19 Sept 2014

കൊക്കോടെക്‌ - രാജ്യാന്തര കേരമാമാങ്കം


ഡോ. രമണി ഗോപാലകൃഷ്ണൻ
ഡപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11

ഏറ്റവും വിപുലമായ പങ്കാളിത്തം കണ്ട കൊക്കോടെക്‌ മാമാങ്കമായിരുന്നു കൊളംബോയിൽ നടന്നത്‌. ഏഷ്യ പസഫിക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റി അംഗരാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം കൂടാതെ ക്ഷണിക്കപ്പെട്ട വിദഗ്ദ്ധർ, ഫ്രാൻസിലെ നാളികേര ജനിതക വിഭവ ശൃംഖലാ കേന്ദ്രം, അന്തർദേശീയ  ജൈവവൈവിദ്ധ്യ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഫിലിപൈൻസിലെ യുണൈറ്റഡ്‌ കോക്കനട്ട്‌ അസോസിയേഷൻ (യുക്കാപ്‌), ചൈനയിലെ നാളികേര ഗവേഷണ കേന്ദ്രം, കെനിയയിലെ മൈക്രോ എന്റർപ്രൈസസ്സ്‌ സപ്പോർട്ട്‌ പ്രോഗ്രാം ട്രസ്റ്റ്‌ (മെസ്പെറ്റ്‌), ടാൻസാനിയായിലെ 'മിക്കോചേനി' കാർഷിക ഗവേഷണ കേന്ദ്രം, ട്രിനിഡാഡ്‌ ആന്റ്‌ ടൊബാഗോ ഭക്ഷ്യോ ൽപാദന മന്ത്രാലയം, നെതർലാന്റിലെ എഫ്‌.എ.ഒ യുടെ ദൃഢനാരുകളെക്കുറിച്ചുള്ള ഗവേഷണ വികസന വിഭാഗം, നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതി ഇറക്കുമതിക്കാർ, അംഗത്വ രാജ്യങ്ങളല്ലാത്ത സിംഗപ്പൂർ, ബ്രസീൽ, ഫ്രാൻസ്‌, മോശാംബിക്‌ എന്നിവിടങ്ങളിൽ നിന്നുള്ള നാളികേര കുതുകികൾ പങ്കെടുത്ത ഒരു വൻമേളയായിരുന്നു. പല രാജ്യങ്ങളിൽ നിന്നെത്തിയ വിദഗ്ദ്ധരുടെ പ്രബന്ധാവതരണത്തിൽ നിന്നും തെരഞ്ഞെടുത്ത  ചില ഭാഗങ്ങൾ വായനക്കാർക്കുവേണ്ടി പങ്കു വയ്ക്കുന്നു.
കേരവികസനത്തിന്‌ മാത്രമായൊരു മന്ത്രാലയം
തെങ്ങിനെ സ്നേഹിക്കുന്ന ഏവരുടേയും സ്വപ്നമാണ്‌ കേരവികസനത്തിന്‌ മാത്രമായൊരു മന്ത്രാലയമെന്നത്‌. ലോകത്തിലെ പ്രമുഖ നാളികേരോത്പാദക രാജ്യങ്ങളിലൊന്ന്‌ ഈ സ്വപ്നം നാല്‌ വർഷങ്ങൾക്ക്‌ മുൻപ്‌ തന്നെ പ്രാവർത്തികമാക്കി. ഇങ്ങനെയൊരു മന്ത്രാലയം രൂപം കൊണ്ടതിൽ രാജ്യത്തിന്റെ സമ്പട്ഘടനയിൽ തെങ്ങുകൃഷിയ്ക്കുള്ള സ്വാധീനം തന്നെയാണ്‌ പ്രാമുഖ്യം. മറ്റാരുമല്ല ഈ രാജ്യം - ഇന്ത്യയിലെ തെങ്ങുകൃഷിയുടെ അഞ്ചിലൊന്ന്‌ മാത്രം കൃഷിയും ഉത്പാദനത്തിന്റെ പത്തിലൊന്ന്‌ മാത്രം സംഭാവനയും ചെയ്യുന്ന ശ്രീലങ്കയ്ക്ക്‌ തന്നെ ഈ പൊൻതൂവൽ. 3.35 ലക്ഷം ഹെക്ടർ ഭൂവിസ്തൃതിയും 27 കോടി നാളികേരോത്പാദനവുമാണ്‌ ഇപ്പോൾ ശ്രീലങ്കയ്ക്കുള്ളത്‌. 1983 ലെ ഭൂമിയുടെ തുണ്ടുവത്ക്കരണത്തെത്തുടർന്ന്‌ ഉത്പാദനത്തിൽ 7 ശതമാനം കുറവുണ്ടായ രാജ്യം. ആളോഹരി ഉപഭോഗം 116 നാളികേരമുള്ള ശ്രീലങ്കയിൽ 7 ലക്ഷം ജനങ്ങളുടെ ജീവനോപാധിയാണ്‌ തെങ്ങ്‌. ഉത്പാദന മേഖലയിൽ 1 ലക്ഷം പേർക്കും വ്യവസായ മേഖലയിൽ 35,000 പേർക്കും തൊഴിൽ നൽകുന്ന കേരമേഖല പ്രത്യേക മന്ത്രാലയത്തി ന്റെ ആവിർഭാവത്തോടെ ഏറെ സജീവമായി. കേരവികസന മന്ത്രാലയത്തിന്റെ കീഴിൽ കേരകൃഷി ബോർഡ്‌, കേര ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്‌, കേര വികസന അതോറിറ്റി എന്നിങ്ങനെ മൂന്ന്‌ പ്രധാന സ്ഥാപനങ്ങളാണ്‌ സജ്ജമാക്കിയിരിക്കുന്നത്‌.  നെല്ലും റബ്ബറും തെങ്ങുമെല്ലാം ശ്രീലങ്കയ്ക്ക്‌ മുഖ്യവിളകൾ തന്നെ. എന്നാൽ സിംഹളരുടെ ഭക്ഷണത്തിൽ 15 ശതമാനം കലോറി മൂല്യവും 5 ശതമാനം പ്രോട്ടീനും നാളികേരത്തിൽ നിന്നാണ്‌. കുറഞ്ഞത്‌ 5 ശതമാനം ശ്രീലങ്കൻ ജനതയുടെയെങ്കിലും മുഖ്യ വരുമാനമാർഗ്ഗമാണ്‌ കേരമേഖല.
