ലക്ഷ്മി നായർ
വൈക്കം മുഹമ്മദ് ബഷീർ പ്രണയിക്കുന്നത് 1940കളിലാണ്. പ്രണയിനിയുടെ പേര് സരസ്വതീദേവി. സദാചാരക്കുരു പൊട്ടിയൊലിക്കാനുള്ള എല്ലാ ചേരുവകളുമുള്ള സംഭവം. ഒരു മുസൽമാനും നായർ യുവതിയും തമ്മിൽ പ്രണയം? അതും ജാതിമതദുഷ്ടുക്കളെല്ലാം അടിഞ്ഞുകൂടിയ നമ്മുടെ നാട്ടിൽ? പക്ഷേ, അന്നതു നടന്നു. സുന്ദരമായി. അനുരാഗത്തിന്റെ ദിനങ്ങൾ പറയുന്നത് ഈ സുന്ദരപ്രണയകഥയാണ്.
ബഷീർ എല്ലാ സാധാരണ യുവാക്കളെയും പോലെ പലതുമോർക്കുന്നു. സ്ത്രീകളെപ്പറ്റി. കാമക്രോധാദികളുള്ള ഒരു ജീവിയാണെന്ന് സ്വയം ബോധ്യമുണ്ടെങ്കിലും 'ദാഹ'മുണ്ടെങ്കിലും സ്ത്രീ ഒരു വല്ലാത്ത പടപ്പാണെന്ന തോന്നൽ. സ്വസ്ഥത നശിപ്പിക്കുന്ന സ്ത്രീ എന്ന അത്ഭുതജീവിയെ കാണുമ്പോൾ കൗതുകവുമുണ്ട്. അടുക്കരുത് എന്നും തോന്നും. അങ്ങനെയിരിക്കുമ്പോഴാണ് ദേവിയുടെ കടന്നുവരവ്. വേഷഭൂഷാദികളും ഭാവഹാവാദികളും കണ്ടിട്ട് ഇതൊരു വിഷാദമധുരമായ മോഹന കാവ്യമാണല്ലോ എന്നാണ് ബഷീറിന്റെ ആദ്യവിലയിരുത്തൽ.
സാഹിത്യവും ചെറിയ വർത്തമാനങ്ങളും തർക്കങ്ങളുമായി ദിവസങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ബഷീറിന്റെ മനസിൽ പ്രണയം മൊട്ടിട്ടു. ഒഴിവാക്കാൻ എത്ര ശ്രമിച്ചിട്ടും ദേവി മനസിൽ കുടിയേറിപ്പാർത്തു. ഒഴിവാക്കാനും വെറുക്കാനും ശ്രമിച്ചിട്ടും കേട്ട കഥകൾ വിശ്വസിക്കാൻ ശ്രമിച്ചിട്ടും ദേവി ഇറങ്ങിപ്പോകുന്നില്ല. ആശയങ്ങളോട് പലപ്പോഴും എതിർപ്പായിരുന്നു. എങ്കിലും ആദർശവതിയും നിഷ്കളങ്കയുമായ ദേവിയോട് ബഷീറിനു സ്നേഹം കൂടിയതേയുള്ളൂ. പലപ്പോഴും വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി തന്റെ വാദങ്ങൾ അവതരിപ്പിക്കാൻ പോലും ബഷീർ ഒരുമ്പെടുന്നില്ല. കമ്മ്യൂണിസ്റ്റുകളോട് വല്ലാത്ത വെറുപ്പാണ് ദേവിക്ക്.
ഒരു വിവശ കാമുകന്റെ ഹൃദയത്തോടെ ബഷീർ ദേവിക്ക് കത്തുകളെഴുതി. വീണ്ടും വീണ്ടും തിരുത്തിയെഴുതി. ദേവിക്കു കത്തെഴുതാനായി മാത്രം നിറമുള്ള ലെറ്റർപാഡുകൾ മേടിച്ചു. കത്തുകളിൽ ഒരു കാമുകന്റെ ചാപല്യം നിറഞ്ഞുനിൽക്കുന്നതായി കാണാം. തിടുക്കവും അങ്കലാപ്പുകളും വിരഹവുമെല്ലാം നിറഞ്ഞ കത്തുകൾ. അതോടൊപ്പം ദേവിക്ക് തന്നോട് പ്രണയമുണ്ടോ എന്ന സന്ദേഹം വിഷമം. കൂടെക്കൂടെ പ്രണയം വേണ്ട എന്നു ചിന്തിക്കും. ആകെ കലങ്ങിമറിഞ്ഞ അവസ്ഥ. ബഷീർ ദീർഘങ്ങളായ കത്തുകളെഴുതി. മനസിലുള്ളതെല്ലാം മറിച്ചും തിരിച്ചും എഴുതി. സ്നേഹാധിക്യത്തിൽ ദേവിയെ തങ്കമെന്ന് അഭിസംബോധന ചെയ്തുതുടങ്ങുന്നു.
