സിഡിബി ന്യൂസ് ബ്യൂറോ, കൊച്ചി -11
വേമ്പനാട്ടുകായലിൽ കുളിച്ച് ഈറനണിഞ്ഞ ഒരു ഗ്രാമമാണ് പെരുമ്പളം. മറയൂർ ശർക്കര പോലെ, പൊക്കാളി അരി പോലെ, കുടമ്പുളിക്ക് പ്രശസ്തമായ ഈ ദ്വീപ് ഒരു വൻ ജൈവ കാർഷിക വിപ്ലവത്തിന് ഒരുങ്ങുകയാണ്. ദ്വീപിനെ മൊത്തം ജൈവകൃഷിയിലേയ്ക്ക് മാറ്റുക എന്ന മാതൃകാപരമായ യജ്ഞമാണ് പെരുമ്പളത്ത് രൂപീകൃതമായ നാളികേര ഉത്പാദക ഫെഡറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ദ്വീപിലെ ഒരു കർഷകൻ ജൈവരീതിയിൽ പച്ചക്കറി കൃഷിചെയ്ത് വിളവെടുത്തതിന്റെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഫെഡറേഷൻ ഇത്തരമൊരു കൃഷിരീതി അവലംബിക്കാൻ അംഗങ്ങളായ നാളികേര കർഷകരെ ആഹ്വാനം ചെയ്തത്. കഴിഞ്ഞ വർഷം തന്നെ പെരുമ്പളത്തെ ജൈവകൃഷി പ്രശസ്തമായി കഴിഞ്ഞിരുന്നു. കൃഷി കാണുവാനും പഠിക്കുവാനും വൻകരയിൽ നിന്നും വിദേശത്തു നിന്നു പോലും ടൂറിസ്റ്റുകളെത്തിയതോടെ ഫാം ടൂറിസമെന്ന ആശയത്തിനും ദ്വീപിൽ വൻ സാധ്യത ഉയർന്നിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിൽ വേമ്പനാട്ടു കായലിൽ സ്ഥിതിചെയ്യുന്ന വെറും 16 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പെരുമ്പളം പണ്ടേ കുടമ്പുളിക്കും നാളികേരത്തിനും പ്രശസ്തമാണ്. വൈക്കം തൃപ്പൂണിത്തുറ റൂട്ടിൽ പൂത്തോട്ടയിൽ നിന്ന് തിരിഞ്ഞ് ബോട്ടുമാർഗ്ഗവും, വൈറ്റില അരൂർ റൂട്ടിൽ അരൂർ ക്ഷേത്രത്തിനടുത്ത് നിന്ന് തിരിഞ്ഞ് ജങ്കാർ വഴിയും പെരുമ്പളത്ത് എത്താം. വേറെ മാർഗ്ഗമില്ല. കുറഞ്ഞൊരു നാൾ മാത്രമെ ആയിട്ടുള്ളു പെരുമ്പളത്ത് റോഡുകളും ചെറു വാഹനങ്ങളും എത്തിയിട്ട്. കാറുകളും ഓട്ടോറിക്ഷകളും സഞ്ചരിക്കുന്ന ഇടവഴികളും കൃഷിയിടങ്ങളും മാത്രമുള്ള ദ്വീപിൽ തെങ്ങാണ് മുഖ്യ വിള. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി പച്ചക്കറി കൃഷിചെയ്ത് കർഷകർ അധിക ആദായം നേടുന്നു. നെൽ കൃഷിയുമുണ്ട്. ഡിസംബർ മുതൽ മെയ് മാസം വരെയാണ് പച്ചക്കറി കൃഷി. പ്രധാനമായും പയർ, പാവൽ, വെള്ളരി, ഇളവൻ, തണ്ണിമത്തൻ തുടങ്ങിയവയാണ്. കുറെപ്പേർ മത്സ്യബന്ധനത്തിലും ഏർപ്പെടുന്നു. കൂടാതെ രണ്ടു കയർ സംഘങ്ങളുമുണ്ട്. മൊത്തം ജനസംഖ്യ ഏകദേശം പതിനാറായിരം വരും. കേരളത്തിൽ ബസ് സർവ്വീസില്ലാത്ത ഏക പഞ്ചായത്ത് എന്ന പ്രത്യേകതയും പെരുമ്പളത്തിനുണ്ട്.
മികച്ച ഉത്പാദനശേഷിയും, വലിപ്പമുള്ള നാളികേരവുമാണ് ദ്വീപിലെ തെങ്ങിൻ തോപ്പുകളുടെ പ്രത്യേകത. ഇവിടെ വിളയുന്ന തേങ്ങയിൽ എണ്ണയുടെ അളവ് വളരെ കൂടുതലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 19 നാളികേര ഉത്പാദക സംഘങ്ങളും അവയെല്ലാം ചേർന്ന ഒരു ഫെഡറേഷനുമാണ് പെരുമ്പളത്ത് ഉള്ളത്.
