24 May 2014

കേരോൽപന്നങ്ങളുടെ ആഗോളവിപണനം സാദ്ധ്യമാക്കാൻ സുസ്ഥിരകൃഷി മാനദണ്ഡങ്ങൾ


മാത്യു സെബാസ്റ്റ്യൻ

ഇൻഡോസർട്ട്‌, ആലുവ

ഭക്ഷ്യസുരക്ഷയും സുസ്ഥിരകൃഷിയുമാണ്‌ ഈ നൂറ്റാണ്ടിൽ ലോകം മുഴുവനും ബാധിക്കുന്ന പ്രധാന സംഗതികൾ. അടുത്ത മുപ്പത്‌ വർഷത്തിനുള്ളിൽ ലോകജനസംഖ്യ 7 ബില്ല്യണിൽ നിന്നും 9 ബില്ല്യൺ ആയി വർദ്ധിക്കുമെന്നത്‌ ഭക്ഷ്യവസ്തുക്കളുടെ ആവശ്യകതയിൽ അഭൂതപൂർവ്വമായ ഡിമാന്റ്‌ സൃഷ്ടിക്കും. കൃഷി ഭൂമിയിന്മേലുള്ള സമ്മർദ്ദവും വർദ്ധിക്കും.
സുസ്ഥിരകൃഷി എന്നത്‌ എന്നെന്നും നിലനിൽക്കുന്ന കൃഷി സമ്പ്രദായമാണ്‌. ഉത്പാദനക്ഷമതയും സമൂഹത്തിന്‌ പ്രയോജനക്ഷമതയും അനന്തകാലത്തേക്ക്‌ നിലനിർത്താൻ കഴിയുന്ന കൃഷിരീതിയാണിത്‌.
ജൈവകൃഷിയാണ്‌ ഇന്ത്യയിലെ കർഷകർക്കും ഉപഭോക്താക്കൾക്കും ഏറ്റവും പരിചയമുള്ള സുസ്ഥിര കൃഷി രീതി. ഇത്തരത്തിൽ കൃഷിചെയ്യുമ്പോൾ രാസവളങ്ങളും രാസകീടനാശിനികളും ഹോർമോണുകളും പൂർണ്ണമായി ഒഴിവാക്കണം.  ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച ഉൽപന്നങ്ങളുടെ ആഗോളവിപണിയും തദ്ദേശിയ വിപണിയും അനുദിനം വികസിച്ച്‌ വരുന്നു.
ജൈവകൃഷിക്ക്‌ ഇന്ത്യയിൽ ദേശീയ മാനദണ്ഡങ്ങളും അന്തർദ്ദേശീയ മനദണ്ഡങ്ങളും നിലവിലുണ്ട്‌. ജൈവഉൽപന്നങ്ങൾ ജൈവമുദ്രയോടെ കയറ്റുമതി ചെയ്യണമെങ്കിൽ ജൈവസർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. കയറ്റുമതി ചെയ്യപ്പെടുന്ന ജൈവകേരോൽപന്നങ്ങളിൽ തേങ്ങയും വെളിച്ചെണ്ണയുമാണ്‌ പ്രധാന ഇനങ്ങൾ. ജൈവകരിക്കിൻ വെള്ളത്തിനും ജൈവ തെങ്ങിൻ ശർക്കരയ്ക്കും വിദേശ വിപണിയിൽ വൻഡിമാന്റുണ്ട്‌. ജൈവനീരയ്ക്കും വ്യാപാര അന്വേഷണങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്‌. ജൈവ തെങ്ങിൻ ശർക്കരയും ജൈവ കൊക്കോയും ജൈവ പാൽപൊടിയും ചേർത്തുണ്ടാക്കുന്ന ജൈവ ചോക്ലേറ്റിനും ആവശ്യക്കാർ ഏറെയുണ്ട്‌. ജൈവ സൗന്ദര്യവർദ്ധക വസ്തുക്കളിലും ജൈവവെളിച്ചെണ്ണ ധാരാളമായി ഉപയോഗിച്ചുവരുന്നു.
പൂർണ്ണമായും ജൈവകൃഷിരീതി പൈന്തുടരുന്ന ലക്ഷക്കണക്കിന്‌ കർഷകർ നമ്മുടെ രാജ്യത്തുണ്ട്‌. എന്നാൽ ജൈവകൃഷിരീതി പൈന്തുടരുന്നതിൽ പ്രായോഗിക വൈഷമ്യങ്ങൾ നേരിടുന്നവരെ സബന്ധിച്ചിടത്തോളം ജൈവകൃഷിരീതികളും രാസകൃഷിരീതികളും സംയോജിപ്പിച്ചുകൊണ്ട്‌ സംയോജിത വളപ്രയോഗവും സംയോജിത കീടനിയന്ത്രണവും അവലംബിച്ചുകൊണ്ടുള്ള സുസ്ഥിരകൃഷിരീതിയാണ്‌ അഭികാമ്യം. സുസ്ഥിരകൃഷിക്കുള്ള ഏറ്റവും പ്രധാനമായ മാനദണ്ഡമാണ്‌ സസ്സ്റ്റെയിനബിൾ അഗ്രിക്കൾച്ചർ നെറ്റ്‌വർക്ക്‌ സ്റ്റാൻഡേർഡ്‌  (Substainable Agriculture Network SAN Standard). ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന കൃഷിയിടങ്ങൾക്കും അവ സംസ്ക്കരിക്കുന്ന ഫാക്ടറികൾക്കും റെയ്ൻഫോറസ്റ്റ്‌ അലയൻസ്‌ സർട്ടിഫിക്കേഷൻ ലഭിക്കും. സർട്ടിഫിക്കേഷൻ ലഭിച്ച ഉൽപന്നങ്ങൾ മുദ്രയോടെ വിപണനം ചെയ്യാം.
സർട്ടിഫിക്കേഷൻ ലഭിച്ച ഉൽപ്പന്നങ്ങൾ ഞഅ മുദ്രയോടെ വിപണനം ചെയ്യാം.
സസ്സ്റ്റെയിനബിൾ അഗ്രിക്കൾച്ചർ നെറ്റ്‌വർക്ക്‌ മാനദണ്ഡങ്ങൾ
