ഹരിദാസ് വളമംഗലം
ഒരു പൂവ് വിടരുന്നു വിടരുന്നു വിടരുന്നു
ഇരുൾതോറും വിടരാനുള്ളറിവിന്റെ തിരുവുള്ളം
തുടികൊട്ടി തുടികൊട്ടി തുടികൊട്ടിപ്പാടുന്നു
അടിവേരിൽ നിന്നൊരു തുടുമിന്നലുണരുന്നു
ഉടലാകെപ്പടരുന്നു ഉയിരാകെ നിറയുന്നു.
പുലരിപ്പൂവിടരുന്നു പവിഴക്കതിരുണരുന്നു
കിളിയൊച്ചക്കറുമൊഴികളുണരുന്നു വിടരുന്നു
പുതുതെന്നൽ, കരളല്ലിക്കുടിൽതോറും മണികെട്ടി-
ക്കുഴലൂതിക്കളിയാടിക്കളിയാടി നടക്കുന്നു
ഒരു സ്വപ്നം കടലാകെ,ക്കരയാകെയിരമ്പുന്നു
ഒരു സ്നേഹം കൈനീട്ടി കൈനീട്ടിപ്പടരുന്നു
ഒരു സൂര്യൻ വിടരുന്നു അനുരാഗം വളരുന്നു
ഒരു പൂവ് വിടരുന്നു വിടരുന്നു വിടരുന്നു.