Skip to main content

ഹൃദയപൂർവ്വം... നന്ദി...


ബിനോജ്‌ കാലായിൽ

അവധി ദിവസങ്ങളിൽ ഉച്ച ഊണ്‌ കഴിഞ്ഞ്‌ ഒരു ചെറിയ മയക്കം പതിവാണ്‌. പണിയൊക്കെയൊതുങ്ങുന്ന ദിവസങ്ങളിൽ സുമിത്രയുമുണ്ടാകും. നാട്ടുകാര്യങ്ങളും ഓഫീസ്‌ കാര്യങ്ങളുമൊക്കെപ്പറഞ്ഞ്‌ മെല്ലെ മെല്ലെ ഒരു മയക്കം. അടുക്കളത്തിരക്കൊഴിഞ്ഞില്ലായെന്
ന്‌ തോന്നുന്നു, ഇന്ന്‌ അവളെക്കാണുന്നില്ല. പടിഞ്ഞാറോട്ടുളള ജാലകം തുറന്നിട്ടാൽ നല്ല കാറ്റ്‌ കിട്ടും, ഫാനും ഓൺ ചെയ്യണ്ട. കിടക്കയിലെ ചുളിവൊക്കെ വിടർത്തി, തലയിണ നേരെയാക്കി കിടക്കാൻ തുടങ്ങുമ്പോഴാണ്‌ കോളിംഗ്ബെൽ ചിലച്ചതു. മനസ്സിൽ അൽപ്പം ഈർഷ്യ തോന്നി 'ഈ നേരത്ത്‌ ആരാണാവോ?'
"സുമി... ആരാണെന്ന്‌ നോക്കിയേ?" പറഞ്ഞു മുഴുമിപ്പിക്കും മുൻപ്‌ തന്നെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അവൾ ഹാളിൽ തന്നെ ഉണ്ടായിരുന്നെന്ന്‌ തോന്നുന്നു.
"മോഹനേട്ടാ..... ഇങ്ങടൊന്ന്‌ വർവ്വോ?,  കയറി ഇരിക്കൂട്ടോ, ആളിപ്പോ വരും" അപ്പോൾ സന്ദർശകൻ എനിക്കുള്ളതാണ്‌. മേശയിലിരുന്ന കണ്ണട എടുത്തുകൊണ്ട്‌ ഹാളിലെത്തുമ്പോൾ സന്ദർശകരെക്കണ്ട്‌ ചെറിയൊരു ആശ്ചര്യം തോന്നാതിരുന്നില്ല... ഷീബ, കൂടെ മോനുമുണ്ട്‌....അഞ്ചെട്ട്‌ വയസ്സ്‌ കാണും .... ഒരു കൊച്ചുമിടുക്കൻ. തൊഴുകൈയ്യോടെ ചിരിച്ചു നിൽക്കുന്ന ഷീബയോടായി പറഞ്ഞു.... "ഇരിയ്ക്ക്‌... ഇരിയ്ക്ക്‌ ഷീബ...." അവർക്കഭിമുഖമുള്ള സെറ്റിയിൽ ഇരുന്നുകൊണ്ട്‌ മകനെ കയ്യാട്ടി വിളിച്ചു. അപരിചിതത്വത്തിന്റെ അമ്പരപ്പിൽ മടിച്ചു നിന്ന മകനോട്‌ ഷീബ പറഞ്ഞു " ചെല്ല്‌ മോനേ" കുട്ടി മെല്ലെയടുത്തുവന്നു. വാത്സല്യത്തോടെ മൂർദ്ധാവിൽ തലോടിക്കൊണ്ട്‌ ചോദിച്ചു "ന്താ മോന്റെ പേര്‌?" " കിരൺ" മറുപടി പെട്ടെന്നായിരുന്നു. " മിടുക്കൻ, എത്രാം ക്ലാസ്സിലാ പഠിക്കുന്നേ" അവന്റ മുഖത്തൊരു പരിചിതഭാവം ചിരിച്ചുകൊണ്ട്‌ അവൻ പറഞ്ഞു " സ്റ്റാന്റേർഡ്‌ ത്രീ, ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ, വെള്ളൂർക്കുന്ന്‌" ഞാനും കുറച്ചില്ല, ധ്വരഭാഷയിൽ തന്നെ മറുപടിയേകി " വെരി ഗുഡ്‌" കുട്ടി അമ്മയുടെയരികിൽ പോയിരുന്നു. " എന്തൊക്കെയുണ്ട്‌ ഷീബ വിശേഷം,  സുഖമാണോ?"പ്രസന്നതയോടെയായിരുന്നു അവളുടെ മറുപടി "സുഖം തന്നെ സർ, പിന്നെ സാർ നാളെ പിരിയുകയാണല്ലേ?" ചോദ്യമവസാനിപ്പിക്കുമ്പോൾ നേരിയ വിഷാദഛവി." ഹ..ഹ..ഹ.. പിന്നെ പ്രായമായാൽ വിരമിക്കാതെ പറ്റുമോ കുട്ടീ? , ജീവിതത്തിൽ ഇങ്ങനെയെത്രയെത്ര അവസ്ഥാന്തരങ്ങൾ....." ഞാൻ താത്വികനായി.
