മനു പ്രേം
പ്രോജക്ട് മാനേജർ, നാളികേര വികസന ബോർഡ്, കൊച്ചി - 11
ഏഷ്യൻ പസഫിക് മേഖലയിൽ സ്ഥിതിചെയ്യുന്ന ചെറിയ രാജ്യങ്ങളിലെ വലിയ കമ്പനികൾ നാളികേരത്തിന്റെ ഉത്പ്പന്ന വൈവിധ്യം കൊണ്ടും മൂല്യവർധനവു കൊണ്ടും അന്താരാഷ്ട്ര വിപണിയിൽ നിന്ന് കോടികൾ സമ്പാദിക്കുന്ന കഥകൾ.
ഫിലിപ്പീൻസിലെ സാധാരണ നാളികേര കർഷകനായ ആൻഡി അൽബാനോവിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചെറിയ നാളികേര സംസ്കരണ സംരംഭമാണ് ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന കൊക്കോ വണ്ടർ എന്ന കമ്പനി. കമ്പനി എന്നു പറഞ്ഞാൽ നമുക്ക് ഒരു സങ്കൽപമുണ്ട്. ഇത് അതിനെയും വെല്ലുന്ന കമ്പനിയാണ്. നാളികേരം എന്ന ഒറ്റ ഉത്പന്നത്തിൽനിന്ന് 36 - ൽ അധികം മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന അതികായനാണ് കൊക്കോ വണ്ടർ. വെർജിൻ കോക്കനട് ഓയിൽ തന്നെ ക്യാപസൂൾ അടക്കം നാലിനം, നാളികേര പഞ്ചസാര, നാളികേര സിറപ്പ്, തേങ്ങാപൊടി, തേങ്ങാ പാൽപൊടി, തേങ്ങാ ഡയറ്ററി ഫൈബർ, കോക്കനട് ചിപ്സ്, കോക്കനട് സ്നാക് ബാർ, കോക്കനട് ചോക്കലേറ്റ് ബാർ, കോക്കനട് നിബ്സ്, കോക്കനട് ജാം, കോക്കനട് സ്പ്രെഡ്, കോക്കനട് ബട്ടർ, കോക്കനട് ജിഞ്ചർ ജൂസ്, ചായ, കോക്കനട് കൊക്കോ പൗഡർ, കോക്കനട് മിൽക്ക്, കോക്കനട് ഡ്രിങ്ക്, കോക്കനട് ബ്ലൻഡ് കോഫി, കോക്കനട് ക്രീം കോഫി, കോക്കനട് ലിക്വിഡ് അമനോസ്, സോസ് അമിനോസ്, വിനാഗിരി ( അഞ്ചുതരം) കോക്കനട് ടോസ്റ്റഡ് ചിപ്സ്, കോക്കനട് വാട്ടർ കോൺസൺട്രേറ്റ്, കോക്കനട് വാട്ടർ ഡ്രിങ്ക്, ഫ്രോസൺ ഫ്രഷ് കോക്കനട് വാട്ടർ....ഉത്പന്ന ശ്രേണി ഇനിയും നീളുകയാണ്. ഇതിൽ പകുതി പോലും കേരളത്തിലെ നാളികേര കർഷകരോ കർഷകരുടെ കമ്പനികളോ കേട്ടിട്ടു പോലും ഉണ്ടാവില്ല. ഇതെല്ലാം അന്താരാഷ്ട്രമാർക്കറ്റിൽ ഉയർന്ന വിലയ്ക്ക് വിൽക്കപ്പെടുന്ന ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളാണ്.
