27 Jun 2014

കുടവെച്ചൂരിലെ ഫിലിപ്പുകുട്ടീസ്‌ ഫാം


സിഡിബി ന്യൂസ്‌ ബ്യൂറോ, കൊച്ചി -11

കേരളത്തിലെ നാളികേരാധിഷ്ഠിത ടൂറിസത്തിന്റെ ആദ്യമാതൃകയാണ്‌  പുത്തൻ കായലിലുള്ള ഫിലിപ്പുകുട്ടീസ്‌ ഫാം. കോട്ടയം ജില്ലയിലെ കുമരകത്തിനു സമീപമുള്ള വെച്ചൂർ കായലിലെ 750 ഏക്കർ വരുന്ന പുത്തൻകായൽ ചെറിയ ദ്വീപാണ്‌.  അതിന്റെ ഒരു ഭാഗത്തായി പച്ചപ്പിന്റെയും  ആതിഥ്യത്തിന്റെയും രുചിയുടെയും വിസ്മയ ലോകം - അതാണ്‌ ഫിലിപ്പുകുട്ടീസ്‌ ഫാം എന്ന ടൂറിസം കേന്ദ്രം. അപ്പർ കുട്ടനാടിന്റെ ഭാഗമായ ഈ ദ്വീപ്‌ വർഷങ്ങൾക്കു മുമ്പ്‌ കുട്ടനാടിലെ ഏതു കൃഷിസ്ഥലവും പോലെ കായലിൽ നിന്ന്‌ ചെളി കുത്തിയെടുത്ത്‌ ബണ്ടു പിടിപ്പിച്ച്‌ നിർമ്മിച്ചതാണ്‌. സമുദ്രനിരപ്പിൽ നിന്ന്‌ സുമാർ രണ്ടു മീറ്റർ താഴെ സ്ഥിതിചെയ്യുന്ന ഈ ദ്വീപിലേയ്ക്ക്‌ വൻകരയിൽ നിന്ന്‌ വള്ളമല്ലാതെ മറ്റ്‌ യാത്രാസംവിധാനം ഇല്ല.
1950-കളിൽ രാജ്യത്ത്‌ ഭക്ഷ്യധാന്യങ്ങൾക്ക്‌ കടുത്ത ക്ഷാമം ഉണ്ടായപ്പോൾ പ്രശസ്തമായ മുരിക്കൻ കുടുംബാംഗങ്ങൾ അന്നത്തെ ഭരണകൂടത്തിന്റെ അനുമതിയോടെ കൃഷിസ്ഥലമാക്കി വികസിപ്പിച്ച പ്രദേശങ്ങളിലൊന്നാണ്‌ വെച്ചൂർ കായലിലെ ഈ ദ്വീപും. അങ്ങനെയാണ്‌ പുത്തൻ കായൽ എന്ന പേര്‌ ഉണ്ടായത്‌. മുരിക്കൻ കുടുംബത്തിലെ മത്തച്ചൻ എന്ന കർഷക പ്രമുഖൻ പുത്തൻകായലിലെത്തി, പള്ളിവാതുക്കൽ തറവാട്‌ ഇവിടെ സ്ഥാപിച്ചു.  സമുദ്രനിരപ്പിൽ നിന്നു താഴെ സ്ഥിതിചെയ്യുന്നതിനാൽ മഴക്കാലത്ത്‌ വെള്ളം പുറത്തേയ്ക്ക്‌ പമ്പ്‌ ചെയ്ത്‌ കളഞ്ഞശേഷം നെല്ല്‌ കൃഷി ചെയ്തിരുന്നു ആദ്യകാലത്ത്‌. പിന്നീട്‌  മത്തച്ചന്റെ മകൻ ഫിലിപ്പുകുട്ടി 1973 കാലഘട്ടത്തിൽ ഈ തറവാടിനു ചുറ്റുമുള്ള അൻപത്‌ ഏക്കർ മുഴുവൻ ചെളികുത്തി ചിറയുണ്ടാക്കി അവിടെ മുഴുവൻ തെങ്ങു നട്ടുപിടിപ്പിച്ച്‌ കേരള സർക്കാരിന്റെ ആദ്യ കേരകേസരിപ്പട്ടം ചൂടി. അത്‌ 1994 -ൽ ആയിരുന്നു.
