19 Sept 2014

ഏഷ്യ-പസഫിക്‌ നാളികേര സമൂഹ രാജ്യങ്ങൾ


സി.ഡി.ബി. ന്യൂസ്‌ ബ്യൂറോ, കൊച്ചി - 11

മൈക്രോനേഷ്യ
ഫെഡറൽ സ്റ്റേറ്റ്‌ ഓഫ്‌ മൈക്രോനേഷ്യ എന്ന്‌ അറിയപ്പെടുന്ന ഈ ദ്വീപസമൂഹം പസഫിക്‌ സമുദ്രത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.വിഭിന്ന ഭാഷകളും വിഭിന്ന സംസ്കാരങ്ങളുമുള്ള  607 ചെറു ദ്വീപുകൾ ഫെഡറേറ്റ്‌ ചെയ്ത്‌ 1978 ൽ രാഷ്ട്രമായി. ഇതിൽ 70 ദ്വീപുകളിൽ മാത്രമെ ജനവാസമുള്ളു.  ലോകബാങ്കിന്റെ കണക്കു പ്രകാരം 2008 ൽ മൈക്രോനേഷ്യയിലെ  ജനസംഖ്യ 110,000 ആണ്‌. 18 ഭാഷകൾ സംസാരിക്കുന്ന ദ്വീപസമൂഹത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്‌.
കൃഷിയാണ്‌ മുഖ്യ വരുമാനം. പക്ഷെ, മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇതിന്റെ കണക്കില്ല. നാളികേരമാണ്‌ മുഖ്യ വിള. പരമ്പരാഗതമായി കൊപ്രയാണ്‌ പ്രധാന ഉത്പ്പന്നം എന്നാൽ നാളികേര മേഖലയിൽ നിലനിന്ന വിലയിടിവും,  വളരെ പ്രായമായ നാളികേര വൃക്ഷങ്ങളും മൂലം കഴിഞ്ഞ കുറെ വർഷങ്ങളായി ഉത്പാദനം വളരെ കുറവാണ്‌. വിപണി സജീവമായതോടെ നാളികേര മേഖലയുടെ പുനരുദ്ധാരണവും വൈവിധ്യവത്ക്കരണവുമാണ്‌ ഇപ്പോൾ ഗവണ്‍മന്റിന്റെ മുഖ്യ പരിഗണന. അതിനായി  2012 ൽ നാളികേര പുനരധിവാസ പദ്ധതിയും, 2013 ൽ തീവ്ര നാളികേര വിഭവ പരിശോധനയും നടത്തിക്കഴിഞ്ഞു.ഇതു കൂടാതെ വ്യാപകമായ തോതിൽ ആവർത്തന കൃഷിയും വിപണി ലക്ഷ്യമാക്കി സംസ്കരണ ശേഷി വർധിപ്പിക്കലും, തെങ്ങിൻ തടി ഉപയോഗിച്ചുള്ള വ്യവസായങ്ങളും ആരംഭിച്ചിട്ടുണ്ട്‌. തെങ്ങിൽ നിന്നു ലഭിക്കുന്ന എല്ലാ വസ്തുക്കളും പരമാവധി ഉപയോഗിക്കാനും അവയിൽ നിന്ന്‌ മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കാനും മൈക്രോനേഷ്യയിലെ കോക്കനട്‌ ഡവലപ്‌മന്റ്‌ അതോറിട്ടിയുടെ നേതൃത്വത്തിലാണ്‌  നടപടികൾ പുരോഗമിക്കുന്നത്‌. സ്വകാര്യ സംരംഭകരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നാളികേര മേഖലയുടെ സമഗ്ര വികസനമാണ്‌ രാജ്യം ലക്ഷ്യമിടുന്നത്‌.
ഫിജി
പതിനാലായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഫിജി 322 ദ്വീപുകളുടെ സമൂഹമാണ്‌.  രാജ്യത്തെ  60,085 ഹെക്ടറിൽ നാളികേരമാണ്‌ മുഖ്യ കൃഷി. ഇതിൽ 70 ശതമാനം തെങ്ങുകളും പ്രായാധിക്യം മൂലം ഉത്പ്പാദനം കുറഞ്ഞവയാണ്‌. രാജ്യത്തെ ഗ്രാമീണജനങ്ങളിൽ 11 ശതമാനം, ഏകദേശം ഒരു ലക്ഷം പേർ  നാളികേര കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്ന കർഷകരാണ്‌. 20 മെട്രിക്‌ ടൺ കൊപ്രയാണ്‌ പ്രതിവർഷ ഉത്പാദനം. മുഖ്യ ഉത്പ്പന്നം വെളിച്ചെണ്ണതന്നെ. മൊത്തം 165 ദശലക്ഷം നാളികേരമാണ്‌  ഉത്പാദനം. ഇതിൽ 35 ശതമാനം വീതം കൊപ്രനിർമ്മാണത്തിനും ഗാർഹിക ഉപയോഗത്തിനുമായി നീക്കിവയ്ക്കുന്നു. ബാക്കി വിളവെടുക്കാതെ നശിക്കുന്നു. ലഭിക്കുന്ന നാളികേരത്തിൽ ഒരു ശതമാനം മാത്രമാണ്‌ വെർജിൻ വെളിച്ചെണ്ണ ഉത്പ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്‌.
തെഴിലാളികളുടെ ക്ഷാമം, വേണ്ടത്ര നടീൽ വസ്തുക്കളുടെ അഭാവം,  നിക്ഷേപവിമുഖത,  യുവ കർഷകരുടെ അലംഭാവം തുടങ്ങി നിരവധി കാരണങ്ങൾ മൂലമാണ്‌ ഫിജിയിൽ തെങ്ങുകൃഷി മാന്ദ്യത്തിലായിരിക്കുന്നത്‌. ഇതിൽനിന്ന്‌ മുക്തി നേടി നാളികേര കൃഷിയിൽ വൻ മുന്നേറ്റം നടത്താൽ രാജ്യം ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി സിസിയ ദ്വീപിനെ കഴിഞ്ഞ വർഷം ജൈവകൃഷി മേഖലയായി പ്രഖ്യാപിച്ചു. കർഷകർക്ക്‌ നികുതി ഇളവുകൾ പ്രഖ്യാപിച്ചു, നാളികേരസംസ്കരണത്തിന്‌ ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങൾക്കും നികുതി ഇളവുണ്ട്‌. സ്ത്രീകൾക്ക്‌ പരിശീലനം നൽകി തൊഴിലാളി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നു. തെങ്ങിൻ തോപ്പിൽ ഇടവിളകൃഷിയും മൃഗപരിപാലനവും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ  ഗുണമേന്മയുള്ള പത്തു ലക്ഷം തെങ്ങിൻ തൈകൾ നടുന്ന പദ്ധതി 2013 ൽ ആരംഭിച്ചിട്ടുണ്ട്‌. ഇത്‌ 2015 ൽ പൂർത്തിയാകും. പുനരധിവാസി പദ്ധതിയിൽ ഉൾപ്പെടുത്തി 123000 തെങ്ങിൻ തൈകൾ പുതുതായി കൃഷി ചെയ്തിട്ടുണ്ട്‌. വെർജിൻ കോക്കനട്‌ ഓയിൽ വിപണി പഠനങ്ങൾ 2013 ൽ ആരംഭിച്ചു. ആദ്യ ഷിപ്പ്‌മന്റ്‌ കൊറിയയിലേയക്ക്‌ അയച്ചുകഴിഞ്ഞു.സ്ലേവേനിയ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നാളികേരോൽപന്ന വിപണി കണ്ടെത്താൻ ശ്രമിക്കുന്നു.
