ചെഞ്ചീര അരിയുമ്പോള്‍.


ശ്രീകൃഷ്ണദാസ് മാത്തൂർ
ധാതു ബോധം, പോഷകചിന്തകള്‍,
വെട്ടിവിളര്‍ച്ച, രക്തമയമില്ലാതെ
പാതിയിലടങ്ങുമീയാസക്തി.

ചെഞ്ചീര നാരരിഞ്ഞു കൂട്ടുമ്പോള്‍ 
ഇരുമ്പുയുഗത്തിന്റെ ത്സണനാദം,
നിന്നെയിങ്ങനെ കൊത്തിയരിഞ്ഞു,
കൊത്തിയരിഞ്ഞു`..........
എനിക്ക് രക്തമുണ്ടാക്കണമെന്നു`
ഒരു കിരാത രാഷ്ട്രീയമോഹം.

വിരലില്‍ കത്തികൊണ്ട് മുറിയുമ്പോള്‍
മഴ തുടച്ചുകളഞ്ഞ മൃഗീയതയുടെ
കറപ്പാടു പോലെ ചെഞ്ചീരനീര്!!

ഇരുമ്പും വിരലും വേര്‍പെടാതെ
ഒന്നായിത്തുടങ്ങുമറിച്ചിലില്‍ പെട്ട്
'സ്വപ്നങ്ങള്‍ നടന്നോരെന്‍ സുഷുമ്നപോലെ'(*)
ചെഞ്ചീര നാരുകള്‍ മൃദുലം, വിധേയം,
കൊത്തിയറിയാന്‍ ബാക്കിയായി കിടക്കുന്നു.

നമുക്കോ, മുമ്പെങ്ങുമില്ലാത്ത രക്തബോധം!

ഹൃദയത്തിലിപ്പോള്‍, തൂവല്‍ വന്നുകൊണ്ടാലും
പരിച്ചയില്‍ വാള്‍ തറച്ച സ്വരം..
ചെഞ്ചീര പോലെ ജീവനരിഞ്ഞു കൂട്ടുമ്പോള്‍
രക്തക്കുറവില്ലാതെ യുഗം തുടുക്കുന്നു..
***********
(*) - 'എന്നെ തിന്നൂ' എന്ന കെ സച്ചിദാനന്ദന്റെ കവിത
സ്മരിക്കുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