കഴിഞ്ഞ വർഷം പെരുമ്പളം കൃഷിയാഫീസറായി സ്ഥലം മാറി വന്ന ഇ.വി. ലതയാണ് പെരുമ്പളത്തിന്റെ ജൈവകൃഷി സാധ്യത ആദ്യമായി തിരിച്ചറിഞ്ഞത്. ലതയുടെ നിർദ്ദേശപ്രകാരം ദ്വീപിലെ നാളികേര ഫെഡറേഷന്റെ ഇപ്പോഴത്തെ സെക്രട്ടറിയും യുവകർഷകനുമായ കൂപ്പിള്ളിൽ ശ്രീകുമാർ ജൈവ വളങ്ങൾ മാത്രം പ്രയോഗിച്ച് കഴിഞ്ഞ വർഷം പച്ചക്കറി കൃഷിചെയ്തു. സ്യൂഡോമോണസ്, ബെവേറിയം, വെർട്ടിസിലിയം, തുടങ്ങിയ ജീവാണുവളങ്ങളും മീൻ - ശർക്കര ലായിനിയുമാണ് ശ്രീകുമാർ മൂന്ന് ഏക്കറിലെ കൃഷിയിടത്തിൽ നൽകിയത്. വിളവ് പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു. രുചിയിലും വിലയിലും വ്യത്യസ്തത്ത രേഖപ്പെടുത്തിയ ഈ പച്ചക്കറിക്ക് വിപണിയിൽ വൻ ഡിമാന്റ് ഉണ്ടായി. മരടിലുള്ള നെയ്ബർഹുഡ് സൊലൂഷൻസ് എന്ന വ്യാപാര സ്ഥാപനം ദ്വീപിലെ ജൈവപച്ചക്കറി മൊത്തം വാങ്ങിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്തു. സാധാരണ വ്യാപാരികൾ കർഷകരിൽ നിന്ന് ഉത്പ്പന്നങ്ങൾ വാങ്ങി ഇരട്ടി വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിൽക്കുമ്പോൾ, രാസകീടനാശിനികളും രാസവളങ്ങളും ഒഴിവാക്കി ഉത്പ്പാദിപ്പിച്ച പെരുമ്പളം പച്ചക്കറികൾ കിലോഗ്രാമിന് മാർക്കറ്റ് വിലയിൽ നിന്ന് പത്തും ഇരുപതും രൂപ മാത്രം വില കൂടുതൽ ഈടാക്കിയാണ് നെയ്ബർഹുഡ് സൊലൂഷൻസ് വിൽക്കുന്നത്. അതിന്റെ 30 ശതമാനം കർഷകർക്ക് അവർ നൽകുകയും ചെയ്യുന്നു.
അങ്ങനെയാണ് നാളികേര ഫെഡറേഷനിൽ അംഗങ്ങളായ ദ്വീപിലെ 200 കർഷകർ പ്രസിഡന്റ് കെഎം സുകുമാരന്റ നേതൃത്വത്തിൽ ജൈവകൃഷിയിലേയ്ക്ക് ചുവടുമാറുന്നത്. മുന്നിൽ ശ്രീകുമാറിന്റെ മാതൃകയും എല്ലാകാര്യങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങളുമായി കൃഷി ഓഫീസറുമുണ്ട്. ഒരു പക്ഷെ കാർഷിക കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റമായിരിക്കും പെരുമ്പളം നാളികേര ഉത്പാദക ഫെഡറേഷൻ അംഗങ്ങൾ നടത്തുന്ന തെങ്ങിൻ തോപ്പിലെ ഈ ജൈവകൃഷി വിപ്ലവം. ഈ സീസണിൽ കുറഞ്ഞത് 100 ഏക്കറിലെങ്കിലും പെരുമ്പളം ദ്വീപിൽ ജൈവ പച്ചക്കറി കൃഷി നടക്കും - ഫെഡറേഷൻ സെക്രട്ടറി ശ്രീകുമാർ ഉറപ്പു പറയുന്നു.
ഫെഡറേഷന്റെ മറ്റൊരു സംരംഭമാണ് 100 പേരുടെ ഹരിത സേന. സേനയുടെ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എ. വിനോദ്കുമാർ സേനയ്ക്ക് ആവശ്യമായ കൃഷി യന്ത്രങ്ങൾ സ്പോൺസർ ചെയ്തിരിക്കുകയാണ്. ദ്വീപിന്റെ സ്വന്തം ഉൽപന്നമായ കുടംപുളി ഉണങ്ങുന്നതിന് ഒരു ഡ്രയറും ഇവർ ഒരുക്കുന്നുണ്ട്. വൈകാതെ പെരുമ്പളം കുടമ്പുളിക്ക് ജൈവദേശ സൊാചകം നേടാനുള്ള തയാറെടുപ്പിലാണ് ഫെഡറേഷൻ. കൂടാതെ ജൈവ വെളിച്ചെണ്ണ ഉത്പ്പാദിപ്പിക്കാനുള്ള ഒരു പദ്ധതിയും ആലോടനയിലുണ്ട്.
ജൈവകൃഷിയുടെ ശംഖൊലി മുഴങ്ങിയപ്പോൾ തന്നെ ദ്വീപിൽ ഫാം ടൂറിസത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. ദ്വീപിലെ കർഷകനായ രാജേന്ദ്രബാബു വീടിനോടു ചേർന്ന് ഹോം സ്റ്റേ നിർമ്മിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ തന്നെ പെരുമ്പളത്ത് സഞ്ചാരികൾ എത്തിയിരുന്നു. തുർക്കി, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൃഷിയിൽ കമ്പമുള്ള സഞ്ചാരികൾ പെരുമ്പളത്ത് എത്തിയത്. രാജേന്ദ്രൻ തന്റെ കൃഷി പൂർണമായും ജൈവ രീതിയീലാണ് നടത്തുന്നത്. കൃഷിയിടത്തിന്റെ ആവശ്യങ്ങൾക്കായി പഞ്ചഗവ്യം പോലുള്ള ജൈവ തയാറിപ്പുകൾക്കായി അദ്ദേഹം വെച്ചൂർ, കാസർഗോഡ് തുടങ്ങിയ നാടൻ പശുക്കളെയും വളർത്തുന്നു. കൂടാതെ തേനീച്ച വളർത്തലുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് - 9446122740