ഇന്തോനേഷ്യ
ഇന്തോനേഷ്യയുടെ ഏറ്റവും വലിയ ആസ്തിയും വരുമാന സ്രോതസും തെങ്ങുകൃഷിയും നാളികേരവുമാണ്‌. പടിഞ്ഞാറു മുതൽ കിഴക്കുവരെ  5000 കിലോമീറ്ററിലായി രാജ്യത്തുടനീളം തെങ്ങുകൃഷി വ്യാപിച്ച്‌ കിടക്കുന്നു. എഴുപതു ലക്ഷം കുടുംബങ്ങളാണ്‌ തെങ്ങു കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നത്‌. മൂന്ന്‌ പ്രധാന നാളികേര ഉത്പാദക കേന്ദ്രങ്ങൾ സുമാട്ര (മൊത്തം കാർഷിക മേഖല 31.8 ശതമാനം) ജാവ (22.7 ശതമാനം) സുലവേഷി( 20.8 ശതമാനം) എന്നീ ദ്വീപുകളാണ്‌. ഈ വർഷത്തെ കണക്കുകൾ പ്രകാരം മൊത്തം കാർഷിക മേഖല 3.79 ദശലക്ഷം ഹെക്ടറാണ്‌. പുനർകൃഷിയുടെ കണക്കുകൾ കൂടി ശേഖരിക്കുമ്പോൾ വിസ്തൃതി 0.28 ശതമാനം, അതായത്‌ 11000 ഹെക്ടർ കൂടി വർധിച്ചേക്കും.
നിലവിലുള്ള തെങ്ങുകളിൽ 13 ശതമാനവും പ്രായം കൂടി, രോഗകീടങ്ങൾ ബാധിച്ച്‌ ഉത്പ്പാദനം ഇല്ലാത്തവയാണ്‌ എന്നു പറയാം.തോട്ടങ്ങളിൽ ഏകവിള സമ്പ്രദായമാണ്‌, അതിനാൽ വളപ്രയോഗം വളരെ കുറവാണ്‌. വിവിധ മേഖലകളിലായി നാളികേര കൃഷി വ്യാപിച്ചു കിടക്കുന്നതിനാൽ,  സമഗ്ര നാളികേര സംസ്കരണ സംവിധാനം വികസിപ്പിച്ച്‌ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം ബുദ്ധിമുട്ടാണ്‌. മിക്ക കൃഷിക്കാരും കൊപ്ര, പച്ചത്തേങ്ങ എന്നിങ്ങനെയാണ്‌ ഉത്പ്പന്നം വിൽക്കുന്നത്‌. എന്നാലും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്‌ നാളികേര സംസ്കരണം ആരംഭിക്കാനും നാളികേരം മൂല്യവർധിത ഉത്പ്പന്നങ്ങളാക്കി പുതിയ വിപണികൾ കണ്ടെത്തി വിൽക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്‌. പാചക എണ്ണ, വെർജിൻ ഓയിൽ, നാളികേര പഞ്ചസാര, കയർ ഉത്പ്പന്നങ്ങൾ, നാറ്റാ ഡി കൊക്കോ, ഉത്തേജിത കരി തുടങ്ങിയ ഉത്പ്പന്നങ്ങൾ നിർമ്മിക്കാൻ ഇന്തോനേഷ്യയുടെ 17 പ്രവിശ്യകളിലും നടപടികൾ ആരംഭിച്ചിട്ടുണ്ട്‌.
കൂടുതൽ മേഖലകളിലേയക്ക്‌ തെങ്ങു കൃഷി വ്യാപിപ്പിക്കുക, ഉത്പ്പാദനം കുറഞ്ഞ വൃക്ഷങ്ങൾ വെട്ടി മാറ്റി പകരം പുതിയ തൈകൾ കൃഷി ചെയ്യുക, എംബ്രിയോ കൾച്ചർ സാങ്കേതിക വിദ്യയിലൂടെ മികച്ച ഇനം തെങ്ങിൻ തൈകൾ ഉത്പ്പാദിപ്പിക്കുക മുതലായ സംരംഭങ്ങളുമായി രാജ്യത്തെ നാളികേര മേഖല കുതിക്കുകയാണ്‌. ചെറുകിട നാളികേര കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതത്രെ ഈ നടപടികളിലൂടെ ഗവണ്‍മന്റിന്റെ ലക്ഷ്യം.
ജമൈക്ക
ദ്വീപിലെ കാർഷിക മേഖലയുടെ 6 ശതമാനം നാളികേരമാണ്‌. 2013 ലെ കണക്കു പ്രകാരം ജമൈക്കയിൽ 15,700 ഹെക്ടർ നാളികേര കൃഷിയുണ്ട്‌. പരമ്പരാഗതമായി ദ്വീപിന്റെ കിഴക്ക്‌ വടക്ക്‌ മേഖലകളിൽ വ്യാവസായികാടിസ്ഥാനത്തിലാണ്‌  തെങ്ങു കൃഷി നടത്തുന്നത്‌. കൂടാതെ മറ്റു ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലും കൃഷിയുണ്ട്‌.  കോക്കനട്‌ ഇൻഡസ്ട്രി ബോർഡാണ്‌ നാളികേര കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്‌. 96.4 ദശലക്ഷം നാളികേരം ഉത്പ്പാദിപ്പിച്ചതിൽ 93.9 ദശലക്ഷവും രാജ്യത്ത്‌ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചു. ഇതിൽ  20 ദശലക്ഷം വെർജിൻ കോക്കനട്‌ ഓയിൽ നിർമ്മാണത്തിനുപയോഗിച്ചു. 19 മെട്രിക്‌ വിത്തു തേങ്ങ വടക്കേ അമേരിക്കയിലേയ്ക്ക്‌ കയറ്റി അയച്ചു.
1997 ൽ മഞ്ഞളിപ്പ്‌ രോഗബാധ കണ്ടതിനെ തുടർന്ന്‌ കോക്കനട്‌ ഇൻഡസ്ട്രി ബോർഡ്‌ നാളികേര പുനരധിവാസ പദ്ധതി ആരംഭിച്ചു. പത്തു ലക്ഷം തെങ്ങിൻ തൈകൾ നടുക എന്നതാണ്‌ ലക്ഷ്യം. വർഷം 60000 തൈകൾ രോഗബാധയുള്ള തെങ്ങുകൾ വെട്ടി നീക്കിയശേഷവും, 40000 തൈകൾ പുതിയ സ്ഥലങ്ങളിലും എന്ന രീതിയിലാണ്‌ പദ്ധതി മുന്നേറുന്നത്‌. തെങ്ങിൻ തൈകളും കൃഷിക്ക്‌ ആവശ്യമായ 80 ശതമാനം വളങ്ങളും സൗജന്യമായി നൽകും.  പദ്ധതി പ്രകാരം 2013 ൽ 541 ഹെക്ടറിൽ തെങ്ങുകൃഷി ചെയ്തിട്ടുണ്ട്‌. മഞ്ഞളിപ്പ്‌ രോഗത്തിനു പ്രതിവിധി കണ്ടെത്താനുള്ള ഗവേഷണങ്ങളും പുരോഗതിയിലാണ്‌. ശാസ്ത്രജ്ഞന്മാരുടെ  സഹായത്തോടെ ഉപദോശക സമിതി രൂപീകരിച്ച്‌ ഗവേഷണ ഫലങ്ങൾ കർഷകർക്കിടയിൽ നൽകി, വേണ്ട സാങ്കേതിക സഹായത്തോടെ അവ കൃഷിയിടങ്ങളിൽ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കൂടതെ, രാജ്യത്തെ തെരഞ്ഞെടുത്ത സ്കൂളുകൾ കേന്ദ്രീകരിച്ച്‌  നാളികേരം വിഷയമാക്കി വിവിധ മത്സരങ്ങൾ നടത്തി വിദ്യാർത്ഥികൾക്കിടയിൽ നാളികേരത്തോടുള്ള താൽപര്യം വളർത്താനുള്ള പദ്ധതിയും ആവിഷ്കരിച്ചച്ച്‌ നടപ്പാക്കി വരുന്നു.