1997 ൽ ഫിലിപ്പ്കുട്ടിയുടെ മരണത്തോടെ മകൻ വിനോദ്‌ കൃഷിയിടത്തിന്റെ നടത്തിപ്പ്‌ ഏറ്റെടുത്തു. ബിസിനസ്‌ മാനേജ്‌ മെന്റ്‌ ബിരുദധാരിയായ വിനോദിന്റെ ആശയമായിരുന്നു ഫാം ടൂറിസം എന്നത്‌. മുംബൈയിൽ ഉയർന്ന ഉദ്യോഗത്തിലിരിക്കെ പിതാവിന്റെ മരണത്തെ തുടർന്ന്‌ വീട്ടിലെത്തിയ വിനോദിന്റെ മുന്നിൽ രണ്ടു വഴികളായിരുന്നു. ഒന്ന്‌ തിരകെ മുബൈയ്ക്ക്‌ മടങ്ങി ഉദ്യോഗം തുടരുക. അല്ലെങ്കിൽ വീട്ടിൽ താമസിച്ച്‌ പിതാമഹന്മാരായി തുടർന്നു വന്ന കൃഷിഭൂമിയിലേയ്ക്ക്‌ ഇറങ്ങുക. തെങ്ങുകൃഷി മെല്ലെ നഷ്ടത്തിലേയ്ക്ക്‌ നീങ്ങുന്ന കാലമായിരുന്നു അത്‌. പക്ഷെ വിനോദിന്റെ തീരുമാനം ഉറച്ചതായിരുന്നു. തറവാടിന്റെ ഉത്തരവാദിത്വവും കൃഷിയും ഏറ്റെടുക്കുക. നഷ്ടത്തിലേയ്ക്ക്‌ നീങ്ങിയ കൃഷിയെ ലാഭത്തിലാക്കാൻ വിനോദിന്റെ ബുദ്ധിയിൽ ഉദിച്ച പദ്ധതിയാണ്‌ ഫിലിപ്പ്കുട്ടീസ്‌ ഫാം.
വൈവിധ്യവത്ക്കരണമായിരുന്നു ആദ്യം തുടങ്ങിയത്‌. തെങ്ങിനിടയിലെ ചിറകൾ അദ്ദേഹം കുറച്ചുകൂടി ബലപ്പെടുത്തി. അവിടേയ്ക്ക്‌  പുതിയ ഇടവിളകൾ എത്തി. വാഴ, കപ്പ, ചേമ്പ്‌, ചേന, വിവിധഇനം പച്ചക്കറികൾ, കുടംപുളി, ജാതി എന്തിനു പറയുന്നു പുരയിടത്തിന്റെ അതിർ വരമ്പുകളിലൂടെ തേക്കും മഹാഗണിയും വരെ നട്ടു പിടിപ്പിച്ചു വിനോദ്‌.