1.    സുസ്ഥിരകൃഷിയുടെ അടിസ്ഥാന തത്വങ്ങളും മാനദണ്ഡങ്ങളും
    സുസ്ഥിരകൃഷിയിൽ സാമൂഹിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുമുള്ള രീതികൾ വേണം കൃഷിക്ക്‌ അവലംബിക്കാൻ. ഇവയെ സംബന്ധിച്ച നയങ്ങളും നടപടിക്രമങ്ങളും ഉണ്ടായിരിക്കണം. സാധാരണ കർഷകരെ സംബന്ധിച്ചിടത്തോളം ഇവ വളരെ ലളിതമായി നടപ്പിലാക്കാവുന്നതേയുള്ളൂ.  പരിസ്ഥിതി സംബന്ധമായും തൊഴിൽ സംബന്ധമായും ഉള്ള നിയമങ്ങളൊക്കെയും കൃഷിയിടത്തിൽ നടപ്പാക്കുന്നുവേന്ന്‌ ഉറപ്പാക്കണം.
2.    ആവാസവ്യവസ്ഥ സംരക്ഷണം
    കൃഷിയിടത്തിൽ പ്രകൃതിദത്തമായി ജലാശയങ്ങളിലും കരയിലുമായി നിലവിലുള്ള ആവാസവ്യവസ്ഥകളെ സംരക്ഷിക്കണം. നാശോന്മുഖമായവയുണ്ടെങ്കിൽ അവ പുനരുദ്ധരിക്കണം.  കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളുണ്ടെങ്കിൽ അവ  ജൈവവൈവിദ്ധ്യം വർദ്ധിപ്പിക്കുന്ന തരത്തിൽ മരങ്ങളും മറ്റ്‌ വെച്ച്‌ പിടിപ്പിക്കുന്നതിന്‌ ഉപയുക്തമാക്കണം. മണ്ണൊലിപ്പ്‌ മൂലവും കൃഷിയിടത്തിലുപയോഗിക്കുന്ന രാസകീടനാശിനികൾ കലർന്നും തോട്ടത്തിലുള്ള തോടുകളും പുഴകളും കുളങ്ങളും മലിനമാകാതെ സംരക്ഷിക്കണം. വംശനാശം നേരിടുന്ന സസ്യലതാദികളെ സംരക്ഷിക്കണം. കൃഷിയിടത്തിന്റെ അതിരുകൾ, പാതയോരങ്ങൾ, തോടിന്റേയും പുഴയുടേയും ഓരങ്ങൾ എന്നിവ ജൈവവേലി തീർത്ത്‌ സംരക്ഷിക്കണം.
3.    വന്യജീവി സംരക്ഷണം
    സുസ്ഥിര കൃഷിയിടങ്ങൾ വന്യജീവികളുടേയും ദേശാടനപക്ഷികളുടേയും അഭയകേന്ദ്രമാകണം. എന്നാൽ വന്യജീവികളെ കൂട്ടിലടച്ച്‌ വളർത്തുന്നത്‌ നിരോധിച്ചിരിക്കുന്നു. വംശനാശം നേരിടുന്ന ജീവിവർഗ്ഗങ്ങളേയും അവയുടെ വാസസ്ഥലങ്ങളേയും സംരക്ഷിക്കുന്നതിനും ഊന്നൽ നൽകണം. വന്യമൃഗങ്ങളെ വേട്ടയാടുന്നത്‌ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
4.    ജലസംരക്ഷണം
    കൃഷിക്കും മനുഷ്യന്റെ നിലനിൽപ്പിനും ജലം അത്യന്താപേക്ഷിതമാണ. സുസ്ഥിരകൃഷിയിടങ്ങളിൽ ജലസംരക്ഷണത്തിനും ജലം പാഴാവുന്നത്‌ തടയുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം.  ഉപരിതലജലവും ഭൂഗർഭജലവും മലിനമാകാതെ സംരക്ഷിക്കണം. വെള്ളം പാഴാകാതെയുള്ള ജലസേചന സമ്പ്രദായങ്ങൾ അനുവർത്തിക്കണം
5.    തൊഴിലാളികൾക്ക്‌ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ
    അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) നിഷ്ക്കർഷിച്ചിട്ടുള്ള മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ തൊഴിലാളികൾക്ക്‌ ലഭ്യമാക്കണം. ബലം പ്രയോഗിച്ച്‌ വേല ചെയ്യിക്കുന്നതും ബാലവേലയും നിരോധിച്ചിരിക്കുന്നു. സർക്കാർ നിശ്ചയിച്ചിട്ടുള്ള ജോലി സമയവും വേതനവും പൈന്തുടരണം.  തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ആരോഗ്യസംരക്ഷണത്തിനും വേണ്ട അവസരങ്ങളൊരുക്കണം. തൊഴിലാളികൾക്കു താമസസൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിൽ കുടിവെള്ളം, ശുചീകരണ സൗകര്യം, മാലിന്യസംസ്ക്കരണം എന്നിവ ഏർപ്പെടുത്തണം.

