19 Jul 2014

പുസ്തകം


ശ്രീധരനുണ്ണി ,കോഴിക്കോട്‌


അകലെയുണ്ടൊരു പുസ്തക,മായതി-
ലെഴുതിയിട്ടുണ്ടൊരായിരമക്ഷരം
പല ലിപികളിലെത്രയോ വർണ്ണങ്ങ-
ളിഴുകിയേടുമറിയുന്ന പുസ്തകം.
ഹൃദയമായിത്തുടിക്കുന്ന പുസ്തകം
മധുരമർഥങ്ങൾ ചാലിച്ച പുസ്തകം

വരിക തോഴരേ പണ്ടു നാം പാടിയ
പഴയ പാട്ടിന്റെയീണം പരതുക
അതിലുറയുമമൃതവുമായി നമു-
ക്കൊരു മഹാതീർഥയാത്ര പുറപ്പെടാം
അകലെയെൻ പൂർവസൂരികൾ നാരായ-
മുനകളാൽ കോറി വെച്ചതാമക്ഷരം
ചികയുക, കാലദൂരങ്ങൾ താണ്ടിയാ
നടയിലെത്തുക, മന്ത്രം ജപിക്കുക
ജനിമൃതികളെ കൂട്ടിയിണക്കുന്ന
വരദ മന്ത്രാക്ഷരിയിൽ മുഴുകുക
ഇഹപരങ്ങളെ മാലയിൽ കോർക്കുന്ന
ഗഹനമന്ത്രം കരളിൽ കരുതുക.

ഇനി നടക്കാം, വഴിയിൽ മുള്ളെങ്കിലും
പെരിയ മൂർഖൻ പതിയിരിപ്പെങ്കിലും
കൊടിയ ദാഹം വലയ്ക്കുന്നുവേങ്കിലും
കുടൽ കരിഞ്ഞുമണക്കുന്നുവേങ്കിലും
ഇരുളുമൂടിക്കണക്കുന്നുവേങ്കിലും
നിശിതമാം ശീതപാതമുണ്ടെങ്കിലും
ഇടറിടായ്കപദങ്ങൾ പലവഴി-
യൊരു വഴിയായ്‌ തെളിഞ്ഞുകാണുംവരെ.
അതുകഴിഞ്ഞാൽ പടികളനന്തമായ്‌
കയറിയെത്തുന്നിടത്താണ്‌ പുസ്തകം
അവിടെയെത്തിത്തുറക്കണം ജീവന്റെ
കഥയെഴുതിയ ദിവ്യമാം പുസ്തകം
പല ലിപികളിൽ പുണ്യപാപങ്ങൾ തൻ
ചരിതമെല്ലാം കുറിച്ചിട്ട പുസ്തകം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...