ശ്രീലങ്കയിലെ കേരവ്യവസായത്തെക്കുറിച്ചു പ്രബന്ധം അവതരിപ്പിച്ച നാളികേര ഗവേഷണ ബോർഡ്‌ ചെയർമാൻ പ്രോ. എച്ച്‌.പി.എം ഗുണസേന " നാളികേരത്തിന്റെ ഔഷധഗുണം കരിക്കിൻ വെള്ളവിപ്ലവത്തെ തുണച്ചു" എന്നാണ്‌ തന്റെ പ്രബന്ധാവതരണത്തിൽ എടുത്തു പറഞ്ഞത്‌.
9500 ലക്ഷം അമേരിക്കൻ ഡോളർ വ്യവസായമാണ്‌ ശ്രീലങ്കയിലെ കേരവ്യവസായം. 'ടൃശ ഘമിസമ: വേല ണീ​‍ൃഹറ യല​‍െ​‍േ ഇ​‍ീരീ​‍ി​‍ൗ​‍േ ഈഹശേ​‍്മ​‍്​‍ൃ",  "ശ്രീലങ്ക: ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട തെങ്ങുകൃഷി രാജ്യം" എന്ന ലക്ഷ്യമായിരുന്നു ഇങ്ങനെയൊരു മന്ത്രാലയം രൂപീകരിച്ചതിനു പിന്നിൽ. രാജ്യത്ത്‌ ഉത്പാദന ക്ഷമതയും വ്യവസായ സ്ഥിരതയും വർദ്ധിപ്പിക്കുക എന്നതായിരുന്നു "മഹിന്ദ ചിന്തന" എന്ന പേരിൽ നിലവിൽ വന്ന ദൗത്യത്തിന്‌ പിന്നിൽ.
ഉത്പാദനം 365 കോടി നാളികേരമായി ഉയർത്തുക, ഉയർന്ന ഉത്പാദനക്ഷമതയുള്ള  പ്രദേശത്തെ തുണ്ടവത്ക്കരണത്തിൽ നിന്നും ഒഴിവാക്കുക, കൊന്നത്തെങ്ങുകളുടെ സാന്ദ്രത 5 ശതമാനമാക്കി നിലനിർത്തുക, ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുക, സങ്കരയിനം ഉപയോഗിച്ച്‌ പുനർനടീൽ ത്വരിതപ്പെടുത്തുക എന്നീ തന്ത്രങ്ങളാണ്‌  ഈ ലക്ഷ്യവും ദൗത്യവും സാക്ഷാത്ക്കരിക്കാൻ സ്വീകരിച്ചിരിക്കുന്നത്‌. ഡേശിക്കേറ്റഡ്‌ കോക്കനട്ടും കയറുൽപന്നങ്ങളുമാണ്‌ ശ്രീലങ്കയിലെ മുഖ്യ ഉൽപന്നങ്ങൾ. തൊട്ടുപിന്നിൽ ചിരട്ട ഉൽപന്നങ്ങൾ. രാജ്യത്തിന്റെ മൊത്തം വരുമാനത്തിൽ നാലുശതമാനം നാളികേരോൽപന്നങ്ങൾ നേടിക്കൊടുക്കുന്ന കേര വ്യവസായം ശ്രീലങ്കയുടെ സമ്പട്‌വ്യവസ്ഥയുടെ മുഖ്യ അടിത്തറയാണ്‌. പച്ചത്തേങ്ങയുൾപ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ശ്രീലങ്കയുടെ ഉൽപന്നങ്ങൾ സാന്നിദ്ധ്യമറിയിക്കുന്നു. ഇന്ത്യൻ വിപണിയിൽ ശ്രീലങ്കയിലെ തൂൾതേങ്ങ, തേങ്ങപ്പൊടി, തേങ്ങപ്പിണ്ണാക്ക്‌ ഇവയെല്ലാം വലിയ തോതിൽ എത്തുന്നുണ്ട്‌.