കെനിയ
ആഫ്രിക്കൻ രാജ്യമായ കെനിയയിൽ തീരമേഖലയിലെ 14 ജില്ലകളിലാണ്‌ തെങ്ങുകൃഷി വ്യാപകമായിട്ടുള്ളത്‌. നാളികേരം കെനിയയുടെ പ്രധാന വിളയും വരുമാനമാർഗ്ഗവുമാണ്‌ . ഒന്നര ലക്ഷത്തോളം കുടുംബങ്ങൾ തെങ്ങു കൃഷിയെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്നു.  നാളികേരത്തിന്റെ മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ചും പുതിയ കയറ്റുമതി വിപണികൾ കണ്ടെത്തിയും നാളികേര മേഖലയിൽ വൻ വരുമാനം കൊയ്യാൻ കെനിയ തയാറെടുക്കുകയാണ്‌. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്‌ 2007 ൽ ഗവണ്‍മന്റ്‌ കെനിയ കോക്കനട്‌ ഡവലപ്‌മന്റ്‌ അഥോറിട്ടി രൂപീകരിച്ചതു. ആദ്യം വെളിച്ചെണ്ണ തുടർന്ന്‌ കൊപ്ര, സോപ്പ്‌, വെർജിൻ കോക്കനട്‌ ഓയിൽ എന്നിവയുടെ ഉത്പ്പാദനം ആരംഭിക്കാൻ പ്രദേശിക വ്യവസായികൾക്ക്‌ അഥോറിട്ടി പ്രോത്സാഹനം നൽകി. പ്രതിവർഷം 249 ദശലക്ഷം ഡോളറിന്റെ വുമാനമാണ്‌ നാളികേര ഉത്പ്പന്നങ്ങൾ കയറ്റിഅയച്ച്‌ ഇപ്പോൾ കെനിയ നേടുന്നത്‌. യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളിലാണ്‌ വിദേശ വിപണി കണ്ടെത്തിയിരിക്കുന്നത്‌.
രാജ്യത്തെ നാളികേരത്തിന്റെ 99 ശതമാനം ഉത്പ്പാദനവും തീര ദേശ മേഖലയിൽ നിന്നാണ്‌.ഏകദേശം രണ്ടു ലക്ഷം ഹെക്ടർ സ്ഥത്ത്‌ നാളികേര കൃഷി ഉണ്ടെന്നാണ്‌ കണക്ക്‌. തീരപ്രദേശം വിട്ടാൽ പടിഞ്ഞാറൻ മേഖലയിൽ ന്യാൻസയിലും കിഴക്കൻ മേഖലയിൽ റിഫ്റ്റ്‌ വാലിയിലും ചില ഒറ്റപ്പെട്ട മേഖലകളിൽ തെങ്ങു കൃഷിയുണ്ട്‌.വെർജിൻ കോക്കനട്‌ ഓയിൽ, ഡസിക്കേറ്റഡ്‌ കോക്കനട്‌ പൗഡർ, കോക്കനട്‌ മിൽക്ക്‌, ചകിരിനാര്‌ തുടങ്ങിയ ഉത്പ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നു.
 രാജ്യത്തെ 7.4 ദശലക്ഷം തെങ്ങുകളും വളരെ പഴക്കമുള്ളവയും ഉത്പ്പാദനം കുറഞ്ഞ ഈസ്റ്റ്‌ ആഫ്രിക്കൻ ടോൾ എന്ന ഇനവുമാണ്‌. നട്ടാൽ ഏഴ്‌ എട്ട്‌ വർഷം കാത്തിരിക്കണം ഈ തെങ്ങുകൾ കായ്ക്കാൻ. എന്നാൽ ഉത്പ്പാദന ശേഷി കൂടി കുറിയഇനങ്ങൾ വേഗം ആദായം നൽകുമെന്നതിനാൽ, അഞ്ചു ലക്ഷം കുറിയ ഇനം പുതിയ തെങ്ങിൻ തൈകൾ വർഷം തോറും നടാണുള്ള തയാറെടുപ്പിലാണ്‌ കെനിയ കോക്കനട്‌ ഡവലപ്‌മന്റ്‌ അഥോറിട്ടി. പഴയ തെങ്ങുകൾ വെട്ടി മാറ്റി നടുന്നതിനായി ഇതിനോടകം 20 ലക്ഷം തൈകൾ കർഷകർക്ക്‌ നൽകി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ തീരദേശ മേഖയിലെ 81,000 കൃഷിക്കാർ ഒരു ലക്ഷത്തോളം പുതിയ തൈകൾ കൃഷി ചെയ്തിട്ടുണ്ട്‌. മുന്തിയ ഇനം മാതൃവൃക്ഷങ്ങൾ കണ്ടെത്തി അതിന്റെ വിത്തു തേങ്ങ ശേഖരിച്ച്‌ തൈ ഉത്പാദിപ്പിക്കാൻ കെനിയ ആഗ്രിക്കൾച്ചർ റിസേർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ സേവനവും അഥോറിട്ടി തേടിയിട്ടുണ്ട്‌. കൂടാതെ വെർജിൻ കോക്കനട്‌ ഓയിൽ, കയർ ഭൂവസ്ത്രം തുടങ്ങിയ ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിലും ആഗ്രിക്കൾച്ചർ റിസേർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ  സേവനം  ലഭിക്കുന്നുണ്ട്‌.
അഥോറിട്ടിയുടെ ശ്രമഫലമായി ശാസ്ത്രീയ പരിപാലന മുറകളിലൂടെ ഒരു തെങ്ങിന്റെ വാർഷിക ഉത്പ്പാദനം 30 ൽ നിന്ന്‌ 100 നാളികേരമായി വർധിച്ചിരിക്കുന്നു. ലക്ഷ്യം ഒരു തെങ്ങിൽ നിന്ന്‌ 300 നാളികേരമാണ്‌ എന്ന്‌ അഥോറിട്ടിയുടെ എക്സ്റ്റൻഷൻ ഉദ്യോഗസ്ഥർ പറയുന്നു. തെങ്ങിൻ തോപ്പുകളിൽ മെയ്സ്‌, ബീൻസ്‌, വാഴ തുടങ്ങിയ ഇടവിളകൾ കൃഷി ചെയ്തും കർഷകർ കൂടുതൽ വരുമാനം നേടുന്നു.
കെനിയയിലെ മുഖ്യ ധനകാര്യ സ്ഥാപനങ്ങളായ കോ - ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഓഫ്‌ കെനിയ, ഇക്വിറ്റി ബാങ്ക്‌ എന്നിവ നാളികേര കർഷകർക്ക്‌ ധനസഹായങ്ങൾ ലഭ്യമാക്കുന്നതിന്‌  അഥോറിട്ടിയുമായി ചേർന്ന്‌ പ്രവർത്തിക്കുന്നു.