കൊക്കോ വണ്ടർ പോലുള്ള എത്രയോ വൻ കമ്പനികൾ ഇത്തരത്തിൽ നാളികേരത്തെ മൂല്യവർധനവ് വരുത്തി രാജ്യാന്തര വിപണിയിൽ നിന്ന് കോടികൾ വാരിക്കൂട്ടുന്നു. പക്ഷെ ഇന്ത്യയിൽ നിന്ന് അത്തരത്തിൽ ഒരു കമ്പനിയും ഇല്ല. നമുക്ക് നാളികേരം ഇന്നും പരമ്പരാഗത ഉത്പ്പന്നങ്ങളായ വെളിച്ചെണ്ണ, കൊപ്ര, പിണ്ണാക്ക്. അത്ര തന്നെ. അടുത്ത നാളിലാണ് നീര പോലും തെങ്ങിൽ നിന്നുള്ള ആദായമാണ് എന്നു നാം തിരിച്ചറിഞ്ഞതും ഉത്പാദനം തുടങ്ങിയതും. നീരയിൽ നിന്ന് ഇനിയും എത്രയോ മൂല്യവർധിത ഉത്പ്പന്നങ്ങൾക്ക് സാധ്യതുണ്ട് എന്ന് കേരളത്തിലെ നാളികേര കർഷക സമൂഹം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നാമിപ്പോഴാണ് ഏതാനും നാളികേര ഉത്പാദക കമ്പനികൾക്കും അവയുടെ കീഴിൽ നാമമാത്രമായ നീര സംസ്കരണ യൂണിറ്റുകൾക്കും തറക്കല്ലിട്ടിരിക്കുന്നതു തന്നെ. പക്ഷെ ഏഷ്യൻ പസഫിക്ക് മേഖലയിലുള്ള ഫിലിപ്പീൻസ് പോലുള്ള ചെറു രാജ്യങ്ങൾ എത്രയോ മുമ്പേ ആ വഴിക്ക് ചിന്തിക്കുകയും ബഹുദൂരം സഞ്ചരിക്കുകയും ചെയ്തിരിക്കുന്നു. നാം എത്രയോ വേഗത്തിൽ സഞ്ചരിച്ചാലേ അവയ്ക്ക് ഒപ്പമെങ്കിലും എത്താൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ കുറെ മാസങ്ങളായി നാളികേര വിപണി വൻ കുതിപ്പിലാണ്. അതിന്റെ ചെറിയ ഉത്സാഹം കർഷകരിലുണ്ട്. പക്ഷെ, നമുക്ക് മത്സരിക്കേണ്ടത് ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ പോലും വലിപ്പമില്ലാത്ത രാജ്യങ്ങൾ ആന്താരാഷ്ട്ര വിപണിയിലേയ്ക്ക് കയറ്റി അയക്കുന്ന ഉത്പ്പന്നങ്ങളോടാണ് എന്ന ഓർമ്മ നമ്മുടെ ഉറക്കം കെടുത്തണം.
നേരത്തെ പറഞ്ഞ കൊക്കോ വണ്ടറിന്റെ ഏതാനും ഉത്പ്പന്നങ്ങൾ കൂടി പരിചയപ്പെടാം. കൊക്കോനട് ബോബി ആൽക്കഹോൾ, വെർജിൻ കോക്കനട് ബേബി ഓയിൽ, വെർജിൻ കോക്കനട് മസാജ് ഓയിൽ, കോക്കനട് ഷാമ്പു, ഹാൻഡ് വാഷ്, കോക്കനട് ഹെയർ കണ്ടീഷണർ, കോക്കനട് ലോഷൻ, കോക്കനട് മോയിശ്ച്വറൈസർ, കോക്കനട് ബോഡി വാഷ്, കോക്കനട് ഫേഷ്യൽ വാഷ്, കോക്കനട് ബോഡി സ്ക്രബ്...അത്ഭുതപ്പെടേണ്ട, അവർ ഇതെല്ലാം നിർമ്മിക്കുന്നത് നമ്മുടെ തേങ്ങയിൽ നിന്നു തന്നെ.