തെങ്ങ്‌ ഒരു സ്വർണ്ണഖനി
വേണ്ടവിധം സംസ്ക്കരിച്ചെടുക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്താൽ തെങ്ങ്‌ ഒരു സ്വർണ്ണഖനി തന്നെയാണ്‌ - പറയുന്നത്‌ ഫിലിപ്പീൻസിലെ സ്വതന്ത്ര അന്തർദേശീയ കൺസൾട്ടന്റ്‌ ഡിവിന സി. ബാവലൻ. ഫിലിപ്പീൻസ്‌ കോക്കനട്ട്‌ അതോറിറ്റിയിൽ 1987 മുതൽ 2004 വരെ കെമിക്കൽ എഞ്ചിനീയറും സീനിയർ ശയൻസ്‌ റിസർച്ച്‌ സ്പേഷ്യലിസ്റ്റുമായ ബാവലൻ വെളിച്ചെണ്ണ ഉത്പാദനത്തിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വെളിച്ചെണ്ണയ്ക്ക്‌ എങ്ങനെ മൂല്യവർദ്ധന വരുത്താമെന്ന്‌ പ്രബന്ധം അവതരിപ്പിച്ചു. പരമ്പരാഗത രീതിയിൽ കൊപ്ര ആട്ടി ലഭിക്കുന്ന ക്രൂഡ്‌ വെളിച്ചെണ്ണയ്ക്ക്‌ മെട്രിക്‌ ടണ്ണിന്‌ 888 ഡോളർ ലഭിക്കുമ്പോൾ നൂതന സാങ്കേതിക വിദ്യയിലൂടെ ഇത്‌ 3986 ഡോളർ ലഭിക്കുന്ന വെർജിൻ വെളിച്ചെണ്ണയായി മാറ്റാമെന്നാണ്‌ ബാവലൻ വെളിപ്പെടുത്തിയത്‌.
ഫിലിപ്പീൻസിലെ നാളികേര സംസ്ക്കരണത്തിന്‌ ഒരു ചരിത്രം തന്നെയുണ്ടെന്നാണ്‌ ബാവലൻ പറയുന്നത്‌. 1880 കളിൽ കൊപ്രയിൽ തുടങ്ങിയ സംസ്ക്കരണം 1900 കഴിഞ്ഞപ്പോൾ വെളിച്ചെണ്ണയും കൊപ്ര പിണ്ണാക്കുമായി വളർന്ന്‌ 1920 കഴിഞ്ഞപ്പോൾ ഡേശിക്കേറ്റഡ്‌ കോക്കനട്ടിനും തൂൾതേങ്ങയ്ക്കും വഴിമാറി. 1960 കളുടെ അവസാനപാദത്തിൽ ഒലിയോ കെമിക്കൽസും 1970കളുടെ അവസാനപാദത്തിൽ നാളികേര ക്രീമും 2000 കഴിഞ്ഞപ്പോൾ വെർജിൻ വെളിച്ചെണ്ണ, തേങ്ങപ്പൊടി എന്നിവയും വികസിപ്പിച്ചെടുത്തു. സാങ്കേതിക വിദ്യയുടെ ശുദ്ധീകരണവും പുരോഗമിക്കുകയാണ്‌. ഇനിയും നിരവധി ഭക്ഷ്യോൽപന്നങ്ങളും തൊണ്ടിലും ചിരട്ടയിലും നിന്ന്‌ എണ്ണമറ്റ ഉൽപന്നങ്ങളും  ഫിലിപ്പീൻസിന്റേതായി വരുമെന്ന ശുഭാപ്തി വിശ്വാസവും ബാവലൻ പ്രകടിപ്പിച്ചു.
ചിരട്ടയിൽ നിന്നും സെയിലോസ്‌  ഷുഗർ അഥവാ നാച്യുറൽ സ്വീറ്റ്നർ (സ്വാഭാവിക പഞ്ചസാര) ഉത്പാദനത്തിന്റെ സാങ്കേതികവിദ്യ ഏവരിലും കൗതുകമുണർത്തി. സാങ്കേതിക വിദ്യ പറയാതെ പറഞ്ഞ ബാവലൻ ഫിലിപ്പീൻസിന്റെ വിപണി പ്രാധാന്യമുള്ള ഉൽപന്നങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ്‌ തന്റെ പ്രബന്ധം അവസാനിപ്പിച്ചതു. വെർജിൻ  വെളിച്ചെണ്ണ, തേങ്ങപ്പൊടി, നീര പഞ്ചസാര, തേങ്ങവെള്ള പാനീയം, ചിരട്ട മധുരം, മീതൈൽ എസ്റ്റർ എന്നിവയെല്ലാമാണ്‌ അവരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്‌.