" ഇനി... ചായ കുടിച്ചിട്ടാകാം........" ചായയും ഉപദംശങ്ങളും നിരത്തിയ ട്രേ ടീപ്പോയിൽ വെച്ചു കൊണ്ട്‌ സുമിത്ര തുടർന്നു " മോനുള്ള ചായ ആറ്റിയത്‌ ആ കാപ്പിൽ വെച്ചിട്ടുണ്ട്‌ " സുമിത്ര എന്റെയരുകിൽ വന്നിരുന്നു. എനിക്ക്‌ പ്രത്യേകം തയ്യാറാക്കിയ മധുരമില്ലാത്ത ചായ എടുത്ത്‌ തന്നു. പിന്നെ ഷീബയുടെ മോൻ ചെറുചൂടുള്ള ചായ കുടിക്കുന്നത്‌ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. പണ്ടേ കുട്ടികളോട്‌ വലിയ വാത്സല്യമാണ്‌ അവൾക്ക്‌.
എന്റെയോർമ്മകൾ ഏതാനും വർഷം പിറകോട്ട്‌ പോയി,  ഈ ഗ്രാമത്തിൽ കൃഷി ആഫീസറായി ഞാൻ ചാർജ്ജെടുത്തിട്ട്‌ അധിക നാളായിരുന്നില്ല. കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കിയ ' ഹരിത കർമ്മ സേന ' എന്ന തൊഴിൽദാന പദ്ധതിയുടെ ഇംപ്ലിമന്റിങ്ങ്‌ ആഫീസർ ഞാനായിരുന്നു. അതിനോടൊപ്പം തന്നെ നാളികേര വികസന ബോർഡിന്റെ 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' എന്ന യന്ത്രവത്കൃത തെങ്ങുകയറ്റ പരിശീലന പരിപാടിയും നടത്തിയിരുന്നു. വനിതകൾക്കായി പ്രത്യേക ബാച്ച്‌ എന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ അപ്രായോഗികം എന്ന്‌ പറഞ്ഞ്‌ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ലൈലാ ജമാൽ എല്ലാവിധ പൈന്തുണയും നൽകി ഒപ്പം നിന്നു. ആദ്യം അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും ഒരു ബാച്ചിനാവശ്യമായ 20 പേരെ സംഘടിപ്പിക്കാൻ ഞങ്ങൾക്ക്‌ സാധിച്ചു. അക്കൂട്ടത്തിൽ ആദ്യം പേര്‌ രജിസ്റ്റർ ചെയ്തയാളായിരുന്നു, ഷീബ... മിടുക്കി.... പഠിക്കാനും പണി ചെയ്യാനുമൊക്കെ നല്ല സാമർത്ഥ്യം......