ഇനി മറ്റൊരു കമ്പനിയെ അറിയാം. ഇതും ഫിലിപ്പീൻസ് സംരംഭം തന്നെ. മക്കാത്തി , സാൻ പാബ്ലോ നഗരങ്ങളിൽ ആസ്ഥാനം ഉറപ്പിച്ചിരിക്കുന്ന ഫ്രാങ്ക്ലിൻ ബേക്കർ. ഡസിക്കേറ്റഡ് കോക്കനട്, സംസ്കരിച്ച നാളികേരം, മൂല്യവർധിത നാളികേരം എന്നിവയിലാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവയുടെ ഇനങ്ങളും തരങ്ങളും അമ്പരപ്പിക്കുന്നതാണ്. ഡസിക്കേറ്റഡ് കോക്കനട് ഗ്രാന്യൂൾഡ് കട് എന്ന ഇനം തന്നെ മീഡിയം, മാക്രോൺ, എക്സ്ട്രാ ഫൈൻ, ഫൈൻ, നാച്ചുറൽ ബ്ലൻഡ്, മിൽറൺ ബ്ലൻഡ്, ഫൈൻ കോറസ്. ഇനി സ്പേഷൽ കട് എന്ന മറ്റൊരു ഇനമുണ്ട്. ഫാൻസി ചിപ്, മിൽ റൺ ചിപ്, എസ്.എൽ ചിപ്, ടെണ്ടർ ഫ്ലേക്ക്, ഗ്രൗണ്ട് ഫ്ലേക്ക്, സ്പേഷൽ ലോംങ്ങ് ത്രെഡ്, എക്സ്ട്രാ ഫാൻസി ഷ്രെഡ്, പ്രീമിയം ഷ്രെഡ്... നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഇനങ്ങൾ.
ഫ്രാങ്ക്ലിൻ ബേക്കറിന്റെ ഗോൾഡൻ ടോസ്റ്റഡ് നാളികേരം മീഡിയം, കോക്കനട് ഫ്ലേക്സ്, ഷ്രെഡ്, റൈസ് കട്, നിബ്ലറ്റ്സ്, മാക്രോൺ, ഫൈൻ, തിക്സ്ലൈസ്,സ്വീറ്റൻഡ്, സ്ലേറ്റഡ് ചിപ് തുടങ്ങിയ വിവിധ തരങ്ങളിൽ വിപണിയിൽ ലഭിക്കുന്നു. മൂല്യ വർധിത നാളികേരം എന്ന ലേബലിൽ ഫ്രാങ്ക്ലിൻ നിർമ്മിക്കുന്നത്, ക്രീംഡ് കോക്കനട്ടും ( റേഗുലർ, സ്പേഷൽ, നാച്ചുറൽ) കോക്കനട് കോൺസൺട്രേറ്റ് (നാച്ചുറൽ, സ്വീറ്റൻഡ്,ബിവറേജ് ബേസ്) എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന രുചികളിലും ഇനങ്ങളിലുമാണ്.
ഫിലിപ്പീൻസിലെ മെഡിന ആസ്ഥാനമായുള്ള ഫ്രഷ് ഫ്രൂട്ട് ഇൻഗ്രേഡിയൻസ് ഇൻകോർപ്പറേറ്റഡ് ഫിയസ്ത ബ്രാൻഡിൽ നിർമ്മിക്കുന്ന ഉത്പ്പന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ വൻ ഡിമാന്റുള്ളതാണ്. ലോകത്തിലെ തന്നെ ആദ്യത്തെ നാളികേര പാൽപൊടി നിർമ്മാതാക്കൾ ഇവരാണത്രെ. 1986 ൽ ഡസിക്കേറ്റഡ് കോക്കനട്, കോക്കനട് മിൽക്ക് പൗഡർ എന്നിവ നിർമ്മിച്ചു കൊണ്ട് നാളികേര മൂല്യ വർധന വിപണിയിലേയ്ക്ക് എത്തിയ ഫ്രഷ് ഫ്രൂട്ട് ഇൻഗ്രേഡിയൻസ്, ഇപ്പോൾ ഈ ഉത്പ്പന്നങ്ങൾ വൈവിധ്യവത്ക്കരിച്ചിരിക്കുന്നു. സ്വീറ്റൻഡ് കോക്കനട്, ടോസ്റ്റഡ് കോക്കനട് ( രണ്ടു തരം)കോക്കനട് വാട്ടർ, കോക്കനട് ക്രീം, ക്രീംഡ് കോക്കനട്, കൊഴുപ്പു കുറഞ്ഞ നാളികേരം, ഡസിക്കേറ്റഡ് കോക്കനട്, മിൽക്ക് പൗഡർ എന്നിവയാണ് ഈ കമ്പനിയുടെ പ്രധാന ഉത്പ്പന്നങ്ങൾ.