നെതർലാൻഡിസിൽ നിന്നൊരു നാരുവിദഗ്ദ്ധൻ,
ദിലീപ്‌ തമ്പിരാജ
ദിലീപ്‌ തമ്പിരാജ - ഭക്ഷ്യ കാർഷിക സംഘടനയുടെ ദൃഢ നാരുകളുടെ ഗവേഷണവികസന ഗ്രൂപ്പിന്റെ ടീം ലീഡറും നെതർലൻഡിലെ അന്താരാഷ്ട്ര സ്വഭാവിക നാരു സംഘടനയുടെ സെക്രട്ടറിയുമാണ്‌ തമ്പിരാജ. "തകർക്കാൻ പ്രയാസമുള്ള നട്ട്‌ " എന്നാണ്‌ അദ്ദേഹം നാളികേരത്തെ വിശേഷിപ്പിച്ചതു. ഈ ഫലത്തിൽ അന്തർലീനമായിരിക്കുന്ന നിഗോ‍ൂഢതകൾ ആണ്‌ തമ്പിരാജയെ ഇത്‌ പറയാൻ പ്രേരിപ്പിച്ചതു. "അന്തർദേശീയ നാരു രംഗത്ത്‌ ആധുനികത ത്വരിതപ്പെടുത്തൽ" എന്ന വിഷയവുമായിവന്ന തമ്പിരാജയുടെ ഭാഷയിൽ "ഭക്ഷ്യസുരക്ഷയെ കയർ സ്വാധീനിക്കുന്നില്ല.  എന്നാൽ നാളികേരത്തിന്റെ ഉയർന്ന ഉപയോഗം ചെന്നെത്തുന്നത്‌ കൂടുതൽ കയറുത്പാദനത്തിലാണ്‌.  അതിനാൽ തേങ്ങയുടെ ഉത്പാദനവും ഉപഭോഗവും കൂടിയാൽ പ്രകൃതിനാരുകളുടെ ലഭ്യത വർദ്ധിക്കുകയും ഇത്‌ നിരവധി ആഗോള പ്രശ്നങ്ങൾക്ക്‌ പരിഹാരമാവുകയും ചെയ്യും".
ആരോഗ്യം അതല്ലേ എല്ലാം - അതെ. അതാണ്‌ എല്ലാം!
വടക്കേ അമേരിക്കയിലെ വിപണിയും വിപണന തന്ത്രവും അവതരിപ്പിച്ച ഹാൻസൽ ന്യൂ "സോ ഡെലീഷ്യസ്‌ " എന്ന ഡയറിഫ്രീ ഐസ്ക്രീം കമ്പനിയുടെ സസ്റ്റയിനബിലിറ്റി മാനേജർ ആണ്‌. 'ആരോഗ്യവും ശരീര സൗഖ്യവും' എന്ന ആശയത്തിലൂന്നി അമേരിക്കൻ വിപണിയിൽ മിന്നൽ വേഗത്തിൽ കടന്നുകയറിയവരാണ്‌ "സോ ഡെലീഷ്യസ്‌" കമ്പനി.
പൂരിത കൊഴുപ്പുകൾ രക്തത്തിലെ കൊളസ്ട്രോൾ ഉയർത്തുമെന്നും ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗസാദ്ധ്യതയും സ്ട്രോക്കും വർദ്ധിപ്പിക്കുമെന്നുമുള്ള അമേരിക്കൻ ഹാർട്ട്‌ അസോസിയേഷന്റെ വെളിപ്പെടുത്തലുകളുടെ നടുവിലാണ്‌ കൂടുതൽ പൂരിതകൊഴുപ്പുകൾ അടങ്ങിയ തേങ്ങപ്പാലുകൊണ്ടുള്ള ഉൽപന്നം ഊളിയിട്ടിറങ്ങിയത്‌. ഇവിടെ പിടിച്ചുപറ്റാൻ സാധിച്ചതു ജനങ്ങൾ അന്വേഷിക്കുന്ന ആരോഗ്യവും ശരീരസൗഖ്യവും പ്രദാനം ചെയ്യാൻ കഴിയുന്ന മീഡിയം ചെയിൻ കൊഴുപ്പുകളുടെ സവിശേഷതകളാലാണ്‌. ഇത്‌ ഹൃദ്രോഗവും, പ്രമേഹം തുടങ്ങിയ രോഗങ്ങളുമായി ബനധപ്പെട്ടുള്ള ഹൃദ്രോഗസാധ്യതയും കുറയ്ക്കുമെന്നും അൽഷിമേഴ്സ്പോലുള്ള രോഗം കൂടുതൽ ഗുരുതരമാകാതെ സംരക്ഷിയ്ക്കുമെന്നും ഹാൻസൽ വ്യക്തമാക്കി.
