27 Jun 2014

കേരവൃക്ഷത്തണലിൽ കാഴ്ചകളുടെ വിരുന്ന്‌


ടി. എസ്‌. വിശ്വൻ,
ചിന്ത, തണ്ണീർമുക്കം, ആലപ്പുഴ
 ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത്‌ കടലിനഭിമുഖമായി നിലവിലുള്ള ഹോട്ടൽ സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച്‌ പതിനാറ്‌ വർഷം മുമ്പ്‌ ആരംഭിച്ച ?മാരാരി ബീച്ച്‌? ഇന്ന്‌ ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനംപിടിച്ച വിനോദ വിശ്രമ കേന്ദ്രമാണ്‌. ടൂറിസം പണമുണ്ടാക്കാൻ എളുപ്പവഴിയായി മാറിയ കാലത്ത്‌ കടലോരത്തെ മുപ്പത്‌ ഏക്കർ ചൊരിമണലിൽ സ്വഭാവിക പ്രകൃതി അവസ്ഥകളെ സംരക്ഷിച്ച്‌ ഒരു ഹോട്ടൽ ആരംഭിക്കാൻ മുന്നോട്ടു വന്ന സി. ജി. എച്ച്‌ ഗ്രൂപ്പിലെ ഡൊമിനിക്ക്‌ കുടുംബത്തിന്‌ ഇന്ന്‌ അഭിമാനിക്കാൻ ഏറെ വകയുണ്ട്‌. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ പരിസ്ഥിതി അവാർഡ്‌, എനർജി കൺസർവേഷൻ അവാർഡ്‌, ഇന്റർനാഷണൽ എക്കോ ടൂറിസം അവാർഡ്‌, ബെസ്റ്റ്‌ ഹോട്ടൽ മാനേജർ അവാർഡ്‌ തുടങ്ങിയവ തുടർച്ചയായി മാരാരി ബീച്ചിന്‌ ലഭിക്കുന്നു. ഇവിടെ തലയുയർത്തി നിൽക്കുന്ന ആയിരത്തിനുമേൽ തെങ്ങുകളും ഇടവിളയായി ഫലവൃക്ഷങ്ങളും, ഔഷധ  മരങ്ങളും, നാലര ഏക്കർ ജൈവ പച്ചക്കറി തോട്ടവും, പൂച്ചെടികളും, കരനെൽക്കൃഷിയുമെല്ലാം വിനോദ സഞ്ചാരികൾക്ക്‌ കൗതുകം പകരുന്ന കാഴ്ചയാണ്‌. അസംഖ്യം ചിത്രശലഭങ്ങൾ ഒന്നിച്ചുകൂടുന്ന ശലഭോദ്യാനവും, പച്ചക്കറി വിഭവങ്ങൾ വിളവെടുത്ത്‌ പാകം ചെയ്ത്‌ കഴിക്കാൻ തോട്ടത്തിൽ തന്നെയുള്ള ഫാം കിച്ചണുമെല്ലാം വേറിട്ട അനുഭവങ്ങളാണ്‌.
രാജ്യത്തിനകത്തും പുറത്തുമുള്ള രാഷ്ട്രത്തലവന്മാർ, മന്ത്രിമാർ, അംബാസഡർമാർ, വ്യവസായികൾ, ശാസ്ത്രജ്ഞർ തുടങ്ങിയ വിശിഷ്ടാതിഥികൾ ഇവിടെ വന്ന്‌ മടങ്ങുമ്പോൾ കുറിച്ചിടുന്ന  അഭിപ്രായങ്ങളാണ്‌ തങ്ങളുടെ ഏറ്റവും വലിയ സമ്പത്തെന്ന്‌ മാരാരി ബീച്ച്‌ ജനറൽ മാനേജർ പി. സുബ്രഹ്മണ്യം വിനയത്തോടെ പറയുന്നു. ഇദ്ദേഹത്തിനു തന്നെ ഈ വർഷവും ഏറ്റർവ്വും നല്ല ഹോട്ടൽ മാനേജർക്കുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചതിൽ അത്ഭുതപ്പെടേണ്ടതില്ല! ഇക്കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌ തിരുവനന്തപുരത്ത്‌  സംസ്ഥാന മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയിൽ നിന്ന്‌ സുബ്രഹ്മണ്യം അവാർഡ്‌ ഏറ്റുവാങ്ങിയത്‌.