ഫിലിപ്പീൻസിലെ മറ്റൊരു നാളികേര കമ്പനിയാണ് ടാറ്റുക്കോ. പാചക എണ്ണ, സംസ്കരിക്കാത്ത വെളിച്ചെണ്ണ, കോക്കനട് ഫാറ്റി ആസിഡ്, ഡിസ്റ്റിലൈറ്റ്, കൊപ്ര പിണ്ണാക്ക്, ബയോഡീസൽ തുടങ്ങിയ ഉത്പ്പന്നങ്ങൾ ഇവർ വിപണിയിൽ എത്തിക്കുന്നു.
ഇത്തരം വൻ കമ്പനികളെ കൂടാതെ ജൈവ വെർജിൻ കോക്കനട് ഓയിൽ നിർമ്മാണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിക്കോർ പോലെ വൻകുടുംബങ്ങൾ നടത്തുന്ന നാളികേര ബിസിനസും ഫിലിപ്പീൻസിലുണ്ട്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലാണ് ഇവരുടെയെല്ലാം വിപണി.
നാളികേര ബിസിനസ് ഏറ്റവും വേരൂന്നിയിരിക്കുന്ന രാജ്യങ്ങളിലൊന്ന് മലേഷ്യയാണ്. ഫിലിപ്പീൻസുമായി താരതമ്യം ചെയ്യുമ്പോൾ ഇവർക്കുള്ള മെച്ചം ഉത്പ്പന്നങ്ങളുടെ വൈവിധ്യമാണ്. ഉത്പ്പന്നങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും അതിന്റെ വൈവിധ്യം സവിശേഷമാണ്. വെർജിൻ കോക്കനട് ഓയിൽ നിർമ്മിക്കുന്ന ഇന്റി ഫുഡ് എന്ന കമ്പനി, വെർജിൻ കോക്നട് ഓയിൽ ഉപയോഗിച്ച് വിവിധ തരം ഭക്ഷണങ്ങൾ തയാറാക്കുന്നു. മിൽക്ക് ഷേക്കും മറ്റും വെർജിൻ കോക്കനട് ഓയിൽ ഉപയോഗിച്ചാണ് ഇവർ തയാറാക്കുന്നത്. കപാർ കമ്പനി, നാളികേര പാൽ, ഡസിക്കേറ്റഡ് കോക്കനട്, നോൺ ഡയറി ക്രീമർ എന്നിവ വിപണിയിൽ എത്തിക്കുന്നു. കൊഴുപ്പ് കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ ഡസിക്കേറ്റഡ് കോക്കനട്, കോക്കനട് മിൽക്ക് പൗഡർ എന്നിവയാണ് കിത്ര ഇൻഡസ്ട്രിസിന്റെ ഉത്പ്പന്നങ്ങൾ. വെർജിൻ കോക്കനട് ഓയിൽ കോക്കനട് ഷുഗർ എന്നിവ നിർമ്മിക്കുന്ന കമ്പനിയാണ് റയിൻ ഫോറസ്റ്റ് ഹെർബ്സ്. സണ്ണി ഇൻസ്റ്റന്റ് കോക്കനട് മിൽക്ക് പൗഡർ എന്ന പേരിലാണ് ലൈക്കോയുടെ മിൽക്ക് പൗഡർ വിപണി പിടിച്ചടക്കിയത്.
