക്കുഴലൂത്തുകേമന്റെ
മുടിയൊതുക്കില്‍ പീലി കണ്ണുവിരിക്കും,
തിടപ്പള്ളിയില്‍കടുംപായസ-
ക്കൂട്ടു പോലെ നമ്മളിരുപേര്‍....
തീറ്റയായും നിവേദ്യമായും
ഇഹക്കൊതിയരേ,നിങ്ങള്‍ക്കായ്..!

തിരിച്ചറിയല്‍പാടുകള്‍‍ വടി-
ച്ചൊരുങ്ങി നില്‍ക്കുന്നു ഞാന്‍,
നീര്‍ത്തടച്ചുട്ടി, ഇലത്തിടമ്പ്
പാടത്തു പൊട്ടിവീഴും
കിളിത്തോരണങ്ങള്‍, ഒറ്റവരമ്പുകളില്‍
ധനുമാസ വിളക്കുകള്‍..
നീര്‍ച്ചോലമുന്താണി, പുളിയില-
ക്കരവെയില്‍മുണ്ട്, നീരണി-
സ്വപ്നത്തിലാലോലമാട്ടം, എല്ലാം
വലിച്ചെറിഞ്ഞു നീയിനി വിമാനക്കമ്പനി...!
ഇലത്താവളങ്ങളില്‍ ഒടുവിലെ
പറക്കല്‍, വിതുമ്പല്‍, വിടപറച്ചില്‍
വംശനാശത്തിലേക്കൂളിയിട്ട്
കാടിന്റെ പുഷ്പകവിമാനങ്ങള്‍..
എല്ലാമുണ്ടെങ്കിലും ഒന്നുമില്ലെന്ന്
തനിയാവര്‍ത്തനം,
ആറന്മുളേ, ആറന്മുളേ
നമ്മളെന്താണിങ്ങനെ ?

'വെടക്കാക്കി തനിയ്ക്കാക്ക'പ്പെട്ടവര്‍
ഒടുവില്‍ തുടുപ്പിനാലടി വാങ്ങുവോര്‍,
തുടല്‍വിളക്കിലെ കരിന്തിരികള്‍,
സാര്‍വ്വലൌകിക ശനിയപഹാരം
ഉഴിഞ്ഞെറിഞ്ഞതിന്‍ ബാക്കിപത്രം
കെട്ട നീരാഞ്ജന വിളക്കിന്‍ കരിങ്കുഴമ്പ്,
തൊടിയ്ക്കേറ്റ ഭൂമാഫിയ പിടിത്തം
കുടഞ്ഞൊടുക്കം വിധേയരായവര്‍,
ആറന്മുളേ, ആറന്മുളേ
നമ്മളെന്താണിങ്ങനെ ?
**************
 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...