കിരീബത്തി
നിങ്ങൾ ഒരാൾക്ക്‌ ഒരു മീനിനെ നൽകുമ്പോൾ നിങ്ങൾ അയാൾക്ക്‌ ആഹാരം നൽകുന്നു, എന്നാൽ അയാൾക്ക്‌ ചൂണ്ട നൽകുമ്പോൾ , അയാൾക്ക്‌ നിങ്ങൾ നൽകുന്നത്‌ ജീവിതോപാധിയാണ്‌. അതുപോലെ നിങ്ങൾ ഒരാൾക്ക്‌ ഒരു നാളികേരം നൽകുമ്പോൾ നിങ്ങൾ അയാൾക്ക്‌ ഭക്ഷണം നൽകുന്നു, എന്നാൽ, തെങ്ങു കൃഷി ചെയ്യാൻ പഠിപ്പിക്കുമ്പോൾ, അയാൾക്ക്‌ ജീവിതം മുഴുവൻ വേണ്ട വരുമാനം നൽകുന്നു - ഏഷ്യൻ പസഫിക്ക്‌ നാളികേര സമൂഹത്തിന്റെ 50-​‍ാം വാർഷിക സമ്മേളനത്തിൽ കിരീബത്തി വാണിജ്യ മന്ത്രി കാടിയ പൈന്റോ തന്റെ പ്രസംഗം ആരംഭിച്ചതു ഈ വാചകങ്ങളോടെയാണ്‌.നാളികേരകൃഷിക്
ക്‌ അത്രയേറെ പ്രാധാന്യം നൽകുന്ന രാജ്യമാണ്‌ കിരീബത്തി. കിരീബത്തിയുടെ ദേശീയ വരുമാനത്തിന്റെ മുന്തിയ ഭാഗം 46 ശതമാനം(2010), 76 ശതമാനം (2011) 58.9(2013)  നാളികേര മേഖലയിൽ നിന്നാണ്‌.
കരിബിത്തി 2013 മുതലാണ്‌ കൊപ്രയുടെ കയറ്റുമതി ആരംഭിച്ചതു. കരിബിത്തി കൊപ്ര മിൽ കമ്പനി ലിമിറ്റഡ്‌, കരിബിത്തി കൊപ്ര കോ ഓപ്പറേറ്റീവ്‌ സോസൈറ്റി എന്നീ സ്ഥാപനങ്ങളാണ്‌ രാജ്യത്തെ കൊപ്ര വ്യാപരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്‌. ഇപ്പോൾ വെർജിൻ കോക്കനട്‌ ഓയിൽ, നാളികേര പഞ്ചസാര എന്നീ മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമ്മാണവും ഉണ്ട്‌. ജൈവ നാളികേര ഉത്പ്പാദനമാണ്‌ ഇപ്പോൾ കരിബിത്തി ലക്ഷ്യമിടുന്ന മറ്റൊരു മേഖല. ഇതിനായി വർഷം 422.5 ഹെക്ടർ വീതം പുതിയ നാളികേര തോട്ടങ്ങൾ വച്ചു പിടിപ്പിച്ചു വരികയാണ്‌. ഓരോ ദ്വീപിലേയ്ക്കും ഈ വർഷം 2000 തൈകൾ വീതം നൽകിയിട്ടുണ്ട്‌.
കൂടാതെ പല വിധത്തിൽ നാളികേര കർഷകർക്ക്‌ വിദഗ്ധ പരിശീലം നൽകുന്ന പദ്ധതിയും ഗവണ്‍മന്റ്‌ ആവിഷ്കരിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ദൂരെയുള്ള ദ്വീപുകളിലെ കൃഷിക്കാർക്ക്‌ നടീൽ വസ്തുക്കൾ, കൃഷിഉപകരണങ്ങൾ എന്നിവയുടെ വിതരണം , കൂടുതൽ കൊപ്ര സഹകരണ സംഘങ്ങളുടെ രൂപീകരണം, പുതിയ തെങ്ങു കൃഷി പ്രോത്സാഹനം, ജൈവ കർഷക കൂട്ടായ്മകൾ എന്നിവയാണ്‌ കരിബിത്തിയിൽ ഗവണ്‍മന്റ്‌ നാളികേര മേഖലയിൽ ചെയ്തു വരുന്നത്‌.
മലേഷ്യ
രാജ്യത്തെ നാളികേര കൃഷി മേഖല 2011 ൽ 106312 ഹെക്ടറായിരുന്നു.അത്‌ 2013 ൽ 98533 ഹെക്ടറായി കുറഞ്ഞു. എന്നാൽ ഇതേ കാലയളവിൽ ഉത്പാദനം 468.8 ദശലക്ഷം നാളികേരത്തിൽ നിന്ന്‌ 539 ദശലക്ഷം നാളികേരമായി ഉയർന്നു. ഗുണമേന്മ കൂടിയ പുതിയ തെങ്ങിനങ്ങൾ കൃഷി ചെയ്ത്തതിലൂടെയാണ്‌ വിളവിൽ വർധനയുണ്ടായത്‌. ഒപ്പം നാളികേര വ്യവസായ മേഖലയിലേയ്ക്ക്‌ സ്വകാര്യ സംരംഭകർക്കും പ്രവേശനം അനുവദിച്ചു. രാജ്യത്തെ മൊത്തം നാളികേര കൃഷി 1.87 ശതമാനം ഭൂമിയിൽ മാത്രമാണ്‌.  അതായത്‌ 98533 ഹെക്ടർ. നാളികേര മേഖലയുമായി ബന്ധമുള്ള കൃഷിക്കാരുടെ എണ്ണം 82,110 മാത്രം.  രാജ്യത്തെ പ്രതിശീർഷ ഉപഭോഗം വർഷം 25  നാളികേരമാണ്‌.  2013 ലെ കണക്കു പ്രകരാം 43 ശതമാനം നാളികേര വൃക്ഷങ്ങളും ഉത്പാദനം കുറഞ്ഞ മലയൻ നെടിയ ഇനമാണ്‌.
നാളികേര പുനരുജ്ജീവന പദ്ധതിയിലൂടെ  ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌ മലേഷ്യൻ ഗവണ്‍മന്റ്‌. ഇതിന്‌ മാറ്റാഗ്‌, പാണ്ടൻ എന്നീ അത്യുത്പാദന ശേഷിയുള്ള നാളികേര ഇനങ്ങൾ  കൂടുതലായി കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു ഹെക്ടറിൽ നിന്ന്‌ വർഷം 7000 നാളികേരം ഉത്പ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. കൃഷി വകുപ്പാണ്‌ ഇതിനുള്ള നേതൃത്വം നൽകുന്നത്‌. 2013 ൽ 574 ഹെക്ടറിലെ നാളികേര ആവർത്തന കൃഷിയാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. ഇതിൽ 500 ഹെക്ടറിൽ കൃഷി നടത്താൻ സാധിച്ചു. തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗ കീടങ്ങൾക്കെതിരെ പ്രതിരോധത്തിന്‌ ദൗത്യസേനയെ തന്നെ നിയമിച്ചിട്ടുണ്ട്‌. ഇവർ ശിൽപശാലകൾ വഴി കർഷകർക്ക്‌ വേണ്ട നിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകിവരുന്നു.