ഏത്‌ രാജ്യത്തിൽ നിന്ന്‌ വരുന്ന അതിഥികളായാലും ആദ്യം ഇളനീർ നൽകി സ്വീകരിക്കുന്ന മാരാരി ബീച്ച്‌ ശൈലി ഇന്നോളം തെറ്റിയിട്ടില്ല. ആവശ്യമായ ഇളനീർ മുൻകൂട്ടി ശേഖരിച്ച്‌ ചെത്തി ഒരുക്കി മുകൾ ഭാഗത്ത്‌ ഒരു നാടൻ ചെമ്പരത്തിപ്പൂവും കുത്തിവെച്ച്‌ സൂക്ഷിക്കുന്നു. പഴയ നാലുകെട്ടിന്റെ ചിത്രപ്പണികളുള്ള സ്വീകരണ മന്ദിരത്തിന്റെ പൂമുഖത്ത്‌ കെടാവിളക്കായി കത്തുന്ന ആട്ട വിളക്കിന്‌ മുമ്പിൽ റിസോർട്ടിലെ ജീവനക്കാർ അതിഥികളെ സ്വീകരിക്കും. ആവശ്യമായ ഇളനീരും പൂവുമെല്ലാം മാരാരി ബീച്ചിലെ വിശാലമായ തോട്ടത്തിൽ നിന്ന്‌ തന്നെ ശേഖരിക്കും. അതിഥി ഗൃഹങ്ങളിൽ സുഗന്ധം പരത്താൻ ഹോട്ടൽ പരിസരത്തുള്ള മുല്ലത്തോട്ടത്തിൽ നിന്നും മുല്ല മൊട്ടുകൾ ശേഖരിച്ച്‌ വാഴയിലയിൽ പൊതിഞ്ഞ്‌ മുറികളിൽ എത്തിക്കും. ?അതിഥിദേവോഭവ:? എന്ന ഭാരതീയ സങ്കൽപ്പത്തിന്‌ അണുവിട വ്യത്യാസം ഉണ്ടാകാതിരിക്കാൻ ധനതത്വ ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും, നിയമ ബിരുദവും, എംബിഎയും, ടൂറിസം മേഖലയിലെ ദശകങ്ങളുടെ അനുഭവവുമുള്ള സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ റിസോർട്ടിലെ ജീവനക്കാർ ഒന്നടങ്കം ഒരേ മനസ്സായി പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദത്തിലും, ഊർജ സംരക്ഷണത്തിലും മാത്രമല്ല ജൈവകൃഷിയിൽ തുടങ്ങി പ്രകൃതി സൗഹൃദ കൃഷിയുടെ പുതുപുത്തൻ പാഠങ്ങളുമായാണ്‌ മാരാരി ബീച്ച്‌ മുന്നോട്ടു പോകുന്നത്‌.
മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിന്റെ തെക്കേ അറ്റത്ത്‌ തുടങ്ങി മാരാരിക്കുളം ബീച്ചുവരെ 700 മീറ്റർ നീളത്തിലുള്ള കടപ്പുറമാണ്‌ റിസോർട്ടിന്റെ പടിഞ്ഞാറേ ഭാഗം. ഇവിടെ മുതൽ കിഴക്കോട്ട്‌ നിരനിരയായി നിൽക്കുന്ന തെങ്ങിൻ പുരയിടമാണ്‌ റിസോർട്ടിനുള്ളത്‌. തുടക്കത്തിൽ ആദായം കുറഞ്ഞതും രോഗകീടബാധയുള്ളതുമായ തെങ്ങുകൾ നീക്കം ചെയ്തു. ഹോട്ടൽ വരുമ്പോൾ ആദായമുള്ള തെങ്ങുകൾ പോലും വെട്ടി മാറ്റുമെന്ന്‌ കരുത്തിയവരുണ്ട്‌. എന്നാൽ തെങ്ങുകളെ സംരക്ഷിക്കുകയും പുതുതായി തെങ്ങിൻ തൈകൾ നട്ട്‌ വളർത്തുകയും ചെയ്യുന്നതിൽ മാരാരി ബീച്ച്‌ അധികൃതർ കൂടുതൽ താൽപ്പര്യമെടുത്തു. കോൺക്രീറ്റ്‌ സൗധങ്ങളോ, ടെയിലുകൾ വിരിച്ച മുറ്റങ്ങളോ അല്ല, പകരം ഒറ്റത്തായി മാതൃകയിലുള്ള ഗ്രാമീണ ഗൃഹങ്ങ (കോട്ടേജുകൾ) ളും, ചുറ്റും വിശാലമായ പുൽത്തകിടികളുമാണ്‌ ഇവിടെ അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്‌. നാടൻ ഇനമായ എരുമപ്പുല്ല്‌ (ബഫല്ലോ ഗ്രാസ്‌) വളർത്തിയാണ്‌ പുൽത്തകിടികൾ പരിപാലിക്കുന്നത്‌.
