ഷാനവാസ് കുലുക്കല്ലൂർ
വളരുന്ന നാവിലിറ്റിക്കണം
കുടിനീർക്കണം നിത്യവും...
വഴിനീളെയൊഴുകാൻ
തിരിക്കണം വാൽവുകൾ
രാപ്പകൽ ഭേദമില്ലാതെ
വാർഡുകൾ പലതിലായ്...
വാ തുറന്നിരിക്കുന്ന
കുടങ്ങളുടെ പഴികേൾക്കണം,
തെറിവാക്കുയരുന്ന
ചൊറിയുന്ന നാവിലെ
എരിച്ചുടമർത്താനും
ഞാനൊരൊറ്റ വ്യക്തിമാത്രം
തിരിപ്പനെന്ന വാക്കിനാൽ
അഭിമാനം വ്രണപ്പെടുത്തും.
പുലർകാലെ വന്നൊന്നുറങ്ങുമ്പോൾ
വാതിലിൽ തട്ടിയുണർത്തി
ഒഴുക്കോടെയുതിർക്കുന്ന
തെറിവാക്കുകേൾക്കണം
മറുത്തൊന്നുമുരിയാടാതെ...
കുടിനീരിനെച്ചൊല്ലി
ചീറിയടുക്കുന്ന ശരവർഷ-
വേഗം കുറക്കുവാൻ
മടിക്കുപ്പി പൊട്ടിച്ചടിച്ച്
ഇടക്കൊന്നുന്മത്തനാകണം
തിരിച്ചിങ്ങോട്ട് കൊഞ്ഞനം കുത്തണം
ഈ പാവം വെള്ളമടിക്കാരന്.