മാർഷൽ ദ്വീപുകൾ
മധ്യ പസഫിക്‌ മേഖലയിലെ 750000 ചതുരശ്ര മെയിൽ മാത്രം വിസ്തൃതിയുള്ള അഞ്ചു ദ്വീപുകളുടെ സമൂഹമാണ്‌ മാർഷൽ ദ്വീപുകൾ. ജനസംഖ്യ 60000 വരും. ഇതിൽ 60 ശതമാനവും തലസ്ഥാനമായ മജൂറോയിലാണ്‌ താമസം. രാജ്യത്തെ 8000 ഹെക്ടറിലാണ്‌ നാളികേര കൃഷിയുള്ളത്‌. വാർഷിക ഉത്പാദനം 35 ലക്ഷം നാളികേരം. ( ഇതിൽ നിന്ന്‌ പ്രതിവർഷം  7000 മെട്രിക്‌ ടൺ കൊപ്ര ഉത്പ്പാദിപ്പിക്കുന്നു.) മൊത്തം ജനസംഖ്യയുടെ 30 ശതമാനം ആളുകൾ നാളികേര കൃഷിയെ ഉപജീവിച്ച്‌ കഴിയുന്നു.  2013 ലെ കൊപ്ര ഉത്പാദനം 7200 മെട്രിക ടൺ ആയിരുന്നു. അതായത്‌ മാസം 600 മെട്രിക്‌ ടൺ. മത്സ്യബന്ധനം കഴിഞ്ഞാൽ ദ്വീപ്‌ നിവാസികളുടെ മുഖ്യ വരുമാനം നാളികേര കൃഷി തന്നെ.  കൊപ്രയും വെളിച്ചെണ്ണയുമാണ്‌ മുഖ്യ കയറ്റുമതി ഉത്പ്പന്നങ്ങൾ. ഗവണ്‍മന്റ്‌ ഉടമയിലുള്ള കൊപ്ര പ്രോസസിംങ്ങ്‌ അഥോറിട്ടിയാണ്‌ കയറ്റുമതി അധികാരി.  ഏക സംസ്കരണ പ്ലാന്റ്‌  ടോബോളറും. പ്രതിവർഷം 2000 ടൺ പിണ്ണാക്കും 3200 ടൺ വെളിച്ചെണ്ണയുമാണ്‌ പ്രതിവർഷ കയറ്റുമതി.
മാർഷൽ ദ്വീപിൽ നാളികേര ആവർത്തന കൃഷി പദ്ധതി 2012ലാണ്‌ ആരംഭിച്ചതു. ദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി ഏഷ്യൻ ഡവലപ്‌മന്റ്‌ ബാങ്കാണ്‌ പദ്ധതിക്കാവശ്യമായ ധനസഹായം നൽകിയത്‌. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണമായിരുന്നു ഇതിലൂടെ മുഖ്യമായി ലക്ഷ്യമിട്ടത്‌. ഇതുവഴി സാധാരണ കർഷകന്റെ വാർഷിക വരുമാനം 4500 ഡോളറായി ഉയർത്തുന്നതിനുള്ള ശ്രമമാണ്‌ ഗവണ്‍മന്റ്‌ നടത്തുന്നത്‌.
പപ്പുവ ന്യൂഗിനിയ
രാജ്യത്തെ നാളികേര മേഖലയിലെ ഗവേഷണവും വികസനവും കൃഷി വിജ്ഞാന വ്യാപനവും എല്ലാം ഏകോപിപ്പിക്കുന്നത്‌ പപ്പുവ ന്യൂഗിനിയ കൊക്കോ ആൻഡ്‌ കോക്കനട്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ആണ്‌.  നാളികേര വ്യവസായ മേഖലയിലെ മൊത്തം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, ചെറുകിട കർഷകരുടെ വരുമാനം വർധിപ്പിക്കുക തുടങ്ങിയവയാണ്‌ ഇതുവഴി ഗവണ്‍മന്റ്‌ ഉദ്ദേശിക്കുന്നത്‌. പപ്പുവ ന്യൂഗിനിയ വിഷൻ 2050 എന്ന പദ്ധതി പ്രകാരം 2030 ൽ നാളികേര മേഖലയിലെ വ്യവസായങ്ങൾ എല്ലാം ചേർന്ന്‌ 440000 ടൺ കൊപ്ര ഉത്പ്പാദിപ്പിക്കണം. കൂടുതൽ തൊഴിലവസരങ്ങൾ, കയറ്റുമതി, മൊത്ത ആഭ്യന്തര ഉത്പാദന വർധന, ഭക്ഷ്യ വ്യവസായം എന്നീ മേഖലകളിലാണ്‌ നാളികേരത്തിൽ നിന്നുള്ള വിഹിതം ഉയരേണ്ടത്‌. ഇതര കാർഷിക മേഖലകളെ അപേക്ഷിച്ച്‌ ഇപ്പോൾ ഇത്‌ വളരെ കുറവാണ്‌.
നാളികേര ഉത്പാദനം, പുതിയ തെങ്ങിൻ തൈകളുടെ കൃഷി, സഹകരണ അടിസ്ഥാനത്തിൽ നാളികേര സംസ്കരണ വ്യവസായങ്ങൾ (ഡസിക്കേറ്റഡ്‌ കോക്കനട്‌, നാളികേര പാൽ, ക്രീം, കരി, ഉത്തേജിത കരി,കയർ ഉത്പ്പന്നങ്ങൾ, വെർജിൻ കോക്കനട്‌ ഓയിൽ തുടങ്ങിയവ) പ്രോത്സാഹിപ്പിക്കുക, ഗുണ മേന്മയുള്ള ഉത്പ്പന്നങ്ങളുടെ നിർമ്മാണവും വിപണനം നടത്തുക തുടങ്ങിയ പദ്ധതികളാണ്‌ ഗവണ്‍മന്റ്‌ നിലവിൽ ഉദ്ദേശിച്ചിരിക്കുന്നത്‌.
ഫിലിപ്പീൻസ്‌
ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കു പ്രകാരം ലോകത്തിലെ രണ്ടാമത്തെ വലിയ നാളികേര ഉത്പാദക രാജ്യമാണ്‌ ഫിലിപ്പീൻസ്‌. 2012 ൽ 1.5 ദശലക്ഷം ടൺ കൊപ്രയാണ്‌  ഫിലിപ്പീൻസ്‌ കയറ്റമതി ചെയ്തത്‌. കൂടാതെ, വെളിച്ചെണ്ണ, പിണ്ണാക്ക്‌, ഡസിക്കേറ്റഡ്‌ കോക്കനട്‌, ചിരട്ട, കരി, ഉത്തേജിത കരി തുടങ്ങിയ ഉത്പ്പന്നങ്ങളും കയറ്റി അയക്കുന്നുണ്ട്‌. രാജ്യത്തെ 25 ശതമാനം(3.5 ദശലക്ഷം ഹെക്ടർ) കാർഷിക മേഖലയിലും മുഖ്യ വിള നാളികേരമാണ്‌. 25-35 ശതമാനം ആളുകൾ നാളികേര കൃഷിയെ ഉപജീവിച്ച്‌ കഴിയുന്നവരാണ്‌.
2013 നവംബറിൽ  വീശിയടിച്ച ഹയാൻ ചുഴലിക്കൊടുങ്കാറ്റ്‌ ഫിലിപ്പീൻസിന്റെ നാളികേര മേഖലയ്ക്ക്‌ കനത്ത നഷ്ടം വരുത്തുകയുണ്ടായി. തക്ലോബാൻ മേഖലയിൽ മാത്രം 33 ദശലക്ഷം തെങ്ങുകൾ നശിച്ചു. 396 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ്‌ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക്‌  ഇതുമൂലം ഉണ്ടായത്‌ എന്ന്‌ ഫിലിപ്പീൻസ്‌ കോക്കനട്‌ അഥോറിട്ട്‌ വ്യക്തമാക്കി.