ഒരു കാര്യം പറഞ്ഞുകൊടുത്താൽ ഒറ്റത്തവണകൊണ്ട്‌ ഹൃദ്യസ്ഥമാക്കും... പിന്നെ ചോദ്യമില്ല.... അതുകൊണ്ട്‌ തന്നെ ആ ബാച്ചിലേയെന്നല്ല മൊത്തം പരിശീലന പരിപാടിയിലേയും 'ശ്രദ്ധേയ' ആയിരുന്നു ഷീബ. പഠനശേഷം ജോലിയിലും അതേ മികവ്‌ പുലർത്താൻ അവൾക്ക്‌ സാധിച്ചു. അതുകൊണ്ട്‌ തന്നെയാണ്‌ കാർഷിക സർവ്വകലാശാലയുടെ പോളിനേഷൻ ടീമിലേക്ക്‌ ഈ പഞ്ചായത്തിൽ നിന്നും ഒരാളെ നിർദ്ദേശിക്കാൻ പറഞ്ഞപ്പോൾ  രണ്ടാമതൊന്ന്‌ ആലോചിക്കാതെ ഷീബയെ നാമനിർദ്ദേശം ചെയ്തത്‌. പിന്നീടും കൃഷിഭവന്റെ പരിപാടികളിലും ഫീൽഡിലുമൊക്കെ ചുറുചുറുക്കോടെ നടക്കുന്ന ഷീബയെ ഞാൻ പലവട്ടം കണ്ടിട്ടുണ്ട്‌.
ചായ ഗ്ലാസ്സ്‌ ടീപ്പോയിലേക്ക്‌ വെച്ച്‌ എന്റെ മുഖത്തേക്ക്‌ ഉറ്റുനോക്കി കൃതജ്ഞത നിറഞ്ഞ ശബ്ദത്തിൽ ഷീബ പറഞ്ഞു " സാറെ സാറിനറിയാല്ലോ..... സുധീർ മരിക്കുമ്പോൾ എനിക്കും മോനും ആരും സഹായത്തിനുണ്ടായിരുന്നില്ല....വീട്ടുകാരെ ധിക്കരിച്ച്‌ കല്ല്യാണം കഴിച്ചോണ്ട്‌.... ബന്ധുക്കൾ മുഖം തിരിച്ചുകളഞ്ഞു...... ഒരു ആശ്വസ വാക്കിനു പോലും.....ആരുണ്ടായിരുന്നില്ല "  സുധീറിന്റേയും ഷീബയുടേയും പ്രണയ വിവാഹമായിരുന്നു. മകന്‌ നാല്‌ വയസ്സായപ്പോഴായിരുന്നു സുധീറിന്റെ അപകടമരണം. ജോലി കഴിഞ്ഞ്‌ മടങ്ങും വഴി രാത്രി അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
ഷീബ തുടർന്നു " എന്തു ചെയ്യും, എങ്ങനെ ജീവിക്കും എന്ന്‌ പകച്ചുനിൽക്കുമ്പോഴാ.. ലൈലാത്ത പരിശീലനത്തെപ്പറ്റി പറയുന്നതും, അതിന്‌ പേര്‌ നൽകുന്നതുമൊക്കെ.....യൂണിവേഴ്സിറ്റിയിലൊക്കെ പോകുന്നതും, ഇപ്പോൾ ഞാനും മോനും നല്ല രീതിയിൽ ജീവിക്കുന്നതു കണ്ട്‌ ആങ്ങളയും അമ്മയുമൊക്കെ അന്വേഷിച്ചുവന്നു സാറെ..... മോൻ ഇവിടെ ലിറ്റിൽ ഫ്ലവറിൽ പഠിക്കുന്നു, സുധീർ ഉണ്ടായിരുന്നപ്പോ വാങ്ങിയ മൂന്ന്‌ സെന്റിൽ അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്ന ഒരു കൊച്ച്‌ വീടിന്റെ പണി ആരംഭിച്ചു..... പിന്നെ അമ്മയിപ്പോ ഞങ്ങളുടെ കൂടെയാ താമസം .. " ഷീബയുടെ ശബ്ദത്തിൽ നിറഞ്ഞ സന്തോഷം.