കാൻസറിനും ട്യൂമറിനുമെതിരെ തേങ്ങാപ്പാൽ
ശ്രീലങ്കയിലെ ബയോ ഫുഡ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിലെ ഡപ്യൂട്ടി ജനറൽ മാനേജർ എസ്‌.എ. കെ.ഡി. ഹേമന്ദ, 'നാളികേരോത്പന്ന ഉപഭോഗവും മൂല്യവർദ്ധനവും' എന്ന വിഷയമാണ്‌ സദസ്സിനു മുൻപിലവതരിപ്പിച്ചതു. സ്കിംഡ്‌ മിൽക്ക്‌, തേങ്ങവെള്ളം തുടങ്ങിയ ഉൽപന്നങ്ങളുടെ വിപണന സാദ്ധ്യതയായിരുന്നു മുഖ്യവിഷയം. സ്കിംഡ്‌ മിൽക്ക്‌ ഒരു ഫംഗ്ഷണൽ ഫുഡ്‌ ആയിപ്പോലും ഡിമാന്റ്‌ ഉണ്ടാക്കാമെന്ന്‌ അദ്ദേഹം വസ്തുനിഷ്ഠമായി പ്രതിപാദിച്ചു. അനോനാ (ആത്ത) പഴത്തിന്റെ പൾപ്പ്‌ കലർത്തിയ തേങ്ങപ്പാൽ കാൻസറിനും ട്യൂമറിനും എതിരെ പ്രവർത്തിക്കുമെന്ന്‌ അദ്ദേഹത്തിന്റെ പ്രബന്ധം വെളിപ്പെടുത്തി.
തെങ്ങുകൃഷിയിൽ നിന്നും പിൻതിരിപ്പിക്കാൻ
ചില കുബുദ്ധികൾ ?
"കാലാവസ്ഥ വ്യതിയാനങ്ങളും വിലയിടിവുമൊക്കെ പറഞ്ഞ്‌ ചില കുബുദ്ധികൾ മറ്റുള്ളവരെ തെങ്ങുകൃഷിയിൽ നിന്നും പൈന്തിരിപ്പിക്കാൻ ശ്രമിക്കും. പക്ഷെ ഒരു കാര്യം സ്പഷ്ടമാണ്‌. ജീവസന്ധാരണത്തിനുള്ള മാർഗ്ഗമായി നമ്മൾ തെങ്ങിനെ എപ്പോഴും ആശ്രയിക്കുന്നു. കാരണം തേങ്ങ വിപണിയിൽ നിന്നും നിഷ്ക്കാസനം ചെയ്യപ്പെടാറില്ല."  ഫിലിപ്പീൻസിലെ വോനി.ടി.വി. അഗസ്റ്റിന്റേതാണ്‌ കമന്റ്‌. തെങ്ങുകൃഷിയെ അതിശക്തമായി പൈന്തുണയ്ക്കുന്നതായിരുന്നു വോനിയുടെ അഭിപ്രായ പ്രകടനം. 
ഫിലിപ്പീൻസിന്റെ  ആദ്യത്തെ 10 കയറ്റുമതി ഉൽപന്നങ്ങളെടുത്താൽ മൂന്നെണ്ണം നാളികേരാധിഷ്ഠിത ഉൽപന്നങ്ങൾ ആണെന്നും രാജ്യത്തിന്റെ സമ്പട്ഘടനയിൽ തെങ്ങുകൃഷിയുടെ സാന്നിദ്ധ്യം സ്വാധീനം ചെലുത്തുന്നുവേന്നും വോനി തന്റെ പ്രബന്ധത്തിൽ വെളിപ്പെടുത്തി. വെളിച്ചെണ്ണ, പിണ്ണാക്ക്‌, ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌ എന്നിവയാണ്‌ ഈ മൂന്നുൽപന്നങ്ങൾ. 2013 ൽ വെളിച്ചെണ്ണയുടെ കയറ്റുമതിയിലൂടെ രാജ്യം നേടിയത്‌ 97.4 കോടി അമേരിക്കൻ ഡോളറാണ്‌. തൂൾതേങ്ങയിൽ നിന്ന്‌ 18.1 കോടി അമേരിക്കൻ ഡോളറും പിണ്ണാക്കിൽ നിന്ന്‌ 14.4 കോടിയും ഓലിയോ കെമിക്കൽസിൽ നിന്നും 1.31 കോടി അമേരിക്കൻ ഡോളറുമാണ്‌. മൊത്തം നാളികേരോൽപന്നങ്ങളുടെ കയറ്റുമതിയിൽ നിന്ന്‌ 152 കോടി അമേരിക്കൻ ഡോളർ, അതായത്‌ 9000 കോടിയിലധികം ഇന്ത്യൻ രൂപ രാജ്യത്തിന്‌ നേടിക്കൊടുത്തു.