രാജ്യത്തെ 81 പ്രവിശ്യകളിൽ 68 ഉം നാളികേര ഉത്പാദക മേഖലയാണ്‌. 1195 കോക്കനട്‌ മുനിസിപ്പാലിറ്റികൾ ഉണ്ട്‌. 338 ദശലക്ഷം തെങ്ങുകളാണ്‌ രാജ്യത്ത്‌ ഉള്ളത്‌. ഇതിൽ നിന്ന്‌ 15.238 ബില്യൺ നാളികേരമാണ്‌ വാർഷിക ഉത്പാദനം. 2.760 മെട്രിക്‌ ടൺ ആണ്‌ കൊപ്ര ഉത്പാദനം.
ഫിലിപ്പീൻസിലെ പ്രധാന നാളികേര ഉത്പ്പാദക മേഖലയായ ദവാവോയിൽ ഫിലിപ്പീൻസ്‌ കോക്കനട്‌ അഥോറിട്ടിയുടെ നേതൃത്വത്തിൽ നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കി വരികയാണ്‌. 2018 ആകുമ്പോൾ 34 ദശലക്ഷം ഡോളറിന്റെ ഉത്പ്പാദനം ആണ്‌ കോക്കനട്‌ റീഹാബിലിറ്റേഷൻ റോഡ്‌ മാപ്പ്‌ എന്ന പദ്ധതിയുടെ ലക്ഷ്യം. 64000 കുടംബങ്ങൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. 2012 ൽ 20 ദശലക്ഷവും 2013 ൽ 26 ദശലക്ഷവും തൈകൾ ആവർത്തന കൃഷി ചെയ്യാനായിരുന്നു പദ്ധതി. മുഖ്യമായി ഈ മേഖലയിലെ എതിരാളികളായ ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളെ പിന്നിലാക്കുക എന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിച്ചതു. കൊക്കോപിത്ത്‌ ആണ്‌ പ്രധാനമായും ഫിലിപ്പീൻസ്‌ കയറ്റി അയക്കുന്ന ഒരു ഉത്പ്പന്നം. 2011 ൽ ഫിലിപ്പീൻസ്‌ 5000 മെട്രിക്‌ ടൺ കൊക്കോപിത്ത്‌ കയറ്റി അയച്ചപ്പോൾ ഇന്ത്യ 400,000 മട്രിക്‌ ടൺ കയറ്റി അയച്ചു. ശ്രീലങ്കയ്ക്ക്‌ 82000 മെട്രിക്‌ ടൺ കയറ്റി അയക്കാനേ സാധിച്ചുള്ളു. പക്ഷെ, 2012 ലെ ആദ്യ നാലുമാസം കൊണ്ട്‌  ഫിലിപ്പീൻസിൽ നിന്ന്‌ ആറ്‌ ദശലക്ഷം ലിറ്റർ തേങ്ങവെള്ളം കയറ്റി അയച്ചു. ഈ മേഖലയിൽ ഇന്നും ഫിലിപ്പീൻസാണ്‌ മുന്നിട്ടു നിൽക്കുന്നത്‌.
സമോവ
പത്ത്‌ ദ്വീപുകളുടെ സമൂഹമാണ്‌ സമോവ എന്ന ചെറിയ രാജ്യം. സാമോവയിലെ പ്രധാന സാമ്പത്തിക സ്രോതസിൽ ഒന്നാണ്‌ നാളികേര കൃഷി. കൊപ്രയും വെളിച്ചെണ്ണയുമാണ്‌ പ്രധാന ഉത്പ്പന്നങ്ങൾ.  ഉത്പ്പന്ന വൈവിധ്യവത്ക്കരണത്തിലൂടെ കയർ, ശുദ്ധിചെയ്ത വെളിച്ചെണ്ണ, ചിരട്ടയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ തുടങ്ങിയവയുടെ ഒരു ശ്രേണി തന്നെ രാജ്യത്തെ നാളികേര വ്യവസായ മേഖലയിൽ നിർമ്മിച്ച്‌ കയറ്റുമതി ചെയ്യുന്നുണ്ട്‌.  ഇന്റഗ്രേറ്റഡ്‌ കോക്കനട്ട്‌ പ്രോസസിംങ്ങ്‌ പ്ലാന്റ്‌, നാളികേര മില്ല്‌, വെർജിൻ കോക്കനട്‌ ഓയിൽ നിർമാണം, കൊപ്ര   ഉത്പാദനം  കോക്കനട്‌ ക്രീം നിർമാണം തുടങ്ങിയ മേഖലകളിലാണ്‌ രാജ്യത്തെ നാളികേര മേഖലയിലെ കർഷകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. സാവായിലെ കോക്കനട്‌ ഫാർമേഴ്സ്‌ അസോസിയേഷന്‌ ഫെയർ ട്രേഡ്‌ സർട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടുണ്ട്‌. സമോവയിൽ ആദ്യമായി സർട്ടിഫിക്കേഷൻ ലഭിക്കുന്ന കർഷക സമൂഹമാണ്‌ സാവാ.
ശ്രീലങ്ക
നാളികേര വികസനത്തിനു വേണ്ടി മാത്രം പ്രത്യേക മന്ത്രാലയമുള്ള ലോകത്തിലെ ഏക രാജ്യമാണ്‌ ശ്രീലങ്ക. രാജ്യത്തെ മൊത്തം നാളികേര മേഖല 417,000 ഹെക്ടറാണ്‌. ഉത്പാദനം 2014 ൽ 3,300 ദശലക്ഷം നാളികേരവും. നഗരങ്ങളിൽ തെങ്ങു വച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി കുറിയ ഇനം തെങ്ങിൻ തൈകളുടെ വിതരണം ഉൾപ്പെടെ നാല്‌ വ്യത്യസ്ത പദ്ധതികളാണ്‌ ശ്രീലങ്കയിൽ തെങ്ങു വികസന മന്ത്രാലയം നടപ്പാക്കി വരുന്നത്‌. 2016 ൽ ഇടവിളകൃഷിയോടുകൂടിയ 40000 ഹെക്ടറും, മൃഗസംരക്ഷണം ഉൾപ്പെടെയുള്ള സംയോജിത കൃഷി നടപ്പാക്കുന്ന 40000 ഹെക്ടറും വീതം നാളികേര കൃഷി വ്യാപിപ്പിക്കുന്നതിന്‌ വിവിധ സാമ്പത്തിക സഹായങ്ങൾ കർഷർക്കായി ഗവണ്‍മന്റ്‌ ലഭ്യമാക്കി വരുന്നു. രാജ്യവ്യാപകമായി 10 ശതമാനം സബ്സിഡി നിരക്കിൽ രാസവളം വിതരണം ചെയ്യുക വഴി ഉത്പാദനം 10 ശതമാനം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്‌.
തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾ തടയുന്നതിനുള്ള ഗവേഷണം ശ്രീലങ്കയിൽ പുരോഗമിക്കുന്നു. കൂടാതെ ഡേശിക്കേറ്റഡ്‌ കോക്കനട്‌ നിർമാണം, കയർ ഉത്പാദനം മേഖലകളിൽ രണ്ടു മൂന്നു വർഷമായി പിന്നിലായിരുന്നു ശ്രീലങ്ക. എന്നാൽ ചിരട്ട അടിസ്ഥാനമാക്കിയുള്ള വ്യവസായം 2008 മുതൽ നല്ല പുരോഗതിയിലാണ്‌.  125 രാജ്യങ്ങളിലേയ്ക്ക്‌ 30 -ൽ പരം ഉത്പ്പന്നങ്ങൾ ശ്രീലങ്കയിൽ നിന്ന്‌ കയറ്റി അയക്കുന്നുണ്ട്‌.  ലോകത്തിൽ ഏറ്റവും അധികം കയർ ഉത്പ്പാദിപ്പിക്കുന്ന രാജ്യമാണ്‌ ശ്രീലങ്ക. യുഎസ്‌എ, ഫ്രാൻസ്‌, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ്‌ ചിരട്ട ഉത്പ്പന്നങ്ങൾ കയറ്റുതി ചെയ്യുന്നത്‌. രാജ്യത്തിന്റെ മൊത്തം വരുമാനത്തിൽ 4ശതമാനം നാളികേര ഉത്പ്പന്നങ്ങളിൽ നിന്നാണ്‌. (ഉദ്ദേശം 46 ദശലക്ഷം ശ്രീലങ്കൻ രൂപ)
സോളമൻ ദ്വീപുകൾ
ആയിരത്തോളം ചെറു ദ്വീപുകളുടെ സമൂഹമായ സോളമൻ ദ്വീപുകൾ 2020 ലക്ഷ്യമാക്കി  നാളികേര മേഖലയിൽ വൻ കുതിപ്പിന്‌ ഒരുങ്ങുകയാണ്‌. രാജ്യത്തെ 85 ശതമാനം ആളുകളും കൊപ്ര വ്യവസായത്തെ ആശ്രയിച്ച്‌ ജീവിക്കുന്നവരാണ്‌. അതുകൊണ്ട്‌ ഗ്രാമീണ മേഖലയിൽ നാളികേരാധിഷ്ഠിതമായ പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.  മൂല്യവർധിത ഉത്പ്പന്നങ്ങളുണ്ടാക്കുക എന്നതിന്‌  വൻ സാധ്യതയുണ്ട്‌ എന്നതിനാൽ, ആ മേഖലയിൽ മുന്നേറാനാണ്‌ ഇപ്പോൾ സോളമൻ ദ്വീപിലെ കർഷകർ ശ്രമിക്കുന്നത്‌. 2009     മുതലാണ്‌ സോളമൻ ദ്വീപുകൾ തെങ്ങുകൃഷിയിലേയ്ക്ക്‌ കൂടുതൽ ശ്രദ്ധ തിരിച്ചതു.
ദ്വീപിലെ പകുതി സ്ഥലത്തും നാളികേര തോട്ടങ്ങളാണ്‌. എല്ലാം തന്നെ ചെറിയ കൃഷിയിടങ്ങളുമാണ്‌. ജനങ്ങളുടെ പ്രധാന ഭക്ഷണങ്ങളെല്ലാം നാളികേരം ചേർത്തവയാണ്‌. അതിനാൽ നാളികേരത്തിന്റെ ആഭ്യന്തര ഉപഭോഗം തന്നെ നല്ല തോതിലുണ്ട്‌. കൊപ്രയാണ്‌ മുഖ്യ കയറ്റുമതി സാമഗ്രി. പ്രധാന വിപണി ഫിലിപ്പീൻസാണ്‌.  2010 ൽ 20000 ടൺ കൊപ്രയാണ്‌ ഉത്പാദിപ്പിച്ചതു. വെർജിൻ കോക്കനട്‌ ഓയിലും ഉത്പാദിപ്പിക്കുന്നുണ്ട്‌. 100 ടൺ ആണ്‌ വാർഷിക ഉത്പ്പാദനം. ഗ്രാമങ്ങളിൽ കിലോഗ്രാമിന്‌വില 20 ഡോളറാണ്‌. ദ്വീപിലെ നാളികേര വിപണി വളരെ ദുർബലമാണ്‌ എന്നതാണ്‌ കർഷകർ നേരിടുന്ന വലിയ പ്രശ്നം. എങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാനായി കോക്കനട്‌  സെക്ടർ സെക്രട്ടേറിയറ്റ്‌ പരിശ്രമിച്ചു വരികയാണ്‌. പ്രധാനമന്ത്രിയുടെ ഓഫീസ്‌ നേരിട്ടാണ്‌ നാളികേര മേഖലയുടെ പ്രശ്നങ്ങൾ സെക്രട്ടേറിയറ്റ്‌ വഴിയായി പരിഹരിക്കുന്നത്‌.  2020 ലക്ഷ്യമാക്കി നാളികേര മേഖലയിൽ വൻ വികസന പദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കി വരുന്നു.
ടോംഗ
171 ദ്വീപുകളുടെ സമൂഹമാണ്‌ ടോംഗ. ഇതിൽ 40 ദ്വീപുകളിൽ മാത്രമെ ജനവാസമുള്ളു. ഇവയെ  അഞ്ചു ദ്വീപുജില്ലകളായി വിഭജിച്ചിരിക്കുന്നു.  മൊത്തം ജനസംഖ്യ 103252 മാത്രം. തെങ്ങിനെ ജീവന്റെ വൃക്ഷമായിട്ടാണ്‌ ദ്വീപിലെ ജനങ്ങൾ കരുതുന്നത്‌. പക്ഷെ 60 ശതമാനം തെങ്ങുകളും ഉത്പാദനക്ഷമത കുറഞ്ഞവയാണ്‌. മൊത്തം സ്ഥലത്തിന്റെ 74 ശതമാനം തെങ്ങു കൃഷിയാണ്‌. കൃത്യമായ ഭൂവിനിയോഗ നയം ഇല്ലാത്തതിനാൽ നഗരവത്ക്കരണത്തിന്റെ ഭാഗമായി നാളികേര കൃഷിയിടങ്ങൾ ജനവാസ മേഖലകളായി മാറ്റുന്നു. ഇതാണ്‌ തെങ്ങുകൃഷി കുറഞ്ഞു വരാൻ കാരണം.
ദ്വീപിൽ ഇപ്പോഴും മുഖ്യ ഭക്ഷ്യസ്രോതസായി നിൽക്കുന്നത്‌ നാളികേരം തന്നെ. 23.4 ദശലക്ഷം നാളികേരമാണ്‌ വാർഷിക ഉപഭോഗം. ഇതിന്‌ ഒരു ദശലക്ഷം നാളികേരവൃക്ഷങ്ങൾ വേണം. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ആവർത്തന കൃഷി നടത്തുന്നില്ല. ഉത്പ്പന്നങ്ങൾ ഒന്നും കയറ്റി അയക്കുന്നില്ല. അടുത്തകാലത്തായി ചില വനിതാ സംഘടനകൾ നാളികേര വികസനപദ്ധതികളിൽ വലിയ താൽപര്യം കാണിക്കുന്നുണ്ട്‌. പുതിയ ഉത്പ്പന്നങ്ങൾ നിർമ്മിച്ച്‌ വിദേശരാജ്യങ്ങളിലേയ്ക്ക്‌ കയറ്റി അയക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു.
