രാജേഷ് ചിത്തിര.
ഒരു വനം.
പൂക്കള്‍ ചൂടി മരങ്ങള്‍
ചിറകുകള്‍ ഉടലോടു ചേര്‍ത്ത്
പക്ഷികള്‍,
ഏതോ പാട്ടു മൂളിക്കൊണ്ട്
ഒരരുവി,
നമുക്കു ചുറ്റും,
നമുക്കൊപ്പം,
ചലിക്കുന്നു.
മുന്നില്‍ ചലിച്ചു
കൊണ്ടിരുന്ന നീ
നില്‍ക്കുന്നു ഒരു ഞൊടി.
നില്‍ക്കുന്നു,
മരങ്ങള്‍,
പക്ഷികള്‍
ഞാന്‍
എല്ലാം
നില്‍ക്കുന്നു.
പുഴമാത്രം
ഒരു ഞൊടി നിന്ന്,
ഏതോ പാട്ടിനു
കാതോര്‍ക്കുന്നു.
വീണ്ടും ഒഴുകുന്നു.
ആ പുഴയാണ്
ബാക്കി വന്ന കടല്‍.
നമുക്കിടയില്‍.