1586 കോടി നാളികേരമാണ്‌ ഫിലിപൈൻസിലെ ഉത്പാദനം. 2014 -ലെ കണക്ക്‌ ഉത്പാദനത്തിൽ അൽപം കുറവ്‌ കാണിക്കുന്നുണ്ട്‌. ആഗോള ഭീമന്മാരിൽ സംസ്കരണ രംഗത്ത്‌ ഏറ്റവും മുന്നിലാണ്‌ ഫിലിപ്പീൻസ്‌ എന്നുതന്നെ പറയാം. രണ്ടുലക്ഷം മെട്രിക്‌ ടൺ വാർഷിക സംസ്കരണ ശേഷിയുള്ള ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌ വ്യവസായമാണ്‌ മുമ്പിൽ. ഒരു ലക്ഷം മെട്രിക്ടൺ ശേഷിയുള്ള 11 ആക്ടിവേറ്റഡ്‌ കാർബൺയൂണിറ്റുകളും,  എന്നാൽ നമ്മളെ അതിശയിപ്പിക്കുന്ന, നമ്മൾ അനുകരിക്കേണ്ട, അനുവർത്തിക്കേണ്ട ഒരു വ്യവസായരംഗം ആറര ലക്ഷം മെട്രിക്‌ ടൺ വാർഷിക സംസ്കരണശേഷിയുള്ള 13 ഒലിയോ കെമിക്കൽസ്‌ യൂണിറ്റുകളാണ്‌. നാലേകാൽലക്ഷം ഉത്പാദനം നൽകുന്ന 9 ബയോ ഡീസൽ യൂണിറ്റുകൾ വേറേയും.
മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ 62.5 ശതമാനത്തോളം വിദേശ മാർക്കറ്റ്‌ പിടിച്ചു പറ്റുന്ന രാജ്യമാണ്‌ ഫിലിപ്പീൻസ്‌. അമേരിക്ക, യൂറോപ്പ്‌, കൊറിയ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളെല്ലാം ഫിലിപൈൻസിന്റെ ഉപഭോക്താക്കളാണ്‌.
ഫിലിപ്പീൻസിന്റെ നാളികേരപ്പാലും പാൽപ്പൊടിയും  അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പം ഏഷ്യപസഫിക്‌ രാജ്യങ്ങളും വൻതോതിൽ ഇറക്കുമതിചെയ്യുമ്പോൾ വെർജിൻ വെളിച്ചെണ്ണയ്ക്ക്‌ ഫിലിപ്പീൻസിനെ ആശ്രയിക്കുന്നത്‌ അമേരിക്ക, യൂറോപ്പ്‌, കാനഡ എന്നീ രാജ്യങ്ങളാണ്‌. രാജ്യത്തിന്റെ കയറ്റുമതിയിൽ ഏറ്റവും ശ്രദ്ധേയമായ പച്ചത്തേങ്ങ കയറ്റുമതിയിൽ 94 ശതമാനത്തിലധികം ചൈനയിലേക്കാണ്‌. വെളിച്ചെണ്ണ കയറ്റുമതിയിൽ 16 ശതമാനം ഏഷ്യൻ പസഫിക്‌ രാജ്യങ്ങളിലേക്ക്‌ പോകുന്നു. ഒലിയോ കെമിക്കൽസിന്റെ 81 ശതമാനവും ഏഷ്യൻ പസഫിക്‌ രാജ്യങ്ങളിലേക്കാണ്‌.

ചൈനയ്ക്ക്‌
കേര വ്യവസായമെന്നാൽ

ചൈനയിലെ കേരഗവേഷകനായ ഫ്യൂമിംഗ്‌ ഡെംഗ്‌ ചൈനയിലെ കേരോൽപന്നങ്ങളുടെ ഭാവി വിപണിയെക്കുറിച്ച്‌ പ്രബന്ധമവതരിപ്പിച്ചു. ചൈനയിലെ തെങ്ങുകൃഷിയുടെ 90 ശതമാനം കൈയടക്കിയിരിക്കുന്ന ഭൂവിഭാഗമാണ്‌ ഹെയ്നാൻ. തായ്‌വാൻ, യുന്നാൻ, സുവാംഗ്‌ ബന്ന, ഗ്ലാംങ്ങ്സ്‌ എന്നിവിടങ്ങളിലെല്ലാം തെങ്ങുകൃഷിയുടെ സാന്നിദ്ധ്യമുണ്ടെന്നു മാത്രമല്ല, എല്ലാ രാജ്യങ്ങളിലേയും പോലെ നാളികേരത്തിൽ നിന്നും നിരവധി ഉൽപന്നങ്ങളും ഉപോൽപന്നങ്ങളും ചൈനയിലും നിലവിലുണ്ട്‌. എങ്കിലും തേങ്ങാപ്പാൽ, തേങ്ങ കാൻഡി, തേങ്ങ പ്രോട്ടീൻ, ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, വെർജിൻ വെളിച്ചെണ്ണ എന്നിവ കൂടുതൽ പ്രബലമായ ഉൽപന്നങ്ങളാണ്‌.