അടുത്ത ഘട്ടം ഫാമിനെ  പൂർണ്ണമായി ജൈവകൃഷിയിലേക്ക്‌ മാറ്റുക എന്ന ദൗത്യമായിരുന്നു. ഫിലിപ്പുകുട്ടിയുടെ കാലം മുതൽ കേരളത്തിന്റെ സ്വന്തം ജാനസായ വെച്ചൂർ പശുക്കൾ ഫാമിൽ ഉണ്ടായിരുന്നു. അവയ്ക്കൊപ്പം കൂടുതൽ പശുക്കളും കോഴികളും താറാവുകളും മറ്റും പള്ളിവാതുക്കൽ തറവാട്ടിലേയ്ക്ക്‌ എത്തി. ഒപ്പം പുരയിടത്തിലെ കൈത്തോടുകളിലെല്ലാം കരിമീൻ ഉൾപ്പെടെ വിവിധ ഇനം മീൻ കുഞ്ഞുങ്ങളും വളരാൻ തുടങ്ങി. അന്ന്‌ തെങ്ങുകൾ ചെത്തി കള്ളും എടുത്തിരുന്നു.  ഈ കാലഘട്ടത്തിലാണ്‌ കേരകേസരിയുടെ കൃഷിയിടം സന്ദർശിക്കാൻ ആളുകൾ എത്തിത്തുടങ്ങിയത്‌. വിദേശികളിൽ പലർക്കും  ഫാം കണ്ടുതീർക്കാൻ ഒരുദിവസം തികയാതെ വന്നു. ഉള്ള സൗകര്യത്തിൽ ചിലർ വീട്ടിൽ താമസിച്ച്‌ ഫാമിലെ കാര്യങ്ങൾ പഠിച്ചു. ഇങ്ങനെയാണ്‌ ഫാം ടൂറിസമെന്ന ആശയത്തിലേയ്ക്ക്‌ തിരിഞ്ഞത്‌. ആദ്യം 1999 ലാണ്‌  കായലിന്‌ അഭിമുഖമായി ഗ്രാമീണ ശൈലിയിലുള്ള ഒരു ഹോം സ്റ്റേ നിർമ്മിച്ചതു. അത്‌ ലാഭകരമാണെങ്കിൽ മാത്രം കൂടുതൽ കോട്ടേജുകൾ നിർമ്മിക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. വിനോദിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല, സഞ്ചാരികളുടെ പ്രവാഹം തന്നെ ഫിലിപ്പുകുട്ടീസ്‌ ഫാമിലേയ്ക്ക്‌ ഉണ്ടായി. അതുകൊണ്ട്‌, 2002 ൽ  തന്നെ സമാന ശൈലിയിലുള്ള രണ്ടു ഹോം സ്റ്റേകളും 2005 ൽ വീണ്ടും മൂന്ന്‌ എണ്ണവും കൂടി നിർമ്മിച്ച്‌ അതിഥികൾക്കുള്ള താമസസൗകര്യങ്ങൾ മെച്ചപ്പെടുത്തി. 
ഫിലിപ്പുകുട്ടീസ്‌ ഫാമിൽ എത്തുന്ന സഞ്ചാരികൾ വെറും ടൂറിസ്റ്റുകൾ ആയിരുന്നില്ല. അവർ പള്ളിവാതുക്കൽ കുടുംബത്തിന്റെ അതിഥികളാണ്‌. കുടുംബാംഗങ്ങളെ പോലെ അതിഥികളെ സത്ക്കരിക്കാൻ വിനോദിന്റെ അമ്മ ആനിയമ്മയും ഭാര്യ അനുവും മക്കളായ ഫിലിപ്പും ആന്യയും ശ്രദ്ധിക്കുന്നു. ഫാമിൽ നിന്ന്‌ ഓരോ അതിഥിയും യാത്രപറഞ്ഞിറങ്ങുന്നത്‌ മധുരിക്കുന്ന ഓർമ്മകളും അനുഭവങ്ങളുമായിട്ടാണ്‌.