നാളികേര വികസന ബോർഡ്‌-മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ ബയോ ഹെഡ്ജിംഗ്‌ പ്രോഗ്രാം
2008 ഏപ്രിൽ 13 ന്‌ മാരാരി റിസോർട്ടിൽ വിശ്രമിക്കാനെത്തിയ അന്നത്തെ കേന്ദ്ര കൃഷി വകുപ്പ്‌ മന്ത്രി ശരദ്‌ പവാറുമായി തീരദേശത്തെ കേര കർഷകർ നടത്തിയ ചർച്ചയെ തുടർന്നാണ്‌ ബോർഡിന്റെ സഹായത്തോടെ ബയോ ഹെഡ്ജിംഗ്‌ വില്ലേജ്‌ പ്രോഗ്രാം (കടൽത്തീര ജൈവക്കൃഷി സംരക്ഷണ പദ്ധതി) നടപ്പാക്കിയത്‌. 25 ഹെക്ടർ സ്ഥലത്തായിരുന്ന 2 വർഷക്കാലം നീണ്ടുനിന്ന ഈ പ്രത്യേക പദ്ധതി. മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 9, 10 വാർഡുകളിലായി 200 കർഷകരുടെ കൂട്ടായ്മയിൽ നടപ്പാക്കിയ പദ്ധതിക്ക്‌ മാരാരി ബീച്ചിന്റെ സഹകരണവും ലഭിച്ചിരുന്നു. രോഗബാധിതമായ തെങ്ങുകൾ മുറിച്ചു മാറ്റുകയും പകരം നല്ലയിനം തെങ്ങിൻ തൈകൾ നടുകയും ചെയ്തു. ഇടവിളകളായി ജാതി, വാഴ, ഇഞ്ചി, മഞ്ഞൾ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ കൃഷി കടൽത്തീരത്തും വിജയകരമായി ചെയ്യാമെന്ന്‌ ഈ പദ്ധതിയിലൂടെ തെളിയിച്ചു. രണ്ട്‌ വർഷം കൃഷിക്കാവശ്യമായ ജൈവവളങ്ങൾ നൽകി. ഒപ്പം കീടനിവാരണ പ്രവർത്തനങ്ങളും ഏറ്റെടുത്തു. കടപ്പുറത്ത്‌ നാലുവരിയായി കാറ്റാടി തൈകളും നട്ടു പിടിപ്പിച്ചു. ഇന്ന്‌ സുനാമി വന്നാൽ പോലും നേരിടാൻ തയ്യാറായി നിൽക്കുന്ന കാറ്റാടി മരങ്ങൾ അന്നു നടപ്പാക്കിയ ബയോ ഹെഡ്ജിംഗ്‌ പദ്ധതിയുടെ ഭാഗമാണ്‌. ഇപ്പോൾ മാരാരിക്കുളം വടക്ക്‌ നാളികേര ഉൾപ്പാദക ഫെഡറേഷന്റെ കീഴിലുള്ള കേരകൈരളി സി. പി. എസ്സിലെ അംഗമാണ്‌ മാരാരി ബീച്ച്‌. ഇവിടെയുള്ള തെങ്ങുകളിൽ വിളവെടുക്കുന്നതും, സസ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതും പരിശീലനം നേടിയ ചങ്ങാതിമാരാണ്‌. കൃത്യമായി രണ്ട്‌ മാസം കൂടുമ്പോൾ വിളവെടുക്കാൻ സാധിക്കുന്നതുകൊണ്ട്‌ തെങ്ങിന്റെ ഉത്പാദനത്തിൽ നല്ല വർദ്ധനവുണ്ടെന്ന്‌ മാരാരി ബീച്ച്‌ പി. ആർ. ഒ. കൂടിയായ ഐസക്‌ പറയുന്നു.