ഹെയ്നനിൽ നാളികേരത്തിന്റെ ഉപയോഗം 40 ശതമാനം വെള്ളത്തിനും 32 ശതമാനം മറ്റു സംസ്ക്കരണ രംഗത്തുമാണ്‌. 50 വൻകിട വ്യവസായങ്ങളാണ്‌ ചൈനയിലുള്ളത്‌.  തേങ്ങാപ്പാലാണ്‌ വ്യവസായത്തിൽ മുൻപിൽ. 1994 മുതൽ തേങ്ങാപ്പാലുൽപന്നങ്ങളുടെ ഉത്പാദനം വളരെ ദ്രുതഗതിയിലാണ്‌. ഇപ്പോൾ 2 ലക്ഷം ടണ്ണാണ്‌ വാർഷിക ഉത്പാദനം. ശരാശരി 5% വളർച്ച അടുത്ത 10-20 വർഷത്തേക്ക്‌ ലക്ഷ്യമിടുന്നു. പഞ്ചസാര രഹിത/ തേങ്ങ ജ്യൂസും കൊഴുപ്പു കുറഞ്ഞ തേങ്ങാപ്പാലും ഉയർത്തിക്കാട്ടി വിപണി പിടിയ്ക്കാനാണ്‌ അവരുടെ ലക്ഷ്യം. കുറഞ്ഞത്‌ 12 കമ്പനികളെങ്കിലും വെളിച്ചെണ്ണ വിൽപന്ന നടത്തുന്നു. കയർ സംസ്കരണ മേഖല വളരെ വിപുലമാണ്‌. അതുപോലെ തന്നെ കയറും കയറുൽപന്നങ്ങളുടെ ഉപയോഗവും.
കേര വികസനത്തിൽ അന്തർലീനമായിരിക്കുന്ന സങ്കീർണ്ണതയെക്കുറിച്ചായിരുന്നു  ചൈനയിലെ നാളികേര ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ ഡോ. യോഡോംഗ്‌ യാംഗ്‌ അവതരിപ്പിച്ച പ്രബന്ധം.
'ചൈനയിലെ നാളികേര പ്രജനനത്തിൽ മോളിക്യുലാർ സാങ്കേതിക വിദ്യയുടെ ഉപയോഗം' എന്ന വിഷയത്തിലാണ്‌ ഡോ. യോഡോംഗ്‌ യാംഗിന്റെ ഗവേഷണം. യാംഗിന്റെ ഭാഷയിൽ "ഒരു ഗവേഷകൻ യഥാർത്ഥത്തിൽ പിൻഗാമിയുടെ ഗവേഷണം വിശകലനം ചെയ്യുകയും മുൻഗാമിക്ക്‌ പരീക്ഷണഫലം സമർത്ഥിച്ചുനൽകുകയും ചെയ്യുകയാണ്‌". 50 ദശലക്ഷം ഹെക്ടർ സ്ഥലമുള്ള ചൈനയിൽ കേവലം 50000 ഹെക്ടർ സ്ഥലത്തു മാത്രമേ തെങ്ങു നട്ടിട്ടുള്ളൂവേന്നാണ്‌ ഡോ. യോഡോംഗ്‌ യാംഗിന്റെ ഭാഷ്യം. വാർഷികോത്പാദനം 25 കോടി നാളികേരം. ശൈത്യത്തെ പ്രതിരോധിക്കുന്ന തെങ്ങിനങ്ങൾ ഉരുത്തിരിച്ചെടുത്താൽ ചൈനയിൽ വികസനം ദ്രുതഗതി പ്രാപിക്കുമെന്ന്‌ ഡോ. യോഡോംഗ്‌ യാംഗ്‌ പറഞ്ഞു.
8 ഹെക്ടർ അനുകൂല പ്രദേശവും 12 വർഷകാലയളവും കൊണ്ടേ തെങ്ങിൽ  ജനിതക പരീക്ഷണം പൂർത്തീകരിക്കാൻ സാധിക്കൂ എന്നാണ്‌ ഡോ.  യാംഗ്‌ പറയുന്നത്‌. കേര ഗവേഷണ രംഗത്ത്‌ മോളിക്യുലാർ മാർക്കേഴ്സ്‌ കൊണ്ട്‌ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്നാണ്‌ ഡോ. യാംഗ്‌ സമർത്ഥിക്കാൻ ശ്രമിച്ചതും.
തെങ്ങിൽ "ക്ലൈമറ്റ്‌ സ്മാർട്ട്‌" പരിചരണ മുറകൾ
 കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്‌ സംസാരിച്ച ശ്രീലങ്കയിലെ നാളികേര ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്‌ പാത്തോളജി ഡയറക്ടർ ഡോ. സി. എസ്‌. റാണാസിംഗേയുടെ അഭിപ്രായത്തിൽ  തെങ്ങിൽ പ്രത്യുൽപാദന ഘട്ടമാണ്‌ കായിക കോശ വികസന ഘട്ടത്തേക്കാൾ ഏറ്റവും കൂടുതൽ സങ്കീർണ്ണ മെന്നാണ്‌. കായ്‌ പിടുത്തത്തെയാണ്‌ ഉയർന്ന ഊഷ്മാവും ജല ദൗർലഭ്യവും സാരമായി ബാധിക്കുന്നത്‌. സമ്മിശ്രകൃഷി പ്രോത്സാഹിപ്പിക്കുന്നത്‌ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാനുള്ള ഒരു ഉപാധിയാക്കാമെന്ന്‌ റാണാസിംഗേ സമർത്ഥിച്ചു. ഇടവിളകൾ കാർബൺ ഡയോക്സൈഡ്‌ സംഭരണിയായി വർത്തിക്കുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. സമ്മിശ്രകൃഷി പ്രോത്സാഹിപ്പിച്ച്‌ 'ക്ലൈമറ്റ്‌ സ്മാർട്ട്‌' പരിചരണ മുറകൾ തുടരാൻ റാണാസിംഗേയുടെ പ്രബന്ധത്തിൽ വെളിപ്പെടുത്തി.