ഫിലിപ്പുകുട്ടീസ്‌ ഫാമിലെ വൃത്തിയും വെടിപ്പുമുള്ള ഹോം സ്റ്റേകൾ കേരളീയ വാസ്തുകലയുടെ ഉത്തമ മാതൃകകളാണ്‌. ഫാമിലെത്തുന്ന അതിഥികളെ സ്വന്തം ബന്ധുക്കളെപ്പോലെയാണ്‌ ജീവനക്കാർ പോലും കരുതുന്നത്‌. എന്തു സഹായത്തിനും അവർ തയാറായി നിൽക്കുന്നു. ഓൺലൈനായി ബുക്ക്‌ ചെയ്താണ്‌ അതിഥികൾ എത്തുന്നത്‌.  വിശാലമായ കൃഷിയിടം സന്ദർശനമാണ്‌ ഫാം ടൂറിസം പായ്ക്കേജിലെ പ്രധാന ആക്ടിവിറ്റി.  തെങ്ങിൻ പുരയിടത്തിലെ കനാൽ ബണ്ടുകളിലൂടെ, വിവിധയിനം വൃക്ഷവിളകളുടെയും പച്ചക്കറികളുടെയും ഇടയിലൂടെ, നിരനിരയായി നിൽക്കുന്ന വാഴക്കൂട്ടത്തിലൂടെയുള്ള സഞ്ചാരം ഹൃദ്യമായ അനുഭവം തന്നെ. കൂടാതെ, അവിടെ നടക്കുന്ന  കയർപിരി, ഓലമെടയൽ, ചൂല്‌ നിർമ്മാണം തുങ്ങിയവയൊക്കെ അവർക്ക്‌ കൗതുക കാഴ്ച്ചകളാണ്‌.   ആവശ്യമുള്ളവർക്ക്‌ ചെറിയ വഞ്ചിയിൽ ഫാമിലെ കൈത്തോടുകളിലൂടെ യാത്ര ചെയ്യാം,  അതും വേറിട്ട അനുഭവമാക്കാം. ചിലർ അടുക്കളയിലെത്തി പാചകം ചെയ്യാൻ കൂടും, കേരളീയ ഭക്ഷണത്തിന്റെ രസതന്ത്രം അറിയാൻ.  ചില അതിഥികൾക്കായി വഞ്ചിയിൽ യാത്രകൾ ഏർപ്പാടാക്കും. അവർക്ക്‌ അതൊക്കെ വലിയ താൽപര്യമാണ്‌. ചിലർ ചൂണ്ടയിടാൻ പോകും. ഗ്രാമങ്ങളിലെ കാഴ്ച്ചകൾ  മനസിലാക്കാനും മാർക്കറ്റ്‌ കാണാനും അവരെ തനിയെ അയക്കാറുണ്ട്‌ എന്ന്‌ വിനോദിന്റെ ഭാര്യ അനു പറഞ്ഞു. ഒരിക്കലും അവരുടെ സ്വകാര്യതയിൽ ആതിഥേയർ  ഇടപെടാറില്ല. ചിലർക്ക്‌ പക്ഷി നിരീക്ഷണം വളരെ ഇഷ്ടമാണ്‌, അവർക്ക്‌ അതിനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കും. ചിലർ വിശ്രമിക്കാൻ എത്തുന്നവരാണ്‌. മിക്കവാറും വായനയുമായി അവർ ഒതുങ്ങിക്കൂടും. ആരും ശല്യപ്പെടുത്തുന്നത്‌ അവർക്ക്‌ ഇഷ്ടമല്ല. ചിലർ വലിയ കലാകാരന്മാരാണ്‌. അവർ ക്യാൻവാസും ബ്രഷുമായി കായലോരത്ത്‌ പോയിരുന്ന്‌ ചിത്രരചനയിൽ ഏർപ്പെടും. യോഗയിൽ താൽപര്യമുള്ളവർ  എത്താറുണ്ട്‌. അവർ ചിലപ്പോൾ സംഘമായിട്ടാവും വരിക. താമസവും, ഭക്ഷണവും യോഗപരിശീലനവുമാണ്‌ അവരുടെ പരിപാടി. അവർക്കൊപ്പം പരിശീലകരും ഉണ്ടാകും. ചിലർ ആയുർവേദത്തിൽ താൽപര്യമുണ്ട്‌ എന്നറിയിക്കും. അവർ ക്കായി പുറത്ത്‌ ആയുർവേദ കേന്ദ്രത്തിൽ ആവശ്യമുള്ള  ചികിത്സ ഏർപ്പാടാക്കും.