മാരാരി ബീച്ചിലെത്തുന്ന വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ രമ്യഹർമ്യങ്ങളിൽ വാഴുന്നവരാണ്‌. അവർക്ക്‌ വേണ്ടത്‌ കൂറ്റൻ കോൺക്രീറ്റ്‌ സൗധങ്ങളോ, കുളിരണിയാൻ കൃത്രിമ കൂളറുകളോ അല്ല. പ്രകൃതിയുടെ പച്ചപ്പും, ഗ്രാമീണതയുടെ നൈർമ്മല്യവും മനുഷ്യ സ്നേഹത്തിന്റെ മാസ്മരികതയുമാണ്‌. അവർ ആഗ്രഹിക്കുന്നത്‌, രാസ കീടനാശിനികൾ കലരാത്ത നാടൻ രുചിയുള്ള ഭക്ഷ്യവിഭവങ്ങളാണ്‌. വ്യവസായ വളർച്ചയുടെയും വാഹനബാഹുല്യത്തിന്റെയും സൃഷ്ടിയായ അന്തരീക്ഷ മലിനീകരണത്തിൽ നിന്ന്‌ അകന്ന്‌ അൽപ്പമെങ്കിലും ആശ്വാസത്തിനുള്ള ശുദ്ധവായുവാണ്‌ അവർക്ക്‌ വേണ്ടത്‌.  കായ്ഫലമുള്ള ആയിരം തെങ്ങുകളും, ഇടവിളകളായി ഫലവൃക്ഷങ്ങളും ഔഷധ മരങ്ങളും, പൂച്ചെടികളും, പച്ചക്കറികളും, പഴവർഗ്ഗ വിളകളുമെല്ലാം സമ്മേളിക്കുന്ന മാരാരി ബീച്ച്‌ ടൂറിസത്തിനു തന്നെ പുത്തൻ കാഴ്ചപ്പാടുകൾ നൽകുന്നു. അശോകം, കൂവളം, അത്തി, ഇത്തി, അരയാൽ, പേരാൽ, കരിഞ്ഞങ്ങാലി, കാഞ്ഞിരം, മരോട്ടി, രുദ്രാക്ഷം തുടങ്ങിയ ഔഷധ മരങ്ങൾ അനവധിയുണ്ട്‌. അന്ന്യം നിന്നു പോകുന്ന നാടൻ മരങ്ങളായ ആഞ്ഞിലിയും,  പുന്നയും, മഞ്ചാടിയും, കുമ്പിളും, തമ്പകവും, കിളിഞ്ഞിലുമെല്ലാം ഇവിടെ പ്രത്യേക പ്രാധാന്യത്തോടെ സംരക്ഷിക്കുന്നു. അവയുടെയെല്ലാം പേരുകളും വിശേഷതകളും ചെറിയ തകിടിൽ ലിഖിതം ചെയ്ത്‌ പതിപ്പിച്ചിട്ടുള്ളത്‌ സന്ദർശകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്രദമാകുന്നുണ്ട്‌. ഹൈബ്രിഡ്‌ ഇനങ്ങളെയല്ല നാടൻ ഇനം സസ്യങ്ങളെയാണ്‌ ഇവിടെ ഏറെയും പരിപാലിക്കപ്പെടുന്നത്‌. രണ്ടായിരത്തിലേറെ ചെമ്പരത്തി ചെടികളുണ്ട്‌. പച്ച നിറമുള്ള അരമതിൽ പോലെ വെട്ടി ഒരുക്കി നിർത്തിയിരിക്കുന്ന ചെമ്പരത്തി ചെടികളുടെ മീതെ വിരിയുന്ന ചുവന്ന പൂക്കൾ കാഴ്ചയ്ക്ക്‌ മനോഹരങ്ങളാണ്‌. അരളി പൂക്കളും, കോളാമ്പി പൂക്കളും, കോംഗ്ങ്ങിണി പൂക്കളും, പിച്ചിയും, ചെത്തിയും, തുളസിയുമെല്ലാം സന്ദർശകരുടെ മനം കവരും. കറുവപ്പട്ടയും, സർവ്വസുഗന്ധിയും, കച്ചോലവും, രാമച്ചവും, ഇഞ്ചിപ്പുല്ലും, തൃത്താവും, ഉതിർക്കുന്ന ഔഷധ ഗന്ധത്തിനുമുണ്ട്‌ സ്വീകാര്യത. പൂക്കളിലെല്ലാം പറന്നുനടക്കുന്ന ചിത്രശലഭങ്ങൾക്ക്‌ ഒന്നിച്ചു കൂടാൻ ഒരു ശലഭോദ്യാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.
