19 Sept 2014

രാക്കിളിപ്പെണ്ണ്‌!


റോയ് കെ ഗോപാൽ
=====================
ഒന്ന്:
ഇരുൾ തിങ്ങുമീധരയിലിരുളാണ്ട ഗർത്തത്തി-
ലിഴയുന്നൊരലറുന്ന ഭ്രാന്തിയായ് നീ
ഈഹാമൃഗത്തിന്റെയിരയായിത്തീരുന്നു
ഇഴ പൊട്ടിയടരുന്ന നിറയൌവനം
നാറുന്നോരോടയുടെയോരൊത്തൊരുമിച്ച്
നാകം ചമയ്ക്കുന്നു ഹൃദയമില്ലാതെ
നരമാരണമെറിയുന്ന നണയത്തുട്ടിനാൽ
നിറയുന്നു, നിൻ മടിശീലയെന്നും
കരങ്ങളാൽ...
കരങ്ങളിലുള്ളോരാ നഖങ്ങളാൽ
കപിയുടെ കയ്യിലെ മാലപോൽ, പാശ്ചാത്യ
കലയുടെ ത്രസിക്കും ഞരമ്പിനാൽ
കരയുന്നു, കദനമാം ശില്പമായ് നീ
ചോർന്നൊഴുകുന്നോരാ കൂരയുടെ കീഴിൽ നിൻ
ചോരക്കുഞ്ഞെന്നും കരയുന്നുവല്ലോ
ചുരന്നൊഴുകുന്നോരാ മുലകളിലൂടെയാ
ചുടുനിണമൊഴുകുന്നതവനറിഞ്ഞീലയോ
കാഞ്ഞിരക്കട്ടിലിൽ കോച്ചിക്കിടക്കുമാ
കണവനു കഞ്ഞി കൊടുക്കുവാനായ്
കാത്തിരിക്കുന്നു, നീ തെരുവിന്റെയോരത്ത്
കന്മദപ്പൂവിൽ മധു നിറച്ചെന്നും.
രണ്ട്:
രാവിന്റെയിടറുന്ന വഴികളിലെവിടെയോ
രാക്കിളിപ്പെണ്ണ്‌! വിറകൊണ്ടു നിന്നു
രാവേറെ ചെന്നിട്ടും രാപ്പാടി പോയിട്ടും
രാവിലൊരുത്തനും വന്നീലല്ലോ
ഞാവൽപ്പഴത്തിന്റെ നീരെല്ലാം വറ്റിപ്പോയ്
ഞാന്നു കിടന്നോരാ വാവൽ പാടീ
ഞെട്ടിത്തെറിച്ച മനസ്സിനെയാ സത്യം
ഞെരടിപ്പിഴിഞ്ഞു പഴന്തുണി പോൽ
അഴലിൻ നിഴലൊളി വീശുന്ന ഹൃത്തുമാ-
യവളുടെൻ വീട്ടിലെക്കോടിപ്പോയ്
അവളുടെ പൊന്നിൻകുടത്തിന്നരികിലാ-
യവളുടെൻ നിദ്രയിലാണ്ടുപോയ്
ഒട്ടിയ വയറിനൊരിത്തിരി വറ്റിനാ-
യോടയുടെയോരത്ത്, വീണ്ടുമവൾ വന്നു
ഒളിചിന്നുമാകാശ പൊൻ പ്രഭയാ-
ലോടുന്ന നിഴലുകളെയവൾ കണ്ടു
പിറ്റേന്നവളുടെ പുത്രൻ ചോദിപ്പൂ
പുതിയൊരു സംശയം തീർത്തിടാമോ?
പൊന്നിൻകുടത്തിന്റെ വായ്ത്താരി കേട്ടവൾ
പൊട്ടിയടർന്നുപോയ് പൂക്കുല പോൽ.
അമ്മെ ചൊല്ലൂ
ചൊല്ലുവതെന്താണീ വേശ്യയെന്നാൽ?
കാഞ്ഞിരക്കട്ടിൽ തെല്ലൊന്നു കുലുങ്ങിയോ
കാലപാശത്തിൻ കുരുക്ക് വലിഞ്ഞു മുറുകിയോ
അവനുടെ ചോദ്യത്തിനുത്തരം
പറയുവാനവൾക്കായില്ല...
തളർന്നുപോയവളുടെ
മിഴികളിലെ ബാഷ്പബിന്ദുക്ക-
ളഴകൊലിച്ചുള്ളോരാ തറയിൽ വീണു
സീതാപരിത്യാഗ കഥ പറയൂ-
മിതിഹാസമെങ്ങോ പോയൊളിച്ചൂ
അഗ്നിയാൽ ശുദ്ധിയായ വൈദേഹിയവളുടെ
നെഞ്ചു പിളർത്തിക്കൊണ്ടാഴ്ന്നുപോയി...
=======================
കവിത “ഇലകൾ പച്ച പൂക്കൾ മഞ്ഞ” എന്ന പുസ്തകത്തിൽ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...