ഇന്തോനേഷ്യയിലെ ഏതാനും കമ്പനികളും അന്താരാഷ്ട്ര വിപണിയിൽ മത്സര രംഗത്തുണ്ട്. പ്രധാനമായും മിന്തിരി അഗ്രിക്കൾച്ചർ, പിടി ഗ്ലോബൽ, കാര തുടങ്ങിയവയാണ് അവ. ഫ്രഷ് കോക്കനട്, കൊപ്ര, കരി, ഷുഗർ, ഡസിക്കേറ്റഡ് കോക്കനട് (ഫൈൻ മീഡിയം ഗ്രേഡുകൾ) എന്നിവയാണ് മിന്തിരിയുടെയും പി.ടിയുടെയും ഉത്പ്പന്നങ്ങൾ. കാരയുടെ ഉത്പ്പന്നങ്ങൾ കോക്കനട് മിൽക്ക്, കോക്കനട് ക്രീം, കോക്കനട് ക്രീം പൗഡർ എന്നിവയാണ്. സുമാട്രയിൽ ഉത്പ്പന്നങ്ങൾ നിർമ്മിച്ച് സിങ്കപ്പൂരിലും ഇന്തോനേഷ്യയിലും വിപണനം ചെയ്യുകയാണ് കാരയുടെ തന്ത്രം.
തായ്‌ലൻഡിലെ നാളികേര കമ്പനിയാണ് മെരിറ്റ് ഫുഡ്. ജൈവ ഉത്പ്പന്നങ്ങളാണ് ഇവർ നിർമ്മിക്കുന്നത്. കോക്കനട് ക്രീം, കോക്കനട് മിൽക്ക്, വെർജിൻ കോക്കനട് ഓയിൽ തുടങ്ങിയ ഓർഗാനിക് ഉത്പ്പന്നങ്ങൾ മെരിറ്റോ ബ്രാൻഡിലാണ് വിൽക്കുന്നത്. തേങ്ങാ പാൽ, തേങ്ങാ വെള്ളം, ശീതള പാനീയം, ഡസിക്കേറ്റഡ് കോക്കനട് എന്നിവ നിർമ്മിക്കുന്ന മറ്റൊരു കമ്പനിയാണ് തായ് കോക്കനട്. ഇവരാണ് ആദ്യമായി അസെപ്റ്റിക് പായ്ക്കറ്റുകളിൽ നാളികേര പാൽ ലോക വിപണിയിൽ എത്തിച്ചതു.
തായ്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് കൊക്കോസ് ഗ്രൂപ്പ്. ഇവരുടെ പ്രധാന ഉത്പന്നം നാളികേര കാമ്പാണ്. ഇത് സൂക്ഷ്മമായി ശേഖരിച്ച് അപ്പോൾ തന്നെ വാക്വം പായ്ക്കറ്റുകളിലാക്കുന്നു. പിന്നീടാണ് ഇത് ശീതീകരിക്കുന്നതു പോലും. നാളികേര വെള്ളവും ഇത്തരത്തിൽ നേരിട്ട് പായ്ക്ക് ചെയ്യുന്നു. 100 ശതമാനം പ്രകൃതിദത്തമായ ഉത്പ്പന്നങ്ങളാണ് വിപണിയിലെ ഇവരുടെ മികവ്. ഉത്പന്നങ്ങളുടെ സൂക്ഷിപ്പുകാലം ദീർഘിപ്പിക്കുന്നതിനായി സൂക്ഷ്മമായ പായ്ക്കിങ്ങിലാണ് ഇവരുടെ ശ്രദ്ധ.
നാളികേരം ഉപയോഗിച്ചുള്ള വിവിധ തരം ഭക്ഷണങ്ങളുടെ ഒരു കേന്ദ്രം കൂടിയാണ് തായ്‌ലൻഡ്. പ്രത്യേകിച്ച് കോക്കനട് ഐസ് ക്രീമുകൾ.