ബഷീറിന്റെ വാക്കുകളെ തെറ്റിദ്ധരിച്ച ദേവിയുടെ 'സഹോദരാ' എന്ന് അഭിസംബോധന ചെയ്യുന്ന കത്തു വായിച്ച് ബഷീർ പൊട്ടിക്കരയുന്നു. പ്രണയം വഴിഞ്ഞൊഴുകുന്നത് ബഷീർ തിരിച്ചറിയുന്നു. പ്രണയത്തിന്റെ ഉന്മാദാവസ്ഥയിൽ ബഷീർ ഊണും ഉറക്കവും ഇല്ലാതെ അലഞ്ഞു, അർദ്ധബോധാവസ്ഥയിൽ കഴിഞ്ഞു. സഹോദരിയായി കണക്കാക്കണമെന്ന അപേക്ഷയ്ക്ക് മറുപടിയായി തന്റെ പ്ലാറ്റോണിക് ഇഷ്ടം ബഷീർ കത്തിൽ പകർത്തിയയച്ചു. ഹൃദയം നുറുങ്ങുന്ന വേദനയിൽ തുടങ്ങുന്ന ആ കത്തുപോലും അവസാനിക്കുമ്പോൾ ബഷീറിന്റെ സ്വതഃസിദ്ധമായ ശൈലിയിൽ ഫലിതം തുളുമ്പുന്നതാകുന്നു. പലതരം വികാരങ്ങളിലൂടെ, വിചാരങ്ങളിലൂടെ, ഉയർച്ചതാഴ്ചകളിലൂടെ പ്രണയം പുരോഗമിക്കുന്നു. നിരന്തരം നീണ്ട കത്തുകളിലൂടെ, കൂടിക്കാഴ്ചകളിലൂടെ പറയാതെ പറഞ്ഞുകൊണ്ടൊരു പ്രണയം.
തികച്ചും യാഥാസ്ഥിതികമായ പരിതസ്ഥിതിയിൽ ജീവിക്കുന്ന ഒരു നായർ യുവതിയുടെ എല്ലാ പരിമിതികൾക്കുമുള്ളിൽ നിന്നുകൊണ്ടാണ് സരസ്വതീദേവീ കീഴ്‌വഴക്കങ്ങൾക്കെതിരെ പടപൊരുതുന്നത്. കുടുംബത്തോടും മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള കടപ്പാടിൽ, അവരുടെ അഭിമാനസംരക്ഷണം തന്റെ ബാധ്യതയായി കരുതുന്ന ദേവിക്ക് ബഷീറിന്റെ പ്രണയത്തെ വേദനയോടെ നിരസിക്കേണ്ടി വരുന്നു. എങ്കിലും എവിടെവച്ചോ സരസ്വതീദേവിക്കും പ്രണയം വെളിപ്പെടുത്താതെ വയ്യെന്നായി മാറിത്തുടങ്ങിയ പ്രേമം ബഷീറിനെ തീർത്തും അസ്വസ്ഥമാക്കി. അവളെ ചുംബിക്കാനും ആലിംഗനം ചെയ്യാനും കൊതിക്കുന്ന കാമുകൻ. പച്ചയായ മനുഷ്യൻ. അവസാനം മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി തങ്ങളുടെ പ്രണയം ത്യജിച്ച് കാമുകിയെ ദീർഘസുമംഗലീ ഭവഃ എന്നനുഗ്രഹിക്കുന്നു ബഷീർ.
എന്തു വ്യത്യാസമാണ് ഇന്നത്തെ പ്രണയത്തിൽനിന്നും എഴുപതുകൊല്ലങ്ങൾക്കപ്പുറമുള്ള ആ പ്രണയത്തിനുണ്ടായിരുന്നത്? എന്തു വ്യത്യാസമാണ് അന്നത്തെയും ഇന്നത്തെയും സാമൂഹിക ചുറ്റുപാടുകൾക്കുള്ളത്? ഇന്നത്തെ, സ്വയം പരിഷ്കാരികളെന്നു കരുതുന്ന നമ്മൾ ജീവിച്ചതിനേക്കാളും ആർജവത്തോടെ, സത്യസന്ധമായി അവർക്ക് പ്രണയിക്കാൻ കഴിഞ്ഞുവല്ലോ. ചുറ്റുപാടുകളുടെ നിർബന്ധം മാത്രമാണവരെ വേർപെടുത്തിയത്. അവരുടെയിടയിൽ മതം ഒരിക്കലും വിലങ്ങുതടിയായില്ല. അഭിപ്രായവ്യത്യാസങ്ങൾ പ്രണയത്തിന്റെ തലം മാറുമ്പോഴേക്കും അപ്രത്യക്ഷമാകുന്നു. അഥവാ അപ്രസക്തമാകുന്നു. പൂവണിയാൻ പ്രയാസമുള്ള ഒരു പ്രണയത്തെ നട്ടുനനച്ചു വളർത്താൻ പ്രായോഗിക ബുദ്ധിമതിയായ ദേവി വ്യസനിക്കുമ്പോൾ എല്ലാ പ്രായോഗിക ബുദ്ധിമുട്ടുകളും അറിയാമെങ്കിലും ധൈര്യശാലിയായ ബഷീർ മുന്നോട്ടുതന്നെ പോകുന്നു.