ജൈവ പച്ചക്കറി തോട്ടവും ഫാം കിച്ചണും
വിശാലമായ റിസോർട്ട്‌ വളപ്പിൽ നാലര ഏക്കറിലുള്ള ജൈവ പച്ചക്കറി തോട്ടവും, വാഴയും, പപ്പായയുമെല്ലാം വിദേശ ടൂറിസ്റ്റുകളെ മോഹിപ്പിക്കുന്നവയാണ്‌. കായ്‌ കറികളായ പാവലും, പടവലവും, പയറും, മത്തനും, കുമ്പളവും, ചുരയ്ക്കയും നോക്കി കാണാനും ചിത്രങ്ങൾ എടുക്കാനും സന്ദർശകർ തമ്മിൽ മത്സരിക്കും. ഇലക്കറികളായ ചീരകളും, പാലക്ക്ച്ചീര, മല്ലിയില, പുതിനയില, കറിവേപ്പില തുടങ്ങിയവയും സുലഭമാണ്‌ തോട്ടത്തിൽ. ശീതകാല പച്ചക്കറികളായ കാബേജ്‌, കോളിഫ്ലവർ, മുള്ളങ്കി തുടങ്ങിയവയും സമൃദ്ധിയോടെ വളരുന്നു. കറിവാഴകളും, നേന്ത്രനും, ഞാലിപ്പൂവനുമെല്ലാം തോട്ടത്തിന്‌ അലങ്കാരമാണ്‌. കാർഷിക വിഭവങ്ങൾ നേരിൽ കണ്ട്‌ ഇഷ്ടമുള്ളത്‌ ശേഖരിച്ച്‌ ഷെഫിന്റെ സഹായത്തോടെ പാചകം ചെയ്ത്‌ ഭക്ഷിക്കാൻ എല്ലാവിധ സൗകര്യമുള്ള ഫാം കിച്ചനും തോട്ടത്തിന്‌ മദ്ധ്യേയുണ്ട്‌.
ജൈവകൃഷിയും, പ്രകൃതി സൗഹൃദ കൃഷിയും സ്വീകരിച്ചിട്ടുള്ള മാരാരി ബീച്ചിൽ ഇതിനുള്ള നടപടികൾ ഓരോന്നും സുബ്രഹ്മണ്യം വിശദീകരിക്കുന്നത്‌ ഇങ്ങനെ:
ഫ്രണ്ട്‌ ഓഫീസ്‌ മുതലുള്ള 62 കോട്ടേജുകൾ മേയുന്നതിന്‌ എഴുപതിനായിരം മെടഞ്ഞ തെങ്ങോലകൾ വേണം. മെയ്‌ മാസത്തിലാണ്‌ മേയുന്നത്‌. പഴകിയ ഓലകൾ മാറ്റി പുത്തൻ ഓലകൾ വച്ച്‌ ബന്ധിക്കുന്ന ജോലികൾക്ക്‌ പരിചയമുള്ളവർ തന്നെ വേണം. ഇപ്രകാരം നീക്കം ചെയ്യുന്ന പഴകിപ്പൊടിഞ്ഞ ഓലകളും ചവറുകളും ഞങ്ങൾ തെങ്ങിനും, വാഴകൾക്കും, ഇടവിളകൾക്കും പുതയായി ഇടും. കുറേ ഭാഗം നീക്കി വെച്ച്‌ മണ്ണിര കമ്പോസ്റ്റ്‌ ഉണ്ടാക്കും. രണ്ട്‌ ബയോഗ്യാസ്‌ പ്ലാന്റുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഭക്ഷണ ശാലയിലെ ജൈവാവശിഷ്ടങ്ങളത്രയും ബയോഗ്യാസ്‌ പ്ലാന്റിൽ നിക്ഷേപിക്കുന്നു. വാതകം പാചകാവശ്യത്തിനും സ്ലറി നേർപ്പിച്ച്‌ പച്ചക്കറികൾക്ക്‌ വളമായും ഉപയോഗിക്കുന്നു.