ലോകോത്തര നാളികേര ഉത്പ്പന്നങ്ങളുടെ നിർമ്മാണം നടക്കുന്നത് നമ്മുടെ തൊട്ട് അയൽ രാജ്യമായ ശ്രീലങ്കയിലാണ്. രേണുക ഗ്രൂപ്പ് എന്ന കമ്പനി, രേണുക ആൻഡ് കൊക്കോമി എന്ന പേരിൽ കോക്കനട് മിൽക്ക് ( മൂന്നു തരം) കോക്കനട് മിൽക്ക് പൗഡർ (മൂന്നു തരം) സ്വീറ്റൻഡ് കോക്കനട് ക്രീം എന്നിവ വിപണനം ചെയ്യുന്നു. കൂടാതെ ജൈവ ശ്രേണിയിൽ ഈ ഉത്പ്പന്നങ്ങളും വെർജിൻ കോക്കനട് ഓയിലും ഇവർ ഉത്പാദിപ്പിക്കുന്നു. റാൻഫർ ആണ് മറ്റൊരു കമ്പനി. ഡസിക്കേറ്റഡ് കോക്കനട് മാത്രമാണ് ഇവരുടെ ഉത്പ്പന്നം. പക്ഷെ, അതു തന്നെ ഏഴ് ഇനങ്ങളിലും ആറ് നിറങ്ങളിലുമുണ്ട്. ടിന്നുകളിൽ നിറച്ച കരിക്കിൻ വെള്ളം, കോക്കനട് ക്രീം, കുപ്പിയിലാക്കിയ നാളികേര പൊടി, പായ്ക്കറ്റിലാക്കിയ ക്രീംഡ് കോക്കനട് എന്നിവയും ഇവർ ഉത്പ്പാദിപ്പിക്കുന്നു.
വിയറ്റ്നാമിലെ വൻ നാളികേര ഉത്പന്ന നിർമാതാക്കളാണ് വിയറ്റ് ഡൽറ്റാ. കോക്കനട് കാൻഡി, ഡസിക്കേറ്റഡ് കോക്കനട്, ചിരട്ടക്കരി, വെളിച്ചെണ്ണ, കോക്കനട് മിൽക്ക്, കോക്കനട് ജെല്ലി തുടങ്ങിയ സാധാരണ ഉത്പന്നങ്ങളാണ് ഇവർ നിർമ്മിക്കുന്നത്. വിവിധ ഗ്രേഡിലുള്ള ഡസിക്കേറ്റഡ് കോക്കനട് മാത്രം നിർമ്മിക്കുന്ന വിയറ്റ്നാം കമ്പനികളാണ് ടിൻമയി കോ.ലിമിറ്റഡ്, കൊക്കോവിന എന്നിവ.
ഇതൊക്കെ നമ്മുടെ അയൽപക്കത്തുള്ള വിദേശ രാജ്യങ്ങളിലെ കമ്പനികളാണ്. ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും വൈവിധ്യമാർന്ന നാളികേര ഉത്പ്പന്നങ്ങൾ നിർമ്മിച്ച് ലോക വിപണിയിലെത്തിച്ച് കോടിക്കണക്കിന് ഡോളർ പ്രതിവർഷം സമ്പാദിക്കുന്ന കമ്പനികൾ ഇനിയും എത്ര. ഈ നല്ല മാതൃകകൾ കേരളത്തിലെ ഉത്പാദക കമ്പനികൾക്കും പൈന്തുടരാവുന്നതാണ്. അവർക്ക് സംഭവിച്ച പിഴവുകൾ തിരുത്തി, അവരുടെ ദൗർബല്യങ്ങൾ ചൂഷണം ചെയ്ത് അന്താരാഷ്ട്ര വിപണിയിൽ സ്ഥാനം നേടാൻ കേരളത്തിലെ നാളികേര കർഷകരുടെ കമ്പനികൾക്ക് സാധിക്കും. അന്തമായ സാധ്യതകളാണ് കേരളത്തിലെ പ്രോഡ്യൂസർ കമ്പനികൾക്ക് ഇപ്പോൾ ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ അനുകരിക്കാവുന്നത് ഫിലിപ്പീൻസിനെ തന്നെയാണ്. ശ്രമിച്ചാൽ നമുക്കും നാളികേരം എന്ന ഒറ്റ വിളകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.