" നാളെ സാർ പെൻഷൻ ആകുവാണെന്നറിഞ്ഞു, യൂണിവേഴ്സിറ്റിയിൽ പോകാനുള്ളതിനാൽ നാളെ വരാനോക്കൂല്ല സാറെ... അതൊണ്ട്‌ സാറിനെയൊന്ന്‌ കാണാനാ.. ഞാൻ വന്നേ.......സത്യത്തിൽ സാറിനോടുള്ള നന്ദി.. വാക്കുകൾ കൊണ്ട്‌ പ്രകടിപ്പിക്കാൻ കഴിയില്ല... ശരിക്കും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലാതെ നിൽക്കുന്ന സമയത്ത്‌ ദൈവദൂതനെപ്പോലെയാണ്‌ അങ്ങ്‌ വന്നത്‌...." ഷീബയുടെ കണ്ണുകളിൽ നനവ്‌.
ഞാനും സുമിത്രയും പരസ്പരം നോക്കി, സുമിത്രയുടെ മുഖത്ത്‌ ഒരു ചാരിതാർത്ഥ്യഭാവം.... " ഷീബ.....ഞാൻ വെറുമൊരു നിമിത്തം മാത്രം..... ഈ പദ്ധതിയാവിഷ്ക്കരിച്ച്‌ നടപ്പിലാക്കിയ നാളികേര വികസന ബോർഡിനോടും, സർക്കാരിനോടുമാണ്‌ ഷീബയ്ക്ക്‌ നന്ദി വേണ്ടത്‌..... അതു വെറുതെ മനസ്സിൽ കൊണ്ടു നടക്കുക മാത്രമല്ല..... പ്രകടിപ്പിക്കുകയും വേണം..... ഇപ്പോൾ ചെയ്യുന്നതുപോലെ ആത്മാർത്ഥയോടെ ജോലി ചെയ്യുകയും..... ലഭിക്കുന്ന പുതിയ അറിവുകൾ കർഷകർക്ക്‌ പകർന്നു കൊടുക്കുകയും ചെയ്യണം, ഒപ്പം... ഈ തൊഴിലിന്റെ സാദ്ധ്യതകളും മഹത്വവും മറ്റുള്ളവർക്കു കൂടി മനസ്സിലാക്കി കൊടുത്ത്‌ അവരെ പരിശീലനത്തിന്‌ പങ്കെടുപ്പിക്കുന്നതിനും പരിശീലനം നേടി വരുന്നവരെ ഈ തൊഴിലിൽ ഉറച്ച്‌ നിൽക്കുന്നതിനും പ്രേരിപ്പിച്ചുകൊണ്ടാവണം..... ആ നന്ദി പ്രകടിപ്പിക്കേണ്ടത്‌... കാരണം നമുക്ക്‌ വേണ്ടി സർക്കാർ ചെലവഴിക്കുന്ന രാജ്യത്തിന്റെ പൊതുസമ്പത്തിൽ ഒരു ചില്ലിപോലും പാഴാകാതെ നോക്കേണ്ടത്‌ ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്‌....."
ഷീബയുടെ ശബ്ദത്തിൽ നിശ്ചയദാർഢ്യം " തീർച്ചയായും സർ....എനിക്കതറിയാം..... എന്നാലാവും വിധം ഞാൻ അതിനായി ശ്രമിക്കും"
യാത്ര പറഞ്ഞിറങ്ങിയ ഷീബയേയും മകനേയും വഹിച്ചുകൊണ്ടുള്ള ഹോണ്ട ആക്ടീവ കണ്ണിൽ നിന്നും മറയുന്നതുവരെ ഞാനും സുമിത്രയും നോക്കി നിന്നു. തോളിൽ കൈവച്ചുകൊണ്ട്‌ സുമിത്ര മെല്ലെപ്പറഞ്ഞു "ഇതൊക്കെയാണല്ലേ.. മോഹനേട്ടാ.. സർവ്വിസിലുള്ള നമ്മുടെയൊക്കെ സുകൃതം....."  " ങും" അമർത്തിയുള്ള എന്റ മൂളലിന്‌ ചാരിതാർത്ഥ്യത്തിന്റെ ഘനമുണ്ടായിരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…