6.    തൊഴിൽപരമായ ആരോഗ്യവും സുരക്ഷിതത്വവും
    കൃഷിയിടത്തിൽ തൊഴിൽ സംബന്ധിയായ അപകടസാദ്ധ്യതകൾ ഇല്ലാതാക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്തുനടപ്പാക്കണം. തൊഴിലാളികൾക്ക്‌ അവരുടെ തൊഴിൽ സുരക്ഷിതമായി ചെയ്യുന്നതിനുള്ള പരിശീലനം നൽകണം.  പ്രത്യേകിച്ച്‌ കൃഷിയിൽ പ്രയോഗിക്കുന്ന രാസ കീടനാശിനികളുടെ കാര്യത്തിൽ. രാസകീടനശിനികൾ പ്രയോഗിക്കമ്പോൾ അവ ശരീരത്തിനുള്ളിൽ കടക്കാതിരിക്കാൻ മുഖംമൂടി, കയ്യുറ, സുരക്ഷാവസ്ത്രം, കാലുറ എന്നിവ ധരിച്ചിരിക്കണം. കാർഷികോപകരണങ്ങളും യന്ത്രങ്ങളും ഉപയോഗക്ഷമമായി സൂക്ഷിക്കുന്നതും അപകടങ്ങൾ കുറയ്ക്കുവാൻ ഉപകരിക്കും.
7.    സാമൂഹിക ബന്ധങ്ങൾ
    സുസ്ഥിര കൃഷിയിൽ നല്ല അയൽബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും സൂക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌. കൃഷിയിടത്തിൽ നടപ്പിലാക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും സംബന്ധിച്ച്‌ അയൽക്കാരെയും പ്രദേശവാസികളേയും അറിയിക്കുന്നതും പൊതുവായ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കുന്നതും ഉചിതമാണ്‌.
8.    സംയോജിത വിളപരിപാലനം
    സുസ്ഥിരകൃഷിയിൽ മനുഷ്യന്റെ ആരോഗ്യത്തിന്‌ ഹാനികരമായതും പ്രകൃതിവിഭവശ്രോതസ്സുകൾക്ക്‌ ദോഷകരവുമായതുമായ രാസകീടനാശിനികളുടേയും രാസവസ്തുക്കളുടേയും ഉപയോഗം കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനും പ്രാമുഖ്യം നൽകുന്നു. ഇത്‌ സാദ്ധ്യമാക്കുന്നത്‌ ജൈവരീതികളും കൂടി ഉൾപ്പെടുത്തിയുള്ള സംയോജിത വിള പരിപാലന മുറകളിലൂടെയാണ്‌.  ലോകാരോഗ്യ സംഘടന, Ia, Ib & II  എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളതും യൂറോപ്യൻ യൂണിയനിലും അമേരിക്കയിലും നിരോധിച്ചിട്ടുള്ളതുമായ മാരകമായ കീടനാശിനികൾ ഉപയോഗിക്കാൻ പാടില്ല. ജനിതകമാറ്റം വരുത്തിയ വിളകളും അനുവദിക്കുന്നതല്ല.
9.    മണ്ണ്‌ സംരക്ഷണം
    സുസ്ഥിരകൃഷിയുടെ ഒരു ലക്ഷ്യം ദീർഘകാലം ഉത്പാദനം സാദ്ധ്യമാകുംവിധം മണ്ണിന്റെ ഫലപുഷ്ടി മെച്ചപ്പെടുത്തുക എന്നതാണ്‌. മണ്ണൊലിപ്പ്‌ നിവാരണം വഴി മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുന്നത്‌ തടയാം. മണ്ണൊലിപ്പിലൂടെ ജലാശയങ്ങളിലെത്തുന്ന മൂലകങ്ങൾ ആവാസവ്യവസ്ഥിതിക്ക്‌ ആഘാതമേൽപ്പിക്കുന്നു. മണ്ണിന്റെ ഫലപുഷ്ടി പരിശോധിച്ചു വേണം വളപ്രയോഗം നടത്താൻ. രാസവളങ്ങളും ജൈവവളങ്ങളും ചേർത്തുള്ള സംയോജിത വളപ്രയോഗം അനുവർത്തിക്കാം. മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നതിനും മണ്ണൊലിപ്പ്​‍്‌ തടയുന്നതിനുമയി ജൈവപുത നൽകണം. ഇതിനായി ആവരണ വിളകൾ, ഇടവിളകൾ, ജൈവാവശിഷ്ടങ്ങൾ എന്നിവ ഉപയോഗിക്കാം.