തായ്‌ലന്റ്‌
രാജ്യത്തെ മുഖ്യ വിളകളുടെ പട്ടികയിൽ നാളികേരം ഇല്ലെങ്കിലും തായ്‌ലന്റിലെ പ്രധാന നാണ്യവിളയാണ്‌ നാളികേരം. 69 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 332033 ചെറുകിട കൃഷിക്കാർ നാളികേര കൃഷി കൊണ്ട്‌ ഉപജീവനം കഴിക്കുന്നു.ഇതിൽ 87 ശതമാനം കൃഷിയിടങ്ങളും അഞ്ച്‌ ഹെക്ടറിൽ താഴെ മാത്രം വിസ്തൃതിയുള്ളവയാണ്‌. മൊത്തം വിസ്തീർണത്തിൽ(321 ദശലക്ഷം ഹെക്ടർ) 213,000 ഹെക്ടറിലും നാളികേരമാണ്‌ കൃഷി ചെയ്യുന്നത്‌.
രാജ്യത്തെ നാളികേര ഉത്പ്പാദനത്തിൽ 60 ശതമാനവും ആഭ്യന്തര ഉപയോഗങ്ങൾക്കാണ്‌. 35 ശതമാനം നാളികേര പാൽ ഉത്പാദനത്തിനും 5 ശതമാനം വെളിച്ചെണ്ണ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. പത്ത്‌ നാളികേര പാൽ സംസ്കരണ യൂണിറ്റുകൾക്കും 15 തേങ്ങാവെള്ളം സംസ്കരണ യൂണിറ്റുകൾക്കുമായി ദിവസം രണ്ടു ദശലക്ഷം നാളികേരം വേണം.  രാജ്യത്തെ മൊത്ത ആഭ്യന്തരഉത്പാദനത്തിൽ  0.3 ശതമാനം നാളികേര ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്നാണ്‌.
2011 ലും 12 ലും തായൽന്റ്‌ നാളികേരം ഇറക്കുമതി ചെയ്യുകയുണ്ടായി. സംസ്കരണത്തിന്‌ ആവശ്യമായ ഉത്പാദനം ഇല്ലാതെ വന്നപ്പോഴായിരുന്നു ഇത്‌.  തുടർന്ന്‌ നാളികേര മേഖലയ്ക്ക്‌ ഗവണ്‍മന്റ്‌ വലിയ സഹായങ്ങൾ നൽകി തുടങ്ങി. 2011 -15 കാലഘട്ടത്തിലേയ്ക്ക്‌ വിവിധ പുനരുദ്ധാരണ പദ്ധതികളാണ്‌ ഇപ്പോൾ നാളികേര മേഖലയിൽ തായ്‌ലന്റ്‌ ഗവണ്‍മന്റും കൃഷി മന്ത്രാലയവും ചേർന്ന്‌ നടപ്പാക്കി വരുന്നത്‌. ഉത്പാദനം വർധിപ്പിക്കുക,  രോഗ, കീട നിവാരണ മാർഗ്ഗങ്ങൾ അവലംബിക്കുക, പുതിയ നാളികേര തൈകൾ കൃഷിചെയ്യുക, തുടങ്ങിയവയാണ്‌ പരിപാടികൾ. കയറ്റുമതി ലക്ഷ്യമാക്കി ഗുഡ്‌ അഗ്രിക്കൾച്ചർ  പ്രാക്ടീസ്‌ (ജിഎപി) വെർജിൻ കോക്കനട്‌ ഓയിലിന്റെ ഉത്പാദനം എന്നീ മേഖലകളിലേയ്ക്കും ഗവണ്‍മന്റ്‌ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു.
വിയറ്റ്നാം
രാജ്യത്തെ നാളികേര ഉത്പാദന മേഖല 156654 ഹെക്ടറാണ്‌.  ശരാശരി വാർഷിക ഉത്പാദനം തെങ്ങ്‌ ഒന്നിന്‌ 24 നാളികേരമാണ്‌. 4,000,000 വിയറ്റ്നാം കർഷകർ മൊത്തം ജനസംഖ്യയുടെ 4.6 ശതമാനം നാളികേര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. പ്രതിസന്ധികൾക്കിടയിലും വിയറ്റ്നാം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 118 ദശലക്ഷം ഡോളറിന്റെ നാളികേര ഉത്പ്പന്നങ്ങൾ കയറ്റി അയച്ചു. കൃഷിക്കാർക്ക്‌ വേണ്ട സാമ്പത്തിക സഹായം നൽകാൻ ഗവണ്‍മന്റിനു സാധിക്കാത്തത്താണ്‌ നാളികേര മേഖലയിലെ വലിയ പ്രതിസന്ധി എന്ന്‌ അധികൃതർ തന്നെ സമ്മതിക്കുന്നു. ഉത്പാദനം കുറഞ്ഞ വൃക്ഷങ്ങൾ വെട്ടി മാറ്റി പുതിയ തൈകൾ വയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ചില മേഖലകളിലെ കാലവസ്ഥയും കാർഷികോത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.
കോക്കനട്‌ കാൻഡി, വെളിച്ചെണ്ണ, ഡസിക്കേറ്റഡ്‌ കോക്കനട്‌ പൗഡർ, കോക്കനട്‌ മിൽക്ക്‌, ചിരട്ടക്കരി, ഉത്തേജിത കരി തുടങ്ങിയ പരമ്പരാഗത ഉത്പ്പന്നങ്ങൾ കൂടാതെ, പുതിയ  നിരവധി ഉത്പ്പന്നങ്ങളും വിയറ്റനാം വിദേശത്തേയ്ക്ക്‌ കയറ്റി അയക്കുന്നുണ്ട്‌. കരിക്ക്‌, നാറ്റാഡി കൊക്കോയിൽ നിന്ന നിർമ്മിക്കുന്ന ഫേഷ്യൽ മാസ്ക്‌ തുടങ്ങിയവ ഈ ഇനത്തിൽ ഉൾപ്പെടുന്നു. നാളികേര സംസ്കരണമേഖലയിൽ സുസ്ഥിര നാളികേര വ്യവസായങ്ങൾ തുടങ്ങുന്നതിനായി വിയറ്റ്നാം കൂടുതൽ വിദേശ നിക്ഷേപകരെ തേടുകയാണ്‌ ഇപ്പോൾ.
വനാടു
83 ദ്വീപുകളുടെ സമൂഹമാണ്‌ വനാടു. 70 ശതമാനം ഗ്രാമങ്ങളിലും നാളികേരം മുഖ്യ വിളയാണ്‌. അഞ്ച്‌ ഹെക്ടർ വരുന്ന ചെറിയ കൃഷിയിടങ്ങളാണ്‌ എല്ലാം. കയറ്റുമതി ലക്ഷ്യമാക്കി വൻ തോതിൽ കൊപ്രയാണ്‌ എല്ലാ കർഷകരും ഉത്പ്പാദിപ്പിക്കുന്നത്‌. 119384 ഹെക്ടറിൽ  ഏകദേശം 9736676 നാളികേര വൃക്ഷങ്ങളുണ്ടെന്നാണ്‌ കണക്ക്‌. മൊത്തം വാർഷിക ഉത്പാദനം 778,934,080 നാളികേരം.  ഇതിൽ 329 600 000 നാളികേരം കൊപ്രയാക്കുന്നു. 647348 നാളികേരം പ്രതിവർഷം ഭക്ഷ്യാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നു.  പകുതിയിലേറെ വൃക്ഷങ്ങൾ 50 വർഷത്തിനു മേൽ പ്രായമുള്ളവയാണ്‌. വനാടു കമ്മോഡിറ്റി മാർക്കറ്റിംങ്ങ്‌ ബോർഡാണ്‌ നാളികേര - കൊപ്ര വ്യാപാരം നിയന്ത്രിക്കുന്നത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...