സമുദായങ്ങൾ ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെപ്പറ്റി ബഷീർ തീർത്തും ബോധവാനാണ്. ദേവിക്കു വേണമെങ്കിൽ വേശ്യയാവാം; മറ്റ് ഏതു ഹീനകൃത്യവും ചെയ്യാം. സമുദായം കണ്ണടച്ചുകളയും. പക്ഷേ, ദേവി സ്നേഹിക്കുന്ന ഒരു മുസൽമാനെ ഭർത്താവായി സ്വീകരിക്കുക-ഭയങ്കര കൃത്യമാണ്! സമുദായം അത് സ്വീകരിക്കുകയില്ല. എനിക്കു വേണമെങ്കിൽ വിടനാവാം. അതുപോലെ മറ്റെന്തും ചെയ്യാം. പക്ഷെ മതം മാറാതെ ഒരു ഹിന്ദുസ്ത്രീയെ വിവാഹം ചെയ്യുക! മതവളയത്തിൽ നിന്നും ബഹിഷ്കൃതനാവും...ദുഷിച്ചുനാറിയ മതവ്യവസ്ഥകളെ ബഷീർ ദേവിക്കുള്ള ഒരു കത്തിൽ വരച്ചുകാട്ടുന്നു. എഴുപതോളം കൊല്ലങ്ങൾക്കിപ്പുറം ഈ വ്യവസ്ഥിതിക്കു മാറ്റം വന്നുവോ?
വഴിവക്കിലും വീട്ടുമുറ്റത്തും അമ്പലനടയിലും കോളേജിലും വച്ചൊക്കെ അവർ തമ്മിൽ കാണുന്നന്നു. പുസ്തകങ്ങളും കത്തുകളും കൈമാറുന്നു. സമൂഹം സദാചാരത്തിന്റെ ഭൂതക്കണ്ണാടിയുമായി അവിടെങ്ങും കാവൽ നിന്നതായി ബഷീർ എഴുതിയിട്ടില്ല. സമൂഹം ഇത്രമേൽ ദുഷിച്ചിരുന്നില്ല. ബഷീർ അന്നേ അറിയപ്പെടുന്ന എഴുത്തുകാരനായി മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും സമൂഹം അവരുടെ കൂടിച്ചേരലുകളെ മറ്റൊരു കണ്ണിലൂടെ കാണാൻ മെനക്കെട്ടില്ല. ആ പ്രണയം തിരിച്ചറിഞ്ഞവർ അതു ചോദ്യം ചെയ്യാനോ പറഞ്ഞു നടക്കാനോ പോയില്ല. ലൗ ജിഹാടെന്നും മതപരിവർത്തനമെന്നും പറഞ്ഞ് സ്വൈരംകെടുത്തിയില്ല. എത്ര നന്മയുള്ളതായിരുന്നു അക്കാലം? ഇന്ന് ഇത്രയും വർഷങ്ങൾക്കിപ്പുറം എന്തു മേന്മയാണ് നമ്മുടെ കാലഘട്ടത്തെപ്പറ്റി നമുക്കു പറയാനുള്ളത്? നാം വളരെ പ്രാകൃതരെന്ന രീതിയിൽ ഓർക്കുന്ന, സ്വാതന്ത്ര്യപൂർവ ഭാരതത്തിലാണത് സംഭവിച്ചതു. ഇന്നാകട്ടെ, ഉടുപ്പിലും നടപ്പിലും ആധുനികരെങ്കിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും മനഃസ്ഥിതിയിലും നൂറ്റാണ്ടുകൾ പിന്നോട്ടുപോയിരിക്കുന്നു നമ്മൾ.
ഒരാണും പെണ്ണും സംസാരിക്കുന്നതു കണ്ടാൽതന്നെ തകർന്നുപോകുന്ന സദാചാരം. ഒരു ഹിന്ദുവും മുസ്ലീമും തമ്മിൽ പ്രണയിച്ചാൽ വർഗീയ കലാപംതന്നെ നടന്നേക്കാം. വ്യത്യസ്ത മതക്കാർ പ്രണയിച്ചാൽ അഭിമാനക്കൊല നടത്തി അഭിമാനം സംരക്ഷിക്കും സമുദായം. അന്നും ജീവിക്കാൻ അനുവദിക്കാത്ത ബുദ്ധിമുട്ടുകൾ മതമേലാളന്മാർ ഉണ്ടാക്കുമത്രെ. പക്ഷെ, അത് സമൂഹമോ സാധാരണ ജനങ്ങളോ ഏറ്റെടുത്തിരുന്നില്ല എന്നതിന്റെ തെളിവാണ് ഈ പ്രണയികൾക്കുണ്ടായിരുന്ന സാമൂഹിക സ്വാതന്ത്ര്യം. സൗഹൃദങ്ങളെ പോലും അനാശാസ്യത്തിന്റെ മഞ്ഞക്കണ്ണടയിലൂടെ നോക്കിക്കാണുന്ന ഇന്നത്തെ സമൂഹ മനഃസാക്ഷി സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്-നമ്മുടെ പ്രയാണം മുമ്പോട്ടോ പുറകോട്ടോ?