 പ്രകൃതി സൗഹൃദ കൃഷിയുടെ ഭാഗമായി രണ്ട്‌ നാടൻ പശുക്കളെയും ഇവിടെ വളർത്തുന്നുണ്ട്‌. ഒന്ന്‌ വെച്ചൂർ പശുവും മറ്റൊന്ന്‌ കാസർഗോഡ്‌ ഡ്വാർഫുമാണ്‌. ചാണകവും, ഗോമൂത്രവും, ശർക്കരയും, പയർമാവും, മണ്ണും ചേർത്ത്‌ ജീവാമൃതമുണ്ടാക്കി ദിവസേന ചെടികൾക്ക്‌ നൽകും. താമസമുള്ള കോട്ടേജുകളിൽ നിന്നും വരുന്ന മലിന ജലം ശേഖരിച്ച്‌ സംസ്കരിക്കാൻ ഒരു സീവേജ്‌ ട്രീറ്റ്‌മന്റ്‌ പ്ലാന്റും ഇവിടെ പ്രവർത്തിക്കുന്നു. പ്ലാന്റിൽ നിന്നും പുറത്തേയ്ക്ക്‌ വരുന്ന വെള്ളം പൂച്ചെടികൾക്കും, ഔഷധമരങ്ങൾക്കുമെല്ലാം പൈപ്പ്‌ വഴി എത്തിക്കുന്നു. മഴവെള്ളം സംഭരിച്ച്‌ ഉപയോഗിക്കുന്നതിന്‌ വൈവിധ്യമാർന്ന പല മാർഗ്ഗങ്ങളും ഞങ്ങൾ സ്വീകരിക്കുന്നുണ്ട്‌. അധികവും ഭൂമിയിലേയ്ക്ക്‌ തന്നെ നിക്ഷേപിക്കുകയാണ്‌.?
പരിസ്ഥിതി സൗഹൃദം നിലനിർത്താൻ കൃഷിയെ സ്നേഹിക്കുകയാണ്‌ ഏറ്റവും നല്ല മാർഗ്ഗമെന്ന സന്ദേശമാണ്‌ മാരാരി ബീച്ച്‌ നൽകുന്നത്‌. ജൈവവൈവിധ്യത്തിന്‌ മാറ്റുകൂട്ടുന്ന ഓരോ ഘടകങ്ങളും ഇവിടെ പരസ്പര പൂരകമായി മാറുന്നു. പാചക പുരയുടെയോ, തീൻ പുരയുടെയോ പിന്നാമ്പുറങ്ങളിൽ മാലിന്യമോ ദുർഗ്ഗന്ധമോ ഇല്ല. മുമ്പുണ്ടായിരുന്ന കുളങ്ങളയെല്ലാം സംരക്ഷിക്കുക വഴി തെളിനീരിന്‌ പൂർണ്ണ ഉറവിടം ഇവിടെ തന്നെയുണ്ട്‌. ഹോട്ടൽ വളപ്പ്‌ മുഴുവൻ പരതിയാലും പ്ലാസ്റ്റിക്കിന്റെ ഒരംശം കണ്ടെത്താനാവില്ല. അഴുകുന്ന മാലിന്യങ്ങളത്രയും മണ്ണിന്‌ ലഭിക്കുന്നതിലൂടെയാണ്‌ ജൈവവൈവിധ്യത്തിന്‌ അസാധാരണത്വം കൈവന്നത്‌. മികവിനുള്ള പുരസ്ക്കാരങ്ങളത്രയും ഏതാനും വർഷങ്ങളായി മാരാരി ബീച്ചിന്‌ സ്വന്തമാകുന്നത്‌ തികച്ചും അർഹതയുടെ അംഗീകാരമാണ്‌. ജനറൽ മാനേജർ സുബ്രഹ്മണ്യത്തോടൊപ്പം മുഴുവൻ ജീവനക്കാരും അർപ്പണ മനസ്സോടെ യാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്‌. ഇനി മാരാരി റിസോർട്ട്‌ എം. ഡി. മൈക്കിൾ ഡൊമിനിക്കിന്റെ വാക്കുകൾ: ?ഞങ്ങളുടെ ജീവനക്കാർ ഈ സ്ഥാപനത്തിലെ മുത്തുകളാണ്‌. ഇവരെക്കുറിച്ച്‌ അഭിമാനമേയുള്ളൂ. അവരാണ്‌ ഈ പച്ചപ്പിനും അവാർഡുകൾക്കും യഥാർത്ഥ കാരണക്കാർ.?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...