കയർപിത്ത്‌ പെല്ലറ്റ്‌ - കുപ്പയിൽ നിന്നുമുള്ള മാണിക്യം
നാളികേര കൃഷി വിസ്​‍്തൃതിയിൽ ഒന്നാം സ്ഥാനമാണ്‌ ഇന്തോനേഷ്യയ്ക്കുള്ളത്‌. ഉത്പാദനത്തിൽ രണ്ടാം സ്ഥാനവും. ഏഷ്യൻ പസഫിക്‌ കമ്മ്യൂണിറ്റിയുടെ ആസ്ഥാനവും ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ തന്നെ. കയർ സംസ്കരണത്തിലെ ഉപോൽപന്നമായ ചകിരിച്ചോർ താപോർജ്ജ ഉറവിടത്തിന്റെ ഘന ഇന്ധനമായി ഉപയോഗപ്പെടുത്താമെന്ന പ്രബന്ധം ശ്രദ്ധപിടിച്ചുപറ്റി. ഡോ. റിസാൽ അലംസിയ ആയിരുന്നു പേപ്പർ അവതരിപ്പിച്ച വിദഗ്ദ്ധൻ. നഷ്ടപ്പെടുത്തുന്ന അഥവാ നഷ്ടപ്പെട്ടേക്കാവുന്ന വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാണല്ലോ ഏറെ പ്രസക്തി.
ചകിരിച്ചോറിൽ 14 മുതൽ 20 ശതമാനം വരെ ഈർപ്പവും 22 ശതമാനം കാർബണും 6.14 ശതമാനം ചാരവും 71.8 ശതമാനം ബാഷ്പീകരണ ദ്രവ്യവും 1.14 ശതമാനം സിലിക്കയും ഉണ്ട്‌. ഈ ഘടനയിലുള്ള പിത്തിനെ ഉയർന്ന സാന്ദ്രതയും താഴ്‌ന്ന ഈർപ്പവും ഉയർന്ന ഊർജ്ജവുമുള്ള വസ്തുവാക്കി മാറ്റണം.
ചെറിയ ഉരുള രൂപത്തിൽ മാറ്റിയെടുക്കാവുന്ന ഈ ഇന്ധന സ്രോതസ്സ്‌  ഗ്യാസിഫയർ ഉപയോഗിച്ച്‌ കത്തിക്കുമ്പോൾ സിന്തറ്റിക്‌ വാതകം ഉത്പാദിപ്പിക്കപ്പെടുന്നു. ഇത്‌ പാചകാവശ്യങ്ങൾക്കും കാർഷികോൽ പന്നങ്ങൾ ഉണ്ടാക്കുന്നതിനും ഉപയോഗപ്പെടുത്താം. 85% ചകിരിച്ചോറും 5% മരച്ചീനി സ്റ്റാർച്ചും 10% പാചകഎണ്ണയും (ഉപയോഗശൂന്യമായ) കലർത്തിയാണ്‌ പെല്ലറ്റ്‌ നിർമ്മാണത്തിന്‌ ഉപയോഗപ്പെടുത്തുന്നത്‌. കയർ സംസ്ക്കരണ മേഖലയിൽ പ്രശ്നമായിക്കൊണ്ടിരിക്കുന്ന ചകിരിച്ചോർ അനുഗ്രഹമായി മാറുന്നുവേന്നായിരുന്നു ഡോ. റിസാൽ അലംസിയ അവതരിപ്പിച്ചതു.
കേരളത്തിന്റേയും ഇന്ത്യയുടേയും കണ്ണുതുറപ്പിക്കാനാകുന്നത്ര വളർച്ചയും വരുമാനവുമാണ്‌ ശ്രീലങ്ക, ഫിലിപ്പൈൻസ്‌, ഇൻഡോനേഷ്യ, തായ്‌ലാന്റ്‌ എന്നീ രാജ്യങ്ങൾ കൈവരിച്ചിരിക്കുന്നത്‌. നിരവധി മുട്ടാപ്പോക്കുകൾ നിരത്തി വികസനം തടസപ്പെടുത്തുന്ന നമ്മൾ കണ്ണും കാതും മനസ്സും തുറന്നു കേരകർഷകരുടെ ശുഭോദർക്കമായ ഭാവിക്കുവേണ്ടി പ്രവർത്തിക്കണമെന്നാണ്‌ ഈ രാജ്യങ്ങളുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്‌.  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...