അതിഥികൾക്ക്‌ ഏറ്റവും താൽപര്യം വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ്‌. ഫാമിലെ താമസവും ഭക്ഷണവും  ആസ്വദിക്കാനാണ്‌ അവർ വരുന്നതു തന്നെ. അവർക്കായി പ്രത്യേക ഭക്ഷണം ഒന്നും തയാറാക്കാറില്ല. വീട്ടിലുള്ളവർ കഴിക്കുന്ന ഭക്ഷണമാണ്‌ അവർക്കും ഇഷ്ടം. അതിഥികൾ കൂടുതലുള്ളപ്പോൾ വീടിനോടു ചേർന്നു നിർമ്മിച്ചിട്ടുള്ള ഓപ്പൺ ഡൈനിങ്‌ ഹാളിലാണ്‌ ഭക്ഷണം വിളമ്പുക. അല്ലെങ്കിൽ വീട്ടിലെ ഊണുമുറിയിൽ അവരും വീട്ടുകാർക്കൊപ്പം ഇരിക്കും. വീട്ടിലുള്ളവരും അവർക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കണം. അതാണ്‌ മര്യാദ.  അൽപം പോലും രാസവളമോ രാസകീടനാശിനിയോ ഉപയോഗിക്കാതെ ഫാമിൽ പരിപാലിക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ്‌  ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത്‌. കരിക്കിൻ വെള്ളമാണ്‌ പൊതുവെ അതിഥികൾക്ക്‌, അവർ ഏതു രാജ്യക്കാരായാലും ഇഷ്ടപാനീയം. ഫാമിലെ തൊഴുത്തിൽ നിന്നുള്ള  പാൽ, കനാലിൽ നിന്നു കോരിയെടുത്ത മീൻ, ഫാമിലെ കോഴികളുടെയും താറാവിന്റെയും മുട്ട,  അപ്പോൾ വിളവെടുത്ത പച്ചക്കറികൾ ഇവയാണ്‌  ഭക്ഷണത്തിനുപയോഗിക്കുക. മിക്കവാറും കേരള രീതിയിൽ പാകം ചെയ്ത സസ്യഭക്ഷണമാണ്‌ എല്ലാവരും താൽപര്യപ്പെടുന്നത്‌.  മത്സ്യം പൊതുവെ ഇഷ്ടമാണ്‌. മാംസത്തോട്‌ അത്ര താൽപര്യം കാണിക്കാറില്ല. എങ്കിലും ഫാമിൽ കോഴി വളർത്തുന്നതിനാൽ ചിക്കൻ ആവശ്യപ്പെടുന്നവർക്ക്‌ നൽകാൻ ബുദ്ധിമുട്ടില്ല.
പ്രധാനമായും ഇംഗ്ലണ്ടിൽ നിന്നുള്ള സഞ്ചാരികളാണ്‌ ഫിലിപ്പുകുട്ടീസ്‌ ഫാമിൽ എല്ലാ വർഷവും സ്ഥിരമായി എത്തുക. ഉദ്യോഗത്തിൽ നിന്നും മറ്റും വിരമിച്ച ദമ്പതികൾ, മധുവിധുവിന്‌ എത്തുന്ന യുവമിഥുനങ്ങൾ, കൃഷിക്കാർ, ഗ്രാമങ്ങളിൽ സാമൂഹ്യ സേവനത്തിന്‌ വരുന്ന വിദ്യാർത്ഥി സംഘങ്ങൾ - ഇങ്ങനെ സമൂഹത്തിന്റെ വിവിധ ശ്രേണിയിൽ പെട്ടവർ ഫിലിപ്പുകുട്ടീസ്‌ ഫാമിലെ ആതിഥ്യം സ്വീകരിക്കാനെത്തുന്നു. മിക്കവാറും അവരുടെ നാട്ടിൽ തണുപ്പ്‌ കാലം ആരംഭിക്കുമ്പോഴാണ്‌ അവർ ഇങ്ങോട്ടു വരിക.  ഒക്ടോബർ മുതൽ മാർച്ച്‌ വരെയാണ്‌ ഇവിടുത്തെ സീസൺ.  ആറും ഏഴും ദിവസം മുതൽ ഒരു മാസം വരെ ഫാമിൽ താമസിക്കുന്നവരുണ്ട്‌. ഫ്രാൻസ്‌, സ്വിറ്റ്സർലണ്ട്‌, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അതിഥികളും ഫാമിൽ എത്തുന്നു. ഈ മാസം സിംഗപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒരു സംഘം വരുന്നുണ്ട്‌. അവരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്‌ ഫാമും ജീവനക്കാരും.
കൂടുതൽ വിവരങ്ങൾക്ക്‌ - ഫോൺ:  9895075130

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...