10.    സംയോജിത മാലിന്യ നിയന്ത്രണ നിർവ്വഹണം
    സുസ്ഥിര കൃഷിയിടങ്ങൾ വൃത്തിയായും അടുക്കും ചിട്ടയോടെയും സൂക്ഷിക്കേണ്ടവയാണ്‌. മാലിന്യനിയന്ത്രണത്തിനും സംസ്ക്കരണത്തിനുമായി കൃഷിയിടത്തിൽ മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമായി, മാലിന്യങ്ങൾ പുനരുപയോഗം, പുനചംക്രമണം, സംസ്ക്കരണം തുടങ്ങിയവയ്ക്ക്‌ വിധേയമാക്കുകയും വേണം
സുസ്ഥിരകൃഷിയും
വാണിജ്യ സാദ്ധ്യതകളും

ലോകവിപണയിൽ മുൻനിരക്കാരായ യൂണിലിവർ 2015 മുതൽ അവർ വാങ്ങുന്ന കാർഷികോൽപന്നങ്ങളുടെ 50 ശതമാനവും സുസ്ഥിരകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നവയായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇത്‌ 2020 ഓടെ 100 ശതമാനം ആക്കാനും അവർ ലക്ഷ്യമിടുന്നു. യൂണിലിവർ വാങ്ങുന്ന കേരോൽപന്നങ്ങളിൽ മുഖ്യമായവ തെങ്ങ പാൽപൊടി, തൂൾതേങ്ങ,ഫ്ലേക്സ്‌ എന്നിവയാണ്‌, സുസ്ഥിരകൃഷിയിൽ തെങ്ങിനോടൊപ്പം ഇടവിളയായി വളർത്താവുന്ന കൊക്കോ ഉൽപന്നങ്ങൾക്കും വൻഡിമാന്റാണുള്ളത്‌. യൂറോപ്പിലും അമേരിക്കയിലുമുള്ള വൻകിട റി-ടെയ്‌ല്‌ ശൃംഖലകളും സുസ്ഥിര ഉൽപന്നങ്ങളുടെ വൻവിപണിയാണ്‌. കേരളത്തിലെ കർഷകരും റെയിൻ ഫോറസ്റ്റ്‌ അലയൻസ്‌ സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്‌. ഫിലിപ്പൈൻസിൽ അടുത്തകാലത്ത്‌ 2500 കർഷകർ ഈ സർട്ടിഫിക്കറ്റ്‌ നേടിയിട്ടുണ്ട്‌. കോക്കനട്ട്‌ പ്രോഡ്യൂസർ സോസൈറ്റികളും പ്രോഡ്യൂസർ കമ്പനികളും ഈ രംഗത്തേക്ക്‌ കടന്നുവന്ന്‌ അന്താരാഷ്ട്ര വിപണി കയ്യടക്കുമെന്ന്‌ തീർച്ചയായും പ്രതീക്ഷിക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...